അഴിമതി കൈകാര്യംചെയ്യുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റിന് കരുത്തുണ്ടെന്ന് തെളിയിക്കപ്പെട്ട അപൂര്‍വ സന്ദര്‍ഭത്തിനാണ് കഴിഞ്ഞ ദിവസം രാജ്യസഭ സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്ത ഹൈക്കോര്‍ട്ടിലെ ജഡ്ജിയായിരുന്ന സൗമിത്രസെന്നിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനാണ് രാജ്യസഭ പാസാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് പാര്‍ലമെന്റിന്റെ ഏതെങ്കിലുമൊരു സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കുന്നത്. ലോക്സഭയില്‍ ഒരിക്കല്‍ ഇംപീച്ച്മെന്റ് പ്രമേയം ചര്‍ച്ച ചെയ്തിരുന്നു. ജസ്റ്റിസ് രാമസ്വാമിക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നും അന്ന് കോണ്‍ഗ്രസ് വിട്ടുനിന്നതുകൊണ്ട് പ്രമേയം പരാജയപ്പെട്ടു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിലെ പ്രധാനിയായ കപില്‍ സിബല്‍ പാര്‍ലമെന്റില്‍ ആദ്യമായി സംസാരിക്കുന്നത് രാമസ്വാമിയുടെ വക്കീല്‍ എന്ന നിലയിലാണ്. അഴിമതിക്കാരനുവേണ്ടി വാദിക്കാന്‍ ആദ്യമായി പാര്‍ലമെന്റിന്റെ വാതില്‍കടന്ന കപില്‍ സിബല്‍ പിന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിന്റെ പ്രധാനിയായത് ചരിത്രത്തിന്റെ ഭാഗം.
ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതുപോലും സാധാരണഗതിയില്‍ ദുഷ്കരമായ ദൗത്യമാണ്. അതുകൊണ്ടാണ് ആറുപതിറ്റാണ്ടിന്റെ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ രണ്ടുതവണ മാത്രം ഇംപീച്ച്മെന്റ് പ്രമേയം ചര്‍ച്ച ചെയ്യുന്നത്. ഈ രണ്ടു പ്രമേയങ്ങളും സിപിഐ എമ്മാണ് അവതരിപ്പിച്ചതെന്നതും ചരിത്രത്തിന്റെ ഭാഗം. രാജ്യസഭയിലെ അമ്പതില്‍ കുറയാത്ത അംഗങ്ങളോ ലോക്സഭയുടെ നൂറില്‍ കുറയാത്ത അംഗങ്ങളോ ഒപ്പിട്ടു നല്‍കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുന്നത്. ഇംപീച്ച്മെന്റ് ആവശ്യപ്പെടുന്ന കാര്യത്തില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ബോധ്യപ്പെടുമ്പോള്‍ രാജ്യസഭയുടെ ചെയര്‍മാനോ ലോക്സഭയുടെ സ്പീക്കറോ ജഡ്ജസ് എന്‍ക്വയറി അന്വേഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ഒരു കമ്മിറ്റിയെ നിശ്ചയിക്കും. ഇവര്‍ നടത്തുന്ന അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും. അവതരിപ്പിക്കുന്ന സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസായാല്‍ അതേ സെഷനില്‍ തന്നെ അടുത്ത സഭയിലും പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കപ്പെട്ടാല്‍ പിന്നെ പ്രസിഡന്റ് ജഡ്ജിയെ പുറത്താക്കും. പിന്നെ വേണമെങ്കില്‍ പുറത്താക്കപ്പെട്ട ജഡ്ജിക്ക് സുപ്രീംകോടതിയില്‍ ജുഡീഷ്യല്‍ റിവ്യൂവിന് സമീപിക്കാം. ഇത്രയും ദുഷ്കരമാണ് വഴികളെന്നതുകൊണ്ടായിരിക്കും ഭരണഘടനാ നിര്‍മാണവേളയില്‍തന്നെ പലരും ഇതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയിച്ചത്. ഈ അസാധാരണമായ കടമ്പയുടെ പ്രധാന ഘട്ടത്തിനാണ് കഴിഞ്ഞ ദിവസം രാജ്യസഭ സാക്ഷ്യംവഹിച്ചത്.
