Thursday, August 4, 2011

ദരിദ്രരെ പിഴിഞ്ഞ് ധനികരെ കൊഴുപ്പിക്കുന്നു

ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ മിശ്ര സമ്പദ്‌വ്യവസ്ഥയെന്ന ആശയം നടപ്പാക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ജനതയെ പ്രത്യേകിച്ച് ദരിദ്രലക്ഷങ്ങളെ വികലമായ വിപണിക്രമത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കാനാണ് ഈ ശ്രമം തുടങ്ങിയത്. സ്റ്റേറ്റിനും പൊതുമേഖലയ്ക്കും ഒരു നിര്‍ണായകമായ പങ്കാണ് നെഹ്‌റു നല്‍കിയത്. സ്വത്തിന്റെയും വരുമാനത്തിന്റെയും വിതരണം നീതിയുക്തമാക്കുന്ന ബാധ്യത സ്റ്റേറ്റ് ഏറ്റെടുത്തു. പക്ഷെ കുറേ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയ്ക്ക് നെഹ്‌റുവും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നഷ്ടപ്പെട്ടു. ക്രമേണ വിപണിശക്തികളെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞു. 1991 ആയതോടുകൂടി മൂലധന-വിപണി-ശക്തികളുടെ ആധിപത്യം വ്യക്തമായി. ഇത് സാവധാനം ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രസമൂഹത്തെയും സ്വാധീനിച്ചു. ഒരു ചെറിയ ഉദാഹരണം നോക്കാം. വിലകുറഞ്ഞ അഥവാ വിലകുറച്ച അമേരിക്കന്‍ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥിസമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അവയിലെ ആശയങ്ങള്‍ ഈ സമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍ ആഴ്ന്നിറങ്ങി. Otto Eikstein രചിച്ച Public Finance എന്ന ചെറു പുസ്തകം സര്‍വകലാശാലകളിലെ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികള്‍ പഠിക്കാന്‍ നിര്‍ബന്ധിതരായി. ആ ഗ്രന്ഥത്തില്‍ ആദ്യ അധ്യായം തുടങ്ങുന്നത് ഇങ്ങിനെയാണ്. ''നമ്മുടേത് ഒരു സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയാണ്''. ഇന്ത്യയിലെ മിശ്ര സമ്പദ്‌വ്യവസ്ഥ, പൊതുമേഖലാ വികസനം ദാരിദ്ര്യനിര്‍മാര്‍ജനം, ശാസ്ത്രീയ സോഷ്യലിസം എന്നിവ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ വിദ്യാര്‍ഥികളോട് നമ്മുടേത് ഒരു സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയാണ്'' എന്ന് പറയേണ്ട ഗതികേടാണ് അക്കാലത്ത് ഉണ്ടായത്.

എന്നാല്‍ നവ ലിബറല്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തമായി സ്വീകരിച്ചിരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ വിപണിക്രമത്തിന്റെ സ്തുതിപാഠകര്‍ക്കാണ് മുന്‍കൈയ്യ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി, ദേശീയ ആസൂത്രണ കമ്മിഷന്‍, കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക്, ധനകാര്യവകുപ്പ് എന്നിവയൊക്കെ നിയന്ത്രിക്കുന്നത് വിപണിക്രമത്തിന്റെ വക്താക്കളാണ്. ഇന്ത്യയുടെ ഓരോ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും വിപണിക്രമം നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഈയിടക്ക് “Cutting Corners” എന്ന ലേഖനത്തില്‍ പ്രഫ. അശോക് മിത്ര പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുക. ഇന്ത്യയില്‍ ''ഇന്ന് നിലനില്‍ക്കുന്ന രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ടത് വിലകള്‍ വീണ്ടും ഉയര്‍ത്തുകയാണ്'' എന്ന ആസൂത്രണക്കമ്മിഷന്റെ കണ്ടെത്തലുകളക്കുറിച്ചാണ് അശോക് മിത്ര ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. ഏത് വിപണിസിദ്ധാന്തമാണ് ഇതിന്റെ പിറകില്‍? 50 വര്‍ഷം മുമ്പ് ഒരു അമേരിക്കന്‍ പട്ടാള ജനറല്‍ പറഞ്ഞത് ഇതാണ്. ''വിയറ്റ്‌നാമിനെ രക്ഷിക്കണമെങ്കില്‍ ആദ്യം വിയറ്റ്‌നാമിനെ നശിപ്പിക്കുക''.

