ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ വായ്പാക്ഷമത നിരക്ക് പ്രതിസന്ധി സൂചിപ്പിക്കുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറുംമുമ്പേ മറ്റൊരു മാന്ദ്യം തുറിച്ചുനോക്കുകയാണ്. ഇരട്ടവീഴ്ചയിലേക്കാണ് (ഡബിള്‍ ഡിപ്പ്) ആഗോള സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ (എസ്ആന്റ്പി) എന്ന റേറ്റിങ്ങ് ഏജന്‍സി അമേരിക്കന്‍ വായ്പാക്ഷമതനിരക്ക് കുറച്ചതാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം. വായ്പാപ്രതിസന്ധി കുറയ്ക്കാന്‍ മൊത്തം ചെലവ് കുറക്കണമെന്നായിരുന്നു എസ്ആന്റ്പിയുടെ ആവശ്യം. ധനകമ്മി നാല് ലക്ഷം കോടി ഡോളറെങ്കിലും കുറക്കണമെന്നാണ് എസ്ആന്റ്പി അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2.5 ലക്ഷംകോടി ഡോളര്‍ കുറയ്ക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ തയ്യാറായത്. ഇതേ തുടര്‍ന്നാണ് വായ്പാക്ഷമത നിരക്കില്‍ അമേരിക്കയെ ഏജന്‍സി താഴ്ത്തിക്കെട്ടിയത്. ഇതോടെ അമേരിക്ക നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ലെന്ന സന്ദേശമാണ് പരക്കുന്നത്.
എസ്ആന്റ്പി ആവശ്യപ്പെട്ടതുപോലെ ധനകമ്മി കുറയ്ക്കണമെങ്കില്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുള്ള പണം വകയിരുത്തുന്നത് കുറയ്ക്കുക മാത്രമേ ഒബാമ സര്‍ക്കാരിന് പോംവഴിയുള്ളൂ. ധനകമ്മി കുറക്കാനായി നികുതി വര്‍ധിപ്പിക്കാനോ, കടത്തിനുള്ള പലിശയടവ് മാറ്റിവെക്കാനോ, പ്രതിരോധ ചെലവ് കുറയ്ക്കാനോ കഴിയില്ല. ധനകമ്മി കുറയ്ക്കുന്നത് തൊഴിലവസരംസൃഷ്ടിക്കാത്ത വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. നിലവില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കാന്‍ ഒബാമ സര്‍ക്കാര്‍ തയ്യാറായത്. വായ്പാ പരിധി 2.1 ലക്ഷം കോടി ഡോളര്‍ വര്‍ധിപ്പിക്കാനാണ് നിയമഭേദഗതി പാസാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ കടപരിധി വര്‍ധിപ്പിക്കാന്‍ കഴിയില്ല. 1917 മുതലാണ് ഈ നിബന്ധന വന്നത്. അമേരിക്കയുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 72.4 ശതമാനവും കടമാണെന്നര്‍ഥം. എസ്ആന്റ്പിയുടെ തീരുമാനം അമേരിക്കന്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കമ്പനികളെയും വ്യക്തികളെയും പ്രേരിപ്പിക്കും. ഇത് ലോകവിപണിയെയും ബാധിക്കും.
