സൊമാലിയ എന്നാല്‍ വിശപ്പാണ്. ലക്ഷക്കണക്കിനു സൊമാലിയക്കാര്‍ ഭീഷണമായ വരള്‍ച്ചയിലും വിശപ്പിലും പെട്ട് വീടുവിട്ട് പലായനം ചെയ്ത്, തീര്‍ത്തും അപര്യാപ്തമായ അഭയകേന്ദ്രങ്ങളില്‍ ചേക്കേറുന്നു. പത്രങ്ങളില്‍ വേണ്ടത്ര വാര്‍ത്തകള്‍ വന്നിട്ടില്ല. ഏതോ ഒന്നു രണ്ടു പത്രങ്ങള്‍ ചില്ലറ വാര്‍ത്തകളില്‍ ഈ വിശപ്പിന്റെ വാര്‍ത്ത ഒതുക്കി. ബാന്‍കിമൂണ്‍ (യു എന്‍ സെക്രട്ടറി ജനറല്‍) ദയനീയമായൊരപേക്ഷ പ്രസ്ഥാവന ഇറക്കി. പണമില്ല. അവിടെ ഭക്ഷ്യസാധനങ്ങളില്ല. ഉള്ള ഇടങ്ങളില്‍ നിന്ന് വളരെ കുറച്ചേ കിട്ടുന്നുള്ളു. അതിലും ദയനീയം സര്‍ക്കാരും ഒരു വര്‍ഗീയ വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാരണം നിവാരണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവുന്നതാണ്.
അതൊക്കെ ശരി. സൊമാലിയക്കാര്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നത് അന്നത്തിന്റെ രൂപത്തിലാണ്. കലാപവും ഭക്ഷ്യസാധന വിലക്കയറ്റവും വരള്‍ച്ചയും പുറം ലോകത്തിന്റെ നിസ്സംഗതയും ചേരുമ്പോള്‍ നരകം സൊമാലിയയിലേയ്ക്കിറങ്ങി വരുന്നു. പുതഞ്ഞു നില്‍ക്കുന്ന ദാരിദ്ര്യം എന്നും സൊമാലിയയുടെ കഥയായിരുന്നു. എന്നാല്‍ ഇത്തവണ വിശപ്പുമരണങ്ങള്‍ സര്‍വകാല റെക്കോര്‍ഡിലാണ്. ദുരിതമതല്ല. നാടുവിട്ടോടുന്നവര്‍ എത്തുന്നത് കെനിയ, എത്ത്യോപ്യ എന്നീ രാജ്യങ്ങളിലാണ്. അവര്‍ക്ക് ദുരിതം കാരണം ആരെയും വേണ്ട. പട്ടിണിക്കാരന് മറ്റൊരു പട്ടിണിക്കാരനായി എന്തുചെയ്യാനാവും.
കടുംവരള്‍ച്ച കാരണം കൃഷിനാശവും കന്നുകാലികള്‍ ചത്തൊടുങ്ങലും വ്യാപകമാവുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് ചെറിയ കുട്ടികളെയും വലിച്ച് കുടുംബങ്ങള്‍ രക്ഷാസങ്കേതങ്ങളിലെത്തുന്നത്. ആ യാത്രയില്‍ മഹാപ്രസ്ഥാനത്തിലെന്നപോലെ പലരും പിന്നില്‍ വീണുമരിക്കുന്നു. പക്ഷേ, യാത്ര തുടരാതെ വയ്യല്ലോ. ആറുകുട്ടികളില്‍ നാലും വിശന്നുമരിച്ച സൊമാലിയക്കാരി അമ്മ പറഞ്ഞു ''വിശപ്പുകൊണ്ട്, മക്കള്‍ മരിക്കുന്നത് കാണുന്നതിലധികം നരകം ഊഹിക്കാന്‍ വയ്യ''. ശരിയാണ് അതനുഭവിച്ചാലേ അറിയൂ. അത്തരം അമ്മമാര്‍ നിറയുന്ന ഒരു നാടിനെക്കുറിച്ച് ഓര്‍ത്ത് നോക്കൂ.
