മലയാളിക്ക് മറക്കാനാകാത്ത ഭാവഗീതങ്ങള്‍ സമ്മാനിച്ച സംഗീതസംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. രാത്രി എട്ടരയോടെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ചെന്നൈയിലെ പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച കേരളത്തിലെത്തിക്കും.
ജി ദേവരാജനുശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനം ചിട്ടപ്പെടുത്തിയ ജോണ്‍സണ്‍ , ചലച്ചിത്രഗാനരംഗത്ത് വേറിട്ട വഴിയിലാണ് സഞ്ചരിച്ചത്. മികച്ച വയലിന്‍ വാദകനായ ജോണ്‍സണ്‍ പശ്ചാത്തലസംഗീതരംഗത്ത് "ജോണ്‍സണ്‍ സ്റ്റൈല്‍"തന്നെ സൃഷ്ടിച്ചു. മൂന്നുദശകം നീണ്ട ചലച്ചിത്രജീവിതത്തില്‍ മുന്നൂറോളം ചിത്രത്തിന് സംഗീതം നല്‍കി.
തൃശൂര്‍ നെല്ലിക്കുന്നത്തെ സംഗീതപാരമ്പര്യമുള്ള കുടുംബമായ തട്ടില്‍ വീട്ടില്‍ ബാങ്ക് ഉദ്യോഗസ്ഥനായ അന്തോണിയുടേയും മേറിയുടേയും മകനായി 1953 മാര്‍ച്ച് 26ന് ജനനം. ചെറുപ്പത്തില്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ക്വയറില്‍ ഗായകനായ ജോണ്‍സണ്‍ , പ്രാദേശിക സംഗീത ട്രൂപ്പുകളിലും സജീവമായി. ഗാനമേളകളില്‍ പെണ്‍ശബ്ദത്തില്‍ ഗാനം ആലപിച്ചായിരുന്നു തുടക്കം. 1968ല്‍ കൂട്ടുകാര്‍ക്കൊപ്പം വോയ്സ് ഓഫ് തൃശൂര്‍ എന്ന ട്രൂപ്പ് തുടങ്ങി. അമ്പതോളം അംഗങ്ങളുള്ള കേരളം മുഴുവന്‍ അറിയപ്പെടുന്ന ട്രൂപ്പായി അതുമാറി. ജയചന്ദ്രന്‍ , മാധുരി എന്നിവരും വോയ്സ് ഓഫ് തൃശൂരിനുവേണ്ടി പാടി. ജയചന്ദ്രനാണ് ജി ദേവരാജനുമുന്നില്‍ ജോണ്‍സനെ അവതരിപ്പിക്കുന്നത്. ദേവരാജന്റെ സഹായിയായി 1970ല്‍ ചലച്ചിത്രരംഗത്തെത്തി. ഭരതന്റെ ആരവ (1978)ത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.
പത്മരാജന്‍ചിത്രങ്ങളില്‍ ജോണ്‍സന്റെ ആദ്യകാല ഹിറ്റുകള്‍ പിറന്നു. കൂടെവിടെമുതല്‍ ഞാന്‍ ഗന്ധര്‍വന്‍വരെ 17 ചിത്രത്തില്‍ ഇവര്‍ ഒന്നിച്ചു. ട്യൂണിനൊപ്പിച്ച് ഒ എന്‍ വി ആദ്യമായി പാട്ടെഴുതുന്നത് ജോണ്‍സനുവേണ്ടിയാണ് (കൂടെവിടെയിലെ ആടിവാ കാറ്റേ എന്ന ഗാനം). സത്യന്‍ അന്തിക്കാടിന്റെ 25 ചിത്രത്തിന് സംഗീതം പകര്‍ന്നു. കിരീടത്തിലെ "കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി" എന്ന ഗാനം ജോണ്‍സണ്‍ ട്യൂണിട്ടശേഷം കൈതപ്രം വരികളെഴുതി ചിട്ടപ്പെടുത്തിയതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് പിറന്നത് കൈതപ്രം- ജോണ്‍സണ്‍ കൂട്ടുകെട്ടില്‍നിന്നാണ്. സത്യന്‍ അന്തിക്കാടിന്റെ "വരവേല്‍പ്പി"ലൂടെയാണ് കൂട്ടുകെട്ടിന് തുടക്കം. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവുമായിരുന്നു ജോണ്‍സന്റെ സുവര്‍ണകാലഘട്ടം. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഫോട്ടോഗ്രാഫറിലൂടെ (2006) തിരിച്ചെത്തി. ജോണ്‍സണ്‍ സിനിമയില്‍ പാടിയത് ഏ ആര്‍ റഹ്മാന് വേണ്ടി മാത്രം. കണ്‍കള്‍ കൈദി സെയ് (2004)എന്ന ചിത്രത്തിലെ തീ കുരുവി.. എന്ന ഗാനം. പശ്ചാത്തല സംഗീതത്തിന് തുടര്‍ച്ചയായി രണ്ടുവര്‍ഷം ദേശീയ പുരസ്കാരം നേടി. (പൊന്തന്‍ മാട -1994, സുകൃതം-1995). അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ . ഭാര്യ: റാണി. മക്കള്‍ : ഷാന്‍ , റെന്‍ . സഹോദരങ്ങള്‍ : പോളി, ചാക്കോ, ജോര്‍ജ്, പരേതയായ മോളി.
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
മലയാളി എന്നെന്നും നേഞ്ചേറ്റി ലാളിക്കുന്ന ഒത്തിരി ഗാനങ്ങളിലൂടെ ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കിയ ഈണങ്ങളുടെ അധിപന്‍ ഇനി ജീവിക്കുന്നത് മധുരം ജീവാമൃതബിന്ദു, മധുരം പോല്‍ മധുരാധരം പോല്‍ , മെല്ലെമെല്ലെ മുഖപടം തുടങ്ങിയ ഗാനങ്ങളിലൂടെയായിരിക്കും.മലയാളസിനിമാസംഗീതത്തിന് ഭാവശുദ്ധിയുടെ ഇളനീര്‍ തെളിമ പകര്‍ന്ന സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍ . മലയാളിത്തം തുളുമ്പുന്ന പാട്ടുകളായിരുന്നു ജോണ്‍സന്റെ പ്രത്യേകത. ആര്‍ക്കും ഏറെയിഷ്ടം തോന്നിപ്പോവുന്ന ഭാവുകത്വം നിറച്ചായിരുന്നു ജോണ്‍സണ്‍ പാട്ടുകളൊരുക്കിയിരുന്നത്. സാധാരണസിനിമാസംഗീതകാരന്‍മാരെപ്പോലെ വിട്ടുവീഴ്ചകള്‍ക്കൊരുക്കമായിരുന്നില്ല ഈ പ്രതിഭ. വരികള്‍ക്കിടയില്‍ നിന്നും വിഷാദവും പ്രണയവും ഗൃഹാതുരതയുമൊക്കെ പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ജനുസുകളെ മലയാളത്തിലുണ്ടായിരുന്നുള്ളു. സംവേദനത്വത്തിന്റെ ഗരിമയില്‍ ആസ്വാദകഹൃദയങ്ങളെ തോറ്റിയുണര്‍ത്താനുള്ള ആ കഴിവ് ഒന്നുവേറെ തന്നെയായിരുന്നു. ഞാന്‍ ഗന്ധര്‍വ്വന്‍ ആയിരുന്നു ഏറ്റവും വലിയ ഉദാഹരണം. ഒരു മിത്തിനെ യാഥാര്‍ത്ഥ്യത്തിന്റെ പൊടിപോലുമവശേഷിപ്പിക്കാതെ ഹൃദസ്പൃകായി അവതരിപ്പിക്കുന്നില്‍ ജോണ്‍സണ്‍ കാട്ടിയ പാടവം ഒന്നു വേറെ തന്നെയായിരുന്നു. പത്മരാജന്‍ , ജോണ്‍സണ്‍ കൂട്ടുകെട്ടും ഒഎന്‍വിയുമായുള്ള ചങ്ങാത്തവും എണ്‍പതുകളിലെ മലയാളസംഗീത ശാഖയെ സമ്പന്നമാക്കിയിരുന്നു. കണ്ണീര്‍പ്പുവിന്റെ കവിളില്‍ തലോടി, ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം, സ്വര്‍ണ്ണമുകിലെ സ്വര്‍ണ്ണമുകിലെ, ദൂരെ ദൂരെ സാഗരം തേടി, അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞപൂക്കള്‍ , ഒരുനാള്‍ പ്രിയ രാത്രി നെയ്തു,ആകാശമാകെ, തുടങ്ങി മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങളായിരുന്നു ജോണ്‍സന്റെ സംഭാവനകള്‍ .
1993 ല്‍ പൊന്തന്‍മാടക്കും 1994ല്‍ സുകൃതത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാടയുടെ സംഗീതത്തിന്റെ സാരള്യത്തിനാണ് പരിഗണിച്ചിരന്നതെങ്കില്‍ സുകൃതത്തില്‍ പാട്ടില്‍ കൊരുത്തിട്ട ജീവിതാസക്തിക്കാണ് അവാര്‍ഡെന്നായിരുന്നു മാധ്യമങ്ങളുടെ വിവിശകലനം. പാട്ടുകളുടെ ഭാവഗരിമയില്‍ എന്നെന്നും വിരാജിച്ചിരുന്ന രാജശില്‍പ്പിയായിരുന്നു ജോണ്‍സണ്‍ . തലമുറകളുടെ സംഗീതപാരമ്പര്യം സിരകളിലേറ്റ് വാങ്ങിയാണ് ജോണ്‍സണ്‍ വളര്‍ന്നത്. മലയാളം ഏക്കാലവും ഓര്‍ക്കുന്ന മികച്ച ഗാനങ്ങളുടെ സൃഷ്ടാവെന്നതിലുപരിയായി സിനിമയുടെ റീ-റിക്കാര്‍ഡിങ്ങ് ചരിത്രത്തിന് ജോണ്‍സണ്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാവില്ല. ഇഴഞ്ഞു നീങ്ങുന്ന സീനുകളെ പോലും ജോണ്‍സണ്‍ സംഗീതം ചടുലമാക്കിയതിന്റെ അനുഭവവുമുണ്ട്. "ചാമരം" ഉള്‍പ്പടെയുള്ള തന്റെ തിരക്കഥകളെ സംഗീത സ്പര്‍ശത്താല്‍ ജോണ്‍സണ്‍ ഉല്‍കൃഷ്ടമാക്കിയതിനെക്കുറിച്ച് തിരക്കഥാകൃത്ത് ജോണ്‍പോള്‍ അനുസ്മരിച്ചു.. ഭരതന്‍ , പത്മരാജന്‍ ചിത്രങ്ങളുടെ ഭാവതലത്തിന് ആഴം പകര്‍ന്നത് ജോണ്‍സണ്‍ എന്ന പ്രതിഭയുടെ സംഗീതമാണ്. ആര്‍ കെ ശേഖറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓര്‍ക്കസ്ട്ര കംപോസര്‍മാര്‍ ഇളയരാജയും ജോണ്‍സണുമാണ്. വളരെ വേഗത്തില്‍ ഈണങ്ങളൊരുക്കാന്‍ ജോണ്‍സണ് കഴിഞ്ഞിരുന്നു. സിനിമയുടെ ആത്മാവറിഞ്ഞ് മാത്രം സംഗീതമൊരുക്കിയ സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍ .
സിനിമയുടെ ആത്മാവറിഞ്ഞ സംഗീതജ്ഞന്‍
മലയാള സിനിമാസംഗീതചരിത്രത്തിന്റെ 50ാം വാര്‍ഷികം 1988-89ല്‍ ആര്‍ഭാടമായി തിരുവനന്തപുരത്ത് ആഘോഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിലൊരാളായ നൗഷാദാണ് മലയാള സിനിമയില്‍ നിന്ന് തനിക്ക് ഇഷ്ടപ്പെട്ട 50 ഗാനങ്ങള്‍ തെരഞ്ഞെടുത്തത്. മൂന്നു ദിവസം നീണ്ടുനിന്ന ശ്രമകരമായ ആ സംഗീത അവതരണ സദസിന് ചുക്കാന്‍ പിടിച്ചത് ജോണ്‍സണ്‍ ആണ്. ഓര്‍ക്കസ്ട്രയുടെ മുഴുവന്‍ നിയന്ത്രണവും അദ്ദേഹത്തിനായിരുന്നു. ഒടുവില്‍ പാട്ടുകളുടെ ദിനരാത്രങ്ങള്‍ പെയ്തൊഴിഞ്ഞപ്പോള്‍ നൗഷാദ് തന്റെ കൈയില്‍ കിടന്ന സ്വര്‍ണ ബ്രേസ്ലെറ്റ് ഊരി ജോണ്‍സണ് സമ്മാനിച്ച ആ രംഗം മറക്കാനാവില്ല. തലമുറകളുടെ സംഗീതപാരമ്പര്യം ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച പ്രിയപ്പെട്ട ജോണ്‍സണ്‍ ഓര്‍മയായത് അവിശ്വസനീയയി തോന്നുന്നു.
ധിക്കാരിയായിരുന്നു ജോണ്‍സണ്‍ . പക്ഷേ അത് അറിവുള്ളവന്റെ ധിക്കാരമായിരുന്നു. തലമുറകളുടെ സംഗീതപാരമ്പര്യം സിരകളിലേറ്റ് വാങ്ങിയാണ് ജോണ്‍സണ്‍ വളര്‍ന്നത്. മലയാളം ഏക്കാലവും ഓര്‍ക്കുന്ന മികച്ച ഗാനങ്ങളുടെ സൃഷ്ടാവെന്നതിലുപരിയായി സിനിമയുടെ റീ-റിക്കാര്‍ഡിങ്ങ് ചരിത്രത്തിന് ജോണ്‍സണ്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാകില്ല. ഇഴഞ്ഞു നീങ്ങുന്ന സീനുകളെ പോലും ജോണ്‍സണ്‍ സംഗീതം ചടുലമാക്കിയതിന്റെ അനുഭവവുമുണ്ട്. "ചാമരം" ഉള്‍പ്പടെയുള്ള എന്റെ തിരക്കഥകളെ സംഗീത സ്പര്‍ശത്താല്‍ ജോണ്‍സണ്‍ ഉല്‍കൃഷ്ടമാക്കി. ഭരതന്‍ , പത്മരാജന്‍ ചിത്രങ്ങളുടെ ഭാവതലത്തിന് ആഴം പകര്‍ന്നത് ജോണ്‍സണ്‍ എന്ന പ്രതിഭയുടെ സംഗീതമാണ്. ആര്‍ കെ ശേഖറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓര്‍ക്കസ്ട്ര കംപോസര്‍മാര്‍ ഇളയരാജയും ജോണ്‍സണുമാണ്. വളരെ വേഗത്തില്‍ ഈണങ്ങളൊരുക്കാന്‍ ജോണ്‍സണ് കഴിഞ്ഞിരുന്നു. സിനിമയുടെ ആത്മാവറിഞ്ഞ് മാത്രം സംഗീതമൊരുക്കിയ സംഗീതസംവിധായകനായിരുന്നു അദ്ദേഹം.
-ജോണ്‍പോള്‍-
മെലഡിയുടെ പൂക്കാലം
സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ കടന്നുവന്ന് വര്‍ഷത്തില്‍ ഏറ്റവുമധികം സിനിമകള്‍ക്ക് ഈണം നല്‍കി റെക്കോഡ് സൃഷ്ടിച്ച അത്ഭുതപ്രതിഭ. സംഗീതസംവിധാനത്തിന് രണ്ടുവട്ടം ദേശീയ പുരസ്കാരവും മൂന്നുവട്ടം സംസ്ഥാന പുരസ്കാരവും നേടി മലയാള സിനിമാസംഗീതത്തിന്റെ യശസ്സുയര്‍ത്തി ജോണ്‍സണ്‍ . തൃശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാലത്ത് ജോണ്‍സന്റെ പാട്ടും സംഗീതവുമെല്ലാം. വി സി ജോര്‍ജായിരുന്നു ആദ്യഗുരു. ഗിത്താറും ഹാര്‍മോണിയവും വായിച്ചിരുന്ന ജോണ്‍സണ്‍ , എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ അറിയപ്പെടുന്ന ഹാര്‍മോണിയം വായനക്കാരനായി. കോളേജുകളില്‍ ഗാനമേളകള്‍ക്ക് വയലിനും ഗിത്താറും വായിക്കുമായിരുന്നു. പത്തു രൂപയായിരുന്നു പ്രതിഫലം. പിന്നീട് പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ ഗാനമേളയ്ക്ക് ഒപ്പം പോയിത്തുടങ്ങി. ജയചന്ദ്രന്‍വഴിയാണ് ദേവരാജന്‍ മാഷിനെ പരിചയപ്പെടുന്നത്. ദേവരാജന്‍ മാഷാണ് സിനിമാസംഗീത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഏറെക്കാലം മാഷിന്റെ ഓര്‍ക്കസ്ട്രയില്‍ വയലിന്‍ വായനക്കാരനായിരുന്നു. ആ പാട്ടുകളില്‍ മെലഡിയുടെ പൂക്കാലം വിരിഞ്ഞത് ദേവരാജന്‍ മാഷുടെ ശിഷ്യത്വംകൊണ്ടായിരുന്നു. ഭരതന്റെ "ആരവ"ത്തില്‍ പശ്ചാത്തലസംഗീതം നിര്‍വഹിച്ച് സിനിമയില്‍ കാലുറപ്പിച്ചു. ആരവം, തകര, ചാമരം എന്നീ സിനിമകളുടെ പശ്ചാത്തലസംഗീതവും ജോണ്‍സന്റേതായിരുന്നു. ഭരതന്‍തന്നെയാണ് ജോണ്‍സനിലെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞതും. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലെ "ഗോപികേ നിന്‍ വിരല്‍", പാളങ്ങളിലെ "ഏതോ ജന്മകല്‍പ്പനയില്‍" എന്നീ അനശ്വരഗാനങ്ങള്‍ പിറന്നത് ഭരതന്‍ - ജോണ്‍സണ്‍ കൂട്ടുകെട്ടിലാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ഭരതന്‍ചിത്രത്തില്‍ ജോണ്‍സണ്‍ ഈണം പകര്‍ന്ന ഗാനങ്ങളും മലയാളികള്‍ നെഞ്ചോടുചേര്‍ത്തു.
പത്മരാജനോട് ജോണ്‍സനുണ്ടായിരുന്നത് ഹൃദയബന്ധംതന്നെയായിരുന്നു. ഒരിടത്തൊരു ഫയല്‍വാന്‍തൊട്ട് 17 ചിത്രത്തില്‍ ഇവര്‍ ഒരുമിച്ചു. ഒരു കാലത്ത് സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരം സംഗീതസംവിധായകനായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് സത്യന്റെ സിനിമകള്‍ക്കുവേണ്ടി അദ്ദേഹം ഒരുക്കിയത്. പശ്ചാത്തലസംഗീതത്തിലെ മുടചൂടാ മന്നനായിരുന്നു ജോണ്‍സണ്‍ . അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതംകൊണ്ടുമാത്രം ഓര്‍ക്കുന്ന ചിത്രങ്ങളുണ്ട്. പൊന്തന്‍മാട, സുകൃതം എന്നീ ചിത്രങ്ങളിലെ പശ്ചാത്തലസംഗീതത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. മലയാളം മെലഡിയെ മറന്നുതുടങ്ങിയതോടെ ജോണ്‍സനും അണിയറയിലേക്കു മടങ്ങി. രഞ്ജന്‍ പ്രമോദ് സംവിധാനംചെയ്ത ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ മനോഹര മെലഡികളുമായി ജോണ്‍സണ്‍ ഏറെക്കാലത്തിനുശേഷം മലയാളികളെ വിരുന്നൂട്ടാനെത്തി. പിന്നീട് ഗുല്‍മോഹറിലും അതിമനോഹരമായ പ്രണയഗാനം അദ്ദേഹം സമ്മാനിച്ചു. ടെലിവിഷന്‍ ചാനലുകളിലെ റിയലാറ്റി ഷോകളിലും അവസാനകാലത്ത് സജീവമായിരുന്നു. കൈരളി ടിവി സംപ്രേഷണംചെയ്ത ഗന്ധര്‍വസംഗീതം പരിപാടിയുടെ മുഖ്യ വിധികര്‍ത്താവായിരുന്നു.
കിരീടത്തിലെ "കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി", സസ്നേഹത്തിലെ "താനേ പൂവിട്ട മോഹം", വരവേല്‍പ്പിലെ "ദൂരെ ദൂരെ സാഗരം", ഞാന്‍ ഗന്ധര്‍വനിലെ "ദേവീ..", "പാലപ്പൂവേ", "ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം", ചെങ്കോലിലെ "മധുരം ജീവാമൃതബിന്ദു", സല്ലാപത്തിലെ "പഞ്ചവര്‍ണ പൈങ്കിളിപ്പെണ്ണേ", ഗുല്‍മോഹറിലെ "ഒരു നാള്‍ ശുഭയാത്ര" തുടങ്ങി മലയാളിയുടെ ഹൃദയത്തില്‍ കൂടുകൂട്ടിയ അനശ്വരഗാനങ്ങള്‍ ബാക്കിവച്ചാണ് വിടവാങ്ങിയത്.
