1300 ഉറുപ്പിക. എന്തിനെന്നോ? ഡല്‍ഹിയില്‍ ഒരു മാസം വെള്ളത്തിനുവേണ്ടി ഞാന്‍ ചെലവഴിക്കുന്ന പൈസയാണത്. ഏകദേശം നാലുമാസം ഞാന്‍ ഡല്‍ഹിയിലായിരുന്നു. അവിടെ കഴിഞ്ഞ ജൂണ്‍ മാസം ഞാന്‍ ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ കിട്ടിയപ്പോള്‍ അമ്പരന്നുപോയി. അതില്‍ കണ്ട തുകയാണ് അത്. 1300 ഉറുപ്പിക. വണ്‍ തൗസന്റ് ത്രീ ഹണ്‍ഡ്രഡ് റുപ്പീസ് ഓണ്‍ലി. ഞാന്‍ വളരെയധികം വെള്ളം ഉപയോഗിക്കുന്ന ആളാണെന്നും എന്റെ പാര്‍പ്പിടത്തില്‍ നീന്തല്‍ക്കുളമുണ്ടെന്നും അതുകൊണ്ടാണ് ഇത്ര വലിയ തുകയ്ക്കുള്ള ബില്‍ വരുന്നതെന്നും വായനക്കാര്‍ കരുതുന്നുണ്ടാകും. അല്ലെങ്കില്‍ ഇത്രയധികം പൈസ ഒരു മാസം വെള്ളത്തിനു വില കൊടുക്കേണ്ടിവരുന്നത് എന്തിന്? എന്റെ ഫ്ളാറ്റില്‍ നീന്തല്‍ക്കുളം പോകട്ടെ, ഒരു ബാത്ത് ടബ്ബ് പോലുമില്ല. ഏഴുനില കെട്ടിടങ്ങളുടെ ഒരു സമുച്ചയത്തില്‍ രണ്ടാം നിലയിലാണ് ഞാന്‍ താമസിക്കുന്നത്. വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക എന്ന സ്ഥലത്തെ ഫ്ളാറ്റിലേക്ക് താമസം മാറ്റിയത് ആവേശത്തോടെയാണ്. ദ്വാരകയില്‍ ചോലമരങ്ങള്‍ തണല്‍ വിരിക്കുന്ന വിശാലമായ റോഡുകളും എണ്ണമറ്റ പാര്‍ക്കുകളും ഉണ്ട്. ഓരോ ബ്ലോക്കിലും ഒരു സ്കൂളും പെട്രോള്‍പമ്പുമുണ്ട്. രണ്ടോ മൂന്നോ മിനിറ്റുകള്‍ കൂടുമ്പോള്‍ മെട്രോ ട്രെയിനുകള്‍ വരുകയും പോകുകയും ചെയ്യും. സ്വര്‍ഗം, അല്ലേ? ഞങ്ങളുടെ സ്വര്‍ഗത്തില്‍ എല്ലാമുണ്ട്. വെള്ളത്തിനു പൈസ കൊടുക്കണം എന്നുമാത്രം.
സകല മതപുസ്തകങ്ങളും സ്വര്‍ഗത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ. ആകാശത്തിലെ ആ സാക്ഷാല്‍ സ്വര്‍ഗത്തിലും അങ്ങനെയായിരിക്കുമോ? അവിടെയും കുടിവെള്ളത്തിന്റെ ഉപയോഗത്തിന് മാസന്തോറും വീര്‍ത്ത ബില്ല് വരുമോ? വെള്ളത്തിന്റെ നടുവിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. മയ്യഴിയുടെ രണ്ടുഭാഗം പുഴയും ഒരുഭാഗം കടലുമാണ്. വീട്ടുമുറ്റത്തു നിന്നു നോക്കിയാല്‍ കാണാവുന്ന ദൂരത്ത് ക്ഷേത്രക്കുളമുണ്ട്. മഴക്കാലം കഴിഞ്ഞാലും ഇടവഴികളില്‍ നീര്‍ച്ചാലുകളുണ്ടാകും. കിണറ്റില്‍ വെള്ളം നിറഞ്ഞു കിടക്കുന്നുണ്ടാകും. എന്റെ കൗമാരകാലം വെള്ളവുമായി കണ്ണിചേര്‍ക്കപ്പെട്ടുനില്‍ക്കുന്നു. പുഴയുടെ കരയിലാണ് ദിവസത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചിരുന്നത്. സായാഹ്നങ്ങളില്‍ ചങ്ങാതിമാരോടൊപ്പം പുഴക്കരയില്‍ ചെന്നിരുന്നില്ലെങ്കില്‍ അസ്വസ്ഥനാകും. പുഴയുടെ മുകളിലൂടെ വരുന്ന കാറ്റിന്റെ കുളിര് മുഖത്തു തട്ടിയിരുന്നാണ് ഞാന്‍ അവരോട് പുസ്തകങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന എന്റെ നോവലിന്റെ ശീര്‍ഷകത്തില്‍ത്തന്നെ ജലസ്പര്‍ശമുണ്ട്.
