Tuesday, August 30, 2011

വയലാ വാസുദേവന്‍പിള്ള അരങ്ങിനോട് വിട പറഞ്ഞു

പ്രശസ്ത നാടകകൃത്തും സംവിധായകനും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുന്‍ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവന്‍പിള്ള (66) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ 2.10നായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ട് അഞ്ചരയോടെ തൃശൂര്‍ അയ്യന്തോളിലെ വസതിയായ സബര്‍മതിയില്‍ കൊണ്ടുവന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 12ന് ചെറുതുരുത്തിയില്‍ . രാവിലെ ഒമ്പതുമുതല്‍ 11.30വരെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

നാടകരചയിതാവ്, സംവിധായകന്‍ , ഗവേഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം ആധുനിക നാടക സങ്കേതങ്ങളുമായി മലയാള നാടകത്തെ കൂട്ടിയിണക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ , കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്ട് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാലിശേരി നാരായണമേനോന്റെ മകള്‍ വത്സലയാണ് (കലിക്കറ്റ് സര്‍വകലാശാല റിട്ട. ഉദ്യോഗസ്ഥ) ഭാര്യ.

കൊല്ലം ജില്ലയിലെ വയലായില്‍ നീലകണ്ഠപിള്ളയുടെയും സി കല്യാണിയമ്മയുടെയും മകനായി 1945 ഏപ്രില്‍ 22നാണ് ജനനം. നാടകങ്ങളും നാടക പഠനഗ്രന്ഥങ്ങളും തര്‍ജമകളുമായി ഇരുപതോളം കൃതികളുടെ കര്‍ത്താവാണ്. ഭാസന്‍ , സോഫോക്ലിസ്, ഷേക്സ്പിയര്‍ , ഇബ്സന്‍ , ടാഗോര്‍ എന്നിവരുടേതുള്‍പ്പെടെ നാല്‍പ്പതോളം നാടകം സംവിധാനംചെയ്തു. ഒമ്പതു സംസ്ഥാന അവാര്‍ഡും മൂന്നു കേന്ദ്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിനും അര്‍ഹനായി.

മലയാള നാടകവേദിയെ സമ്പന്നമാക്കിയ പ്രതിഭ

മലയാള നാടകവേദിയെ ആവേശപൂർവം സ്വീകരിച്ച പ്രതിഭയായിരുന്നു വയലാ വാസുദേവൻപിള്ള. അദ്ദേഹവുമായുള്ള എന്റെ ബന്ധത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. നാടക രചയിതാവും സംവിധായകനുമെന്നതിലുപരി നാടകം പഠിപ്പിക്കാനും അപഗ്രഥിക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. അധ്യാപകനായിരുന്ന വയലായുടെ കടന്നുവരവ് മലയാള നാടകവേദിയെ സമ്പന്നമാക്കി. നാടകത്തെക്കുറിച്ച് ഗൌരവമായി പഠിക്കാനും താത്വികമായ ആ പഠനം ജീവിതവ്രതമാക്കി മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.

വിദേശ നാടകവേദികളിൽ‍, പ്രത്യേകിച്ച് ഗ്രീസിലും ജപ്പാനിലും നാടകപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും അവരുടെ പ്രവർത്തനം അപഗ്രഥിക്കാനും അവിടെനിന്ന് ലഭിച്ച അറിവ് വിദ്യാർഥികളുമായി പങ്കുവയ്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു

നാടകരംഗത്ത് പഠനവും ഗവേഷണവും അധ്യാപനവും മുഖ്യ പ്രവർത്തനമേഖലയായി തുടരുമ്പോഴും രചനയും സംവിധാനവും കൂടെയുണ്ടായിരുന്നു. തർക്കവിഷയമായി ചില രചനകളും അദ്ദേഹത്തിൽ‍നിന്നുണ്ടായി. സ്കൂൾ ഓഫ് ഡ്രാമയുടെ നാടകങ്ങൾ ജനകീയമല്ലെന്ന പരാതി നിലനിൽ‍ക്കെത്തന്ന നാടകത്തെ ഗൌരവമായി വീക്ഷിക്കുന്ന തലമുറയെ വളർത്തിയെടുത്തു. വയലായുടെ ശിഷ്യരിൽ‍ പലരും പിന്നീട് സിനിമയിലേക്കും മറ്റും ചേക്കേറിയെങ്കിലും നാടകം അടിസ്ഥാന അവലംബമായി അവരിൽ‍ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാശ്‌ചാത്യ നാടകങ്ങൾ പഠിപ്പിക്കാനും ഗൌരവമായി എടുക്കാനും ഒരു തലമുറയെ പ്രോത്‌സാഹിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്കൂൾ ഓഫ് ഡ്രാമയുടെ വളർച്ചയിൽ‍ പ്രധാനപങ്ക് വഹിച്ച
അദ്ദേഹം ആ പ്രസ്ഥാനത്തെ ഒരുപാട് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്‌തു.


കാവാലം നാരായണപ്പണിക്കർ


വഴിമാറി നടന്ന വയലാ

സാധാരണ പ്രൊഫഷണല്‍ നാടകങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതായിരുന്നു വയലാ വാസുദേവന്‍പിള്ളയുടെ നാടകങ്ങള്‍ . മലയാളത്തിന്റെ വികാരങ്ങളും ഭാവങ്ങളും ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഓരോ നാടകവും വാക്കുകള്‍ക്കപ്പുറത്തുള്ള വൈകാരികതീവ്രതയാണ് കാഴ്ചക്കാരിലെത്തിച്ചത്. സ്വാര്‍ഥതാല്‍പര്യങ്ങളുടെയും വിപണിമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ലോകത്തില്‍ അവയ്ക്കെതിരെ തീര്‍ക്കുന്ന പ്രതിരോധങ്ങളായി അദ്ദേഹത്തിന്റെ നാടകങ്ങള്‍ .

നാടകം എന്ന കലാരൂപത്തെ വേറിട്ട രൂപത്തില്‍ അവതരിപ്പിക്കാന്‍ വയലായെ പ്രാപ്തനാക്കിയത് ജി ശങ്കരപ്പിള്ളയാണ്. ചെറുപ്പകാലത്തുതന്നെ നാടകം ഒരു ഭ്രമമായി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 1950 കാലഘട്ടത്തില്‍ സ്കൂള്‍ വാര്‍ഷികാഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായിരുന്നു നാടകങ്ങള്‍ . അത്തരം നാടകങ്ങളില്‍ വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. അന്ന് ലഭിച്ച പ്രോത്സാഹനം ഈ രംഗത്ത് തുടരാന്‍ വാസുദേവന്‍പിള്ളയ്ക്ക് പ്രചോദനമായി.

പിന്നീട് ശങ്കരപ്പിള്ളയുടെ കളരിയിലെത്തിയതോടെ അദ്ദേഹത്തിന്റെ നാടകസങ്കല്‍പ്പത്തിനുതന്നെ മാറ്റമുണ്ടായി. നാടകം എന്ന കലയെ ശാസ്ത്രീയമായും ഗൗരവമായും കാണാന്‍ കളരിയിലെ അഭ്യാസം വയലായെ പ്രാപ്തനാക്കി. നാടകം രണ്ടോ മൂന്നോ മണിക്കൂര്‍ നേരമ്പോക്കിനുള്ള ഉപാധിയല്ലെന്നും മനുഷ്യ ജീവിതാവസ്ഥകളെ തുറന്നുകാണിക്കാനുള്ളതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സുവര്‍ണരേഖ എന്ന നാടകസംഘം രൂപീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ മനസ്സിലുള്ള നാടകസങ്കല്‍പ്പങ്ങള്‍ക്ക് അരങ്ങില്‍ പൂര്‍ണത നല്‍കി. 1982ല്‍ രചിച്ച "അഗ്നി" മനുഷ്യബന്ധങ്ങളുടെ തകര്‍ച്ച മനഃശാസ്ത്രത്തിന്റെ തലത്തില്‍ അവതരിപ്പിക്കുന്നതാണ്. സമൂഹം കൊണ്ടുനടക്കുന്ന പല ദുഷിച്ച മൂല്യങ്ങളെയും കണക്കറ്റ് വിമര്‍ശിക്കുന്ന അഗ്നി ഏറെ ശ്രദ്ധേയമായിരുന്നു. 1979ല്‍ രചിച്ച തുളസീവരം എന്ന നാടകത്തിലൂടെ, അടിയന്തരാവസ്ഥ സൃഷ്ടിച്ച ഏകാധിപത്യപ്രവണതകളെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.