വിസ്മയം തീര്‍ത്ത കൂട്ടുകെട്ടുകള്‍
ഹിറ്റുകളുടെ വസന്തംതീര്‍ത്ത കൂട്ടുകെട്ടായിരുന്നു ഒഎന്‍വി-ജോണ്‍സണ്‍ . ഒഎന്‍വിയുടെ വരികള്‍ക്ക് ജോണ്‍സണ്‍മാസ്റ്റര്‍ സംഗീതം നല്‍കിയ എല്ലാഗാനങ്ങളും എന്നും മലയാളികള്‍ നെഞ്ചോടുചേര്‍ക്കുന്നതാണ്. പൊന്‍മുട്ടയിടുന്ന താറാവിലെ "കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കുംനേരം" എന്ന ഗാനമാണ് ഈ കൂട്ടുകെട്ടിലെ ഹിറ്റ് ഗാനങ്ങളിലൊന്ന്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. കൈതപ്രം എഴുതിയ പല മനോഹര ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് ജോണ്‍സനാണ്. 1989ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രമായ വരവേല്‍പ്പിലൂടെയാണ് കൈതപ്രവും ജോണ്‍സണും ആദ്യം കൂട്ടുകൂടുന്നത്. "ദൂരെ ദൂരെ സാഗരം തേടി" എന്ന ഒറ്റഗാനം മതി ഇവരെ മലയാളികള്‍ക്ക് അംഗീകരിക്കാന്‍ . അതോടെ ഈ സംഗീതജോഡിയെ ശ്രോതാക്കള്‍ ഏറ്റെടുത്തു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഉള്‍പ്പെടാന്‍ ഇവര്‍ക്ക് അധിക കാലം വേണ്ടിവന്നില്ല. മഴവില്‍ക്കാവടി, ചമയം, കുടുംബസമേതം, വടക്കുനോക്കിയന്ത്രം, ചെങ്കോല്‍ , സല്ലാപം തുടങ്ങി നിരവധി സിനിമകളില്‍ ഇവര്‍ ഒന്നിച്ചു. ചമയത്തിലെ "രാജഹംസമേ", കുടുംബസമേതത്തിലെ "നീലരാവിലിന്നു നിന്റെ" തുടങ്ങിയ ഗാനങ്ങള്‍ മലയാളസിനിമാസംഗീതം ഉള്ള കാലത്തോളം നിലനില്‍ക്കും. ഗിരീഷ് പുത്തഞ്ചേരി, കാവാലം നാരായണപണിക്കര്‍ എന്നിവര്‍ക്കൊപ്പവും ജോണ്‍സണ്‍ ഹിറ്റുകള്‍ തീര്‍ത്തു.
*
ദേശാഭിമാനി ദിനപത്രത്തില്‍ നിന്ന്
Subscribe to:
Post Comments (Atom)
1 comment:
മലയാളി എന്നെന്നും നേഞ്ചേറ്റി ലാളിക്കുന്ന ഒത്തിരി ഗാനങ്ങളിലൂടെ ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കിയ ഈണങ്ങളുടെ അധിപന്‍ ഇനി ജീവിക്കുന്നത് മധുരം ജീവാമൃതബിന്ദു, മധുരം പോല്‍ മധുരാധരം പോല്‍ , മെല്ലെമെല്ലെ മുഖപടം തുടങ്ങിയ ഗാനങ്ങളിലൂടെയായിരിക്കും.മലയാളസിനിമാസംഗീതത്തിന് ഭാവശുദ്ധിയുടെ ഇളനീര്‍ തെളിമ പകര്‍ന്ന സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍ . മലയാളിത്തം തുളുമ്പുന്ന പാട്ടുകളായിരുന്നു ജോണ്‍സന്റെ പ്രത്യേകത. ആര്‍ക്കും ഏറെയിഷ്ടം തോന്നിപ്പോവുന്ന ഭാവുകത്വം നിറച്ചായിരുന്നു ജോണ്‍സണ്‍ പാട്ടുകളൊരുക്കിയിരുന്നത്.
Post a Comment