കുട്ടിക്കാലത്ത് വെള്ളംകൊണ്ടു കളിക്കാനായിരുന്നു എനിക്കിഷ്ടം. അമ്മ പറഞ്ഞിരുന്നു. ഞങ്ങളുടേത് ആഴക്കിണറാണ്. അതില്‍നിന്നു ബുദ്ധിമുട്ടി അമ്മ വെള്ളം വലിച്ച് ചെമ്പില്‍ നിറച്ച് മൂടിവെക്കും. കുടിക്കാന്‍ വേണ്ടിയാണത്. അമ്മയുടെ കണ്ണു തെറ്റിയാല്‍ ഞാന്‍ പിച്ചവെച്ച് നടന്ന് അടുക്കളയില്‍ ചെന്ന് വെള്ളത്തില്‍ കൈയിട്ടു കളിക്കും. ചിലപ്പോള്‍ ചെമ്പ് മറിച്ചിട്ട് അടുക്കള കുളമാക്കും. അങ്ങനെ വെള്ളത്തില്‍ കളിച്ചാണ് ഞാന്‍ വളര്‍ന്നത്. സദാ എന്റെ മനസ്സില്‍ നനവുണ്ടായിരുന്നു. കൗമാരപ്രായത്തില്‍ ഞാന്‍ നോവലുകള്‍ വായിച്ചിരുന്നത് രാത്രിയായിരുന്നു. ഞാനേറെ ഇഷ്ടപ്പെടുന്നതാണ് ആ വായന. മഴക്കാലത്തെ തണുപ്പുള്ള രാവുകളില്‍ കഴുത്തോളം പുതപ്പു വലിച്ചിട്ട് മഴയുടെ താളവും ഈണവും അറിഞ്ഞ് വായിക്കുന്നതിനോളം വലിയൊരു ആഹ്ലാദം മറ്റെന്തുണ്ട്? അങ്ങനെ പിച്ചവെച്ചു നടക്കുന്ന കുഞ്ഞുനാളുകളില്‍ മാത്രമല്ല കൗമാരപ്രായത്തിലും വെള്ളം എന്റെ കൂടെയുണ്ടായിരുന്നു. എന്റെ വികൃതികളിലും വായനയിലും വെള്ളത്തിന്റെ സ്പര്‍ശമുണ്ടായിരുന്നു. പുഴവെള്ളത്തിന്റെയും മഴവെള്ളത്തിന്റെയും തൊട്ടുതലോടലുകള്‍ ഏറ്റുവാങ്ങിയാണ് ഞാന്‍ വളര്‍ന്നത്. വെള്ളം എനിക്ക് കുളിക്കുവാനും കുടിക്കുവാനും മാത്രമുള്ളതല്ല. എന്നിലെ സര്‍ഗാത്മകതയുടെ നിലനില്‍പ്പിന് വെള്ളം ആവശ്യമായിരുന്നു. മയ്യഴിപ്പുഴയും അതിലെ വെള്ളവും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എഴുത്തുകാരനാകുമായിരുന്നില്ല.
