Sunday, August 7, 2011

ഗൂര്‍ഖാലാന്‍ഡ് കരാര്‍ പശ്ചിമബംഗാളിനെ വിഭജിക്കാനോ?

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് നടപ്പാക്കി എന്ന ആശ്വാസത്തിലാണ്. അസ്വസ്ഥത പുകയുന്ന ഡാര്‍ജിലിങ് കുന്നുകളെ സമാധാനത്തിലേക്ക് നയിക്കാന്‍ പര്യാപ്തമെന്ന് കരുതി അവര്‍ ഒരു ത്രികക്ഷി കരാര്‍ തയ്യാറാക്കി. കേന്ദ്ര - സംസ്ഥാന ഉദ്യോഗസ്ഥരും ഡാര്‍ജിലിങ്ങിലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രതിനിധി രോഷന്‍ ഗിരിയും അതില്‍ ഒപ്പുവെച്ചു. സിലിഗുരിക്കടുത്തുള്ള സുഖ്നയിലെ പിന്‍ടെയില്‍ ഗ്രാമത്തില്‍ 2011 ജൂലൈ 18ന് ആഘോഷപൂര്‍വം നടന്ന ഒപ്പിടല്‍ ചടങ്ങില്‍ മമതാ ബാനര്‍ജിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും പങ്കെടുത്തു. ഇതോടെ ഡാര്‍ജിലിങ് കുന്നുകള്‍ ശാന്തമാകുമോ? ഈ കരാര്‍ അതിന് പര്യാപ്തമാണോ?

പുതിയ സംഘര്‍ഷങ്ങള്‍ക്ക് കരാര്‍ ഇടയാക്കുമോ? കരാറിനു ശേഷമുള്ള രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ പുതിയ സംഘര്‍ഷങ്ങളുടെ സൂചനയാണ് നല്‍കുന്നത്. ഉത്തരബംഗാള്‍ അസ്വസ്ഥമാണ്. സംസ്ഥാനത്ത് ജനാധിപത്യ ശീലങ്ങള്‍ ഇല്ലാതാകുന്നുവെന്നും ഏകാധിപത്യപരമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നുമുള്ള തോന്നല്‍ ശക്തിപ്പെടാനാണ് കരാര്‍ ഇടയാക്കിയത്. 1988ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട ത്രികക്ഷി കരാറിലൂടെ നിലവില്‍ വന്ന ഡാര്‍ജിലിങ് ഗൂര്‍ഖ ഹില്‍ കൗണ്‍സിലിനു(ഡിജിഎച്ച്സി) പകരം ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ കൗണ്‍സില്‍ രൂപീകരിക്കാനാണ് പുതിയ കരാര്‍ . 59 വകുപ്പുകളുടെ ചുമതല പുതിയ പ്രവിശ്യാ ഭരണ കൗണ്‍സിലിന് ഉണ്ടാകും. പ്രവിശ്യാഭരണ സംവിധാനത്തിന് കീഴില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ 600 കോടി രൂപയുടെ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. പ്രതിവര്‍ഷം 200 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കാന്‍ കൗണ്‍സിലിന് കഴിയും. ക്രമസമാധാനം, ധനം എന്നീ സുപ്രധാന വകുപ്പുകള്‍ ഒഴികെ കൃഷി, വ്യവസായം, വിദ്യാഭ്യാസം, ജലസേചനം, തോട്ടങ്ങള്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാകും. ബി, സി, ഡി കാറ്റഗറികളിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരവും കൗണ്‍സിലിനുണ്ടാകും. 45 പ്രതിനിധികളായിരിക്കും പുതിയ പ്രവിശ്യാഭരണ സംവിധാനത്തില്‍ ഉണ്ടാവുക. ഇതില്‍ നാല്‍പ്പത് പേരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. അഞ്ച് പേരെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. 