Saturday, August 13, 2011

ലണ്ടന്‍ കലാപവും കാമറോണിന്റെ വീണവായനയും

കഴിഞ്ഞ ശനിയാഴ്ച ഒരു പൊലീസുകാരന്‍ കരീബിയന്‍ വംശജനെ ഉത്തരലണ്ടനില്‍ വെടിവച്ച് കൊന്നതിനെത്തുടര്‍ന്ന് ലണ്ടനിലും സമീപ നഗരങ്ങളിലും പൊട്ടിപ്പുറപ്പെട്ട ലഹള അഞ്ച് ദിവസത്തോളം നീണ്ടുനിന്നു. ഇപ്പോള്‍ ലഹള കെട്ടടങ്ങിത്തുടങ്ങിയതായാണ് വാര്‍ത്തകളില്‍ കാണുന്നത്. ലണ്ടന്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കൊള്ളയും കൊള്ളിവയ്പും അതിക്രമങ്ങളും നടന്നു. പതിനാറായിരത്തില്‍പ്പരം സ്കോട്ട്ലന്‍ഡ് യാര്‍ഡ് പൊലീസുകാരെ ലഹള അടിച്ചമര്‍ത്താന്‍ വിന്യസിച്ചിട്ടും കാര്യമുണ്ടായില്ല. പിന്നീട് അധികാരികള്‍ സായുധസേനയെത്തന്നെ രംഗത്തിറക്കി. ഈ ലഹളയുടെ സന്ദര്‍ഭത്തില്‍ പാര്‍ലമെന്റ് അവധിയിലായിരുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഇറ്റലിയില്‍ സുഖവാസത്തിന് പോയിരിക്കുകയായിരുന്നു. പല പാര്‍ലമെന്റ് അംഗങ്ങളും വിനോദസഞ്ചാരത്തിലോ വിദേശങ്ങളില്‍ വിശ്രമത്തിലോ ആയിരുന്നു.

സംഭവത്തിന്റെ രൂക്ഷതയും നാശനഷ്ടങ്ങളുടെ അളവും ഇറ്റലിയിലായിരുന്ന ഡേവിഡ് കാമറോണിനെ അസ്വസ്ഥനാക്കുകയും അദ്ദേഹം വിശ്രമവും സുഖവാസവും അവസാനിപ്പിച്ച് ലണ്ടനില്‍ തിരിച്ചെത്തുകയും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച സംഭവം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുചേര്‍ത്തു. ആ സമ്മേളനത്തില്‍ കാമറോണ്‍ നടത്തിയ ചില വിചിത്രമായ പ്രസ്താവനകളും വിലയിരുത്തലുകളും നടത്തിയത് കാണുമ്പോള്‍ റോമാ ചക്രവര്‍ത്തി നീറോയുടെ ഭ്രാന്തന്‍ നടപടികളും നിലപാടുകളുമാണ് ഓര്‍മ വരുന്നത്. തന്റെ ഭരണത്തിലുള്ള റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ഔദ്യോഗിക ആസ്ഥാനവുമായ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണവായിക്കുകയായിരുന്നത്രേ നീറോ ചക്രവര്‍ത്തി. കാമറൂണിന്റെ പ്രസ്താവന നീറോയുടെ വീണവായനയ്ക്ക് തുല്യമാണ്. മനുഷ്യരുടെ ധാര്‍മിക അധഃപതനമാണ് അക്രമത്തിന് കാരണമെന്നാണ് കാമറോണ്‍ പറയുന്നത്. മക്കളെ വളര്‍ത്തിയതിലുള്ള ദൂഷ്യമാണ് ഈ കലാപങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റില്‍ പത്താം നമ്പര്‍ സുഖവാസ ഭവനത്തില്‍ സുരക്ഷിതനായി കഴിയുന്ന കാമറോണ്‍ രാജ്യത്തിന്റെ അവസ്ഥയോ കൈകാര്യംചെയ്യുന്ന ഫയലുകളുടെ ഉള്ളടക്കമോ ശ്രദ്ധിച്ചിട്ടില്ല. ബ്രിട്ടന്‍പോലെ അഭ്യസ്തവിദ്യരുടെയും സംസ്കാര സമ്പന്നരുടെയും രാജ്യത്ത് എങ്ങനെ ഇങ്ങനെയൊരാള്‍ പ്രധാനമന്ത്രിയായി എന്നതില്‍ അത്ഭുതം തോന്നുന്നു.