ഡല്‍ഹിയിലേക്ക് വണ്ടി കയറിയപ്പോഴാണ് വെള്ളത്തില്‍നിന്നു ഞാന്‍ അകന്നുപോയത്. അതോടെ വെള്ളത്തിന്റെ ലോകം എനിക്കു നഷ്ടപ്പെട്ടു. ഒരു ജൂണ്‍ മാസത്തിലാണ് ഞാന്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. യാത്രയില്‍ വണ്ടിയുടെ ഇരുവശവും കണ്ടത് വരള്‍ച്ച മാത്രമായിരുന്നു. വിണ്ടുകീറിയ മണ്ണ്. ഇലകള്‍ കരിഞ്ഞ പൊടിപിടിച്ച മരങ്ങള്‍ . ഒരു തുള്ളി വെള്ളംപോലുമില്ലാത്ത വറ്റിവരണ്ട തോടുകളും പുഴകളും. വെള്ളമില്ലാത്ത പുഴകളെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. ഡല്‍ഹിയില്‍ ജീവിതം തുടങ്ങിയപ്പോഴാണ് വെള്ളത്തിന്റെ വില ഞാന്‍ മനസ്സിലാക്കിയത്. സൗത്ത് ഡല്‍ഹിയിലെ അമര്‍ കോളനിയിലാണ് ഞാന്‍ ദീര്‍ഘകാലം താമസിച്ചത്. ഉഷ്ണകാലത്ത് രാവിലെ ഏഴു മണിയോടെ പൈപ്പില്‍ വെള്ളം നില്‍ക്കും. ചില ദിവസങ്ങളില്‍ വെള്ളം വന്നില്ലെന്നും വരാം. ഞങ്ങള്‍ അമര്‍ കോളനി നിവാസികള്‍ കാലത്ത് നാലു മണിക്കുണര്‍ന്ന് വെള്ളം വരുന്നതും കാത്തിരിക്കും. തുള്ളി തുള്ളിയായി വരുന്ന വെള്ളം എല്ലാ പാത്രങ്ങളിലും പ്ലാസ്റ്റിക് ബക്കറ്റുകളിലും ശേഖരിച്ചു വെയ്ക്കും. പൈപ്പ് വരളുന്നതിനുമുമ്പ് എനിക്കും ഭാര്യക്കും കുളിക്കണം. രണ്ടു കുഞ്ഞുങ്ങളെ കുളിപ്പിക്കണം. തുണി നനയ്ക്കണം. അതൊക്കെ കഴിയുന്നതിനുമുമ്പ് വെള്ളം നില്‍ക്കുമോ എന്ന ഭയമായിരിക്കും മനസ്സില്‍ . സന്ധ്യയ്ക്ക് ഓഫീസില്‍നിന്നു വീട്ടിലേക്കു മടങ്ങുമ്പോള്‍ ചുടുകാറ്റ് മുഖത്തേക്കു വീശും. കഴുത്തിലും തലയിലും പൊടി മണ്ണുമായിട്ടായിരിക്കും പാര്‍പ്പിടത്തിലെത്തുന്നത്. അപ്പോള്‍ മനസ്സില്‍ ഒരു ആഗ്രഹം മാത്രം. വെള്ളം കോരി തലയിലൊഴിച്ച് ഒന്നു കുളിക്കണം. പക്ഷേ പൈപ്പ് തുറക്കുമ്പോള്‍ വെള്ളത്തിനു പകരം ചെറിയൊരു സീല്‍ക്കാരത്തോടെ ചുടുകാറ്റാണ് അതില്‍നിന്നു വരിക. അഞ്ചുവര്‍ഷം മയൂര്‍ വിഹാറിലെ കലാവിഹാര്‍ അപ്പാര്‍ട്മെന്റിലാണ് ഞങ്ങള്‍ താമസിച്ചത്. ഞങ്ങളുടെ ഫ്ളാറ്റ് രണ്ടാം നിലയിലായിരുന്നു. വെള്ളത്തിനു പ്രഷര്‍ ഇല്ലാത്തതു കാരണം മുകളിലേക്കു കയറില്ല. താഴെ ഗെയിറ്റിനരികിലുള്ള പൈപ്പിനു ചുവട്ടില്‍ ബക്കറ്റുകള്‍ വെച്ച് ഞങ്ങള്‍ കാത്തിരിക്കും... കുളിക്കാതെ ഓഫീസില്‍ പോയ സന്ദര്‍ഭങ്ങള്‍പോലുമുണ്ടായിട്ടുണ്ട്. എങ്ങും വെള്ളം നിറഞ്ഞുകിടക്കുന്ന ജന്മനാട് വിട്ടുപോയതിന് എനിക്ക് കിട്ടിയ ശിക്ഷയാകാം അത്.
