രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നമായി അഴിമതി മാറിയിട്ട് കുറച്ചുകാലമായി. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, സാമ്പത്തിക-സാമൂഹ്യ അവസരങ്ങള്‍ കുറഞ്ഞ, ഇന്ത്യ പോലൊരു രാജ്യത്ത് പൊതുസ്വത്ത് അഴിമതിയിലൂടെ കൊള്ളയടിക്കപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇങ്ങനെ സമ്പത്ത് കേന്ദ്രീകരിക്കുന്നത് വികസനത്തെ തടയും. കൂടുതല്‍ അസമത്വങ്ങള്‍ക്ക് വഴിവെക്കുകയും സമൂഹത്തിന്റെ ധാര്‍മിക ചട്ടക്കൂടിനെത്തന്നെ നശിപ്പിക്കുകയും ചെയ്യും. ഈയിടെ പുറത്തുവന്ന 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരും ഉദ്യോഗസ്ഥരും മന്ത്രിമാരും സമ്പാദിച്ചത്. അഴിമതിക്കുശേഷവും മാസങ്ങളോളം അധികാരത്തില്‍ തുടര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള അവസരവും ഇത്തരക്കാര്‍ ഉപയോഗപ്പെടുത്തുന്നു.
ഉന്നതങ്ങളിലെ അഴിമതി ദശാബ്ദങ്ങളായി രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും നമ്മുടെ നയരൂപീകരണ പ്രക്രിയയെ വളച്ചൊടിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നതാണ് ഉദാരവല്‍ക്കരണത്തിനുശേഷമുള്ള സ്ഥിതി. നമ്മുടെ ജനാധിപത്യത്തെ പോലും തകര്‍ക്കുമെന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് അവിശുദ്ധ കൂട്ട് വെല്ലുവിളിക്കുന്നു.
രാഷ്ട്രീയ, ഭരണ, നിയമ തലങ്ങളിലെ സമൂലമായ പരിഷ്കാരത്തിലൂടെ മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകൂ. സമാധാനപരമായ ഒറ്റപ്പെട്ട നിരാഹാര സമരങ്ങളിലൂടെ ഇതിന് ശാശ്വത പരിഹാരം കാണാനാവില്ല. ശക്തമായ ലോക്പാല്‍ ഒരു പരിഹാര മാര്‍ഗമാണ്. ഒപ്പം മറ്റു കാര്യങ്ങളും വേണം. പൗരന്മാര്‍ക്കായി പരാതി പരിഹാര സംവിധാനം, നീതിന്യായ സംവിധാനത്തെ നിരീക്ഷിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ , തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം തുടങ്ങിയവ വേണം. വിദേശ ബാങ്കുകളിലും മറ്റുമുള്ള കള്ളപ്പണം തടയാന്‍ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ സമഗ്രമായ പരിഷ്കരണത്തിലൂടെയേ അഴിമതി തടയാനാവൂ.
ലോക്പാല്‍ ബില്‍
പൊതുരംഗത്തെ അഴിമതി തടയാനും പൊതുഭരണം കാര്യക്ഷമമാക്കാനും ലോകരാജ്യങ്ങളില്‍ വിവിധ സംവിധാനങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇഛാശക്തിയില്ലാത്തതുമൂലം ഇന്ത്യയില്‍ നാലു പതിറ്റാണ്ടായിട്ടും പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കാനായിട്ടില്ല. ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാറുകളെല്ലാം ബില്‍ പരിഗണിച്ചുവെങ്കിലും പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. നിലവില്‍ ഭരിക്കുന്ന സര്‍ക്കാരിനും ഇതില്‍ താല്‍പര്യമില്ല. അഴിമതിയില്‍ മുങ്ങിയ യുപിഎ ഗവണ്‍മെന്റ് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു ബില്ലുമായി രംഗത്തുവന്നത്.
ലോക്പാല്‍ ബില്ലിന്റെ പ്രസക്തിയെയും ആവശ്യകതയെക്കുറിച്ച് സിപിഐ എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
അഴിമതിയുടെ നിര്‍വചനം
പണമുണ്ടാക്കാനുള്ള എല്ലാ അനധികൃത ഇടപാടുകളും അഴിമതിയില്‍പ്പെടും. വഴിവിട്ട് പണം സമ്പാദിക്കുക, പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സ്വജന പക്ഷപാതത്തിനായി പ്രവര്‍ത്തിക്കുക, സ്വന്തം കാര്യം നേടാന്‍ മറ്റുള്ളവരെ സ്വാധീനിക്കുക, തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുക, അഴിമതിക്കായി ഉദ്യോഗസ്ഥരെ സ്വാധീനിക്കുക, പണമുണ്ടാക്കാനായി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുക എന്നിവയെല്ലാം അഴിമതിയുടെ പരിധിയില്‍ വരും. ഇന്നത്തെ സാഹചര്യത്തില്‍ 1988ലെ അഴിമതിവിരുദ്ധനിയമത്തിന്റെ പരിധി വ്യാപിപ്പിക്കേണ്ടതുണ്ട്.