ബാന്‍ കി മൂണ്‍ 110 കോടി ഡോളര്‍ ഉടന്‍ സഹായമായി അഭ്യര്‍ഥിക്കുന്നു. ഏതാണ്ട് 5000 കോടി രൂപ. ഇപ്പോഴതിന്റെ പകുതിപോലും ഇല്ല. യു എന്‍ അടിയന്തര നടപടികള്‍ക്കായി തയ്യാറെടുക്കുകയാണ്. ഓരോരോ രാഷ്ട്രീയ ന്യായങ്ങള്‍ പറഞ്ഞ് വന്‍ രാജ്യങ്ങള്‍, പിശുക്കു കാണിക്കുകയാണ്. മരണത്തിലും പകയും ചേരിപ്പോരും തകൃതിയായി നടക്കുന്നു. മനുഷ്യന് വിവരം വരാന്‍ ഇനിയെത്രകാലം കഴിയണം. റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദുര്‍ഘടമാവുന്നത്, സര്‍ക്കാരും അല്‍ സബാഹ് ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള കലഹംകാരണമാണ്. അന്തര്‍ ദേശീയ സര്‍ക്കാരുകളെ അവര്‍ പ്രവര്‍ത്തിക്കാനനുവദിക്കുന്നില്ല. തെക്കന്‍ സൊമാലിയ സബാഹുകളുടെ നിയന്ത്രണത്തിലാണ്.
സൊമാലിയന്‍ ജനത ഏതാണ്ട് 75 ലക്ഷമാണ്. അതില്‍ പകുതി പട്ടിണിക്കാരും. ഭക്ഷ്യവില കൂട്ടുന്നത് സ്റ്റോക്കു കുറവല്ല. ഭക്ഷണ സാധനങ്ങള്‍ ഉള്ള സ്ഥലത്ത് നിന്ന് എത്തിക്കാനാവാത്തതുകാരണമുള്ള വിലക്കയറ്റമാണ്. നിത്യേനയെന്നോണം ദുരിതം കൂടുകയാണ്. എന്നിട്ടും സര്‍ക്കാരിനോ സബാഹ് എന്ന സംഘടനയ്‌ക്കോ വകതിരിവു വരുന്നില്ല. യു എന്നിന് ഇതില്‍ ശാരീരികമായി ഇടപെട്ടുകൂടേ. ജനങ്ങളെ രക്ഷിക്കാന്‍ പുറം പട്ടാള ഇടപെടല്‍പോലും നല്ലതാണ്. വിശന്നു മരിക്കുന്നതിലും ഭേദം അതാണെന്ന് സൊമാലിയക്കാരന്‍ കരുതും.
വിശന്നുമരിക്കുന്നതിലും ഭേദം, വിശക്കാതിരിക്കാന്‍ ഏറ്റുമുട്ടിമരിക്കലാണ്. അത്ര നികൃഷ്ടമാണ് അവിടത്തെ സ്ഥിതി. എങ്ങോട്ടെങ്കിലും രക്ഷപ്പെടാമെന്നു കരുതിയാല്‍, തൊട്ടുള്ള കെനിയയും എത്ത്യോപ്യയും ഇതിലും ദരിദ്രമാണ്. എന്നിട്ടും നിത്യേന 2000 സൊമാലികള്‍ എത്ത്യോപ്യയ്ക്ക് കടക്കുന്നു. എന്തിനാണെന്നവര്‍ക്കുമറിയില്ല.
സൊമാലിയയില്‍ നില്‍ക്കാന്‍ വയ്യ. പിന്നെ പോവുകതന്നെ. തെക്കന്‍ സൊമാലികള്‍, തലസ്ഥാനമായ മൊഗാഡിഷുവിലേയ്ക്ക് നീങ്ങുന്നു. അവിടെയും നില്‍ക്കക്കള്ളിയില്ലാത്ത ജനത്തിരക്കാണ്. കെനിയയുടെ വടക്കുകിഴക്കന്‍ ഊഷര പ്രദേശത്തൊരുക്കിയ അഭയ കേന്ദ്രത്തില്‍ ഏതാണ്ട് നാലുലക്ഷം സൊമാലികള്‍ അടിഞ്ഞുകഴിഞ്ഞു. താല്‍ക്കാലിക കൂരകളില്‍ അവര്‍ ചേക്കേറും. സ്ഥലമില്ലെങ്കില്‍ പുറത്തോ നടവഴിയിലോ കിടക്കും. വസ്ത്രമില്ല, പാദരക്ഷകളില്ല, പുതപ്പുകളില്ല. അവര്‍ക്കതൊന്നും വേണ്ട; ഭക്ഷണം മതി. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സൊമാലിയയെക്കുറിച്ച് തരുന്ന ഈ ചിത്രം അതീവ ഭീതിദമാണ്.
