Monday, August 1, 2011

അദ്ദേഹം വീണ്ടും 'അറ' തുറക്കുന്നു

'ജനയുഗ'ത്തിന്റെ കഴിഞ്ഞ ആഴ്ചയിലെ പംക്തി വായിച്ചവര്‍ക്ക് ശീര്‍ഷകത്തിലെ അദ്ദേഹം ആരാണെന്ന് മനസ്സിലായിരിക്കും. കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞതുപോലെ, ''അദ്ദേഹം ഇദ്ദേഹം ഓര്‍ക്കനീ''. 'ഇദ്ദേഹം' എന്നുവെച്ചാലോ, ഇന്ന് കേരളത്തില്‍ പൊതുരംഗത്ത് 'മഹാദേഹ'നായിട്ടു പ്രവര്‍ത്തിച്ചുവരുന്ന എസ് എന്‍ ഡി പി യോഗം സെക്രട്ടറിയല്ലാതെ മറ്റാര്‍? എന്റെ 'അറിവില്ലായ്മയുടെ അറകള്‍' തുറന്നുകാട്ടിയതിന് പകരമായി അദ്ദേഹം പറഞ്ഞത്, ആ അറകളില്‍ കൂടുതല്‍ അറിവില്ലായ്മകള്‍ ഉണ്ടെന്ന എന്റെ വാദത്തെ സാധൂകരിച്ചിരിക്കുന്നു. യോഗഭാരവാഹികളുടെ ഒരു ശ്രീനാരായണ ക്വിസ് സംഘടിപ്പിച്ചാല്‍ ഒന്നാം റൗണ്ടില്‍ പുറത്തുചാടേണ്ടിവരിക ജനറല്‍ സെക്രട്ടറി തന്നെയായിരിക്കും.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിഗൂഢ സമ്പത്ത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച സെക്രട്ടറിയോട് ഞാന്‍ ചോദിച്ചത് ജനറല്‍ സെക്രട്ടറി എന്നാണ് ഹിന്ദുവായത് എന്നായിരുന്നു. അതിന് മറുപടി പറയാന്‍ വെള്ളാപ്പള്ളിക്ക് ഉതകുന്ന ഒരു ആശയവും അദ്ദേഹത്തിന്റെ ബോധമേഖലയില്‍ അല്‍പമെങ്കിലും ഉണ്ടായിരുന്നില്ല. പിന്നെ അദ്ദേഹത്തിന് നല്ല വശമുള്ളത് ദൈവം തമ്പുരാന്‍ കണ്ണടച്ച് കൊടുത്ത നീണ്ട നാക്കുകൊണ്ട് വിളിച്ചുപറയാവുന്ന അശ്ലീലതകളും തെറിയും ആണ്. അതില്‍ നോബല്‍ സമ്മാനാര്‍ഹമാണ് അദ്ദേഹത്തിന്റെ നാക്ക്. എന്തൊക്കെയാണ് പറഞ്ഞത്! ഒരു പത്രം മായാമഷികൊണ്ട് എഴുതിപിടിപ്പിച്ചത്; രൂക്ഷമായ വിമര്‍ശനം നടത്തി എന്നാണ്. വിമര്‍ശനം എന്നു കേട്ടാല്‍ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദ്യം മനസ്സില്‍ കയറിവരുന്ന വാക്ക് 'രൂക്ഷം' എന്നതാണ് എന്റെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ വെള്ളാപ്പള്ളി നടേശന് ഈ ജന്‍മത്തില്‍ സാധ്യമല്ല. അങ്ങോര്‍ പറയുന്നത് വിമര്‍ശനം ആണെന്ന് കരുതുന്നത് തന്നെ പരമാബദ്ധമാണ്.

