Saturday, August 27, 2011

നാടകം ഒരു പ്രക്രിയയാണ്

പി എം താജ് അനുസ്മരണ പരിപാടികളോട് ബന്ധപ്പെട്ട് ജൂലൈ 28, 29, 30 തീയതികളില്‍ പ്രസന്ന ഒരിക്കല്‍കൂടി കോഴിക്കോട്ടെത്തി. കോഴിക്കോട്ടെന്നല്ല ഏത് നഗരത്തിലെത്തുമ്പോഴും പ്രസന്ന ഒരു സാധാരണക്കാരനായി ജനങ്ങള്‍ക്കിടയിലൂടെ നടക്കുന്നു. പച്ചക്കറി മാര്‍ക്കറ്റിലും മത്സ്യച്ചന്തയിലും ക്ഷേത്രങ്ങളിലും അങ്ങനെ ജനങ്ങള്‍ കൂടുന്നിടത്തെല്ലാം പ്രസന്ന നടന്നെത്തുന്നു. അഭിമുഖത്തിനായി ഞങ്ങള്‍ പ്രസന്ന താമസിക്കുന്ന അളകാപുരിഹോട്ടലിലെത്തുമ്പോള്‍ അദ്ദേഹം പച്ചക്കറി മാര്‍ക്കറ്റിലൂടെ ഒരു നടത്തവും കഴിഞ്ഞ് തിരിച്ചെത്തിയിട്ടേയുള്ളു.

പി എം താജിനെ അനുസ്മരിക്കാന്‍ മുമ്പും പ്രസന്ന കോഴിക്കോട്ടെത്തിയിട്ടുണ്ട്. 1970കളുടെ രണ്ടാം പകുതിയില്‍ , കൃത്യമായി പറഞ്ഞാല്‍ 1977ല്‍ തൃശൂരില്‍ വച്ചുനടന്ന ഒരു ചെറുകാട് സ്മാരക മെയ്ദിന അക്കാദമിയില്‍ വച്ചാണ് ഞങ്ങള്‍ -താജും ഞാനും പ്രസന്നയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഏതാണ്ട് പതിനഞ്ചു ദിവസത്തിലധികം നീണ്ടുനിന്ന ഒരു നാടക പഠനക്യാമ്പായിരുന്നു മെയ്ദിന അക്കാദമി. വി അരവിന്ദാക്ഷന്‍, എം പി പരമേശ്വരന്‍ തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്തിലായിരുന്നു ആ ക്യാമ്പ്. ക്യാമ്പിന്റെ ഡയറക്ടര്‍ അന്ന് "സമുദായ"യുടെ ജീവനാഡിയായ പ്രസന്നയായിരുന്നു. ആ ക്യാമ്പിന്റെ ഉല്പന്നം എന്ന നിലയില്‍ അടിയന്തരാവസ്ഥക്കാലത്ത് കാണ്‍പൂരിലെ തുകല്‍ത്തൊഴിലാളികളുടെ നേര്‍ക്കു നടന്ന ഒരു വെടിവയ്പ്പിന്റെ ഓര്‍മ താജ് നാടകരൂപത്തില്‍ അവതരിപ്പിക്കുകയുമുണ്ടായി.

അന്നത്തെ അക്കാദമിയില്‍ ജോസ് ചിറമ്മലിനെപ്പോലെ മറ്റു നാടകപ്രതിഭകള്‍ പങ്കെടുത്തിരുന്നതിനെക്കുറിച്ചും പ്രസന്ന ഓര്‍മിച്ചു. കൂട്ടത്തില്‍ ഈയിടെ തൃശൂരില്‍ ഒരാവശ്യത്തിനു വന്നപ്പോള്‍ തന്റെ പതിവ് നടത്തത്തിനിടെ വീണ്ടും എം പി പരമേശ്വരനെ കണ്ടതിനെക്കുറിച്ച് പറഞ്ഞു. വി അരവിന്ദാക്ഷനെ കാണണം എന്ന് ആഗ്രഹമുണ്ടായിട്ടും കാണാന്‍ കഴിയാതെ പോയതിന്റെ ദുഃഖം സൂചിപ്പിച്ചു. ഇ എം എസുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും മറ്റും വളരെ വൈകാരികമായിത്തന്നെ തന്റെ ഓര്‍മകള്‍ അദ്ദേഹം പങ്കുവച്ചു. മണിപ്പാലില്‍ ചികിത്സയ്ക്കുവന്ന ഇ എം എസ് തന്നെ കാണണമെന്നറിയിച്ചതും രാമചന്ദ്രറാവു എന്ന തന്റെ സഖാവിനുവേണ്ടി ചെയ്തുകൊടുക്കേണ്ട ഒരു കാര്യത്തെക്കുറിച്ചു പറഞ്ഞതും മറ്റുമായി സംഭാഷണം. മെല്ലെ പഴയ നാടകപ്രവര്‍ത്തനത്തിന്റെ നാളുകളിലേക്കും മറ്റും സ്വാഭാവികമായി എത്തിച്ചേരുകയും ചെയ്തു.