ഇന്നത്തെ ബ്രിട്ടീഷ് സമൂഹം ഒരു ബഹുസ്വര, ബഹുവംശ (മള്‍ട്ടി കള്‍ച്ചറല്‍ , മള്‍ട്ടി റേഷ്യല്‍) രാഷ്ട്രമാണ്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന നിലയില്‍ ബ്രിട്ടന്‍ ലോകമെമ്പാടും വ്യാപിച്ചു കിടന്നപ്പോള്‍ ഏറ്റവും കൂലി കുറച്ച് പണിയെടുക്കാന്‍ ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും കറുത്തവര്‍ഗക്കാരെയും രാജ്യത്തെത്തിച്ച് ലാഭം കൊയ്തുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ലണ്ടന്‍ ബ്രിട്ടന്റെ തലസ്ഥാനം മാത്രമായിരുന്നില്ല; ലോകത്തിന്റെ മൊത്തം തലസ്ഥാനംപോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ആ കാലത്ത് "ദ സിറ്റി" എന്നുമാത്രം പറഞ്ഞാല്‍ ലോകം മനസ്സിലാക്കുക "ദ സിറ്റി ഓഫ് ലണ്ടന്‍" എന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകനേതൃത്വം ബ്രിട്ടനില്‍നിന്ന് അറ്റ്ലാന്റിക് സമുദ്രം കടന്ന് അമേരിക്കന്‍ ഐക്യനാടിന്റെ കൈയിലെത്തിയപ്പോഴും ലണ്ടന്റെ പ്രതാപം മങ്ങിയില്ല. ഇപ്പോള്‍ ലണ്ടനിലെ ജനസംഖ്യയില്‍ 50 ശതമാനത്തോളം ഏഷ്യക്കാരും കരീബിയന്‍ പ്രദേശത്തുനിന്നുള്ള സങ്കരവര്‍ഗക്കാരും ആഫ്രിക്കയില്‍നിന്നുള്ള കറുത്തവര്‍ഗക്കാരുമാണ്. ഒടുവിലത്തെ കണക്കനുസരിച്ച് ബ്രിട്ടനില്‍ ഒരു കോടി ആളുകള്‍ തൊഴിലില്ലാത്തവരാണ്. അതില്‍ വലിയ പങ്ക് ലണ്ടന്‍ നഗരത്തിലാണ്. അതാകട്ടെ ഇംഗ്ലണ്ടിലെ ഏറ്റവും ദരിദ്രരും സാമൂഹ്യമായി അധഃകൃതരുമായ പുറമെനിന്ന് വന്ന കൂട്ടരാണ്. പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലും ദുര്‍ലഭമായാണ് അവര്‍ക്ക് കിട്ടുന്നത്. മാര്‍ഗരറ്റ് താച്ചറുടെ 16 വര്‍ഷം നീണ്ട ടോറി ഭരണകാലത്ത് സാമൂഹ്യസുരക്ഷാ നടപടികളും വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം മുതലായ സര്‍ക്കാര്‍ സഹായങ്ങളും കമ്പോളവല്‍ക്കരണത്തിന്റെ പേരില്‍ നിര്‍ത്തലാക്കി.

1945ല്‍ അവസാനിച്ച രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലേബര്‍ പാര്‍ടിയുടെ പ്രധാനമന്ത്രിയായിരുന്ന സി ആര്‍ ആറ്റ്ലി നടപ്പാക്കിയ പല സാമൂഹ്യസുരക്ഷാ നടപടികളും താച്ചറുടെ കാലത്ത് റദ്ദാക്കപ്പെട്ടു. ദേശസാല്‍ക്കരിക്കപ്പെട്ട പല വ്യവസായസ്ഥാപനങ്ങളും താച്ചര്‍ സ്വകാര്യവല്‍ക്കരിച്ചു. ഇവയൊന്നും ലേബര്‍ പാര്‍ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അനുസരിച്ച് തിരുത്താന്‍ പിന്നീട് അധികാരത്തില്‍ വന്ന ടോണി ബ്ലെയര്‍ ശ്രമിച്ചില്ല. അതിനുശേഷം വന്നവരും ശ്രമിച്ചില്ല. ഇപ്പോള്‍ ഡേവിഡ് കാമറോണ്‍ താച്ചറുടെ നയം പിന്തുടര്‍ന്നുകൊണ്ട് ചെലവുചുരുക്കലിന്റെ പേരില്‍ അവശേഷിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളും വെട്ടിച്ചുരുക്കാന്‍ പോവുകയാണ്. "സബ്സിഡി ബില്‍" കൊണ്ടുവന്നാണ് ഇത് നടപ്പാക്കുന്നത്. തൊഴിലില്ലായ്മാ വേതനം, വാര്‍ധക്യകാല ചികിത്സ, ദരിദ്രവിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയെല്ലാം വെട്ടിച്ചുരുക്കും. ഇത്തരം നടപടികള്‍ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയുള്ള ജനരോഷമായിരുന്നു ലണ്ടന്‍ കലാപമെന്ന് മനസ്സിലാക്കാതെയോ മനസ്സിലാക്കിയിട്ടും അജ്ഞത നടിക്കുകയോ ആണ് കാമറോണ്‍ . സദാചാരഭ്രംശവും മാതാപിതാക്കള്‍ കുട്ടികളെ നേരാംവണ്ണം വളര്‍ത്താത്തതുമാണ് എല്ലാ കുഴപ്പത്തിനും കാരണമെന്നു പറയുമ്പോള്‍ കാമറോണിന് ചിത്തഭ്രമം സംഭവിച്ചിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

