Friday, August 5, 2011

ഇറാന്‍ എണ്ണ മുടങ്ങുമ്പോള്‍

"ആണവായുധശേഷി ഉള്‍പ്പെടെ കൂട്ടക്കൊല നടത്താനുള്ള സന്നാഹമൊരുക്കാന്‍ ശ്രമിക്കുന്ന ഇറാനെ ഇതില്‍നിന്നു പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും വേണ്ടിവന്നാല്‍ അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും അമേരിക്കയും രാജ്യാന്തരസമൂഹവും നടത്തുന്ന ശ്രമങ്ങളോട് ഇന്ത്യ പൂര്‍ണമായും സജീവമായും സഹകരിക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള വ്യക്തമായ നടപടി ഉള്‍പ്പെടെ വിശദീകരിക്കണം" (2006ല്‍ അമേരിക്ക പാസാക്കിയ ഹെന്‍ട്രി ഹൈഡ് ആക്ടിന്റെ വകുപ്പ് 104 ജി(2) ഇ(ഐ)ല്‍ നിന്ന്). ഇന്ത്യ ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെ 12 ശതമാനവും ഇറാനില്‍നിന്നാണ്. പ്രതിദിനം നാലുലക്ഷം വീപ്പയോളം എണ്ണ. എന്നാല്‍ , ഏതാനും മാസമായി ഇന്ത്യ എണ്ണയ്ക്ക് വില നല്‍കാത്തതിനാല്‍ ഈ മാസം ഇറാനില്‍നിന്നുള്ള ഇറക്കുമതി നിലച്ചേക്കാം. 25,000 കോടിയോളം രൂപയാണ് ഇറാന്‍ എണ്ണക്കമ്പനികള്‍ക്ക് ഇന്ത്യ കുടിശ്ശിക വരുത്തിയിട്ടുള്ളത്. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ എണ്ണവിതരണം നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇറാനുമായുള്ള എല്ലാ വ്യാപാര വാണിജ്യബന്ധവും നിര്‍ത്തിവയ്ക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുകയാണ്. ഇറാന്റെ എണ്ണ, പ്രകൃതിവാതക വ്യവസായമേഖല തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ 2010 ജൂലൈയില്‍ അമേരിക്ക ആ രാജ്യത്തിനെതിരെ വിപുലമായ തോതിലുള്ള ഉപരോധം ഏര്‍പ്പെടുത്തി. "പ്രമേയം 1929"ന്റെ അടിസ്ഥാനത്തില്‍ 2010 ജൂണില്‍ യുഎന്‍ രക്ഷാസമിതി ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധത്തിലെ വ്യവസ്ഥകള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങളാണ് അമേരിക്ക നടപ്പാക്കിയത്. ഇറാന്‍ ബാങ്കുകളുമായും ധനകാര്യസ്ഥാപനങ്ങളുമായും ബാങ്കിങ്- വിദേശ നാണയ ഇടപാടുകള്‍ നടത്തുന്നതും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് നിരോധിച്ചു. യുഎന്‍ രക്ഷാസമിതി പ്രമേയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയിട്ടുള്ള ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉപരോധ നടപടി ഇന്ത്യ അനുസരിക്കുകയാണ്. ഇവരുടെ സമ്മര്‍ദത്തിനു വഴങ്ങി 2010 ഡിസംബറില്‍ , ഏഷ്യന്‍ ക്ലിയറിങ് യൂണിയന്‍ (എസിയു) വഴി