അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ പാക്കേജ് യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ , കമ്മിറ്റി രൂപീകരിച്ചപ്പോഴുള്ള ലക്ഷ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിലോമകരവും അപകടകരവുമായ നിരവധി നിര്‍ദേശങ്ങള്‍ യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ച പാക്കേജിലുണ്ട്. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുക എന്നതാണ് പാക്കേജിലെ പ്രധാന നിര്‍ദേശം. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 (ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ), 1:35 (ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ) എന്നീ ക്രമത്തില്‍ കുറയ്ക്കും. 2010-11 അടിസ്ഥാനവര്‍ഷമായി കണക്കാക്കി ഡിവിഷനുകള്‍ നിലനിര്‍ത്താനും അനുപാതം കുറയുമ്പോഴുണ്ടാകുന്ന തസ്തികകളെ അധികഡിവിഷനുകളായി കണക്കാക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ യുക്തിയെന്തെന്ന് വിശദീകരിച്ചിട്ടില്ല. കുട്ടികളുടെ എണ്ണമെടുക്കാന്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. സ്കൂളുകളില്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം ഉറപ്പാക്കിയതിനുശേഷം മാത്രമായിരിക്കും തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നത്.
എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുമ്പോഴുണ്ടാവുന്ന ഒഴിവുകളില്‍ ഒരു പ്രൊട്ടക്ട് അധ്യാപകനെ നിയമിച്ചതിനുശേഷം ബാക്കിയുള്ള എല്ലാ ഒഴിവിലും ഇഷ്ടമുള്ള അധ്യാപകരെ നിയമിക്കാനുള്ള അവകാശം പാക്കേജ് മാനേജര്‍മാര്‍ക്ക് നല്‍കുന്നു. പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ കോഴ വാങ്ങി വീണ്ടും നിയമനം നടത്താനുള്ള അവസരമാണ് ഇതുവഴി മാനേജര്‍മാര്‍ക്ക് ലഭിക്കുന്നത്. പുറത്തുപോയവരെയും തസ്തിക നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുക എന്ന പാക്കേജിന്റെ ലക്ഷ്യംതന്നെ ഇതിലൂടെ ഇല്ലാതാവുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആയി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. ആറാംക്ലാസ് മുതല്‍ 1:35 എന്ന നിലയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണം മാറിയതുകൊണ്ടുമാത്രമാണ് 1:35 എന്ന അനുപാതത്തിലേക്ക് മാറിയത്. കേരളത്തിലെ മിക്ക സ്കൂളുകളിലും ശരാശരി രണ്ട് ഡിവിഷനുകള്‍ വീതമാണുള്ളത്. 51 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന്‍ അനുവദിക്കാന്‍ നിലവിലുള്ള കെഇആറില്‍ (കേരള വിദ്യാഭ്യാസ നിയമം) വ്യവസ്ഥയുണ്ട്. പാക്കേജില്‍ പറയുന്നതനുസരിച്ച് എല്‍പിയില്‍ 60 കുട്ടികള്‍വരെയും യുപിയില്‍ 70 കുട്ടികള്‍വരെയും രണ്ട് ഡിവിഷന്‍ ആയി നിലനില്‍ക്കും. അതുകൊണ്ടുതന്നെ നിലവില്‍ രണ്ട് ഡിവിഷനുള്ള സ്കൂളുകളില്‍ തസ്തികകളുടെ എണ്ണം കൂടുകയില്ല. ചില സ്കൂളുകളിലെങ്കിലും നിലവില്‍ കുട്ടികളുടെ എണ്ണം 1:30 നു താഴെയാണെന്നതാണ് വസ്തുത. കുട്ടികള്‍ കുറവുള്ള സ്കൂളുകളുടെ നിലനില്‍പ്പും ഈ പാക്കേജ് ആശങ്കയിലാക്കുന്നു. പഠിക്കാന്‍ കുട്ടികളുണ്ടെങ്കില്‍ സ്കൂളുകള്‍ നിലനിര്‍ത്തണം എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. എന്നാല്‍ , പാക്കേജ് നടപ്പാകുമ്പോള്‍ കുട്ടികള്‍ കുറവുള്ള 3000ല്‍ അധികം സ്കൂളുകളുടെ ഭാവി എന്താവുമെന്ന കാര്യം ആശങ്കയുണര്‍ത്തുന്നു. അധ്യാപകരുടെ തൊഴില്‍സംരക്ഷണം പാക്കേജ് നിലവില്‍വരുന്നതോടെ ഇല്ലാതാവുകയാണ്.
