Thursday, August 4, 2011

പൊതുമേഖലാ ജനകീയ ബാങ്കിംഗ് സംവിധാനം സംരക്ഷിക്കുക

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ജനക്ഷേമകരമായ നടപടിയായിരുന്നു ബാങ്ക് ദേശസാല്‍ക്കരണം. 1969 ജൂലൈ 19ന് 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ കേവലം 8268 ബാങ്ക് ശാഖകളാണ് രാജ്യത്താകെ ഉണ്ടായിരുന്നത്. ഇന്ന് 75000 പൊതുമേഖലാ ബാങ്ക് ശാഖകള്‍ ഉണ്ട്. 69-ല്‍ 1863 ഗ്രാമീണ ശാഖകളാണുണ്ടായിരുന്നതെങ്കില്‍ ഇന്നത് 36000 ആയിരിക്കുന്നു. 69-ലെ ആകെ നിക്ഷേപം 4665 കോടി ആയിരുന്നുവെങ്കില്‍ ഇന്നത് 45 ലക്ഷം കോടി രൂപയാണ്. വായ്പയാകട്ടെ 3609 കോടിയില്‍നിന്നും 33 ലക്ഷം കോടിയായി വര്‍ധിച്ചു. എന്നാല്‍ ഈ പൊതുമേഖലാ ബാങ്കുകളെ പടിപടിയായി സ്വകാര്യവല്‍ക്കരിക്കുന്നതും ജനകീയ ബാങ്കിംഗ് സേവനം അന്യമായ പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് കേന്ദ്ര നയം.

2009 മുതല്‍ ഇന്നുവരെ അമേരിക്കയില്‍ മാത്രം 352 ബാങ്കുകള്‍ തകര്‍ന്നു (2009-ല്‍ 140, 2010-ല്‍ 157, 2011-ല്‍ നാളിതുവരെ 55). അമേരിക്കയിലേതുപോലെ ബാങ്ക് തകര്‍ച്ചകളുടെ തുടര്‍ക്കഥ ഇന്ത്യയില്‍ സംഭവിക്കാന്‍ ദേശസ്‌നേഹികളാരും ആഗ്രഹിക്കില്ല. ആഗോള സാമ്പത്തികമാന്ദ്യ സുനാമിയില്‍ ഇന്ത്യയെ രക്ഷിച്ച അത്ഭുതശക്തി ഇന്ത്യന്‍ മോഡല്‍ ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനവും സ്വകാര്യ വോട്ടവകാശ പരിധി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളുമാണെന്ന വസ്തുത ഒബാമ മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള രാഷ്ട്രത്തലവന്‍മാരും സാമ്പത്തിക വിദഗ്ധരും അംഗീകരിച്ചതാണ്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ നീക്കുന്നതിനായുള്ള ബാങ്കിംഗ് നിയമഭേദഗതികളും സ്വകാര്യവല്‍ക്കരണ-ലയന നയങ്ങളും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സ്വകാര്യ ബാങ്കുകളിലെ സ്വകാര്യ വോട്ടവകാശപരിധി 10 ശതമാനം എന്നത് എടുത്തുകളയാനും പൊതുമേഖലാ ബാങ്കുകളിലേത് ഒന്നില്‍ നിന്ന് 10 ശതമാനമായുയര്‍ത്താനും അങ്ങനെ ഇന്ത്യന്‍ ബാങ്കുകളെ സാമ്പത്തിക സുനാമിയില്‍ നിന്ന് സംരക്ഷിച്ച നിയന്ത്രണങ്ങള്‍ ഇല്ലായ്മ ചെയ്യുവാനുമുള്ള ബാങ്കിംഗ് നിയമഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഒട്ടേറെ നവസ്വകാര്യ ബാങ്കുകള്‍ ആരംഭിക്കുവാന്‍ കോര്‍പറേറ്റ് - വ്യവസായ കുടുംബങ്ങള്‍ക്കും ബാങ്കിതര ധനസ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള ലൈസന്‍സിംഗ് നയവും സര്‍ക്കാര്‍ അജണ്ടയിലുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ സര്‍ക്കാര്‍ ഓഹരി വിഹിതം 51 ശതമാനത്തില്‍ നിന്നും 33 ശതമാനമാക്കി കുറയ്ക്കണമെന്ന ഒ ഇ സി ഡി ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടക് സിംഗ് അഹലുവാലിയ പ്രഖ്യാപിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ കരുത്തായ പൊതുമേഖലാ ബാങ്കുകളുടെ ഉടമസ്ഥതാവകാശം കയ്യൊഴിയുന്നത് ദേശസാല്‍ക്കരണ ലക്ഷ്യങ്ങളുടെ നിരാസവും രാജ്യതാല്പര്യങ്ങള്‍ക്ക് വിരുധവുമാണ്. ഒരു ഭാഗത്ത് പൊതുമേഖലാ ബാങ്കുകളുടേയും അതുവഴി ശാഖകളുടേയും ലയിപ്പിച്ചില്ലാതാക്കല്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍, ഒട്ടേറെ പുത്തന്‍തലമുറ സ്വകാര്യവിദേശ ബാങ്കുകള്‍ തുടങ്ങാന്‍ പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നു. 55 ലക്ഷം കോടി രൂപ ബാങ്ക് നിക്ഷേപത്തിന്റെ നിയന്ത്രണം സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് കൈമാറുമെന്നതാണ് അനന്തരഫലം. ജനസമ്പാദ്യ സുരക്ഷയും ജനോന്മുഖ വായ്പാവിന്യാസവും അന്യമാവും. സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനം വിദേശ ഓഹരി നിക്ഷേപം നിലവില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. അത്രയും വോട്ടവകാശം കൂടി ലഭിക്കുമ്പോള്‍ സ്വകാര്യ ബാങ്കുകള്‍ പൂര്‍ണമായും വിദേശ ഉടമസ്ഥതയിലാകും. ജനകീയ ബാങ്കിംഗോ മുന്‍ഗണനാവിഭാഗം വായ്പകളോ ഒന്നും വിദേശ ബാങ്കുകളുടെ അജണ്ടയിലില്ല.

ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ ക്ഷീണിപ്പിക്കുന്നതും രാജ്യതാല്പര്യങ്ങള്‍ക്കെതിരുമായ ഇത്തരം നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കിംഗ് മേഖലയിലെ മുഴുവന്‍ തൊഴിലാളികളേയും പ്രതിനിധാനം ചെയ്യുന്നതും ഒമ്പതു യൂണിയനുകളുടെ സംയുക്ത വേദിയുമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ പൊതുമേഖലാ, സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസര്‍മാരും ഓഗസ്റ്റ് 5ന് സൂചനാപണിമുടക്ക് നടത്തുകയാണ്. വന്‍കിട സ്വകാര്യവ്യവസായ ഗ്രൂപ്പുകള്‍ക്കും ബാങ്കിതര ധനസ്ഥാപനങ്ങള്‍ക്കും യേഥഷ്ടം ബാങ്കുകള്‍ തുടങ്ങുവാനുള്ള ലൈസന്‍സ് നല്‍കുവാനുള്ള നയം ഉപേക്ഷിക്കുക, പൊതുമേഖലാ ബാങ്ക് ലയനങ്ങള്‍, വിദേശ മൂലധനം, ബാങ്കിംഗ് നിയന്ത്രണ നിയമഭേദഗതിചെയ്തു ഓഹരി വോട്ടവകാശ പരിധി റദ്ദാക്കല്‍, പുറംജോലികരാര്‍ സമ്പ്രദായം എന്നിവ വേണ്ടെന്നു വെയ്ക്കുക, പൊതുമേഖലാ ബാങ്ക് മൂലധനത്തിന് ലോകബാങ്ക് വായ്പയെടുക്കുന്നത് നിര്‍ത്തലാക്കുക, ബി എസ് ആര്‍ ബി പുനഃസ്ഥാപിക്കുക, ഒഴിവുകള്‍ നികത്തുക, ഇടപാടുകാര്‍ക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കുക, ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം വിപുലീകരിക്കുക, പുറംകരാര്‍ ജോലി സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ജനകീയ ബാങ്കിംഗ് സമ്പ്രദായങ്ങളുടെയും സംവിധാനങ്ങളുടെയും സംരക്ഷണാര്‍ഥം നടത്തുന്ന പ്രക്ഷോഭത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകളെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിര്‍ധനരും ഗ്രാമീണരും ആദിവാസികളും കര്‍ഷകത്തൊഴിലാളികളുമെല്ലാം വികസനത്തിന്റെ ഗുണഭോക്താക്കളാവാന്‍ ബാങ്കിംഗ് സേവനം ലഭ്യമാക്കണമെന്ന ആശയം (ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം വിപുലീകരിക്കണം. ബാങ്കില്ലാ മേഖലകളില്‍ ശാഖകള്‍ തുറക്കണം. ബി എസ് ആര്‍ ബി പുനഃസ്ഥാപിച്ച് ആവശ്യാധിഷ്ടിത നിയമനങ്ങള്‍ നടത്തണം. എന്നാല്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ നടപ്പാക്കാനെന്ന പേരില്‍ ഒട്ടേറെ നവസ്വകാര്യ ബാങ്കുകളാരംഭിക്കുവാന്‍ വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്കും ബാങ്കിതര ധനസ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. സമൂഹ സമ്പത്തിന്റെ കുത്തകവല്‍ക്കരണത്തിന് ഇടയാക്കുന്ന ഈ നയം ബാങ്ക് ദേശസാല്‍ക്കരണ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്. 90കള്‍ക്ക് ശേഷം ആരംഭിച്ച പുത്തന്‍തലമുറ സ്വകാര്യ ബാങ്കുകളില്‍ പലതും ഇന്നില്ല. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് തകര്‍ന്നതും പൊതുമേഖലാ ബാങ്കായ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ ലയിപ്പിച്ചതും നാം മറന്നിട്ടില്ല. ടൈംസ് ബാങ്ക്, ബാങ്ക് ഓഫ് പഞ്ചാബ്, സെഞ്ചൂറിയന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളും ഇല്ലാതായി. സുതാര്യമല്ലാത്ത ബാങ്കിംഗ് രീതികളും ക്ലാസ് ബാങ്കിംഗും സവിശേഷതകളായുള്ള നവസ്വകാര്യ ബാങ്കുകള്‍ മുന്‍ഗണനാവിഭാഗങ്ങള്‍ക്കോ നിര്‍ധന ജനവിഭാഗങ്ങള്‍ക്കോ വായ്പകള്‍ നല്കാന്‍ വിമുഖത കാട്ടുന്നുവെന്ന വസ്തുത വിസ്മരിക്കാനാവില്ല. വിദ്യാഭ്യാസത്തിനും കൃഷിക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും ചെറുകിടക്കാര്‍ക്കുമെല്ലാം വായ്പകള്‍ നല്‍കാന്‍ പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകളോ വിദേശ ബാങ്കുകളോ തയ്യാറാകാത്ത സാഹചര്യം നിലനില്‍ക്കുന്നു.