"കുചേലഗാഥ" എന്ന നാടകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കുചേലനെയും കൃഷ്ണനെയും ദ്യോതിപ്പിക്കുന്ന കഥാപാത്രങ്ങളാക്കിയാണ് "കുചേലഗാഥ" രചിച്ചത്. ദരിദ്രനായ രാമന്‍നായരും അദ്ദേഹത്തിന്റെ ധനികനായ സതീര്‍ഥ്യന്‍ കൃഷ്ണന്‍നായരും തമ്മിലുള്ള ബന്ധമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് ചില ഹിന്ദുത്വവാദികള്‍ വയലായുടെ നാടകത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ , വിവാദങ്ങളൊന്നും കൂസാതെ അദ്ദേഹം നാടകവുമായി മുന്നോട്ടുപോയി.

1992ല്‍ ഷാര്‍ജയില്‍ പത്തുപേര്‍ ആറുവര്‍ഷം തടവിനു ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയ "ശവംതീനി ഉറുമ്പുകള്‍"എന്ന വിവാദ നാടകത്തിന്റെ രചയിതാവെന്ന് തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ഷാര്‍ജ കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയപ്പോഴും ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേല്‍ക്കേണ്ടിവന്നവന്റെ രോഷത്തെ മറികടക്കാന്‍ വയലായെ സഹായിച്ചത് കലാകാരന്റെ മനഃസാക്ഷിയാണ്. കാര്‍ത്തികേയന്‍ പടിയത്ത് രചിച്ച നാടകമാണ് വയലായുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും.

കേരളത്തിലെ സമാന്തര നാടകപ്രവര്‍ത്തനരംഗത്ത് ഒരിടം നേടാന്‍ കഴിഞ്ഞ നാടകകൃത്തും സംവിധായകനും സംഘാടകനുമായിരുന്നു അദ്ദേഹം. കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് ഭാരതീയവും സാര്‍വലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്കാരിക വിനിമയവേദിയിലേ തനതു നാടകദര്‍ശനം പുഷ്ടിപ്പെടുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. അവിടെ സ്വദേശസങ്കല്‍പ്പത്തില്‍ സങ്കുചിതരാകുകയോ വിദേശസ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.


പി ബിജു


രംഗവേദിയിലെ മായാത്ത കഥാപാത്രം

സ്കൂൾ ഓഫ് ഡ്രാമയും വയലാ സാറും തമ്മിലുള്ള ബന്ധം വാക്കുകൾക്കപ്പുറത്താണ്. അതിലും വലുതാണ് ശിഷ്യരുമായുള്ള ഹൃദയന്ധം. കേരളത്തിന്റെ നാടകപ്രവർത്തകരെ അക്കാദമിക് മികവോടെ വാർത്തെടുക്കാൻ യത്നിച്ച നാടകാചാര്യന്മാരുടെ പട്ടികയിൽ‍ ആദ്യത്തെ പേരുകൾ ജി ശങ്കരപ്പിള്ളയും വയലാ വാസുദേവൻപിള്ളയുമാണ്.

ശങ്കരപ്പിള്ള രൂപം നൽ‍കിയ കളരി തിയറ്റർപ്രസ്‌ഥാനത്തിന്റെ പ്രചാരകനായി മാറിയ വയലായെ അദ്ദേഹം തന്നെയാണ് സ്കൂൾ ഓഫ് ഡ്രാമയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വിശ്വനാടകവേദിയിലെ, പ്രത്യേകിച്ച് പാശ്ചാത്യനാടകവേദിയിലെ ചെറു
ചലനങ്ങൾപോലും വിദ്യാർഥികൾക്കു വയലാ പരിചയപ്പടുത്തി. സൌമ്യവും കാപട്യമേശാത്തതുമായ പെരുമാറ്റംകൊണ്ട് വിദ്യാർഥികളുടെ പ്രിയപ്പട്ട അധ്യാപകനായി.