അധ്യാപകരെ സംരക്ഷിക്കാന്‍ ടീച്ചേഴ്സ് ബാങ്കുണ്ടെന്നാണ് പാക്കേജ് പറയുന്നത്. പ്രൊട്ടക്ഷന് പകരം അധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍ നിര്‍ത്തി ശമ്പളം കൊടുക്കുമെന്നാണ് പറയുന്നത്. പാക്കേജില്‍ ഉള്‍പ്പെടുന്നവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നതിനപ്പുറം എന്തുസംരക്ഷണമാണുള്ളത്? പാക്കേജില്‍ ഉള്‍പ്പെടുത്തിയാലും പുനര്‍നിയമനം നല്‍കുന്നതിനനുസരിച്ചാണ് ശമ്പളം നല്‍കുക. ഫലത്തില്‍ പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നവര്‍ക്കുപോലും ഇനി തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാകും. തസ്തികയില്ലാതെ എങ്ങനെ ശമ്പളം കൊടുക്കാനാകും? പുനര്‍നിയമനം നടത്തേണ്ട ഒഴിവുകളില്‍പ്പോലും നിയമനാധികാരം മാനേജര്‍മാര്‍ക്ക് കൊടുക്കുകയല്ലേ? പിന്നെ എങ്ങനെയാണ് പുനര്‍വിന്യസിക്കപ്പെടേണ്ട അധ്യാപകരെ നിലനിര്‍ത്തുക? 2752 അധ്യാപകരെ എസ്എസ്എയില്‍ സ്പെഷ്യലിസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി 14,440 രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിക്കുമെന്ന് പറയുന്നു. പാക്കേജ് നടപ്പാകുന്നതോടെ സ്കൂള്‍തലത്തിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക ഇല്ലാതാകും. ഫലത്തില്‍ അധ്യാപക തസ്തികയില്‍നിന്ന് അവരെ നിശ്ചിത ശമ്പളംമാത്രം വാങ്ങുന്ന വേതന വ്യവസ്ഥയില്ലാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ 2677 പേരെ നിയമിക്കുമെന്നും പറയുന്നു. എല്‍പിയിലും യുപിയിലുമാണ് ഇങ്ങനെ തസ്തികയുണ്ടാകുന്നത്. എന്നാല്‍ , ഘടനാപരമായ മാറ്റം വരാതെ കേരളത്തില്‍ ഇത് സാധ്യമല്ല. 641 പേരെ എസ്എസ്എയില്‍ ബിആര്‍സി പരിശീലകരാക്കുമെന്നും ബാക്കി വരുന്നവരെ സ്ഥിരം പരിശീലനത്തിന് വിടും എന്നുമൊക്കെയാണ് വാഗ്ദാനങ്ങള്‍ . ഫലത്തില്‍ ടീച്ചേഴ്സ് ബാങ്കുവഴി സംരക്ഷിക്കുമെന്നുപറയുന്ന 10,503 പേരും പുനര്‍നിയമനമില്ലാതെ ബാങ്കില്‍ത്തന്നെ നിലനില്‍ക്കും.
2010-11 വര്‍ഷത്തെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷം തസ്തികയില്‍ മാറ്റം വരില്ലെന്നും അതിനിടയിലുള്ള നിയമനങ്ങള്‍ ദിവസക്കൂലിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും പാക്കേജില്‍ പറയുന്നു. അതായത് 2013-14 ല്‍ മാത്രമായിരിക്കും അനുപാതം കുറയുമ്പോള്‍ ഉണ്ടാകുന്ന തസ്തികകളില്‍ നിയമനം നടക്കുന്നത്. അങ്ങനെവരുമ്പോള്‍ 2011 മാര്‍ച്ചിലെ റിട്ടയര്‍മെന്റ് ഒഴിവില്‍ നിയമിക്കപ്പെട്ടവരും ദിവസക്കൂലിക്കാരാകും. പാക്കേജ് നടപ്പില്‍വരുന്നതിനുമുമ്പ് റഗുലര്‍ ഒഴിവില്‍ നിയമിച്ചവരെ ദിവസക്കൂലിക്കാരാക്കുന്നത് കടുത്ത അനീതിയാണ്. എയ്ഡഡ് സ്കൂളില്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ നിയമനം നടത്തുമ്പോള്‍ 1:1 എന്ന അനുപാതത്തില്‍ പ്രൊട്ടക്ട് അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവും ഇല്ലാതാകും.
