
പ്രാകൃത മൂലധന സംഭരണം
മൂലധന സംഭരണ സിദ്ധാന്തം മുതലാളിമാര്‍ കൂടുതല്‍ വലിയ മുതലാളിമാരായി തീരുന്നതിനെ വിശദീകരിക്കുന്നുണ്ട്. പക്ഷേ മുതലാളിമാരുടെ തുടക്കം എവിടെനിന്നാണ്? ആദ്യമായി മുതല്‍ മുടക്കുവാനുളള പണം എവിടെ നിന്ന് ലഭിച്ചു? ഇത് വിശദീകരിക്കുന്നതിനാണ് മാര്‍ക്സ് പ്രാകൃത മൂലധന സംഭരണം എന്ന സിദ്ധാന്തം ആവിഷ്ക്കരിച്ചത്. കൊളളയിലൂടെയും കളവിലൂടെയുമാണ് മൂലധനത്തിന്റെ ആവിര്‍ഭാവം. കൃഷിക്കാരുടെ ഭൂസ്വത്ത് മുഴുവന്‍ ഇംഗ്ലണ്ടിലെ പ്രഭുക്കളും മുതലാളിമാരും വളച്ചുകെട്ടിയെടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പിഴുതെറിഞ്ഞത് പ്രാകൃത മൂലധന സമാഹരണത്തിന്റെ ഉദാഹരണമാണ്. കൊളോണിയല്‍ കാലഘട്ടത്തിന്റെ ആരംഭകാലത്ത് ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്‍ മുതലാളിമാര്‍ നടത്തിയ നരനായാട്ടും കൊളളയുമാണ് യൂറോപ്യന്‍ മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാകൃത മൂലധന സംഭരണ സ്രോതസ്സ്. ഈ കവര്‍ച്ചപ്പണം മുതല്‍മുടക്കിയാണ് വ്യവസായ വിപ്ലവത്തിന് അരങ്ങൊരുക്കിയത്. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ വളര്‍ച്ച സാധാരണ ഗതിയിലുളള മൂലധന സംഭരണ പ്രവണത കൊണ്ട് വിശദീകരിക്കാനാവില്ല. അത്രയ്ക്ക് വിസ്മയകരമായ വേഗത്തിലാണ് അവര്‍ രൂപം കൊളളുന്നതും വളരുന്നതും. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയേറെ പണം കിട്ടിയത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കിക്കൊളളട്ടെ. വമ്പന്‍ മുതലാളിമാരുടെ അല്ലെങ്കില്‍ കുത്തകക്കാരുടെ ആവിര്‍ഭാവം ഒരു സമീപകാല നൂതന സംഭവവികാസമല്ല. ഇന്ത്യന്‍ മുതലാളിത്തത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ കുത്തക കുടുംബങ്ങള്‍ രൂപംകൊണ്ടു കഴിഞ്ഞിരുന്നു. യൂറോപ്പില്‍ വ്യവസായ വിപ്ലവം കഴിഞ്ഞ് 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് കുത്തക കുടുംബങ്ങള്‍ രൂപം കൊളളുന്നത്. എന്നാല്‍ ഇന്ത്യന്‍ മുതലാളിത്തമാകട്ടെ ബാല്യം മുതല്‍തന്നെ ദുര്‍മേദസ്സ് പിടിച്ച കുട്ടികളെ പോലെയായിരുന്നു. ഇന്ത്യന്‍ കുത്തകകുടുംബങ്ങള്‍ സ്വാതന്ത്യത്തിനു മുമ്പു തന്നെ രൂപം കൊണ്ടിരുന്നു.
