Saturday, August 13, 2011

സ്‌നേഹത്തിന്റെ പൂമരമായി തമ്പി കാക്കനാടന്‍

ചിന്ത രവിയുടെ മരണം പോലെതന്നെ വേദനിപ്പിക്കുന്നതാണ്‌ തമ്പി കാക്കനാടന്റെ മരണവും. ഇരുവരും ഹൃദയപക്ഷത്ത്‌ നിലയുറപ്പിച്ചുകൊണ്ട്‌ അനന്തവിഹായസ്സിലേയ്‌ക്ക്‌ കൈകളുയര്‍ത്തി, ജീവിതത്തെ അന്വേഷണങ്ങളുടെയും അമ്പരപ്പുകളുടെയും ആഘോഷമാക്കി.

കൊല്ലം എസ്‌ എന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന കാലത്ത്‌ തമ്പി കാക്കനാടന്‍ കോളജ്‌ പ്രതിഭകളായിരുന്ന വി സാംബശിവന്റെയും കുരീപ്പുഴ നടരാജന്റെയും പെരുമ്പുഴ ഗോപാലകൃഷ്‌ണന്റെയും സതീര്‍ഥ്യനായിരുന്നു. മൂവരുടെയും പാതകള്‍ വിട്ട്‌ സ്വാതന്ത്ര്യത്തിന്റെ ചുവപ്പന്‍ പാതയിലേയ്‌ക്കു നടന്നുപോയ തമ്പി കാക്കനാടന്‍ സ്റ്റുഡന്റ്‌ ഫെഡറേഷന്‍ പ്രവര്‍ത്തന കാലത്തെക്കുറിച്ച്‌ എന്നും ആയിരം നാവോടെ വിശദീകരിക്കുമായിരുന്നു. കോളജിലെ സാഹിത്യമത്സരവേദികളില്‍ ഇവര്‍ മൂന്നു പേരും സമ്മാനിതരുമായിരുന്നു.

കാക്കനാടന്‍ സഹോരന്‍മാര്‍ കേരളത്തെ വിസ്‌മയപ്പെടുത്തിയ പ്രതിഭാസംഗമമാണ്‌. അവരുടെ താവളങ്ങള്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌. ഒന്നിച്ചുള്ള മദ്യപാനവും കമ്മ്യൂണിസ്റ്റ്‌ ചര്‍ച്ചകളും അവര്‍ ഉത്സാഹവേളകളാക്കി. അവരുടെ സംഗമസ്ഥലികളില്‍ ലോകവിജ്ഞാനം നഗ്നമായി നിന്നു.

മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന കാക്കനാടന്‍, അകാലത്തില്‍ വിട്ടുപിരിഞ്ഞ രാജന്‍ കാക്കനാടന്‍, ഇപ്പോള്‍ നമ്മെ വേര്‍പിരിഞ്ഞ തമ്പി കാക്കനാടന്‍. ഇവര്‍ക്കെല്ലാം മുകളില്‍ ലോഹമുഴക്കവും ഉത്തുംഗ ചിന്തയുമായി ഇഗ്നേഷ്യസ്‌ കാക്കനാടന്‍. ഓരോരുത്തരും എണ്ണം പറഞ്ഞ പ്രതിഭകള്‍.

എസ്‌തപ്പാന്‍ എന്ന അരവിന്ദന്‍ സിനിമയിലൂടെയും ചിത്രകലയിലൂടെയും കഥകളിലൂടെയും അസാധാരണ യാത്രാനുഭവങ്ങളിലൂടെയും ശ്രദ്ധേയനായ രാജന്‍ കാക്കനാടനാണ്‌ ആദ്യം വേര്‍പിരിഞ്ഞത്‌. കൊല്ലത്തെ പോളയത്തോട്‌ ശ്‌മശാനത്തില്‍ രാജന്‍ കാക്കനാടനെ സംസ്‌കരിച്ചപ്പോള്‍ തമ്പിച്ചായന്‍ പോക്കറ്റില്‍ തിരുകിവച്ചത്‌ സ്വന്തം പേന തന്നെയായിരുന്നു. സഹോദരനെ പേനകൊടുത്തു യാത്രയാക്കിയ അസാധാരണ മനുഷ്യനായിരുന്നു തമ്പി കാക്കനാടന്‍.
കവിതയോട്‌ തമ്പി കാക്കനാടന്‌ അതിരറ്റ ആസക്തിയായിരുന്നു. കടമ്മനിട്ട രാമകൃഷ്‌ണനും ഡി വിനയചന്ദ്രനും എ അയ്യപ്പനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പ്രശസ്‌തരും അപ്രശസ്‌തരുമായ യുവകവികളും സ്വന്തം കവിതകള്‍കൊണ്ട്‌ തമ്പി കാക്കനാടനെ ലഹരിപിടിപ്പിച്ചവരായിരുന്നു. ലാളിത്യത്തിന്റെ പ്രതീകമായിരുന്നു തമ്പി കാക്കനാടന്‍. ഏതു പ്രായത്തിലുംപെട്ട സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു.

ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ സമുന്നത ഉദ്യോഗസ്ഥനായിരുന്ന തമ്പി കാക്കനാടന്‍, അവിടെനിന്നും ഇറങ്ങിപ്പോന്നത്‌ ചൈനയെക്കുറിച്ചെഴുതിയ ലേഖനം മാപ്പാക്കണമെന്ന്‌ രേഖപ്പെടുത്തിക്കൊടുക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴാണ്‌. ക്ഷമാപണ കത്തിനു പകരം തമ്പി കാക്കനാടന്‍ നല്‍കിയത്‌ രാജിക്കത്ത്‌. കാക്കനാടന്‍മാര്‍ക്ക്‌ ഉന്നത ജോലിസ്ഥിരത ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. ആ സഹോദരന്‍മാരെല്ലാവരും വലിയ സന്ദര്‍ഭങ്ങളെ പലപ്പോഴും വേണ്ടെന്നുവച്ചവരാണ്‌.

തമ്പി കാക്കനാടന്‍ രചിച്ച ഒരു കലാപത്തിന്റെ ഓര്‍മയ്‌ക്ക്‌ എന്ന നോവലിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ ചിന്തപോലെതന്നെ വ്യത്യസ്‌തമായിരുന്നു. ആലപ്പുഴയിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പ്രകാശനച്ചടങ്ങില്‍ അദ്ദേഹത്തിന്റെ സൂഹൃത്തുക്കള്‍ ആ നോവല്‍ മുഴുവന്‍ വായിച്ചവതരിപ്പിക്കുകയായിരുന്നു. ആരുടെ കാലുപിടിച്ചായാലും വേണ്ടില്ല വിപ്ലവം സംഘടിപ്പിക്കുകതന്നെ ചെയ്യും എന്ന അതിസാഹസികരുടെ തീവ്രവാദ സംഭാഷണങ്ങളും പായസത്തില്‍ വീണുള്ള മധുര മരണവുമൊക്കെ ആസ്വദിക്കാന്‍ ചിത്രകാരന്‍മാരും കവികളുമൊക്കെയടങ്ങിയ സമ്പന്നമായ ഒരു സദസ്സുമുണ്ടായിരുന്നു.

`പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു സിനിമയുടെ കഥ' എന്ന ലഘുചിത്രത്തില്‍ തമ്പി കാക്കനാടന്‍ അഭിനയിച്ചിട്ടുണ്ട്‌. തകരച്ചെണ്ടയിലൂടെ പിന്നീട്‌ ശ്രദ്ധേയനായ അവിരാ റബേക്കയാണ്‌ ആ സിനിമയുടെ രചനയും സാക്ഷാത്‌കാരവും നിര്‍വഹിച്ചത്‌. മരിച്ചുപോയ ഒരു പട്ടാളക്കാരന്റെ ഉടുപ്പലക്കുമ്പോള്‍ കിട്ടുന്ന കത്തില്‍ നിന്നാണ്‌ ആ സിനിമയുടെ ചുരുള്‍ നിവര്‍ന്നത്‌. അലക്കുകാരനായി വേഷമിട്ടത്‌ സാക്ഷാല്‍ തമ്പി കാക്കനാടന്‍. അവിരാ റബേക്കയും ആ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇരുവരും ചേര്‍ന്ന്‌ ചിത്രത്തില്‍ ആലപിച്ച ഭഗവാനു `പണമെന്തിനാ, നിനയ്‌ക്കുമ്പം നിനയ്‌ക്കുമ്പം പണമില്ലയോടീ' എന്ന പഴയപാട്ട്‌ സിനിമാസ്വാദകരെ വല്ലാതെ രസിപ്പിച്ചിരുന്നു.

പണത്തിന്‌ തമ്പി കാക്കനാടന്‍, ജീവിതത്തിലൊരിക്കല്‍ പോലും അമിതവില കല്‍പ്പിച്ചിരുന്നില്ല. ആവശ്യം വരുമ്പോള്‍ അദ്ദേഹത്തിന്റെ കൈകളിലേയ്‌ക്ക്‌ പണം വന്നുവീഴുകയായിരുന്നു.

സൗഹൃദങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും അമിത പ്രാധാന്യമാണ്‌ തമ്പി കാക്കനാടന്‍ കാട്ടിയിരുന്നത്‌. ലോകോത്തര കൃതികളുടെ വായനയും സംവാദവും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അരങ്ങേറിയിരുന്നത്‌ യുവ സമൂഹത്തിന്‌ ദിശാബോധം നല്‍കാന്‍ പര്യാപ്‌തമായിരുന്നു. ആ സാഹസിക യാത്രികന്റെ ഓര്‍മയ്‌ക്കു മുന്നില്‍ ശിരസു നമിക്കുന്നു.


******


വര്‍ത്തമാനം/കുരീപ്പുഴ ശ്രീകുമാര്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചിന്ത രവിയുടെ മരണം പോലെതന്നെ വേദനിപ്പിക്കുന്നതാണ്‌ തമ്പി കാക്കനാടന്റെ മരണവും. ഇരുവരും ഹൃദയപക്ഷത്ത്‌ നിലയുറപ്പിച്ചുകൊണ്ട്‌ അനന്തവിഹായസ്സിലേയ്‌ക്ക്‌ കൈകളുയര്‍ത്തി, ജീവിതത്തെ അന്വേഷണങ്ങളുടെയും അമ്പരപ്പുകളുടെയും ആഘോഷമാക്കി.