റിസര്‍വ് ബാങ്ക് ഇറാനുമായി നടത്തിവന്ന വ്യാപാരസംബന്ധമായ എല്ലാ സാമ്പത്തിക ഇടപാടും നിര്‍ത്തിവച്ചു. ദീര്‍ഘകാലമായി എണ്ണയുടെ ബില്‍ ഇന്ത്യ അടച്ചിരുന്നത് ഈ സംവിധാനം വഴിയായിരുന്നു. ഇത് അവസാനിപ്പിച്ചതോടെ എണ്ണയുടെ വില എങ്ങനെ നല്‍കുമെന്ന പ്രശ്നം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ജര്‍മന്‍ കേന്ദ്ര ബാങ്കായ ബ്യൂണ്ടസ് ബാങ്ക് വഴി പണം കൈമാറാമെന്ന കരാറില്‍ ഇന്ത്യന്‍ , ഇറാന്‍ സര്‍ക്കാരുകള്‍ എത്തി. ബ്യൂണ്ടസ് ബാങ്ക് പണം ഹാംബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ - ഇറാനിയന്‍ വാണിജ്യബാങ്കിന് (ഇഐഎച്ച്) കൈമാറും. ഈ ബാങ്കിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നില്ല. ഏതാനും ആഴ്ച പിന്നിട്ടപ്പോള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മര്‍ദം കാരണം ഈ ഇടപാട് നിര്‍ത്തിവയ്ക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനുശേഷം ഇറാന്‍ ഇന്ത്യക്ക് എണ്ണ നല്‍കുന്നുണ്ട്. പക്ഷേ, എണ്ണയുടെ പണം അവര്‍ക്ക് കിട്ടുന്നില്ല. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നത് ഇറാനാണ്. എന്നാല്‍ , ഇറാനുമായുള്ള എണ്ണ ഇടപാട് തുടരാനുള്ള മാര്‍ഗം ഉറപ്പാക്കുന്നതിനുപകരം യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് എണ്ണ വാങ്ങാനുള്ള മറ്റ് ഉറവിടങ്ങളെക്കുറിച്ചാണ്. ഇറാനെ ഉപേക്ഷിച്ച് സൗദിയില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതിചെയ്യാന്‍ അമേരിക്ക ഇന്ത്യയുടെമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇന്ത്യ- അമേരിക്ക ആണവകരാര്‍ ഒപ്പിട്ടതോടെ ഇറാനുമായുള്ള നമ്മുടെ പരമ്പരാഗത ബന്ധം അപകടത്തിലായി. ഇന്ത്യ തങ്ങളുടെ വിദേശനയം അമേരിക്കയുടേതുമായി പൊരുത്തപ്പെടുന്നതാക്കി മാറ്റുമെന്ന് അംഗീകരിച്ചതായി ആണവകരാര്‍ വ്യക്തമാക്കുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഇറാനെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഇന്ത്യ ഏതൊക്കെ രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ എല്ലാവര്‍ഷവും പ്രസിഡന്റ് വിശദീകരണം നല്‍കണമെന്ന് ഇന്ത്യ- അമേരിക്ക ആണവസഹകരണത്തിന് അനുമതി നല്‍കുന്ന ഹൈഡ് ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയുടെ ദേശീയ പരമാധികാരവും സ്വതന്ത്രമായ വിദേശനയം കൈക്കൊള്ളാനുള്ള അധികാരവും അമേരിക്കയ്ക്ക് അടിയറവയ്ക്കുന്നതിനെ ഇടതുപക്ഷം ശക്തിയായി എതിര്‍ത്തുവരികയാണ്.

