Tuesday, April 1, 2014

അശാന്തമായ തീരദേശ ഗ്രാമങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരദേശ നിയന്ത്രണനിയമം (2011) കേരളത്തിന്റെ തീരദേശത്ത് വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ വിഷയത്തെ മുന്‍നിറുത്തി തീരദേശത്ത് ലത്തീന്‍ കത്തോലിക്കാ സഭയടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ നിയമം 1991 ലെ തീരദേശനിയന്ത്രണ നിയമത്തിന്റെ തുടര്‍ച്ചയായി വന്നിട്ടുള്ളതും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 3-ാം വകുപ്പനു സരിച്ച് കൊണ്ടുവന്നിട്ടുള്ളതുമാണ്. അതീവലോലമായ തീരപരിസ്ഥിതി സംരക്ഷിക്കുക, ജലമലിനീകരണവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിയന്ത്രിച്ച് അതിന്റെ സ്വാഭാവികത നിലനിര്‍ത്തുക, മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സര്‍വ്വാത്മനാ അംഗീകരിക്കുമ്പോള്‍ തന്നെ ആദിവാസികളെപ്പോലെ ആവാസ വ്യവസ്ഥയിലെ ആളുകള്‍ എന്ന നിലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലിന്റെ അവകാശികള്‍ ആണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതിനും അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ കണക്കിലെടുക്കുന്നതിനും ഈ നിയമം തയ്യാറാവുന്നില്ല എന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയും ഉപജീവനസുരക്ഷയും ഉറപ്പുവരുത്തുന്നതിനും തൊഴിലുമായി ബന്ധപ്പെട്ട് കടപ്പുറത്ത് ഒരു കൂരവെച്ച് അന്തിയുറങ്ങുന്നതിനുള്ള അവകാശം അംഗീകരിച്ചു കൊടുക്കുന്നതിനും പുതിയ തീരദേശനിയന്ത്രണ നിയമം തയ്യാറാകുന്നില്ല. ഇന്ത്യയില്‍ ആഗോളവല്‍ക്കരണ നടപടികള്‍ക്ക് തുടക്കംകുറിച്ച 1991 ല്‍ തന്നെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പഴയ തീരദേശനിയന്ത്രണനിയമത്തിന് രൂപം നല്‍കിയത്. മുന്‍കാലങ്ങളില്‍ ഈ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിവിധ വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍, കോടതി ഉത്തരവുകള്‍, നവലിബറല്‍ നയങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ പല ഘട്ടങ്ങളിലായി 1991 ലെ തീരദേശനിയന്ത്രണ നിയമത്തില്‍ 25 ഭേദഗതികള്‍ കൊണ്ടുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ തീരദേശ നിയന്ത്രണ നിയമം (1991) ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രായോഗികതലത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ 2004 ല്‍ പ്രസിദ്ധകാര്‍ഷിക ശാസ്ത്രജ്ഞനായ പ്രൊഫ. എം.എസ്.സ്വാമിനാഥന്‍ അദ്ധ്യക്ഷനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയുണ്ടായി.

നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ തീരപരിസ്ഥിതിയുടെ നിര്‍ണ്ണായകമായ പാരിസ്ഥിതിക പ്രാധാന്യം ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയ സമഗ്രമായ ഒരു റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് പ്രൊഫ. എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യപ്പെട്ട തീരദേശപരിപാലന വിജ്ഞാപനം (ഇങദ 2008) റിപ്പോര്‍ ട്ടിന്റെ അന്ത:സത്തയില്‍ നിന്നെല്ലാം വ്യതിചലിച്ച് കോര്‍പ്പറേറ്റ് അജണ്ടകള്‍ തീരദേശ മേഖലയില്‍ നടപ്പാക്കുന്നതിന് പരിരക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇതിനെതിരെ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളും വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയും സി.എം.ഇസഡ് (2008) വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനെത്തുടര്‍ന്ന് പുതിയ വിജ്ഞാപനം കാലഹരണപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.

പുതിയ വിജ്ഞാപനത്തിനെതിരെ ഉയര്‍ന്നു വന്ന പരാതികളും അഭിപ്രായങ്ങളും പ്രൊഫ. എം.എസ്.സ്വാമിനാഥന്‍ അദ്ധ്യക്ഷനായി രൂപീകരിച്ച വിദഗ്ധ സമിതി പരിശോധിക്കുകയും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ അടക്കമുള്ളവരുമായി കൂടിയാലോചന നടത്തിയശേഷം പഴയ തീരദേശ നിയന്ത്രണ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പുതിയ തീരദേശനിയന്ത്രണ വിജ്ഞാപനം (2011) പുറപ്പെടുവിക്കുകയാണ് ചെയ്തത്. പുതിയ തീരദേശ നിയമം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ചും പാര്‍പ്പിട നിര്‍മ്മാണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കടലോരത്ത് വീട് വെച്ചു താമസിക്കുന്നത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മീന്‍പിടുത്തവുമായി ബന്ധപ്പെട്ട ഒരാവശ്യമാണ്.