1985-87 കാലഘട്ടത്തിൽ‍ പ്രതിസന്ധികളിൽ‍പ്പെട്ട് നട്ടംതിരിഞ്ഞ സ്കൂൾ ഓഫ് ഡ്രാമയെ നേർവഴിയിലൂടെ നടത്തിക്കുന്നതിൽ‍ ഡയറക്ടറെന്ന നിലയ്ക്ക് വയലായുടെ പങ്ക് സ്മരണീയമാണ്. സ്കൂൾ ഓഫ് ഡ്രാമയ്ക്ക് ജന്മം നൽ‍കിയ ജി ശങ്കരപ്പിള്ളയെന്ന നാടകാചാര്യൻ സ്‌ഥാപനത്തോട് വിട പറയുന്നതിന്റെയും നാളുകളായിരുന്നു അത്. പക്ഷേ, പ്രതിസന്ധികളിൽ‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളിൽ‍ വയലായുടെ നേതൃത്വത്തിൽ‍ സ്കൂൾ ഓഫ് ഡ്രാമ ചുവടുവച്ചു. സ്കൂൾ ഓഫ് ഡ്രാമയുടെ സുവർണകാലത്തിനാണ് പിന്നീട് കേരളം സാക്ഷിയായത്.

ജി ശങ്കരപ്പിള്ളയുടെ കാലത്ത് സ്കൂൾ ഓഫ് ഡ്രാമയിൽ‍ ബിരുദകോഴ്സുകൾക്കു പുറമേ ബിരുദാനന്തര കോഴ്സുകളുടെയും സിലബസ് തയ്യാറായിരുന്നുവെങ്കിലും നടപ്പാക്കിയതും കോഴ്സുകൾ തുടങ്ങിയതും വയലാ ഡയറക്ടറായിരിക്കുമ്പോഴാണ്. സംസ്‌ഥാന സർക്കാരിന്റെ ഫൈൻ ആർട്സ് വകുപ്പ് തിയറ്റർ സ്റ്റഡീസിനു പുറമേ സംഗീതംകൂടി പഠനവിഷയമാക്കുന്നതിനുള്ള അനുവാദം നൽ‍കിയതും അദ്ദേഹത്തിന്റെ കാലത്താണ്.

ഡയറക്ടർ എന്നതിനപ്പുറം കുട്ടികൾക്കുവേണ്ടി നാടകങ്ങൾ രചിക്കുകയും അത് അവരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നതിൽ‍ അദ്ദേഹം കാട്ടിയ താൽ‍പ്പര്യം നാടകവേദിയോടുള്ള സമർപ്പിതമുഖമാണ് കാട്ടിത്തന്നത്. 20 വർഷം സ്കൂൾ ഓഫ് ഡ്രാമയുടെ ചാലകശക്തിയായി.

ഇംഗ്ലീഷ് സാഹിത്യത്തിൽ‍ ബിരുദാനന്തര ബിരുദവും രംഗകലയിൽ‍ പിഎച്ച്ഡിയും റോം സർവകലാശാലയിൽ‍നിന്ന് ആധുനിക രംഗകലയിൽ‍ ബിരുദാനന്തര ഡിപ്ലോമയും നേടിയ അദ്ദേഹം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർപദവി വിട്ടാണ് സ്കൂൾ ഓഫ് ഡ്രാമയിൽ‍ അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റത്. അമേരിക്കയുടെ പോസ്റ്റ് ഡോക്ടറൽ‍ ഫുൾബ്രൈറ്റ് ഫെലോഷിപ്പിനും അർഹനായി.

ഇത് ന്യൂയോർക്ക് സർവകലാശാലയിൽ‍ ഗവേഷണത്തിനു വഴിയൊരുക്കി. ടോക്യോയിലെ മെയ്ജി സർവകലാശാലയിൽ‍ നിന്ന് ജാപ്പനീസ് തിയറ്ററിൽ‍ പരിശീലനം നേടി. പാരീസ് സർവകലാശാലയിൽ‍ സാമുവൽ‍ ബക്കറ്റിന്റെ നാടകങ്ങളെക്കുറിച്ചും ഏതൻസ് സർവകലാശാലയിൽ‍ 'സ്പെയ്സ് ഓഫ് ഗ്രീക്ക് ക്ളാസിക്കൽ‍ തിയറ്റർ' എന്ന വിഷയത്തിലും ഗവേഷണം നടത്തി. മെയ്ജി, പാരീസ് സർവകലാശാലകളിൽ‍ സന്ദർശക പ്രൊഫസറായിരുന്നു.

