Sunday, August 21, 2011

പന്ഥെ ഇനി ഓര്‍മ്മകളിലെ പോരാളി

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ നായകനായിരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം കെ പന്ഥെക്ക് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന്റെ മൃതശരീരം സിഐടിയു ഓഫീസിലും സിപിഐ എം കേന്ദ്രകമ്മറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു ശേഷം ലോധി റോഡ് ശ്മശാനത്തില്‍ പകല്‍ മൂന്നരയോടെ സംസ്കാരം നടത്തി. സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാകാരാട്ട്, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ ,എന്നിവര്‍ ചേര്‍ന്ന് മൃതദേഹം പുറത്തേക്കെടുത്തു. വിവിധപാര്‍ട്ടികളുടെ നേതാക്കളും തൊഴിലാളിയൂനിയന്‍പ്രവര്‍ത്തകരും സംസ്കാരചടങ്ങില്‍ സംബന്ധിച്ചു.

എം കെ പന്ഥെ: തൊഴിലാളി-കര്‍ഷക ഐക്യത്തിനായി നിലകൊണ്ട നേതാവ്

ന്യൂഡല്‍ഹി: എം കെ പന്ഥെയുടെ നിര്യാണത്തില്‍ കിസാന്‍സഭയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും അനുശോചിച്ചു. ഭരണവര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്ത് തൊഴിലാളി- കര്‍ഷക ഐക്യം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പന്ഥെ നിരന്തരം ശ്രമിച്ചിരുന്നുവെന്ന് കിസാന്‍സഭ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. തൊഴിലാളിവര്‍ഗം നേരിടുന്ന നിര്‍ണായകവിഷയങ്ങളില്‍ ട്രേഡ് യൂണിയനുകളെ ഒരേവേദിയിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതായും കിസാന്‍സഭ പറഞ്ഞു. തൊഴിലാളിവര്‍ഗത്തിന്റെ അക്ഷീണപോരാളിയായിരുന്നു പന്ഥെയെന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്‍ പറഞ്ഞു. വര്‍ഗബഹുജനസംഘടനകളുടെ ദേശീയവേദി, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ദേശീയ ഫെഡറേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നീ ആശയങ്ങളുടെ മുഖ്യ ഉപജ്ഞാതാവായിരുന്നു. ഐക്യവും സമരവുമെന്ന ആശയത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും കര്‍ഷകത്തൊഴിലാളി യൂണിയന്‍ പറഞ്ഞു.

പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

കൊല്‍ക്കത്ത: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം കെ പന്ഥെയുടെ നിര്യാണത്തില്‍ പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് പന്ഥെയുടെ നിര്യാണം മൂലമുണ്ടായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏഴുദശാബ്ദം നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനം അത്യന്തം പ്രതിബദ്ധതയോടെയുള്ളതായിരുന്നുവെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

പന്ഥെയുടെ മരണം തീരാനഷ്ടം നേതാക്കള്‍

ന്യൂഡല്‍ഹി: കരുത്തനായ തൊഴിലാളി നേതാവിനെയാണ് പന്ഥെയുടെ നിര്യാണത്തിലൂടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടമായതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ട്ടിക്ക് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മികവ് കാട്ടി. കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയിരുന്നെങ്കിലും അവസാന നിമിഷം വരെ കര്‍മ്മനിരതനായ അദ്ദേഹം ഉത്തമമായ കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് ഉയര്‍ത്തിപ്പിടിച്ചത്.

ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തുറ്റ നേതാവിനെയാണ് പന്ഥെയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആഗോളവല്‍കരണ കാലത്ത് തൊഴിലാളികളെ അവകാശബോധത്തോടെ മുന്നോട്ട് നയിക്കുന്നതില്‍ പന്ഥെ വഹിച്ച പങ്ക് വളരെ വലുതാണ്. ശാരീരിക അസ്വസ്ഥതകള്‍ മറന്ന് പ്രസ്ഥാനത്തിനുവേണ്ടി അവസാനശ്വാസം വരെ പ്രവര്‍ത്തിച്ച അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. വിപ്ലവപ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

എകെ പന്ഥയുടെ നിര്യാണം പാര്‍ട്ടിക്കും ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗത്തിനും തീരാനഷ്ടമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ത്യയിലെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതില്‍ സജീവപങ്കാളിത്തം വഹിച്ചയാളാണ് പന്ഥെ. ഗാട്ടുകരാര്‍ മൂലം തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം നന്നായി പഠിച്ചു.ആഗോളവല്‍ക്കരണനയങ്ങള്‍ മൂലം തൊഴിലാളികള്‍ക്കുമേല്‍ ഉണ്ടാവുന്ന അധികഭാരം എങ്ങനെ ചെറുക്കണമെന്ന് അദ്ദേഹം തൊഴിലാളികളെ പഠിപ്പിച്ചു.പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയിലും തൊഴിലാളിസംഘടനാരംഗത്തും അദ്ദേഹം കാര്യക്ഷമമായി നിന്നു. സജീവമായി പ്രവര്‍ത്തനരംഗത്തു നില്‍ക്കുമ്പോളാണ് അദ്ദേഹം വിട്ടുപിരിയുന്നത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നും പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായിരിക്കുമെന്നും വിഎസ് അനുസ്മരിച്ചു.

*

കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ നായകനായിരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം കെ പന്ഥെക്ക് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന്റെ മൃതശരീരം സിഐടിയു ഓഫീസിലും സിപിഐ എം കേന്ദ്രകമ്മറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു ശേഷം ലോധി റോഡ് ശ്മശാനത്തില്‍ പകല്‍ മൂന്നരയോടെ സംസ്കാരം നടത്തി. സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാകാരാട്ട്, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ ,എന്നിവര്‍ ചേര്‍ന്ന് മൃതദേഹം പുറത്തേക്കെടുത്തു. വിവിധപാര്‍ട്ടികളുടെ നേതാക്കളും തൊഴിലാളിയൂനിയന്‍പ്രവര്‍ത്തകരും സംസ്കാരചടങ്ങില്‍ സംബന്ധിച്ചു.