Wednesday, August 10, 2011

പിന്നെയും ഒഴുകുന്ന ആലുവാപ്പുഴ

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ പറവൂരില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ചടങ്ങില്‍വച്ച് ആലുവാ പുഴ പിന്നെയും ഒഴുകി എന്ന പുസ്തകത്തിന്റെ അഞ്ചാംപതിപ്പ് പ്രകാശനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതികളാക്കപ്പെട്ട സഖാക്കള്‍ കെ സി മാത്യുവും എം എം ലോറന്‍സും പയ്യപ്പിള്ളി ബാലനും ആദരിക്കപ്പെട്ട ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ആരെ മോചിപ്പിക്കാനാണോ ഇവരെല്ലാം ചേര്‍ന്ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് പോയത് അതേ എന്‍ കെ മാധവന്‍ ഒടുവില്‍ താമസിക്കാന്‍ തെരഞ്ഞെടുത്ത പറവൂരില്‍ തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെമിക്കല്‍ എന്‍ജിനീയറിങ് പഠിക്കുന്നതിനായി കളമശ്ശേരിയിലേക്ക് വരുന്നതിന് കുറച്ചുമുമ്പാണ് ഞാന്‍ ഈ പുസ്തകം കാണുന്നത്. അത് ആദ്യപതിപ്പായിരുന്നു. ഒറ്റയിരുപ്പിലായിരുന്നു അന്ന് പുസ്തകം വായിച്ചുതീര്‍ത്തത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും പീഡനകാലത്തിന്റെ നേര്‍പ്പടമാണ് പയ്യപ്പിള്ളി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ആദ്യപതിപ്പിന്റെ അവതാരികയില്‍ ഇ എം എസ് സൂചിപ്പിച്ചതുപോലെ ഒരു നോവല്‍ വായിക്കുന്നതുപോലെ ഇതിന്റെ പേജുകളിലൂടെ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയും.
സുപ്രസിദ്ധ സോവിയറ്റ് നോവലായ ഡോണ്‍ നദി ശാന്തമായി ഒഴുകുന്നതിനോടാണ് ആലുവാ പുഴ പിന്നെയും ഒഴുകുന്നെന്ന തലക്കെട്ടിനെ ഇ എം എസ് താരതമ്യം ചെയ്യുന്നത്. അവതരണരീതിക്ക് നാടകീയതയുണ്ടെങ്കിലും കരള്‍ പിളര്‍ക്കും അനുഭവങ്ങളാണ് അതിലൂടെ പയ്യപ്പിള്ളി വരച്ചിടുന്നത്. വായനക്കാരനെ പ്രമേയത്തിലേക്ക് ആകര്‍ഷിപ്പിക്കാനും പിടിച്ചിരുത്തി വായിപ്പിക്കാനും കഴിയുന്ന പ്രത്യേകമായ അവതരണരീതിയില്‍ അസാധാരണമായ വൈഭവമാണ് പയ്യപ്പിള്ളി പ്രകടിപ്പിക്കുന്നത്. ഒരുപക്ഷേ തീരുമാനിച്ചിരുന്നെങ്കില്‍ ഇതുപോലുള്ള നിരവധി മനോഹരമായ രചനകള്‍ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. കളമശ്ശേരിയില്‍വച്ചാണ് ഞാന്‍ ആദ്യമായി പയ്യപ്പിള്ളിയെ കാണുന്നത്. അന്ന് അദ്ദേഹം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഇപ്പോഴും എസിയില്‍ തുടരുന്നു. കൊടിയ മര്‍ദനങ്ങളെ അതിജീവിക്കുകയും പൊലീസ് തള്ളിവിട്ട മരണത്തിന്റെ വഴികളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയുംചെയ്ത സഖാവിനെ അന്ന് ഞങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിയത്.

മര്‍ദനത്തിന്റെ നോവുകള്‍ ചലനത്തിലും സംസാരത്തിലും ഇപ്പോഴും കാണാം. പയ്യപ്പിള്ളിയുടെ മകള്‍ ദീപ്തി കളമശ്ശേരി സെന്റ്പോള്‍സ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നു. ആലുവാ പുഴയുടെ വായന പിന്നീട് ഗുണം ചെയ്തത് ലോക്കപ്പിലെ ജീവിതത്തിലാണ്്. കൂത്തുപറമ്പ് സംഭവത്തിനുശേഷം അന്നേദിവസം അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ എറണാകുളത്ത് കരിങ്കൊടി കാട്ടിയ ഞങ്ങളെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ലോക്കപ്പില്‍വച്ച് ഒന്നു നന്നായി കൈകാര്യം ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ പെരുമ്പളംകാരനായ ഹെഡ്കോണ്‍സ്റ്റബിള്‍ രവീന്ദ്രന്‍ പലതവണ ഇരു ചെവിയും പൊത്തിയടിച്ചു. പയ്യപ്പിള്ളിക്ക് കിട്ടിയ അടിയുടെ അടുത്തുവന്നിട്ടില്ലാത്തതിനാലായിരിക്കണം കേള്‍വി പോയില്ല. ശ്രവണപുടം പൊട്ടിയതിന് ചികിത്സിച്ചത് ഹോമിയോ ഡോക്ടറായ തളിയത്താണ്. അന്ന് അദ്ദേഹം നല്‍കിയ മരുന്നിന്റെ ഒരു തുള്ളി ചെവിയിലേക്ക് വീണപ്പോഴത്തെ വേദനയില്‍ പുളഞ്ഞെങ്കിലും കേള്‍വി കളയാതെ കിട്ടി.