പൊതു അധികാരം സ്വകാര്യലാഭത്തിനായി ഉപയോഗിക്കുന്നതാണ് പൊതുവെ അഴിമതി. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി അധികാരം ദുര്‍വിനിയോഗിക്കുന്നതും അഴിമതിയായി കാണണം. 88ലെ നിയമത്തിലെ വ്യക്തി എന്ന നിര്‍വചനത്തില്‍ കമ്പനി പെടാത്തതിനാല്‍ ഇത്തരം അഴിമതി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. പലപ്പോഴും ഇത്തരം കേസുകളില്‍ കോഴപ്പണം കണ്ടെത്താനാവില്ല. എന്നാല്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യും. പൊതുമേഖലാ സ്ഥാപന വില്‍പ്പന ഇതിന് ഉദാഹരണമാണ്. "നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ബോധപൂര്‍വം അനര്‍ഹമായ നേട്ടം നല്‍കുന്നതും ഏതെങ്കിലും ജീവനക്കാരനില്‍ നിന്ന് അനര്‍ഹമായ നേട്ടം വാങ്ങുന്നതും" എന്ന് കൂടി ഉള്‍പ്പെടുത്തി അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം.
സുതാര്യത
ലോക്പാല്‍ വസ്തുത കണ്ടെത്തുന്ന ഒരു സമിതിയാവണം. സ്വമേധയാ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടാകണം. ലഭിക്കുന്ന പരാതികളും മറ്റും അന്വേഷിക്കാനും പ്രഥമദൃഷ്ട്യാ അഴിമതിയുള്ള കേസുകള്‍ പ്രത്യേക കോടതിക്ക് അയക്കാനും സമയബന്ധിതമായി ശിക്ഷ ഉറപ്പുവരുത്താനുമുള്ള അധികാരമുണ്ടാവണം. കേന്ദ്ര തലത്തില്‍ അഴിമതി കേസുകളുമായി ബന്ധപ്പൈട്ട മുഴുവന്‍ സംവിധാനവും ഇതിന്റെ മേല്‍നോട്ടത്തിലാവണം. എക്സിക്യൂട്ടീവ് നടപടികള്‍ക്ക് ശുപാര്‍ശ നല്‍കാനും അതു സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമുള്ള അധികാരമുണ്ടാവണം. ഇക്കാര്യങ്ങള്‍ സമയബന്ധിതമായും സുതാര്യമായും സ്വതന്ത്രമായും നിര്‍വഹിക്കാന്‍ ലോക്പാലിന് അര്‍ധ ജുഡീഷ്യല്‍ അധികാരം നല്‍കണം.
നിയമനിര്‍മാണ സഭയും എക്സിക്യട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള വേര്‍തിരിവ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ഇതിനൊത്താകണം ലോക്പാല്‍ രൂപീകരണം. ലോക്പാലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കേണ്ട ഒന്നുണ്ട്. അഴിമതി മാത്രം പരിഗണിക്കുന്ന ഒന്നാണോ അതോ പരാതി പരിഹാരവും അതിന്റെ ചുമതലയാണോ എന്നതാണത്. പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം വേണമെന്നാണ് സിപിഐ എം അഭിപ്രായപ്പെടുന്നത്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഇത് സ്ഥാപിക്കണം.
ലോക്പാല്‍ രൂപീകരണവും ഘടനയും
ലോക്പാലില്‍ അംഗമാകാന്‍ കഴിവ്, കാര്യക്ഷമത, പരിചയം യോഗ്യത തുടങ്ങിയ സുതാര്യമായ മാനദണ്ഡങ്ങള്‍ വേണമെന്ന് ലോക്പാല്‍ നിയമത്തില്‍ വ്യക്തമാക്കണം. ഭരണനിര്‍വ്വഹണസമിതി അംഗങ്ങളും പാര്‍ലമെന്റ് നേതാക്കളും ഉന്നത നീതിന്യായവ്യവസ്ഥയിലെ അംഗങ്ങളും നിയമജ്ഞരും അക്കാദമിക് വിദഗ്ധരും അടങ്ങുന്ന വിപുലമായ സെലക്ഷന്‍ കമ്മറ്റി വേണം.
