Sunday, August 14, 2011

ഈശാവാസ്യവും ദേവപ്രശ്‌നവും

മനുഷ്യസമത്വവും സാഹോദര്യവും ഉറപ്പു വരുത്താന്‍ ഏറ്റവും നല്ല വിദ്യ എന്താണ്‌? അതിന്‌ ആരെല്ലാം എന്തെല്ലാം ചെയ്യണം? എത്ര കാലം വേണം?

ഈയിടെ ഒരു നമ്പൂതിരി ഇല്ലത്തെ വിവാഹാഘോഷവേളയില്‍ കുറച്ചുപേര്‍ മാറി ഇരുന്ന്‌ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്‌ ഞാന്‍ സാക്ഷിയായി. എല്ലാവരും നമ്പൂതിരിമാര്‍. ഊണിന്‌ അല്‌പംകൂടി താമസമുണ്ട്‌, മറ്റൊന്നും ചെയ്യാനുമില്ല, അപ്പോള്‍ ഒരു ചര്‍ച്ച, അത്രയേ ഉള്ളൂ.

ലോകം നന്നാകാന്‍ എന്തു വേണം എന്ന വിഷയമെടുത്തിട്ടത്‌ ആരെന്നറിയില്ല. `ഈ ആലോചന ഒരു സെമിനാറായിട്ടായിരുന്നൂച്ചാല്‍ യുജിസിയുടെ ഫണ്ട്‌ തരപ്പെടുത്താമായിരുന്നു!' എന്ന ഫലിതം കേട്ടാണ്‌ എന്‍െറ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞത്‌.

`മനുഷ്യരെയോക്കെ നമ്പൂതിരിമാരാക്കിയാല്‍ പോരെ?' എന്ന്‌ മറ്റൊരു ഫലിതം.

`അതിന്‌ ആദ്യം നമ്പൂതിരിമാരെ അതിനു തക്ക മാതൃകകളാക്കിയിട്ടു വേണ്ടെ?'

`അതെത്ര എളുപ്പം! എല്ലാരെയും മാനിഫെസ്‌റ്റൊ പഠിപ്പിച്ചാല്‍ മതി എന്ന്‌ ഏലങ്കുളം പണ്ടേ പറഞ്ഞുതന്നിട്ടുണ്ടല്ലൊ!'

`എന്നിട്ട്‌, അതു പഠിച്ചവരില്‍ മിക്കവരും നന്നായില്ല എന്ന കഥ മറക്കരുത്‌.'

`ആകട്ടെ, വേറെ എന്തു പഠിക്കണമെന്നാണ്‌?'

`വേദം പഠിച്ചാല്‍ പോരാ, തീര്‍ച്ച. അതിലും നല്ലത്‌ ഇന്ത്യന്‍ ശിക്ഷാനിയമം മുതല്‍ ഭരണഘടന വരെ കാണാതെ പഠിച്ച്‌ വക്കീലാവലാണ്‌. വല്ല്യേ കോടതികളില്‍ മില്ല്യനാണത്ര ഫീസ്‌. മുഷിയില്ല!'

`തള്ളയെ കൊന്നവനു വേണ്ടി വാദിക്കാന്‍ പോകുന്നത്‌ നന്നായതിന്‍െറ തെളിവാണോ?'

`എല്ലാരെയും ഒരുപോലെ കാണണമെന്നല്ലെ നീതിവാക്യം?

`കളിതമാശ കളയ! ശ്ശി കാലായീ പലരും ലോകം നന്നാക്കാന്‍ ശ്രമം തുടങ്ങീട്ട്‌. ഇതുവരെ ശരിയായില്ല. അതുകൊണ്ട്‌ ഇനി വെറുമ്പണി വയ്യ. നടപ്പുള്ള കാര്യം വല്ലതും പറയ!'

അപ്പോഴാണ്‌ ആ നിര്‍ദ്ദേശം വന്നത്‌, `എങ്കില്‍ ഈശാവാസ്യം പഠിപ്പിക്കാം.'

`അതുകൊണ്ടെന്താ വിശേഷിച്ച്‌ കാര്യം?'

`അതുകൊണ്ടേ കാര്യം ഉള്ളൂ!'

`ഈശാവാസ്യം ഇത്ര കാലൂം ഉണ്ടായിരുന്നൂലോ, ആര്‍ക്കു വേണെങ്കിലും പഠിക്ക്യേം ആവായിരുന്നു, ഇല്ലെ?'

`അലമാരയില്‍ മരുന്നുണ്ടായാമ്മത്യോ? അത്‌ സേവിപ്പിക്ക്യേം വേണ്ടെ?'

`എന്നാല്‍ തുടങ്ങാം!'