1988ലെ ഡിജിഎച്ച്സി രൂപീകരണ കരാര്‍ അനുസരിച്ച് ഡാര്‍ജിലിങ് ജില്ലയിലെ ഡാര്‍ജിലിങ്, കലിംപോങ്, കുര്‍സിയോങ് സബ് ഡിവിഷനുകളും സിലിഗുരി സബ് ഡിവിഷനിലെ ലോഹഗര്‍ ടീ ഗാര്‍ഡന്‍ , ലോഹഗര്‍ ഫോറസ്റ്റ്, രംഗ്മോഹന്‍ , ബരചെംഗ, പാനിഘട്ട, ഛോട്ട അദാല്‍പൂര്‍ , പഹാരു, സുക്ന ഫോറസ്റ്റ്, പാന്‍ടപട്ടി ഫോറസ്റ്റ്, മഹാനന്ദ ഫോറസ്റ്റ്, ചമ്പാസരി ഫോറസ്റ്റ്, സല്‍ബരി കഹത് ഫോറസ്റ്റ് എന്നീ വില്ലേജുകളുമാണ് കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. ഈ പ്രദേശങ്ങള്‍ക്കു പുറമേ ദുവാര്‍സ്, തരായ് മേഖലകളിലെ ഇരുനൂറോളം വില്ലേജുകളും പുതിയ ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാ ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

അനുയോജ്യമായ വില്ലേജുകള്‍ കണ്ടെത്തുന്നതിന് സെന്‍സസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യ, ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹ്യവുമായ സവിശേഷതകള്‍ എന്നിവ കണക്കിലെടുത്ത് പഠനം നടത്തി പുതിയ വില്ലേജുകള്‍ കണ്ടെത്തി ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ സംവിധാനത്തില്‍ ലയിപ്പിക്കാനാണ് തീരുമാനം. സെന്‍സസ് ഡയറക്ടറുടെ നിര്‍ദ്ദേശത്തിന്‍മേല്‍ അന്തിമ തീരുമാനമെടുക്കുന്ന സമിതിയില്‍ ജിജെഎമ്മിന്റെ അംഗങ്ങള്‍ക്കാണ് ഭൂരിപക്ഷം. ഈ സമിതി എടുക്കുന്ന തീരുമാനങ്ങളില്‍ ദുവാര്‍സ്, തരായ് മേഖലകളിലെ ജനങ്ങളുടെ വികാരങ്ങള്‍ക്ക് എന്തെങ്കിലും സ്ഥാനമുണ്ടാകുമോ എന്ന ആശങ്ക ഉത്തരബംഗാള്‍ മേഖലയിലാകെയുണ്ട്. ബംഗാള്‍ വിഭജനത്തിന്റെ മുറിവുകളുടെ വേദന ഇനിയും ബാക്കിയുണ്ട്. 1905ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിനെ വിഭജിച്ചത് വലിയ അസ്വാസ്ഥ്യങ്ങളാണ് സൃഷ്ടിച്ചത്. ബംഗാളില്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ രൂപംകൊള്ളാന്‍ കാരണവും അതാണ്. ഒടുവില്‍ ബ്രിട്ടീഷുകാര്‍ക്ക് തീരുമാനം മാറ്റേണ്ടിവന്നു. പിന്നീട് സ്വാതന്ത്ര്യലബ്ധിയോടെ ബംഗാളിനെ വീണ്ടും വെട്ടിമുറിച്ചു. ബംഗാള്‍ ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ആഴത്തില്‍ മുറിവേല്‍പ്പിച്ച ആ വിഭജനം ദീര്‍ഘകാലം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇപ്പോള്‍ ആദിവാസികള്‍ , മറ്റ് പിന്നാക്കവിഭാഗങ്ങള്‍ എന്നിവര്‍ അധികമുള്ള തരായ്, ദുവാര്‍സ് മേഖലകളിലെ ഇരുനൂറ് വില്ലേജുകള്‍ ബംഗാളിന്റെ ഭരണസംവിധാനത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പുതിയ ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ സംവിധാനത്തില്‍ കൊണ്ടുവരുന്നത് ബംഗാളിന്റെ മറ്റൊരു വിഭജനമായിത്തന്നെയാണ് ഉത്തരബംഗാളിലെ ജനങ്ങള്‍ കാണുന്നത്. കരാര്‍ ഒപ്പിട്ട ദിവസവും അതിനുമുമ്പും ഉത്തരബംഗാളില്‍ നിരവധി സംഘടനകള്‍ യോജിച്ച് നടത്തിയ ഹര്‍ത്താലുകള്‍ ഇതിന്റെ സൂചനകളാണ്. പുതിയ കരാറില്‍ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിരവധി ഘടകങ്ങളുണ്ട് എന്നതാണ് പ്രധാന പ്രശ്നം. ഗൂര്‍ഖാലാന്‍ഡ് എന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം നടത്തിയിരുന്ന പല സംഘടനകളെയും ഒഴിവാക്കി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച(ജിജെഎം) എന്ന സംഘടനയുമായി മാത്രം ചര്‍ച്ച നടത്തിയാണ് കരാര്‍ തയ്യാറാക്കി ഒപ്പിട്ടത്. ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടാണ്(ജിഎന്‍എല്‍എഫ്) എണ്‍പതുകളില്‍ ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം ആരംഭിച്ചത്. ഏറ്റവുമൊടുവില്‍ അഖില്‍ഭാരതീയ ഗൂര്‍ഖ ലീഗും ഡാര്‍ജിലിങ് രാഷ്ട്രീയത്തിലെ പ്രധാന സംഘടനകളിലൊന്നാണ്. സിപിഐ എം അടക്കമുള്ള മറ്റ് പാര്‍ടികളും ഡാര്‍ജിലിങ്ങില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുമായൊന്നും ഒരു ചര്‍ച്ചയും മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയില്ല. സംസ്ഥാനത്തെ സുപ്രധാന വിഷയമെന്ന പരിഗണന വച്ച് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്തിയില്ല. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷകക്ഷികളുമായോ പ്രതിപക്ഷ നേതാവുമായിപ്പോലുമോ ചര്‍ച്ച നടത്താതെയാണ് ഒരു സുപ്രധാന കരാര്‍ ഉണ്ടാക്കി ഒപ്പിട്ടിരിക്കുന്നത്. നിയമസഭയില്‍ കരാറിന്റെ കരട് വെക്കുകയോ ചര്‍ച്ച നടത്തുകയോ ഉണ്ടായില്ല. സംസ്ഥാന നിയമസഭയുടെ അംഗീകാരത്തോടെയും ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് അതില്‍ വിശദമായ ചര്‍ച്ച നടത്തിയും നടപ്പാക്കേണ്ട കരാര്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ് മമത ചെയ്തിരിക്കുന്നത്. ജിജെഎമ്മിനെ മാത്രം സന്തോഷിപ്പിക്കുന്ന ഈ കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തിനും ഫെഡറല്‍ സംവിധാനത്തിനും നേരേ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

1988ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാറില്‍ ഗൂര്‍ഖാലാന്‍ഡ് എന്ന വാക്ക് ഉണ്ടായിരുന്നില്ല. ഗൂര്‍ഖാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനമായി ഡാര്‍ജിലിങ് കുന്നുകളെ അംഗീകരിക്കണമെന്ന ആവശ്യം നിരാകരിച്ചിരുന്നു. ഇപ്പോഴാകട്ടെ, ഗൂര്‍ഖാലാന്‍ഡ് എന്ന വാക്ക് കരാറില്‍ ഉള്‍പ്പെടുത്തുക വഴി പ്രത്യേക സംസ്ഥാനം എന്ന ജിജെഎമ്മിന്റെ ആവശ്യത്തിന് ശക്തി പകരുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തിരിക്കുന്നത്. പ്രത്യേക സംസ്ഥാനത്തിനായി പശ്ചിമബംഗാളിനെ വെട്ടിമുറിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക. ഇപ്പോഴത്തെ കരാര്‍ പ്രത്യേക സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പ് മാത്രമാണെന്ന് ജിജെഎം നേതാവ് ബിമല്‍ ഗുരൂങ് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. പ്രവിശ്യാഭരണം അനുവദിച്ചുകൊടുക്കുന്ന ഇത്തരമൊരു കരാര്‍ രാജ്യത്തിന്റെ മറ്റൊരു ഭാഗത്തുമില്ല. 1988ലെ കരാര്‍ പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കാനുള്ളതായിരുന്നു. പ്രവിശ്യാഭരണം എന്നതിന് അര്‍ഥം വേറെയാണ്. ആ മേഖലയെ ഇന്ത്യയുടെ എല്ലാ സംവിധാനങ്ങളിലും നിന്ന് അടര്‍ത്തിമാറ്റി പ്രത്യേക ഭൂപ്രദേശമാക്കി മാറ്റാനാണോ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്?

