Monday, August 22, 2011

വില കുതിക്കുന്നു സര്‍ക്കാര്‍ ഉറങ്ങുന്നു

പതിനാല്, പതിനഞ്ച് ലോക്സഭാ സമ്മേളനങ്ങളില്‍ ചുരുങ്ങിയത് പതിനഞ്ചു തവണയെങ്കിലും വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ , ഈ ചര്‍ച്ചകള്‍കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നു മാത്രമല്ല വില കുതിച്ചുകയറുകയാണ്. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭക്ഷ്യസാധനങ്ങളുടെ വിലനിലവാരം രണ്ടക്കത്തിലെത്തിക്കഴിഞ്ഞു. പയര്‍വര്‍ഗങ്ങള്‍ , പച്ചക്കറി, പഞ്ചസാര, പാചക വാതകം, മണ്ണെണ്ണ തുടങ്ങിയവയുടെ വില രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിച്ചു. പെട്രോളിനും ഡീസലിനും ഒരു ന്യായീകരണവുമില്ലാതെ വില കൂട്ടുകയാണ്. 2009ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നൂറുദിവസംകൊണ്ട് നിയന്ത്രിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ , പ്രഖ്യാപനം കടലാസിലൊതുങ്ങി.

2010 മെയ് 24ന് പ്രധാനമന്ത്രി പറഞ്ഞത്, "വിലക്കയറ്റം ഒരു പ്രധാനപ്പെട്ട പ്രശ്നമായി പരിഹരിക്കാതെ കിടക്കുന്നു. ഇതൊരു ഗൗരവമായ വിഷയംതന്നെയാണ്" എന്നാണ്. 2010 ജൂണ്‍ ഒന്നിന് പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും നടത്തിയ സംയുക്ത പ്രസ്താവനയിലും 2010 ഡിസംബറില്‍ സംയുക്ത പാര്‍ലമെന്ററി സമ്മേളനത്തില്‍ രാഷ്ട്രപതിയും വിലക്കയറ്റം തടയേണ്ടതിനെക്കുറിച്ച് വാചാലരായി. മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രഖ്യാപനങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. എന്നാല്‍ , വില കൂടുകയല്ലാതെ കുറഞ്ഞില്ല. രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരാണ് യുപിഎ സര്‍ക്കാരിന്റെ വികല നയങ്ങള്‍മൂലം ദുരിതമനുഭവിക്കുന്നത്. പാവപ്പെട്ടവരുടെമേല്‍ അനുദിനം അധികഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. പാവപ്പെട്ടവരുടെ ജീവിതപ്രയാസങ്ങളെക്കുറിച്ച് വ്യക്തമായ കണക്ക് സര്‍ക്കാരിന്റെ കൈയിലുണ്ടോ എന്നുപോലും സംശയമാണ്.

പ്ലാനിങ് കമീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് ഗ്രാമീണമേഖലയിലെ ബിപിഎല്‍ ജനസംഖ്യ 28.3 ശതമാനമാണ് (2005ല്‍). എന്നാല്‍ ഡോ. സക്സേന കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 50 ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തെ ആസ്പദമാക്കിയുള്ളതാണ് ഈ കണക്ക്. ടെണ്ടുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് 37.2 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നു. 2009ലെ കണക്കനുസരിച്ച് ഇത് 42 കോടിയോളം വരും. അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് 77 ശതമാനം ജനങ്ങളുടെ ദിവസവരുമാനം ഇരുപതു രൂപയില്‍ താഴെയാണ്. യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ ഈ സ്ഥിതിയിലെത്തിച്ചത്.

