കേരള ഗവണ്‍മെന്റിന്റെ മദ്യനയത്തെ ഉദ്ദേശിച്ചാണ് "മധ്യ"നയം എന്ന് എഴുതിയതെന്ന് ആദ്യമേ പറയട്ടെ. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം, മദ്യം കഴിക്കാത്തവര്‍ സംസാരിക്കുമ്പോഴേ മദ്യനയം എന്നു തെളിഞ്ഞുവരികയുള്ളൂ, കഴിച്ചവന്റെ ഉച്ചാരണത്തില്‍ "മധ്യ"വും വരും. മറ്റു പല ശബ്ദങ്ങളും കടന്നുകൂടും. മദ്യവുമായി ബന്ധപ്പെട്ട സുപരിചിതമായ തമാശകളില്‍ ഇതും പെടുന്നു. യുഡിഎഫിന്റെ മദ്യനയം മദ്യോപയോഗത്തെ വര്‍ധിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്തതാണെന്ന് ഈ ഗവണ്‍മെന്റ് വന്ന ഉടനെ വ്യക്തമാക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് മേല്‍ക്കോയ്മയുള്ള ഒരു മുന്നണിയില്‍ അത്രയെങ്കിലും മദ്യബന്ധത്തെ ഒഴിവാക്കാതെ പറ്റില്ലല്ലോ. കോണ്‍ഗ്രസിന്റെ മഹാപാരമ്പര്യം എന്നൊക്കെ പറയുന്നതിന്റെ അടിയില്‍ മദ്യവിരുദ്ധമായ ഒരു സംസ്കാരം കിടപ്പുണ്ട്. അതുകൊണ്ട് അവര്‍ പ്രസ്താവിച്ച മദ്യനയത്തില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനുള്ളതുപോലെ മദ്യവിരുദ്ധ പരിപാടിയുടെ മഹാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല, അവകാശപ്പെടാറുമില്ല. അവര്‍ക്ക് പാരമ്പര്യമായി വന്ന ചില തൊഴിലാളിബന്ധങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചെത്തുതൊഴിലാളി ബന്ധം.
കേരളത്തില്‍ അവര്‍ എണ്ണത്തില്‍ വളരെയുള്ളതിനാല്‍ സമ്പൂര്‍ണ മദ്യനിരോധനം അവരുടെ ജീവിതത്തിന് ദോഷംചെയ്യുമെന്ന ഒരു മാനസികമായ കാഴ്ചപ്പാടാണ് അതിന്റെ പിന്നിലെന്ന് കരുതണം. എങ്കിലും മദ്യപാനത്തിന്റെ കെടുതികള്‍ അറിയാത്തവരും പാവങ്ങള്‍ കുടിച്ചുനശിക്കട്ടെ എന്നു കരുതുന്നവരും ആണ് അവരെന്ന് വിശ്വസിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയോ ആലോചനക്കുറവിന്റെയോ ഫലമാണ്. പാരമ്പര്യം എന്തുമാവട്ടെ, ഫലത്തില്‍ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ജനങ്ങള്‍ ശ്രദ്ധിക്കുക. മദ്യവിരോധ പാരമ്പര്യം ഇല്ലാഞ്ഞിട്ടും ഇടതുപക്ഷം മദ്യവില്‍പ്പനയ്ക്ക് പല നിയന്ത്രണങ്ങളും വച്ചിരുന്നു. രാവിലെ ഒമ്പതിന് തുറന്ന് രാത്രി പത്തിന് അടയ്ക്കണം എന്ന ഒരു നിയന്ത്രണത്തിന്റെ കാര്യം ഓര്‍ത്തുപോകുന്നു. വില്‍പ്പനസമയം ഇത്രവേണമോ എന്ന ശങ്ക മദ്യവിരുദ്ധര്‍ക്ക് തോന്നിക്കൊണ്ടിരിക്കുമ്പോള്‍ ഐക്യജനാധിപത്യമുന്നണിക്ക് (എക്സൈസ് മന്ത്രിക്ക്) തോന്നിയത് അത് ഒട്ടും പോരെന്നാണ്. ഇപ്പോള്‍ മദ്യവിരോധം രക്തത്തിലുണ്ടെന്ന് നാം