2005 ജൂലൈയില്‍ പ്രസിഡന്റ് ബുഷും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഐഎഇഎയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട്ചെയ്തു. ബഹുഭൂരിപക്ഷം ചേരിചേരാ രാജ്യങ്ങളും ഇറാനെ അനുകൂലിക്കുകയോ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തു. 2006 ഫെബ്രുവരിയിലും ഇതേരീതിയില്‍ ഇറാനെതിരെ ഇന്ത്യ വോട്ട്ചെയ്തു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഹൈഡ് ആക്ട് ചര്‍ച്ചചെയ്തപ്പോള്‍ ഇന്ത്യയുടെ ഈ നിലപാടിന് പ്രശംസ ലഭിച്ചു. അടുത്ത ഉന്നം ഇറാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ പ്രകൃതിവാതകക്കുഴല്‍ പദ്ധതിയായിരുന്നു. ഇറാനുമായുള്ള പ്രകൃതിവാതകക്കുഴല്‍ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് അമേരിക്ക പരസ്യമായി പലപ്രാവശ്യം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. ഈ പദ്ധതി ഉപേക്ഷിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിലേറെ കാത്തുനിന്നശേഷം ഇറാന്‍ പാകിസ്ഥാനുമായി ചേര്‍ന്ന് പദ്ധതിക്ക് തുടക്കമിട്ടു. പാക് അതിര്‍ത്തിവരെ ഇപ്പോള്‍ ഇറാന്‍ കുഴലുകള്‍ സ്ഥാപിക്കുകയാണ്. ഇന്ത്യയാകട്ടെ അമേരിക്കയുടെ ഇച്ഛാനുസരണം തുര്‍ക്ക്മെനിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ (ടിഎപിഐ) വാതകക്കുഴല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇന്ത്യ ഇറാനെതിരെ ഐഎഇഎയില്‍ വോട്ട് ചെയ്തതോടെ ഇറാനില്‍നിന്ന് ദ്രവീകൃത പ്രകൃതിവാതകം വാങ്ങാന്‍ മുമ്പ് ഒപ്പിട്ട 25 വര്‍ഷം ദൈര്‍ഘ്യമുള്ള കരാര്‍ അപ്രസക്തമായി. പടിപടിയായി ഇറാനുമായുള്ള വാണിജ്യബന്ധങ്ങളെല്ലാം ഇന്ത്യ ഉപേക്ഷിക്കുന്നു. ഇറാനിലേക്ക് നടത്തേണ്ട 28 കോടി ഡോളറിന്റെ ഗ്യാസൊലിന്‍ കയറ്റുമതി അമേരിക്കന്‍ സമ്മര്‍ദം കാരണം റിലയന്‍സ് നിര്‍ത്തിവച്ചു. ഒടുവില്‍ , ഇറാനില്‍നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയും അവസാനിപ്പിക്കാന്‍ പോവുകയാണ്. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കൗതുകകരമായ ഒരു പത്രവാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ഏഴുമാസമായി നിലനില്‍ക്കുന്ന ഇന്ത്യ- ഇറാന്‍ എണ്ണ കുടിശ്ശിക പ്രശ്നത്തിനുള്ള പരിഹാരം "ദൃഷ്ടിയില്‍ കാണുന്നുവെന്ന്" ക്ലിന്റനെ അനുഗമിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് വന്നത്. ഇക്കാര്യത്തില്‍ അമേരിക്കന്‍ ധനവകുപ്പും ഇന്ത്യയും ആലോചനകള്‍ നടത്തിവരികയാണ്. ഇന്ത്യ ഇക്കാര്യത്തിലും വല്യേട്ടന്റെ സഹായം അഭ്യര്‍ഥിച്ചതായി ഇതില്‍നിന്ന് വ്യക്തം. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി അട്ടിമറിക്കുന്നതിന്റെ ഉത്തരവാദി അമേരിക്കയാണ്.

