Monday, August 15, 2011

ശ്രീപദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റും വിവാദങ്ങളും

കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ കാലത്തുതന്നെ തുടങ്ങിയ ഒരു എന്‍ഡോവ്‌മെന്റാണ്‌ ശ്രീ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌. കഴിഞ്ഞകൊല്ലത്തിനു മുമ്പുവരെ കൊടുത്തുവന്നിരുന്ന എന്‍ഡോവ്‌മെന്റാണിത്‌. പുരസ്‌കാരം കഴിഞ്ഞുപോയ സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയാണ്‌ തുടരേണ്ടതെന്ന്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ പുതിയ അക്കാദമി ഭാരവാഹികള്‍ നിയമിതരായെങ്കിലും നിര്‍വാഹക സമിതി രൂപീകരിക്കപ്പെട്ടില്ല. എങ്കിലും എന്‍ഡോവ്‌മെന്റ്‌ പിന്‍വലിച്ചത്‌ ഒരു വിവാദമായി മാറിയപ്പോള്‍ സാംസ്‌കാരിക മന്ത്രി എളുപ്പവഴിയില്‍ എന്‍ഡോവ്‌മെന്റ്‌ പുനസ്ഥാപിച്ചു.

അതോടെ ഒരു പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. മുന്‍ അക്കാദമി നിര്‍വാഹക സമിതിയുടെ തീരുമാനം റദ്ദാക്കാന്‍ അധികാരം പിന്നീടു വരുനന നീര്‍വഹകസമിതിക്കുള്ളതാണല്ലോ പുതിയ സമിതി വിരുന്നതുവരെ മന്ത്രി കാത്തിരിക്കണമായിരുന്നു. മന്ത്രിയുടെ അതിരുവിട്ട നടപടി ജനായത്തരീതിയല്ല എന്ന വിമര്‍ശനത്തില്‍ നിന്ന്‌ മുക്തമല്ല.

ഈ ഭരണപരമായ തര്‍ക്കത്തേക്കാള്‍ മുഖ്യമാണ്‌ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ റദ്ദാക്കിയത്‌ ശരിയാണോ എന്ന തര്‍ക്കം. എന്‍ഡോവ്‌മെന്റുകളില്‍ വച്ച്‌ ഏറ്റവും പഴക്കമുള്ളതാണ്‌ ഈ എന്‍ഡോവ്‌മെന്റ്‌. അതിനുവേണ്ട ധനനിക്ഷേപം തിരുവിതാംകൂര്‍ രാജാവാണ്‌ ഏര്‍പ്പെടുത്തിയത്‌. എങ്കിലും അവാര്‍ഡിന്റെ പേര്‌ ശ്രീപദ്‌മനാഭസ്വാമി അവാര്‍ഡ്‌ എന്നാണ്‌, തിരുവിതാംകൂര്‍ രാജപുരസ്‌കാരം എന്നായിരുന്നില്ല.

റദ്ദ്‌ ചെയ്യാന്‍ പഴയ കമ്മിറ്റിയെ പ്രേരിപ്പിച്ചത്‌ ഒരു ഹിന്ദുദേവന്റെ പേരിലുള്ള അവാര്‍ഡ്‌ ഇന്ത്യയുടെ ഭരണഘടന പരിപാലിക്കുന്ന സെക്കുലറിസത്തിന്‌ നിരക്കാത്തതാണ്‌ എന്ന ആലോചനയാണ്‌. ആദ്യകാലത്ത്‌ ഇതൊന്നും ഗൗരവമായി എടുത്തിരുന്നോ എന്ന്‌ സംശയമാണ്‌. അന്നത്തെ നിര്‍വാഹക സമിതിയില്‍ അംഗങ്ങളായിരുന്ന പ്രമുഖരായ തിരുവനന്തപുരത്തെ പണ്ഡിതന്മാര്‍ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ ഒരു ബഹുമതിയായിട്ടായിരിക്കും പരിഗണിച്ചത്‌. പക്ഷേ കാലംമാറി. മുന്‍ അക്കാദമി ഇടതുഗവണ്‍മെന്റിന്റെ കാലത്ത്‌ രൂപംകൊണ്ടതാകയാല്‍ സെക്കുലറിസം തുടങ്ങിയ പുതിയ ചിന്തകള്‍ അക്കാദമിയിലും പ്രതിഫലിച്ചത്‌ സ്വാഭാവികമാണ്‌. പ്രസിഡന്റ്‌ എം മുകുന്ദനും മറ്റ്‌ പല അംഗങ്ങളും ഇടതുപക്ഷക്കാരല്ലായിരുന്നെങ്കിലും അതേ പ്രമേയം അന്ന്‌ അംഗീകരിക്കപ്പെട്ടു.