`ഈശാവാസ്യം ഇദം സര്‍വ്വം!'

`അതിന്‍െറ അര്‍ത്‌ഥം എല്ലാവര്‍ക്കും അറിയാം. ഇക്കാണായതൊക്കെ ഈശ്വരന്‍െറ ഇരിപ്പിടം എന്നല്ലെ?'

`അതെ. പക്ഷേ, ഇരിപ്പിടം കണ്ടാല്‍ ആളെ കണ്ടുവോ?'

`അതില്ല!'

`അളെ അറിയാന്‍ എന്തു വേണം?'

`മുന്‍പരിചയം വേണം.'

`ഇവിടെ അതുമില്ലല്ലൊ!'

`ക്ഷമ പരീക്ഷിക്കാതെ കാര്യം എഴുന്നള്ളിക്ക്യ!'

`ആരുടെയാണ്‌ ഈ ധനം എന്നു നോക്കണം.'

`ഏതു ധനം?'

`ഈ പ്രപഞ്ചത്തിലെ എല്ലാ ധനവും ഈശ്വരന്‍െറ എന്ന്‌ മനസ്സിലായാല്‍ ഈശ്വരനെ തിരിച്ചറിയാം.'`അപ്പോള്‍ എല്ലാ ധനവും എല്ലാവരുടെയും ആവില്ലെ? എനിക്കു സ്വന്തമായി ഒന്നും ഇല്ലെന്നും വരും! നല്ല ക്ഷ!'

`അതുകൊണ്ട്‌ പങ്കുവെച്ചു മാത്രം അനുഭവിക്കുക!'

`ഇപ്പോഴും പങ്കുവെച്ചല്ലെ അനുഭവിക്കുന്നത്‌?'

`ആണൊ? പിടിച്ചുപറിച്ചും കൈയിട്ടു വാരിയും ഒക്കെ അല്ലെ?'

`അല്ലാതങ്ങനെ? താന്‍ ഇപ്പൊ ആ മുറുക്കാന്‍ചെല്ലം ആര്‍ക്കും കൊടുക്കാതെ പിടിച്ചു വെച്ചിരിക്ക്‌ണു! എനിക്കൊന്നു മുറുക്കണമെങ്കില്‍ ഞാനത്‌ പിടിച്ചുപറിച്ചല്ലെ പറ്റൂ?'

`അത്‌ ഈശ്വരന്‍െറ ചെല്ലപ്പെട്ടി അല്ലലോ, അയാളുടെ അല്ലെ!' വേറൊരാള്‍ ഇടപെട്ടു.

`അങ്ങനെ ആരും വിചാരിക്കരുത്‌ എന്നാണല്ലൊ ഇയാള്‍ പറേണത്‌?'

`ചെല്ലപ്പെട്ടിയിലെ പിടി വിട്ട്‌ നമ്മക്ക്‌ ശ്രീപത്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിധി പിടിക്കാം!'

`അറിയാമെങ്കില്‍ താന്‍ പറയ!' എന്നൊരു വെല്ലുവിളി ഉയര്‍ന്നു, `ആരുടെയാണ്‌ ആ ധനം?'

`ആരുടെയായാലും ഒരു കാര്യം തീര്‍ച്ചയായാല്‍ മതി എന്നാണ്‌ ഞാന്‍ പറഞ്ഞു വരണത്‌.'

`അതെന്തു കാര്യം?'

`എന്‍െറ അല്ല എന്നുതന്നെ!'

`അതിപ്പൊ തനിക്കും എനിക്കും മാത്രം തീര്‍ച്ചപ്പെട്ടാല്‍ പോരല്ലൊ!'

`പോരാ, എല്ലാവര്‍ക്കും തീര്‍ച്ചപ്പെടണം. ആ നിധി മാത്രമല്ല, ഭൂമിയിലെ എല്ലാ സമ്പത്തും എന്‍െറയല്ല എന്ന്‌ എല്ലാവര്‍ക്കും തീര്‍ച്ചപ്പെടണം.'

`കാര്യം ശരിയാണ്‌, പക്ഷേ, നടപ്പില്ല! ഇതു നടക്കണമെങ്കില്‍ വഴിയില്‍ ഇട്ട ഒരു മാണിക്യം ആരും എടുക്കാതെ അവിടെ എന്നുമെന്നും കിടക്കുന്ന കാലം വരണം!'

`അതെ, അതു വരുത്തണമെന്നാണ്‌ ഞാന്‍ പറയുന്നതും.'

`അക്കാര്യം ദേവപ്രശ്‌നത്തിലൊന്നും തെളിഞ്ഞില്ലല്ലൊ!'