എണ്ണവിതരണം യുഎന്‍ ഉപരോധത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇത്തരം നിയമവിരുദ്ധ നടപടിയെ ചെറുക്കുന്നതിനു പകരം ഇന്ത്യ അമേരിക്കയുടെ സഹായത്തിനുവേണ്ടി യാചിക്കുന്നു. ഇറാനില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. എന്നാല്‍ , പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായി ഇറാനെ ഒറ്റപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കാന്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുകയാണ്. ദേശീയ താല്‍പ്പര്യം പരിഗണിക്കാതെ അമേരിക്കയുടെ പദ്ധതികള്‍ക്ക് ഇന്ത്യ കൂട്ടുനില്‍ക്കുന്നുവെന്നത് നടുക്കം സൃഷ്ടിക്കുന്നു. അതേസമയം, അമേരിക്കയുടെ ഉറ്റകൂട്ടാളികളായ ജപ്പാനും ദക്ഷിണകൊറിയയും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുകയാണ്. അമേരിക്ക- യൂറോപ്യന്‍ യൂണിയന്‍ ഉപരോധം നിലനില്‍ക്കുമ്പോഴും പണം നല്‍കാന്‍ അവര്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. മറ്റൊരു നാറ്റോ അംഗരാഷ്ട്രമായ തുര്‍ക്കിയും ഇറാനില്‍നിന്ന് എണ്ണ വാങ്ങാന്‍ കരാറിലെത്തിയിട്ടുണ്ട്. ചൈനയാകട്ടെ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ജൂണില്‍ അവരുടെ ഇറക്കുമതിയില്‍ 53.2 ശതമാനം വര്‍ധനയാണുണ്ടായത്. ഇത്തരത്തില്‍ ആണവകരാറിന്റെ കാല്‍വിലങ്ങുകളില്‍ കുടുങ്ങി, ഹൈഡ് ആക്ട് വ്യവസ്ഥ പ്രകാരം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എല്ലാ കാര്യവും ചെയ്യുന്നു; ഇറാനെ ഒറ്റപ്പെടുത്താനും ഉപരോധിക്കാനും. ഇന്ത്യയ്ക്ക് എണ്ണ മറ്റു രാജ്യങ്ങളില്‍നിന്നു ലഭിക്കും. പക്ഷേ, അമേരിക്കന്‍ തീട്ടൂരത്തിന് അടിപ്പെട്ട് രാജ്യത്തിന്റെ ആത്മാഭിമാനത്തിനും രാജ്യതാല്‍പ്പര്യങ്ങള്‍ക്കും വരുത്തിയ നഷ്ടത്തിന് പരിഹാരം കാണാനാകില്ല.

*
പ്രകാശ് കാരാട്ട്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ആണവായുധശേഷി ഉള്‍പ്പെടെ കൂട്ടക്കൊല നടത്താനുള്ള സന്നാഹമൊരുക്കാന്‍ ശ്രമിക്കുന്ന ഇറാനെ ഇതില്‍നിന്നു പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും വേണ്ടിവന്നാല്‍ അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും അമേരിക്കയും രാജ്യാന്തരസമൂഹവും നടത്തുന്ന ശ്രമങ്ങളോട് ഇന്ത്യ പൂര്‍ണമായും സജീവമായും സഹകരിക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള വ്യക്തമായ നടപടി ഉള്‍പ്പെടെ വിശദീകരിക്കണം" (2006ല്‍ അമേരിക്ക പാസാക്കിയ ഹെന്‍ട്രി ഹൈഡ് ആക്ടിന്റെ വകുപ്പ് 104 ജി(2) ഇ(ഐ)ല്‍ നിന്ന്). ഇന്ത്യ ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെ 12 ശതമാനവും ഇറാനില്‍നിന്നാണ്. പ്രതിദിനം നാലുലക്ഷം വീപ്പയോളം എണ്ണ. എന്നാല്‍ , ഏതാനും മാസമായി ഇന്ത്യ എണ്ണയ്ക്ക് വില നല്‍കാത്തതിനാല്‍ ഈ മാസം ഇറാനില്‍നിന്നുള്ള ഇറക്കുമതി നിലച്ചേക്കാം. 25,000 കോടിയോളം രൂപയാണ് ഇറാന്‍ എണ്ണക്കമ്പനികള്‍ക്ക് ഇന്ത്യ കുടിശ്ശിക വരുത്തിയിട്ടുള്ളത്. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ എണ്ണവിതരണം നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ സൂചിപ്പിച്ചിട്ടുണ്ട്.