Wednesday, August 3, 2011

പ്രതിക്കൂട്ടിലേക്ക് ആരൊക്കെ?

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്ത് ഒന്നിനാണ് ആരംഭിക്കുന്നത്. ഒന്നാം ഓണം വരെ സമ്മേളനം നീളും. സാധാരണ ജൂലായ് രണ്ടാംവാരമാണ് വര്‍ഷകാല സമ്മേളനം ആരംഭിക്കാറുള്ളത്. ഇത്തവണ അത് അസാധാരണമായി ആഗസ്തിലേക്ക് നീട്ടുകയാണുണ്ടായത്. അഴിമതി ആരോപണങ്ങളില്‍പ്പെട്ട് ആടിയുലയുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്‍ിനെ ഭയപ്പെട്ടാണ് സമ്മേളനം നീട്ടിവച്ചത്.

ഈ നടപടിക്കെതിരെ കോണ്‍ഗ്രസില്‍നിന്നും മുന്നണിയില്‍നിന്നും ശക്തമായ വിയോജിപ്പ് ഉയരുകയുണ്ടായി. അഴിമതിക്കെതിരായി ഉയര്‍ന്ന സമരവും ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് സമ്മേളനം നീട്ടാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ , സിബിഐ കോടതിയില്‍ എ രാജ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രിയെ തന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. സഭയില്‍ സര്‍ക്കാരിനു വേണ്ടി വാദിക്കുന്നവരില്‍ പ്രധാനികളായ കബില്‍ സിബലും ചിദംബരവും സ്വയം പ്രതിരോധിക്കേണ്ട ദയനീയാവസ്ഥയിലാണ് ഇത്തവണ. കഴിഞ്ഞത്തവണ പാര്‍ലമെന്റ് നടക്കുമ്പോള്‍ മന്ത്രിമാരായിരുന്ന ദയാനിധി മാരനും മുരളി ദേവ്രയും അഴിമതിയെ തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്നു.

ഇതോടെ ഈ മന്ത്രിസഭയില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവയ്ക്കുന്ന മന്ത്രിമാരുടെ എണ്ണം നാലായി. രാജക്കു പിന്നാലെ മാരനും എന്നാണ് തീഹാര്‍ ജയിലിലേക്ക് എത്തുന്നത് എന്നതു മാത്രമാണ് കാത്തിരുന്നു കാണാനുള്ളത്. മുരളി ദേവ്രയുടെ റിലയന്‍സ് ബന്ധം നേരത്തെ തന്നെ കുപ്രസിദ്ധമാണ്. കോണ്‍ഗ്രസിനകത്തു റിലയന്‍സ് വിദഗ്ധര്‍ നിരവധിയുണ്ട്. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ബന്ധമാണ് ഇതിനു മുമ്പ് വിവാദമായിരുന്നത്. പ്രധാനമന്ത്രിസ്ഥാനം കൊടുക്കാതിരുന്നതിന്റെ ഒരു കാരണം ഇതാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ , നെഹ്രു കുടംബത്തിന്റെ ആശ്രിതവിധേയനായി എപ്പോഴും നില്‍ക്കില്ലെന്നതായിരുന്നു യഥാര്‍ഥ അയോഗ്യത എന്നതാണ് യാഥാര്‍ഥ്യം. കാരണം കോണ്‍ഗ്രസില്‍ റിലയന്‍സ് ബന്ധം ഒരു അലങ്കാരമായിരുന്നു.

ദേവ്ര പാര്‍ലമെന്റില്‍ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. തന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എങ്ങാനും വരുന്ന ദിവസം ദേവ്രയുടെ വിളി രാവിലെ വരും. എന്താണ് അനുബന്ധചോദ്യങ്ങള്‍ എന്ന് മുന്‍കൂട്ടി അറിയുന്നതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഉത്തരം കാണട്ടെ എന്നിട്ടാകാം ചോദ്യത്തിന്റെ കാര്യമെന്നു പറഞ്ഞാല്‍ പതുക്കെ പിന്‍മാറും. മന്ത്രിമാര്‍ പ്രതിക്കൂട്ടിലാകുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ചോദ്യകര്‍ത്താക്കള്‍ അപ്രത്യക്ഷമാകും. ഇതിന്റെ പിന്നില്‍ ഇങ്ങനെ ചില കാരണങ്ങള്‍ കൂടി കാണാം. ചോദ്യകര്‍ത്താവില്ലെങ്കില്‍ പിന്നെ ആര്‍ക്കും ഉപചോദ്യങ്ങള്‍ ചോദിക്കുന്നതിനു കഴിയുമായിരുന്നില്ല. എന്നാല്‍ , ദേവ്രമാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപകമായപ്പോള്‍ രാജ്യസഭ ചട്ടങ്ങളില്‍ മാറ്റം വരുത്തി.