ആ പുരസ്‌കാര തിരസ്‌കാര തീരുമാനം ഇത്ര പെട്ടെന്ന്‌ മന്ത്രിതലത്തില്‍ പിന്‍വലിക്കേണ്ട അടിയന്തരാവശ്യം ഉണ്ടായിരുന്നില്ല.മാത്രമല്ല, ഈ പിന്‍വലിച്ച തീര്‍പ്പ്‌ ഭാവിയില്‍ അക്കാദമിയെ പല കുഴപ്പങ്ങളിലും വലിച്ചിഴച്ചെന്നും വരാം.

വരാനുള്ളത്‌ വരികതന്നെ ചെയ്യും. കാലം അത്രമാത്രം മതജാതി അന്ധത പൂര്‍ണമാണ്‌. ശ്രീപദ്‌മനാഭസ്വാമിയുടെ പേരില്‍ സാഹിത്യ എന്‍ഡോവ്‌മെന്റ്‌ അക്കാദമിക്ക്‌ സ്വീകരിക്കാമെങ്കില്‍ കന്യാമേരിയുടെയോ സെന്റ്‌ ജോര്‍ജിന്റെയോ അള്ളാഹുവിന്റെ വേറെ വേദങ്ങളിലോ എന്‍ഡോവ്‌മെന്റുകള്‍ വന്നാല്‍ എന്തുചെയ്യും? ശ്രീപദ്‌മനാഭസ്വാമിയുടെ പേരില്‍ ആകാമെങ്കില്‍ അക്കാദമി ഇപ്പറഞ്ഞതെല്ലാം അനുവദിച്ചെന്നുംവരും.

ഇവിടെ രക്ഷ സെക്കുലറിസം മാത്രമാണ്‌. ഗവണ്‍മെന്റിന്റെ സഹായം സ്വീകരിച്ചുകൊണ്ട്‌ നടത്തുന്ന ഒരു സ്ഥാപനത്തിലും മതപരമായ പ്രത്യേക താല്‍പര്യം ഒന്നിലും പ്രതിഫലിക്കാന്‍ പാടില്ലെന്നുള്ള നിയമത്തിന്റെ മുമ്പില്‍ ഈവക മതഭേദവികാരങ്ങള്‍ ദുര്‍ബലമായിത്തീരും. നേരെമറിച്ച്‌ ശ്രീപദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ അസാധുവാക്കിയ അക്കാദമി നടപടി നിലവിലുണ്ടായാല്‍ അതുകൂടെ ചൂണ്ടിക്കാണിച്ചും പുതിയ പക്ഷപാതപരങ്ങളായ നീക്കങ്ങളെ തടയാന്‍ സാധിച്ചേനേ.

ശങ്കരാചാര്യരുടേയോ മദര്‍തെരേസയുടേയോ ഇക്‌ബാലിന്റെയോ പേര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അവിടെ സെക്കുലറിസം സംഹനിക്കപ്പെടില്ല. കാരണം ശങ്കരാചാര്യര്‍ വലിയ ചിന്തകനും മദര്‍തെരേസ പാവങ്ങളുടെ പരിപാലികയും ഇക്‌ബാല്‍ മഹാസാഹിത്യകാരനുമാണ്‌. അവരുടെ മതപരമായ വിശ്വാസങ്ങള്‍ക്ക്‌ ഇവിടെ പ്രസക്തിയില്ല. കാലടിയില്‍ ശങ്കര യൂണിവേഴ്‌സിറ്റിയുണ്ടല്ലോ.

ഇവിടെ ചില സംശയങ്ങള്‍ ജനിച്ചേക്കാം. ശ്രീറാം പോളിടെക്‌നിക്‌, ശ്രീകൃഷ്‌ണ കോളജ്‌, ഗുരുവായൂരപ്പന്‍ കോളജ്‌ തുടങ്ങി പല പേരുകളില്‍ സ്ഥാപനങ്ങള്‍ ഉണ്ടായാലും അവ എതിര്‍ക്കപ്പെട്ടിട്ടില്ല. പിന്നെ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റിനുമാത്രം എന്താണ്‌ തീണ്ടല്‍. സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വന്തം ഇഷ്‌ടമനുസരിച്ച്‌ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക്‌ പേര്‌ നല്‍കുന്നു. സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌, ക്രൈസ്റ്റ്‌ കോളജ്‌ എന്നെല്ലാം സ്ഥാപനങ്ങള്‍ ഉണ്ട്‌. അതുപോലെ പദ്‌മനാഭസ്വാമി കലാലയമാകാം. പക്ഷേ ഒരു ഗവണ്‍മെന്റ്‌ സ്ഥാപനത്തിന്‌ ഈ നാമകരണ സ്വാതന്ത്ര്യമില്ല.