ആസൂത്രണക്കമ്മിഷന്‍ മേധാവി മൊണ്‍ടേക്ക് വിപണിസിദ്ധാന്തം മുറുകെ പിടിക്കുന്ന ആളാണ്. വില കൂടിയാല്‍ അല്ലെങ്കില്‍ കൂട്ടിയാല്‍ ചരക്കുകളുടെ ഡിമാന്‍ഡ് കുറയും. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില ഘട്ടം ഘട്ടമായി ഉയര്‍ത്തിയാല്‍ മറ്റ് ചരക്കുകള്‍ക്ക് ചെലവാക്കുന്ന തുക കുറയും. അവയ്ക്കുള്ള ഡിമാന്‍ഡും കുറയും. വിപണിക്രമത്തില്‍ ഈ ചരക്കുകളുടെ വില സാവധാനം കുറയും! മണ്ണെണ്ണയുടെ വില ഉയര്‍ത്തിയാല്‍ ബി പി എല്‍ കുടുംബങ്ങള്‍ ആഹാരം പാകം ചെയ്യാന്‍ അത് വാങ്ങിയേ പറ്റൂ. പക്ഷേ രണ്ടറ്റം തൊടീക്കാന്‍ അവര്‍ മറ്റ് ചരക്കുകള്‍ക്കുള്ള ഡിമാന്‍ഡ് കുറയ്ക്കും. ഇത് ചിലപ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെ ഡിമാന്‍ഡും കുറച്ചേയ്ക്കും. ഇതിന്റെയൊക്കെ ഫലമായി വിലക്കയറ്റം നിയന്ത്രിക്കാം!! വിലക്കയറ്റത്തിന്റെ ഫലമായി ഭക്ഷണം വെട്ടിക്കുറയ്ക്കുന്ന ബി പി എല്‍ കുടുംബം കൂടുതല്‍ പട്ടിണിയിലാകും. പോഷക ദാരിദ്ര്യം വര്‍ധിക്കും. പട്ടിണി മരണങ്ങള്‍ വ്യാപകമാകും. അതിന്റെ ഫലമായി ബി പി എല്‍ കുടുംബങ്ങളുടെ എണ്ണത്തില്‍ ഗണ്യമായി കുറവ് വരും!! ദാരിദ്ര്യനിര്‍മാര്‍ജനത്തിന് അമേരിക്കന്‍ ജനറലിന്റെ ആശയം കടമെടുത്ത് ദരിദ്രരെ കൊല്ലുകയോ വേഗം മരിക്കാനുള്ള അവസരം നല്‍കുകയോ ആണ് ഉചിതമെന്ന് വിപണിക്രമത്തിന്റെ വിശ്വാസികള്‍ വാദിക്കുന്നു.

എന്നാല്‍ അവര്‍ ഒരു കാര്യം വിസ്മരിക്കുന്നു. വിലവര്‍ധനവ് കാരണം മണ്ണെണ്ണയുടെ ഉപഭോഗം കുറഞ്ഞേക്കാം. ഉയര്‍ന്നവില നല്‍കുന്ന ദരിദ്രരുടെ പണം എണ്ണക്കമ്പനികള്‍ കൈക്കലാക്കുന്നു. അവയുടെ ലാഭം വര്‍ധിക്കുന്നു. ഇത് മറ്റ് മേഖലകളിലെ ചരക്കുകളിലും സേവനങ്ങളിലും സമ്മര്‍ദം ചെലുത്തുന്നു. ധാന്യവിപണിയില്‍ ഉണ്ടാകുന്ന സമ്മര്‍ദത്തെ തുടര്‍ന്ന് കര്‍ഷകന്റെ സമ്പാദ്യം കുറയുന്നു. ഒരുവശത്ത് ധാന്യഗോഡൗണുകളില്‍ ധാന്യശേഖരം കുമിഞ്ഞു കൂടുന്നു. മറുവശത്ത് ഒരു നേരത്തെ വിശപ്പടക്കാനാകാതെ പട്ടിണി മരണങ്ങള്‍ വര്‍ധിക്കുന്നു. വിലക്കയറ്റം ഇന്ന് ഒരു class instrument ആണ്. വിലക്കയറ്റം ദരിദ്രരില്‍ നിന്നും സമ്പത്തിനെ ധനികരിലേയ്ക്ക് തിരിച്ച് വിടുന്നു. അശോക് മിത്രയുടെ ഭാഷയില്‍ “Plunder the poor to augment the wealth of the rich. ദരിദ്രരെ പിഴിഞ്ഞ് ധനികരെ കൊഴുപ്പിക്കുക''.

വര്‍ഗയുദ്ധം തുടങ്ങി. വിപണിക്രമത്തിന്റെ തത്വങ്ങളെ ആധാരമാക്കി, മറയാക്കി, ധനികവര്‍ഗം, ദരിദ്രവര്‍ഗത്തെ ഉന്‍മൂലനം വരുത്താന്‍ സജ്ജമായിക്കഴിഞ്ഞു. ഭീമമായ വിലക്കയറ്റം നിലനിര്‍ത്തി ദരിദ്രരെ ഇല്ലാതാക്കുന്ന തന്ത്രമാണ് ഇന്ത്യയിലെ ഭരണകൂടം എടുത്തിട്ടുള്ളത്. വികലമായ വിപണിക്രമത്തിന്റെ അടിമകളായി ഇന്ത്യന്‍ ജനത അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ ജനയുഗം 04 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നവ ലിബറല്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തമായി സ്വീകരിച്ചിരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ വിപണിക്രമത്തിന്റെ സ്തുതിപാഠകര്‍ക്കാണ് മുന്‍കൈയ്യ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി, ദേശീയ ആസൂത്രണ കമ്മിഷന്‍, കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക്, ധനകാര്യവകുപ്പ് എന്നിവയൊക്കെ നിയന്ത്രിക്കുന്നത് വിപണിക്രമത്തിന്റെ വക്താക്കളാണ്. ഇന്ത്യയുടെ ഓരോ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും വിപണിക്രമം നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഈയിടക്ക് “Cutting Corners” എന്ന ലേഖനത്തില്‍ പ്രഫ. അശോക് മിത്ര പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുക. ഇന്ത്യയില്‍ ''ഇന്ന് നിലനില്‍ക്കുന്ന രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ടത് വിലകള്‍ വീണ്ടും ഉയര്‍ത്തുകയാണ്'' എന്ന ആസൂത്രണക്കമ്മിഷന്റെ കണ്ടെത്തലുകളക്കുറിച്ചാണ് അശോക് മിത്ര ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. ഏത് വിപണിസിദ്ധാന്തമാണ് ഇതിന്റെ പിറകില്‍? 50 വര്‍ഷം മുമ്പ് ഒരു അമേരിക്കന്‍ പട്ടാള ജനറല്‍ പറഞ്ഞത് ഇതാണ്. ''വിയറ്റ്‌നാമിനെ രക്ഷിക്കണമെങ്കില്‍ ആദ്യം വിയറ്റ്‌നാമിനെ നശിപ്പിക്കുക''.