അനുയായികളോട് എന്റെ കോലം കത്തിക്കാന്‍ പറഞ്ഞിട്ട് സെക്രട്ടറി ചെയ്തത് എന്റെ കോലത്തില്‍ കുറെ തെറിച്ചായം വാരിത്തേയ്ക്കുകയായിരുന്നു. എന്റെ 'മുത്തച്ഛ'നെ വരെ അദ്ദേഹം തന്റെ മലീമസമായ നാക്കുകൊണ്ട് ചീത്തയാക്കി. എന്റെ അച്ഛനും മുത്തച്ഛനും ഗുരുക്കന്‍മാരായിരുന്നു. ആ അഭിമാനവും അതിന്റെ ഗുണവും എന്നില്‍ കാണും. പക്ഷേ തന്റെ പിതൃ പിതാമഹാന്‍മാരെ ഇങ്ങനെ സാഭിമാനം സംസാരിക്കാന്‍ ആവാത്തതിന്റെ വിദ്വേഷം അദ്ദേഹം എന്റെ നേരെ വര്‍ഷിച്ചുവെന്നു മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. നടേശന്റെ പിതാവും മറ്റും മദ്യപാരമ്പര്യക്കാരാണ്. ആ പാരമ്പര്യമാണ് അദ്ദേഹം അനുസരിക്കുന്നത്, അല്ലാതെ ശ്രീനാരായണ പാരമ്പര്യമല്ല. ബാര്‍ ഹോട്ടല്‍ തനിക്ക് അച്ഛന്‍ വഴി ലഭിച്ചതാണന്ന് നടേശന്‍ എന്നോട് (ശിവഗിരി ഉപദേശക സമിതിയില്‍ ഞാന്‍ ചെയര്‍മാനും വെള്ളാപ്പള്ളി അംഗവും ആയിരുന്ന കാലത്ത്) പറഞ്ഞത് ഞാനോര്‍ക്കുന്നു.

സൂര്യന് താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും ഞാന്‍ അഭിപ്രായം പറയുന്നുവെന്ന് മറ്റൊരു ആരോപണം. ഒരു പൗരന്റെ ജനാധിപത്യ കര്‍ത്തവ്യങ്ങളില്‍ ഒന്നാണ് അഭിപ്രായ പ്രകടനം. അത് പാടില്ലെന്ന് പറയുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കുന്നു. സൂര്യനു താഴെയുളളതിനെപ്പറ്റിയാണ് അഭിപ്രായം പറയേണ്ടത്- എന്നുവെച്ചാല്‍ ഭൂമിയിലെ വിഷയങ്ങള്‍ എന്നു സാരം. ഞാനും വെള്ളാപ്പള്ളിയും തമ്മില്‍ അഭിപ്രായ പ്രകടനത്തില്‍ ഉള്ള വ്യത്യാസം, അദ്ദേഹം ഭൂമിക്ക് ചുവടെയുള്ളതിനെപ്പറ്റിയാണ് അഭിപ്രായം പറയുന്നത് എന്നാണ്- അതായത് പാതാളത്തിലെ വിഷയങ്ങള്‍. മദ്യവില്‍പന, പണം പലിശയ്ക്കു കൊടുക്കല്‍, ഒരു സ്ഥാപനത്തിന്റെ ഉയര്‍ന്ന ഔദ്യോഗിക സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാതെ, പരിമിതമായ വോട്ടുകള്‍ സ്വാധീനപ്പെടുത്തി തുടര്‍ന്നുകഴിയുക തുടങ്ങി പലതുമാണ് ഭൂമിക്കു താഴെയുളള വിഷയങ്ങള്‍.
ഞാന്‍ സൂര്യനെയും ഭൂമിയെയും പറ്റിപറയുന്നുവെന്ന് ഇപ്പോള്‍ സമ്മതിക്കുന്നു. പക്ഷേ പാതാളവാദിയായ അദ്ദേഹം സൂര്യന്റെ പേരുള്ള ഒരു സംഘടനയുടെ സെക്രട്ടറിയാണെന്നുള്ള ബന്ധമല്ലാതെ മറ്റൊന്നും സൂര്യനോടില്ല. സൂര്യന്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ശ്രീനാരായണഗുരുവിനെ തന്നെ. കുമാരനാശാന്‍ ശ്രീനാരായണന്‍ സൂര്യനാണെന്ന് പാടിയിട്ടുണ്ടെന്ന് കേട്ടാല്‍ നടേശന്‍ പൊട്ടിച്ചിരിക്കും. ആശാന്റെ 'പ്രഭാതനക്ഷത്രം' ആണ് ശ്രീനാരായണഗുരു. നടേശന് ആ കവിത തേടി കണ്ടുപിടിക്കാന്‍ പരസഹായമില്ലാതെ, പ്രയാസമാകാം. ശിവഗിരി, ഗുരുവിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അവതാരിക എഴുതാന്‍ എന്നെയാണ് ക്ഷണിച്ചത്, ജനറല്‍ സെക്രട്ടറിയെയല്ല.

പഴയ ജനറല്‍ സെക്രട്ടറി പ്രഭാതനക്ഷത്രത്തിന്റെ പ്രകാശത്തെപ്പറ്റി പാടിയപ്പോള്‍, ഇപ്പോഴത്തെ സെക്രട്ടറി 'പ്രകാശം' എന്നതിലെ ഉപസര്‍ഗം കളഞ്ഞ് 'കാശ്' എന്നതിനെപ്പറ്റി മാത്രം നിരന്തരം ചിന്തിക്കുന്നു. കോളജില്‍ അധ്യാപകനാവാന്‍ ആഗ്രഹിച്ചുവരുന്ന ഉന്നത ബിരുദധാരികളായ അപേക്ഷകരെ അക്ഷരവിരോധിയായ ഒരാള്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് സങ്കല്‍പിക്കാന്‍ രസകരമാണ്- ഉദ്യോഗാര്‍ഥികളുടെ കഷ്ടകാലമാണെങ്കിലും. വിവരമുള്ളവര്‍ ഉണ്ടെങ്കില്‍ ചെയ്യുന്ന ചോദ്യങ്ങള്‍ ഒന്നും ഇത്തരം ഒരു 'മഹാപുരുഷനില്‍' നിന്ന് പ്രതീക്ഷിച്ചിട്ട് ഫലമില്ല. 'കാശ്' ആണ് 'പ്രാഗ്' അല്ല അദ്ദേഹത്തിന് അന്വേഷിച്ചറിയാനുള്ള ഒരേയൊരു കാര്യം. ഈ തിരഞ്ഞെടുപ്പില്‍ വരുന്നവര്‍ ഉദ്യോഗത്തില്‍ കയറുന്നത് 'കാശ്' വഴി. അത്തരം അന്യഥാ അയോഗ്യരെ കലാലയങ്ങളില്‍ അധ്യാപകരാക്കി വിദ്യാഭ്യാസത്തെ 'ഉന്നതം' ആക്കുന്നു. 'വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍' എന്ന് ഗുരു പറഞ്ഞത് ശിഷ്യന്‍ (ശിഷ്യനോ, ഛെ, ഗുരുതന്നെ-മൈക്രോ ഗുരു!) ഭക്തിപൂര്‍വം നടപ്പിലാക്കുന്നു. ഇതുവരെ ഒരു സെക്രട്ടറിക്കും കഴിയാത്ത കാര്യമാണ്.