ബാങ്ക് ലയന നീക്കം പൊതുമേഖലാബാങ്കുകളെ സ്വകാര്യകോര്‍പറേറ്റ് ബാങ്കുകളാക്കുവാന്‍ വഴിയൊരുക്കും. വിദേശ പ്രത്യക്ഷ നിക്ഷേപം വര്‍ധിപ്പിക്കുന്നതും വോട്ടവകാശ നിയന്ത്രണം റദ്ദാക്കുന്നതും ബാങ്കുകളിന്മേലുള്ള വിദേശാധിപത്യം വര്‍ധിപ്പിക്കും. ജനകീയ ബാങ്കിംഗ് അന്യമാവാനും, മുന്‍ഗണനാവായ്പകള്‍ നിലയ്ക്കാനും ഇത് കാരണമാവും. ഉഭയകക്ഷി കരാര്‍ ലംഘിച്ച് ബാങ്കിംഗ് സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് സുരക്ഷ തകര്‍ക്കും. വിശ്വാസ്യതയേയും സേവനനിലവാരത്തേയും പ്രതികൂലമായി ബാധിക്കും. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ പേരില്‍ ബിസിനസ് കറസ്‌പോണ്ടന്റ്/ഫെസിലിറ്റേറ്റര്‍ തുടങ്ങിയ ദല്ലാളുകളെ നിയോഗിക്കുകയല്ല, ബാങ്കില്ലാ മേഖലയില്‍ ബാങ്ക് ശാഖകള്‍ ആരംഭിക്കുകയാണ് വേണ്ടത്. മൂലധനത്തിനായി ലോകബാങ്ക് വായ്പ സ്വീകരിച്ചത് ജനവിരുദ്ധ നിബന്ധനകള്‍ ബാങ്കുകളിന്മേല്‍ ക്ഷണിച്ചുവരുത്തും. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ള നിശ്ചിത സേവന-വേതന വ്യവസ്ഥകളെ തകിടം മറിയ്ക്കുന്ന, റിക്രൂട്ട്‌മെന്റ്, വേതനക്രമം, പരിശീലനം, സ്ഥലംമാറ്റം, പ്രമോഷന്‍ തുടങ്ങിയവ ഏകപക്ഷീയമാക്കുന്ന, തൊഴിലാളിവിരുധമായ ഖണ്ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശകള്‍ നിരാകരിക്കണം. കസ്റ്റമര്‍ സര്‍വീസ് മികവുറ്റതാക്കണം, ജോലിഭാരം ലഘൂകരിക്കണം. അംഗീകരിച്ച ആശ്രിത നിയമന/ധനസഹായ പദ്ധതി നടപ്പാക്കുക, കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ പെന്‍ഷന്‍ അപ്‌ഡേഷനും നൂറുശതമാനം ക്ഷാമബത്തയും അനുവദിക്കുക. കമ്മ്യൂട്ടേഷന്‍-ഫാമിലി പെന്‍ഷന്‍, പ്രീ-1986 എക്‌സ്‌ഗ്രേഷ്യ തുടങ്ങിയവ വര്‍ധിപ്പിക്കുക. സഹകരണ ബാങ്കുകളെ 80 പി. വകുപ്പ് പ്രകാരം ആദായനികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുകയും പുനര്‍ മൂലധനസഹായമുള്‍പ്പെടെ നല്‍കി ശാക്തീകരിക്കുകയും ജീവനക്കാര്‍ക്ക് പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുക. ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് സ്‌പോണ്‍സര്‍ ബാങ്കുകളിലേതിന് സമാനമായ പെന്‍ഷനും അലവന്‍സുകളും അനുവദിക്കുക. ലഘുനിക്ഷേപ സമ്പാദകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിക്കുന്നു.

