Monday, August 1, 2011

ചെറിയ സിനിമ വലിയ പ്രതിരോധം

നിയാംഗിരി ഒറീസയിലെ മലനിരകളാണ്. ദോംഗ്രിയ ജനവിഭാഗത്തിന്റെ വാസസ്ഥലം. 2006ല്‍ ബ്രിട്ടീഷ് മൈനിങ് കമ്പനിയായ വേദാന്ത മലകയറിവന്നപ്പോള്‍ അത് മറ്റൊരു സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാകുകയായിരുന്നു. ബോക്സൈറ്റ് ഖനനത്തിനായി വേദാന്ത സ്ഥാപിച്ച റിഫൈനറികള്‍ തങ്ങളുടെ ദൈവമായ നിയാംരാജയുടെ അധിവാസസ്ഥാനം ഇല്ലാതാക്കിക്കളയുമെന്ന് തിരിച്ചറിഞ്ഞ ദോംഗ്രിയ വിഭാഗക്കാര്‍ അതിജീവനത്തിന്റെ പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ചു.

മലയാളിയായ സുമ ജോസന്‍ സംവിധാനംചെയ്ത "നിയാംഗിരി, നീ ഇപ്പൊഴും ജീവിക്കുന്നു" എന്ന ഡോക്യുമെന്ററിയിലൂടെ ബഹുരാഷ്ട്രകുത്തക കമ്പനിക്കെതിരായി ഒരു ചെറുസമൂഹം നടത്തിയ വലിയ പ്രതിരോധത്തിന്റെ കഥയാണ് പറയുന്നത്. നാലാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നത് മേളയുടെ രാഷ്ട്രീയവും സാമൂഹ്യവുമായ നിലപാടുകളെത്തന്നെയാണ് വെളിവാക്കുന്നത്. ജൂലൈ 31 മുതല്‍ ആഗസ്ത് നാലുവരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 184 ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

വ്യവസ്ഥാപിത സിനിമാ വ്യവസായത്തിന്റെ ഗ്ലാമറില്‍നിന്ന് അകന്ന് വ്യക്തികളുടെയും ചെറുകൂട്ടായ്മയുടെയും ആവിഷ്കാരവും പ്രതിനിധാനവും നിര്‍വഹിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്തമാണ് ചെറിയ ചലച്ചിത്രങ്ങളും ചലച്ചിത്രമേളകളും നിര്‍വഹിക്കുന്നത്. "2008ല്‍ ഇത്തരമൊരു ചലിച്ചിത്രമേളയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അതെത്രമാത്രം വിജയിക്കും എന്ന് സംശയമുണ്ടായിരുന്നു. മൂന്നാംവര്‍ഷത്തില്‍ എത്തിയപ്പോഴേക്കും മേളയുടെ പങ്കാളിത്തം അമ്പരിപ്പിക്കുന്നു. വീഡിയോ സാങ്കേതികവിദ്യയുടെ ചെലവുകുറഞ്ഞതും ജനകീയമായതും ആവിഷ്കാരത്തിനുള്ള കൂടുതല്‍ അവസരം പുതുതലമുറയ്ക്ക് നല്‍കി എന്നതാണ് ഇത് സൂചിപ്പിക്കുന്നത്." അന്തരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ വേണുഗോപാല്‍ പറഞ്ഞു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷികപരിഷ്കരണത്തിന്റെ ഇന്ത്യന്‍ അവസ്ഥ ചിത്രീകരിക്കുന്ന കെ ആര്‍ മനോജിന്റെ എ പെസ്റ്ററിങ് ജേര്‍ണി, കാശ്മീര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ദേശീയതയെയും കശ്മീരിയുടെ സ്വത്വത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തുന്ന അജയ് റെയ്നയുടെ ബിറ്റ്വീന്‍ ബോര്‍ഡര്‍ ആന്‍ഡ് ദ ഫെന്‍സ്, ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ "പ്രത്യുല്‍പ്പാദന വിനോദസഞ്ചാര"ത്തിന്റെ വാണിജ്യസാധ്യത അവതരിപ്പിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ, ദയാബായിയുടെ കഥപറയുന്ന മലയാളിയായ ഷൈനി ജേക്കബ് ബെഞ്ചമിന്റെ "ഒറ്റയാള്‍" തുടങ്ങിയവ ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലെ നാരായണിയെത്തേടി നടത്തുന്ന യാത്രയാണ് സജിന്‍ പി ജെ സംവിധാനംചെയ്ത "ഇന്‍ സേര്‍ച്ച് ഓഫ് നാരായണി". ഒ വി വിജയന്റെ ജീവിതം അവതരിപ്പിക്കുന്ന "ചിദാകാശത്തിലെ വചനസൂര്യന്‍" 2002ല്‍ ഗുജറാത്തില്‍ വര്‍ഗീയകലാപത്തെ ചെറുത്ത നാപ എന്ന കൊച്ചുഗ്രാമത്തിന്റെ കഥപറയുന്ന ടെയ്ല്‍സ് ഫ്രം നാപ, മുസ്ലിംസ്ത്രീകളുടെ പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ടോക്കിങ് ഹെഡ്സ്, തെരുവുകുട്ടികളുടെ ലോകത്തേക്ക് നോക്കുന്ന "പ്ലാറ്റ് ഫോം നമ്പര്‍ 5" എന്നിവ ഷോര്‍ട്ട് ഡോക്യുമെന്ററി മത്സരവിഭാഗത്തിലുണ്ട്. കുട്ടികളുടെയും വൃദ്ധരുടെയും സ്ത്രീകളുടെയും ഏകാന്തതയും അതിജീവനുമാണ് ഷോര്‍ട്ട് ഫിക്ഷന്‍ സിനിമകളുടെ മുഖ്യപ്രമേയം. മണിലാലിന്റെ പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടുന്ന വിധം, ആനുദ കുന്നത്തിന്റെ വരാന്ത, സുദേവന്റെ തട്ടുമ്പൊറത്തപ്പന്‍ , കവന്‍ജിത് സിങ്ങിന്റെ ജഗജിത് എന്നിവ ഷോര്‍ട്ട് ഫിക്ഷന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്. വെര്‍ണര്‍ ഹെന്‍സോഗും ദിമിത്രി വാസ്യുക്കോവും ചേര്‍ന്ന് സംവിധാനംചെയ്ത "ഹാപ്പി പ്യൂപ്പിള്‍ : എ ഈയര്‍ ഇന്‍ ദ തിഗ", ഇതുവരെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ബ്രിട്ടണിലെ ബ്രിസ്റ്റളില്‍നിന്നുള്ള ഗ്രാഫിറ്റി ആര്‍ടിസ്റ്റ് ബാന്‍സ്കിയുടെ എക്സിറ്റ് ത്രൂ ദ ഗിഫ്റ്റ് ഷോപ്പ്, കടുത്ത മതനിയമങ്ങള്‍ നിലനില്‍ക്കുന്ന ഇറാനില്‍നിന്ന് ബീജിങ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ സാറ കോസ് ജമാല്‍ ഫെഖ്റിയുടെ കഥപറയുന്ന കിക്ക് ഇന്‍ ഇറാന്‍ , ജയന്‍ ചെറിയാന്റെ ഷെയ്പ് ഓഫ് ദ ഷെയ്പ്ലെസ് തുടങ്ങിയവ അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.

"മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ 19 ചലച്ചിത്രം വനിത സംവിധായികമാരുടേതാണ്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമന്‍ ഇന്‍ റേഡിയോ ആന്‍ഡ് ടെലിവിഷനുമായി സഹകരിച്ച് ഏഷ്യയില്‍നിന്നുള്ള സ്ത്രീ സംവിധായികമാരുടെ 17 ചലച്ചിത്രങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്" ബീനാപോള്‍ പറഞ്ഞു. താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാനിലെ പ്രഥമ ദേശീയ വനിത ഫുട്ബോള്‍ ടീം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന അഫ്ഗാന്‍ ഗേള്‍സ് കാന്‍ കിക്ക്, കബഡി കളിയുടെ പശ്ചാത്തലത്തില്‍ ലിംഗപദവി, ജാതി, നിറം എന്നിവയുടെ രാഷ്ട്രീയ പരിസരത്തെ അവതരിപ്പിക്കുന്ന ഈസ് ഇറ്റ് ജസ്റ്റ് എ ഗെയിം? ഇറാനിലെ പെണ്‍കുട്ടികളുടെ കന്യകാത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ അഭിസംബോധനചെയ്യുന്ന വെര്‍ജിന്‍ എന്നിവ "വിമന്‍ ഫിലിംസ് ഫ്രം ഏഷ്യ" വിഭാഗത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ഹോം വീഡിയോസ് വിഭാഗത്തില്‍ 11 ചിത്രങ്ങളുണ്ട്. ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ക്ലെര്‍മോണ്ട് ഫെറാണ്ടില്‍നിന്ന് തെരഞ്ഞെടുത്തിട്ടുള്ള ഹ്രസ്വചിത്രങ്ങളടങ്ങിയ ഷോര്‍ട്ട് വൊയേജസ്, അമേരിക്കയിലെ രണ്ടാം തലമുറ ഇന്ത്യക്കാരായ യുവസംവിധായകരുടെ ചിത്രങ്ങള്‍ എന്നിവയാണ് മറ്റ് പ്രധാന പാക്കേജുകള്‍ . ഇന്ത്യന്‍ സിനിമയിലെ പരീക്ഷണാത്മക സിനിമയുടെ ആചാര്യന്‍ മണികൗളിന്റെ അറൈവല്‍ , ദ്രുപദ് എന്നീ ചിത്രങ്ങളും കേരളത്തിലെ ടെലിവിഷന്‍ ഡോക്യുമെന്ററിരംഗത്ത് വിപ്ലവം സൃഷ്ടിച്ച ചിന്ത രവിയുടെ യാത്രാവിവരണ സീരീസായ "എന്റെ കേരള"ത്തില്‍നിന്നുള്ള ഭാഗങ്ങളും ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നാല്‍പ്പത്തുവയസ്സുള്ള ഒരു കാളയും എണ്‍പതുകാരനും തമ്മിലുള്ള അനിര്‍വചനീയസൗഹൃദത്തിന്റെ കഥപറയുന്ന കൊറിയന്‍ ഡോക്യുമെന്ററി ഓള്‍ഡ് പാര്‍ട്ണറാണ് ഉദ്ഘാടനചിത്രം. കൊറിയയില്‍ വന്‍ പ്രദര്‍ശനവിജയം നേടിയ ഡോക്യുമെന്ററിയുടെ സംവിധായകന്‍ ലീ ചുംഗ് റിയോള്‍ ആണ്.