ദുരിതാശ്വാസം വൈകുന്നതുകൊണ്ട് മനുഷ്യനും സമ്പത്തും വന്‍തോതില്‍ നശിക്കുന്നു. സൊമാലിയില്‍ കുടിവെള്ളം കിട്ടാനില്ല. മൂന്നുവര്‍ഷങ്ങളായി മഴകിട്ടാത്ത ഭൂഭാഗങ്ങളുണ്ട്. ഒട്ടകക്കൂട്ടങ്ങള്‍ മരിച്ചുവീഴുന്നതായി വാര്‍ത്ത. കൃഷിയിടങ്ങള്‍ കരിഞ്ഞു. മാരകരോഗങ്ങള്‍ പടരുകയും ചെയ്യുന്നു. പോഷകാഹാരക്കുറവും വിശപ്പും കാരണം ശിശുക്കള്‍ വന്‍തോതില്‍ മരിക്കുന്നതായി വന്നവാര്‍ത്ത ഹൃദയഭേദിയായിരുന്നു. കരിഞ്ഞ കൃഷിഭൂമിയും മരിക്കാറായ കന്നുകാലികളും ഭാവിയില്‍ കൃഷിയുടെ സാധ്യതപോലും ഇല്ലാതാക്കിയിരിക്കുന്നു.
എല്ലാത്തിനും പുറമെ അല്‍-സബാഹും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം. തെക്കന്‍ സൊമാലിയയാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. ഇതിനൊക്കെ ഒരു പരിഹാരം കണ്ടെത്താന്‍ അവിടെ ഒരുതരം ഭരണവുമില്ല. ഓക്‌സ്ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി ഡോളര്‍ വേണ്ടിടത്ത്, അഞ്ചിലൊന്നുപോലും കിട്ടിയിട്ടില്ല. വമ്പന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടുന്നുമില്ല. ഫ്രാന്‍സും ഇറ്റലിയും ഡെന്‍മാര്‍ക്കും ഇങ്ങനെയൊരു മാനുഷിക ദുരന്തം സംഭവിക്കുന്നതിനെക്കുറിച്ച് താല്‍പര്യമേ കാണിക്കുന്നില്ല.
ഇനിയും വൈകിയാല്‍ അവിടെ മനുഷ്യവാസമുണ്ടാവില്ല. ഒരു വലിയ ശ്മശാനമായി ആ രാജ്യം മാറും. അവിടത്തെ യുദ്ധമെങ്കിലും ഉടന്‍ നിര്‍ത്താന്‍ യു എന്‍ ഇടപെടുമെങ്കില്‍, കിട്ടിയപണം കൊണ്ട് കുറേപേരെ രക്ഷിക്കാനാവും. അതിനും പറ്റാത്ത ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഹാ കഷ്ടം. വേള്‍ഡ് ഫുഡ് പ്രോഗ്രാമുകള്‍ക്ക് വേണ്ടത് ഇടപെടില്ലെന്ന അല്‍സബാഹിന്റെ വാഗ്ദാനമാണ്. ആദ്യം രക്ഷിക്കേണ്ടത് ഗര്‍ഭിണികളേയും ശിശുക്കളെയുമാണെന്ന് ഫുഡ് പ്രോഗ്രാമുകാര്‍ ആവര്‍ത്തിച്ചു പറയുന്നു. അവര്‍ക്കായി ബിസ്‌കറ്റുകളും മറ്റ് കലോറി ഭക്ഷണവും എത്തിക്കുന്ന നടപടി എല്ലാ കഷ്ടപ്പാടും സഹിച്ച് അവര്‍ ചെയ്യുന്നുമുണ്ട്. സഹായ ഏജന്‍സികളുടെ സേവനവും മറക്കാനാവില്ല. അവര്‍ പ്രധാനമായും റഫ്യൂജി മാനേജ്‌മെന്റാണ് നടത്തുന്നത്.
കെനിയയ്ക്ക് ഇനി അഭയാര്‍ഥികളെ താങ്ങാനാവില്ലെന്ന് അവര്‍ പറയുന്നു. വന്നുകയറുന്ന വന്‍പട ആ രാജ്യത്തിന്റെ തുറസ്സുകള്‍ മലീമസമാക്കിക്കഴിഞ്ഞു. അതുകാരണം മാരകരോഗങ്ങള്‍ പടരാന്‍ തുടങ്ങിയിരിക്കുന്നു. ദദാബിലെ കേന്ദ്രം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. എത്ത്യോപ്യയിലേയ്ക്ക് ദിവസേന എത്തുന്നത് 2000 സൊമാലികളാണ്. സൊമാലി പ്രശ്‌നം തീരുകയല്ല, എത്ത്യോപ്യക്കും കെനിയയ്ക്കും പടരുകയാണ്. കുറച്ചുകഴിയുമ്പോള്‍ അവര്‍ അഭയാര്‍ഥികളെ പട്ടാളത്തെക്കൊണ്ട് നേരിടാം. പിന്നെ സാക്ഷാല്‍ കുരുക്ഷേത്രത്തിന്റെ കൊട്ടിക്കലാശമായിരിക്കും.