ഘടന
ലോക്പാലില്‍ എല്ലാവിഭാഗത്തില്‍ നിന്നും പ്രതിനിധികളുണ്ടാവണം. ചെയര്‍മാനെ കൂടാതെ പത്തംഗങ്ങള്‍ വേണം. ഇതില്‍ നാലു പേര്‍ ജുഡീഷ്യല്‍ അംഗങ്ങളായിരിക്കണം. ഭരണ-സിവില്‍ സര്‍വീസ് പശ്ചാത്തലമുള്ള മൂന്നു പേര്‍ . ബാക്കി മൂന്നു പേര്‍ നിയമ, അക്കാദമിക്, സാമൂഹ്യ സേവന മേഖലകളില്‍ നിന്നാവണം. രാഷ്ട്രീയ നേതാക്കള്‍ പാടില്ലെന്നതു പോല വാണിജ്യ, വ്യവസായ മേഖലയില്‍നിന്നും ആരുമുണ്ടാകരുത്.
അധികാരപരിധി
ഉന്നതങ്ങളിലെ അഴിമതി മുന്‍ഗണനാ ക്രമത്തില്‍ പരിഹരിക്കേണ്ടതാണെങ്കിലും, സാധാരണക്കാരന് നിത്യ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അഴിമതിയാണ് വേഗത്തില്‍ പരഹരിക്കേണ്ടത്. സംസ്ഥാനങ്ങളിലെ അധികാരികളുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതിയേറെയും. ലോക്പാല്‍ മാതൃകയിലുള്ള സംസ്ഥാന ലോകയുക്തകളുടെ പരിധിയില്‍ മുഴുവന്‍ സംസ്ഥാന ജീവനക്കാരെയും തദ്ദേശസ്ഥാപന, കോര്‍പ്പറേഷന്‍ ജീവനക്കാരെയും പെടുത്തണം. ഇതിനൊപ്പം ജനങ്ങളുടെ പരാതി തീര്‍ക്കാനും പ്രാഥമിക സേവനം ഉറപ്പുവരുത്താനും, മുകളില്‍ നിര്‍ദേശിച്ചതുപോലെ പരാതി പരിഹാര സംവിധാനവും വേണം.
പ്രധാനമന്ത്രി
വേണ്ട മുന്‍കരുതലുകളോടെ പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയില്‍ വരണം. പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാപൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയില്‍ വരുന്ന ബില്ലാണ് 1989ല്‍ വി പി സിങ് ഗവണ്‍മെന്റ് കൊണ്ടുവന്നത്. പിന്നീടുകൊണ്ടുവന്ന മറ്റെല്ലാ കരട് നിയമനിര്‍മാണങ്ങളിലും പ്രധാനമന്ത്രിയെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2001ലെ ലോക്പാല്‍ ബില്‍ പരിശോധിക്കുമ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി കൃത്യമായി ഇക്കാര്യം പറഞ്ഞിരുന്നു. അഴിമതിയില്‍ മുങ്ങിയ ഇപ്പോഴത്തെ സര്‍ക്കാരാണ് 1989നുശേഷം ആദ്യമായി പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ മടിക്കുന്നത്. പ്രധാനമന്ത്രിയടക്കം അഴിമതി നിരോധന നിയമത്തിന്റെ നിര്‍വചനത്തില്‍ വരുന്ന എല്ലാ പൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയിലും വരണം.
ഉന്നത നീതിന്യായവ്യവസ്ഥയും പരിശോധനക്കു വിധേയമാകേണ്ടതുണ്ട്. ഇവരുടെ അഴിമതി അന്വേഷിക്കാന്‍ ഇപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതിവേണമെന്നത് സ്വയം സംരക്ഷണമാകുന്നുണ്ട്. അതേസമയം ഇവരെ ലോക്പാലില്‍ ഉള്‍പെടുത്താനുള്ള നിര്‍ദേശം ഭരണഘടനാപരമായി സുപ്രിംകോടതിക്കുള്ള സ്വാതന്ത്ര്യത്തിലെ കൈകടത്തലുമാവും. വെറുമൊരു ആരോപണത്തിന്റെ പേരിലും ലോക്പാല്‍ അന്വേഷണം തുടങ്ങാം. അത് ജഡ്ജിമാര്‍ക്ക് ഭീതികൂടാതെ പ്രവര്‍ത്തിക്കുന്നതിനു വിഘാതമാകും.
അതുകൊണ്ട് സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി പരാതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ എന്ന പ്രത്യേക സംവിധാനം ഉണ്ടാകണം. ജഡ്ജിമാരുടെ നിയമനവും അവർക്കെതിരെ ഉയരുന്ന പരാതികളും അഴിമതി ആരോപണങ്ങളും പരിഗണിക്കുന്നത് കമീഷനാവണം. ഇതിന് പ്രത്യേക നിയമനിര്‍മാണം വേണ്ടിവരും.