സാഹിത്യ അക്കാദമി പൂര്‍ണമായും ഗവണ്‍മെന്റിന്റെ സൃഷ്‌ടിയാകവേ സെക്കുലറിസ്റ്റ്‌ ഗവണ്‍മെന്റ്‌ പ്രവര്‍ത്തനത്തില്‍ മതപരമായ പ്രത്യേക പക്ഷപാതം കാണിക്കരുതെന്ന ആശയമാണ്‌. മതപരമായ കാര്യത്തില്‍ ഇപ്പോഴും വിശ്വാസികള്‍ക്ക്‌ മതവിരുദ്ധമായ മത്സരബുദ്ധി നടക്കുന്നു. ബാബറി മസ്‌ജിദ്‌ തകര്‍ത്ത്‌ അവിടെ ഒരു ഹിന്ദു ദേവാലയം എന്നോ ഉണ്ടായിരുന്നത്‌ തുടരുന്നു. മുഗള ചക്രവര്‍ത്തിയായ ബാബര്‍ പൊളിച്ച്‌ പള്ളിപണിത്‌ എന്നതിന്റെ പകരം വീട്ടലായിട്ടാണ്‌. നുറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ പ്രതികാര ബുദ്ധി കെട്ടടങ്ങിയില്ല. അതിന്റെ ഓര്‍മ ഇപ്പോഴും കെട്ടടങ്ങാതെ എരിഞ്ഞുകൊണ്ടുനില്‍ക്കുന്നു.

കേരളത്തില്‍ തന്നെ ധാരാളം ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ ഇനിയും ഉണ്ടാകാം. നിസാരകാരണംമതി.

നിലയ്‌ക്കല്‍ സംഭവം നാളേറെയായിട്ടില്ല. അവിടെ ഒരു കുരിശുകണ്ടെന്നും ആ സ്ഥലത്ത്‌ ഒരു ക്രൈസ്‌തവ ദേവാലയം പണിയുമെന്നും അറിഞ്ഞതോടെ ഹൈന്ദവ സംഘടനകള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തിറങ്ങി. ഭാഗ്യത്തിന്‌ അത്‌ ആളിപ്പടരുന്നതിനു മുമ്പ്‌ സമാധാനപ്രവര്‍ത്തനങ്ങള്‍ വിജയിച്ചു.

അതുകൊണ്ട്‌ കേരള ഗവണ്‍മെന്റിന്റെ അധികാരം ഉപയോഗിച്ച്‌ രൂപംകൊണ്ട സാഹിത്യ അക്കാദമി മതപരമായ സ്വഭാവമുള്ള- അതും, ഒരു ക്ഷേത്രത്തിലെ പ്രതിഷ്‌ഠയുടെ മാത്രം പേരിലുള്ള ദൈവനാമത്തില്‍ ഈ സാഹിത്യ പുരസ്‌കാരം നല്‍കുന്നതിനും ആവശ്യമായ ധനനിക്ഷേപം (എന്‍ഡോവ്‌മെന്റ്‌) സ്വീകരിക്കുന്നതും മതതുല്യത അംഗീകരിച്ച്‌, നമ്മുടെ നാട്ടില്‍ അനുവദിക്കാനാവില്ല.

നേരത്തെയുള്ള അക്കാദമി എക്‌സിക്യൂട്ടീവുകാര്‍ ഈ വിഷയം പതിവിന്‍പടി തുടര്‍ന്നുവന്നത്‌ കഴിഞ്ഞ തവണയാണ്‌ ചോദ്യം ചെയ്യപ്പെട്ടത്‌. അതിന്റെ ന്യായീകരണം തള്ളിക്കളയാവുന്നതല്ല.

അതിനാല്‍ ആ തീരുമാനം ദുര്‍ബലപ്പെടുത്തി പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ തുടരണമെന്ന സാംസ്‌കാരിക മന്ത്രിയുടെ നിശ്ചയം ഭരണമര്യാദയെ നീതീകരിക്കാതെയായതുകൊണ്ട്‌ പ്രത്യേകിച്ചും തീര്‍ത്തും തെറ്റായില്ലേയെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഈ പ്രശ്‌നത്തിന്റെ നാനാവശങ്ങള്‍ പരിശോധിച്ചുകൊണ്ട്‌ പുതിയ അക്കാദമി എന്‍ഡോവ്‌മെന്റില്‍ ഒരു പുതുതീര്‍പ്പ്‌ എടുക്കുന്നതായിരിക്കും ഉചിതം. സെക്കുലറിസം എന്ന വസ്‌തുതയ്‌ക്ക്‌ വേണ്ട പരിഗണന കൊടുത്തില്ലെങ്കില്‍ സംഗതി ഇനിയും കുഴഞ്ഞുവെന്ന്‌ വരും.

ഭരണഘടന ലംഘനമാണ്‌ പദ്‌മനാഭസ്വാമി എന്‍ഡോവ്‌മെന്റ്‌ എന്ന പേരില്‍ അതിനെ പുനഃസ്ഥാപിച്ച നടപടി. കോടതിയില്‍ അത്‌ ചോദ്യം ചെയ്യപ്പെപ്പെട്ടുകൂടായ്‌കയില്ല.

*****

ദര്‍ശനം/സുകുമാര്‍ അഴീക്കോട്‌, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...