വിശ്വസിക്കുന്ന കോണ്‍ഗ്രസുമന്ത്രിമാര്‍ ഇതുപ്രകാരം മദ്യകാര്യത്തില്‍ ഉദാരനയം കൈക്കൊള്ളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വലിച്ചാല്‍ എത്രവേണമെങ്കിലും നീട്ടാവുന്ന ഒരു ആനുകൂല്യമാണ് ഈ സമയപരിധി വര്‍ധിപ്പിക്കല്‍ . ഒരു ദിവസം രണ്ടുമണിക്കൂര്‍ കൂടുതല്‍ വില്‍പ്പന നടത്താം എന്നതും ഇതിന്റെ പ്രധാന ദോഷം. നാട്ടിന്‍പുറങ്ങളില്‍ ഷാപ്പുകള്‍ തുറക്കുന്നത് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും നേരത്തെയായിരിക്കും. അടയ്ക്കുന്നതും അതുപോലെ ഒരു മണിക്കൂര്‍ കടത്തിക്കൊണ്ടായിരിക്കും. പട്ടണങ്ങളില്‍ വളരെ നേരത്തെ മദ്യപാനപരതയോടെ മദ്യപന്മാര്‍ഷാപ്പുകളുടെ മുന്നില്‍ പാടുകിടക്കുന്നു. ആപ്പീസ് വിട്ട് ക്ഷീണിച്ച്, വീട്ടിലെത്തിയും എത്തുന്നതിനു മുമ്പും അന്നത്തെ ഔദ്യോഗികവും മറ്റുമായ എല്ലാ കഷ്ടങ്ങളും ആശാഭംഗങ്ങളും ആ നിശാപരിപാടികൊണ്ട് ഒഴുക്കിക്കളയാന്‍ തയ്യാറായി കഴിയുന്നവരും ധാരാളം. അപ്പോള്‍ ഗവണ്‍മെന്റിന്റെ വില്‍പ്പനസമയ നിര്‍ദേശം മദ്യപന്മാര്‍ക്കു വേണ്ടി ഷാപ്പുകള്‍ ഭേദഗതി ചെയ്യുന്നു. ആ പുതിയ സമയക്രമം നിലവില്‍ വന്നുകഴിഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ മഹിമയുള്‍ക്കൊള്ളുന്നവര്‍ അധികാരത്തില്‍വന്നാല്‍ അവരുടെ വകയും കുടിയന്മാരുടെ വകയും ആയി കൂടുന്ന സമയംകൊണ്ട് ചെലവാകുന്ന സുരപാനീയം എത്ര ഗാലണ്‍ ആയിരിക്കുമെന്ന് കണക്കുകൂട്ടി നോക്കട്ടെ. ഇടതുഭരണകാലത്ത് സമയനിഷ്ഠ കര്‍ശനമായിരുന്നെന്നാണ് അന്വേഷണത്തില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. നയം ഒരുവഴിക്കും മദ്യം മറ്റൊരു വഴിക്കുംപോകുന്ന കാഴ്ചയാണ് ഇത്. ഇതിന് മകുടം ചാര്‍ത്തുന്ന ഒരു വസ്തുതയിലേക്കുകൂടെ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. എക്സൈസ് മന്ത്രി കെ ബാബു കുറച്ചുദിവസം മുമ്പ് നടത്തിയ ഒരു പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തി. എന്നെ മാത്രമല്ല, അനേകം പേരെ. മന്ത്രി പറഞ്ഞത് എല്ലാ പത്രങ്ങളും ഒരുപോലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് ആ റിപ്പോര്‍ട്ട് വിശ്വസിക്കാം. "ഓണക്കാലത്ത് മദ്യക്ഷാമം ഉണ്ടാവുകയില്ല" എന്ന്. സന്ദര്‍ഭംകൂടെ പറയാം. തങ്ങളുടെ കുടിശ്ശിക തീര്‍ക്കാതെ മദ്യം വില്‍ക്കില്ലെന്ന വീഞ്ഞുകടക്കാരുടെ ഒരു വെല്ലുവിളി നേരിട്ടപ്പോള്‍ മന്ത്രി അവരെ നേരിട്ടത് ഈ പ്രസ്താവനവഴിയാണ്. മേലെ കൊടുത്ത ആ വാക്യം ആരെയാണ് ആവേശം കൊള്ളിക്കുക?