വിലക്കയറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. അവ വിശകലനംചെയ്ത് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിലക്കയറ്റത്തിനുള്ള പ്രധാന കാരണം തെറ്റായ സാമ്പത്തിക നയങ്ങളും വ്യക്തമായ കാഴ്ചപ്പാടില്ലായ്മയുമാണ്. കമ്പോളത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുന്നത് വിലക്കയറ്റത്തിനുള്ള കാരണങ്ങളിലൊന്നാണ്. മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നത് ഊഹക്കച്ചവടക്കാരായി മാറുന്നു. ഇന്ത്യയില്‍ ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ കമ്മോഡിറ്റി എക്സ്ചേഞ്ചുകളാണുള്ളത്. ദേശീയ കമ്മോഡിറ്റി എക്സ്ചേഞ്ചും(എന്‍സിഡിഇഎക്സ്) മള്‍ട്ടികമ്മോഡിറ്റി എക്സ്ചേഞ്ചുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും എന്‍സിഡിഇഎക്സ് വഴിയാണ് കച്ചവടംചെയ്യുന്നത്. 2009ലെ കണക്കനുസരിച്ച് 1,84,224 കോടി രൂപയൂടെ കച്ചവടം നടന്നിട്ടുണ്ട്. എന്നാല്‍ , യഥാര്‍ഥത്തില്‍ ചരക്ക് കൈമാറ്റം നടന്നത് 3591 കോടിയുടേത് മാത്രമാണ്. അതായത് ആകെ നടന്ന കച്ചവടത്തിന്റെ 0.33 ശതമാനംമാത്രം. കൃത്രിമമായ കണക്കുകളും കൈമാറ്റങ്ങളുമുണ്ടാക്കി ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കൈമാറ്റങ്ങളില്‍ 99 ശതമാനവും ഊഹക്കച്ചവടവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ഊഹക്കച്ചവടം തടയാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാനാകൂ.
അതോടൊപ്പം ഭക്ഷ്യസാധനങ്ങളെ, ഊഹക്കച്ചവടം ചെയ്യുന്ന കമ്മോഡിറ്റി എക്സ്ചേഞ്ചുകളുടെ ലിസ്റ്റില്‍നിന്ന് മാറ്റുകയും വേണം. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ശക്തമാക്കിയാല്‍ വിലക്കയറ്റം തടയാന്‍ കഴിയും. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതില്‍ കേന്ദ്രം ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. വേണ്ടത്ര ഭക്ഷ്യധാന്യം സര്‍ക്കാരിന്റെ കൈയിലുണ്ടെന്നാണ് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രഖ്യാപിക്കുന്നത്. ഭക്ഷ്യധാന്യക്കൂമ്പാരമുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ത്തന്നെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെയാണ് നാം കാണുന്നത്. 58,000 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഗോഡൗണില്‍ കിടന്നു നശിക്കുകയാണ്. ഇത് സുപ്രീം കോടതിയുടെവരെ വിമര്‍ശത്തിനിടയാക്കി. 2010 ഏപ്രിലിലെ കണക്കനുസരിച്ച് 183 ലക്ഷം ടണ്‍ ഗോതമ്പാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 80 ലക്ഷം ടണ്‍ ഗോതമ്പ് സുരക്ഷാ സൗകര്യമില്ലാത്തതിനാല്‍ നശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇത് സൂചിപ്പിക്കുന്നത് ഭക്ഷ്യധാന്യമുണ്ടായാല്‍പ്പോലും അത് സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ പാടെ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ്. സംസ്ഥാനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള അജന്‍ഡതന്നെ കേന്ദ്രസര്‍ക്കാരിനില്ല. സ്വകാര്യ കമ്പോളത്തെ സഹായിക്കാനുള്ള സമീപനത്തിന്റെ ഭാഗമാണിത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചു. പെട്രോളിന് ചുരുങ്ങിയത് 15 പ്രാവശ്യവും ഡീസലിന് 11 പ്രാവശ്യവും വില വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില 33 മുതല്‍ 55 ശതമാനം വരെ കൂടി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചാല്‍ എല്ലാ അവശ്യവസ്തുക്കളുടെയും വില കൂടും. ആഗോള വിപണിയിലെ വില വര്‍ധിപ്പിച്ചതുകൊണ്ടാണ് ഇവിടെയും വില കൂട്ടുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ല. ഇന്ത്യയെപ്പോലെ മറ്റ് രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. യഥാര്‍ഥത്തില്‍ ഇന്ധനത്തിന്റെ വിലവര്‍ധനയില്‍ 50 ശതമാനത്തിലേറെയും വിവിധതരത്തിലുള്ള നികുതികളാണ്. പെട്രോളിന്റെ നികുതി 58.37 ശതമാനവും ഡീസലിന്റേത് 37.75 ശതമാനവും മണ്ണെണ്ണയുടേത് 12.73 ശതമാനവും പാചകവാതകത്തിന്റേത് 345.35 ശതമാനവുമാണ്. അവശ്യവസ്തു എന്ന നിലയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ കാര്യമായ കുറവ് വരുത്തിയും പ്രത്യക്ഷ നികുതി വര്‍ധിപ്പിച്ചും നഷ്ടം നികത്താനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പതിനാലാം ലോക്സഭയുടെ കാലത്ത് 42,000 കോടി രൂപ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേല്‍ ചുമത്തിയ നികുതിയുടെ ഭാഗമായിമാത്രം കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണയിക്കാനുള്ള പൂര്‍ണ അധികാരം നല്‍കിയത്. സ്വകാര്യ കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും ലാഭം കുമിഞ്ഞുകൂടുന്നത് കാണാം.