*
സി പി ചന്ദ്രശേഖര്‍ (പ്രമുഖ സാമ്പത്തികവിദഗ്ധനാണ് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അധ്യാപകനായ ചന്ദ്രശേഖര്‍)
അമേരിക്കയുടെ വിലയിടിഞ്ഞു
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയുടെ വായ്പാക്ഷമത പ്രമുഖ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ്ആന്‍ഡ് പി) എഎഎ(ട്രിപ്പിള്‍എ)യില്‍നിന്ന് എഎപ്ലസി(ഡബിള്‍ എ പ്ലസ്)ലേക്കു താഴ്ത്തി. 1917ല്‍ അമേരിക്കയ്ക്ക് ട്രിപ്പിള്‍എ റേറ്റിങ് അനുവദിച്ചശേഷം ആദ്യമായാണ് അത് താഴ്ത്തുന്നത്. ലോകത്തെ മൂന്നു പ്രധാന റേറ്റിങ് സ്ഥാപനങ്ങളിലൊന്നായ എസ്ആന്‍ഡ് പിയുടെ നടപടി ധന-വായ്പ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അമേരിക്കയ്ക്ക് കനത്തപ്രഹരമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഇതു കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ സ്ഥിതിസംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായ ചിത്രമാണ് എസ്ആന്‍ഡ് പി മുന്നോട്ടുവയ്ക്കുന്നത്. ചെലവുചുരുക്കലിലും മറ്റും വീഴ്ചവരുത്തിയാല്‍ രണ്ടുവര്‍ഷത്തിനകം അമേരിക്കയുടെ റേറ്റിങ് അടുത്ത പടിയായ എഎയിലേക്കു താഴ്ത്തേണ്ടിവരുമെന്നും എസ്ആന്‍ഡ് പി മുന്നറിയിപ്പ് നല്‍കി. ലോകത്തെ മറ്റു രണ്ടു പ്രധാന റേറ്റിങ് സ്ഥാപനങ്ങളായ മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസും ഫിച്ച് റേറ്റിങ്സും തല്‍ക്കാലം അമേരിക്കയുടെ റേറ്റിങ് താഴ്ത്തിയിട്ടില്ല. എന്നാല്‍ , രാജ്യത്തിന്റെ കടഭാരം കുറയ്ക്കാന്‍ നിയമനിര്‍മാണം നടത്തുന്നതില്‍ അമേരിക്കന്‍ സാമാജികര്‍ പരാജയപ്പെടുകയും സമ്പദ്വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്താല്‍ റേറ്റിങ് കുറയ്ക്കേണ്ടിവരുമെന്ന് അവയും മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയുടെ മൊത്തം കടം 14,57,000 കോടി ഡോളര്‍(652 ലക്ഷം കോടി രൂപ)ആണ്. ബാങ്കുകള്‍ , പെന്‍ഷന്‍ ഫണ്ടുകള്‍ , നിക്ഷേപകര്‍ , സംസ്ഥാന- പ്രാദേശിക സര്‍ക്കാരുകള്‍ , വിദേശനിക്ഷേപകര്‍ , വിദേശരാജ്യങ്ങള്‍ എന്നിവയില്‍നിന്നെല്ലാം ഭീമമായ കടമെടുത്താണ് അമേരിക്ക പിടിച്ചുനില്‍ക്കുന്നത്. വായ്പയെടുക്കാനുള്ള പരിധി 14,10,000 കോടി ഡോളറായിരുന്നത് ഉയര്‍ത്തുന്നതുസംബന്ധിച്ച് ഒബാമ സര്‍ക്കാരും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും തമ്മില്‍ മാസങ്ങളോളം നീണ്ട തര്‍ക്കം കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്. തുടര്‍ന്ന് അഞ്ചുദിവസംമുമ്പാണ് വായ്പപരിധി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതും പ്രസിഡന്റ് ഒബാമ ഉത്തരവില്‍ ഒപ്പിട്ടതും.
അമേരിക്കയുടെ ഏറ്റവും വലിയ വായ്പദാതാവായ ചൈന എസ്ആന്‍ഡ് പി തീരുമാനത്തില്‍ കടുത്ത ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. അമേരിക്ക കഴിവിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണമെന്നും വായ്പാസക്തിയെ നേരിടണമെന്നും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വിശകലനത്തില്‍ ആവശ്യപ്പെട്ടു. അമേരിക്ക ഭീമമായ സൈനികച്ചെലവടക്കം ധൂര്‍ത്തുകള്‍ വെട്ടിക്കുറയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അമേരിക്ക ഘടനാപരമായ വായ്പപ്രശ്നം പരിഹരിക്കണമെന്നും തങ്ങളുടെ ഡോളര്‍ ആസ്തികള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് ചൈന വ്യക്തമാക്കി. ഡോളറിനുപകരം പുതിയ ആഗോള കരുതല്‍നാണ്യം വേണ്ടിവന്നേക്കുമെന്നും ചൈന അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ 1,20,000 കോടി ഡോളറിന്റെ നിക്ഷേപം ചൈനയ്ക്കുണ്ട്.
അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 15 മാസംമാത്രം അവശേഷിക്കെയാണ് പ്രധാന റേറ്റിങ് ഏജന്‍സി അമേരിക്കന്‍ സാമ്പത്തികശേഷിയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് വായ്പകളടക്കാനുള്ള കഴിവിന്റെ മൂല്യം താഴ്ത്തിയത്. രണ്ടു പ്രധാന രാഷ്ട്രീയകക്ഷികളും ഇതിനു പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ ഇത് പ്രധാന രാഷ്ട്രീയവിഷയമാകുമെന്നുറപ്പ്. ആഗസ്ത് അവധിക്കുപിരിഞ്ഞ കോണ്‍ഗ്രസ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് സെനറ്റര്‍മാരില്‍നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
യുഎസ് കുഴപ്പം: ഡോളറിനു പകരം നാണയം വേണമെന്ന് ചൈന
ഷാന്‍ഹായ്: അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞതായി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പ്രഖ്യാപിച്ചതോടെ അമേരിക്കയിലെ ചൈനീസ് നിക്ഷേപം സുരക്ഷിതമല്ലെന്ന് ചൈനീസ് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. അമേരിക്കയില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യമാണ് ചൈന. നിക്ഷേപം മറ്റു വഴികളിലേക്ക് തിരിച്ചുവിടാന്‍ ആലോചിക്കുകയാണ് ചൈന. ഡോളര്‍ നിക്ഷേപങ്ങള്‍ അസ്ഥിരമായതുകൊണ്ടുതന്നെ അതിനു പകരം പുതിയൊരു കരുതല്‍ നാണയം വേണമെന്നും ചൈന ആവശ്യപ്പെട്ടു കഴിഞ്ഞു. ഡോളറിലുള്ള നിക്ഷേപത്തിന്റെ മൂല്യം കുറയുന്നനത് ചൈനക്ക് വന്‍ തിരിച്ചടിയായിരിക്കുയാണ്. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷയെക്കുറിച്ച് ചൈന ദിവസങ്ങള്‍ക്കു മുമ്പ് പ്രതികരിച്ചിരുന്നു. വേണ്ട ബദല്‍ നടപടികള്‍ എടുക്കണമെന്നും നിര്‍ദേശിച്ചതാണ്. ചൈനയുടെ വിദേശ വിനിമയ കരുതലായ 3.2 ലക്ഷം കോടി ഡോളറിന്റെ മൂന്നില്‍ രണ്ടുഭാഗവും അമേരിക്കയിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
1 comment:
ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ വായ്പാക്ഷമത നിരക്ക് പ്രതിസന്ധി സൂചിപ്പിക്കുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറുംമുമ്പേ മറ്റൊരു മാന്ദ്യം തുറിച്ചുനോക്കുകയാണ്. ഇരട്ടവീഴ്ചയിലേക്കാണ് (ഡബിള്‍ ഡിപ്പ്) ആഗോള സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ (എസ്ആന്റ്പി) എന്ന റേറ്റിങ്ങ് ഏജന്‍സി അമേരിക്കന്‍ വായ്പാക്ഷമതനിരക്ക് കുറച്ചതാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം. വായ്പാപ്രതിസന്ധി കുറയ്ക്കാന്‍ മൊത്തം ചെലവ് കുറക്കണമെന്നായിരുന്നു എസ്ആന്റ്പിയുടെ ആവശ്യം. ധനകമ്മി നാല് ലക്ഷം കോടി ഡോളറെങ്കിലും കുറക്കണമെന്നാണ് എസ്ആന്റ്പി അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2.5 ലക്ഷംകോടി ഡോളര്‍ കുറയ്ക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ തയ്യാറായത്. ഇതേ തുടര്‍ന്നാണ് വായ്പാക്ഷമത നിരക്കില്‍ അമേരിക്കയെ ഏജന്‍സി താഴ്ത്തിക്കെട്ടിയത്. ഇതോടെ അമേരിക്ക നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ലെന്ന സന്ദേശമാണ് പരക്കുന്നത്.
Post a Comment