മികവിന്റെ കേന്ദ്രമെന്ന നിലയില്‍ അറിയപ്പെടാന്‍ ശേഷിയുള്ള അപൂര്‍വം ഇന്ത്യന്‍ സര്‍വകലാശാലകളിലൊന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). കേരള സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി കൊച്ചി സര്‍വകലാശാലയെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (IIEST) ആക്കി മാറ്റാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഐഇഎസ്ടി എന്നത് ഒരു പുതുതലമുറ സാങ്കേതിക സ്ഥാപനമാണ്. സാങ്കേതിക സ്ഥാപനങ്ങളുടെ പുത്തന്‍ കൂട്ടായ്മയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (NIT) ആക്ടാണ് ഐഐഇഎസ്ടിയുടെ ഭരണനിര്‍വഹണത്തിന് ഉപയുക്തമാക്കുന്നതെന്ന് മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. റീജണല്‍ എന്‍ജിനിയറിങ് കോളേജുകളെ കോര്‍ത്തിണക്കിയാണ് എന്‍ഐടികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ കുസാറ്റിനെ ഐഐഇഎസ്ടി ആക്കാനുള്ള ശുപാര്‍ശ ഫലത്തില്‍ അതിനെ കേവലം റീജണല്‍ എന്‍ജിനിയറിങ് കോളേജെന്ന നിലയിലേക്ക് തരംതാഴ്ത്തുന്നതിനു തുല്യമാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച കുസാറ്റ് കൈമാറ്റശ്രമം സാമൂഹിക ഇടപെടലുകളെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. അതാണിപ്പോള്‍ പൊടിതട്ടിയെടുത്ത് നൂറുദിന കര്‍മപരിപാടികളിലൊന്നായി അവതരിപ്പിക്കുന്നത്.
ഈ അവസരത്തില്‍ , കുസാറ്റിന്റെ ശാസ്ത്രഗവേഷണ മികവുകളെ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണര്‍ വിലയിരുത്തിയത് പഠനവിധേയമാക്കേണ്ടതുണ്ട്. കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഗംഗന്‍ പ്രതാപും ദേശീയ സയന്‍സ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബി എം ഗുപ്തയും നടത്തിയ ഗവേഷണഫലങ്ങളാണ് ഇവിടെ പ്രസക്തമാകുന്നത്. ഇന്‍ഡ്യന്‍ വിദ്യാഭ്യാസരംഗത്ത് പ്രതിഭാ തുരുത്തുകളായി അറിയപ്പെടുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISc), ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), പ്രശസ്ത സര്‍വകലാശാലകള്‍ , എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ ഒരു ദശകക്കാലത്തെ (1999-2008) ഗവേഷണ സംഭാവനകള്‍ ഇവര്‍ വിലയിരുത്തി. പഠനറിപ്പോര്‍ട്ട് കറന്റ് സയന്‍സിന്റെ 2008 ആഗസ്ത് ലക്കത്തിലാണ് പ്രസിദ്ധീകരിച്ചത്. ഈ റേറ്റിങ്ങില്‍ ഒന്നാംസ്ഥാനത്തുള്ളത് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്. കുസാറ്റിന് 10-ാം സ്ഥാനമാണ് നല്‍കിയത്. മൂന്ന് സര്‍വകലാശാലകള്‍ക്ക് മാത്രമാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാനായത്. സര്‍വകലാശാലകളില്‍ ഒന്നാമതെത്തിയത് കല്‍ക്കത്തയിലെ ജാദവപുര്‍ സര്‍വകലാശാലയും രണ്ടാം സ്ഥാനത്ത് തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാലയുമാണ്. കുസാറ്റാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഈ സമുന്നത പദവി നേടിയെടുക്കാന്‍ കുസാറ്റിനെ പ്രാപ്തമാക്കിയത് പ്രതിഭാശാലികളായ ഗവേഷകരുടെ കൈയൊപ്പ് നേടിയ അന്താരാഷ്ട്ര ഗവേഷണപ്രബന്ധങ്ങളുടെ പിന്‍ബലമാണ്. 1600- ലധികം ഗവേഷണപ്രബന്ധങ്ങളാണ് കുസാറ്റിനെ അന്തര്‍ദേശീയ- ദേശീയതലത്തില്‍ ശ്രദ്ധേയമായ സര്‍വകലാശാലയാക്കി മാറ്റിയതിന്റെ ശക്തിസ്രോതസ്സായി വര്‍ത്തിച്ചത്. ഈ സംഭാവനകളില്‍ സിംഹഭാഗവും ശാസ്ത്രഗവേഷണരംഗത്തു നിന്നാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എന്നാല്‍ , എന്‍ജിനിയറിങ് സയന്‍സ് രംഗത്ത് കുസാറ്റിന്റെ ഗവേഷണ സംഭാവനകള്‍ പരിമിതമാണെന്നത് എടുത്തുപറയേണ്ട യാഥാര്‍ഥ്യമാണ്. ഇത്തരമൊരു ഭൂമികയില്‍ കുസാറ്റിനൊരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത അടിസ്ഥാന ശാസ്ത്രമേഖലകളെ പാടെ വിസ്മരിക്കുകയും അതിനെ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടായി പരിമിതപ്പെടുത്താനുമുള്ള നീക്കങ്ങളുടെ അശാസ്ത്രീയത ഭരണകൂടത്തെ ബോധ്യപ്പെടുത്തേണ്ടത് കേരളീയ പൊതുസമൂഹത്തിന്റെ കടമയാണ്. കുസാറ്റിന് കരുത്ത് നല്‍കുന്ന മേഖല ശാസ്ത്രവിഷയങ്ങളാണെന്നറിഞ്ഞുകൊണ്ട്, അതിനെ ഒരു സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടാക്കാന്‍ കേന്ദ്രത്തിന് തീറെഴുതാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രവും ഭാവികേരളവും മാപ്പ് നല്‍കില്ല.
ശാസ്ത്രഗവേഷണത്തിന് ഊന്നല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള അധികസഹായം നല്‍കി പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് ഇന്‍ഡ്യന്‍ സയന്‍സ് അക്കാദമികളെല്ലാം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് കുസാറ്റിനെ സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടായി ചുരുക്കാന്‍ ശ്രമം നടക്കുന്നത്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മാതൃകയില്‍ വികസിപ്പിക്കാവുന്ന സംസ്ഥാനത്തെ ഏക ശാസ്ത്ര സര്‍വകലാശാലയെയാണ് കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ബലികഴിക്കുന്നത്.
കേരളത്തിലെ ഇതര സര്‍വകലാശാലകള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും റേറ്റിങ് ലിസ്റ്റില്‍ ഇടം കണ്ടെത്താനായില്ലെന്ന് മനസിലാക്കുമ്പോഴാണ് കുസാറ്റിന്റെ മാറ്റ് പതിന്മടങ്ങാകുന്നത്. കോഴിക്കോട് എന്‍ഐടിക്ക് 37-ാം സ്ഥാനവും തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിന് 56-ാം സ്ഥാനവും ഉണ്ടെന്നതാണ് കേരളത്തിന് ഈ രംഗത്ത് എടുത്തുപറയാവുന്ന മറ്റ് നേട്ടങ്ങള്‍ . തമിഴ്നാടിന് ആദ്യത്തെ 25 സ്ഥാനങ്ങളില്‍ ആറെണ്ണം ലഭിച്ചപ്പോള്‍ കേരളത്തിന്റെ മാനം രക്ഷിച്ചത് കുസാറ്റ് മാത്രമാണ്. ഗുണനിലവാരത്തിലുള്ള മേല്‍ക്കൈ മാത്രമല്ല സാമൂഹ്യനീതി ഉറപ്പാക്കുന്ന കാര്യത്തിലും കുസാറ്റ് മാതൃകയാണ്. ഇത്രയധികം സവിശേഷതകള്‍ ഉള്ളതുകൊണ്ടാണ് കുസാറ്റിനെ വിഴുങ്ങാന്‍ ഒട്ടുവളരെ ശക്തികള്‍ കിണഞ്ഞു ശ്രമിക്കുന്നത്. ഭരണക്കാരും ചില കോര്‍പറേറ്റ് മാധ്യമങ്ങളും ചേര്‍ന്ന് കുസാറ്റ് ഐഐടി ആയി ഉയര്‍ത്താന്‍ പോകുകയാണെന്ന നുണപ്രചാരണം നടത്തുകയാണ്. സത്യത്തില്‍ ഇനിയും ജനിക്കാനിരിക്കുന്നതും ആര്‍ഇസി ഗണത്തില്‍പ്പെടുന്നതുമായ ഐഐഇഎസ്ടി തലത്തിലേക്കുള്ള കൈമാറ്റത്തിനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ആഗോള ഉന്നതവിദ്യാഭ്യാസ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കുസാറ്റ് നഷ്ടപ്പെടാന്‍ ഒരു മലയാളിയും ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. മാത്രവുമല്ല ഒരു വിജ്ഞാനനഗരിയെന്ന് പേരെടുത്ത കൊച്ചിയുടെ സമഗ്ര വികസനത്തിന് കുസാറ്റിന്റെ സംഭാവനകള്‍ അനിവാര്യവുമാണ്.