തീര്‍ച്ചയായും അതു കേട്ടാല്‍ കേരളത്തിലെ മദ്യപന്മാരുടെ ഉത്സാഹമാണ് വളരുക. ഓണക്കാലത്ത് അത് ലഭ്യമല്ലെങ്കില്‍ കുടിയന്മാര്‍ നരകദുഃഖമാണ് അനുഭവിക്കുക. അവരുടെ ഭയാശങ്കകളെ ദൂരീകരിക്കുന്ന ഒരു പ്രസ്താവനയാണ് അത്-എങ്ങനെ പരിഹരിച്ചാലും ഈ പ്രസ്താവനകൊണ്ട് വൈന്‍ വില്‍പ്പനക്കാര്‍ തങ്ങളുടെ നിശ്ചയത്തില്‍നിന്ന് പിറകോട്ടുപോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. ഗവണ്‍മെന്റ് മദ്യക്ഷാമം പരിഹരിക്കുന്നത് കാണാമല്ലോ എന്ന വാശിയിലായിരിക്കും അവര്‍ . വില്‍പ്പന ഉണ്ടാവില്ലെന്ന് പ്രസ്താവിച്ച കച്ചവടക്കാരെ പിന്തിരിപ്പിക്കലാണ് ഉദ്ദേശ്യമെങ്കിലും ആ ഉദ്ദേശ്യം സഫലമാകാന്‍ ആ വാക്യം പറഞ്ഞതുകൊണ്ട് ആവില്ല. മദ്യപന്മാര്‍ ഭയപ്പെടേണ്ട എന്ന സന്ദേശമാണ് ആ വാക്യം നല്‍കുന്നത്. മദ്യപന്മാരെ നിരാശരാക്കുന്ന തരത്തില്‍ വില്‍പ്പനക്കാര്‍ക്ക് മറുപടി കൊടുക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്? മദ്യവില്‍പ്പന നടത്താനുള്ള ഈ വെല്ലുവിളിമൂലം കേരളത്തില്‍ കുടിക്കുന്നവരെ ഗവണ്‍മെന്റിന്റെ എതിര്‍ചേരിയിലേക്ക് നയിക്കുകയാണ് അവരുടെ ഉദ്ദേശ്യമെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല എന്ന് പറയാമായിരുന്നു. കുടിയന്മാര്‍ക്ക് വീര്യം പകരുന്ന മറുപടിയാവില്ല അത്. കൈയില്‍ ചോറുവച്ച് കാക്കയെ ആട്ടിയാല്‍ കാക്ക പോവില്ലെന്ന് ഉറപ്പല്ലേ? അതുപോലെ മദ്യം നിറച്ച കുപ്പി കൈയിലേന്തി വൈന്‍ വില്‍പ്പനക്കാര്‍ക്ക് മറുപടി പറഞ്ഞാല്‍ കുടിയന്മാരെ ഓടിക്കാന്‍ പറ്റില്ല. മദ്യപന്മാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഗവണ്‍മെന്റിന് കടപ്പാടുണ്ട്. പക്ഷേ, വില്‍പ്പനക്കാരോട് ഗവണ്‍മെന്റിന് അത്തരത്തില്‍ ഉത്തരവാദിത്തം ഇല്ലെന്ന് വ്യക്തമാക്കേണ്ടതായിരുന്നു. രണ്ടുകൂട്ടരെയും തലോടിനിന്നപ്പോള്‍ ഗവണ്‍മെന്റ് രണ്ടുകൂട്ടരില്‍നിന്നും അകന്നുപോയി. ഗവണ്‍മെന്റിന്റെ ആദര്‍ശനിഷ്ഠയ്ക്ക് വലിയ ഇളക്കം തട്ടി. ഇങ്ങനെയൊക്കെ മദ്യപ്രചാരം വളര്‍ത്തുന്ന നിര്‍ഭാഗ്യങ്ങളായ വാക്കുകള്‍ പറയുന്നതും പ്രവൃത്തികള്‍ ചെയ്യുന്നതും ഒഴിവാക്കിക്കൂടേ? മദ്യനിരോധനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബ്രാന്‍ഡ് അംബാസഡര്‍മാരെ നിശ്ചയിക്കാന്‍ മുന്‍ ഗവണ്‍മെന്റ് ഉദ്ദേശിച്ചിരുന്നെങ്കിലും ഞങ്ങളെപ്പോലെ പലരും അതിന്റെ അനാശാസ്യത ചൂണ്ടിക്കാണിച്ചിരുന്നു. ഗവണ്‍മെന്റ് ആ വഴിക്ക് മുന്നോട്ടുപോയില്ല എന്നത് സന്തോഷത്തോടെ ഓര്‍ക്കുന്നു. ഇതില്‍നിന്ന് പാഠം പഠിക്കേണ്ടത് പിന്നീട് വരുന്ന ഗവണ്‍മെന്റാണ്. പക്ഷേ, ഈ ഐക്യജനാധിപത്യമുന്നണി ഭരണകൂടം പുതുതായൊന്നും പഠിക്കുകയോ പഴയ തെറ്റ് ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചെന്ന് പ്രതിജ്ഞയെടുത്തതുപോലെ തോന്നുന്നു. ഇപ്പോള്‍ മദ്യത്തിന് എതിരായി പ്രചാരവേലയ്ക്കിറങ്ങാന്‍ നമ്മുടെ രണ്ട് വലിയ സിനിമാതാരങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നോ മറ്റോ പത്രത്തില്‍ കണ്ടു. തങ്ങളുടെ ഇടിഞ്ഞുപോയ പേരും പ്രശസ്തിയും വീണ്ടെടുക്കാന്‍ അവര്‍ തയ്യാറാക്കിയ പദ്ധതികളില്‍പ്പെടുന്നതാകാം ഇത്. ഇവരില്‍ ഒരാള്‍ മദ്യപാനത്തിന്റെ അനൗദ്യോഗിക പ്രചാരകനായി തന്റെ പരസ്യങ്ങളിലും അഭിനയത്തിലും പലതവണ പ്രത്യക്ഷപ്പെട്ട വ്യക്തിയാണ്. "വൈകിട്ടെന്താ പരിപാടി?" എന്ന അദ്ദേഹത്തിന്റെ വിഷമിച്ചുള്ള ചോദ്യവും ജനങ്ങളുടെ മനസ്സില്‍നിന്ന് എളുപ്പത്തില്‍ മാഞ്ഞുപോവുകയില്ല. മദ്യനിരോധനത്തിന് ഇവരെ ഔദ്യോഗിക സ്ഥാനപതികളായി നിശ്ചയിച്ചാല്‍ ഗവണ്‍മെന്റിന് ഉണ്ടാകാവുന്ന കടുത്ത ചീത്തപ്പേര് എളുപ്പത്തിലൊന്നും ഇല്ലാതാക്കാന്‍ പറ്റില്ല. മദ്യനിരോധനത്തിന്റെ പ്രചാരവേലയ്ക്ക് അംബാസഡര്‍മാര്‍ അനിവാര്യമാണെന്ന് സമ്മതിക്കുക. എന്നാല്‍പ്പോലും ഇവര്‍തന്നെ വേണമോ ആ പണിക്ക്? മദ്യനിരോധനത്തില്‍ ആത്മാര്‍ഥമായ വിശ്വാസമുള്ള പ്രശസ്തരായ വേറെയെത്രപേര്‍ കിടക്കുന്നു! ഗവണ്‍മെന്റിന്റെ ഉള്ളിലിരിപ്പ് മദ്യനിരോധനമല്ല എന്ന എന്റെ വാദത്തിന് ശക്തി കൊടുക്കുന്ന മറ്റൊരു അനക്കത്തിന്റെ തുടക്കത്തെപ്പറ്റി ഈ ലേഖകന്‍ വായനക്കാര്‍ക്ക് മുന്നറിയിപ്പ് തരുകയാണ്. ഗവണ്‍മെന്റ് ഇത് മുന്നറിയിപ്പായി എടുത്താല്‍ നന്ന്.
പ്രദര്‍ശനലക്ഷ്യത്തോടെ വന്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് പുതിയ വാക്കുകള്‍ തലങ്ങും വിലങ്ങും പ്രയോഗിച്ച് പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയതുകൊണ്ട് വലിയ ഫലമില്ല. പ്രദര്‍ശനം പുറംകാഴ്ചയാണ്. അത് കാണികള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. പറയുന്ന കാര്യത്തില്‍ തികഞ്ഞ ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിലുള്ള സത്യസന്ധത വേഗം തിരിച്ചറിയപ്പെടും. ആത്മാര്‍ഥത, സത്യസന്ധത എന്നൊക്കെ പറയാന്‍ ഇവര്‍ക്ക് മടിയാണ്. അതിനാലാവണം സുതാര്യത എന്ന് വാ തോരാതെ പറയുന്നത്. മദ്യം ഉപേക്ഷിക്കുക എന്ന സംഗതിയില്‍ സത്യസന്ധത വേണം ആദ്യമായി. എങ്കില്‍ "മദ്യത്തിന് ക്ഷാമമുണ്ടാവില്ല" എന്നൊന്നും പറയാന്‍ സാധിക്കില്ല. അങ്ങനെ പറയാന്‍ ഭാവിച്ചാല്‍ സത്യസന്ധന്റെ നാവ് അത് സമ്മതിക്കില്ല. മന്ത്രിയുടെ നാവ് എത്ര എളുപ്പത്തില്‍ അത് പറയാന്‍ പഠിച്ചു. മദ്യനിരോധനം എന്ന് പറയാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ കുടിയന്റെ വോട്ട് ചിന്തിച്ചുപോകുന്നവര്‍ക്ക് ഒരിക്കലും ആ നയത്തില്‍ സുതാര്യത പാലിക്കാന്‍ കഴിയുകയില്ല.
*
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 31 ആഗസ്റ്റ് 2011
Subscribe to:
Post Comments (Atom)
1 comment:
കേരള ഗവണ്‍മെന്റിന്റെ മദ്യനയത്തെ ഉദ്ദേശിച്ചാണ് "മധ്യ"നയം എന്ന് എഴുതിയതെന്ന് ആദ്യമേ പറയട്ടെ. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം, മദ്യം കഴിക്കാത്തവര്‍ സംസാരിക്കുമ്പോഴേ മദ്യനയം എന്നു തെളിഞ്ഞുവരികയുള്ളൂ, കഴിച്ചവന്റെ ഉച്ചാരണത്തില്‍ "മധ്യ"വും വരും. മറ്റു പല ശബ്ദങ്ങളും കടന്നുകൂടും. മദ്യവുമായി ബന്ധപ്പെട്ട സുപരിചിതമായ തമാശകളില്‍ ഇതും പെടുന്നു. യുഡിഎഫിന്റെ മദ്യനയം മദ്യോപയോഗത്തെ വര്‍ധിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്തതാണെന്ന് ഈ ഗവണ്‍മെന്റ് വന്ന ഉടനെ വ്യക്തമാക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് മേല്‍ക്കോയ്മയുള്ള ഒരു മുന്നണിയില്‍ അത്രയെങ്കിലും മദ്യബന്ധത്തെ ഒഴിവാക്കാതെ പറ്റില്ലല്ലോ. കോണ്‍ഗ്രസിന്റെ മഹാപാരമ്പര്യം എന്നൊക്കെ പറയുന്നതിന്റെ അടിയില്‍ മദ്യവിരുദ്ധമായ ഒരു സംസ്കാരം കിടപ്പുണ്ട്. അതുകൊണ്ട് അവര്‍ പ്രസ്താവിച്ച മദ്യനയത്തില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനുള്ളതുപോലെ മദ്യവിരുദ്ധ പരിപാടിയുടെ മഹാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല, അവകാശപ്പെടാറുമില്ല. അവര്‍ക്ക് പാരമ്പര്യമായി വന്ന ചില തൊഴിലാളിബന്ധങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചെത്തുതൊഴിലാളി ബന്ധം.
Post a Comment