Wednesday, August 10, 2011

ബാങ്കുകളില്‍ സംഭവിക്കുന്നതെന്ത്?

രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയില്‍ അസാധാരണമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തില്‍ നിന്ന് വ്യതിചലിച്ച്, തങ്ങള്‍ക്ക് എന്തു ലാഭമുണ്ടാകുമെന്ന ചിന്ത കേന്ദ്രലക്ഷ്യമായി തീര്‍ന്നതാണ് അടിസ്ഥാനപരമായ മാറ്റം. സമ്പദ് വ്യവസ്ഥ മത്സരാധിഷ്ഠിതമായതോടെ പരമാവധി ലാഭം നേടാന്‍ ഏതു മാര്‍ഗവും അവലംബിക്കാന്‍ മടിയില്ലാതായി. ദേശസാല്‍ക്കരണത്തിനു ശേഷം ബാങ്കുകളില്‍ ദൃശ്യമായ ഹൃദ്യതയും സല്‍മനോഭാവവും ദ്രുതഗതിയിലാണ് ഇല്ലാതായി വരുന്നത്. സാധാരണക്കാരോടുള്ള അനുഭാവം അനാവശ്യ വികാരമായി ബാങ്കുകള്‍ കരുതിവരുന്നു.

റിസര്‍വ് ബാങ്ക് നയത്തിനനുസൃതമായി ഇടയ്ക്കിടെ വായ്പാ പലിശ ഉയര്‍ത്തുന്ന രീതി ഇന്ന് ഏറെ അസ്സഹനീയമാണ്. വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കടമ്പകളും ദുഷ്കരമാണ്. മിക്കവാറും ബാങ്കുകളും വായ്പ നല്‍കാനുള്ള ശാഖാ മാനേജര്‍മാരുടെ അധികാരം എടുത്തുകളഞ്ഞു. വായ്പകള്‍ ഇപ്പോള്‍ അനുവദിക്കുന്നത്, രണ്ടോ മൂന്നോ ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന കേന്ദ്രീകൃത ക്രെഡിറ്റ് ഹബ്ബുകള്‍ മുഖാന്തരമാണ്. ഇടപാടുകാരോട് ഒരു ജൈവബന്ധവുമില്ലാത്ത ഹബ്ബുകാര്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ വലിയ കാലതാമസവും കര്‍ശന നിബന്ധനകളും ഏര്‍പ്പെടുത്തുന്നു. നിസ്സഹായാവസ്ഥയുടെ പരിവേഷമണിഞ്ഞ് ബന്ധപ്പെട്ട ശാഖാ മാനേജര്‍ ഇടപാടുകാരോട് കൈമലര്‍ത്തുന്നു. വിദ്യാഭ്യാസവായ്പ, ചെറുകിടവായ്പകള്‍ , ഭവനവായ്പ എന്നീ കാര്യങ്ങളിലെല്ലാം ഒരുതരം ഒളിച്ചുകളി നടത്തിക്കൊണ്ടാണ് ബാങ്കുകള്‍ അവരുടെ ജനവിരുദ്ധത പ്രകടിപ്പിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തില്‍ കുറവുള്ളതിനാലും ചുരുക്കം ഇടപാടുകാരില്‍നിന്നായി കൂടുതല്‍ ബിസിനസ് ലഭ്യമാക്കുകയെന്ന ലക്ഷ്യമുള്ളതിനാലും വന്‍കിട വായ്പകളില്‍ കേന്ദ്രീകരിക്കുന്ന പ്രവണതയാണ് മിക്ക ബാങ്കുകളും സ്വീകരിക്കുന്നത്. വരേണ്യ ബാങ്കിങ് ശൈലി അതിന്റെ പൂര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. നിരാലംബരാകുന്ന സാധാരണക്കാര്‍ ബ്ലേഡ് കമ്പനികളിലും മണിചെയിന്‍ സംവിധാനങ്ങളിലും അഭയം തേടുന്നത് സ്വാഭാവിക പ്രതിഫലനംമാത്രം.

ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്ന ജനങ്ങളുടെ ശീലത്തെ അധികാരികള്‍തന്നെ നിരുത്സാഹപ്പെടുത്തുന്ന നടപടികള്‍ വര്‍ധിച്ചുവരുന്നതായി കാണാം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി ഈടാക്കുന്ന നിയമം ഇടപാടുകാരില്‍ വലിയ ആശങ്ക ഉണര്‍ത്തിയിരുന്നു. ഇപ്പോഴാകട്ടെ, 50,000ല്‍ കൂടുതല്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെങ്കില്‍ ആദായനികുതി വകുപ്പിന്റെ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് നിക്ഷേപകരില്‍ ഉല്‍ക്കണ്ഠ പടര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കാതെ ഓഹരിക്കമ്പോളത്തിലോ മ്യൂച്ചല്‍ ഫണ്ടുകളിലോ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഫലത്തില്‍ നിര്‍വഹിച്ചു വരുന്നത്. കള്ളപ്പണക്കാരും ഹവാല വീരന്മാരും സമ്പദ് വ്യവസ്ഥയെ വെല്ലുവിളിച്ച് നിലകൊള്ളുമ്പോള്‍ നിര്‍ന്നിമേഷരായി നോക്കിനില്‍ക്കുന്ന സര്‍ക്കാരാണ്, സാധാരണക്കാരെ വലയ്ക്കുന്ന നടപടികളുമായി നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റ് കുത്തകകള്‍ നിയന്ത്രിക്കുന്ന ഓഹരി കമ്പോളത്തിലേക്ക് സാധാരണക്കാരെ ആട്ടിപ്പായിക്കുന്ന സര്‍ക്കാര്‍ നടപടി നാടിന്റെ നന്മയ്ക്ക് വിനാശം വിതയ്ക്കും. സര്‍ക്കാരിന്റെ ഈ നയത്തിന്റെ ചുവടുപിടിച്ചാണ് ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്.

ബാങ്ക് ശാഖകളില്‍ ദൈനംദിന ജോലിക്കുപോലും ജീവനക്കാരില്ലാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ , അതൊന്നും പരിഗണിക്കാതെ, എല്ലാ ശാഖകളിലും ഒരു ഓഫീസറെ പ്രത്യേകം നിയോഗിച്ചുകൊണ്ട് സ്വകാര്യ വിദേശ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി വില്‍ക്കുന്ന സംരംഭമാണ് തകൃതിയായി നടക്കുന്നത്. ബാങ്കുകളില്‍ നല്ല നിക്ഷേപമുള്ള ഇടപാടുകാരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൂട്ടിക്കൊടുക്കുന്ന പ്രവൃത്തിയാണിത്. സ്വകാര്യ-വിദേശ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിക്കുന്ന പണം വാഗ്ദാനംചെയ്തപോലെ തിരിച്ചുകിട്ടുമെന്നതിന് ഒരു ഗ്യാരന്റിയുമില്ല. എന്നിട്ടും ബാങ്കുകളില്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപം നടത്തിയിട്ടുള്ള ഇടപാടുകാരെ തീരെ സുരക്ഷിതമല്ലാത്ത ഇന്‍ഷുറന്‍സ് കമ്പനിയിലേക്കും മ്യൂച്ചല്‍ ഫണ്ടിലേക്കും ആനയിച്ചുകൊണ്ടുപോകുന്നത് ഒരുതരം ആത്മവഞ്ചനയാണ്. ഈ പ്രവൃത്തികളിലൂടെ ബാങ്കുകള്‍ക്ക് വന്‍ തുക കമീഷന്‍ ലഭിക്കും; ബന്ധപ്പെട്ട ഓഫീസര്‍ക്ക് സ്വര്‍ണനാണയം മുതല്‍ വിദേശയാത്രവരെ തരപ്പെടുത്തിയെടുക്കാനും കഴിയും. പക്ഷേ, ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും മൂല്യബോധത്തെയും സത്യസന്ധതയെയും വികലമാക്കുന്ന പ്രവൃത്തികളാണ് ഇതെന്ന് അവര്‍ മനസിലാക്കുന്നില്ല. ഇത് കാലക്രമേണ സ്വന്തം തൊഴിലിനോടുപോലും അവമതിപ്പ് ഉണ്ടാക്കുന്ന മനോഭാവം സൃഷ്ടിക്കാനാണ് ഇടവരുത്തുക.