ലോക്കപ്പിലെ നീണ്ട പ്രയോഗത്തിനുശേഷമാണ് പയ്യപ്പിള്ളി വിശദീകരിക്കുന്ന ചൂരല്‍ പ്രയോഗത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. രണ്ടുപേര്‍ ഇരുവശത്തുനിന്നും ചൂരല്‍ ഒടിയുന്നതുവരെ അടിച്ചു. ഇതുകണ്ട് സ്റ്റേഷനിലുണ്ടായിരുന്ന വനിതാപൊലീസ് കരഞ്ഞുകൊണ്ട് പുറത്തേക്കോടി. ചൂരല്‍ പ്രയോഗത്തിനുശേഷം ലോക്കപ്പില്‍ വെള്ളം ഒഴിച്ച് അതില്‍ ചാടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടപ്പള്ളി സഖാക്കളുടെ അനുഭവം ഓര്‍ത്തു. അതെല്ലാമായി താരതമ്യം ചെയ്യാന്‍പോലും കഴിയാവുന്നതല്ല ഞങ്ങളുടെയെല്ലാം അനുഭവമെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഇത്തരം ഓര്‍മകള്‍ സഹായകരമായിരിക്കും. അസാധാരണമായ മനക്കരുത്തും തൊഴിലാളിവര്‍ഗ പ്രതിബദ്ധതയുമാണ് ഇടപ്പള്ളിക്കേസില്‍ പിടികൂടിയവര്‍ക്കെല്ലാം പിടിച്ചുനില്‍ക്കാന്‍ കരുത്തുനല്‍കിയത്. വിശദീകരിക്കാന്‍പോലും കഴിയാത്ത മര്‍ദനത്തിന് വിധേയനാക്കിയിട്ടും തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ടിക്ക് സിന്ദാബാദ് വിളിക്കാന്‍ എന്‍ കെ മാധവന്‍ തയ്യാറായില്ല. കരുത്തനായ കെ യു ദാസിനെ അവര്‍ ഇടിച്ചിടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തത്. ഷണ്‍മുഖം റോഡ് മുതല്‍ ആരംഭിച്ച പട്ടണപ്രദക്ഷിണത്തില്‍ എം എം ലോറന്‍സും മാത്യുവും വര്‍മയും നേരിട്ട കൊടിയ മര്‍ദനം സമാനതകളില്ലാത്തതാണ്. തോക്കിന്റെ പാത്തികൊണ്ടും മറ്റുമുള്ള അടിയും ഇടിയും തൊഴിയും കണ്ട് വഴിയരികില്‍ നിന്നിരുന്ന കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധര്‍പോലും കരഞ്ഞുപോയി. കടുത്ത വര്‍ഗക്കൂറും വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണവും പാര്‍ടിക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറാണെന്ന ഉറച്ച മനസ്സുമാണ് ലോറന്‍സിനെപ്പോലുള്ളവരെ മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ചരിത്രത്തിന്റെ ചോരവീണ വഴികളിലൂടെ സഞ്ചരിപ്പിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലെ സദസ്സിലിരിക്കുന്ന ലോറന്‍സിനെ ഞാന്‍ ഒന്നുകൂടി നോക്കി. അന്നത്തെ മര്‍ദനത്തിന്റെ ബാക്കിയായ പല രോഗങ്ങളും വേട്ടയാടുമ്പോഴും പാര്‍ടിപ്രവര്‍ത്തനത്തില്‍ മുഴുകാന്‍ ഈ പ്രായത്തിലും കഴിയുന്നതും ഇതുകൊണ്ടൊക്കെത്തന്നെ.
ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമിക്കാന്‍ പോകുമ്പോള്‍ ഇതൊരു ആത്മഹത്യസ്ക്വാഡല്ലേയെന്ന് ആരോ ചോദിച്ച കാര്യം പയ്യപ്പിള്ളി ഓര്‍മിപ്പിക്കുന്നുണ്ട്. ആവേശത്തിന്റെ മാത്രം തീരുമാനമല്ലേയെന്ന് കരുതുന്നവരുമുണ്ടായിരുന്നു. എന്നാല്‍ , പാര്‍ടി തീരുമാനത്തോട് വ്യത്യസ്തയുണ്ടെങ്കില്‍പോലും അത് നടപ്പിലാക്കുന്നതിനായി മരിക്കാന്‍ പോലും തയ്യാറാകുന്നവരാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് എന്ന ഉറച്ച ധാരണയാണ് അവരെ കാലിടറാതെ മുമ്പോട്ടു നയിച്ചത്. അച്ചടക്കം കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്ന് ശരിയായി തിരിച്ചറിയുന്നവര്‍ക്കേ വിപ്ലവകാരികളാകാന്‍ കഴിയുകയുള്ളു. ചിലപ്പോള്‍ കൊടിയ മര്‍ദനങ്ങളുടെ കാലത്ത് ചിലരൊക്കെ പതറിയിട്ടുണ്ടാകാം. എന്നാല്‍ , മഹാഭൂരിപക്ഷവും അതിഭീകരമര്‍ദ്ദനങ്ങളിലും ഉറച്ചുനിന്നു. ഇത് ഇടപ്പള്ളികേസിന്റെ മാത്രം അനുഭവമല്ല. അക്കാലത്തെ മിക്കവാറും സംഭവങ്ങളില്‍ സമാനമായ കാര്യങ്ങള്‍ കാണാം. പയ്യപ്പിള്ളി ഇപ്പോഴും പലതും എഴുതുന്നുണ്ട്. തനിക്ക് ഇനിയുമേറെ കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടെന്നാണ് അവശതയിലും കെസി മാത്യു പറഞ്ഞത്. ലോറന്‍സ് വ്യക്തിപരമായ കാര്യങ്ങള്‍ അധികമൊന്നും എഴുതിയിട്ടില്ല. ചിലപ്പോള്‍ ചരിത്രത്തില്‍ പേരുപോലും അവശേഷിപ്പിക്കാതെ ജീവിതവും ജീവനും നല്‍കിയ നിരവധി പേരുണ്ടായിരിക്കാം. പുന്നപ്ര വയലാറില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ പേരുകള്‍ എതു ചരിത്രപുസ്തകത്തിലാണ് തിരയേണ്ടത്? ഇങ്ങനെയെത്രയെത്ര സമരങ്ങള്‍ , സമര്‍പ്പണങ്ങള്‍ , രക്തസാക്ഷിത്വങ്ങള്‍ ........ ഇങ്ങനെയൊരു കാലത്തിലൂടെയാണ് കമ്യുണിസ്റ്റ് പാര്‍ടി കേരളത്തില്‍ വളര്‍ന്നുവന്നത് എന്ന പാഠം കൈമാറുന്നതിന് ഇത്തരം രചനകള്‍ കൂടി ആവശ്യമാണ്. ഗൗരവമായ ചരിത്രരചനകള്‍ വായിക്കുന്നതിന് ഇഷ്ടപ്പെടാത്തവരെപോലും വായിപ്പിക്കാന്‍ ഇതുപോലുള്ള കൃതിക്ക് കഴിയും.