1951 ഫെബ്രുവരി 10ന് കര്‍ണാടകയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ പ്രസന്ന ജനിച്ചു. ആര്‍ പി പ്രസന്നകുമാര്‍ എന്ന പേരില്‍നിന്ന് പ്രസന്ന എന്ന തൂലികാനാമം. യക്ഷഗാനം പോലെയുള്ള നാടോടിദൃശ്യരൂപങ്ങളിലൂടെ നാടകത്തോടുള്ള പ്രണയം ആരംഭിക്കുന്നു. നാടകക്കമ്പം പ്രസന്നയെ കൊണ്ടുചെന്നെത്തിച്ചത് ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലാണ്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പെര്‍ഫോമിങ് ആര്‍ടില്‍ ബിരുദം. 1970കളില്‍ "സമുദായ" എന്ന ജനകീയ നാടകട്രൂപ്പിന് ജന്മം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. തന്നോടൊപ്പം പ്രവര്‍ത്തിച്ച മറ്റു നാടക പ്രവര്‍ത്തകരോടു ചേര്‍ന്ന് നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് നാടകത്തെ പ്രമേയത്തിലും അവതരണ രീതികളിലുമെല്ലാം പരിഷ്കാരങ്ങള്‍ വരുത്തി ഇറക്കിക്കൊണ്ടു വരാന്‍ "സമുദായ" ശ്രമിച്ചു. സമുദായയ്ക്ക് ഒരു ബുള്ളറ്റിനും ഉണ്ടായിരുന്നു-. "സമുദായ വാര്‍ത്താപത്ര".

കര്‍ണാടകത്തില്‍ ബ്രാഹ്മണവത്കരണത്തിനെതിരെ എല്ലാ ജീവിതരംഗങ്ങളിലും മുന്നേറ്റം ശക്തമായ ഒരു കാലമാണത്. രാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും രാഷ്ട്രീയരംഗത്ത് പുതിയ ഉണര്‍വുണ്ടാക്കാന്‍ കഴിഞ്ഞ ഒരു കാലഘട്ടം. പൂര്‍ണമായും ജനകീയ പങ്കാളിത്തത്തോടെയും ജനകീയ ഫണ്ടിങ്ങോടെയും ആയിരുന്നു സമുദായയുടെ പ്രവര്‍ത്തനം. നാടകങ്ങളോടു കൂടിയ ജാഥകളില്‍ ചിലപ്പോള്‍ രണ്ടുരൂപ സംഭാവന കിട്ടാന്‍ മണിക്കൂറുകളോളം കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. പക്ഷേ രണ്ടു രൂപയേക്കാള്‍ പ്രധാനമായിരുന്നു സമുദായയ്ക്ക് ആ ബോധവത്കരണങ്ങള്‍ .

യാത്രയ്ക്കിടയിലാണ് കര്‍ണാടകത്തിലെ "ഹെഗ്ഗോഡു" എന്ന ഗ്രാമത്തിലെത്തുന്നത്. പശ്ചിമഘട്ട സാനുവില്‍ കിടക്കുന്ന ഒരു കൊച്ചുഗ്രാമം-നമ്മള്‍ പരിസ്ഥിതി നാശത്തിനു കാരണമായി നഗരവത്കരണത്തെയും വ്യവസായവത്കരണത്തെയും കുറിച്ചൊക്കെ പറയുന്നു. പക്ഷേ തനി ഗ്രാമീണര്‍ക്കും പരിസ്ഥിതി വിരുദ്ധരാകാന്‍ കഴിയും എന്ന് ഹെഗ്ഗോഡു ഗ്രാമത്തില്‍വച്ച് പ്രസന്ന മനസ്സിലാക്കി. കൈത്തറിത്തൊഴിലാളികളാണ് ഹെഗ്ഗോഡുവില്‍ ഏറെയും. അവര്‍ക്കുവേണ്ടി "ചര്‍ക്ക" എന്നൊരു സംഘടന പ്രസന്ന ആരംഭിച്ചു. നാടകം മാത്രം പോര ജീവിതവൃത്തിയും പ്രധാനമാണെന്ന പുതിയ തിരിച്ചറിവ്.

നഗരങ്ങളില്‍നിന്ന് കലാകാരന്മാര്‍ , ആരോഗ്യപ്രവര്‍ത്തകര്‍ , സാമ്പത്തിക ശാസ്ത്രജ്ഞര്‍ , സാങ്കേതിക വിദഗ്ധര്‍ അവര്‍ക്കൊക്കെ ഗ്രാമജീവിതത്തില്‍ ഇടപെടാനും സഹായിക്കാനും കഴിയും എന്ന് "ചര്‍ക്ക"യുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രസന്ന തെളിയിക്കുന്നു. ഇരുപതു കൊല്ലമായി-ഇന്നും "ചര്‍ക്ക" കര്‍ണാടക കൈത്തറി രംഗത്ത് ഒരു സജീവ സാന്നിധ്യമാണ്. ചര്‍ക്കയുമായുള്ള ചങ്ങാത്തംകൊണ്ടോ എന്തോ മാര്‍ക്സിസത്തിന് ഗാന്ധിസവുമായി നിരന്തരസംവാദം നടത്തിക്കൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് പ്രസന്ന വാദിക്കുന്നുണ്ട്. ഒപ്പം സാധാരണക്കാരന്റെ വിശ്വാസങ്ങളെ മുഖവിലയ്ക്കെടുത്തും അംഗീകരിച്ചും കൊണ്ടു മാത്രമേ കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്നോട്ടുപോകാന്‍ കഴിയൂ എന്നും പ്രസന്ന സിദ്ധാന്തിക്കുന്നു. ദൈവത്തെയും വിശ്വാസങ്ങളെയും നിഷേധിക്കുകയല്ല പുതിയ വെളിച്ചത്തില്‍ പ്രയോജനപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ് വേണ്ടതെന്നു പ്രസന്ന അഭിപ്രായപ്പെടുന്നുണ്ട്.