പ്രധാനമന്ത്രിയും ധനമന്ത്രിയും പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയയും ഉള്‍പ്പെടെയുള്ള ചില സാമ്പത്തിക വിദഗ്ധന്‍മാര്‍ ഇന്ത്യക്ക് മെച്ചപ്പെട്ട വളര്‍ച്ചനിരക്കുള്ളതുകൊണ്ടാണ് വിലക്കയറ്റം ഉണ്ടാകുന്നത് എന്ന പുതിയ സാമ്പത്തിക സിദ്ധാന്തം മുന്നോട്ടുവച്ചു. പ്രധാനമന്ത്രി പറഞ്ഞത് വളര്‍ച്ച വേണമെങ്കില്‍ വിലക്കയറ്റത്തെ അഭിമുഖീകരിക്കണമെന്നാണ്. എന്നാല്‍ , ഈ വാദഗതിക്ക് അടിസ്ഥാനമില്ലെന്ന് നിരവധി രാജ്യങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയുടെ വളര്‍ച്ചനിരക്ക് 9.5 ശതമാനമാണെങ്കില്‍ വിലക്കയറ്റം കേവലം 3 ശതമാനംമാത്രം. ഭക്ഷ്യസാധനങ്ങളുടെ വില ഒരു ശതമാനത്തില്‍ താഴെയാണ്. ബ്രസീല്‍ , റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മെച്ചപ്പെട്ട വളര്‍ച്ചനിരക്കുള്ളപ്പോള്‍ വിലക്കയറ്റം പരിമിതംമാത്രമാണ്. ചൈന- 2.07, അമേരിക്ക-2.6, ദക്ഷിണകൊറിയ - 2.07, യൂറോപ്പ് - 0.9, ഹോങ്കോങ് -1.0, തായ്വാന്‍ - 2.4, മലേഷ്യ - 1.3, സിംഗപ്പുര്‍ -0.2, ഇന്ത്യ -9.6. സര്‍ക്കാര്‍ എടുക്കുന്ന ഭരണപരമായ നടപടിതന്നെയാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. വളര്‍ച്ചനിരക്ക് ചൂണ്ടിക്കാട്ടി അതിനെ ലഘൂകരിക്കാനാകില്ല.