മഞ്ജു കുട്ടികൃഷ്ണൻ


വയലാ: കെടാത്ത'അഗ്‌നി'

1970-കള്‍ ഇന്ത്യയില്‍ സ്വന്തവും സ്വതന്ത്രവുമായ നാടകം എന്ന സങ്കല്‍പ്പം രൂഢമുലമായിത്തീര്‍ന്നകാലമായിരുന്നു. പാരമ്പര്യത്തിന്റെ വേരുകളെയും തനിമകളെയും സമകാലിക നാടകവേദിയുടെ മഹത്തായ ചൈതന്യമാക്കിക്കൊണ്ട് അരങ്ങിലെ സമൂല പരിവര്‍ത്തനത്തിന് വഴിയൊരുക്കാന്‍ നാടകപ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു. മാറ്റങ്ങളുടെ ഇടിമുഴക്കങ്ങളുടെയും അടിയൊഴുക്കുകളുടെയും കാലത്ത്, രൂപപരവും ഭാവപരവുമായ പരിണാമങ്ങളുടെ കാലത്ത്, മലയാള നാടകവേദിയിലേക്ക് കടന്നു വന്ന ദിശാബോധമുള്ളൊരു നാടകരചയിതാവാണ് വയലാ വാസുദേവന്‍പിള്ള. സ്വന്തം മാധ്യമത്തിന്റെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞ് നാടകരചനയും രംഗരചനയും നിര്‍വഹിക്കാന്‍ നാടകതല്‍പ്പരരെ പ്രാപ്തിയുള്ളവരാക്കാന്‍ വേണ്ടി ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട നാടകക്കളരികളുടെ സ്വാധീനത്തില്‍പ്പെട്ട് ഗൗരവതരമായ നാടകമേഖലയിലേക്ക് കടന്നുവന്ന ആളാണ് വയലാ വാസുദേവന്‍പിള്ള. ആധുനികമനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ വിഷയീകരിക്കുന്ന നാടകങ്ങളാണ് അദ്ദേഹത്തിന്റേത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബാഹ്യസംഘര്‍ഷങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിച്ചുകൊണ്ടുള്ള നാടകരചനകളും രംഗാവതരണങ്ങളും നിറഞ്ഞുനിന്ന മുന്‍കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി അസ്തിത്വസമരങ്ങള്‍ പ്രമേയങ്ങളുടെ മുഖമുദ്രയാക്കാന്‍ അദ്ദേഹത്തിന് നാടകമെന്ന മഹാകലയിലൂടെ സാധിക്കുന്നു. ''അസ്തമിക്കുന്ന ഇന്നലകള്‍ക്കും പിറക്കാത്ത നാളെകള്‍ക്കും മധ്യേ അസ്തിത്വം തേടി അലഞ്ഞുനടക്കുന്ന വേരില്ലാത്തവര്‍'' പ്രമേയങ്ങളില്‍ പ്രതിപാദ്യവിഷയമാകുന്നു. 'അകത്താരോ....' എന്ന ഒരു നാടകം ഉദാഹരണം.