രാജ്യത്തെ രക്ഷിച്ച ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം പൊന്‍മുട്ടയിടുന്ന താറാവാണ്. അതിനെ സംരക്ഷിക്കാനായുള്ള ഈ പ്രക്ഷോഭത്തിന് ബാങ്ക് ഇടപാടുകാര്‍, ഗുണഭോക്താക്കള്‍, കര്‍ഷകര്‍, വ്യാപാരി വ്യവസായികള്‍, ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍, രാഷ്ട്രീയ-സാമൂഹ്യ-ട്രേഡ് യൂണിയന്‍-വനിതാ-യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാവരുടെയും പിന്തുണ അനിവാര്യമാണ്.

*
സി ഡി ജോസണ്‍ (ലേഖകന്‍ ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എഐബിഇഎ) സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബാങ്കുയൂണിയനുകളുടെ ഐക്യവേദിയുടെ സംസ്ഥാന കണ്‍വീനറുമാണ്)

ജനയുഗം 04 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ജനക്ഷേമകരമായ നടപടിയായിരുന്നു ബാങ്ക് ദേശസാല്‍ക്കരണം. 1969 ജൂലൈ 19ന് 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ കേവലം 8268 ബാങ്ക് ശാഖകളാണ് രാജ്യത്താകെ ഉണ്ടായിരുന്നത്. ഇന്ന് 75000 പൊതുമേഖലാ ബാങ്ക് ശാഖകള്‍ ഉണ്ട്. 69-ല്‍ 1863 ഗ്രാമീണ ശാഖകളാണുണ്ടായിരുന്നതെങ്കില്‍ ഇന്നത് 36000 ആയിരിക്കുന്നു. 69-ലെ ആകെ നിക്ഷേപം 4665 കോടി ആയിരുന്നുവെങ്കില്‍ ഇന്നത് 45 ലക്ഷം കോടി രൂപയാണ്. വായ്പയാകട്ടെ 3609 കോടിയില്‍നിന്നും 33 ലക്ഷം കോടിയായി വര്‍ധിച്ചു. എന്നാല്‍ ഈ പൊതുമേഖലാ ബാങ്കുകളെ പടിപടിയായി സ്വകാര്യവല്‍ക്കരിക്കുന്നതും ജനകീയ ബാങ്കിംഗ് സേവനം അന്യമായ പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് കേന്ദ്ര നയം