പാര്‍ലമെന്റ് അംഗങ്ങള്‍
പാര്‍ലമെന്റ് അംഗങ്ങളും നിയമപരിധിയില്‍ വരണം. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താനും അഴിമതി അന്വേഷിക്കാനും ഇപ്പോഴുള്ള സംവിധാനം ദുര്‍ബലമാണ്. ആര്‍ട്ടിക്കിള്‍ 105 അനുസരിച്ച് അംഗങ്ങള്‍ക്ക് സംസാര സ്വാതന്ത്ര്യത്തിനും വോട്ടിങ്ങിനും പ്രത്യേക സംരക്ഷണമുണ്ട്. ഈ സ്വാതന്ത്ര്യവും സംരക്ഷണവും എംപിമാരുടെ അഴിമതിക്ക് ബാധകമാകരുത്. ആര്‍ട്ടിക്കിള്‍ 105 ല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മായി വിലയിരുത്താനും അഴിമതി തടയാനും കഴിയണം. പറ്റുമെങ്കില്‍, വോട്ടിങ്, പ്രസംഗം തുടങ്ങി എംപിയുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തിനു പിന്നില്‍ അഴിമതിയുണ്ടെങ്കില്‍ അത് അഴിമതി നിരോധന പരിധിയില്‍ വരുത്താന്‍ കഴിയണം.
ലോകായുക്തകള്‍
കേന്ദ്ര ലോക്പാല്‍ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണം.
കോര്‍പ്പറേറ്റ്-രാഷ്ട്രീയ ബന്ധം
ഉദാരവല്‍ക്കരണത്തിനു ശേഷം അഴിമതിക്കുള്ള പ്രധാന കരാണം വന്‍കിട ബിസിനസ്സുകാരും പൊതുപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നത് തിരിച്ചറിയണം. ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാലിന് കഴിയണം. അഴിമതിയിലൂടെ നേടിയ ലൈസന്‍സുകള്‍ , കരാറുകള്‍ , പാട്ടം തുടങ്ങിയവ റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കാനാവണം. ഇത്തരംസ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും നഷ്ടപ്പെട്ട പണംവീണ്ടെടുക്കാനും അധികാരമുണ്ടാകണം. അതിനു ശുപാര്‍ശ നല്‍കാനുംകഴിയണം.
ഉപസംഹാരം
1. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കുക
2. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാകും വിധം പൗരാവകാശ സംരക്ഷണ നിയമം കൊണ്ടുവരുക
3. എംപിമാരെ അഴിമതി നിരോധന പരിധിയില്‍കൊണ്ടുവരാന്‍ ഭരണഘടനയുടെ വകുപ്പ് 105 ഭേദഗതി ചെയ്യുക
4. തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയാന്‍ ഉതകുവിധം തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ അടിയന്തിരമായി നടപ്പാക്കുക
5. സംസ്ഥാനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ലോകായുക്തകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക
6. കള്ളപ്പണം കണ്ടെത്താനും കണ്ടുകെട്ടാനും നടപടി സ്വീകരിക്കുക
Subscribe to:
Post Comments (Atom)
3 comments:
രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നമായി അഴിമതി മാറിയിട്ട് കുറച്ചുകാലമായി. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, സാമ്പത്തിക-സാമൂഹ്യ അവസരങ്ങള്‍ കുറഞ്ഞ, ഇന്ത്യ പോലൊരു രാജ്യത്ത് പൊതുസ്വത്ത് അഴിമതിയിലൂടെ കൊള്ളയടിക്കപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇങ്ങനെ സമ്പത്ത് കേന്ദ്രീകരിക്കുന്നത് വികസനത്തെ തടയും. കൂടുതല്‍ അസമത്വങ്ങള്‍ക്ക് വഴിവെക്കുകയും സമൂഹത്തിന്റെ ധാര്‍മിക ചട്ടക്കൂടിനെത്തന്നെ നശിപ്പിക്കുകയും ചെയ്യും. ഈയിടെ പുറത്തുവന്ന 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരും ഉദ്യോഗസ്ഥരും മന്ത്രിമാരും സമ്പാദിച്ചത്. അഴിമതിക്കുശേഷവും മാസങ്ങളോളം അധികാരത്തില്‍ തുടര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള അവസരവും ഇത്തരക്കാര്‍ ഉപയോഗപ്പെടുത്തുന്നു.
ഉന്നതങ്ങളിലെ അഴിമതി ദശാബ്ദങ്ങളായി രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും നമ്മുടെ നയരൂപീകരണ പ്രക്രിയയെ വളച്ചൊടിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നതാണ് ഉദാരവല്‍ക്കരണത്തിനുശേഷമുള്ള സ്ഥിതി. നമ്മുടെ ജനാധിപത്യത്തെ പോലും തകര്‍ക്കുമെന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് അവിശുദ്ധ കൂട്ട് വെല്ലുവിളിക്കുന്നു.
സമയോജിതമായ പോസ്റ്റ്.
നന്നായി..
Post a Comment