ഗിരീഷ് കര്‍ണാടിന്റെ തുഗ്ലക്ക്, ഗാന്ധി, ഗലീലിയോവിന്റെ ജീവിതം, തായ് (ബ്രെഹ്തിന്റെ മദര്‍ കറേജ് ആന്‍ഡ് ഹെര്‍ ചില്‍ഡ്രന്‍ എന്ന നാടകത്തെ ആധാരമാക്കി) ആചാര്യ താര്‍തുഫ്, ലാല്‍ ഘാസ്പര്‍ നീലേ ഘോഡേ, ഏക്ലോക് കഥ, ശാകുന്തളം, ഫ്യൂജിയാമ, ദാങ്കേയ മുഞ്ചിന ദിനഗളു, കടദിദ നീരു, ഉത്തരരാമചരിത്, The broken arrow of cupid (കാമദേവന്റെ പൊട്ടിയ അമ്പ്) ഷേക്സ്പിയറുടെ ഹാംലറ്റ് ഇങ്ങനെ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തു. ഇൻ സെര്‍ച്ച് ഓഫ് ആന്‍ ഐഡിയോളജി (ദൂരദര്‍ശനുവേണ്ടി) ഗോകക് (വി കെ ഗോകക്കിനെക്കുറിച്ച് സാഹിത്യ അക്കാദമിക്കുവേണ്ടി) തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ 2007ലെ ബി വി കാരന്ത് അവാര്‍ഡ്, 1999-2000 വര്‍ഷത്തില്‍ സംവിധാനത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ പ്രസന്നയ്ക്കു ലഭിച്ച പുരസ്കാരങ്ങളാണ്. തൃണമൂല തലങ്ങളിലെ രംഗവേദി എന്ന വിഷയത്തെക്കുറിച്ച് കെ വി സുബ്ബണ്ണയുമായി നടത്തിയ അഭിമുഖവും പ്രസന്നയെ പ്രസിദ്ധനാക്കി. പ്രസന്നയുമായുള്ള അഭിമുഖത്തിലേക്ക്

കെ പി മോഹനന്‍ : "സമുദായ"യുടെ പ്രവര്‍ത്തന കാലത്താണല്ലോ താങ്കളുടെ കേരളത്തിലേക്കുള്ള വരവും നമ്മുടെ പരിചയപ്പെടലും. ആ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തെല്ലാമാണ്? സമൂഹത്തിന്റെ അടിത്തട്ടിലെ രംഗവേദി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ സഫലമായെന്ന തോന്നലുണ്ടോ?

പ്രസന്ന: മറ്റു നാടകപ്രവര്‍ത്തകരും ഞാനും തമ്മിലുള്ള വ്യത്യാസം-കഴിവുകളെക്കുറിച്ചല്ല-ഒരു കാര്യം ഉറപ്പാണ്, എനിക്ക് സാമ്പത്തികം പ്രശ്നമേ ആയിരുന്നില്ല. ഒരു കാര്യം ഉറപ്പായിരുന്നു-ഒന്നു ചെയ്യണം എന്നു തീരുമാനിച്ചാല്‍ കാശ് താനേ വന്നുകൊള്ളും. ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഒരു കാര്യം ചെയ്യുന്നത് നിങ്ങള്‍ക്ക് കാശ് അവര്‍ തന്നുകൊള്ളും- ഇതാണ് എന്റെ ആദ്യകാല നാടകപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം. സാമ്പത്തികമായ അച്ചടക്കം പ്രധാനമായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി ഒരു കാര്യം ചെയ്യുമ്പോള്‍ ചെറിയ തുട്ടുകളായാല്‍പ്പോലും അവര്‍ കാശുണ്ടാക്കിത്തരും. പലതരം ഫണ്ടിങ് ഏജന്‍സികളെക്കുറിച്ച് നാം പറയുന്നു- സിഐഎ, കെജിബി...ആരായാലും ഫണ്ടിങ് നിന്നാല്‍ പരിപാടി ആകെ പൊളിയും. ജനങ്ങള്‍ തരുന്ന നാണയത്തുട്ടുകള്‍ വാങ്ങി കാര്യം നടത്തുമ്പോള്‍ ആ കുഴപ്പം ഇല്ല. വലിയ ഫണ്ടിങ് ഏജന്‍സികള്‍ സാമ്പത്തികസഹായം നല്കി നിര്‍മിക്കുന്ന ഏതൊരു വസ്തുവും ഫണ്ടിങ് നില്ക്കുന്ന നിമിഷം തകരും. ജനങ്ങളുടെ കാശും പങ്കാളിത്തവുമാകുമ്പോള്‍ അത് ഏറെക്കാലം നില്ക്കും. ചിലപ്പോള്‍ പതുക്കെ മാത്രമേ കാര്യം നീങ്ങൂ എന്നുമാത്രം. നമുക്ക് കൂടുതലായൊരുത്തരവാദിത്ത ബോധവുമുണ്ടാകും. അതെ. അങ്ങനെയാണ് സാംസ്കാരിക ജാഥകളുടെ തുടക്കം. കര്‍ണാടകത്തില്‍ അത്തരം ജാഥകളുടെ തുടക്കം ഞങ്ങളാണ്. എല്ലാം കെട്ടിപ്പെറുക്കി ഒരിടത്തെത്തുന്നു. എല്ലാം ഇറക്കിവച്ച് ഫണ്ട്പിരിവിനിറങ്ങുകയായി. രണ്ടു രൂപയൊക്കെയാണ് കിട്ടുക. അതിനുതന്നെ ഒരുപാട് വാദപ്രതിവാദം വേണ്ടിവരും. വിരുദ്ധരായ ആള്‍ക്കാര്‍ മുന്‍പേ തന്നെ പോയി പറഞ്ഞിട്ടുണ്ടാകും. നോക്കൂ, ഇത് ഇന്ന ആവശ്യത്തിനു വേണ്ടിയുള്ള ജാഥയാണ്. ഇന്ന പ്രത്യയശാസ്ത്രക്കാരുടേതാണ്. അങ്ങനെയൊക്കെ എല്ലാത്തിനും ഉത്തരം പറയണം. സമുദായയിലെ അംഗങ്ങളൊക്കെ അങ്ങനെ രൂപപ്പെട്ടു വന്നവരാണ്.