തീരദേശത്ത് ഏറെ സ്ഥലമുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെയ്ക്കാന്‍ മാത്രം ഒരിടമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കടപ്പുറത്ത് പരസ്പരം തൊട്ടുരുമ്മി നില്‍ക്കുന്ന ചെറ്റപ്പുരകളിലാണ് അവരുടെ താമസം. വിഴിഞ്ഞത്തെയും പൂവാറിലെയും മത്സ്യത്തൊഴിലാളി കോളനികള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഈ യാഥാര്‍ത്ഥ്യം ബോധ്യമാകും. എന്നാല്‍ താമസയോഗ്യമായ വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ക്ക് പുതിയ നിയമത്തിന്റെ കാര്‍ക്കശ്യം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. തീരദേശനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന 300 ച.കി.മീ തീരദേശത്ത് പകുതിയിലേറെ പ്രദേശങ്ങ ളിലും പുതിയ വീട് നിര്‍മ്മാണത്തിന് നിയമം അനുവദിക്കുന്നില്ല. ഇതിന്റെ ഫലമായി സാമൂഹ്യമായും സാമ്പത്തി കമായും പ്രാന്തവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അന്യവല്‍ക്കരണത്തിലേക്കും പുറം തള്ളലിലേക്കും നയിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പുതിയ തീരദേശനിയന്ത്രണ നിയമം മത്സ്യത്തൊഴിലാളി സൗഹൃദമല്ല എന്നു തന്നെ പറയേണ്ടിവരുന്നു.

പുതിയ തീരദേശനിയന്ത്രണ നിയമമനുസരിച്ച് വേലിയേറ്റ രേഖയില്‍ നിന്ന് 500 മീറ്റര്‍ വരെയുള്ള കര പ്രദേശം നിയന്ത്രണമേഖലയില്‍പ്പെടുന്നു. കൂടാതെ വേലിയിറക്കരേഖയില്‍ നിന്ന് 22 കി.മീ വരെയുള്ള ടെറിട്ടോറിയല്‍ കടല്‍പ്രദേശവും (കടലിന്റെ അടിത്തട്ട് അടക്കം) ഈ മേഖലയിലാണ്. കടലിനോട് ബന്ധപ്പെട്ടു കിടക്കുന്നതും വേലിയേറ്റ വേലിയിറക്ക സ്വാധീനമുള്ളതും അഞ്ചു പി.പി.ടി വരെ ഉപ്പുരസമുള്ളതുമായ ഓരുജലപ്രദേശങ്ങളും, അവയോട് ചേര്‍ന്നുള്ള ആപല്‍ സാധ്യതാ രേഖക്കും വേലിയേറ്റ രേഖയില്‍ നിന്ന് 100 മീറ്റര്‍ വരെയുള്ള കരപ്രദേശത്തിനും ഇടയിലുള്ള പ്രദേശവും, തീരദേശനിയന്ത്രണ മേഖലയില്‍പ്പെടുന്നു. കായല്‍ ദ്വീപുകളുടെ തീരത്തുനിന്ന് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ വരെയുള്ള കരപ്രദേശം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. തീരദേശ നിയന്ത്രണ മേഖലയെ താഴെപ്പറയുന്ന പ്രകാരം അഞ്ച് വിഭാഗങ്ങളുമായി തരംതിരിച്ചിരിക്കുന്നു. ഇഞദ കപരിസ്ഥിതി ലോലമായ പ്രദേശങ്ങള്‍, ഇഞദ കക മുനിസിപ്പല്‍/പട്ടണപ്രദേശങ്ങള്‍, ഇഞദ കകക ഗ്രാമപ്രദേശങ്ങള്‍, ഇഞദ കഢ ജലപ്രദേശങ്ങള്‍ (തീരക്കടല്‍, ഓരുജലാശയങ്ങള്‍, കായല്‍ പ്രദേശങ്ങള്‍, നദീമുഖങ്ങള്‍), ഇഞദ ഢ പ്രത്യേക പരിഗണനാ പ്രദേശങ്ങളായ കായലുകളും കായല്‍ ദ്വീപുകളും പാരിസ്ഥിതികമായി ദുര്‍ബലവും തീരദേശമേഖലയുടെ പാരിസ്ഥിതിക സുസ്ഥിരതയെ നിലനിറുത്തുന്നതിന് നിര്‍ണ്ണായക പങ്കുവഹിക്കുന്നതുമായ പ്രദേശങ്ങള്‍ ഇഞദ ക ല്‍ ഉള്‍പ്പെടുന്നു. കണ്ടല്‍ പ്രദേശങ്ങള്‍, പവിഴപ്പുറ്റുകള്‍, മണല്‍കൂനകള്‍, ചേറുപരപ്പുകള്‍, ദേശീയ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍, ഉപ്പുപാടങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് പുതിയ നിയമത്തില്‍ ഈ മേഖലയ്ക്ക് രൂപകല്‍പ്പന നല്‍കിയിട്ടുള്ളത്.