പൂഴ്ത്തിവയ്പും കളളപ്പണവും കൃത്രിമമായ വിലക്കയറ്റമുണ്ടാക്കുന്നു. പൂഴ്ത്തിവയ്പിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. കളളപ്പണം മറ്റൊരു സമാന്തര സാമ്പത്തികമേഖലയായി വളര്‍ന്നുകഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ച കളളപ്പണത്തിന്റെ കണക്കുപോലും സര്‍ക്കാരിന് പറയാന്‍ കഴിയുന്നില്ല. അത് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിയുമെടുക്കുന്നില്ല. വിദേശത്തെ കള്ളപ്പണം 94 ലക്ഷം കോടി രൂപവരെ വരുമെന്നാണ് ചില അനൗദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വിലവര്‍ധനയില്‍ ഏറ്റവും അധികം പ്രയാസപ്പെടുന്നത് കൃഷിക്കാരാണ്. ഒരു ഭാഗത്ത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. മറുഭാഗത്താകട്ടെ വളം ഉള്‍പ്പെടെയുള്ള അസംസ്കൃത സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി വെട്ടിക്കുറച്ചതോടെ ഇത് രൂക്ഷമാകും. കൃഷിക്കും കാര്‍ഷികമേഖലയുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പണം ചെലവഴിച്ചെങ്കില്‍മാത്രമേ പരിമിതമായ സംരക്ഷണമെങ്കിലും ലഭിക്കൂ. അഴിമതി കൊടികുത്തി വാഴുന്ന നമ്മുടെ രാജ്യത്ത് സാര്‍വത്രിക പൊതുവിതരണ ശൃംഖല നടപ്പാക്കാന്‍ പണമില്ലെന്ന വാദത്തിന് ഒരര്‍ഥവുമില്ല. 2ജി സ്പെക്ട്രം കേസില്‍മാത്രം 1.76 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ഇതില്‍ പകുതി സംഖ്യപോലും വേണ്ട ഇന്ത്യയിലാകെ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ . ഇതിന്റെ മൂന്നിലൊരു ഭാഗംമതി വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരുത്താന്‍ .

2004ല്‍ ശതകോടീശ്വരന്മാര്‍ ഒമ്പതായിരുന്നെങ്കില്‍ ഇന്ന് 55 ആയി. അഴിമതിക്കേസുകളുടെ നീണ്ട നിരയാണ് രാജ്യം കാണുന്നത്. ഇതാണ് മന്‍മോഹന്‍ സിങ് പറയുന്ന തിളങ്ങുന്ന ഇന്ത്യയെങ്കില്‍ മറ്റൊരു ചിത്രംകൂടി നമ്മുടെ മുന്നിലുണ്ട്. ജനസംഖ്യയില്‍ 77 ശതമാനത്തോളം പേരുടെ ദിവസവരുമാനം 20 രൂപയില്‍ താഴെയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. 56 ശതമാനം സ്ത്രീകള്‍ പോഷകാഹാരക്കുറവ് മൂലം പ്രയാസപ്പെടുന്നു. ആദിവാസിമേഖലയിലെ കുട്ടികളില്‍ വിദ്യാഭ്യാസരംഗത്ത് 63 ശതമാനവും കൊഴിഞ്ഞുപോകുന്നത് പരിഹരിക്കപ്പെട്ടിട്ടില്ല. 90 ജില്ലയിലും 370 ലോക്സഭാ മണ്ഡലങ്ങളിലും മുസ്ലിം ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരമദയനീയമാണെന്ന് സച്ചാര്‍ കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് തകര്‍ച്ചയെ നേരിടുന്ന കരയുന്ന ഇന്ത്യയുടെ ചിത്രം. ഇവരുടെമേലാണ് ഭരണാധികാരികള്‍ വിലക്കയറ്റത്തിന്റെ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്.

*
പി കരുണാകരന്‍ ദേശാഭിമാനി 22 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പതിനാല്, പതിനഞ്ച് ലോക്സഭാ സമ്മേളനങ്ങളില്‍ ചുരുങ്ങിയത് പതിനഞ്ചു തവണയെങ്കിലും വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ , ഈ ചര്‍ച്ചകള്‍കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നു മാത്രമല്ല വില കുതിച്ചുകയറുകയാണ്. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭക്ഷ്യസാധനങ്ങളുടെ വിലനിലവാരം രണ്ടക്കത്തിലെത്തിക്കഴിഞ്ഞു. പയര്‍വര്‍ഗങ്ങള്‍ , പച്ചക്കറി, പഞ്ചസാര, പാചക വാതകം, മണ്ണെണ്ണ തുടങ്ങിയവയുടെ വില രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിച്ചു. പെട്രോളിനും ഡീസലിനും ഒരു ന്യായീകരണവുമില്ലാതെ വില കൂട്ടുകയാണ്. 2009ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നൂറുദിവസംകൊണ്ട് നിയന്ത്രിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ , പ്രഖ്യാപനം കടലാസിലൊതുങ്ങി.