അങ്ങനെ തുറന്നടിച്ച പ്രചാരണങ്ങള്‍ ആയിരുന്നോ അവ.

ചിലപ്പോള്‍ അങ്ങനെയും വേണ്ടിവരും. ഈ സമുദായ ട്രൂപ്പിന്റെ സാമ്പത്തികശാസ്ത്ര പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ ഒരു സഹകരണ സംരംഭത്തിലേക്ക് വരുന്നത്. "ചര്‍ക്ക" എന്നപേരില്‍ കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടിയൊരു സംരംഭം.

അതു വടക്കന്‍ കര്‍ണാടകത്തിലായിരുന്നോ

അല്ല. ഹെഗ്ഗോഡു എന്ന എന്റെ ഗ്രാമത്തില്‍ . ഞാന്‍ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് തിയറ്ററിലൂടെയാണ്. പ്രധാന കാരണം എഴുപതുകളിലും മറ്റും വന്ന രാഷ്ട്രീയ മാറ്റങ്ങളാണ്. അടിയന്തരാവസ്ഥ... അങ്ങനെ പലതും. സമുദായയ്ക്ക് ഒട്ടനവധി തിരിച്ചടികള്‍ നേരിടേണ്ടിവന്നു. പിന്നെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ പതനം. കര്‍ണാടകത്തില്‍ത്തന്നെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ അങ്ങനെ പലതും. രാജീവ്ഗാന്ധിയുടെ ചിരിക്കുന്ന മുഖം, ഹെഗ്ഡേയുടെ ചിരിക്കുന്ന മുഖം-ഒരുപാട് പ്രവര്‍ത്തകര്‍ സമുദായ വിട്ടുപോയി.

കൂട്ടത്തില്‍ ചോദിക്കട്ടെ. കര്‍ണാടകത്തിന് ഒരു സമ്പന്നമായ രംഗവേദി പാരമ്പര്യമുണ്ടല്ലോ. അതിനെന്തുപറ്റി? ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസറവള്ളി, ബി വി കാറന്ത് അങ്ങനെ വലിയ മനുഷ്യരുടെ കാലം.

അതിനൊന്നും പറ്റിയിട്ടില്ല. അമച്വര്‍ നാടകവേദി എന്നുപറയുന്ന നാടകവേദിക്ക് ചില പതനങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ ഞാന്‍ പറയും, രാജ്യത്തെ മൊത്തത്തിലെടുത്താല്‍ കര്‍ണാടകത്തിലാണ് നാടകരംഗത്ത് കാര്യമായെന്തെങ്കിലും ഇപ്പോഴും നടക്കുന്നത്. ക്യാമ്പസ് തിയറ്ററുകളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വലിയൊരു പ്രസ്ഥാനമെന്നൊന്നും പറയുന്നില്ല. പക്ഷേ ശ്രദ്ധേയമായ ഒന്നാണത്. ഒരു ഇരുപതു രംഗവേദി പ്രവര്‍ത്തകരെയെങ്കിലും മാതൃകാപരമായി ഈ രംഗത്ത് എടുത്തുകാണിക്കാന്‍ എനിക്കു കഴിയും. പ്രധാനമായും അവര്‍ കുട്ടികളുടെ നാടകവേദി, കലാലയ നാടകവേദികളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. നാളെ കര്‍ണാടക നാടകവേദി തിരിച്ചുവരുന്നത് ഇവരിലൂടെയായിരിക്കും. പൊതുവെ തൊഴിലാളി- കര്‍ഷകരംഗങ്ങളില്‍നിന്ന് ഞങ്ങള്‍ ക്യാമ്പസുകളിലേക്ക് മാറുകയാണ്. എന്താണെന്ന് ചോദിച്ചാല്‍ എഴുപതുകളില്‍ രംഗവേദിയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഒരു മധ്യവര്‍ഗം ഉണ്ടായിരുന്നു. ഇന്നവര്‍ തങ്ങളുടെ കുട്ടികളെക്കുറിച്ചാണ് ഉത്കണ്ഠ കൊള്ളുന്നത്. തങ്ങളുടെ കുട്ടികളെ സാംസ്കാരികമായി നഷ്ടപ്പെടും എന്ന പേടി അവര്‍ക്കുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ , ഐടി വിദ്യാഭ്യാസം, ഐ ടി തൊഴില്‍ മേഖലകള്‍ -ഇന്നലെ നമ്മളെ വന്നുകണ്ട സുന്ദരനായ ചെറുപ്പക്കാരനില്ലേ താജിന്റെ മകന്‍ , ഇംഗ്ലണ്ടിലാണ്-താജിന്റെ മകന്‍ ഇംഗ്ലണ്ടില്‍ -ഇത് കാലത്തിനുവന്ന മാറ്റമാണ്. ആരെയും തെറ്റു പറയാനില്ല. താജിന്റെ മനസ്സില്‍ , അദ്ദേഹമുണ്ടായിരുന്നെങ്കില്‍ , തന്റെ മകന്റെ സാംസ്കാരിക പൈതൃക നഷ്ടത്തെച്ചൊല്ലി ഒരു ഉത്കണ്ഠ ഉണ്ടാകില്ലേ, ഇത് ഇന്ന് പൊതുവെ എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ട്. ഇവര്‍ നല്ല ഒരു വിദ്യാഭ്യാസ നാടകവേദിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. കാശും മറ്റെന്തു സഹായവും. കാരണം തങ്ങളുടെ സംസ്കാരം തിരിച്ചുപിടിക്കാനുള്ള ഒരു മാര്‍ഗമാണത്. വലിയ സാധ്യതകള്‍ ഉള്ള ഒരു മേഖലയാണത്. കുട്ടികളുടെ നാടകവേദിക്കുവേണ്ടി ഈ മധ്യവര്‍ഗ രക്ഷിതാക്കള്‍ എന്തും ചെയ്യാന്‍ തയ്യാറാകും.

അപ്പോള്‍ താങ്കള്‍ ഇന്നലെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ നമ്മുടെ സാംസ്കാരിക മൂല്യങ്ങള്‍ നാടകവേദിയിലൂടെ; ക്യാമ്പസ് നാടകവേദിയിലൂടെ വേണം തിരിച്ചുപിടിക്കാന്‍ .

അതെ. ഒരര്‍ഥത്തില്‍ തിയറ്റര്‍ ആണ് എപ്പോഴും സജീവതയില്‍ നിലനില്ക്കുന്ന ഒരു രൂപം. രംഗവേദിയില്‍ സാങ്കേതികവിദ്യ വലിയ മാറ്റം വരുത്തിയിട്ടുണ്ടാകും. പക്ഷേ ജീവിതം അവിടെനിന്ന് വഴിമാറിപ്പോയിട്ടില്ല. കൃഷിപോലും ജീവിതത്തില്‍ നിന്നകന്നുപോയി. പക്ഷേ നാടകത്തിനു പോകാന്‍ കഴിയില്ല. അത് എന്നും ജീവിതത്തോടൊപ്പമുണ്ടാകും.

ശരി. താങ്കള്‍ ജീവിതവുമായി ഇഴചേര്‍ന്ന നാടകവേദിയെക്കുറിച്ച് പറയുന്നു. പക്ഷേ അങ്ങനെ ഇഴ ചേരത്തക്കവിധം ലളിതവും അഭികാമ്യവുമാണോ നമ്മുടെ ജീവിതം.

വളരെ ശരിയാണ്. പക്ഷേ നാടകം ഇന്നില്‍നിന്ന് തുടങ്ങുന്നു. ഇന്നിനപ്പുറത്തേക്കു പോകുന്നു, അഥവാ ലക്ഷ്യം വയ്ക്കുന്നു.

അതെ. അതുതന്നെയാണ് ഞാന്‍ പ്രതീക്ഷിച്ച ഉത്തരം.

അതെ, നിങ്ങളുടെ കുട്ടി പുതിയ വിദ്യാഭ്യാസംകൊണ്ട് മലയാളമേ സംസാരിക്കാന്‍ ശ്രമിക്കാത്ത ഒരാളായി മാറുന്നു. ഒരു വാക്യത്തില്‍ മുക്കാല്‍പങ്കും ഇംഗ്ലീഷ്-ശരി നിന്റെ മംഗ്ലീഷുമായി നീ വാ-നാടകവേദി അവനെ സ്വീകരിക്കുന്നു. അവനെ സ്വീകരിക്കാന്‍ രംഗവേദി തയ്യാറാണ്. ഇതാകണം സമീപനം. മറ്റൊരു കാര്യം. നാടകത്തില്‍ അന്തിമഫലം പോലെതന്നെ പ്രധാനമാണ് അതിലേക്കു നടന്നടുക്കുന്ന വഴിയും. product എന്നതിനേക്കാള്‍ process എന്നതാണ് തിയറ്ററിന്റെ രീതി. ഇക്കാരണത്താലും നാടകം യാന്ത്രികലോകത്തിനെതിരാണ്. ഓരോ യന്ത്രവും ഉല്പന്നലക്ഷ്യമാണ്, പൂര്‍ണതയെ ലക്ഷ്യം വയ്ക്കുന്നതാണ്. നാടകവേദി അങ്ങനെ അല്ലേ അല്ല-തീര്‍ച്ചയായും നാടവേദിക്ക് ലക്ഷ്യം പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനമാണ് അതിലേക്കെത്താനുള്ള റിഹേഴ്സല്‍ . ഏറ്റവും മോശമായ ഒരു നാടകമായാലും നമ്മള്‍ ഇരുന്നു കാണും. കാരണം അതിന്റെ പിറകില്‍ രണ്ടോ മൂന്നോ മാസത്തെ പ്രവര്‍ത്തനമുണ്ട്. പ്രേക്ഷകര്‍ അതംഗീകരിക്കും. അടുത്ത നാടകത്തില്‍ ഇവര്‍ വിജയിക്കും എന്നു പ്രതീക്ഷിക്കുകയും ചെയ്യും. മാത്രമല്ല, ഇന്നു ഞാന്‍ വെറും ഒരു പ്രേക്ഷകനാണെങ്കിലും നാളെ എനിക്കും ഒരു നാടകം ചെയ്യേണ്ടി വന്നേക്കാം എന്ന ബോധം അവനുണ്ട്. ഇതൊരു ചാക്രികമായ പ്രവൃത്തിയാണ്. ഒന്നിലധികം കാരണങ്ങളാല്‍ നാടകവേദി പ്രവര്‍ത്തനം ചാക്രികമാണ്. വാചികമായ കാര്യങ്ങളെ ഒരു എഴുത്താക്കി മാറ്റി അതിനെ വീണ്ടും വാചികമാക്കി മാറ്റി- അങ്ങനെ നിരന്തരം ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. "കാവ്യേഷു നാടകം രമ്യം" എന്നു കാളിദാസന്‍ പറയുമ്പോള്‍ വാക്കും സമൂഹവും തമ്മിലുള്ള, ഭാഷയും ഭാഷണവും തമ്മിലുള്ള ഈ ബന്ധത്തെത്തന്നെയാണുദ്ദേശിക്കുന്നത്.