വംശീയവൈരം

തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ദുരവസ്ഥയ്ക്ക് കാരണം വെള്ളക്കാരല്ലാത്ത വിദേശ വംശജരാണെന്ന ധാരണ പരത്താന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ തകര്‍ന്നിരിക്കുന്ന റൂപര്‍ട്ട് മര്‍ഡോക്കിന്റെ കുത്തക മാധ്യമങ്ങള്‍ ഈ വംശവെറി പ്രചരിപ്പിക്കുന്നതില്‍ ചെറിയ പങ്കൊന്നുമല്ല വഹിച്ചത്. കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയ്ക്ക് പല ബ്രിട്ടീഷ് നഗരങ്ങളിലും വെള്ളക്കാരും വെള്ളക്കാരല്ലാത്തവരും തമ്മിലുള്ള സംഘട്ടനങ്ങളെക്കുറിച്ചും വെള്ളക്കാരല്ലാത്തവരെ അവരുടെ പണിസ്ഥലങ്ങളില്‍നിന്നും വീടുകളില്‍നിന്നും ആട്ടിയോടിക്കുന്നതിനെക്കുറിച്ചു ഈ പംക്തിയില്‍ മുമ്പ് പരാമര്‍ശിച്ചിട്ടുണ്ടല്ലോ. തീര്‍ച്ചയായും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് വെള്ളക്കാരോടുള്ള വൈരം ഈ ലഹളയില്‍ പ്രകടമാകുന്നത് സ്വാഭാവികം.

ലോകമാധ്യമങ്ങള്‍ പൊതുവെ ഈ ലഹളയുടെ വംശീയവശത്തിന് ഊന്നല്‍ കൊടുക്കുകയും അടിസ്ഥാനപരമായ സാമ്പത്തിക നയങ്ങളും ചെലവു ചുരുക്കല്‍ പദ്ധതിയുടെ പേരിലുള്ള പ്രഹരങ്ങളും മറച്ചുവയ്ക്കുകയും ചെയ്തു. 2008ല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് അമേരിക്കന്‍ ഐക്യനാട് കരകയറിയിട്ടില്ലെന്നു മാത്രമല്ല അടുത്തിടെ അത് കൂടുതല്‍ രൂക്ഷമാകുന്നതിന്റെ ലക്ഷണവും കണ്ടുതുടങ്ങിയിട്ടുണ്ട്. ഡോളറിന്റെ തളര്‍ച്ചയും ഒരു സാര്‍വദേശീയ പ്രശ്നമാണ്. ലോകമാകെ വിലമതിക്കുകയും സാര്‍വദേശീയ വിനിമയ മാധ്യമമായി കരുതുകയും ചെയ്തുവന്ന ഡോളര്‍ ഇന്ന് ആര്‍ക്കും വേണ്ടാതായിരിക്കുന്നു. ലോകത്തില്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ ഡോളര്‍ മിച്ചമുള്ള ചൈന ഡോളറുകള്‍ക്കുപകരം സ്വര്‍ണം വാങ്ങി ശേഖരിച്ചു തുടങ്ങിയതായി കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008ലെ സാമ്പത്തികത്തകര്‍ച്ചയുടെ നീര്‍ച്ചുഴിയില്‍ നിന്നാണ് കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് ബറാക് ഒബാമ പ്രതീക്ഷ ഉയര്‍ത്തി അമേരിക്കയില്‍ അധികാരമേറ്റത്. വരുന്നവര്‍ഷം കാലാവധി അവസാനിക്കാന്‍ പോകുമ്പോള്‍ പ്രതീക്ഷകളെല്ലാം വ്യര്‍ഥമാക്കിക്കൊണ്ട് ഒബാമ വെള്ളംകുടിക്കുകയാണ്. ഈ തകര്‍ച്ചയുടെ പ്രതിഫലനം ബ്രിട്ടനെ ദോഷകരമായി ബാധിച്ചതും കലാപത്തിന്റെ എരിതീയില്‍ എണ്ണ ഒഴിച്ചതായി കാമറോണ്‍ കാണുന്നതേയില്ല.