പാക്കേജിലെ അധ്യാപക പരിശീലനങ്ങളെക്കുറിച്ചുള്ള നിര്‍ദേശം ശാസ്ത്രീയമല്ല. കേരളത്തിലെ എല്ലാ അധ്യാപകര്‍ക്കും മൂന്നു മാസത്തെ നിര്‍ബന്ധിത പരിശീലനം നല്‍കുമെന്നാണ് പറയുന്നത്. അതുകഴിഞ്ഞാല്‍ സര്‍വീസിനിടയില്‍ പരിശീലനമേ ഇല്ലെന്നാണോ? പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി നടക്കുന്ന പാഠപുസ്തക പരിഷ്കാരം ഒരു തുടര്‍പ്രക്രിയയാണ്. അതനുസരിച്ച് പരിശീലനത്തിലും മൂല്യനിര്‍ണയത്തിലും മാറ്റങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ മധ്യവേനലവധിക്കാലത്തും ക്ലസ്റ്റര്‍തലത്തിലുമായി ഇപ്പോള്‍ നടത്തുന്ന പരിശീലനങ്ങള്‍ നിലനിര്‍ത്തി, അതിലെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള അക്കാദമിക് നിര്‍ദേശമാണ് ഉണ്ടാവേണ്ടത്. ഇനി സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ മൂന്നുവര്‍ഷം വേണ്ടിവരും. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും (ടിഇടി) പിഎസ്സി നിയമനവും കഴിയാന്‍ കാലതാമസമെടുക്കും എന്നതാണ് ഇതിനുള്ള ന്യായീകരണം. ഈ വര്‍ഷംതന്നെ ടെസ്റ്റ് നടത്തിയാല്‍ നിയമനത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയില്ലേ?
2013-14 ല്‍ തസ്തിക നിര്‍ണയം നടത്തിയതിനുശേഷമേ പിഎസ്സി നിയമനനടപടികളാരംഭിക്കൂ എന്ന നിര്‍ദേശം നിയമനനിരോധനം ഏര്‍പ്പെടുത്തുന്നതിനു തുല്യമാണ്. എയ്ഡഡ് സ്കൂളുകളില്‍ പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്താന്‍ അവസരം കൊടുക്കുകയും സര്‍ക്കാര്‍ സ്കൂളില്‍ ബാങ്കില്‍നിന്ന് പുനര്‍നിയമനം നടത്തുകയും ചെയ്യാനുള്ള നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. 1997 ലെ പ്രൊട്ടക്ഷന്‍ ഉത്തരവനുസരിച്ച് അധ്യാപകരെ എയ്ഡഡ് സ്കൂളുകളില്‍ത്തന്നെ വിന്യസിക്കാനാണ് തീരുമാനിച്ചത്. അല്ലാതെ സര്‍ക്കാര്‍സ്കൂളുകളിലെ തസ്തികയില്‍ സ്ഥിരമായി നിയമിച്ചിട്ടില്ല. പിഎസ്സി നിയമനത്തിന് കാലതാമസം വരുമെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം നടത്തണമെന്ന നിര്‍ദേശം പിഎസ്സി നിയമനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ്. ഒരു വര്‍ഷം പതിനായിരത്തോളം അധ്യാപകര്‍ പെന്‍ഷന്‍ പറ്റുന്ന വിദ്യാഭ്യാസമേഖലയില്‍ പുതിയ നിയമനത്തിലുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് തൊഴില്‍രഹിതരോടുള്ള ക്രൂരതയായേ കാണാനാവൂ.
അധ്യാപകരെ വിലയിരുത്തുന്നതിന് സമൂഹത്തിലെ പൊതുസമ്മതനായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല ഓഡിറ്റിങ് ആന്‍ഡ് മോണിറ്ററിങ് അതോറിറ്റി രൂപീകരിക്കുക എന്നതാണ് പാക്കേജിലെ മറ്റൊരു നിര്‍ദേശം. എല്ലാ അധ്യാപകരും കമ്മിറ്റിയുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള വിലയിരുത്തലിന് വിധേയമാകണം. ഏതെങ്കിലും അധ്യാപകര്‍ക്ക് ഓഡിറ്റ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ വീണ്ടും പരിശീലനത്തിന് പോകണം. പരിശീലനംകഴിഞ്ഞ് അതോറിറ്റിയുടെ ഗ്രേഡ് കരസ്ഥമാക്കിയതിനുശേഷമേ അധ്യാപകനെ കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കൂ. ആധുനിക വിദ്യാഭ്യാസ തത്വമനുസരിച്ചുള്ള അധ്യാപനശേഷി പരിശോധിക്കാന്‍ പൊതുസമ്മതര്‍ക്കെങ്ങനെ കഴിയും?