ഞങ്ങള്‍ കേരളത്തില്‍ പൊതുവെ നാടകം കണ്ണിന്റെ കലയാണെന്നു കരുതുന്നവരാണ്-വാചികത്തോട് ഞങ്ങള്‍ക്ക് ആഭിമുഖ്യം രണ്ടാമതു മാത്രമാണ്.

കേരളത്തിന്റെ ഈ രീതിയോട് എനിക്ക് വലിയ യോജിപ്പില്ല. കേരള നാടകവേദി കൂടുതല്‍ പരീക്ഷണാത്മകവും ദൃശ്യപരവുമാണ്. നിങ്ങള്‍ക്ക് നല്ലൊരു വാങ്മയ പാരമ്പര്യമുണ്ടല്ലോ. രംഗവേദി കണ്ണിനോടല്ല വാക്കിനോടാണ് അടുക്കേണ്ടത്. വാക്കില്‍ നിന്നകന്ന് നാടകവേദിക്ക് നില്ക്കാനാകില്ല. നാടകം കണ്ണിന്റെ കല മാത്രമാണെന്ന് പറയുന്നത് അസംബന്ധമാണ്.

താങ്കളുടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായുള്ള ദീര്‍ഘകാലബന്ധം വച്ചു ചോദിയ്ക്കട്ടെ. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ കൂടുതല്‍ കൂടുതല്‍ ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയായി മാറുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പരിഹാരം എങ്ങനെയാണ്?

വലിയ പ്രതീക്ഷകളോടെയാണ് - ദേശീയമായ കാഴ്ചപ്പാടോടെയാണ് ഇത്തരം ദേശീയ സ്ഥാപനങ്ങളൊക്കെ തുടങ്ങിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയത് പ്രാദേശിക നാടകവേദി പ്രവര്‍ത്തകര്‍ക്കൊക്കെ നല്ല പരിശീലനം കൊടുത്ത് പ്രാദേശിക നാടകവേദികളിലേക്ക്തന്നെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ പറഞ്ഞയക്കാന്‍ വേണ്ടിയാണ്. സേലത്ത് ഹാന്‍ഡ്ലൂം ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതും ഇതേ ലക്ഷ്യത്തോടെയാണ്. ഇത്തരം സ്ഥാപനങ്ങളൊക്കെ നൂറു ശതമാനവും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലകൊള്ളുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഇരുപതുപേരെ പരിശീലിപ്പിക്കുന്നു എന്നു വയ്ക്കുക. അതില്‍ പതിനെട്ടുപേരും മുംബൈയിലേക്കാണ് വണ്ടികയറുന്നത്. കേരളത്തില്‍നിന്നു വന്നവരൊന്നും കേരളത്തിലേക്കല്ല മടങ്ങിപ്പോകുന്നതെന്നര്‍ഥം. ഹാന്‍ഡ്ലൂം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ വന്നവരൊക്കെ പവര്‍ലൂം വ്യവസായത്തിലേക്ക് ചെന്നെത്തുന്ന പോലെത്തെ ഒരു അനുഭവം. ഒരു പിന്‍മടക്കം സാധ്യമല്ലാത്ത രീതിയിലായിത്തീര്‍ന്നിരിക്കുന്നു കാര്യങ്ങള്‍ . വന്നേടത്തേക്ക് തന്നെ പരിശീലനത്തിനുശേഷം മടങ്ങിച്ചെല്ലാനും പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ പഠിപ്പിക്കണം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും പരിശീലനക്കളരികള്‍ സംവിധാനം ചെയ്യണം. ഇതോടെ പ്രശ്നങ്ങള്‍ തീരുമോ എന്നു ചോദിച്ചാല്‍ ഇല്ല. പക്ഷേ പഠിച്ചിറങ്ങിയവര്‍ മുംബൈ ടെലിവിഷനിലേക്കോ കര്‍ണാടക ടെലിവിഷനിലേക്കോ പോകുന്നതില്ലാതാകും. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനം തീര്‍ച്ചയായും വികേന്ദ്രീകരിക്കപ്പെടണം. ഏതുതരം കേന്ദ്രീകരണവും ഫാസിസമാണ്.

കര്‍ണാടക രാഷ്ട്രീയത്തെപ്പറ്റി എന്തുപറയുന്നു?