2003ല്‍ ഐഐടികളായി ഉയര്‍ത്താന്‍ പാകത്തില്‍ വികസിച്ച സാങ്കേതിക സ്ഥാപനങ്ങളെയും പ്രതിഭാകേന്ദ്രങ്ങളെയും കണ്ടെത്താനുള്ള ദൗത്യവുമായി എസ് കെ ജോഷി കമ്മിറ്റിയെ വാജ്പേയി സര്‍ക്കാര്‍ നിയമിക്കുന്നിടത്തുനിന്നാണ് ഐഐഇഎസ്ടിയുടെ കഥയുടെ തുടക്കം. പക്ഷേ, ഇതിന്റെ പിന്നില്‍ കോര്‍പറേറ്റ് ലോബികളുണ്ടായിരുന്നു എന്നതാണ് സത്യം. നവലിബറല്‍ പരിഷ്കാരങ്ങളുടെ ഒരു ദശകക്കാലംകൊണ്ട് സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്ന ദൗത്യം കോര്‍പറേറ്റ് തലവന്മാരായ മുകേഷ് അംബാനിയും കുമാരമംഗലം ബിര്‍ളയും ഏറ്റെടുത്ത ചരിത്രം അനുസ്മരിക്കേണ്ടതുണ്ട്. ഇവരുടെ നയരേഖയുടെ ചുവടുപിടിച്ചാണ് സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നവീകരണത്തിനായി യു ആര്‍ റാവു കമ്മിറ്റി നിയമിതമായത്. അംബാനി-ബിര്‍ള റിപ്പോര്‍ട്ടിന്റെയും യു ആര്‍ റാവു കമ്മിറ്റി ശുപാര്‍ശകളുടെയും തുടര്‍ച്ചയായാണ് മെച്ചപ്പെട്ട സാങ്കേതിക സ്ഥാപനങ്ങളെ കണ്ടെത്തി ഐഐടി ആയി സ്ഥാനക്കയറ്റം നല്‍കാന്‍ എസ് കെ ജോഷി നിയമിതനായത്. ജോഷി കമ്മിറ്റി ശുപാര്‍ശചെയ്ത 40 സ്ഥാപനങ്ങളില്‍ കുസാറ്റ് ഒഴികെ ബാക്കിയെല്ലാം സാങ്കേതിക സ്ഥാപനങ്ങളായിരുന്നു. ജോഷി കമ്മിറ്റി കുസാറ്റിനെ ഈ പട്ടികയില്‍പ്പെടുത്തിയത് അക്കാലത്ത് വിവാദമായിരുന്നു.
2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചിത്രമാകെ മാറിമറിഞ്ഞു. നിലവിലുള്ള സാങ്കേതിക സ്ഥാപനങ്ങളെ ഐഐടി ആയി ഉയര്‍ത്തുകയെന്ന എന്‍ഡിഎ പരിപാടി ഉപേക്ഷിച്ച് പുതിയ ഐഐടികള്‍ സ്ഥാപിക്കുകയെന്നതാണ് നയമെന്ന് മാനവശേഷി വികസന മന്ത്രി അര്‍ജുന്‍ സിങ് വ്യക്തമാക്കി. ഇതനുസരിച്ച് എട്ട് പുതിയ ഐഐടികളാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. പക്ഷേ, പ്രധാനമന്ത്രി കേരളത്തില്‍ വന്ന് വാഗ്ദാനംചെയ്ത ഐഐടി ഏട്ടിലെ പശുവായി അവശേഷിച്ചു. പാലക്കാട്ട് പുതിയ ഐഐടിക്കായി സ്ഥലം കണ്ടെത്തി അച്യുതാനന്ദന്‍ സര്‍ക്കാര്‍ കാത്തിരുന്നെങ്കിലും അനുകൂല നിലപാട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
ഇതിനിടയില്‍ കുസാറ്റ് കൈമാറ്റ ലോബി മാനവശേഷി വകുപ്പില്‍ സമ്മര്‍ദം ചെലുത്തി ജോഷി കണ്ടെത്തിയ സ്ഥാപനങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍ അനന്തകൃഷ്ണന്‍ കമ്മിറ്റിയെ നിയമിച്ചു. അനന്തകൃഷ്ണന്‍ (2005) അഞ്ച് സ്ഥാപനങ്ങളെ ഐഐഇഎസ്ടി ആക്കാന്‍ ശുപാര്‍ശ നല്‍കുകയുംചെയ്തു. ഇതിനിടയില്‍ കുസാറ്റിനെ ഐഐടി ആക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ സമ്മതപത്രം മാനവശേഷി വകുപ്പിന് കൈമാറി. ഈ സമ്മതപത്രങ്ങളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയം വൈസ് ചാന്‍സലര്‍മാരുടെ യോഗം ഡല്‍ഹിയില്‍ 2008 ജൂണ്‍ 10ന് വിളിച്ചുചേര്‍ത്തു. ഐഐടി റൂര്‍ക്കി മുന്‍ ഡയറക്ടര്‍ ഡോ. ഡി വി സിങ് പ്രത്യേക ക്ഷണിതാവായി യോഗത്തില്‍ പങ്കെടുത്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) ആക്ടിന്റെ കീഴില്‍ ഐഐഇഎസ്ടി ആയി കുസാറ്റിനെ മാറ്റാന്‍ കേരള സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ഡോ. ഗംഗന്‍ പ്രതാപ് മാനവശേഷിവകുപ്പിനെ അറിയിക്കുകയുംചെയ്തു. കുസാറ്റിനെ ഐഐഇഎസ്ടി ആക്കാനുള്ള തീരുമാനം തെറ്റായി കൈക്കൊണ്ടതാണെന്നും അതിനെ ഐഐടി ആക്ടിന്റെ പരിധിയിലാണ് കൊണ്ടുവരേണ്ടതെന്നും ഡി വി സിങ് യോഗത്തില്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. എന്‍ഐടി ആക്ട് ഒരു അംബ്രലാ ആക്ട് ആണെന്നും അതിനുകീഴില്‍ മാത്രമെ കുസാറ്റിനെ ഉള്‍പ്പെടുത്താന്‍ നിര്‍വാഹമുള്ളുവെന്നുമുള്ള മാനവശേഷി മന്ത്രാലയത്തിന്റെ നിലപാട് വി സി ഗംഗന്‍ പ്രതാപ് തള്ളിക്കളഞ്ഞതോടെ കുസാറ്റ് കൈമാറ്റം അടഞ്ഞ അധ്യായമായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം തള്ളിക്കളഞ്ഞ ഐഐഇഎസ്ടിക്കായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു.