വയലാ വാസുദേവന്‍ പിള്ളയുടെ നാടകങ്ങള്‍ നമ്മെ അനുഭവിപ്പിക്കുന്നത് മധുരമുള്ള നോവാണ്. അദ്ദേഹത്തിന്റെ ആദ്യനാടകമായ 'വിശ്വദര്‍ശനത്തില്‍' മുതല്‍ സമൂഹത്തോടുള്ള കടപ്പാട് നിറഞ്ഞുനിലല്‍ക്കുന്നു. അതിനെക്കുറിച്ച് ജി ശങ്കരപ്പിള്ള പറയുന്നതിനങ്ങനെയാണ്: ''മനുഷ്യഭാഗധേയത്തിന്റെ അതിവിശാലമായ ഒരു അന്തരീക്ഷമാണ് അദ്ദേഹം തന്റെ നാടകത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്. തലമുറകളുടെ ജീവിതസങ്കല്‍പങ്ങള്‍കൊണ്ട് രൂപപ്പെട്ടുവന്നതാണ് ആ ഭാഗധേയം. അതിന്റെ ഒരു സംക്രമണദശയാണ് വാസുദേവന്‍പിള്ളയുടെ നാടകത്തിനാധാരം. പുതിയ ഒരു വിഗ്രഹസൃഷ്ടിക്കുവേണ്ടി ഇടതടവില്ലാതെ അധ്വാനിച്ചും സ്വപ്നംകണ്ടും കഴിയുന്ന ജനത ആ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ വ്രതം നിന്നെത്തുന്ന ശില്‍പി, അയാളുടെ നിത്യപ്രചോദനങ്ങള്‍; പ്രലോഭനങ്ങള്‍ കൊണ്ടും ഭോഗാസക്തികൊണ്ടും ആ പരിശ്രമങ്ങളെ പരാജയപ്പെടുത്താന്‍ മനമൂന്നി നില്‍ക്കുന്ന ധനപ്രമത്തതയും ഏകാധിപത്യ പ്രവണതകളും മ്ലേച്ഛമായ സൗന്ദര്യാസ്വാദനതൃഷ്ണയും ഇതിനെല്ലാം മുന്നില്‍ വാഗ്ദത്ത വിഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിവില്ലാതെ ക്ലേശിക്കുന്ന പുതിയ ശില്‍പി; എല്ലാം കാണുന്ന പ്രപഞ്ചനാടകവേദിയുടെ സൂത്രധാരനായ കാലം-ഇവയൊക്കെയാണ് 'വിശ്വദര്‍ശനം' എന്ന നാടകത്തിലുള്ളത്.''

''തുളസീവന''ത്തിന്റെ ആവിര്‍ഭാവം, മനുഷ്യന്റെ വാക്കായ കര്‍മങ്ങളില്‍ കനത്ത ചങ്ങല വീഴുകയും വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ഉള്ളിലിരുന്ന് തേങ്ങാന്‍മാത്രം കഴിയുകയും ചെയ്തിരുന്ന ഒരു കാലാവസ്ഥ ഇന്ത്യയിലെങ്ങും നിലനില്‍ക്കുമ്പോള്‍ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ശ്വാസം മുട്ടിക്കുന്ന ദേശീയാന്തരീക്ഷം ദുസഹമായി അനുഭവപ്പെട്ട ഒരു മനസാക്ഷിയില്‍ നിന്നാണ് ഈ നാടകം പൊട്ടിപ്പുറപ്പെട്ടത്,'' എന്നാണ് വയലായുടെ 'തുളസീവന'ത്തെക്കുറിച്ചുള്ള പ്രഫ. എന്‍ കൃഷ്ണപിള്ളയുടെ നിരീക്ഷണം.

''വിശദമായിപ്പറഞ്ഞാല്‍ മലയാള നാടകവേദിയിലും മലയാളനാടക സാഹിത്യത്തിലും എന്‍ കൃഷ്ണപിള്ള തുടങ്ങിവച്ച ഒരു വിപ്ലവത്തിന്റെ പിന്‍ഗാമികളായി വന്ന ജി ശങ്കരപ്പിള്ളയും സി എന്‍ ശ്രീകണ്ഠന്‍നായരും ചരിച്ച വഴിയിലൂടെയത്തന്നെ ചരിച്ച്, അടുത്ത ഒരു ഘട്ടത്തിലേക്ക് നമ്മുടെ നാടകവേദിയെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പരമ്പരയിലെ ശക്തനായ നാടകകൃത്താണ് വയലാ വാസുദേവന്‍പിള്ള'', എന്നാണ് 'അഗ്‌നി' എന്ന നാടകത്തെ മുന്‍നിര്‍ത്തി പി കെ വേണുക്കുട്ടന്‍ നായര്‍ പറയുന്നത്.