`അതെങ്ങനെ തെളിയും? അത്‌ ഞങ്ങളുടെ അല്ല എന്ന്‌ അവര്‍ക്കുതന്നെ ആദ്യം തീര്‍ത്തും നിശ്ചയമായിട്ടു വേണ്ടെ! ഈശ്വരന്‍െറ പ്രശ്‌നം എന്തെന്ന്‌ ഈശ്വരനല്ലെ അറിയൂ!


*****


ഒറ്റയടിപ്പാതകള്‍ / സി രാധാകൃഷ്‌ണന്‍, കടപ്പാട്: ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മനുഷ്യസമത്വവും സാഹോദര്യവും ഉറപ്പു വരുത്താന്‍ ഏറ്റവും നല്ല വിദ്യ എന്താണ്‌? അതിന്‌ ആരെല്ലാം എന്തെല്ലാം ചെയ്യണം? എത്ര കാലം വേണം?

ഈയിടെ ഒരു നമ്പൂതിരി ഇല്ലത്തെ വിവാഹാഘോഷവേളയില്‍ കുറച്ചുപേര്‍ മാറി ഇരുന്ന്‌ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്‌ ഞാന്‍ സാക്ഷിയായി. എല്ലാവരും നമ്പൂതിരിമാര്‍. ഊണിന്‌ അല്‌പംകൂടി താമസമുണ്ട്‌, മറ്റൊന്നും ചെയ്യാനുമില്ല, അപ്പോള്‍ ഒരു ചര്‍ച്ച, അത്രയേ ഉള്ളൂ.

ലോകം നന്നാകാന്‍ എന്തു വേണം എന്ന വിഷയമെടുത്തിട്ടത്‌ ആരെന്നറിയില്ല. `ഈ ആലോചന ഒരു സെമിനാറായിട്ടായിരുന്നൂച്ചാല്‍ യുജിസിയുടെ ഫണ്ട്‌ തരപ്പെടുത്താമായിരുന്നു!' എന്ന ഫലിതം കേട്ടാണ്‌ എന്‍െറ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞത്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

" `ഈ ആലോചന ഒരു സെമിനാറായിട്ടായിരുന്നൂച്ചാല്‍ യുജിസിയുടെ ഫണ്ട്‌ തരപ്പെടുത്താമായിരുന്നു!'"

വളരെക്കാലം മുന്‍പ്‌ ഞാന്‍ ജോലി ചെയ്ത ഒരു സ്ഥാപനം
കോയമ്പത്തൂരിലെ ഒരു വൈദ്യസ്ഥാപനം

രണ്ടാമത്തെ മാസം ജോലി കഴിഞ്ഞപ്പോള്‍ പാവങ്ങള്‍ക്കു കയ്യില്‍ കാശില്ല എനിക്കു ശമ്പളം തരാന്‍

കുറച്ചു തന്നു ബാക്കി പിന്നീടു തരാം എന്ന് ഒരാശ്വാസനവും.

വിവരം നേരത്തെ അറിയാമായിരുന്നതു കൊണ്ട്‌ (ഇവരുടെ ഈ വിദ്യ ഒരു സുഹൃത്ത്‌ പറഞ്ഞു തന്നു, അത്തരം ചിലരെ അതിനിടയ്ക്ക്‌ പരിചയപ്പെടുകയും ചെയ്തിരുന്നു)

ഞാന്‍ ഒരു റിസെര്‍ചിനുള്ള Project Report എഴുതി തയ്യാറാക്കി മേലാവിനു കൊടുത്തു

എന്തൊരു സന്തോഷം. ഡിസ്‌കഷനു വിളിച്ചു.

ആയുര്‍വേദകോളെജിന്റെ പറിഞ്ഞ കെട്ടിടത്തില്‍ നിന്നു മാറി കോയമ്പത്തൂര്‍ ടൗണില്‍ വീട്‌ എടുക്ക്‌, കുടുംബത്തെ കൊണ്ടുവാ . സാധനം മാറ്റാന്‍ കമ്പനിയുടെ വണ്ടീ എന്താ ന്താ പുകില്‌
കൂട്ടത്തില്‍ ഒരു ബുക്കും തന്നു Gist of Schemes of Central govt aids for projects

ദൈവമെ ഈ കാശെല്ലാം ഈ ജാതി $%#$#% മാര്‍ വെട്ടിക്കുകയാണല്ലൊ

ബാക്കി ശമ്പളം ഉടന്‍ തന്നെ വരുത്തി കയ്യില്‍ തന്നു.
അന്നു രാത്രി സാമാനങ്ങള്‍ കെട്ടിപ്പെറുക്കി വീട്ടിലെത്തി

ഇത്‌ എന്റെ ചരിത്രം അനുഭവങ്ങള്‍ ഏറെ ഉണ്ട്‌