സ്വാതന്ത്യാനന്തര കാലത്ത് അവ പിന്നേയും വളര്‍ന്നു. നിയോലിബറല്‍ ചിന്താഗതിക്കാരുടെ നിശിതവിമര്‍ശനത്തിന് പാത്രമാവുന്ന ലൈസന്‍സ് - പെര്‍മിറ്റ് രാജ് കുത്തക കുടുംബങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയേ ചെയ്തിട്ടുളളു. ഇന്നിപ്പോള്‍ നിയോ ലിബറല്‍ കാലഘട്ടത്തിലും പരമ്പരാഗത കുത്തക കടുംബങ്ങളൊന്നുംതന്നെ ഇല്ലാതാവുന്നില്ല. അവരുടെ വളര്‍ച്ചയുടെ വേഗം കൂടുന്നുണ്ട്. അവര്‍ ശതകോടീശ്വരന്‍മാരായി വളരുന്നു. അതോടൊപ്പം പുതിയ ശതകോടീശ്വരന്മാര്‍ പിറക്കുകയും ചെയ്യുന്നു. ഈ ശതകോടീശ്വരന്മാര്‍ , അവര്‍ പുത്തന്‍കൂറ്റുകാരായാലും പഴയ കൂറ്റുകാരായാലും, അസാധാരണമായുളള വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഇതിന്റെ സ്രോതസ്സ് എവിടെ നിന്ന് എന്നതാണ് അന്വേഷണ വിഷയം.
ചങ്ങാത്ത മുതലാളിത്തവും നിയോലിബറലിസവും
ഇത് മനസ്സിലാക്കുന്നതിന് ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്തമുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും. മാര്‍ക്സിന്റെ മൂലധന സംഭരണ സിദ്ധാന്തം സ്വതന്ത്ര മുതലാളിത്ത വ്യവസ്ഥയുടെ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വതന്ത്രമായ കമ്പോള മത്സരത്തിലൂടെ ഏറ്റവും കാര്യക്ഷമമായി ഉൽപ്പാദനം നടത്തുന്ന മുതലാളിമാര്‍ മിച്ചമൂല്യം കരസ്ഥമാക്കുന്നു. അത് അവര്‍ വീണ്ടും മുതല്‍ മുടക്കി വളരുന്നു. കാര്യക്ഷമതയാണ് വളര്‍ച്ചയുടെ മാനദണ്ഡം. എന്നാല്‍ കമ്പോള മത്സരം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കിലോ? ഏറ്റവും കാര്യക്ഷമമായിട്ടുളളവര്‍ വിജയിക്കണമെന്നില്ല. ഏതെങ്കിലും ഉല്‍പ്പാദന മേഖലയില്‍ കുത്തക മുതലാളിമാരുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും വിജയസാധ്യത. കുത്തകകളുടെ രൂപീകരണം സ്വതന്ത്രമായ കമ്പോള പ്രവര്‍ത്തനത്തിന് തടസ്സമാണ്. മത്സരത്തിന്റെ വിപരീതമാണ് കുത്തക. ഇത് കണക്കിലെടുക്കുന്നില്ല എന്നതാണ് കമ്പോള മത്സരത്തിന്റെ അപ്പോസ്തലന്മാരായ നിയോലിബറലുകളുടെ മുഖ്യ ദൗര്‍ബല്യം.