കാലം ഏറെ കടന്നുപോയി. സര്‍ക്കാരുകള്‍ മാറിമാറി വന്നു. എന്നിട്ടും ജലക്ഷാമം ഡല്‍ഹി നിവാസികളെ പിന്തുടരുന്നു. പത്തുവര്‍ഷം മുമ്പ് ദ്വാരകയിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടെ കുടിവെള്ളത്തിന് ക്ഷാമമുണ്ടാകില്ലെന്ന് കരുതിയിരുന്നു. എന്നാല്‍ അങ്ങോട്ടു താമസം മാറിയ ആദ്യനാളുകളില്‍ എന്നും കുടിക്കാനും പാചകം ചെയ്യാനുമായി ഞങ്ങള്‍ക്ക് അമ്പതു രൂപയുടെ കുപ്പിവെള്ളം വാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴും മാറ്റമില്ല. ജലബോര്‍ഡിന്റെ വെള്ളം അപൂര്‍വമായേ ഞങ്ങളുടെ ഹൗസിങ് കോംപ്ലക്സില്‍ വരാറുള്ളൂ. അതുകൊണ്ട് സ്വകാര്യ വെള്ളം വില്‍പ്പന ഏജന്‍സികളില്‍നിന്നാണ് ഞങ്ങള്‍ വെള്ളം വാങ്ങുന്നത്. അതിനായി വരുന്ന ബില്‍ മാസം 1300 ഉറുപ്പിക. ഡല്‍ഹി ഇപ്പോള്‍ ഒരു മായാലോകമാണ്. എങ്ങും മനോഹരമായ വീതികൂടിയ റോഡുകള്‍ . എങ്ങും മേല്‍പ്പാലങ്ങള്‍ . എങ്ങും അംബരചുംബികളായ എടുപ്പുകള്‍ . ട്രാഫിക് സിഗ്നലുകളുടെ തടസ്സമില്ലാതെ അതിവേഗം കാറോടിച്ചു പോകാം. എങ്ങും എയര്‍കണ്ടീഷന്‍ ചെയ്ത ഷോപ്പിങ്മാളുകള്‍ . ചില മാളുകള്‍ അമേരിക്കയിലെ മാളുകളേക്കാള്‍ ആധുനികമാണ്. ഇറക്കുമതി ചെയ്ത ലോ ഫ്ളോര്‍ ബസ്സുകള്‍ ഏറെയും എയര്‍കണ്ടീഷന്‍ ചെയ്തവയാണ്. അതിനുപുറമെ ഡ്രൈവറില്ലാതെ ഓടുന്ന ശീതീകരിച്ച അത്യാധുനിക മെട്രോ ട്രെയിനുകള്‍ . എങ്ങും ഹാംബര്‍ഗറും കൊക്കകോളയും വില്‍ക്കുന്ന മക്ഡോണാള്‍ഡ് റസ്റ്റോറന്റുകള്‍ . പിസാ ഹട്ടുകള്‍ . കെഎഫ്സികള്‍ . ഇടറോഡുകളില്‍ പോലും അടിഞ്ഞുകൂടിക്കിടക്കുന്ന വലിയ വലിയ കാറുകള്‍ . ഇവിടെ എല്ലാമുണ്ട്. കുടിക്കാന്‍ വെള്ളം മാത്രമില്ല. അയ്യോ, അങ്ങനെ പറയാന്‍ പാടില്ല. പന്ത്രണ്ടുറുപ്പിക കൊടുത്താല്‍ കുടിക്കാന്‍ ഒരു കുപ്പി വെള്ളം കിട്ടും. മാസം ആയിരത്തിമുന്നൂറുറുപ്പിക കൊടുത്താല്‍ കുളിക്കാനും വെള്ളം കിട്ടും.