യൂറോയും സഹായകരമല്ല

ഡോളറിന്റെ തകര്‍ച്ചയില്‍നിന്ന് മുതലാളിത്തലോകത്തിന് പിടിവള്ളിയാകുമെന്നു കരുതപ്പെട്ടിരുന്ന യൂറോപ്യന്‍ യൂണിയന്റെ പൊതു നാണയമായ യൂറോയും ഈ അവസരത്തില്‍ രക്ഷയ്ക്കെത്തുന്നില്ല. പല എണ്ണ ഉല്‍പ്പാദന രാജ്യങ്ങളും തങ്ങള്‍ക്ക് ഡോളര്‍വേണ്ട, സ്വര്‍ണം മതി, സ്വര്‍ണവുമില്ലെങ്കില്‍ തല്‍ക്കാലം യൂറോകൊണ്ട് തൃപ്തിപ്പെടാമെന്ന നിലപാടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടന്‍ യൂറോയെ പൂര്‍ണമായി അംഗീകരിച്ചിട്ടുമില്ല. ബ്രിട്ടീഷ് പൗണ്ടിന് പകരമായി ചെറിയതോതില്‍ യൂറോയും ബ്രിട്ടനില്‍ പ്രചരിക്കുന്നുണ്ട് എന്നുമാത്രം. ബ്രിട്ടനിലെ കലാപത്തിന്റെ ഈ അന്തര്‍ധാരകള്‍ പ്രധാനമന്ത്രി കാമറോണിന്റെ ബുദ്ധിയില്‍ പ്രവേശിച്ചതായി കാണുന്നില്ല. അഞ്ചുദിവസം നീണ്ടുനിന്ന കലാപം അവസാനിച്ചുതുടങ്ങിയെങ്കിലും ഇനിയും അതിനേക്കാള്‍ രൂക്ഷമായ കലാപങ്ങള്‍ ഉളവാക്കാന്‍ മാത്രമേ കാമറോണ്‍ എന്ന ആധുനിക നീറോ ചക്രവര്‍ത്തിയുടെ കാഴ്ചപ്പാട് സഹായിക്കുകയുള്ളൂ.


*****


പി ഗോവിന്ദപ്പിള്ള

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1945ല്‍ അവസാനിച്ച രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലേബര്‍ പാര്‍ടിയുടെ പ്രധാനമന്ത്രിയായിരുന്ന സി ആര്‍ ആറ്റ്ലി നടപ്പാക്കിയ പല സാമൂഹ്യസുരക്ഷാ നടപടികളും താച്ചറുടെ കാലത്ത് റദ്ദാക്കപ്പെട്ടു. ദേശസാല്‍ക്കരിക്കപ്പെട്ട പല വ്യവസായസ്ഥാപനങ്ങളും താച്ചര്‍ സ്വകാര്യവല്‍ക്കരിച്ചു. ഇവയൊന്നും ലേബര്‍ പാര്‍ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അനുസരിച്ച് തിരുത്താന്‍ പിന്നീട് അധികാരത്തില്‍ വന്ന ടോണി ബ്ലെയര്‍ ശ്രമിച്ചില്ല. അതിനുശേഷം വന്നവരും ശ്രമിച്ചില്ല. ഇപ്പോള്‍ ഡേവിഡ് കാമറോണ്‍ താച്ചറുടെ നയം പിന്തുടര്‍ന്നുകൊണ്ട് ചെലവുചുരുക്കലിന്റെ പേരില്‍ അവശേഷിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളും വെട്ടിച്ചുരുക്കാന്‍ പോവുകയാണ്. "സബ്സിഡി ബില്‍" കൊണ്ടുവന്നാണ് ഇത് നടപ്പാക്കുന്നത്. തൊഴിലില്ലായ്മാ വേതനം, വാര്‍ധക്യകാല ചികിത്സ, ദരിദ്രവിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയെല്ലാം വെട്ടിച്ചുരുക്കും. ഇത്തരം നടപടികള്‍ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയുള്ള ജനരോഷമായിരുന്നു ലണ്ടന്‍ കലാപമെന്ന് മനസ്സിലാക്കാതെയോ മനസ്സിലാക്കിയിട്ടും അജ്ഞത നടിക്കുകയോ ആണ് കാമറോണ്‍ . സദാചാരഭ്രംശവും മാതാപിതാക്കള്‍ കുട്ടികളെ നേരാംവണ്ണം വളര്‍ത്താത്തതുമാണ് എല്ലാ കുഴപ്പത്തിനും കാരണമെന്നു പറയുമ്പോള്‍ കാമറോണിന് ചിത്തഭ്രമം സംഭവിച്ചിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.