അഴിമതിയുടെ മൂക്കൂട്ടുമുന്നണി
നിയോ ലിബറല്‍ പരിഷ്ക്കാരങ്ങള്‍ എന്നാല്‍ രാജ്യത്തിന്റെ പൊതു സ്വത്തും പൊതുമേഖലയും സ്വകാര്യവല്‍ക്കരിക്കുകയും അത് കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുകയുമാണ്. നിയോ ലിബറലിസത്തിന്റെ രണ്ടാമത്തെ മുഖമുദ്ര നിയന്ത്രണങ്ങള്‍ ഇല്ലായ്മ ചെയ്യലാണ്. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് കമ്പോളത്തെ സ്വതന്ത്രമാക്കലാണ്. പക്ഷേ ഫലത്തില്‍ ഇത് കമ്പോളത്തെ കുത്തകകള്‍ക്ക് കീഴ്പ്പെടുത്താന്‍ കൂട്ടുനില്‍ക്കലാണ്. ഇവയൊക്കെ ഇഷ്ടക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നതിനുളള സാധ്യതകളെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് നിയോലിബറല്‍ കാലഘട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം എന്ന പ്രതിഭാസം കൂടുതല്‍ സാര്‍വത്രികമായി മാറുന്നത്. പൊതുമുതല്‍ കൊളളയടിച്ചുകൊണ്ടും (മാര്‍ക്സ് പറഞ്ഞ പ്രാകൃത മൂലധന സംഭരണം) സ്വന്തം താല്‍പ്പര്യത്തിനനുസൃതമായി നിയമങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിക്കൊണ്ടും കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്നു. രാഷ്ട്രീയ നേതൃത്വത്തോടുളള അടുപ്പമാണ് ഇത്തരത്തില്‍ എത്രനേട്ടം കൈവരിക്കാമെന്നുളളതിന്റെ മാനദണ്ഡം. ഇത് നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഒരു വിഭാഗത്തെയും കൂട്ടുപിടിക്കുന്നു. അങ്ങനെ ചങ്ങാത്ത മുതലാളിത്തമെന്നാല്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും കോര്‍പ്പറേറ്റുകളും തമ്മിലുളള ഒരു അവിശുദ്ധ കൂട്ടുകെട്ടാണ്. അഴിമതിയാണ് ഇവര്‍ തമ്മിലുളള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ വിസ്മയകരമായ വളര്‍ച്ച വെളിവാകണമെങ്കില്‍ ഈ അഴിമതി കേസുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. ഇവയോരോന്നും ചിന്തയുടെ ഈ പതിപ്പില്‍ നല്‍കിയിട്ടുളളതിനാല്‍ പൊതുവായ പരാമര്‍ശങ്ങള്‍ മാത്രമേ ഇവിടെ നടത്തുന്നുളളു.
സമകാലിക അഴിമതി പരമ്പര
1. ഏറ്റവും വലിയ അഴിമതിക്കേസുകള്‍ ടെലികോം മേഖലയിലെ സ്പെക്ട്രത്തിന്റെയും എസ്-ബാന്റിന്റെയും വില്‍പ്പനയിലാണ്. 2ജി സ്പെക്ട്രം 1.7 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടപ്പെടുത്തിയത്. എസ്-ബാന്റ് കൃത്രിമം കണ്ടുപിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ 2 ലക്ഷം കോടി രൂപ നഷ്ടപ്പെടുമായിരുന്നു. ഇവിടെ വില്‍പ്പനച്ചരക്കാവുന്നത് ഏതെങ്കിലും വസ്തുക്കളല്ല മറിച്ച് ശബ്ദ - പ്രകാശ തരംഗങ്ങളും മറ്റും അയക്കുന്നതിനുള്ള ഫ്രീക്വന്‍സികളാണ്. പണ്ടുകാലത്ത് റേഡിയോ സ്റ്റേഷനുകള്‍ക്കും പിന്നീട് ടെലിവിഷനും മാത്രമേ ഇത്തരത്തിലുള്ള തരംഗ ബാന്റുകള്‍ സ്വന്തമാക്കേണ്ട ആവശ്യം വന്നിരുന്നുളളു. എന്നാല്‍ മൊബൈല്‍ ഫോണിന്റെയും മറ്റും ആവിര്‍ഭാവത്തോടെ ഈ സ്ഥിതി വിശേഷം അടിമുടി മാറിയിരിക്കുകയാണ്. പരിമിതമായ ഈ തരംഗ സ്പെയിസ് നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്കേ ടെലികോം മേഖലയില്‍ മേധാവിത്വം നേടാന്‍ കഴിയൂ. ഇതിനുവേണ്ടിയുളള കിടമത്സരമാണ് ആഗോള തലത്തില്‍ നടക്കുന്നത്. ഇന്ത്യയില്‍ ഇത് ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്നു. രാജമാരും മാരന്മാരും കനിമൊഴിമാരും ഇനിയും അറിയപ്പെടാത്ത രാഷ്ട്രീയക്കാരും ഭീമമായ തുക കൈപ്പറ്റിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. സ്പെക്ട്രം കൈക്കലാക്കിയ കടലാസു കമ്പനികള്‍ പലതും തങ്ങളുടെ ഓഹരികളും കമ്പനികളും തന്നെ വിദേശ കുത്തകകള്‍ക്ക് വിറ്റ് വലിയ ലാഭം കൈക്കലാക്കുന്നു. നിമിഷ നേരംകൊണ്ടാണ് വമ്പന്‍ പണക്കാരായി ഇവര്‍ വളരുന്നത്. പുത്തന്‍കൂറ്റുമുതലാളിമാര്‍ മാത്രമല്ല ടാറ്റാമാരും അംബാനിമാരുമെല്ലാം ഈ വെട്ടിപ്പില്‍ പങ്കാളികളാണ്.