എസ്സിഇആര്‍ടിയിലും ഡയറ്റിലും സീമാറ്റിലും പ്രഗത്ഭരായ നിരവധി ഉദ്യോഗസ്ഥന്മാരും അധ്യാപകരുമുള്ളപ്പോള്‍ മോണിറ്ററിങ്ങിന് പുറമെയുള്ളവരെ ചുമതലപ്പെടുത്തുന്നതിനു പിന്നിലെ താല്‍പ്പര്യം അക്കാദമികമല്ല. മാത്രമല്ല, പാക്കേജിന്റെതന്നെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ആകര്‍ഷകവുമാക്കാനുള്ള നിര്‍ദേശങ്ങളൊന്നും പാക്കേജിലില്ല. കുട്ടികളുടെ കുറവ് പരിഹരിച്ചുകൊണ്ടുമാത്രമേ അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ കഴിയൂ. പൊതുസമൂഹത്തിന്റെ ആഗ്രഹമനുസരിച്ചുള്ള സൗകര്യങ്ങള്‍ സ്കൂളുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളില്ലെങ്കിലും അധ്യാപകര്‍ സംരക്ഷിക്കപ്പെടും എന്ന രീതിയിലുള്ള പാക്കേജിലെ നിര്‍ദേശങ്ങള്‍ സ്ഥായിയായ പരിഹാരത്തിനുതകുന്നതല്ല. സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള തീരുമാനം നിലനില്‍ക്കെ, പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കാനെന്ന വ്യാജേന ഈ പാക്കേജ് കൊണ്ടുവന്ന യുഡിഎഫിന്റെ ഉദ്ദേശശുദ്ധിയില്‍ അധ്യാപകര്‍ക്ക് സംശയമുണ്ട്. പാക്കേജിലെ പല നിര്‍ദേശങ്ങളും നടപ്പാക്കാന്‍ കെഇആറില്‍ ഭേദഗതി വരുത്തേണ്ടിവരും. എന്നാല്‍ മാനേജര്‍മാരുടെ അധികാരത്തില്‍ കൈകടത്താനുള്ള ധൈര്യം യുഡിഎഫ് സര്‍ക്കാരിനില്ലതാനും. ചുരുക്കത്തില്‍ അധ്യാപകരുടെ തൊഴില്‍സംരക്ഷണം എന്ന വ്യവസ്ഥതന്നെ ഇല്ലാതാക്കുന്നതാണ് പാക്കേജ്.
*
എം ഷാജഹാന്‍ (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Subscribe to:
Post Comments (Atom)
1 comment:
അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ പാക്കേജ് യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ , കമ്മിറ്റി രൂപീകരിച്ചപ്പോഴുള്ള ലക്ഷ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിലോമകരവും അപകടകരവുമായ നിരവധി നിര്‍ദേശങ്ങള്‍ യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ച പാക്കേജിലുണ്ട്. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുക എന്നതാണ് പാക്കേജിലെ പ്രധാന നിര്‍ദേശം. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 (ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ), 1:35 (ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ) എന്നീ ക്രമത്തില്‍ കുറയ്ക്കും. 2010-11 അടിസ്ഥാനവര്‍ഷമായി കണക്കാക്കി ഡിവിഷനുകള്‍ നിലനിര്‍ത്താനും അനുപാതം കുറയുമ്പോഴുണ്ടാകുന്ന തസ്തികകളെ അധികഡിവിഷനുകളായി കണക്കാക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ യുക്തിയെന്തെന്ന് വിശദീകരിച്ചിട്ടില്ല. കുട്ടികളുടെ എണ്ണമെടുക്കാന്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. സ്കൂളുകളില്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം ഉറപ്പാക്കിയതിനുശേഷം മാത്രമായിരിക്കും തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നത്.
Post a Comment