*
പി.രാജീവ് ദേശാഭിമാനി 10 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ പറവൂരില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ചടങ്ങില്‍വച്ച് ആലുവാ പുഴ പിന്നെയും ഒഴുകി എന്ന പുസ്തകത്തിന്റെ അഞ്ചാംപതിപ്പ് പ്രകാശനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതികളാക്കപ്പെട്ട സഖാക്കള്‍ കെ സി മാത്യുവും എം എം ലോറന്‍സും പയ്യപ്പിള്ളി ബാലനും ആദരിക്കപ്പെട്ട ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ആരെ മോചിപ്പിക്കാനാണോ ഇവരെല്ലാം ചേര്‍ന്ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് പോയത് അതേ എന്‍ കെ മാധവന്‍ ഒടുവില്‍ താമസിക്കാന്‍ തെരഞ്ഞെടുത്ത പറവൂരില്‍ തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെമിക്കല്‍ എന്‍ജിനീയറിങ് പഠിക്കുന്നതിനായി കളമശ്ശേരിയിലേക്ക് വരുന്നതിന് കുറച്ചുമുമ്പാണ് ഞാന്‍ ഈ പുസ്തകം കാണുന്നത്. അത് ആദ്യപതിപ്പായിരുന്നു. ഒറ്റയിരുപ്പിലായിരുന്നു അന്ന് പുസ്തകം വായിച്ചുതീര്‍ത്തത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും പീഡനകാലത്തിന്റെ നേര്‍പ്പടമാണ് പയ്യപ്പിള്ളി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ആദ്യപതിപ്പിന്റെ അവതാരികയില്‍ ഇ എം എസ് സൂചിപ്പിച്ചതുപോലെ ഒരു നോവല്‍ വായിക്കുന്നതുപോലെ ഇതിന്റെ പേജുകളിലൂടെ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയും.