മുതലാളിത്തം ആധുനികത കൊണ്ടുവരുന്നതായാണ് സങ്കല്‍പിക്കപ്പെടുന്നത്. ആ ആധുനികതയില്‍ "ബാബ"മാര്‍ക്കും "സ്വാമി"മാര്‍ക്കും ഒരു പങ്കുമില്ലാത്ത മതനിരപേക്ഷ ഭരണവും ഉള്‍പ്പെടുന്നു; അവിടെ "ബാബ"മാര്‍ക്കും "സ്വാമി"മാര്‍ക്കും "സന്യാസി"മാര്‍ എന്ന നിലയില്‍ അല്ലാതെ മറ്റൊരു സ്ഥാനവുമുണ്ടാവില്ല. പലരും നവലിബറല്‍ പരിഷ്കാരങ്ങളെ ന്യായീകരിക്കുന്നതുപോലും അത് മുതലാളിത്ത വികസനത്തെ ത്വരിതഗതിയിലാക്കുമെന്ന പേരിലാണ്; അങ്ങനെ ആധുനികതയിലേക്കുള്ള നമ്മുടെ പ്രയാണവും അതിവേഗത്തിലാകുമെന്ന അടിസ്ഥാനത്തിലാണ്. ഇടതുപക്ഷം ഈ നിലപാടിന് എക്കാലത്തും എതിരായിരുന്നു. മുതലാളിത്ത വികസനം താമസിച്ചെത്തിയ രാജ്യങ്ങളില്‍ ബൂര്‍ഷ്വാസി ഫ്യൂഡല്‍ - അര്‍ദ്ധ ഫ്യൂഡല്‍ വിഭാഗങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കുമെന്നും ആയതിനാല്‍ പഴയ വ്യവസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നതിനുപകരം അതുമായി സമവായത്തില്‍ എത്തിച്ചേരുകയും അങ്ങനെ ആധുനികതയിലേക്കുള്ള പ്രയാണത്തിന് വിഘ്നം നേരിടുകയും ചെയ്യുമെന്നുമാണ് ഇടതുപക്ഷം വാദിച്ചിരുന്നത്. മുതലാളിത്തത്തെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന സാമൂഹ്യശക്തികള്‍ക്കു മാത്രമേ രാജ്യത്തെ ആധുനികതയിലേക്ക് നയിക്കാന്‍ കഴിയൂവെന്നും ഇടതുപക്ഷം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക് അതിവേഗം വര്‍ദ്ധിക്കുന്നതും അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന് പുതുതായി ലഭിച്ച "അന്തസ്സും" ഇവിടത്തെ പ്രമാണിവര്‍ഗത്തിന്റെ ആഗോളവല്‍ക്കരണവും കൂടിച്ചേര്‍ന്ന് ഇടതുപക്ഷത്തിന്റെ നിലപാട് തെറ്റായിരുന്നുവെന്ന ധാരണ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കില്‍, കള്ളപ്പണത്തിനെതിരെ മരണം വരെ നിരാഹാരമിരിക്കുമെന്ന ഭീഷണി മുഴക്കിയ ഒരു "ബാബ"യുടെ മുന്നില്‍ നാല് സീനിയര്‍ കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍ നാണംകെട്ട വിധം സാഷ്ടാംഗം പ്രണമിച്ച ഒറ്റ സംഭവത്തോടെ അതാകെ ഇല്ലാതായിരിക്കുന്നു. ആ സംഭവം നമ്മില്‍ ആധുനികതയ്ക്കുമുമ്പുള്ള അവസ്ഥയില്‍ തന്നെ തങ്ങിനില്‍ക്കുകയാണെന്ന് അടിവരയിട്ട് ഉറപ്പിക്കുക മാത്രമല്ല, അതിനേക്കാള്‍ അസ്വസ്ഥതയുണ്ടാക്കുന്ന ചിലത് കൂടി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു - അതായത് നവലിബറല്‍ ഇന്ത്യ ആധുനികതാ പൂര്‍വാവസ്ഥയെ എതിരിടുന്നില്ല എന്നു മാത്രമല്ല യഥാര്‍ത്ഥത്തില്‍ അത് ആധുനികതാപൂര്‍വാവസ്ഥയെ ബലപ്പെടുത്തുകയാണുണ്ടായത്.
ഖാപ് പഞ്ചായത്തുകളുടെ പുനരുദ്ധാരണത്തിന് നാം ഇതിനകം സാക്ഷ്യംവഹിച്ചു കഴിഞ്ഞു; ഇപ്പോള്‍ ഒരു ബാബ മരണംവരെ നിരാഹാരം എന്ന ഡമോക്ലീസിന്റെ വാളിനു കീഴില്‍ തന്റെ ഇഷ്ടാനുസരണം ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ വളര്‍ച്ചാ നേട്ടത്തെക്കുറിച്ച് പെരുമ്പറമുഴക്കുന്ന ഇപ്പോഴത്തെ സര്‍ക്കാരാകട്ടെ ഇത്തരമൊരു "ബാബ"യെ പ്രീണിപ്പിക്കാന്‍ തിരക്കുകൂട്ടുകയാണ്. ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്ന "ബാബ"യെ പ്രീതിപ്പെടുത്താന്‍ ജവഹര്‍ലാല്‍ നെഹ്റുവോ ഇന്ദിരാഗാന്ധിപോലുമോ നാല് കാബിനറ്റ് മന്ത്രിമാരെ തിരക്കിട്ട് അയയ്ക്കുമായിരുന്നോ? സര്‍ക്കാര്‍ ഇത്രമാത്രം തരംതാണത് സാമ്പത്തിക "വിജയം" ഉണ്ടാകാത്തതുകൊണ്ടല്ല, മറിച്ച് അത് ഉണ്ടായതുകൊണ്ടാണ് എന്നതാണ് വസ്തുത. ഈ സാമ്പത്തികാഭിവൃദ്ധിയെ തുടര്‍ന്ന് ബൂര്‍ഷ്വാ രാഷ്ട്രീയവര്‍ഗം ഒന്നടങ്കം "അഴിമതി"യുടെ ചെളിക്കുണ്ടില്‍ സ്വാഭാവികമായും മുങ്ങിത്താണു. അത് രാഷ്ട്രീയത്തിന്റെ മൂല്യം കെടുത്തിയിരിക്കുന്നു; അങ്ങനെ എല്ലാ തരത്തിലുമുള്ള "ബാബ"മാര്‍ക്കും "സ്വാമി"മാര്‍ക്കും "ആള്‍ദൈവങ്ങള്‍"ക്കും ആരോടും കണക്കുപറയാന്‍ ബാധ്യസ്ഥരല്ലാത്ത സ്വയം പ്രഖ്യാപിത മിശിഹാമാര്‍ക്കുമായി കളം ഒഴിഞ്ഞുകൊടുക്കുന്ന സ്ഥിതി ഉണ്ടാക്കപ്പെട്ടിരിക്കുന്നു; സാമൂഹ്യമായ ബാധ്യതയൊന്നുമില്ലാത്ത ഇവര്‍ സ്വന്തം അജണ്ട ഭരണകൂടത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.
രാഷ്ട്രീയത്തിന്റെ മൂല്യച്യുതി അനിവാര്യമായും ജനാധിപത്യത്തിന്റെ ശക്തി കെടുത്തുന്നതാണ്; നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ ആധുനികതാ പൂര്‍വാവസ്ഥയ്ക്കെതിരെയാണ് നാം പൊരുതിയതെങ്കില്‍ അതിലേക്ക് തിരിച്ചുപോകാനും ഇത് ഇടയാക്കിയിരിക്കുന്നു. നമ്മുടെ സാമ്പത്തികാഭിവൃദ്ധിയുമായി "അഴിമതി" എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? "അഴിമതി" എന്ന് വിശേഷിപ്പിക്കുന്നത് നിയമാനുസൃതമല്ലാത്ത സേവനങ്ങള്‍ക്ക്, അതായത് ചരക്കെന്ന് കരുതപ്പെടാന്‍ ആകാത്തവയ്ക്ക്, നല്‍കുന്ന പ്രതിഫലമാണോ? അതോ ഒരു നിശ്ചിത തോതിലുള്ള വിതരണ സംവിധാനത്തില്‍ (ഇതില്‍ വില കൃത്യമായി നിര്‍ണയിച്ചിരിക്കും) സാധാരണഗതിയില്‍ ലഭിക്കുമായിരുന്നതിനേക്കാള്‍ അധികം തുക ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനായി ചില ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിശ്ചയിക്കുന്ന അധികവിലയ്ക്കുള്ള പ്രതിഫലമാണോ? ഒരു ടെലഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ നിയമാനുസരണം അടയ്ക്കേണ്ട തുക അടച്ചശേഷം, അതിന് പുറമെ ഞാന്‍ കൈമടക്ക് കൊടുക്കേണ്ടതായി വരുന്നതാണ് ആദ്യത്തെ തരത്തില്‍പ്പെട്ട "അഴിമതി". എന്റെ കുട്ടിക്ക് സാധാരണഗതിയില്‍ കോളേജ് പ്രവേശനം ലഭിക്കാതിരിക്കുമ്പോള്‍, അഡ്മിഷന്‍ ഫീസിനു പുറമെ അതിനേക്കാള്‍ അധികം തുക നല്‍കി ഞാന്‍ കുട്ടിക്ക് പ്രവേശനം തരപ്പെടുത്തുന്നതാണ് രണ്ടാമത്തെ ഗണത്തില്‍പ്പെട്ട "അഴിമതി". ഉന്നയിക്കപ്പെടുന്ന അഴിമതികളില്‍ ഏറെയും ഈ ഗണങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെട്ടവയായിരിക്കും. എന്നാല്‍ ഇതില്‍ ഏതായാലും അടിസ്ഥാനപരമായ കാര്യം ഇതായിരിക്കും. "അഴിമതി" എന്ന സങ്കല്‍പനത്തിന് ആധാരമായിട്ടുള്ളത് രണ്ട് മണ്ഡലങ്ങള്‍ തമ്മിലുള്ള വ്യത്യസ്തതയാണ് - സ്വതന്ത്രമായ ചരക്ക് വിനിമയത്തിന്റെ മണ്ഡലവും സ്വതന്ത്രമായ ചരക്ക് വിനിമയത്തിന് പുറത്തുള്ള മണ്ഡലവും.
സ്വതന്ത്രമായ ചരക്ക് വിനിമയത്തിന്റെ മേഖലയെ "അഴിമതി"യായി നാം പറയാറില്ല. സ്വതന്ത്രമായ ചരക്ക് വിനിമയത്തിന് പുറത്തുള്ള മണ്ഡലത്തില്‍ അത് സ്വതന്ത്രമായ ചരക്ക് വിനിമയത്തില്‍ നടക്കുന്നതാണെന്നതുപോലെ വില ഈടാക്കുമ്പോഴാണ് "അഴിമതി" ഉടലെടുക്കുന്നത്. അപ്പോള്‍ അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതിനര്‍ത്ഥം ഈ രണ്ട് മണ്ഡലങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിയില്‍ വിള്ളലുണ്ടാകാതെ സൂക്ഷിക്കുക എന്നതാണ്; അതിരു കടക്കാതെ നോക്കുക എന്നതാണ്. ഇത് സാധ്യമാണോ?
മുതലാളിത്തത്തിന്‍കീഴില്‍ ചരക്കുവല്‍ക്കരണത്തിനായുള്ള സാര്‍വത്രികമായ ഒരു പ്രവണത ഉണ്ടെന്നതാണ് കാറല്‍ മാര്‍ക്സിന്റെ അതിപ്രധാനമായ നിഗമനങ്ങളില്‍ ഒന്ന് - അതായത്, എല്ലാത്തിലും ചരക്കായി മാറാനുള്ള ഒരു പ്രവണത ഉണ്ട് എന്നത്. സ്വതന്ത്ര ചരക്ക് വിനിമയത്തിന്റെ മണ്ഡലവും അതിന് പുറത്തുള്ള മണ്ഡലവും തമ്മിലുള്ള അതിര് അതിക്രമിച്ചുകടക്കാനുള്ള സമ്മര്‍ദ്ദത്തിന് വിധേയമായിരിക്കും. എന്നാല്‍ , ഈ അതിര് നിയമപരമായി നിശ്ചയിക്കപ്പെടുകയാണെങ്കില്‍, ഈ അതിക്രമിച്ചു കടക്കല്‍ നിയമവിരുദ്ധമാകും; അതായത്, "അഴിമതി" ആകും. നവ ഉദാരവല്‍ക്കരണത്തിന് മുമ്പുള്ള ഘട്ടത്തില്‍ , അതായത്"ലൈസന്‍സ് - ക്വാട്ട - പെര്‍മിറ്റ് രാജ്" എന്ന് വിളിക്കപ്പെട്ടിരുന്ന ഘട്ടത്തില്‍ , ഇത്തരം ഒരു അതിര് നിയമപരമായി പ്രത്യക്ഷത്തില്‍ തന്നെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഇത് "അഴിമതി" എന്നതിന് വളരെ എളുപ്പമുള്ള ഒരു വിശദീകരണം പ്രദാനം ചെയ്തിരുന്നു. നവലിബറല്‍ പരിഷ്കാരങ്ങളിലൂടെ ഈ അതിര് അതിലംഘിക്കപ്പെടുകയാണെങ്കില്‍ "അഴിമതി" അപ്രത്യക്ഷമാകുകയോ ചുരുങ്ങിയത് അത് കുറയുകയെങ്കിലുമോ ചെയ്യുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു.
ഈ വാദഗതിക്കാര്‍ രണ്ട് പ്രധാന കാര്യങ്ങള്‍ വിസ്മരിച്ചു: ഒന്നാമത്, ആ അതിര് നാം എത്രത്തോളം ലംഘിച്ചാലും, നിയമപരമായ ഒരു അതിര് അവിടെത്തന്നെ ഉണ്ടാകും; കാരണം അക്ഷരാര്‍ത്ഥത്തില്‍ തന്നെ എല്ലാം വില്‍പനയ്ക്ക് വച്ചിട്ടുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും ആവില്ല (ഉദാഹരണത്തിന്, പരീക്ഷാഫലങ്ങള്‍ ചരക്കായി മാറുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പിക്കുക). അപ്പോള്‍ അത്തരത്തില്‍ നിയമപരമായ ഒരു അതിര് നിലനില്‍ക്കുകയാണെങ്കില്‍ അതിനെ മറികടക്കാനുള്ള മുതലാളിത്തത്തിന്റെ ജന്മസിദ്ധമായ പ്രവണത അനിവാര്യമായും "അഴിമതി" സൃഷ്ടിക്കും. രണ്ടാമത്, ആ അതിരിന്റെ നിയമപരമായ പരിധി അതിക്രമിച്ച് പുറത്ത് കടക്കാന്‍ വേണ്ട ശക്തി പ്രയോഗിക്കാന്‍ കഴിയുന്നത് പണമുണ്ടാക്കുന്നതിന്റെ തോതിനെ ആശ്രയിച്ചാണിരിക്കുന്നത്; ഈ "പണമുണ്ടാക്കല്‍" ആദരിക്കപ്പെടുന്നതിനെയാണ് - അതായത്, മുതലാളിത്ത മൂല്യങ്ങള്‍ വ്യാപകമാവുന്നതിനെയാണ് - ആശ്രയിച്ചിരിക്കുന്നത്. നവലിബറല്‍ പരിഷ്കാരങ്ങള്‍ ഇത്തരം മൂല്യങ്ങളെ വ്യാപകമാക്കിയിരിക്കുകയാണ്. നമ്മുടെ പൊതുജീവിതത്തില്‍ "അഴിമതി"യുടെ കടന്നുവരവിന്റെ കരുത്ത് ഇതോടെ പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. സ്വതന്ത്രമായ ചരക്ക് വിനിമയത്തിന്റെ നിലവിലുള്ള നിയമപരമായ അതിര് ലംഘിക്കപ്പെടാതെ സംരക്ഷിക്കാനുള്ള ആത്യന്തികമായ ഉത്തരവാദിത്വം ഭരണകൂടത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിനായിരിക്കെ, മുതലാളിത്തത്തിന്റെ യുക്തി, "അഴിമതി"യുടെ ഏറ്റവും വലിയ പ്രയോക്താക്കളാക്കി ബൂര്‍ഷ്വാ രാഷ്ട്രീയ വര്‍ഗത്തെ മാറ്റിയിരിക്കുന്നു.