ഡല്‍ഹിയില്‍ ലക്ഷക്കണക്കിനു യാചകരുണ്ട്. ചേരികളില്‍ ദശലക്ഷം ആളുകള്‍ അരപ്പട്ടിണിയുമായി കഴിയുന്നു. അവരെങ്ങനെ മാസം ആയിരത്തി മുന്നൂറു രൂപ ചെലവഴിച്ച് കുടിക്കാനും കുളിക്കാനും വെള്ളം മേടിക്കും? ഉത്തരം വളരെ ലളിതമാണ്. അവര്‍ കുളിക്കണ്ട. വെള്ളം കുടിക്കുകയും വേണ്ട.
*
എം മുകുന്ദന്‍ ദേശാഭിമാനി വാരിക
Saturday, August 27, 2011
Subscribe to:
Post Comments (Atom)
1 comment:
1300 ഉറുപ്പിക. എന്തിനെന്നോ? ഡല്‍ഹിയില്‍ ഒരു മാസം വെള്ളത്തിനുവേണ്ടി ഞാന്‍ ചെലവഴിക്കുന്ന പൈസയാണത്. ഏകദേശം നാലുമാസം ഞാന്‍ ഡല്‍ഹിയിലായിരുന്നു. അവിടെ കഴിഞ്ഞ ജൂണ്‍ മാസം ഞാന്‍ ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ കിട്ടിയപ്പോള്‍ അമ്പരന്നുപോയി. അതില്‍ കണ്ട തുകയാണ് അത്. 1300 ഉറുപ്പിക. വണ്‍ തൗസന്റ് ത്രീ ഹണ്‍ഡ്രഡ് റുപ്പീസ് ഓണ്‍ലി. ഞാന്‍ വളരെയധികം വെള്ളം ഉപയോഗിക്കുന്ന ആളാണെന്നും എന്റെ പാര്‍പ്പിടത്തില്‍ നീന്തല്‍ക്കുളമുണ്ടെന്നും അതുകൊണ്ടാണ് ഇത്ര വലിയ തുകയ്ക്കുള്ള ബില്‍ വരുന്നതെന്നും വായനക്കാര്‍ കരുതുന്നുണ്ടാകും. അല്ലെങ്കില്‍ ഇത്രയധികം പൈസ ഒരു മാസം വെള്ളത്തിനു വില കൊടുക്കേണ്ടിവരുന്നത് എന്തിന്? എന്റെ ഫ്ളാറ്റില്‍ നീന്തല്‍ക്കുളം പോകട്ടെ, ഒരു ബാത്ത് ടബ്ബ് പോലുമില്ല. ഏഴുനില കെട്ടിടങ്ങളുടെ ഒരു സമുച്ചയത്തില്‍ രണ്ടാം നിലയിലാണ് ഞാന്‍ താമസിക്കുന്നത്. വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക എന്ന സ്ഥലത്തെ ഫ്ളാറ്റിലേക്ക് താമസം മാറ്റിയത് ആവേശത്തോടെയാണ്. ദ്വാരകയില്‍ ചോലമരങ്ങള്‍ തണല്‍ വിരിക്കുന്ന വിശാലമായ റോഡുകളും എണ്ണമറ്റ പാര്‍ക്കുകളും ഉണ്ട്. ഓരോ ബ്ലോക്കിലും ഒരു സ്കൂളും പെട്രോള്‍പമ്പുമുണ്ട്. രണ്ടോ മൂന്നോ മിനിറ്റുകള്‍ കൂടുമ്പോള്‍ മെട്രോ ട്രെയിനുകള്‍ വരുകയും പോകുകയും ചെയ്യും. സ്വര്‍ഗം, അല്ലേ? ഞങ്ങളുടെ സ്വര്‍ഗത്തില്‍ എല്ലാമുണ്ട്. വെള്ളത്തിനു പൈസ കൊടുക്കണം എന്നുമാത്രം.
Post a Comment