പ്രമേയപരമായ ദാര്‍ശനികതയ്ക്ക് മുന്‍തൂക്കം നല്‍കുന്നതില്‍ വയലാ വാസുദേവന്‍പിള്ള നാടകങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്ന് നിസംശയം പറയാം.

മഹായുദ്ധങ്ങള്‍ക്കും ആണവയുദ്ധങ്ങള്‍ക്കും ശേഷം അതിജീവനം സാധിക്കേണ്ടിവന്ന കലുഷിത മനസുകളെ പേറുന്ന മനുഷ്യരാശികളുടെ പ്രശ്‌നങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വിഷയമാകുന്ന ഉത്തമനാടകങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഏകാകിതയില്‍ വിലയം പ്രാപിച്ചുപോയ ഒറ്റപ്പെട്ട മനുഷ്യന്റെ വിലാപം അസംബന്ധ നാടകങ്ങളിലും അസ്തിത്വവാദ നാടകങ്ങളിലുമൊക്കെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കുടുംബത്തിലായാലും സമൂഹത്തിലായാലും സാമൂഹികതയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ ആധുനിക ദുരന്താന്തരീക്ഷത്തിലായാലും വൃഥയനുഭവിക്കേണ്ടിവരുന്ന മനുഷ്യന്റെ ഏകാന്തയാമങ്ങളിലെ അശാബ്ദികമായ തേങ്ങല്‍ വയലായുടെ നാടകങ്ങളിലെ വരികളില്‍ വായിച്ചെടുക്കാം. ഉപ്പുരസം നിറഞ്ഞ കണ്ണീര്‍ച്ചാലുകല്‍ വരികള്‍ക്കിടയിലെ ആന്തരികപാഠത്തില്‍ തിരിച്ചറിയാം. അദ്ദേഹത്തിന്റെ നാടകത്തിലെ വരികളോരോന്നും ധ്വനിസാന്ദ്രവും പ്രതീകാത്മകവും അതുകൊണ്ടുതന്നെ കാവ്യാത്മകവുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ദൃശ്യബിംബങ്ങള്‍ അവയില്‍ നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ഥ നാടകങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണവ. അക്കാരണത്താല്‍തന്നെ ശൈലീകൃതമായ രംഗപ്രയോഗങ്ങള്‍ അവയ്ക്ക് അനിവാര്യമാണുതാനും.

''വിവിധ രാജ്യങ്ങളിലുള്ള നാടകവേദികളിലും മൂല്യങ്ങള്‍ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാടകവേദിയിലും അത്തരം ചില ആവേശപൂര്‍ണമായ ചലനങ്ങള്‍ അങ്ങിങ്ങുകാണുന്നുണ്ട്. മലയാളത്തില്‍ ഈ പ്രവണതയുടെ വക്താക്കളില്‍ ഒരാളാണ് വയലാ വാസുദേവന്‍പിള്ള എന്ന് അദ്ദേഹത്തിന്റെ അടുത്തകാലത്തു നടന്ന ചില രംഗപ്രയോഗങ്ങല്‍ തെളിയിക്കുന്നു'' എന്ന് 'അഗ്നി'യെ സാക്ഷിനിര്‍ത്തി കാവാലം നാരായണപ്പണിക്കര്‍ പറയുന്നു.

അരങ്ങൊഴിഞ്ഞ നാടകാചാര്യന് വർക്കേഴ്‌സ് ഫോറത്തിന്റെ ആദരാഞ്ജലികൾ




****


കടപ്പാട് : ദേശാഭിമാനി, ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ സമാന്തര നാടകപ്രവര്‍ത്തനരംഗത്ത് ഒരിടം നേടാന്‍ കഴിഞ്ഞ നാടകകൃത്തും സംവിധായകനും സംഘാടകനുമായിരുന്നു പ്രൊഫ. വയലാ വാസുദേവന്‍പിള്ള. കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് ഭാരതീയവും സാര്‍വലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്കാരിക വിനിമയവേദിയിലേ തനതു നാടകദര്‍ശനം പുഷ്ടിപ്പെടുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. അവിടെ സ്വദേശസങ്കല്‍പ്പത്തില്‍ സങ്കുചിതരാകുകയോ വിദേശസ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.