ചോദ്യകര്‍ത്താവ് ഹാജരില്ലെങ്കിലും മറ്റു മെംബര്‍മാര്‍ക്ക് ഉപ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു അവസരം ലഭിക്കും. രണ്ടുതരത്തിലുള്ള ചോദ്യങ്ങളാണ് പാര്‍ലമെന്റ് സംവിധാനത്തിലുള്ളത്. ചോദ്യങ്ങള്‍ നറുക്കിട്ടാണ് തെരഞ്ഞെടുക്കുന്നത്. നക്ഷത്ര ചിഹ്നമുള്ള ഇരുപതു ചോദ്യങ്ങളാണ് ഒരു ദിവസം സഭയില്‍ നേരിട്ട് മറുപടി പറയുന്നതിനായി നറുക്കിട്ട് എടുക്കുന്നത്. ഇതില്‍ തന്നെ സാധാരണ പരമാവധി അഞ്ചു ചോദ്യങ്ങളായിരിക്കും സഭയില്‍ ഉത്തരം പറയാന്‍ കഴിയുന്നത്. അപ്പോഴെക്കും ചോദ്യോത്തര വേള കഴിയും. എഴുതി ഉത്തരം നല്‍കുന്ന ചോദ്യങ്ങള്‍ ഒരു ദിവസം 155 എണ്ണമാണ് പരിഗണിക്കുന്നത്. ലോകസഭയില്‍ ഇപ്പോഴും ചോദ്യകര്‍ത്താവില്ലെങ്കില്‍ പിന്നെ ചോദ്യം പരിഗണിക്കാത്ത രീതിയാണുള്ളത്. കേരളത്തില്‍ നിയസഭയില്‍ ചോദ്യോത്തരവേള തടസപ്പെടുന്നത് അപൂര്‍വമാണ്. അതുകഴിഞ്ഞാണ് മറ്റു നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ , പാര്‍ലമെന്റില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍ . സ്പെക്ട്രം പാര്‍ലമെന്റിന്റെ ഒരു സെഷനാണ് നഷ്ടപ്പെടുത്തിയത്.

ഒടുവില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ , ഈ സെഷനാകുമ്പോഴും സ്പെക്ട്രം പ്രശ്നം നിലക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് രാജ പ്രധാനമന്ത്രിക്കും ചിദംബരത്തിനുമെതിരെ ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയോടെ അറിവോടെയായിരുന്നു എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നതെന്ന് കാര്യത്തില്‍ യഥാര്‍ഥത്തില്‍ വലിയ പുതുമയില്ല. കാരണം പ്രധാനമന്ത്രിയാണ് പ്രതിക്കൂട്ടില്‍ എന്നു കൃത്യമായി വ്യക്തമാക്കുന്ന രേഖകളാണ് സിഎജി റിപ്പോര്‍ട്ടിന്റെ അനുബന്ധമായി കൊടുത്തിട്ടുള്ളത്. പ്രധാനമന്ത്രി രാജക്ക് എഴുതിയ കത്തില്‍ സ്പെക്ട്രം ഇടപാട് ലേലത്തില്‍ വയ്ക്കണമെന്നും നടപടികള്‍ സുതാര്യമായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. അതിനു എഴുതിയ മറുപടിയിലാണ് രാജ പ്രധാനമന്ത്രിയുമായും ചിദംബരവുമായും നടത്തിയ ചര്‍ച്ചകള്‍ വിശദീകരിക്കുന്നത്. നിയമന്ത്രാലായം വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നതെന്ന പ്രസക്തമായ ചോദ്യം ഇതിനു മുമ്പ് ഇടതുപക്ഷം ഉന്നയിച്ചിരുന്നു.