കരാര്‍ ഒപ്പിട്ടശേഷം നടന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഡാര്‍ജിലിങ്ങിലേക്കുള്ള റോഡില്‍ "വെല്‍ക്കം ടു ഗൂര്‍ഖാലാന്‍ഡ്" എന്ന ബോര്‍ഡ് വച്ചു. ഡാര്‍ജിലിങ്ങിലെ വാഹനങ്ങളിലെ രജിസ്ട്രേഷന്‍ നമ്പര്‍പ്ലേറ്റില്‍ ഡബ്ലിയുബി എന്നത് മായ്ച്ച് ജിഎല്‍ എന്ന് രേഖപ്പെടുത്തണമെന്ന് ജിജെഎം പ്രവര്‍ത്തകര്‍ ജനങ്ങളെ നിര്‍ബ്ബന്ധിക്കുന്നു. ഗൂര്‍ഖാലാന്‍ഡ് എന്ന സംസ്ഥാനം അനുവദിച്ചു എന്ന മട്ടിലാണ് ജിജെഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ . പ്രത്യേക സംസ്ഥാനം എന്ന ആവശ്യത്തോട് സംസ്ഥാനത്തെ ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും താല്‍പര്യമില്ല. ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന കരാറില്‍ സംസ്ഥാനത്തിന്റെ അധികാര, അവകാശങ്ങള്‍ക്കുള്ളിലുള്ള സ്വയംഭരണ സംവിധാനമാണ് നല്‍കിയത്. 1988 ആഗസ്ത് 22ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ജിഎന്‍എല്‍എഫും ഒപ്പിട്ട ത്രികക്ഷി കരാറനുസരിച്ച് രൂപീകരിച്ച ഡാര്‍ജിലിങ് ഗൂര്‍ഖ ഹില്‍ കൗണ്‍സിലിലേക്ക്(ഡിജിഎച്ച്സി) തെരഞ്ഞെടുപ്പ് നടക്കുകയും സുഭാഷ് ഗീഷിങ് ഏറെക്കാലം അതിന്റെ ചെയര്‍മാനായി തുടരുകയും ചെയ്തു. 2001 ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെത്തിയ ഗീഷിങ് ഭരണഘടനയുടെ ആറാം പട്ടിക പ്രകാരം ഡാര്‍ജിലിങിന് പ്രത്യേക പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച മറ്റ് ഗൂര്‍ഖാ സംഘടനാ പ്രവര്‍ത്തകര്‍ ഗീഷിങിനെ വധിക്കാന്‍ ശ്രമിച്ചു. 2005 മാര്‍ച്ച് 21ന് ഡിജിഎച്ച്സിയിലെ അംഗങ്ങള്‍ രാജിവെച്ചു. അതിനുശേഷം കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2005 ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ വച്ച് ഒപ്പിട്ട കരാറനുസരിച്ച് ആറാം പട്ടിക പ്രകാരമുള്ള പ്രത്യേക പദവി അനുവദിക്കുന്നതായ പ്രഖ്യാപനം വന്നു. 2007ല്‍ ബിമല്‍ ഗുരൂങ് ആറാം പട്ടികക്കെതിരെ പരസ്യമായ അഭിപ്രായപ്രകടനം നടത്തി. ഗുരൂങിനെ ജിഎന്‍എല്‍എഫില്‍ നിന്ന് പുറത്താക്കി. 2007 ഒക്ടോബര്‍ ഏഴിന് ഗുരൂങ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച എന്ന പുതിയ സംഘടന രൂപീകരിച്ചു. ആറാം പട്ടികക്കെതിരെ ശക്തമായ പ്രക്ഷോഭം നടന്നു. ഗീഷിങ് ഡാര്‍ജിലിങ് മേഖലയില്‍ പ്രവേശിക്കുന്നത് ജിജെഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ആറാം പട്ടിക പ്രകാരമുള്ള പദവി നല്‍കുന്നത് 2008ല്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. 