ഭീതിയോ പ്രീതിയോ കൂടാതെ നിയമം നടപ്പാക്കുമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് കുരിയാര്‍കുറ്റി- കാരപ്പാറ അഴിമതിക്കേസില്‍ മന്ത്രി ടി എം ജേക്കബ്ബിനെ രക്ഷിക്കാന്‍വേണ്ടി കോടതിയില്‍ നടത്തിയ കള്ളക്കളിയിലൂടെ ഉമ്മന്‍ചാണ്ടിമന്ത്രിസഭ ചെയ്തത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കോടതിമുമ്പാകെ അവതരിപ്പിക്കാതെയും ഫലപ്രദമായി വാദമുഖങ്ങള്‍ ഉന്നയിക്കാതെയും ടി എം ജേക്കബ്ബിനെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തന്ത്രം. ഖജനാവിന് വന്‍നഷ്ടം വരുത്തിയവര്‍ക്കെതിരായ വാദങ്ങളും തെളിവുകളും നിരത്താന്‍ ബാധ്യസ്ഥനായ സര്‍ക്കാര്‍ അഭിഭാഷകന്‍ നിര്‍ണായകഘട്ടത്തില്‍ മൗനിയായി നിന്ന് പ്രതിയെ രക്ഷപ്പെടുത്തി.
സംസ്ഥാനത്തിന്റെ താല്‍പ്പര്യപ്രകാരം പ്രവര്‍ത്തിക്കേണ്ട കേരളസര്‍ക്കാര്‍ അത് ധ്വംസിച്ചവരുടെ പക്ഷത്തുചേരുന്ന വിചിത്രമായ കാഴ്ചയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ കണ്ടത്. ആരോടും പ്രീതിയില്ലാതെയും ആരെയും ഭയക്കാതെയും ഭരണം നടത്താമെന്ന സത്യപ്രതിജ്ഞാവാചകം പൊള്ളയാണെന്നുവരുന്ന നിമിഷങ്ങളായിരുന്നു അത്. മന്ത്രിസ്ഥാനത്തിരിക്കുന്നവര്‍ക്ക്, ആ സ്ഥാനമുപയോഗിച്ച് തങ്ങള്‍ക്കെതിരായ കേസുകളെ എങ്ങനെ നിര്‍വീര്യമാക്കാനാവുമെന്നതിന്റെ ദൃഷ്ടാന്തമാവുകകൂടി ചെയ്യുന്നു ഈ സംഭവം. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടി അന്വേഷണം നേരിടുന്ന പാമൊലിന്‍ കേസില്‍ അവസാനമെന്തുണ്ടാവുമെന്നതിന്റെ സൂചനകൂടി ഇത് നല്‍കുന്നു. കോടതിയെപ്പോലും കള്ളക്കളിക്കുള്ള അരങ്ങാക്കിമാറ്റാന്‍ മടിയില്ലാത്തവര്‍ അധികാരസ്ഥാനത്തിരിക്കുമ്പോള്‍ , അവര്‍ക്കുകീഴിലുള്ള വിജിലന്‍സിനെ കുരങ്ങുകളിപ്പിക്കാനുണ്ടാവുമോ വിഷമം? അതുകൊണ്ടുതന്നെ, വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാലേ ആ കേസില്‍ നീതി നടപ്പാവൂ എന്ന ചിന്തയ്ക്ക് ഈ സംഭവം അടിവരയിടുന്നു. സുപ്രീംകോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടുപോലും ടി എം ജേക്കബ്ബിനും മറ്റുമെതിരായ തെളിവുകള്‍ നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ല എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. ടി എം ജേക്കബ് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായതുകൊണ്ടാണിത് എന്നുകാണാന്‍ വിശേഷബുദ്ധിയുടെ ആവശ്യമില്ല. മന്ത്രിയെ രക്ഷിച്ചെടുക്കാന്‍ നിയമത്തിന്റെ വലയില്‍ പഴുതുണ്ടാക്കുക എന്ന കൃത്യമാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ചെയ്തത്. നിയമം, അതിന്റെ സ്വാഭാവികമായ വഴിക്കുപോകുമ്പോള്‍ തടസ്സമുണ്ടാക്കലാണിത്.
നീതിന്യായ പ്രക്രിയയെ അട്ടിമറിക്കാന്‍ ഭരണാധികാരം ദുരുപയോഗിക്കലാണ്. താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞുവെന്നാണ് ടി എം ജേക്കബ് ഇപ്പോള്‍ പറയുന്നത്. സത്യത്തില്‍ അദ്ദേഹം പറയേണ്ടത്, സത്യപ്രതിജ്ഞാലംഘനം, അധികാരദുര്‍വിനിയോഗം എന്നീ കുറ്റകൃത്യങ്ങള്‍കൂടി താന്‍ ചെയ്തുവെന്നാണ്. അങ്ങനെ വിജിലന്‍സ് കോടതി തനിക്കുമേല്‍ സ്ഥാപിച്ച കുറ്റങ്ങളെ മറ്റ് രണ്ട് കുറ്റകൃത്യങ്ങളിലൂടെ ഇല്ലായ്മ ചെയ്തുവെന്ന പ്രതീതി വരുത്താന്‍ തനിക്ക് സാധിച്ചുവെന്നാണ്. കേരളസര്‍ക്കാരിന്റെ വക്കീല്‍ സംസ്ഥാനതാല്‍പ്പര്യത്തിനെതിരായി തന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തക്കവിധത്തിലുള്ള നിലപാടെടുക്കുന്നതായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ടി എം ജേക്കബ് കെ കെ വേണുഗോപാലിനെപ്പോലുള്ള ഒരു സീനിയര്‍ അഭിഭാഷകനെ വയ്ക്കേണ്ട കാര്യമില്ലായിരുന്നു. വേണുഗോപാല്‍ ടി എം ജേക്കബ്ബിനുവേണ്ടി ഉന്നയിച്ച വാദങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ നോക്കുക എന്ന കര്‍മമാണ് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ അനുഷ്ഠിച്ചത്. ഹൈക്കോടതിയിലുന്നയിച്ച വാദങ്ങളും അവതരിപ്പിച്ച തെളിവുകളുംപൂഴ്ത്തിവച്ചുകൊണ്ട് ടി എം ജേക്കബ്ബിന്റെ വാദം ജയിക്കാനുള്ള അവസരം അദ്ദേഹം ഉണ്ടാക്കിയെടുത്തു. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ , അദ്ദേഹത്തെ ആ വിധത്തില്‍ കേരളസര്‍ക്കാര്‍ ഉപയോഗിച്ചു. സര്‍ക്കാരിന്റെയും അഭിഭാഷകന്റെയും നടപടി നീതിവിരുദ്ധമാണ്; അധാര്‍മികമാണ്. കനാല്‍ മണ്ണിട്ട് നിരപ്പാക്കുന്നതിന് അധികതുക കരാറുകാരന് നല്‍കി ഖജനാവിന് നഷ്ടം വരുത്തിയെന്നതാണ് കേസ്. ടെന്‍ഡര്‍ വിളിക്കാതെ നേരിട്ട് കരാര്‍ ഏല്‍പ്പിച്ചുകൊടുത്തു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും ജലഅതോറിറ്റിയുടെയും അനുമതി വേണമെന്ന വ്യവസ്ഥ ലംഘിച്ചു.
1,10,416 ക്യുബിക് മീറ്റര്‍ മണ്ണിട്ടെന്നുകാട്ടി കരാറുകാരന്‍ ഒരുകോടി അറുപതുലക്ഷം രൂപ വാങ്ങിയെന്നും യഥാര്‍ഥത്തില്‍ 88,883 ക്യുബിക് മീറ്ററേ നികത്തിയിരുന്നുള്ളൂവെന്നും ചെയ്യാത്ത പണിക്ക് 60 ലക്ഷം രൂപ അധികമായി ഖജനാവില്‍നിന്ന് കൊടുത്തുവെന്നുമാണ് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍നിന്ന് മറച്ചുപിടിച്ച്, എ കെ ആന്റണി മന്ത്രിസഭയുടെകാലത്ത് ജേക്കബ്ബിനെ രക്ഷിച്ചെടുക്കാനായി തയ്യാറാക്കിയ പുനരന്വേഷണ പ്രഹസന റിപ്പോര്‍ട്ട് മാത്രം കോടതി മുമ്പാകെ അവതരിപ്പിച്ചു. വേണുഗോപാല്‍ എന്ന പ്രതിഭാഗം അഭിഭാഷകന്‍ ഇത് ചെയ്താല്‍ മനസിലാക്കാം. എന്നാല്‍ , ഖജനാവിന്റെ താല്‍പ്പര്യം പരിരക്ഷിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ഘട്ടത്തില്‍ യഥാര്‍ഥ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് കോടതി ആവര്‍ത്തിച്ച് ചോദിക്കുമ്പോഴും മൗനം പുലര്‍ത്തിയാലോ? അതാണ് കള്ളക്കളി. പ്രഹസന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനുള്ള ശ്രമത്തെ വിജിലന്‍സ് കോടതി നേരത്തേതന്നെ നിരാകരിച്ചതാണ്. അത്തരം കാര്യങ്ങളും മറച്ചുവച്ചു. ഒന്നാം റിപ്പോര്‍ട്ടാണ് ശരിയെന്നും രണ്ടാം റിപ്പോര്‍ട്ട് പ്രഹസനമാണെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചതാണ്. അതും മറച്ചുവച്ചു. ഈ കേസിന്റെ ഓരോ ഘട്ടത്തിലും ടി എം ജേക്കബ്ബിന്റെ താല്‍പ്പര്യപ്രകാരം യുഡിഎഫ് വഴിവിട്ട് ഇടപെട്ടിട്ടുള്ളതായി കാണാം. 2001ല്‍ യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍വന്നയുടന്‍ ആദ്യം ചെയ്തത് കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെയാകെ കൂട്ടത്തോടെ സ്ഥലംമാറ്റുകയാണ്.
വിജിലന്‍സ് വിഭാഗം ഡിവൈഎസ്പി മുതല്‍ ഡിഐജിവരെയുള്ളവരെ മാറ്റി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി. ഇത്തവണ അധികാരത്തില്‍വന്ന യുഡിഎഫ് ഈ കേസിലെ ടി എം ജേക്കബ്ബിന്റെ അഭിഭാഷകയെ സംസ്ഥാന സ്റ്റാന്‍ഡിങ് കൗണ്‍സലാക്കി. ഇങ്ങനെ പണ്ടേ തുടങ്ങിയ പ്രക്രിയ സുപ്രീംകോടതിയില്‍ അതിന്റെ പരിസമാപ്തിയിലെത്തുകയായിരുന്നു; വാദിക്കുവേണ്ടി ഹാജരായവര്‍ പ്രതിഭാഗം ചേരുന്ന വിചിത്ര നടപടിയിലൂടെ. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയ്ക്കൊക്കെ തെളിവുണ്ടായിട്ടും കോടതിമുമ്പാകെ അതൊന്നുമവതരിപ്പിക്കാതെ പ്രതിയെ രക്ഷിച്ചെടുക്കുന്ന ദൗത്യം വാദിഭാഗം ഏറ്റെടുത്തുവെന്നത് വിചിത്രമായ കാര്യമാണ്. ആ മാറ്റത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാല്‍ പുറത്തുവരുന്നത് ഉമ്മന്‍ചാണ്ടിമന്ത്രിസഭയുടെ സത്യപ്രതിജ്ഞാലംഘനവും അധികാരദുര്‍വിനിയോഗവുമാണ്. അധാര്‍മികവും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ രാഷ്ട്രീയ കള്ളക്കളിയാണ് കോടതിമുമ്പാകെ നടന്നത് എന്ന കാര്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന് തീര്‍ച്ച.
*****
Desabhimani Editorial 18-08-2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment