Wednesday, August 17, 2011

സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണത്തിന്റെ കഥ

കള്ളപ്പണത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരിയ്ക്കുന്നു; സ്വിറ്റ്സര്‍ലണ്ടിലെ രഹസ്യ ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേക്ക് അത് ഒഴുകിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുനിന്ന് സമ്പത്ത് ഒലിച്ചുപോവുകയാണ്. ഇന്ത്യയിലെ സമ്പന്നരും അധികാരസ്ഥാനത്തിരിക്കുന്നവരും സ്വിറ്റ്സര്‍ലണ്ടിലെ നമ്പര്‍ അക്കൗണ്ടുകളില്‍ കൊണ്ടുചെന്ന് തള്ളിയിട്ടുള്ള അളവറ്റ സമ്പത്തിന്റെ പ്രശ്നം ഇടയ്ക്കിടെ പൊങ്ങിവരുന്നതും വിവാദം ഉയര്‍ത്തിവിടുന്നതും പിന്നെ വിസ്മരിക്കപ്പെടുന്നതും ഒട്ടും ആശ്ചര്യകരമല്ല. ഇടയ്ക്കിടെ ഈ പ്രശ്നം ഉയര്‍ന്നുവരുന്നത് പല കാരണങ്ങളാലും മനസ്സിലാക്കാവുന്നതേയുള്ളൂ. നികുതി വെട്ടിച്ചും വിദേശ നാണ്യ വിനിമയ നിയമങ്ങള്‍ ലംഘിച്ചും രാജ്യത്ത് നിലവിലുള്ള മറ്റ് നിയമങ്ങള്‍ ലംഘിച്ചും ആണ്, മിക്കപ്പോഴും സ്വിസ്സ് ബാങ്കുകളിലേക്ക് ഇങ്ങനെ പണം ഒഴുക്കുന്നത്. അതുകൊണ്ടുതന്നെ അത് നിയമവിരുദ്ധവും ധാര്‍മികമായി ജുഗുപ്സാവഹവുമാണ്.

ഇതില്‍ ഉള്‍പ്പെട്ട സംഖ്യ അത്ര ചെറുതൊന്നുമല്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായി ഉപയോഗിയ്ക്കാന്‍ ഉതകുന്ന ഈ സമ്പത്ത്, ധനികരുടെ കയ്യിലുള്ള മിച്ചധനമാണ്. എന്നാല്‍ അതിപ്പോള്‍ വിദേശത്ത് ഉപയോഗശൂന്യമായിക്കിടക്കുകയാണ്. അതവിടെ നിയമവിരുദ്ധമായി കുന്നുകൂടിക്കൊണ്ടിരിക്കുന്നു. രാജ്യത്തേക്കാള്‍ പ്രധാനം തങ്ങളുടെ സ്വന്തം കാര്യമാണെന്ന് കരുതുന്ന സമ്പന്നവര്‍ഗത്തിന്റെ പ്രതീകമാണ് ഈ കള്ളപ്പണത്തിന്റെ അസ്തിത്വം. രാജ്യരക്ഷാ സാമഗ്രികളുടെ കരാറുകള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന നിയമവിരുദ്ധമായ കൈക്കൂലികളുടെ കാര്യത്തിലും ഇത് ശരിയാണ്. വിദേശങ്ങളില്‍ ഇങ്ങനെ സമ്പത്ത് കുന്നുകൂട്ടിവെയ്ക്കുന്നതിന് സഹായകമായ നിയമലംഘനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുകയും കള്ളപ്പണം തിരികെ കൊണ്ടുവരികയും വളര്‍ച്ചയ്ക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അത് പ്രയോജനപ്പെടുത്തുകയും വേണം എന്ന ശരിയായ ആവശ്യത്തിലേക്കാണ്, ധാര്‍മികവും ദേശസ്നേഹപരവുമായ നമ്മുടെ ധാര്‍മികരോഷം നമ്മെ നയിക്കുന്നത്. ധാര്‍മിക വികാരം മാറ്റിവെച്ചാല്‍ത്തന്നെ, നിയമവാഴ്ച എല്ലാവര്‍ക്കും ബാധകമായിരിക്കണം എന്ന് സമത്വബോധം ആവശ്യപ്പെടുന്നു. \

ഇന്ത്യയില്‍ ഇന്നത്തെ വിവാദം ഉയര്‍ന്നുവരുന്നതിന് മൂന്ന് ഘടകങ്ങളാണ് സംയുക്തമായി കാരണമായിത്തീര്‍ന്നത്. ഒന്നാമത്, വിദേശബാങ്കുകളില്‍ 30 കോടി ഡോളര്‍ സൂക്ഷിച്ചിട്ടുള്ള 250 അമേരിക്കക്കാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സ്വിറ്റ്സര്‍ലണ്ടിലെ വന്‍കിട ബാങ്കായ യുബിഎസ് നിര്‍ബന്ധിതമായിത്തീര്‍ന്നു. അമേരിക്കന്‍ പൗരന്മാര്‍ നടത്തിയിട്ടുള്ള നികുതി വെട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന ആഭ്യന്തര റവന്യൂ സര്‍വീസ് അന്വേഷകരാണ് നികുതി വെട്ടിപ്പ് നടത്തിയതായി സംശയിക്കപ്പെടുന്ന ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ 2009 ആദ്യത്തില്‍ യുബിഎസ്സിനെ നിര്‍ബന്ധിതമാക്കിയത്. ഈ പ്രശ്നം ഒതുക്കിത്തീര്‍ക്കുന്നതിനായി അമേരിക്കന്‍ ഗവണ്‍മെന്റിന് 78 കോടി ഡോളര്‍ നല്‍കാമെന്നും ഈ ബാങ്ക് സമ്മതിച്ചു. ഈ തുകകള്‍ ചെറിയതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സ്വന്തം രാജ്യത്തെ സ്വകാര്യത സംബന്ധിച്ച നിയമങ്ങളുടെ പിന്‍ബലത്തില്‍ സമ്പത്താര്‍ജിക്കുന്ന ഒരു ബാങ്കിങ് വ്യവസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനം, വളരെ വലിയ ഒരു സൗജന്യം തന്നെയാണ്. വളരെയേറെ പ്രയോജന സാധ്യതകളുള്ള ഒരു സൗജന്യം. അമേരിക്കയുടെ കാര്യത്തില്‍പോലും മേല്‍പ്പറഞ്ഞ 250 പേരുടെ പട്ടിക, വളരെ ചെറുതാണ് - സ്വിസ്സ് ബാങ്കില്‍ നിയമവിരുദ്ധമായ അക്കൗണ്ടുള്ളതായി ആരോപിയ്ക്കപ്പെടുന്ന 19,000 അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ ഒരു ശതമാനം മാത്രം.

2002നും 2007നും ഇടയില്‍ അമേരിക്കയില്‍നിന്ന് കടത്തിക്കൊണ്ടുപോയിയെന്ന് ആഭ്യന്തര റവന്യൂ സര്‍വീസ് സംശയിക്കുന്ന 2000 കോടി ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേല്‍പ്പറഞ്ഞ 250 പേര്‍ സൂക്ഷിച്ചിട്ടുള്ള തുകയും വളരെ ചെറിയതാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുവേണ്ടി സ്വിസ് ബാങ്കിങ്ങ് വ്യവസായത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. മാത്രമല്ല, ഇത്തരത്തിലുള്ള ഒരു രാജ്യം മാത്രമാണ് അമേരിക്ക. സാമ്പത്തികരംഗത്തെ ഒരു വലിയ ഇടപാടുകാരനാണ് അമേരിക്ക എന്നതിനാല്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വിറ്റ്സര്‍ലണ്ടിലെ സ്വകാര്യതാ നിയമങ്ങളില്‍ അയവ് വരുത്തുകയാണെങ്കില്‍ , ഇന്ത്യയെപ്പോലെയുള്ള വികസ്വര രാഷ്ട്രങ്ങളടക്കമുള്ള മറ്റ് രാജ്യങ്ങളിലെ അക്കൗണ്ടുടമകളെ സംബന്ധിച്ച വിശദവിവരങ്ങളും പേരുകളും വെളിപ്പെടുത്താനുള്ള സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ ആ ബാങ്കിങ് വ്യവസ്ഥയ്ക്ക് വിഷമം തന്നെയായിരിക്കും. ഇന്ത്യയിലെ കുറഞ്ഞ അളവിലുള്ള പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുവാനും ദാരിദ്ര്യം കുറയ്ക്കുവാനും ഈ രാജ്യത്തിന് ആ പണം ആവശ്യമാണ്. മറുവശത്താണെങ്കില്‍ അത്തരം വിവരങ്ങള്‍ തേടാനും നേടാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മുന്‍കയ്യെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമ്മര്‍ദ്ദം ഈ ഗവണ്‍മമെന്റുകള്‍ക്കുമേല്‍ വര്‍ദ്ധിക്കുകയും ചെയ്യും. അതായത് സ്വിസ്സ് ബാങ്കില്‍ നിക്ഷേപിയ്ക്കപ്പെട്ട തുകയെപ്പറ്റി അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാധ്യതയുണ്ടെന്നുവന്നാല്‍ അത്, ഇന്ത്യയുടെ പ്രശ്നത്തെയും വീണ്ടും സജീവമാക്കുക തന്നെ ചെയ്യും.

വികസ്വര രാജ്യങ്ങളില്‍നിന്ന് പൊതുവിലും ഇന്ത്യയില്‍നിന്ന് പ്രത്യേകിച്ചും വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് ഇങ്ങനെ നിയമവിരുദ്ധമായി എത്ര മാത്രം പണം ഒഴുകുന്നുണ്ട് എന്നതു സംബന്ധിച്ച കണക്കുകള്‍ വെളിയ്ക്കുവന്നത്, ചര്‍ച്ച വീണ്ടും സജീവമാകുന്നതിനു കാരണമായിത്തീര്‍ന്ന രണ്ടാമത്തെ ഘടകമാണ്. അന്തര്‍ദേശീയ നയരൂപീകരണത്തിന് സഹായകമായ പര്യാലോചനാ കേന്ദ്രമായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റി നല്‍കുന്ന ഈ കണക്കുകള്‍ അംഗീകൃത രീതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതനുസരിച്ച്, 2006ല്‍ വികസ്വരരാഷ്ട്രങ്ങളില്‍നിന്ന് പുറത്തേയ്ക്ക് നിയമവിരുദ്ധമായി ഒഴുകിപ്പോയ പണം, 85,860 കോടി ഡോളറിനും 1.06 ലക്ഷം കോടി ഡോളറിനും ഇടയിലാണ്. വികസ്വരരാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. 2002നും 2006നും ഇടയില്‍ ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം 2000 കോടി ഡോളറിനും 2700 കോടി ഡോളറിനും ഇടയിലുള്ള തുക നിയമവിരുദ്ധമായി വിദേശബാങ്കുകളിലേക്ക് ഒഴുകിപ്പോയി എന്നാണ് കണക്ക്. ചൈനയില്‍നിന്ന് 23,300 കോടി ഡോളറിനും 28,900 കോടി ഡോളറിന്നും ഇടയിലുള്ള തുകയും സൗദി അറേബ്യയില്‍നിന്ന് 5400 കോടി ഡോളറിനും 5500 കോടി ഡോളറിനും ഇടയിലുള്ള തുകയും മെക്സിക്കോയില്‍നിന്ന് 4100 കോടി ഡോളറിനും 4600 കോടി ഡോളറിനും ഇടയിലുള്ള തുകയും റഷ്യയില്‍നിന്ന് 3200 കോടി ഡോളറിനും 3800 കോടി ഡോളറിനും ഇടയിലുള്ള തുകയും ഈ കാലയളവില്‍ പ്രതിവര്‍ഷം പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഇപ്പോഴത്തെ വിനിമയ നിരക്ക് വെച്ചു കണക്കാക്കുമ്പോള്‍ , ഇന്ത്യയില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് 1,10,000 കോടി രൂപയിലധികം പ്രതിവര്‍ഷം പുറത്തേക്ക് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുന്നു. ഈ സംഖ്യയില്‍ നാലിലൊന്ന് നികുതിയായി ലഭിക്കുകയാണെങ്കില്‍ , ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയ്ക്ക് വേണ്ടത്ര ഫണ്ട് ഓരോ വര്‍ഷവും നല്‍കുന്നതിന്, അത് വളരെയേറെ പ്രയോജനപ്പെടുന്നതാണ്. മേല്‍പ്പറഞ്ഞ മുഴുവന്‍ തുകയും ഇന്ത്യയില്‍ത്തന്നെ ചെലവഴിയ്ക്കപ്പെടുകയാണെങ്കില്‍ ജിഡിപി മൂന്നരശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്നതിന് കഴിയും; ഇന്നത്തെ വളര്‍ച്ചാമാന്ദ്യം ഇല്ലാതാക്കുന്നതിനും വളര്‍ച്ചാ വര്‍ധന നേടുന്നതിനും ആ സംഖ്യകൊണ്ടു കഴിയും. അത്രയും വലിയ സംഖ്യ രാജ്യത്തിനുള്ളില്‍ത്തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ , (ആ തുക ഒരു അനുമാനക്കണക്കാണെങ്കില്‍തന്നെയും) പ്രശ്നം വിവാദത്തിന്നിടയാക്കുകയും ചെയ്യും.

മൂന്നാമത്, ഇതൊക്കെ സംഭവിച്ചത്, ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോഴാണ്. ദേശീയ വികാരം ആളിക്കത്തിക്കുന്നതിനും ധാര്‍മികമായി ആരോപണം ഉന്നയിക്കുന്നതിനും സഹായകമായ ഒരു പ്രശ്നം കരഗതമാകുമ്പോള്‍ , പ്രതിപക്ഷം അത് ഉപയോഗപ്പെടുത്തുകയില്ല എന്ന് പ്രതീക്ഷിയ്ക്കാന്‍ കഴിയുകയില്ലല്ലോ - മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോഴും ഇത്തരം ഒഴുക്ക് സംഭവിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയെ അവഗണിച്ചുകൊണ്ടുതന്നെ. പ്രശ്നം വീണ്ടും സജീവമായി രംഗത്തേക്ക് വന്നത് ഏത് സന്ദര്‍ഭത്തിലാണെങ്കിലും ശരി, അതിനെ ചൂഷണം ചെയ്യാനുള്ള സാധ്യത വളരെ ശക്തമാണ്. ആഭ്യന്തരമായി നികുതി നിയമങ്ങളും വിദേശ വിനിമയ നിയമങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പാക്കപ്പെടണം. അന്താരാഷ്ട്ര രംഗത്താകട്ടെ, ഈ ദ്രോഹം അവസാനിപ്പിയ്ക്കാന്‍ കഴിയില്ലെങ്കില്‍ത്തന്നെ, അത് കുറയ്ക്കാനെങ്കിലും ഉതകുന്ന വിവരങ്ങള്‍ ലഭ്യമാകുന്നതിനുവേണ്ട സമ്മര്‍ദ്ദം ഗവണ്‍മന്റെ് ചെലുത്തണം.

അമേരിക്കയിലെ നിയമനിര്‍മാതാക്കള്‍ ഈയിടെ നേടിയ പരിമിതമായ വിജയത്തിലൂടെ ഉണ്ടാക്കപ്പെട്ട സ്വിസ് ബാങ്കിങ്ങ് വ്യവസ്ഥയിലെ വിള്ളല്‍ നല്‍കുന്ന അവസരം പ്രയോജനപ്പെടുത്തുക എന്നതാണ് നമുക്ക് അവലംബിയ്ക്കാവുന്ന ഒരു മാര്‍ഗം. അതുപയോഗിച്ച് ഇന്ത്യയിലെ കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുക്കണം. ഈ വിധത്തില്‍ കള്ളപ്പണം കുന്നുകൂടുന്നത് കുറയ്ക്കാന്‍ ഉതകുന്ന വിവരങ്ങള്‍ ലഭ്യമാകുന്നതിന് അനുകൂലമായ കൂടുതല്‍ മെച്ചപ്പെട്ട ആഗോള അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റിയുടെ ഡയറക്ടര്‍ ആയ റെയ്മണ്ട് ബേക്കര്‍ ("ക്യാപിറ്റലിസംസ് അക്കിലസ് ഹീല്‍ : ഡര്‍ട്ടി മണി ആന്‍റ് ഹൗ ടു റെന്യൂ ദി ഫ്രീ മാര്‍ക്കറ്റ് സിസ്റ്റം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്) ഫിനാന്‍ഷ്യല്‍ ടൈംസില്‍ (2009 ഏപ്രില്‍ 24) ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: "വ്യക്തിഗത അക്കൗണ്ടുകളെയും ബിസിനസ്സ് അക്കൗണ്ടുകളെയും സംബന്ധിച്ച നികുതി വിവരങ്ങള്‍ സ്വാഭാവികമായും രാജ്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൈമാറുകയും ബഹുരാഷ്ട്ര കുത്തകകളുടെ വില്‍പ്പനകളെയും ലാഭത്തേയും നികുതികളേയും സംബന്ധിച്ച വിവരങ്ങള്‍ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൈമാറുകയും ആണ്, വികസ്വര രാജ്യങ്ങളില്‍നിന്ന് നിയമവിരുദ്ധമായി വമ്പിച്ച അളവില്‍ പണം ഒഴുകിപ്പോകുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം".

നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും പ്രോല്‍സാഹനം നല്‍കുന്ന കാര്യത്തില്‍ നികുതിവിമുക്ത താവളങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആഗോളതലത്തില്‍ത്തന്നെ ആശങ്ക ഉയര്‍ന്നുവന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ , ഇപ്പോള്‍ ഇതിനൊരു അവസരം കൈവന്നിരിക്കുകയാണ്.

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്, മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഏതാനും വാക്കുകള്‍ പറയുന്നതും ഉചിതമായിരിക്കും. ഒന്നാമത്, നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുകുന്ന പണത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠമൂലം, ഇന്ത്യയെപ്പോലെയുള്ള വികസ്വരരാഷ്ട്രങ്ങളെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നമായ നികുതിവെട്ടിപ്പില്‍നിന്നും ഒഴിഞ്ഞുമാറലില്‍നിന്നും ശ്രദ്ധ വഴിതെറ്റിപ്പോകരുത്. സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം മാത്രമാണ്, സ്വിസ് ബാങ്കുകളിലേക്കും മറ്റ് വിദേശ ബാങ്കുകളിലേക്കും നിയമവിരുദ്ധമായി ഒഴുകിപ്പോകുന്ന പണം. കള്ളപ്പണത്തില്‍ അധികഭാഗവും ഈ രാജ്യത്തുതന്നെ നിലനില്‍ക്കുന്നു. ഇങ്ങനെ ആഭ്യന്തരമായി പിടിച്ചുനിര്‍ത്തപ്പെടുന്ന നിയമവിരുദ്ധമായ സമ്പത്ത് കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും; അതില്‍നിന്ന് നികുതി ഈടാക്കാന്‍ കഴിയും; പുതിയതായി നിയമവിരുദ്ധമായ സമ്പത്ത് ഉണ്ടാക്കപ്പെടുന്നത് (അത് വിദേശത്തേക്ക് ഒഴുകിയെന്നും വരാം; ഒഴികിയില്ലെന്നും വരാം) കൂടുതല്‍ എളുപ്പത്തില്‍ തടയാനും കഴിയും. കള്ളപ്പണ സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തെക്കുറിച്ചുള്ള കണക്ക്, നികുതിവെട്ടിപ്പിന്റെ അളവ്, തര്‍ക്കത്തില്‍ക്കിടക്കുന്നതും തീരുമാനമാകാത്തതുമായ അവകാശവാദങ്ങളെ സംബന്ധിച്ച (നികുതിവകുപ്പുമായിട്ടുള്ളത്) കണക്ക് - നിയമവിരുദ്ധമായി പുറത്തേയ്ക്കൊഴുകുന്ന സമ്പത്തിന്റെ കണക്കുപോലെത്തന്നെ ഇവയും ഞെട്ടിപ്പിക്കുന്നതാണ്. എന്നുതന്നെയല്ല, പ്രശ്നം നികുതിവെട്ടിപ്പിന്റേതു മാത്രമല്ല; നികുതിനിയമങ്ങളില്‍ ഉള്ള പഴുതുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടും നികുതിയില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ പ്രശ്നവുമുണ്ട്. "വിഭവങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ നടപ്പാക്കപ്പെടാതെ" കിടക്കുന്ന എത്രയോ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പണം കണ്ടെത്തുന്നത് എങ്ങനെയെന്നതിനുള്ള, ഏറ്റവും ലളിതമായ ഉത്തരമാണ്, നികുതി ആനുകൂല്യങ്ങള്‍ വഴി നഷ്ടപ്പെടുന്ന വമ്പിച്ച റവന്യൂ വരുമാനം.

രണ്ടാമത്, നിയമവിരുദ്ധമായി വിദേശങ്ങളിലേക്ക് ഒഴുകുന്ന പണത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയ്ക്കിടയില്‍ , സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഫലമായി വിദേശത്തേക്ക് നിയമവിധേയമായി ഒഴുകിപ്പോകുന്ന സമ്പത്തില്‍നിന്ന് (അത് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്) ശ്രദ്ധ വഴിതെറ്റിപ്പോകരുത്. 1990കളുടെ തുടക്കംവരെ, ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്ന അക്കൗണ്ടുകള്‍ , അവര്‍ തെറ്റായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച സമ്പത്തിന്റെ മാത്രം ഫലമായിട്ടുള്ളതായിട്ടല്ല വീക്ഷിയ്ക്കപ്പെട്ടത്. വിദേശനാണയം നേടുന്നതിനുമേല്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്ന പരിധിയുടെ കൂടി ഫലമായിട്ടായിരുന്നു അത് എന്നാണ് വാദിയ്ക്കപ്പെട്ടിരുന്നത്. വിദേശങ്ങളില്‍ ആസ്തി സമ്പാദിക്കുന്നതിനുവേണ്ടി രൂപയെ മറ്റേതെങ്കിലും നാണയമാക്കി മാറ്റുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ മൂലധനച്ചെലവിന്റെ കാര്യത്തില്‍ മറ്റേതെങ്കിലും നാണയമായി (ഉദാഹരണത്തിന് ഡോളര്‍) രൂപയെ മാറ്റാന്‍ കഴിയുമായിരുന്നില്ല എന്നതു മാത്രമായിരുന്നില്ല അതിനു കാരണം. സാധനങ്ങള്‍ ഇറക്കുമതി ചെയ്യല്‍, ആരോഗ്യം, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ കറന്‍റ് അക്കൗണ്ട് ആവശ്യങ്ങള്‍ക്ക് വേണ്ട വിദേശനാണയത്തിനുപോലും റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു; ദൗര്‍ലഭ്യം ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ ചെലവ് വഹിയ്ക്കാന്‍ കഴിയുന്നവര്‍ക്കും അതിനുള്ള വഴി കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്കും വിദേശത്തേയ്ക്ക് പണം മാറ്റുന്നതിനും അവിടെ പണം സൂക്ഷിക്കുന്നതിനും പ്രേരണ നല്‍കി എന്നാണ് ഒരു വാദം.

സ്വിസ് ബാങ്കിങ് വ്യവസ്ഥയിലെ രഹസ്യ സ്വഭാവത്തെ ചൂഷണം ചെയ്യുന്നതിനും രാജ്യത്തുള്ള നിയമം ലംഘിക്കുന്നതിനും ആളുകളെ നിര്‍ബന്ധിതരാക്കുന്നത് സാമ്പത്തിക നയമാണ് എന്നാണ് വാദം. എന്നാല്‍ ഈ വാദം ഒട്ടും ശരിയല്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ കാണിക്കുന്നത്. വിദേശനാണയം നേടുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമങ്ങള്‍ വേണ്ടത്ര ഉദാരമാക്കപ്പെട്ടിട്ടും വിദേശത്തേക്ക് പണം മാറ്റുകയും അവിടെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ ഇന്ന് യഥാര്‍ത്ഥത്തിലുണ്ടായ മാറ്റം; വിദേശത്തേക്ക് പണം കൊണ്ടുപോകുന്നത് നിയമവിരുദ്ധമായ രീതിയിലും നിയമവിധേയമായ രീതിയിലും (രണ്ടു രീതികളിലും) നടക്കുന്നു എന്നതാണ്. ഉദാഹരണത്തിന് വ്യാപാര - വിനിമയ നിരക്ക് ഉദാരവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും, നികുതി വെട്ടിക്കുന്നതിനുവേണ്ടി വില കൂട്ടി കാണിച്ചുള്ള (ഓവര്‍ ഇന്‍വോയ്സിങ്ങ്) ഇറക്കുമതിയും വില കുറച്ചു കാണിച്ചുള്ള (അണ്ടര്‍ ഇന്‍വോയ്സിങ്ങ്) കയറ്റുമതിയും ഇപ്പോഴും തുടരുന്നുണ്ട്. അതോടൊപ്പം തന്നെ, ആസ്തികള്‍ സമ്പാദിക്കുന്നതിനും അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നതിനുമായി വിദേശങ്ങളിലേക്ക് പണം കൈമാറുന്നുമുണ്ട്.

2008-09 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസക്കാലത്ത് (ഏപ്രില്‍ - ഡിസംബര്‍) വിദേശ പ്രത്യക്ഷ നിക്ഷേപം എന്ന നിലയില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് ഒഴുകിയ മൂലധനം 1200 കോടിയോളം ഡോളറിന്റേതാണ്. രാജ്യത്തിലേക്ക് ഇങ്ങോട്ട് ഒഴുകിയെത്തിയ വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ (2700 കോടി ഡോളര്‍) അഞ്ചില്‍ രണ്ട് ഭാഗത്തിലധികം വരും ഇത്. ഇത്രയും പണമൊന്നും വിദേശത്തേക്ക് ഒഴുകിപ്പോകേണ്ട ആവശ്യമില്ല. ഇവിടെ താമസിക്കുന്ന വ്യക്തികള്‍ ഉദാരവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിദേശത്തേക്ക് അയയ്ക്കുന്ന വിദേശ വിനിമയത്തിന്റെ ഒഴുക്കിന്റെ കാര്യത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2004-05 വര്‍ഷത്തില്‍ ഇങ്ങനെ അയച്ച തുക 96 ലക്ഷം ഡോളര്‍ ആയിരുന്നുവെങ്കില്‍ 2005-06ല്‍ അത് 250 ലക്ഷം ഡോളറായും 2006-07ല്‍ 728 ലക്ഷംഡോളറായും വര്‍ദ്ധിക്കുകയുണ്ടായി. എന്നാല്‍ , 2007-08ല്‍ അത് 4405 ലക്ഷം ഡോളറായി കുതിച്ചുയര്‍ന്നു. ഇങ്ങനെ വിദേശത്തേക്കുള്ള വിദേശ നാണയക്കൈമാറ്റം, അത്തരം വിദേശനാണയം ഇങ്ങോട്ടു നേടുന്നതുമായി ബന്ധപ്പെട്ടല്ല കിടക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നുതന്നെയല്ല, ചരക്ക് വ്യാപാരത്തിലൂടെയും സേവനവ്യാപാരത്തിലൂടെയും വിദേശത്തുള്ള നിക്ഷേപങ്ങളില്‍നിന്ന് സ്വരൂപിയ്ക്കപ്പെടുന്ന വരുമാനത്തിലൂടെയും വിദേശ വിനിമയ മിച്ചം ഉണ്ടാക്കാനുള്ള ഇന്ത്യയുടെ കഴിവ് അതോടൊപ്പം വര്‍ദ്ധിക്കുന്നുമില്ല. കറന്‍റ് അക്കൗണ്ടില്‍ ഇന്ത്യ രേഖപ്പെടുത്തുന്നത് കമ്മിയാണ്. അതായത് ഏതെങ്കിലും വിധത്തില്‍ ഇന്ത്യ വിദേശവിനിമയശേഖരം കൂടുതല്‍ കൈവശംവെയ്ക്കുന്നുണ്ടെങ്കില്‍ അത് "സമ്പാദിച്ചതല്ല" മറിച്ച് "കടം വാങ്ങി"വെച്ചതാണ്. ഇങ്ങനെ കടം വാങ്ങിയ വിദേശ നാണയമാണ് തിരികെ വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അത് തിരിച്ചുവരാനുള്ള സാധ്യതയൊന്നുമില്ല താനും.

പഴയ കടങ്ങള്‍ തിരിച്ചടയ്ക്കാനുള്ള ബാധ്യത നിറവേറ്റുന്നതിനാവശ്യമായ തുക, നടപ്പ് വിദേശനാണയ സമ്പാദ്യത്തേയും ഇന്ത്യയിലേക്കുള്ള വിദേശ നാണയ ഒഴുക്കിനേയുംകാളൊക്കെ എത്രയോ അധികമായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിത്തീരാവുന്നതാണ്. അതുമൂലം അസ്ഥിരതയും പ്രതിസന്ധികളും ഉണ്ടാകാവുന്നതാണ്. വികസ്വര ലോകത്ത് അത്തരം പ്രതിസന്ധികള്‍ ഇന്ന് സാധാരണമായിത്തീര്‍ന്നിരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അതിന്റെ ഭാരം വന്നു പതിക്കുന്നത് എല്ലാവരുടെയും കൂടി തലയിലാണ്; മുമ്പ് വിദേശത്തേക്ക് പണം കടത്തിക്കൊണ്ടു പോയവരുടെ മാത്രം തലയിലല്ല. ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

ആഗോളവ്യാപാരത്തില്‍നിന്നും മൂലധന ഒഴുക്കില്‍നിന്നും ഉണ്ടാകുന്ന വിദേശ നാണയത്തെ വിലപ്പെട്ട വിഭവമായി കാണുന്ന രാജ്യങ്ങളില്‍ , ആവശ്യമില്ലാതെ വിദേശങ്ങളിലേക്ക് പണം ഒഴുകിപ്പോകുന്നതിനെയും അനാവശ്യമായി വിദേശങ്ങളില്‍നിന്ന് ഇങ്ങോട്ട് പണം ഒഴുകിവരുന്നതിനെയും നിയന്ത്രിക്കേണ്ടത്, അത്തരം ഒരു സ്ഥിതിവിശേഷം സംജാതമാകുന്നത് തടയുന്നതിന് ആവശ്യമാണ്. നിയമവിരുദ്ധമായി പണം പുറത്തേക്ക് ഒഴുകിപ്പോകുന്നതിലുള്ള ധാര്‍മികരോഷം പ്രകടിപ്പിക്കുന്ന അവസരത്തില്‍ , ഭരണകക്ഷിയും പ്രധാന പ്രതിപക്ഷകക്ഷികളും ഇക്കാര്യം വിസ്മരിക്കരുത്. ഖേദകരമെന്നു പറയട്ടെ, അതാണ് അവര്‍ ചെയ്യുന്നതെന്ന് തോന്നുന്നു.


*****


പ്രൊഫ. സി പി ചന്ദ്രശേഖര്‍, കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്, മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഏതാനും വാക്കുകള്‍ പറയുന്നതും ഉചിതമായിരിക്കും. ഒന്നാമത്, നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുകുന്ന പണത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠമൂലം, ഇന്ത്യയെപ്പോലെയുള്ള വികസ്വരരാഷ്ട്രങ്ങളെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നമായ നികുതിവെട്ടിപ്പില്‍നിന്നും ഒഴിഞ്ഞുമാറലില്‍നിന്നും ശ്രദ്ധ വഴിതെറ്റിപ്പോകരുത്. സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം മാത്രമാണ്, സ്വിസ് ബാങ്കുകളിലേക്കും മറ്റ് വിദേശ ബാങ്കുകളിലേക്കും നിയമവിരുദ്ധമായി ഒഴുകിപ്പോകുന്ന പണം. കള്ളപ്പണത്തില്‍ അധികഭാഗവും ഈ രാജ്യത്തുതന്നെ നിലനില്‍ക്കുന്നു. ഇങ്ങനെ ആഭ്യന്തരമായി പിടിച്ചുനിര്‍ത്തപ്പെടുന്ന നിയമവിരുദ്ധമായ സമ്പത്ത് കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും; അതില്‍നിന്ന് നികുതി ഈടാക്കാന്‍ കഴിയും; പുതിയതായി നിയമവിരുദ്ധമായ സമ്പത്ത് ഉണ്ടാക്കപ്പെടുന്നത് (അത് വിദേശത്തേക്ക് ഒഴുകിയെന്നും വരാം; ഒഴികിയില്ലെന്നും വരാം) കൂടുതല്‍ എളുപ്പത്തില്‍ തടയാനും കഴിയും. കള്ളപ്പണ സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തെക്കുറിച്ചുള്ള കണക്ക്, നികുതിവെട്ടിപ്പിന്റെ അളവ്, തര്‍ക്കത്തില്‍ക്കിടക്കുന്നതും തീരുമാനമാകാത്തതുമായ അവകാശവാദങ്ങളെ സംബന്ധിച്ച (നികുതിവകുപ്പുമായിട്ടുള്ളത്) കണക്ക് - നിയമവിരുദ്ധമായി പുറത്തേയ്ക്കൊഴുകുന്ന സമ്പത്തിന്റെ കണക്കുപോലെത്തന്നെ ഇവയും ഞെട്ടിപ്പിക്കുന്നതാണ്. എന്നുതന്നെയല്ല, പ്രശ്നം നികുതിവെട്ടിപ്പിന്റേതു മാത്രമല്ല; നികുതിനിയമങ്ങളില്‍ ഉള്ള പഴുതുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടും നികുതിയില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ പ്രശ്നവുമുണ്ട്. "വിഭവങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ നടപ്പാക്കപ്പെടാതെ" കിടക്കുന്ന എത്രയോ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പണം കണ്ടെത്തുന്നത് എങ്ങനെയെന്നതിനുള്ള, ഏറ്റവും ലളിതമായ ഉത്തരമാണ്, നികുതി ആനുകൂല്യങ്ങള്‍ വഴി നഷ്ടപ്പെടുന്ന വമ്പിച്ച റവന്യൂ വരുമാനം.