2. മറ്റൊരു സുപ്രധാന കൊളളയടി മേഖല രാജ്യത്തിന്റെ ഭൂസ്വത്താണ്. വനം കൊളള പണ്ടേ ഉളളതാണ്. ഇപ്പോള്‍ പ്രധാനമന്ത്രിതന്നെ ഇടപെട്ടാണ് പോസ്കോ എന്ന കൊറിയന്‍ കമ്പനിക്ക് 3000 ഹെക്ടര്‍ വനഭൂമി ഖനനത്തിനായി കൊടുത്തിരിക്കുന്നത്. വനഭൂമിയിലേതിനേക്കാള്‍ നഗരഭൂമിയിലാണ് കയ്യേറ്റം കൂടുതല്‍ . ആദര്‍ശ് ഫ്ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ മറ്റൊരു അഴിമതിക്കേസ്. കൊളാബയിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്. നഗര ഭൂപരിധി നിയമം പല സംസ്ഥാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഇത് റിയല്‍ എസ്റ്റേറ്റ് കുത്തകകളുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ഇതിലെല്ലാമുപരിയായാണ് ഭരണകൂടത്തിന്റെ സഹായത്തോടുകൂടി സെസ്സുകള്‍ക്കും വന്‍കിട പ്രോജക്ടുകള്‍ക്കും എല്ലാമായി വന്‍തോതില്‍ കൃഷിക്കാരെ കുടിയിറക്കി കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി കൊടുക്കാനുളള പ്രവണത. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍ , വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്. അങ്ങനെ റിയല്‍ എസ്റ്റേറ്റ് മേഖല അഴിമതിയുടേയും കൊളളയുടേയും മറ്റൊരു പ്രമുഖ മേഖലയായി മാറിയിരുക്കുന്നു.

4. ഇന്ത്യന്‍ പൊതുമേഖലാ വില്‍പ്പനയാണ് മറ്റൊരു കൊളളമേഖല. ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. കേരളത്തിലെ മോഡേണ്‍ ബ്രഡ് ഫാക്ടറിയും കോവളം ഐ.റ്റി.ഡി.സി ഹോട്ടലും വിറ്റത് ഇങ്ങനെയാണ്. കോവളം ഹോട്ടല്‍ മാത്രം ഇപ്പോള്‍ 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയും ഇന്‍ഷ്വറന്‍സ് മേഖലയും തീറെഴുതിക്കൊടുക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദം മൂലം വില്‍ക്കുന്നതിന് നിയോ ലിബറലുകള്‍ക്ക് പ്രയാസമനുഭവപ്പെടുന്നുണ്ട്.
5. വിനോദ മേഖല കളളപ്പണം വെളുപ്പിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്. ഐ.പി.എല്‍ കുംഭകോണം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഒരു കേന്ദ്ര മന്ത്രിയായ ശശി തരൂര്‍ ഇടനില നിന്ന് 76 കോടി രൂപ തട്ടിയെടുത്തത് അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. പക്ഷെ ഇത് മഞ്ഞുകട്ടയുടെ ഒരറ്റം മാത്രമാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടായി ക്രിക്കറ്റ് കളി മാറിയിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗയിംസിന്റെ തട്ടിപ്പുകേസില്‍ കല്‍മാഡി ജയിലിലാണ്. ഷീലാ ദീക്ഷിതിനെതിരെയും അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നു.
പുത്തന്‍കൂറ്റു ശതകോടീശ്വരന്മാര്‍ എവിടെനിന്ന്?
ഇന്ത്യയില്‍ ശതകോടീശ്വരന്മാരും മേല്‍പ്പറഞ്ഞ മേഖലകളുമായുളള ബന്ധം പരിശോധിച്ചാല്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്വഭാവം വ്യക്തമാവും. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ . അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്. ഇതിനെയാണ് ചങ്ങാത്ത മുതലാളിത്തം എന്നു പറയുന്നത്.

എന്തുകൊണ്ടാണ് ഈ മാറ്റം?
നിയോലിബറലിസത്തിന്റെ യുക്തി ഇതില്‍ അന്തര്‍ലീനമാണെന്ന് നേരത്തേ സൂചിപ്പിച്ചു. അതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു കാര്യവും കൂടെയുണ്ട്. വിദേശ കുത്തകകള്‍ക്ക് ഇന്ത്യന്‍ കമ്പോളം തുറന്നുകൊടുക്കുന്നതിലുളള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ എതിര്‍പ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു കരുവായി ഇന്ത്യന്‍ പൊതുമേഖലയും പൊതു സ്വത്തും മാറിയിരിക്കുകയാണ്. വിദേശ കമ്പനികളുടെ കടന്നുവരവുമൂലം ആഭ്യന്തര കമ്പോളത്തിന്റെ ഒരു ഭാഗവും ധനമേഖലയുടെ ഗണ്യമായ ഭാഗവും ഇന്ത്യന്‍ കുത്തകകളുടെ കയ്യില്‍ നിന്ന് വിദേശ കുത്തകകളുടെ കൈകളിലേക്ക് നീങ്ങും. ഇതിന് നഷ്ടപരിഹാരമായി ഇന്ത്യന്‍ കുത്തകകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖലയേയും പൊതു സ്വത്തിനേയും തുറന്നുകൊടുത്തിരിക്കുകയാണ്. ഇതിലൂടെ അതിവേഗത്തില്‍ വളരുന്ന പുത്തുന്‍കൂറ്റു മുതലാളിമാരും അവരുടെ ആകര്‍ഷണ വലയത്തില്‍പ്പെടുന്ന ഇടത്തരക്കാരും നിയോലിബറല്‍ പരിഷ്ക്കാരങ്ങളുടെ ശക്തരായ വക്താക്കളായി മാറുന്നു.
കളളപ്പണം വിദേശത്തേക്ക്

മൗറീഷ്യസ് റൂട്ട്
ഇങ്ങനെ വിദേശത്ത് കൊണ്ടുപോകുന്ന കളളപ്പണം വെളുപ്പിച്ച് ഇന്ത്യയിലേക്കുതന്നെ കൊണ്ടുവരുന്നതിനുളള സൗകര്യങ്ങളും ഇന്ത്യാ സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. മൗറീഷ്യസ് എന്ന ഒരു കൊച്ചുരാജ്യമുണ്ട്. കേരളത്തിലെ ഒരു ജില്ലയുടെ ജനസംഖ്യപോലുമില്ലാത്ത ഒരു ദ്വീപസമൂഹം. ഭൂരിപക്ഷം പേരും ഇന്ത്യന്‍ വംശജര്‍ . ടൂറിസമല്ലാതെ മറ്റൊരു വ്യവസായവുമില്ല. പക്ഷെ ഈ കൊച്ചു രാജ്യവുമായി ഇന്ത്യ ഒരു പ്രത്യേക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി എന്നാണിതിന്റെ പേര്. അത് പ്രകാരം ഇന്ത്യയില്‍ നികുതിയടച്ച പണം മൗറീഷ്യസില്‍ കൊണ്ടുപോയാല്‍ അവിടെ നികുതി കൊടുക്കേണ്ട. അതുപോലെ തന്നെ മൗറീഷ്യസില്‍ നികുതിയടച്ചാല്‍ ഇന്ത്യയിലും നികുതി കൊടുക്കേണ്ട. മൗറീഷ്യസില്‍ തുച്ഛമായ നികുതിയേയുളളു. ഇന്ത്യയിലേക്ക് വരുന്ന വിദേശ മൂലധനത്തിന്റെ പകുതിയിലേറെ ഈ ദരിദ്ര ദ്വീപുവഴിയാണ് വരുന്നത്. ഇപ്പോള്‍ പ്രമുഖ കമ്പനികള്‍ക്കെല്ലാം ഒരു ലെറ്റര്‍ ബോക്സ് ആഫീസ് അവിടെയുണ്ട്. അതുവഴിയാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വിദേശ വിനിമയ ബന്ധങ്ങള്‍ . കളളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയല്ലാതെ മറ്റെന്തിനു വേണ്ടിയാണ് മൗറീഷ്യസുമായി ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയിട്ടുളളത്? കോര്‍പ്പറേറ്റ് കമ്പനികള്‍ മാത്രമല്ല ഭീകര പ്രവര്‍ത്തകരും ഈ വഴിയാണ് ഇന്ത്യയിലേക്ക് പണമെത്തിക്കുന്നത്. വിദേശത്തുളള കളളപ്പണക്കാരുടെ കളളപ്പണം കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുന്നതിന് പകരം മൗറീഷ്യസുമായുളള പ്രത്യേക ബന്ധം മറ്റുചില രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും എന്നാണ് പ്രണാബ് കുമാര്‍ മുഖര്‍ജി പറയുന്നത്. സ്വിസ് ബാങ്കിലും മറ്റും പണം നിക്ഷേപിച്ചിട്ടുളളവരുടെ പേരു വിവരം നേടിയെടുക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജര്‍മ്മനിയിലെ ഒരു പ്രധാന ബാങ്കില്‍ നിക്ഷേപമുളളവരുടെ ലിസ്റ്റ് കേന്ദ്ര ഗവണമെന്റിന് ലഭ്യമായിട്ടുണ്ടെങ്കിലും അത് വെളിപ്പെടുത്തുന്നതിന് അവര്‍ തയ്യാറല്ല.
സുപ്രീം കോടതിയുടെ പുതിയ നിലപാട്

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹം നേരിട്ട് പണം വാങ്ങി എന്ന ആരോപണം ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ കളളന്‍ കല്‍മാഡിയെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിയോഗിച്ചത് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ കീഴിലുളള ഐ.എസ്.ആര്‍ .ഒ യിലാണ് എസ്-ബാന്റ് അഴിമതിയുടെ കളമൊരുങ്ങിയത്. 2ജി സ്പെക്ട്രം വെട്ടിപ്പിനെക്കുറിച്ച് പൂര്‍ണ്ണ അറിവുണ്ടായിട്ടും ഒരു നടപടിയും അദ്ദേഹം എടുത്തില്ല. അങ്ങനെ സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ അപ്പോസ്തലനായി കടന്നുവന്ന മന്‍മോഹന്‍ സിംഗ്, ഇപ്പോള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ മാപ്പുസാക്ഷിയായി മാറിയിരിക്കുകയാണ്.
മന്‍മോഹന്‍ സിംഗിന്റെ കുറ്റസമ്മതം
കഴിഞ്ഞ മെയ് 1-ന് ഡല്‍ഹിയിലെ വ്യവസായ വികസന പഠന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അക്കാദമീയ ഭാഷയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.

അഴിമതി വിരുദ്ധ പോരാട്ടം
ഈ പശ്ചാത്തലത്തിലാണ് അഴിമതി വിരുദ്ധ സമരം ഒരു സുപ്രധാന രാഷ്ട്രീയ മുദ്രാവാക്യമായി മാറുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ഒരു പോലെ കരിവാരി തേച്ചുകൊണ്ട് അഴിമതി വിരുദ്ധ സമരത്തിന്റെ മുന്നിലേക്ക് അന്നാ ഹസാരെ മുതല്‍ രാംദേവ് വരെയുളളവരും പൗരസമൂഹ സംഘടനകളും കടന്നുവന്നു. സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ അഴിമതി തടയാനാവില്ല. ശരിയായ രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കലാണ് ഇന്നത്തെ കടമ. ഇന്ത്യയിലിന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു മാത്രമേ അതിനു കഴിയൂ. അതിനുവേണ്ടി അഴിമതിക്കെതിരെ ദേശവ്യാപക പ്രക്ഷോഭത്തിലേക്ക് ഇടതുപക്ഷം നീങ്ങുകയാണ്. പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുളള ലോക്പാല്‍ ബില്ലിനെതിരായി ചില നിര്‍ദ്ദേശങ്ങള്‍ ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. ജൂഡീഷ്യറിയിലെ അഴിമതി തടയുന്നതിന് ഒരു പ്രത്യേക സംവിധാനം വേണമെന്നാണ് സി.പി.ഐ എം ന്റെ അഭിപ്രായം. അതുപോലെ തന്നെ തെരഞ്ഞെടുപ്പില്‍ പണത്തിന്റെ ദുഃസ്വാധീനം ഒഴിവാക്കുന്നതിനുവേണ്ടിയുളള തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും വേണം. നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ സമരവുമായി അഴിമതി വിരുദ്ധ സമരത്തെ സംയോജിപ്പിക്കണമെന്നുളള നിലപാടാണ് ഇടതുപക്ഷത്തിനുളളത്. ഈയൊരു കാഴ്ചപ്പാട് അന്നാ ഹസാരെക്കില്ല.
*
ഡോ. ടി എം തോമസ് ഐസക് ചിന്ത ജന്മദിനപതിപ്പ് ആഗസ്റ്റ് 12, 2011
1 comment:
അതിവേഗതയിലുളള മൂലധന സംഭരണം മുതലാളിത്തത്തിന്റെ പ്രത്യേകതയാണെന്ന് മാര്‍ക്സ് പണ്ടേ പഠിപ്പിച്ചിട്ടുണ്ട്. കമ്പോള മത്സരമാണ് മൂലധനത്തിന്റെ ചാലകശക്തി. തന്മൂലം ഉണ്ടാകുന്ന ലാഭം, സമ്പാദിക്കുന്നതിനും വീണ്ടും മുതല്‍ മുടക്കുന്നതിനും മുതലാളിമാര്‍ നിര്‍ബന്ധിതരാണ്. ഈ മൂലധന സംഭരണ പ്രവണതയാണ് മുതലാളിത്തത്തിന് ദ്രുതഗതിയിലുളള ചലനാത്മകത നല്‍കുന്നത്. അങ്ങനെ പണമുളളവര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരായി തീരുന്നു. പ്രാകൃത മൂലധന സംഭരണം മൂലധന സംഭരണ സിദ്ധാന്തം മുതലാളിമാര്‍ കൂടുതല്‍ വലിയ മുതലാളിമാരായി തീരുന്നതിനെ വിശദീകരിക്കുന്നുണ്ട്. പക്ഷേ മുതലാളിമാരുടെ തുടക്കം എവിടെനിന്നാണ്? ആദ്യമായി മുതല്‍ മുടക്കുവാനുളള പണം എവിടെ നിന്ന് ലഭിച്ചു? ഇത് വിശദീകരിക്കുന്നതിനാണ് മാര്‍ക്സ് പ്രാകൃത മൂലധന സംഭരണം എന്ന സിദ്ധാന്തം ആവിഷ്ക്കരിച്ചത്.
Post a Comment