ക്യാമറയ്ക്ക് മുന്നിലും പിന്നിലും

കേരളത്തിന്റെ ലഘുചിത്രമേളയില്‍ മുഖ്യാതിഥിയാകുന്നത് ബോളിവുഡിന്റെ പ്രിയപ്പെട്ട അമ്മ സുഹാസിനി മുലായ്. സ്നേഹമയിയായ അമ്മ എന്ന സ്ഥിരം കച്ചവട സിനിമാ ഫോര്‍മുലയ്ക്കപ്പുറം വൃക്തിജീവിതത്തിലും സിനിമയിലും മുന്‍ ധാരണകള്‍ തിരുത്തി സ്വന്തം വഴി തെരഞ്ഞെടുത്ത സ്ത്രീ. പതിനഞ്ചാം വയസ്സില്‍ പിയേഴ്സ് സോപ്പിന്റെ മോഡലായതു മുതല്‍ അറുപതാംവയസ്സില്‍ ഫേസ്ബുക്ക് കൂട്ടുകാരനെ വിവാഹം കഴിച്ചതുവരെ ഈ പട്നക്കാരി തെരഞ്ഞെടുത്തത് ഇന്ത്യന്‍ സ്ത്രീകള്‍ അപൂര്‍വമായി മാത്രം സഞ്ചരിച്ച ധീരവഴി. ഗ്ലിസറിന്‍ സോപ്പിട്ട് കുളിച്ച് മനോഹരമായി ചിരിക്കുന്ന പെണ്‍കുട്ടി ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച മൃണാള്‍സെന്നിന്റെ ഭുവന്‍ഷോമിലെ(1969) ഗൗരിയായി. നടിയായി മികച്ച തുടക്കം ലഭിച്ചിട്ടും ക്യാമറയുടെ പിന്നിലേക്ക് പോകാനായിരുന്നു സുഹാസിനിക്ക് താല്‍പ്പര്യം. കനഡയിലെ മോന്‍ട്രിയല്‍ സര്‍വകലാശാലയില്‍ സോയില്‍ കെമിസ്ട്രിയും മൈക്രോബയോളജിയും പഠിച്ചതിനൊപ്പം സിനിമയും ജേര്‍ണലിസവും പഠിച്ചു. സത്യജിത്ത് റേയുടെ ജന ആരണ്യയില്‍(1975) സംവിധാന സഹായി ആയാണ് സുഹാസിനി ഇന്ത്യയിലേക്ക് തിരിച്ചുവന്നത്. മൃഗയയില്‍ (1976) മൃണാള്‍സെന്നിനൊപ്പവും പ്രവര്‍ത്തിച്ചു. സ്വതന്ത്ര ഡോക്കുമെന്ററി നിര്‍മാണത്തിലേക്കും ചുവടുവച്ചു.