സൂര്യന് താഴെയുള്ളതിനെക്കുറിച്ചൊക്കെ അഭിപ്രായം പറഞ്ഞ്, വലുതാകുന്നുവെന്ന് മറ്റൊരാരോപണം. 'ഗുരു നിന്ദ വയ്യ' എന്ന് ഞാന്‍ പറഞ്ഞതിന്റെ മറുപടിയാണ് ഇതെന്ന് ഓര്‍ക്കണം. ഇതെങ്ങനെ മറുപടിയാകും എന്ന് പാവം വായനക്കാരന്‍ അന്തം വിടുന്നു. പക്ഷേ തെറിയെ മറുപടിയാക്കുന്ന 'മഹാഗുരു'വിന്റെ വാക്കുകള്‍ സൂക്ഷിച്ച് മനസ്സിലാക്കണം. ഞാന്‍ സമകാലിക വിഷയങ്ങളെപ്പറ്റി വിമര്‍ശനപരമായി പറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അങ്ങനെ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. ഈഴവ സംഘടനയുടെ നേതാവ് ഈഴവരെപ്പറ്റി മാത്രം പറഞ്ഞാല്‍ മതിയോ? നായരും കമ്മ്യൂണിസ്റ്റും പദ്മനാഭസ്വാമിക്ഷേത്രവും തുടങ്ങി പല വിഷയങ്ങളെയും പറ്റി സെക്രട്ടറി പാതാളത്തില്‍ നിന്ന് പലതും പറയാറുണ്ടല്ലോ. തനിക്കാകാമെന്നും മറ്റുള്ളവര്‍ക്ക് പാടില്ലെന്നും ഉള്ള നടേശ യുക്തി മറ്റുള്ളവര്‍ അംഗീകരിച്ചിട്ടില്ല.

ഈ ലേഖകന്‍ വലിയവരെ എതിര്‍ത്ത് വലുതാകാന്‍ ശ്രമിക്കുന്നു എന്ന് മറ്റൊരു ജല്പനം. നടേശന് സ്വന്തം ജീവചരിത്ര സംഭവങ്ങള്‍ ഓര്‍മയുണ്ടാകുമെന്ന് കരുതുന്നു. ചേര്‍ത്തല തെരുവുകളില്‍ ബഹളംവച്ച് നടന്ന്, എതിരാളികള്‍ കുത്തിപരിക്കേല്‍പിച്ച മുറിവിന്റെ പാട് അദ്ദേഹം എന്നെ നേരിട്ട് കാണിച്ചുതന്നിരുന്നു. ആ കാലങ്ങളില്‍ ഞാന്‍ എഴുതുകയും വിമര്‍ശനം നടത്തിതുടങ്ങുകയും ചെയ്തിരുന്നു. 'ആശാന്റെ സീതാകാവ്യം' എഴുതിയത് 1954 ല്‍ ആണ്. നടേശന്‍ അത് വായിച്ചിരിക്കില്ല. (ഗുരുവിന്റെ കൃതികള്‍ മുഴുവന്‍ അദ്ദേഹം വായിച്ചിട്ടുണ്ടോ എന്ന് സ്വകാര്യമായി അന്വേഷിക്കുക) ഒരു മുന്‍യോഗം ജനറല്‍ സെക്രട്ടറി എഴുതിയ ഒരു കാവ്യത്തിന്റെ പഠനമാണ്. അങ്ങനെ നാല്‍പതോളം കൃതികള്‍ എഴുതിയ എനിക്ക് ഇതൊക്കെ എടുത്തുപറയേണ്ടി വന്നതില്‍ സന്തോഷമില്ല. പക്ഷേ സാഹിത്യാദി വിഷയങ്ങളില്‍ തീര്‍ത്തും അജ്ഞനും വിദൂരസ്ഥനുമായ ഒരു വ്യക്തിയോട് സംവേദനം നടത്തണമെങ്കില്‍ ഇതൊക്കെ വേണ്ടിവരുമെന്ന് ദയവായി നിങ്ങള്‍ മനസ്സിലാക്കണം. എനിക്കുള്ള 'ചെറിയ വലിപ്പം' ഒരു സാമുദായിക സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞതുകൊണ്ട് ഉണ്ടായതല്ല. സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ അഖില കേരളീയവും ഭാരതീയവുമായ പല സ്ഥാനങ്ങളും വഹിച്ചതുകൊണ്ടാണ്.