മുമ്പ് എത്ത്യോപ്യയില്‍ ഇതുപോലൊരു ദൗര്‍ഭിക്ഷ്യമുണ്ടായിരുന്നു. ആയിരങ്ങള്‍ അന്നവും ജലവും കിട്ടാതെ മരിച്ചു. സബ്‌സഹാറന്‍ രാജ്യങ്ങളിലും കടുത്ത ദൗര്‍ഭിക്ഷ്യമുണ്ടാവാറുണ്ട്. ലോകരാജ്യങ്ങളില്‍ പലതിനും ഇതൊന്നും ഒരു സംഭവമേ അല്ല. എന്തുമാത്രം ദയാ രഹിതമാണ് ലോകം. ഇതിനിടയിലും ധാന്യം പൂഴ്ത്തിവച്ച് വിലകയറ്റുന്ന ഭക്ഷ്യധാന്യ കോര്‍പറേറ്റുകള്‍. ഉല്‍പാദിപ്പിച്ച ധാന്യം ശ്രദ്ധയോടെ സംഭരിക്കാതെ നശിപ്പിക്കുന്ന നമ്മുടെ രാജ്യം. ദാരിദ്ര്യത്തില്‍ നിന്നു ലാഭം തിന്ന് കൊഴുക്കുന്നവര്‍.
സൊമാലിയ മനുഷ്യരാശിയുടെ നാണക്കേടാണ്. മനുഷ്യന്‍ സാമൂഹിക ജീവിയാണ്. വിവേചനമാണ് അവനെ നയിക്കുന്നത്. സമസ്ത ജീവികളിലും ശ്രേഷ്ഠജന്മമാണ്. കുട്ടിക്കാലത്ത് പഠിപ്പിച്ചുതന്ന സാരവാക്യങ്ങളാണിവ.
ഇതൊക്കെ പഠിക്കാന്‍ എന്തിനു സമയം കളഞ്ഞു എന്ന തോന്നലാണിപ്പോള്‍.
*
പി എ വാസുദേവന്‍ ജനയുഗം 06 ആഗസ്റ്റ് 2011
Subscribe to:
Post Comments (Atom)
2 comments:
സൊമാലിയ എന്നാല്‍ വിശപ്പാണ്. ലക്ഷക്കണക്കിനു സൊമാലിയക്കാര്‍ ഭീഷണമായ വരള്‍ച്ചയിലും വിശപ്പിലും പെട്ട് വീടുവിട്ട് പലായനം ചെയ്ത്, തീര്‍ത്തും അപര്യാപ്തമായ അഭയകേന്ദ്രങ്ങളില്‍ ചേക്കേറുന്നു. പത്രങ്ങളില്‍ വേണ്ടത്ര വാര്‍ത്തകള്‍ വന്നിട്ടില്ല. ഏതോ ഒന്നു രണ്ടു പത്രങ്ങള്‍ ചില്ലറ വാര്‍ത്തകളില്‍ ഈ വിശപ്പിന്റെ വാര്‍ത്ത ഒതുക്കി. ബാന്‍കിമൂണ്‍ (യു എന്‍ സെക്രട്ടറി ജനറല്‍) ദയനീയമായൊരപേക്ഷ പ്രസ്ഥാവന ഇറക്കി. പണമില്ല. അവിടെ ഭക്ഷ്യസാധനങ്ങളില്ല. ഉള്ള ഇടങ്ങളില്‍ നിന്ന് വളരെ കുറച്ചേ കിട്ടുന്നുള്ളു. അതിലും ദയനീയം സര്‍ക്കാരും ഒരു വര്‍ഗീയ വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാരണം നിവാരണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവുന്നതാണ്.
''വിശപ്പുകൊണ്ട്, മക്കള്‍ മരിക്കുന്നത് കാണുന്നതിലധികം നരകം ഊഹിക്കാന്‍ വയ്യ''. ശരിയാണ് അതനുഭവിച്ചാലേ അറിയൂ
Post a Comment