ഐഐടിയായി ഉയര്‍ത്താന്‍ ജോഷി കമ്മിറ്റി 2003ല്‍ ശുപാര്‍ശ ചെയ്ത സാങ്കേതിക സ്ഥാപനങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാനാണ് 2005ല്‍ അനന്തകൃഷ്ണന്‍ കമ്മിറ്റി നിയമിതമായതെന്ന് സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ 2008ല്‍ കുസാറ്റിനെ അടുത്തറിയാനും വിലയിരുത്താനും ഡോ. അനന്തകൃഷ്ണന് മറ്റൊരു അവസരംകൂടി ലഭിച്ചു. പ്രതിഭ തെളിയിക്കുന്ന സര്‍വകലാശാലകള്‍ക്ക് യൂണിവേഴ്സിറ്റി വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് പദവി യുജിസി നല്‍കാറുണ്ട്. ഈ യോഗ്യതയുള്ള സര്‍വകലാശാലകളെ കണ്ടെത്താന്‍ നിയോഗിച്ച കമ്മിറ്റിയുടെ ചെയര്‍മാനായാണ് ഡോ. അനന്തകൃഷ്ണന്‍ കുസാറ്റിലെത്തിയത്. അനന്തകൃഷ്ണന്‍ കമ്മിറ്റി കുസാറ്റിനെ ആഴത്തില്‍ പഠനവിധേയമാക്കി. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെന്ന നിലയില്‍ കുസാറ്റ് ആര്‍ജിച്ചതെല്ലാം അതിനെ ഒരു പ്രതിഭാകേന്ദ്രമാക്കി മാറ്റാന്‍ പ്രാപ്തമായവയാണെന്ന് വിലയിരുത്തി. കുസാറ്റ് യൂണിവേഴ്സിറ്റി വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് പദവിക്ക് എല്ലാ രീതിയിലും യോഗ്യമാണെന്ന് ശുപാര്‍ശചെയ്താണ് അനന്തകൃഷ്ണന്‍ കമ്മിറ്റി മടങ്ങിയത്. ഇതുവഴി ദേശീയപദവിയോടൊപ്പം കോടിക്കണക്കിന് രൂപയുടെ ധനസഹായവും കുസാറ്റിന് ലഭ്യമാകും. ചുരുക്കത്തില്‍ അനന്തകൃഷ്ണന്‍ കമ്മിറ്റി നല്‍കിയ ആദ്യ ശുപാര്‍ശ സ്വീകരിച്ചാല്‍ കുസാറ്റ് വെറുമൊരു ഇന്‍സ്റ്റിറ്റ്യൂട്ടായി തരംതാഴ്ത്തപ്പെടും. രണ്ടാമത്തെ ശുപാര്‍ശ സ്വീകരിച്ചാല്‍ കുസാറ്റിന് പ്രതിഭ തെളിയിച്ചിട്ടുള്ള ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കൊപ്പം മഹനീയ ഇടം നേടാനാകും. കേരളീയ പൊതുസമൂഹം വരുംദിനങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനം കുസാറ്റിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
*****
ഡോ. ജോയ് ജോബ് കുളവേലില്‍, കടപ്പാട്:ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
മികവിന്റെ കേന്ദ്രമെന്ന നിലയില്‍ അറിയപ്പെടാന്‍ ശേഷിയുള്ള അപൂര്‍വം ഇന്ത്യന്‍ സര്‍വകലാശാലകളിലൊന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). കേരള സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി കൊച്ചി സര്‍വകലാശാലയെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (IIEST) ആക്കി മാറ്റാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഐഇഎസ്ടി എന്നത് ഒരു പുതുതലമുറ സാങ്കേതിക സ്ഥാപനമാണ്. സാങ്കേതിക സ്ഥാപനങ്ങളുടെ പുത്തന്‍ കൂട്ടായ്മയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (NIT) ആക്ടാണ് ഐഐഇഎസ്ടിയുടെ ഭരണനിര്‍വഹണത്തിന് ഉപയുക്തമാക്കുന്നതെന്ന് മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. റീജണല്‍ എന്‍ജിനിയറിങ് കോളേജുകളെ കോര്‍ത്തിണക്കിയാണ് എന്‍ഐടികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ കുസാറ്റിനെ ഐഐഇഎസ്ടി ആക്കാനുള്ള ശുപാര്‍ശ ഫലത്തില്‍ അതിനെ കേവലം റീജണല്‍ എന്‍ജിനിയറിങ് കോളേജെന്ന നിലയിലേക്ക് തരംതാഴ്ത്തുന്നതിനു തുല്യമാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച കുസാറ്റ് കൈമാറ്റശ്രമം സാമൂഹിക ഇടപെടലുകളെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. അതാണിപ്പോള്‍ പൊടിതട്ടിയെടുത്ത് നൂറുദിന കര്‍മപരിപാടികളിലൊന്നായി അവതരിപ്പിക്കുന്നത്.
Post a Comment