രാജ വെളിപ്പെടുത്തിയതില്‍ മറ്റൊരു പ്രധാന കാര്യം സ്വാനിന്റെയും യൂണിടെക്കിന്റെയും ഓഹരി വില്‍പ്പന പ്രധാനമന്ത്രിയും ചിദംബരവും അറിഞ്ഞിരുന്നുവെന്നതാണ്. ടെലികോം മേഖലയില്‍ ഒരു മുന്‍പരിചയവുമില്ലാത്തവയായിരുന്നു ഈ രണ്ടു കമ്പനികളും. മുന്‍പരിചയം നിര്‍ബന്ധിതമാക്കിയിരുന്ന വ്യവസ്ഥ 2008ല്‍ രാജ റദ്ദാക്കിയിരുന്നു. ഈ രണ്ടു കമ്പനികളും ഓഹരി വില്‍പ്പനയിലൂടെ മുടക്കിയതിന്റെ നിരവധി മടങ്ങാണ് കൈയടക്കിയത്. അസാധാരണമായ ഈ നടപടി ക്രമത്തിനു പ്രധാനമന്ത്രിയുടേയും അന്നത്തെ ധനമന്ത്രിയുടേയും സമ്മതമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ വെറുതെ നിഷേധിക്കാന്‍ അവര്‍ക്ക് കഴിയില്ല. സിബിഐ അന്വേഷണം ശരിയായ വഴിക്കാണ് നീങ്ങുന്നതെങ്കില്‍ മന്‍മോഹന്‍സിങ്ങിന്റെയും ചിദംബരത്തിന്റെയും പങ്ക് അന്വേഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും.

അഴിമതിക്കെതിരെ യുദ്ധം നടത്തുന്നുവെന്ന് ഭാവിക്കുന്ന ബിജെപിയുടെ തനിനിറവും ഇക്കാലയളവില്‍ പുറത്തായി. ഒടുവില്‍ ഗത്യന്തരമില്ലാതെ യദ്യൂരപ്പക്ക് രാജിവച്ചെങ്കിലും അതുകൊണ്ട് നഷ്ടപ്പെട്ട മുഖം തിരിച്ചുപിടിക്കല്‍ എളുപ്പമായിരിക്കുകയില്ല. ഉദാരവല്‍ക്കരണ നയത്തിന്റെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. അഴിമതി കൈകാര്യം ചെയ്യുന്നതിനായി ലോക്പാല്‍ വേണമെന്ന ആവശ്യം ഒരിക്കല്‍ കൂടി ഇക്കാലയളവില്‍ ശക്തമായി. സര്‍ക്കാര്‍ ഇതിനായി തയ്യാറാക്കിയ കരട് ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം പ്രധാനമന്ത്രി ലോക്പാലിനു പുറത്താണ്. പ്രധാനമന്ത്രി നിര്‍ബന്ധമായും ഇതിനകത്തുതന്നെ വരണമെന്ന് ഉറപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്ന കാലത്ത് ഇങ്ങനെയാരു നീക്കം സര്‍ക്കാര്‍ നടത്താന്‍ പാടില്ലായിരുന്നു. ദേവഗൗഡയുെ കാലത്ത് തയ്യാറാക്കിയ ഐക്യമുന്നണിയുടെ പരിപാടിയില്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന ലോക്പാല്‍ സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം അപലപനീയമാണ്. ഇതെല്ലാം വര്‍ഷകാല സമ്മേളനം കലുഷിതമാക്കും.

*
പി.രാജീവ് ദേശാഭിമാനി 03 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്ത് ഒന്നിനാണ് ആരംഭിക്കുന്നത്. ഒന്നാം ഓണം വരെ സമ്മേളനം നീളും. സാധാരണ ജൂലായ് രണ്ടാംവാരമാണ് വര്‍ഷകാല സമ്മേളനം ആരംഭിക്കാറുള്ളത്. ഇത്തവണ അത് അസാധാരണമായി ആഗസ്തിലേക്ക് നീട്ടുകയാണുണ്ടായത്. അഴിമതി ആരോപണങ്ങളില്‍പ്പെട്ട് ആടിയുലയുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്‍ിനെ ഭയപ്പെട്ടാണ് സമ്മേളനം നീട്ടിവച്ചത്.