സ്റ്റീല്‍ അതോറിറ്റിയും ഷിപ്പിങ് കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കത്തില്‍ റിസീവറായിരുന്നപ്പോഴാണ് സൗമിത്രസെന്‍ സാമ്പത്തിക തിരിമറി നടത്തിയത്. അഭിഭാഷകര്‍ ജഡ്ജിയായിക്കഴിഞ്ഞാല്‍ സാധാരണഗതിയില്‍ റിസീവര്‍ സ്ഥാനം ഒഴിയേണ്ടതാണ്. എന്നാല്‍ , സെന്‍ സ്ഥാനം ഒഴിഞ്ഞില്ലെന്നു മാത്രമല്ല റിസീവറായതിനുശേഷം ഒരിക്കലും അതു സംബന്ധിച്ച കണക്കുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഇതു സംബന്ധിച്ച് കോടതിയില്‍ കേസ് വന്നപ്പോള്‍ അതിനോട് പ്രതികരിക്കാന്‍പോലും തയ്യാറായില്ല. കോടതിയുടെ അനുമതിയില്ലാതെ പണം വക മാറി ചെലവഴിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് സെന്നിനെതിരെ വിധി പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴേക്കും ഹൈക്കോടതി ജഡ്ജിയായിരുന്ന സെന്നിന്റെ നടപടിയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി മൂന്നു ജഡ്ജിമാരുടെ കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തി. റിസീവറെന്ന നിലയില്‍ നല്‍കിയ പണം ദുരുപയോഗപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍നിന്നും വസ്തുതകള്‍ മറച്ചുവെച്ചെന്നും ഈ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജിവയ്ക്കണമെന്ന നിര്‍ദേശം കൊളേജിയം മുന്നോട്ടുവെച്ചെങ്കിലും സെന്‍ അതിനു തയ്യാറായില്ല. അപ്പോഴാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.
എന്നാല്‍ , ഈ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറായത് സിപിഐ എമ്മാണ്. രാജ്യസഭാചെയര്‍മാന്‍ നിയോഗിച്ച അന്വേഷണകമീഷനും സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. സൗമിത്രാസെന്‍ ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് തന്റെ പ്രതിവാദം നടത്തിയത്. താന്‍ കുറ്റക്കാരനല്ലെന്നു സ്ഥാപിക്കാന്‍ നടത്തിയ ശ്രമം കുറച്ചൊക്കെ സഭയുടെ വികാരത്തെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ , സെന്നിന്റെ വാദമുഖങ്ങളെ പൊളിച്ചടുക്കുന്ന പ്രകടനമാണ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചത്. എതിര്‍വിസ്താരം ആവശ്യമില്ലാത്ത സന്ദര്‍ഭത്തില്‍ നടത്തുന്ന പ്രകടനം മാത്രമാണ് സെന്‍ നടത്തിയത്. രാജ്യസഭയില്‍ സ്വയം വാദിച്ച സെന്‍ എന്തുകൊണ്ട് അന്വേഷണസമിതിയുടെ മുമ്പാകെ ഹാജരായില്ലെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. അവിടെ മറുചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഉത്തരം മുട്ടുമെന്ന് മുന്‍കൂട്ടി കണ്ട് നടത്തിയ തന്ത്രമായിരുന്നു അത്്. ബിഎസ്പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ടികളും പ്രമേയത്തെ പിന്തുണച്ചു. അതോടെ ചരിത്രത്തിന് സഭ സാക്ഷ്യം വഹിച്ചു.
ആദ്യഘട്ടത്തില്‍ ഇംപീച്ച്മെന്റിനെ അനുകൂലിക്കാതിരുന്ന കോണ്‍ഗ്രസും ബിജെപിയും നിലപാട് മാറ്റുന്നതിലേക്ക് എത്തിയത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെകൂടി ഫലമായിട്ടാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം അഴിമതി നടത്തിയ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഉദാരവല്‍ക്കരണ നയങ്ങളുടെ രണ്ടു ദശകം അഴിമതി സര്‍വവ്യാപിയാക്കിയിരിക്കുന്നു. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളെയും ജീര്‍ണത ബാധിച്ചിരിക്കുന്നു. അഴിമതിക്കെതിരായ ജനവികാരം സമൂഹത്തില്‍ ശക്തമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ അഴിമതി നടത്തിയെന്നു സംശയരഹിതമായി തെളിയിക്കപ്പെട്ട ഒരു ജഡ്ജിയെ വെറുതെ വിട്ടാല്‍ ജനതക്ക് പാര്‍ലമെന്റിലും ഭരണഘടനയിലുമുള്ള വിശ്വാസത്തിനിടിവ് തട്ടുമെന്ന് രാഷ്ട്രീയ കക്ഷികള്‍ തിരിച്ചറിഞ്ഞുവെന്നത് നല്ല കാര്യമാണ്. നീതിന്യായ സംവിധാനത്തിന്റെ അഴിമതിക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് പാര്‍ലമെന്റ് ഈ നടപടിയിലൂടെ നല്‍കിയത്.
എന്നാല്‍ , മറ്റു ചില കാര്യങ്ങള്‍കൂടി ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നത് കാണാതിരുന്നുകുട. അതിലൊന്ന് ജഡ്ജിമാരുടെ നിയമനരീതിയാണ്. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ തെരഞ്ഞെടുക്കുകയെന്ന അത്യപൂര്‍വമായ രീതിയുള്ള രാജ്യമാണ് നമ്മുടേത്. ഭരണഘടനക്ക് നല്‍കിയ പുതിയ വ്യാഖ്യാനത്തിലൂടെ കോടതി തന്നെ 1993ല്‍ ഈ അവകാശം കവര്‍ന്നെടുത്തതാണ്. അഭിഭാഷകനായിരിക്കുമ്പോള്‍ തന്നെ അധികാരദുരുപയോഗം നടത്തിയ ഒരാള്‍ എങ്ങനെ ജഡ്ജിയായെന്ന പ്രസക്തമായ ചോദ്യം നിയമനവ്യവസ്ഥയുടെ പോരായ്മ തുറന്നുകാണിക്കുന്നതാണ്. ജഡ്ജിമാരുടെ നിയമനത്തിനു സുതാര്യമായ സംവിധാനം വേണമെന്നും നീതിന്യായവ്യവസ്ഥയിലെ അഴിമതി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജുഡീഷ്യല്‍ സംവിധാനം വേണമെന്നുമുള്ള ആവശ്യത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിന് ഈ ചര്‍ച്ച സഹായകരമായിരിക്കും
*
പി രാജീവ് ദേശാഭിമാനി 23 ആഗസ്റ്റ് 2011
Subscribe to:
Post Comments (Atom)
1 comment:
അഴിമതി കൈകാര്യംചെയ്യുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റിന് കരുത്തുണ്ടെന്ന് തെളിയിക്കപ്പെട്ട അപൂര്‍വ സന്ദര്‍ഭത്തിനാണ് കഴിഞ്ഞ ദിവസം രാജ്യസഭ സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്ത ഹൈക്കോര്‍ട്ടിലെ ജഡ്ജിയായിരുന്ന സൗമിത്രസെന്നിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനാണ് രാജ്യസഭ പാസാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് പാര്‍ലമെന്റിന്റെ ഏതെങ്കിലുമൊരു സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കുന്നത്. ലോക്സഭയില്‍ ഒരിക്കല്‍ ഇംപീച്ച്മെന്റ് പ്രമേയം ചര്‍ച്ച ചെയ്തിരുന്നു. ജസ്റ്റിസ് രാമസ്വാമിക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നും അന്ന് കോണ്‍ഗ്രസ് വിട്ടുനിന്നതുകൊണ്ട് പ്രമേയം പരാജയപ്പെട്ടു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിലെ പ്രധാനിയായ കപില്‍ സിബല്‍ പാര്‍ലമെന്റില്‍ ആദ്യമായി സംസാരിക്കുന്നത് രാമസ്വാമിയുടെ വക്കീല്‍ എന്ന നിലയിലാണ്. അഴിമതിക്കാരനുവേണ്ടി വാദിക്കാന്‍ ആദ്യമായി പാര്‍ലമെന്റിന്റെ വാതില്‍കടന്ന കപില്‍ സിബല്‍ പിന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിന്റെ പ്രധാനിയായത് ചരിത്രത്തിന്റെ ഭാഗം.
Post a Comment