എന്തുപറയാന്‍! എനിക്കു നമ്മുടെ ജനങ്ങളെപ്പറ്റിയാണ് പരാതി. പ്രതികരണം കുറഞ്ഞുപോകുന്നു. അവര്‍ വിചാരിച്ച രീതിയില്‍ വളരുന്നില്ല.

ഞാന്‍ ചോദിക്കുന്നത്-രാമകൃഷ്ണ ഹെഗ്ഡേ, കരുത്തുറ്റ ഒരു സോഷ്യലിസ്റ്റ് പശ്ചാത്തലം.. അവിടെനിന്നൊക്കെ വന്ന് ഇപ്പോള്‍ ഒരു മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും നെഞ്ചുകീറി നേരു കാട്ടുന്നത് ധര്‍മസ്ഥലയില്‍ വന്നിട്ടാണ്- ധര്‍മസ്ഥലയാണ് രാഷ്ട്രീയം തീരുമാനിക്കുന്നത്.

= അതെ. ധര്‍മസ്ഥല, മറ്റു മഠാധിപതികള്‍ , ഉപരിവര്‍ഗ പ്രമാണിമാര്‍ . ഒരു ചെറിയ മഠാധീശനുപോലും മുഖ്യമന്ത്രിയെ നേരിട്ടു വിളിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വളരെ നിര്‍ഭാഗ്യകരമായ അവസ്ഥ-ഇവിടെ ഞാന്‍ താലോലിക്കുന്ന ഒരാശയം വരുന്നത്-സോഷ്യലിസവും ദൈവവും-മഠങ്ങളും ദൈവങ്ങളും ഒന്നല്ലല്ലോ. ദൈവം മതാധിഷ്ഠിതമാകണമെന്നുപോലുമില്ല. ദൈവത്തെ ഓര്‍ക്കാന്‍ എന്തിനു മതം? ദൈവത്തെ സോഷ്യലിസം എന്നു കരുതിയാല്‍ എന്താണ് തെറ്റ്?

അതൊരു വലിയ ഉട്ടോപ്യന്‍ ആശയമാണ്.

അതെ. ഉട്ടോപ്യന്‍ എന്നല്ല. ഭാവനാത്മകം എന്നുപറയാം. എന്തുകൊണ്ട് നമുക്ക് വിഭാവനം ചെയ്തുകൂട! ദൈവം ഒരു സാമൂഹ്യാസ്തിത്വമാണ്. ദൈവത്തെ-രാമനെ-നമുക്ക് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് വിട്ടുകൊടുത്തുകൂട. വലതുപക്ഷ രാഷ്ട്രീയത്തില്‍നിന്ന് ദൈവത്തെ വീണ്ടെടുക്കണം-സാംസ്കാരികരംഗത്ത് ശ്രദ്ധയോടെ വളരെ ഫലപ്രദമായി ചെയ്യേണ്ട ഒരു പ്രക്രിയയാണിതെന്നു തോന്നുന്നു.

താങ്കളുടെ സാഹിത്യ രചനകളെപ്പറ്റി

തിയറ്ററിനോടു ബന്ധപ്പെട്ട് ഞാനെഴുതിയ ഒരു പുസ്തകമുണ്ട് "നടനയപാഠകളു"-ഒട്ടും സാങ്കേതികമാകരുതെന്ന് നിര്‍ബന്ധബുദ്ധിയോടെ എഴുതിയ ഒരു കൃതി. അതേസമയം നാട്യശാസ്ത്രത്തിന്റെ ഒക്കെ ഒരു സംസ്കാരം അതിലുണ്ടുതാനും. നമ്മുടെ നാട്യസമ്പ്രദായത്തിലെ ജനകീയ അംശങ്ങളെക്കുറിച്ചും ഞാന്‍ അതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. മറ്റൊരു പുസ്തകം എന്റെ ചിന്തകളില്‍ വന്ന മാറ്റത്തെത്തന്നെ സൂചിപ്പിക്കുന്നുണ്ട്. "യന്ത്രകളന്നു കളച്ചോത്ത ബന്നി"(വരൂ ഈ യന്ത്രങ്ങളെ നമുക്ക് അപനിര്‍മിക്കാം) കുറേക്കൂടി ഗാന്ധിയന്‍ ചിന്തകളിലേക്ക് ചായുന്ന ഒരു പുസ്തകമാണത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഗാന്ധിസവുമായി- അല്ലെങ്കില്‍ അതിനെ ഇന്ത്യന്‍ ജീവിതശൈലി എന്നു വിളിക്കാം- ഒരു സംവാദം തീര്‍ച്ചയായും വേണ്ടിവരും. യന്ത്രങ്ങളൊക്കെ സോഫ്റ്റ്വെയറുകളായി മാറുന്നതിനോടുള്ള ഒരു വിയോജിപ്പാണത്. യന്ത്രങ്ങള്‍ ജീവിതത്തില്‍ നിന്നുള്ള വ്യതിചലനമോ അന്യവത്കരണമോ ആകാതെ കൈകളുടെ ഒരു വ്യാപനം (Extension) ആയി മാറണം എന്ന കാഴ്ചപ്പാട് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടല്ല എങ്കിലും ചൈനാ മാര്‍ക്കറ്റില്‍നിന്ന് നമുക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. "ദേശി ജീവനപദ്ധതി" (ദേശീയ ജീവിതശൈലി) ആണ് മറ്റൊരു പുസ്തകം. ദൈവം, സ്വത്വം, ഭാഷ തുടങ്ങിയ സൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ചൊന്നും ഇടതുപക്ഷ സംസ്കാര മണ്ഡലം വേണ്ടപോലെ പരിഗണിച്ചിട്ടില്ലെന്ന ഒരു പരാതിയില്‍നിന്നാണ് ഈ പുസ്തകം രൂപംകൊള്ളുന്നത്. ഇതിന്റെ ഫലം വലതുപക്ഷ രാഷ്ട്രീയം അതിനെ സമര്‍ഥമായി മുതലെടുക്കുന്നു എന്നതാണ്. ഗോവിന്ദാചാര്യയുടെ "സോഷ്യല്‍ എന്‍ജിനിയറിങ്" എന്നൊക്കെപ്പറയുന്ന ജാടകള്‍ അങ്ങനെ രൂപംകൊള്ളുന്നതാണ്്. പ്രാദേശിക സ്വാഭിമാനങ്ങളില്‍ ഊതിയെടുക്കാവുന്ന ഒരുപാട് അഗ്നികള്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. മറ്റൊരു പുസ്തകം മനസ്സിലുള്ളത് "ദേവരു മെച്ചുവ സമാജ് വാദ"(ദൈവവും സോഷ്യലിസവും)-ഞാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളുടെ ഒരു വിപുലനം.