സര്‍ക്കാരിനുവേണ്ടിയുള്ള കൗമാര വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ ബോധനചിത്രങ്ങളിലൂടെയായിരുന്നു തുടക്കം. രാജ്യത്തിന്റെ നീറുന്ന പ്രശ്നങ്ങളിലേക്ക് പിന്നീട് ക്യാമറ തിരിഞ്ഞു. അറുപതോളം ഡോക്കുമെന്ററികള്‍ അതില്‍ നാലെണ്ണം ദേശീയ പുരസ്കാരം നേടി. ഭോപാല്‍ ദുരന്തത്തെ കുറിച്ചുള്ള "ഭോപാല്‍ : ബിയോണ്ട് ജെനോസിഡ്" മേളയിലുണ്ട്. ഭോപാല്‍ ദുരന്തമുണ്ടായി 100 ദിവസത്തിനകം പുറത്തിറങ്ങിയ ഡോക്കുമെന്ററിയുടെ ആദ്യഭാഗം ദുരന്തത്തിന്റെ ഭീകരത പുറംലോകത്തിനു വ്യക്തമാക്കി. കശ്മീര്‍ പ്രശ്നത്തെക്കുറിച്ചുള്ള "ടോക്കിങ്പീസും" മേളയിലുണ്ട്. പൊക്രാന്‍ 2നു ശേഷം 1998ല്‍ ചിത്രീകരിച്ച ഡോക്കുമെന്ററി ഇന്ത്യാവിഭജനത്തിന്റെ രാഷ്ട്രീയചരിത്രം ചര്‍ച്ചചെയ്യുന്നു. "ഭുവന്‍ഷോമി"ലെ ഗൗരിയായി വേഷമിട്ട് മൂന്നു ദശകത്തിനു ശേഷം സുഹാസിനി ക്യാമറയ്ക്ക് മുന്നിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഗുല്‍സാറിന്റെ "ഹു തു തു" (1999)വില്‍ മുഖ്യമന്ത്രിയുടെ വേഷം. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയതോടെ ബോളിവുഡിലെ അമ്മവേഷങ്ങള്‍ ഒന്നൊന്നായി തേടിയെത്തി. അശുതോഷ് ഗൗരീര്‍ക്കറിന്റെ ലഗാന്‍ , ഫറാന്‍ അക്തറിന്റെ ദില്‍ ചാഹ്താ ഹെ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷന്‍ സീരിയലുകളിലും നല്ല തിരക്ക്. ജീവിതം പകുതി വഴിയിലെത്തുകയും ബാങ്ക് ബാലന്‍സ് തികയില്ലെന്ന് മനസിലാകുകയും ചെയ്യുമ്പോള്‍ സിരിയല്‍ -സിനിമ അമ്മ വേഷം വലിയ ആശ്വാസമാകുമെന്ന് സുഹാസിനി പറയുന്നു. സ്വന്തമായി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. തിരക്കഥ പൂര്‍ത്തിയാകുന്നു. അറുപത്തഞ്ചുകാരനായ ഊര്‍ജതന്ത്രന്‍ അതുല്‍ ഗുരുവിനെ കഴിഞ്ഞവര്‍ഷം വിവാഹം കഴിച്ചു. ഫേസ്ബുക്കിലൂടെയാണ്പരിചയപ്പെട്ടത്. അന്തരിച്ച മുന്‍ ഭാര്യയെക്കുറിച്ച് അതുല്‍ ഗുരു എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചാറ്റിങ് ഒരു മാസത്തിനു ശേഷം വിവാഹത്തില്‍ എത്തുകയായിരുന്നു.

*
സാജു കെ ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നിയാംഗിരി ഒറീസയിലെ മലനിരകളാണ്. ദോംഗ്രിയ ജനവിഭാഗത്തിന്റെ വാസസ്ഥലം. 2006ല്‍ ബ്രിട്ടീഷ് മൈനിങ് കമ്പനിയായ വേദാന്ത മലകയറിവന്നപ്പോള്‍ അത് മറ്റൊരു സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാകുകയായിരുന്നു. ബോക്സൈറ്റ് ഖനനത്തിനായി വേദാന്ത സ്ഥാപിച്ച റിഫൈനറികള്‍ തങ്ങളുടെ ദൈവമായ നിയാംരാജയുടെ അധിവാസസ്ഥാനം ഇല്ലാതാക്കിക്കളയുമെന്ന് തിരിച്ചറിഞ്ഞ ദോംഗ്രിയ വിഭാഗക്കാര്‍ അതിജീവനത്തിന്റെ പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ചു.

മലയാളിയായ സുമ ജോസന്‍ സംവിധാനംചെയ്ത "നിയാംഗിരി, നീ ഇപ്പൊഴും ജീവിക്കുന്നു" എന്ന ഡോക്യുമെന്ററിയിലൂടെ ബഹുരാഷ്ട്രകുത്തക കമ്പനിക്കെതിരായി ഒരു ചെറുസമൂഹം നടത്തിയ വലിയ പ്രതിരോധത്തിന്റെ കഥയാണ് പറയുന്നത്. നാലാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നത് മേളയുടെ രാഷ്ട്രീയവും സാമൂഹ്യവുമായ നിലപാടുകളെത്തന്നെയാണ് വെളിവാക്കുന്നത്. ജൂലൈ 31 മുതല്‍ ആഗസ്ത് നാലുവരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 184 ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.