2008ല്‍ ബിമല്‍ ഗുരൂങിന്റെ നേതൃത്വത്തിലുള്ള ഗൂര്‍ഖ ജനമുക്തി മോര്‍ച്ച ശക്തി പ്രാപിച്ചതോടെ ഡാര്‍ജിലിങ്ങിലെ മറ്റ് സംഘടനകള്‍ക്ക് ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം തന്നെ ഇല്ലാതായി. ജിഎന്‍എല്‍എഫ്, അഖില്‍ഭാരതീയ ഗൂര്‍ഖ ലീഗ്(എബിജിഎല്‍) എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കു നേരേ കടന്നാക്രമണങ്ങള്‍ തുടങ്ങി. ഗൂര്‍ഖാലാന്‍ഡ് പ്രശ്നം ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ആവശ്യപ്പെട്ട എബിജിഎല്‍ നേതാവ് മദന്‍ തമാങ്ങിനെ ഡാര്‍ജിലിങ്ങില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ജിഎന്‍എല്‍എഫ് നേതാവ് സുഭാഷ് ഗീഷിങ്ങിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാര്‍ജിലിങ്ങിലെ തന്റെ വീട്ടില്‍ കയറാന്‍ കഴിയുന്നില്ല. ഡാര്‍ജിലിങ്ങില്‍ കാലുകുത്തിയാല്‍ ഗീഷിങ്ങിനെ കൊല്ലുമെന്നാണ് ജിജെഎമ്മിന്റെ ഭീഷണി. ബിമല്‍ ഗുരൂങ് ഇടതുമുന്നണി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ പഴയ ഡിജിഎച്ച്സി യുടെ പരിധിക്കുള്ളില്‍ പുതിയ സ്വയംഭരണ സംവിധാനം ആകാമെന്ന സമ്മതിച്ചിരുന്നതാണ്. ഭരണമാറ്റം വന്ന് മമത അധികാരത്തിലേറിയശേഷമാണ് ദുവാര്‍സ്, തരായ് മേഖലകളില്‍ നിന്ന് കൂടുതല്‍ ഭൂപ്രദേശങ്ങള്‍ കൂടി തങ്ങളുടെ പുതിയ ഭരണസംവിധാനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബിമല്‍ ഗുരൂങ് ആവശ്യപ്പെട്ടത്. ഇതിന് മമത എതിര്‍പ്പൊന്നുമുയര്‍ത്താതെ വഴങ്ങുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിജെഎം എന്ന വിഘടനവാദ സംഘടനയുടെ വോട്ട് വാങ്ങാന്‍ വേണ്ടി സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായ ആവശ്യത്തിന് മമത സമ്മതം മൂളുകയായിരുന്നു. പുതിയ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് തീകൊടുക്കുകയാണ് മമത ചെയ്തിരിക്കുന്നത്. കൂച്ച്ബിഹാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യമുയര്‍ത്തി ഗ്രേറ്റര്‍ കൂച്ച്ബിഹാര്‍ പീപ്പിള്‍സ് അസോസിയേഷന്‍(ജിസിപിഎ) പ്രക്ഷോഭം തുടങ്ങി. ഇപ്പോള്‍ പശ്ചിമബംഗാളിലുള്ള കൂച്ച്ബിഹാര്‍ , ഉത്തര ദിനാജ്പൂര്‍ , ദക്ഷിണ ദിനാജ്പൂര്‍ , ഡാര്‍ജിലിങ്, ജല്‍പായ്ഗുരി, ലോവര്‍ അസമിലെ അവിഭക്ത ഗോള്‍പാറ എന്നീ ജില്ലകള്‍ ഉള്‍പ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. ശക്തമായ സംസ്ഥാനങ്ങളെ വിഭജിച്ച് ദുര്‍ബ്ബലമാക്കുകയെന്ന നീക്കത്തിന് മമതാ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പുതിയ ഗൂര്‍ഖാലാന്‍ഡ് കരാറിലൂടെ ഊര്‍ജം നല്‍കിയിരിക്കയാണ്.

*
വി ജയിന്‍ ചിന്ത വാരിക 05 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് നടപ്പാക്കി എന്ന ആശ്വാസത്തിലാണ്. അസ്വസ്ഥത പുകയുന്ന ഡാര്‍ജിലിങ് കുന്നുകളെ സമാധാനത്തിലേക്ക് നയിക്കാന്‍ പര്യാപ്തമെന്ന് കരുതി അവര്‍ ഒരു ത്രികക്ഷി കരാര്‍ തയ്യാറാക്കി. കേന്ദ്ര - സംസ്ഥാന ഉദ്യോഗസ്ഥരും ഡാര്‍ജിലിങ്ങിലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രതിനിധി രോഷന്‍ ഗിരിയും അതില്‍ ഒപ്പുവെച്ചു. സിലിഗുരിക്കടുത്തുള്ള സുഖ്നയിലെ പിന്‍ടെയില്‍ ഗ്രാമത്തില്‍ 2011 ജൂലൈ 18ന് ആഘോഷപൂര്‍വം നടന്ന ഒപ്പിടല്‍ ചടങ്ങില്‍ മമതാ ബാനര്‍ജിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും പങ്കെടുത്തു. ഇതോടെ ഡാര്‍ജിലിങ് കുന്നുകള്‍ ശാന്തമാകുമോ? ഈ കരാര്‍ അതിന് പര്യാപ്തമാണോ?