അതെ, വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രസന്ന ചിന്തിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്സിസത്തില്‍ കാലൂന്നി നില്ക്കുമ്പോള്‍ത്തന്നെ ഇതര ചിന്താപദ്ധതികളും പ്രാദേശിക സ്വത്വങ്ങളുമായി ഉദാരമായ ആശയവിനിമയം നടത്തണം എന്നതാണ് ആ ചിന്തകളുടെ കാതല്‍ . മാറ്റിത്തീര്‍ക്കേണ്ട ജനസമൂഹം ഇന്ത്യയുടെ കാര്യത്തിലെങ്കിലും അതീവ സങ്കീര്‍ണമാണെന്ന കാഴ്ചപ്പാട് സാംസ്കാരിക പ്രവര്‍ത്തകനുണ്ടായേ തീരൂ എന്ന് പ്രസന്ന തറപ്പിച്ചുപറയുന്നു. ഒപ്പം ലാളിത്യമാണ് ദേശീയ ജീവിതശൈലി എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.


*****


പ്രസന്നയുമായി കെ പി മോഹനൻ നടത്തിയ അഭിമുഖം, കടപ്പാട് : ദേശാഭിമാനി വാരിക


അധിക വായനയ്‌ക്ക് : An acting activist all the way

1 comment:

വര്‍ക്കേഴ്സ് ഫോറം said...

താങ്കളുടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായുള്ള ദീര്‍ഘകാലബന്ധം വച്ചു ചോദിയ്ക്കട്ടെ. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ കൂടുതല്‍ കൂടുതല്‍ ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയായി മാറുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പരിഹാരം എങ്ങനെയാണ്?

വലിയ പ്രതീക്ഷകളോടെയാണ് - ദേശീയമായ കാഴ്ചപ്പാടോടെയാണ് ഇത്തരം ദേശീയ സ്ഥാപനങ്ങളൊക്കെ തുടങ്ങിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയത് പ്രാദേശിക നാടകവേദി പ്രവര്‍ത്തകര്‍ക്കൊക്കെ നല്ല പരിശീലനം കൊടുത്ത് പ്രാദേശിക നാടകവേദികളിലേക്ക്തന്നെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ പറഞ്ഞയക്കാന്‍ വേണ്ടിയാണ്. സേലത്ത് ഹാന്‍ഡ്ലൂം ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതും ഇതേ ലക്ഷ്യത്തോടെയാണ്. ഇത്തരം സ്ഥാപനങ്ങളൊക്കെ നൂറു ശതമാനവും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലകൊള്ളുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഇരുപതുപേരെ പരിശീലിപ്പിക്കുന്നു എന്നു വയ്ക്കുക. അതില്‍ പതിനെട്ടുപേരും മുംബൈയിലേക്കാണ് വണ്ടികയറുന്നത്. കേരളത്തില്‍നിന്നു വന്നവരൊന്നും കേരളത്തിലേക്കല്ല മടങ്ങിപ്പോകുന്നതെന്നര്‍ഥം. ഹാന്‍ഡ്ലൂം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ വന്നവരൊക്കെ പവര്‍ലൂം വ്യവസായത്തിലേക്ക് ചെന്നെത്തുന്ന പോലെത്തെ ഒരു അനുഭവം. ഒരു പിന്‍മടക്കം സാധ്യമല്ലാത്ത രീതിയിലായിത്തീര്‍ന്നിരിക്കുന്നു കാര്യങ്ങള്‍ . വന്നേടത്തേക്ക് തന്നെ പരിശീലനത്തിനുശേഷം മടങ്ങിച്ചെല്ലാനും പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ പഠിപ്പിക്കണം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും പരിശീലനക്കളരികള്‍ സംവിധാനം ചെയ്യണം. ഇതോടെ പ്രശ്നങ്ങള്‍ തീരുമോ എന്നു ചോദിച്ചാല്‍ ഇല്ല. പക്ഷേ പഠിച്ചിറങ്ങിയവര്‍ മുംബൈ ടെലിവിഷനിലേക്കോ കര്‍ണാടക ടെലിവിഷനിലേക്കോ പോകുന്നതില്ലാതാകും. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനം തീര്‍ച്ചയായും വികേന്ദ്രീകരിക്കപ്പെടണം. ഏതുതരം കേന്ദ്രീകരണവും ഫാസിസമാണ്.