ബാങ്കുകളില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഭീമമാണ്. ആധുനിക സാങ്കേതികവിദ്യ നടപ്പാക്കിയതിനു വേണ്ടിവരുന്ന ചെലവ് നേരിടുന്നതിന് കണ്ടെത്തുന്ന മാര്‍ഗങ്ങളാണിവ. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ വേണ്ടിവരുന്ന നടപടിക്രമങ്ങള്‍ മാത്രമല്ല, മിനിമം നിക്ഷേപത്തുകയും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിബന്ധനകള്‍ പാലിക്കാത്ത ഇടപാടുകാരുടെ അക്കൗണ്ടില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഊറ്റിയെടുത്തശേഷം അവരറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാണ്.

ഗ്രാമീണ മേഖലയില്‍നിന്ന് ബാങ്കുകള്‍ മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലാകമാനം 24,582 ബാങ്ക് ശാഖ പുതുതായി തുറക്കുകയുണ്ടായി. എന്നാല്‍ , അവയെല്ലാംതന്നെ വന്‍നഗരങ്ങളിലോ പട്ടണങ്ങളിലോ അര്‍ധനഗരങ്ങളിലോ ആയിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. (പട്ടിക കാണുക) ലാഭമില്ലെന്ന കാരണത്താല്‍ മൂവായിരത്തിലധികം ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടുകയുണ്ടായി. ഇങ്ങനെ ചെറുകിട ഇടപാടുകാരെയും ഗ്രാമങ്ങളെയും മൊഴിചൊല്ലുന്ന വരേണ്യ ബാങ്കിങ് നയം വ്യാപകമായിക്കഴിഞ്ഞു. ഇതിലൂടെ രൂപപ്പെട്ട വിടവിലാണ് ഗ്രാമീണമേഖലയില്‍ മണിചെയിന്‍കാരും മൈക്രോഫിനാന്‍സ് സംരംഭകരും ബ്ലേഡ് മാഫിയകളും സമര്‍ഥമായി നുഴഞ്ഞുകയറുന്നത്.

കാര്‍ഷികവായ്പ അടക്കമുള്ള മുന്‍ഗണനാ വായ്പകളില്‍ വന്നിട്ടുള്ള കുറവ് ഭീമാകാരമാണിന്ന്. കാര്‍ഷിക വായ്പയിലുണ്ടായ ഇടിവ് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യരംഗത്ത് വലിയ ചര്‍ച്ചയാവുകയുണ്ടായി. അതിനെ മറികടക്കാനായി കാര്‍ഷിക വായ്പ തുക കൃത്രിമമായി പെരുപ്പിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 5 ശതമാനം പലിശ നിരക്കില്‍ വന്‍തുകകള്‍ സ്വര്‍ണവായ്പ നല്‍കി അവയെയൊക്കെ കൃഷി വായ്പകളായി പട്ടികപ്പെടുത്തുന്ന സമ്പ്രദായം നടപ്പാക്കുന്നത് ദേശസാല്‍കൃത ബാങ്കുകളാണ്. വന്‍ മുതലാളിമാര്‍ക്കും ധനികര്‍ക്കും ചുരുങ്ങിയ പലിശയ്ക്ക് സ്വര്‍ണവായ്പകള്‍ നല്‍കി കൃഷിവായ്പയെ ഊതിപ്പെരുപ്പിച്ചു കാണിക്കുന്ന പ്രവൃത്തി അധിക്ഷേപാര്‍ഹമാണ്. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ കണ്ടു വരുന്ന മൂല്യശോഷണത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.

തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ തുടങ്ങിവച്ച ഐസിഐസി പോലുള്ള നവ സ്വകാര്യ ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന്റെ തനതു സംസ്കാരത്തിനാണ് കളങ്കം ചാര്‍ത്തിക്കൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്കല്ല, സുപ്രീംകോടതിപോലും വിലക്ക് കല്‍പ്പിച്ചാലും ശാസിച്ചാലും ഇത്തരം ബാങ്കുകള്‍ക്ക് ഒരു കൂസലുമില്ല; കാരണം അവരുടെ രക്ഷകരായി കേന്ദ്രസര്‍ക്കാരില്‍ ഉന്നതര്‍ നിലകൊള്ളുന്നുണ്ട്. മാത്രവുമല്ല, ഇന്ത്യന്‍ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ അജന്‍ഡ. അതിനായുള്ള ബില്ലുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് യുപിഎ സര്‍ക്കാര്‍ . ഈ ബില്ലുകള്‍ നിയമമാകുന്നതോടെ ബാങ്കുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് ആക്കം കൂടും.
പുതുതായി ജീവനക്കാരെ നിയമിക്കാതെ ബാങ്ക് ജോലികളെല്ലാം ഔട്ട് സോഴ്സിങ്ങിലൂടെ നിര്‍വഹിക്കപ്പെടുമ്പോള്‍ ബാങ്കുകളുടെ സുരക്ഷിതത്വവും രഹസ്യസ്വഭാവവുമാണ് അപകടപ്പെടുക. നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കുതന്നെ വലിയ തിരിച്ചടികള്‍ ഉണ്ടാക്കുന്ന നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈ ദേശദ്രോഹ നടപടിക്കെതിരെ ജീവനക്കാരും ബാങ്ക് ഇടപാടുകാരും മാത്രമല്ല മുഴുവന്‍ രാജ്യസ്നേഹികളും സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട അടിയന്തര സാഹചര്യമാണ് ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് നിലനില്‍ക്കുന്നത്.

*****


ടി നരേന്ദ്രന്‍, കടപ്പാട് :ദേശാഭിമാനി

(ബി ഇ എഫ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകൻ)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ തുടങ്ങിവച്ച ഐസിഐസി പോലുള്ള നവ സ്വകാര്യ ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന്റെ തനതു സംസ്കാരത്തിനാണ് കളങ്കം ചാര്‍ത്തിക്കൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്കല്ല, സുപ്രീംകോടതിപോലും വിലക്ക് കല്‍പ്പിച്ചാലും ശാസിച്ചാലും ഇത്തരം ബാങ്കുകള്‍ക്ക് ഒരു കൂസലുമില്ല; കാരണം അവരുടെ രക്ഷകരായി കേന്ദ്രസര്‍ക്കാരില്‍ ഉന്നതര്‍ നിലകൊള്ളുന്നുണ്ട്. മാത്രവുമല്ല, ഇന്ത്യന്‍ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ അജന്‍ഡ. അതിനായുള്ള ബില്ലുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് യുപിഎ സര്‍ക്കാര്‍ . ഈ ബില്ലുകള്‍ നിയമമാകുന്നതോടെ ബാങ്കുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് ആക്കം കൂടും.
പുതുതായി ജീവനക്കാരെ നിയമിക്കാതെ ബാങ്ക് ജോലികളെല്ലാം ഔട്ട് സോഴ്സിങ്ങിലൂടെ നിര്‍വഹിക്കപ്പെടുമ്പോള്‍ ബാങ്കുകളുടെ സുരക്ഷിതത്വവും രഹസ്യസ്വഭാവവുമാണ് അപകടപ്പെടുക. നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കുതന്നെ വലിയ തിരിച്ചടികള്‍ ഉണ്ടാക്കുന്ന നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈ ദേശദ്രോഹ നടപടിക്കെതിരെ ജീവനക്കാരും ബാങ്ക് ഇടപാടുകാരും മാത്രമല്ല മുഴുവന്‍ രാജ്യസ്നേഹികളും സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട അടിയന്തര സാഹചര്യമാണ് ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് നിലനില്‍ക്കുന്നത്.