Sunday, August 14, 2011

ദേര്‍ മാസ്റ്റേഴ്‌സ്‌ വോയിസ്‌

നസറേത്തില്‍ നിന്നും നന്‍മവരുമോ?(യോഹന്നാന്റെ സുവിശേഷം 1.46) എന്ന്‌ സംശയിച്ച നഥാനയേലിന്‌ താമസിയാതെ ബോധ്യപ്പെട്ടു, നന്‍മവരുമെന്ന്‌. എന്നാല്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിലപാടില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിക്ക്‌ അങ്ങനെയൊരു സംശയം തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ സുപ്രിംകോടതിയില്‍ ഡോ വന്ദനാജയിന്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല.

കാസര്‍കോട്‌ ജില്ലയില്‍ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടു കാലമായി വ്യാപകമായി കാണുന്ന അപൂര്‍വ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാനല്ലത്രേ! എന്‍ഡോസള്‍ഫാന്‍ മനുഷ്യന്റെ ആരോഗ്യത്തിന്‌ ഹാനികരമാകുമെന്ന്‌ ശാസ്‌ത്രീയമായ തെളിവൊന്നുമില്ലെന്ന്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഡി വൈ എഫ്‌ ഐ ഫയല്‍ ചെയ്‌ത റിട്ട്‌ ഹര്‍ജിക്കെതിരെ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയായിരുന്നു കൃഷിവകുപ്പ്‌ ഡയറക്‌ടര്‍ വന്ദനാജയിന്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ച പതിനാലോളം കമ്മിഷനുകളില്‍ രണ്ടെണ്ണമൊഴിച്ച്‌ മറ്റെല്ലാം എന്‍ഡോസള്‍ഫാന്‍ തന്നെയാണ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവയില്‍, എടുത്തുപറയേണ്ട രണ്ട്‌ പഠന റിപ്പോര്‍ട്ടുകളുണ്ട്‌: ഡോ ശിവരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ റിപ്പോര്‍ട്ടും. അഡീഷണല്‍ ഡയറക്‌ടര്‍ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വീസസ്‌, ഡോ പി കെ ശിവരാമനോടൊപ്പം പഠനസംഘത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിലെ റാപിഡ്‌ റെണ്‍സ്‌പേണ്‍സ്‌ ടീം എപ്പിഡെമോളജിസ്റ്റ്‌ ഡോ ആയിഷാബീഗം, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രഫ ഡോ വല്‍സല, ആര്‍ സി സി യിലെ ഡോ കലാവതി, സംസ്ഥാന മാലിന്യനിയന്ത്രണ ബോര്‍ഡ്‌ മേധാവി ഇന്ദുലാല്‍, കൃഷിവകുപ്പ്‌ അഡീഷണല്‍ ഡയറക്‌ടര്‍ കെ കെ ഗംഗാധരന്‍ എന്നിവരുമുണ്ടായിരുന്നു. പതിനൊന്ന്‌ പഞ്ചായത്തുകളിലെ 4696 ഹെക്‌ടര്‍ സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്ന കശുമാവിന്‍ തോട്ടത്തിനടുത്തുള്ള വീടുകള്‍തോറും കയറിയിറങ്ങി ശേഖരിച്ച വിവരങ്ങള്‍, കീടനാശിനി തളിക്കാത്ത രണ്ടു വിദൂര ഗ്രാമങ്ങളില്‍ നിന്നെടുത്ത സാമ്പിളുകളുമായി താരതമ്യപ്പെടുത്തി പഠിച്ചശേഷമാണ്‌ 2003 ല്‍ മുഖ്യമന്ത്രി എ കെ ആന്റണിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

ഇതിന്‌ തൊട്ടുമുമ്പായിരുന്നു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷണല്‍ ഹെല്‍ത്തിന്റെ പഠനം. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ എന്‍ ഐ ഒ എച്ച്‌ പഠനം നടത്തിയത്‌. ഡോ ഹബീബുള്ള സയിദിന്റെ നേതൃത്വത്തില്‍ എന്‍ ഐ ഒ എച്ചിനോടൊപ്പം മണിപ്പാല്‍ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളജിലെ ഇരുപത്തെട്ടോളം ഡോക്‌ടര്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ച്‌ അപഗ്രധിച്ചു. അന്താരാഷ്‌ട്ര നിലവാരമുള്ള ലാബുകളിലാണ്‌ സാമ്പിള്‍ പരിശോധന നടത്തിയത്‌. ബംഗളൂരിലെ റീജിയണല്‍ റിമോട്ട്‌ സെന്‍സിംഗ്‌ സര്‍വീസ്‌ സെന്ററിന്റെ സഹായത്തോടെ ഈ പ്രദേശത്തിന്റെ പാരിസ്ഥിതികമായ ഘടന സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. തോട്ടംമേഖലയില്‍ നിന്നും അകലെയുള്ള പഞ്ചായത്തില്‍ സമാനമായ സാമൂഹ്യസാമ്പത്തിക സാഹചര്യത്തില്‍ ജീവിക്കുന്നവരില്‍ നിന്നും സാമ്പിളുകളെടുത്ത്‌ താരതമ്യപ്പെടുത്തി.

പരാമാവധി സമഗ്രവും ശാസ്‌ത്രീയവുമായ ഈ റിപ്പോര്‍ട്ട്‌ കാരണം പറയാതെ മാറ്റിവെച്ചിട്ടാണ്‌ 2002 ല്‍ ശരത്‌പവാര്‍ ഒ പി ദുബെയുടെ നേതൃത്വത്തില്‍ ഒരു പഠനസംഘത്തെ നിയോഗിച്ചത്‌. കാസര്‍കോട്ടെ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ കശുമാവു കൃഷിക്ക്‌ അത്യുത്തമം എന്ന്‌ ശുപാര്‍ശ ചെയ്‌തത്‌ ഇതേ ദുബെ ആയിരുന്നു എന്നറിയുന്നു. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ലാബില്‍ നടത്തിയ സാമ്പിള്‍ ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ (അതുപോലും പിന്നീട്‌ തിരുത്തിയെഴുതിയതായിരുന്നു) ആധാരമാക്കി ദുബെ വിധി പറഞ്ഞു. എന്‍ഡോസള്‍ഫാനല്ല ദുരിത കാരണം. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എട്ട്‌ കമ്മിഷനംഗങ്ങളില്‍ രണ്ടു പേരെ അന്തിമ റിപ്പോര്‍ട്ടില്‍ ഒപ്പ്‌ വെച്ചിട്ടുള്ളു-കീടനാശിനി കമ്പനികളുടെ മേധാവികളായ അശ്വിന്‍ ഷ്‌റോഫും സാഗര്‍ കൗശിക്കും.

എന്‍ ഐ ഒ എച്ചിന്റെ കണ്ടെത്തല്‍ ദുബെയുടേതില്‍ നിന്നും വ്യത്യസ്‌തമാണല്ലോ എന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ ശരത്‌പവാര്‍ മറ്റൊരു പഠനസംഘത്തെ അയച്ചു. ഡോ സി ഡി മായിയുടെ നേതൃത്വത്തില്‍ ദുബെയുടെ റിപ്പോര്‍ട്ടിന്‌ കീഴൊപ്പ്‌ ചാര്‍ത്തി മായി കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടാണ്‌ ഇന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിന്‌ വേദം. മായിയുടെ സംഘം ദുബെയുടെയും റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തിരുന്നു. കമ്മിഷന്റെ രണ്ടാമത്ത യോഗത്തില്‍ (2004 നവംബര്‍ അഞ്ച്‌) രണ്ടും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന്‌ കണ്ടെത്തിയ അംഗങ്ങള്‍ ഒരു കാര്യത്തില്‍ യോജിച്ചു. ``എന്‍ഡോസള്‍ഫാന്‍ കാന്‍സറിന്‌ കാരണമാകും; ജനിതക വൈകല്യങ്ങള്‍ക്കും. (കാര്‍സിനോ ജെനിക്‌, ജെനോ ടോക്‌സിക്‌). പക്ഷേ, അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിവെച്ചു: എന്‍ഡോസള്‍ഫാന്‍ ആകാശത്തുനിന്നുപോലും തളിക്കാന്‍ വിരോധമില്ല; പഡ്രെയിലും മറ്റും കാണുന്ന അപൂര്‍വ രോഗങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാനല്ല!

`ഹൈലി ഹസാര്‍ഡസ്‌' (അങ്ങേയറ്റം ആപല്‍ക്കരമായത്‌) എന്നാണ്‌ അമേരിക്കന്‍ എന്‍വയണ്‍മെന്റല്‍ ഏജന്‍സി എന്‍ഡോസള്‍ഫാനെ വിശേഷിപ്പിക്കുന്നത്‌. യൂറോപ്യന്‍ യൂണിയനും അത്‌ ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ്‌ ആദ്യം അത്‌ ഉല്‍പാദിപ്പിച്ച അമേരിക്ക തന്നെ താമസിയാതെ നിരോധിച്ചതും കമ്പനി അടച്ചൂപൂട്ടിയതും. ഏപ്രില്‍ മാസത്തില്‍ സമാപിച്ച ജനീവ കണ്‍വെന്‍ഷന്‌ മുമ്പേ തന്നെ എണ്‍പതില്‍പ്പരം രാജ്യങ്ങള്‍ നിരോധന മേര്‍പ്പെടുത്തിയതും കണ്‍വെന്‍ഷനില്‍ ഒറ്റക്കെട്ടായി നിരോധനം ആവശ്യപ്പെട്ടതും വെറുതെയാവില്ലല്ലോ. ഒട്ടും ആപല്‍ക്കാരിയല്ലാത്തതും കാര്‍ഷികമേഖലയ്‌ക്ക്‌ അനുഗ്രഹം ചൊരിയുന്നതുമായ ഒരു `സിദ്ധൗഷധ' ത്തെ ആരാണ്‌ നിരോധിക്കുക?

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച്‌ വിപണനം നടത്തുന്ന കമ്പനികളുടെ `ബ്രാന്‍ഡ്‌ അംബാസിഡറുടെ റോളാണ്‌ ഒ പി ദുബെയ്‌ക്കുള്ളത്‌. അതേ റോളാണ്‌ ശരത്‌പവാറും കെ വി തോമസും വഹിക്കുന്നത്‌. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടിയാണ്‌ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികള്‍ വാദിച്ചത്‌. ഏപ്രില്‍ 29 ന്‌ സമാപിച്ച ജനീവ കണ്‍വെന്‍ഷനില്‍ കൃഷിവകുപ്പ്‌ ഡപ്യൂട്ടി സെക്രട്ടറി വന്ദനാജയിന്‍ ഇന്ത്യയുടെ നിലപാടെന്ന നിലയില്‍ അവതരിപ്പിച്ചത്‌ അവര്‍ എഴുതിക്കൊടുത്ത റിപ്പോര്‍ട്ടുകളായിരുന്നു. അതിന്റെ നേര്‍ പകര്‍പ്പാണ്‌ ഇപ്പോള്‍ സുപ്രിംകോടതിയില്‍ സത്യവാങ്‌മൂലമായി സമര്‍പ്പിച്ചത്‌.

എല്ലാം അവരുടെ യജമാനന്റെ മൊഴി! (Their master?s voice!)

*****

നാരായണന്‍ പേരിയ , കടപ്പാട് : ജനയുഗം

(ലേഖകന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ആണ്‌ )

1 comment:

വര്‍ക്കേഴ്സ് ഫോറം said...