നിയമനിര്‍മ്മാണത്തിലൂടെ "അഴിമതി"യെ പിഴുതെറിയാന്‍ പറ്റുമെന്ന ആശയം തന്നെ അബദ്ധമാണ് - ധാര്‍മ്മികമായി മാത്രമല്ല, വിശ്ലേഷണാത്മകമായും അത് തെറ്റായ ധാരണയാണ്; ചരക്ക് വിനിമയ രംഗത്തിനായുള്ള അതിര് എപ്പോഴും നിലനില്‍ക്കുന്നുവെന്നതുകൊണ്ടാണത്. മുതലാളിത്ത മൂല്യങ്ങള്‍ വ്യാപകമായിരിക്കുന്ന ഒരു ലോകത്ത്, അഴിമതി പെരുകുന്നതിന് അത് ഇടയാക്കുന്നു. ഉദാഹരണത്തിന്, മെഡിക്കല്‍ കോളേജ് പ്രവേശനത്തെ ഏറ്റവും അധികം പണം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് വില്‍ക്കാവുന്ന ഒരു ചരക്കാക്കി മാറ്റുകയാണെങ്കില്‍ , മെഡിക്കല്‍ കോളേജുകളിലെ "അഴിമതി" അവിടെ അവസാനിപ്പിക്കാനാവില്ല; പരീക്ഷാഫലങ്ങള്‍പോലും പാത്തും പതുങ്ങിയും വാങ്ങാനും വില്‍ക്കാനും പറ്റുന്ന അവസ്ഥയില്‍ എത്തും.
കേവലം ഒരു ലോക്പാല്‍ ബില്ല് കൊണ്ട് അഴിമതി അവസാനിപ്പിക്കാമെന്ന ആശയം തന്നെ വികലമാണ്; കാരണം, മുതലാളിത്ത മൂല്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്ത് ലോക്പാല്‍ എന്ന സംവിധാനം തന്നെ "അഴിമതി"യുടെ ഇരിപ്പിടമായി മാറാവുന്നതാണ്; ഒരു സീനിയര്‍ സുപ്രീംകോടതി ജഡ്ജി സമീപകാലത്ത് വിശദമാക്കിയതുപോലെ ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ , റിട്ടയര്‍മമെന്റിനുശേഷം ഒരു "ലാവണ"ത്തില്‍ എത്താനുള്ള മോഹം (അതാകട്ടെ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെടുന്നതുമാണ്) സിറ്റിങ് ജഡ്ജിമാരെ, സര്‍ക്കാരിന് അനുകൂലമായ വിധി ന്യായങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രീതി നേടാന്‍ പ്രേരിപ്പിക്കുന്നു.
"അഴിമതി"യുടെ തോത് ഏത് നിലയില്‍ നോക്കിയാലും തികച്ചും മാറ്റമില്ലാത്ത അവസ്ഥയിലാണെന്നും അതൊരിക്കലും കുറയാന്‍ പോകുന്നില്ലെന്നതുമാണ് ശ്രദ്ധേയമായ സംഗതി. പണമുണ്ടാക്കാനുള്ള പരക്കംപാച്ചില്‍ , ജീവിതത്തിന്റെ സമസ്ത മേഖലകളെയും ചരക്കുവല്‍കരിക്കാനുള്ള വെമ്പല്‍ - ഇവയെല്ലാം തന്നെ നമ്മുടെ ഇപ്പോഴത്തെ സാമ്പത്തികഗതിക്രമവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും ഈ മുതലാളിത്ത മൂല്യങ്ങളുടെ വ്യാപനം സംബന്ധിച്ച ചര്‍ച്ചകളാകെ തന്നെ പിന്നാമ്പുറത്തേക്ക് പിന്‍തള്ളപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നതുമാണ് പ്രധാന കാര്യം. അത്തരം ചര്‍ച്ചകള്‍ക്കു പകരം പുത്തന്‍ കൂറ്റുകാരായ ചില ആള്‍ദൈവങ്ങളും സ്വയം പ്രഖ്യാപിത മിശിഹാകളും ചേര്‍ന്ന് രാഷ്ട്രത്തിനുമേല്‍ നിരന്തരം നിസ്സാരമായ ചില ലൊട്ടുലൊടുക്ക് പരിഹാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീവ്രശ്രമമാണ് നടത്തുന്നത്. ഇത്തരക്കാരുടെ ജനാധിപത്യത്തിന് ഹാനികരമായ ചെയ്തികള്‍ക്ക് രാഷ്ട്രീയ സമൂഹത്തില്‍ ഭൂരിപക്ഷവും അവസരവാദപരമായി വഴങ്ങികൊടുക്കുകയുമാണ്.
ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വാമിമാരും ആള്‍ദൈവങ്ങളും മിശിഹാകളും ഉള്‍പ്പെടെ എല്ലാപേര്‍ക്കും, രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നല്ലത് ഏതാണെന്നത് സംബന്ധിച്ച തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനും ആ കാഴ്ചപ്പാടിനുവേണ്ടി പൊരുതാനും അവകാശമുണ്ടെന്നത് ശരി തന്നെയാണ്. എന്നാല്‍ , രണ്ട് മുന്നറിയിപ്പുകള്‍ അനിവാര്യമാണ്: ഒന്നാമത്തേത്, മരണംവരെ നിരാഹാരം. വ്യക്തിപരമായി പീഡിപ്പിക്കപ്പെടുന്നതിനെതിരെ നീതി ലഭിക്കുന്നതിന് മരണംവരെ നിരാഹാരം അനുഷ്ഠിക്കുന്നത് എന്റെ അഭിപ്രായത്തില്‍ ന്യായീകരിക്കപ്പെടാവുന്നതാണെങ്കിലും, ഒരു ജനാധിപത്യ സമൂഹത്തില്‍ സവിശേഷമായ പൊതുനയങ്ങള്‍ മുന്‍നിര്‍ത്തി മരണംവരെ നിരാഹാരം അനുഷ്ഠിക്കുന്നതിനെ ന്യായമായ ഒരു സമരായുധമായി കരുതാനാവില്ല. കാരണം, ഇത്തരം നയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണഘടനാപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങളുണ്ട്. രണ്ടാമത്തേത്, ഒരു രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി, അതായത് പ്രത്യേക പൊതുനയങ്ങള്‍ക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട്, രാഷ്ട്രീയേതര പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ ജനങ്ങളെ അണിനിരത്തുന്നത് ശരിയല്ല. മതപരമോ ആത്മീയമോ മറ്റു വിധത്തിലോ ഉള്ള കാരണങ്ങളാല്‍ ദശലക്ഷക്കണക്കിന് ഭക്തന്മാരുടെ വിശ്വാസം ആര്‍ജിക്കാന്‍ ഒരു പ്രത്യേക വ്യക്തിക്ക് കഴിയുകയാണെങ്കില്‍ , മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അധഃപതനമായിരിക്കും അത്. ഇത്തരം വ്യക്തികളെ പ്രീണിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ ആ അധഃപതനത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. കഷ്ടമെന്ന് പറയട്ടെ, സമകാലിക ഇന്ത്യ ഇത്തരം അധഃപതനങ്ങളെ നേരിടുകയാണ്. തങ്ങളുടേതായ ആവശ്യങ്ങളുമായി മുന്നോട്ടുവരാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ മറ്റു സ്വാമിമാര്‍ക്കും ബാബാമാര്‍ക്കും കരുത്തേകിയിരിക്കുകയാണ്. ഇത്തരം ഒരു പ്രവണത - അതില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ എത്ര മഹത്തരമാണെങ്കിലും ശരി - നമ്മുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തന്നെ തകര്‍ക്കുന്നതായിരിക്കും. കഴിഞ്ഞ രണ്ട് സഹസ്രാബ്ദത്തിനിടയില്‍ നാം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയും.
*****
പ്രൊഫ. പ്രഭാത് പട്നായിക് , കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
നിയമനിര്‍മ്മാണത്തിലൂടെ "അഴിമതി"യെ പിഴുതെറിയാന്‍ പറ്റുമെന്ന ആശയം തന്നെ അബദ്ധമാണ് - ധാര്‍മ്മികമായി മാത്രമല്ല, വിശ്ലേഷണാത്മകമായും അത് തെറ്റായ ധാരണയാണ്; ചരക്ക് വിനിമയ രംഗത്തിനായുള്ള അതിര് എപ്പോഴും നിലനില്‍ക്കുന്നുവെന്നതുകൊണ്ടാണത്. മുതലാളിത്ത മൂല്യങ്ങള്‍ വ്യാപകമായിരിക്കുന്ന ഒരു ലോകത്ത്, അഴിമതി പെരുകുന്നതിന് അത് ഇടയാക്കുന്നു. ഉദാഹരണത്തിന്, മെഡിക്കല്‍ കോളേജ് പ്രവേശനത്തെ ഏറ്റവും അധികം പണം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് വില്‍ക്കാവുന്ന ഒരു ചരക്കാക്കി മാറ്റുകയാണെങ്കില്‍ , മെഡിക്കല്‍ കോളേജുകളിലെ "അഴിമതി" അവിടെ അവസാനിപ്പിക്കാനാവില്ല; പരീക്ഷാഫലങ്ങള്‍പോലും പാത്തും പതുങ്ങിയും വാങ്ങാനും വില്‍ക്കാനും പറ്റുന്ന അവസ്ഥയില്‍ എത്തും.
Post a Comment