ഇതിനെപ്പറ്റിയൊന്നും ഒരു വക ധാരണയുമില്ലാതെ ശുദ്ധ അസംബന്ധവും വായാടിത്തരവും പറയുന്ന ആളെ സാധാരണഗതിയില്‍ ആളുകള്‍ കേട്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞുകളയും. അത് ശരിയല്ല. അത് അത്തരക്കാരുടെ ദുര്‍വചന ശീലത്തെ വളര്‍ത്തും. അതിനെ നിര്‍ദാക്ഷിണ്യം എതിര്‍ക്കുകയാണ് വേണ്ടത്. സമൂഹത്തിലെ ഇത്തരം മുള്‍ച്ചെടികള്‍ കാലിന്‍മേല്‍ തറച്ച് പോറല്‍ പറ്റിയാല്‍ ഉടനടി മുള്‍ച്ചെടി വെട്ടിമാറ്റണം. അതാണ് ഞാന്‍ ഇത്രകാലമായി സ്വീകരിച്ചുപോന്ന നയം.

ശ്രീനാരായണ ധര്‍മത്തിന് ഏറ്റ ഏറ്റവും കടുത്ത ആത്മക്ഷയമാണ് ജനറല്‍ സെക്രട്ടറി തന്നെ മദ്യവില്‍പനക്കാരന്‍ ആയി തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. യോഗാംഗങ്ങള്‍ ഈ വിധിവൈപരീത്യം എത്ര ലജ്ജാവഹമാണെന്ന് സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗുരുദേവന്റെ ഭാഷയില്‍ ഈ സെക്രട്ടറി 'നാറുന്ന' സെക്രട്ടറിയാണ്. (കോപിക്കരുത്, സത്യം മാത്രം പറയുകയാണ്) ഗുരുദേവന്‍ തുടര്‍ന്ന് പറഞ്ഞത് കൂട്ടിവായിച്ചാല്‍, ഈ നാറുന്ന സെക്രട്ടറി തൊട്ട് യോഗവും നാറുന്നതാണെന്ന് സംശയിക്കേണ്ടി വരും.
യോഗാംഗങ്ങളോട് ഒരു വാക്ക്. ഇതൊക്കെ പച്ചയായി തുറന്നെഴുതിയതിന് നിങ്ങള്‍ ഇതു പറഞ്ഞ ആളുടെ കോലം കത്തിച്ചും മറ്റും പ്രതികരിക്കുകയല്ല വേണ്ടത്. വേണ്ടത്, ഈ വൃത്തികെട്ട ചീത്ത ചുറ്റുപാട് ഒഴിവാക്കാന്‍ ഉടനടി നടപടിയെടുക്കുകയാണ്.

*
സുകുമാര്‍ അഴീക്കോട് ജനയുഗം ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'ജനയുഗ'ത്തിന്റെ കഴിഞ്ഞ ആഴ്ചയിലെ പംക്തി വായിച്ചവര്‍ക്ക് ശീര്‍ഷകത്തിലെ അദ്ദേഹം ആരാണെന്ന് മനസ്സിലായിരിക്കും. കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞതുപോലെ, ''അദ്ദേഹം ഇദ്ദേഹം ഓര്‍ക്കനീ''. 'ഇദ്ദേഹം' എന്നുവെച്ചാലോ, ഇന്ന് കേരളത്തില്‍ പൊതുരംഗത്ത് 'മഹാദേഹ'നായിട്ടു പ്രവര്‍ത്തിച്ചുവരുന്ന എസ് എന്‍ ഡി പി യോഗം സെക്രട്ടറിയല്ലാതെ മറ്റാര്‍? എന്റെ 'അറിവില്ലായ്മയുടെ അറകള്‍' തുറന്നുകാട്ടിയതിന് പകരമായി അദ്ദേഹം പറഞ്ഞത്, ആ അറകളില്‍ കൂടുതല്‍ അറിവില്ലായ്മകള്‍ ഉണ്ടെന്ന എന്റെ വാദത്തെ സാധൂകരിച്ചിരിക്കുന്നു. യോഗഭാരവാഹികളുടെ ഒരു ശ്രീനാരായണ ക്വിസ് സംഘടിപ്പിച്ചാല്‍ ഒന്നാം റൗണ്ടില്‍ പുറത്തുചാടേണ്ടിവരിക ജനറല്‍ സെക്രട്ടറി തന്നെയായിരിക്കും.