എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് തെളിയിക്കപ്പെടാത്തതിനാല്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അമ്പരപ്പിക്കുന്നതാണ്. മനുഷ്യനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കുള്ള എതിര്‍സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ ഈ നിലപാട്.
എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച ആരോഗ്യ- പാരിസ്ഥിതികപ്രശ്നത്തിന്റെ ബീഭത്സതയില്‍ പകച്ചുപോയവരാണ് നാം. കാസര്‍കോട് ജില്ലയിലെ പ്ലാന്റേഷന്‍ ഭൂമിയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി അഞ്ഞൂറിലധികംപേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരങ്ങള്‍ ജനിതകവൈകല്യമടക്കമുള്ള മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ട് നരകയാതന അനുഭവിക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ദിനംപ്രതി മുന്നോ നാലോ പേര്‍ മരിച്ചുവീഴുംവിധം എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ഗ്രാഫ് ഉയരുകയാണ്.
ഭോപാല്‍ ദുരന്തത്തിന് സമാനമാണ് കാസര്‍കോടന്‍ ഗ്രാമങ്ങളുടെ സ്ഥിതി. അംഗവൈകല്യത്തോടെയാണ് കുട്ടികള്‍ പിറന്നുവീഴുന്നത്. പലതവണ ഗര്‍ഭിണിയായിട്ടും നിര്‍ബന്ധപൂര്‍വം ഗര്‍ഭം അലസിപ്പിക്കലിന് വിധേയരായ സ്ത്രീകള്‍ കണ്ണീരുമായി കഴിയുന്നു. അന്ധതയും വളര്‍ച്ചയില്ലായ്മയും ഒരുതലമുറയെ ആകെ വേട്ടയാടുന്നു. എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവിധം ജീവിതം തള്ളിനീക്കുന്നു. മനഃസാക്ഷിയുള്ളവരെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണെങ്ങും. ഈ ഭീകരതയെ മടിയില്ലാതെ ന്യായീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അത്യന്തം അപലപനീയമാണ്.
സ്റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി ലോബിയിങ് നടത്തി നാണംകെട്ട് പിന്തിരിയാന്‍ നിര്‍ബന്ധിതരായവര്‍ തങ്ങളുടെ നിലപാട് അവര്‍ക്കൊപ്പം തന്നെയാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുകയാണ് കോടതിയിലെ പരാമര്‍ശത്തിലൂടെ. 11 വര്‍ഷമായി കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നില്ലെങ്കിലും ഇപ്പോഴും കുഞ്ഞുങ്ങള്‍ വൈകല്യമുള്ളവരായി ജനിക്കുന്നുണ്ട്. ഇത് കണ്ടെത്തിയിട്ടും എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഇത് ഒരു ജനതയുടെ ഉന്മൂലനാശത്തിനാണ് വഴിവയ്ക്കുക. അതുകൊണ്ടാണ് അടിയന്തരനിരോധനം ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാജ്യങ്ങളില്‍ കൃഷി കുറവാണെന്നും നിരോധനം ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും സംശയത്തിന്റെ പിന്‍ബലത്തിലാണെന്നും എതിര്‍സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കൃഷി വ്യാപകമായ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതിന് പിന്നില്‍ കീടനാശിനി ലോബിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിശുദ്ധബന്ധമാണ് മറനീക്കുന്നത്. സര്‍ക്കാരിനുവേണ്ടി എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര അഗ്രികള്‍ചറല്‍ ആന്‍ഡ് കോര്‍പറേഷന്‍ ഡയറക്ടര്‍ വന്ദനാ ജെയ്ന്‍ സ്റ്റോക്ക്ഹോമില്‍ കീടനാശിനി കമ്പനിക്കുവേണ്ടി വിവിധരാജ്യങ്ങളുമായി വിലപേശല്‍ നടത്തിയ ആളാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകത കോടതി തിരിച്ചറിഞ്ഞിട്ടും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം അത് തിരിച്ചറിയാതെപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിരാലംബരായ മനുഷ്യരെക്കാള്‍ പ്രധാനം കോടികള്‍ ഒഴുക്കുന്ന കോര്‍പറേറ്റുകളാണെന്ന കേന്ദ്രനിലപാട് തിരുത്തിയേ മതിയാകൂ. കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണെന്നത് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം കീടനാശിനി കമ്പനിയുടെ തിണ്ണനിരങ്ങുകയാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി അഭിഷേക് സിങ്വി കോടതിയില്‍ ഹാജരായ സംഭവം. എന്‍ഡോസള്‍ഫാനുവേണ്ടി കോടതിയില്‍ ഹാജരായ ഈ "മാന്യന്‍" മോണ്‍സാന്റോ, ഡൗ കെമിക്കല്‍സ്, ലോട്ടറിമാഫിയ എന്നിവയുടെ കേസുകള്‍ വാദിക്കാനും രംഗത്തെത്തി.
കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും നിയമോപദേശകനായ സിങ്വിയാണ് കോണ്‍ഗ്രസിന്റെ വക്താവായും രംഗത്തെത്തുന്നത്. ആദ്യം സിങ്വി വാദിക്കും, പീന്നീട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. നയങ്ങള്‍ തീരുമാനിക്കുകയും തിരുത്തപ്പെടുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ഇരകള്‍ക്ക് അനുകൂലമായി നിലപാടെടുത്തതിന്റെപേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണനും കാര്‍ഷിക സര്‍വകലാശാലയിലെ കൃഷിശാസ്ത്രജ്ഞര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയക്കാനും എന്‍ഡോസള്‍ഫാന്‍ കമ്പനി തയ്യാറായി.
സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുത്ത കാസര്‍കോട് എന്‍ആര്‍എച്ച്എം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് അഷീലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി അടൂര്‍ പ്രകാശും ഇടപെട്ടിരിക്കുന്നു. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണിത്. മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചതിന്റെപേരില്‍ മികച്ചസേവനം നടത്തിയ ഡോക്ടറെ ബലിയാടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശിരസാവഹിക്കുകയാണ് സംസ്ഥാനസര്‍ക്കാരും. വേട്ടക്കാരെ പുണരുകയും ഇരകള്‍ക്കൊപ്പമാണെന്ന് നടിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊയ്മുഖം തിരിച്ചറിയാന്‍ ഇനിയും നാം വൈകരുത്. കരളലിയിപ്പിക്കുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ലോകത്തൊരിടത്തും ആവര്‍ത്തിക്കരുത്. ഒരു നാടിന്റെ ചൈതന്യത്തെ കവര്‍ന്നെടുത്ത മരണവ്യാപാരത്തിനെതിരെ പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്. "ഒരു ജീവനെങ്കിലും അപകടത്തിലാകുന്നെങ്കില്‍ അത്തരം കീടനാശിനി നിരോധിക്കാന്‍ എന്താണ് കാലതാമസ"മെന്ന പരമോന്നത നീതിപീഠത്തിന്റെ പരാമര്‍ശത്തില്‍ നമുക്ക് പ്രത്യാശിക്കാം.
*****
ടി വി രാജേഷ്
Subscribe to:
Post Comments (Atom)
1 comment:

Post a Comment