ഇവിടെ ഭൂമിയുടെ നിയോഗത്തിന് ശക്തമായ നിയന്ത്രണങ്ങളുണ്ട്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. ഈ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണിയോ പുനരുദ്ധാരണമോ അനുവദനീയമാണോ എന്ന് നിയമത്തില്‍ വ്യക്തതയില്ല. പാര്‍പ്പിടങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വേണ്ടി വന്നേക്കാം. കടലാക്രമണവും തീരശോഷണവും പ്രതിരോധിക്കുന്നതിനും മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും കായല്‍ മേഖലയില്‍ ശോഷണം നേരിടുന്ന കണ്ടല്‍ക്കാടുകളുടെ സംരക്ഷണവും പുനരുജ്ജീവനവും അതീവ പ്രാധാന്യമുള്ളതു തന്നെയാണ്. ആ നിലയില്‍ പുതിയ നിയമത്തിലെ പരിസ്ഥിതിലോലമേഖല പാരിസ്ഥിതിക സുസ്ഥിരത നിലനിര്‍ത്തുന്നതിന് ഗുണകരമാകും. ആ നിലയില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

മുനിസിപ്പല്‍/പട്ടണപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇഞദ കക വികസന മേഖല എന്ന നിലയിലാണ് പുതിയ നിയമത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഈ മേഖലയില്‍ നിലവിലുള്ള റോഡുകളുടെ അല്ലെങ്കില്‍ നിയമാനുസൃതമായ കെട്ടിടങ്ങള്‍ക്കോ, നിര്‍മ്മാണങ്ങള്‍ക്കോ കിഴക്കു ഭാഗത്തായി (കരയോട് ചേര്‍ന്നുള്ള) നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പുതിയ വീടുകളുടെ നിര്‍മ്മാണം അനുവദനീയമാണ്. അംഗീകൃതമായ പഴയ വീടുകളുടെ അറ്റകുറ്റപ്പണിയും അനുവദിക്കും. എന്നാല്‍ തറവിസ്തീര്‍ണ്ണത്തില്‍ മാറ്റം പാടില്ല. റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് (കടല്‍ ഭാഗത്ത്) പാര്‍പ്പിട നിര്‍മ്മാണം അനുവദനീയമല്ല. മത്സ്യത്തൊഴിലാളികള്‍ സ്വന്തം കൈവശ ഭൂമിയില്‍ നിര്‍മ്മിച്ചതും എന്നാല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നമ്പറിട്ട് നല്‍കാത്തതുമായ വീടുകള്‍ ഈ മേഖലയില്‍ നിയമാനുസൃതമല്ലാതാവുന്നു. അത്തരം വീടുകള്‍ക്കെതിരെ സര്‍ക്കാരിന് ഏതു സമയത്തു വേണമെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഡെമോക്ലിസിന്റെ വാളുപോലെ മത്സ്യത്തൊഴിലാളികളുടെ തലയ്ക്ക്മേല്‍ തൂങ്ങി നില്‍ക്കുന്ന ഈ ഭീഷണി അവരുടെ സൈ്വര ജീവിതം കെടുത്തുകയും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ അശാന്തി പടര്‍ത്തുകയും ചെയ്യുന്നു.

എന്നാല്‍ ഈ മേഖലയില്‍ റോഡിന്റെ കിഴക്കുഭാഗത്ത് 20,000 ച.മീ വിസ്തീര്‍ണ്ണമുള്ള വന്‍കിട ഫ്ളാറ്റുകളും ഭവന സമുച്ചയങ്ങളും അനുവദനീയമാണ്. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇഞദ കകക മേഖലയില്‍ പാര്‍പ്പിട നിര്‍മ്മാണമുള്‍പ്പെടെയുള്ള ഭൂമി വിനിയോഗം ഉദാരമായ വ്യവസ്ഥയില്‍ അനുവദിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും സുക്ഷ്മമായ പരിശോധനയില്‍ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായി പുതിയ നിയമത്തില്‍ യാതൊരു ഇളവുകളും അനുവദിക്കുന്നില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെ തീരദേശമേഖലയില്‍ പുറമെ നിന്നുള്ളവരുടെ തള്ളിക്കയറ്റമുണ്ടാകുന്നതിനും കടലിന്റെ മക്കള്‍ കടപ്പുറത്തു നിന്നുതന്നെ പുറന്തള്ളപ്പെട്ടു പോകുന്നതിനുമുള്ള സാഹചര്യം നിലനില്‍ക്കുന്നു. മൂലധനശക്തികളും ടൂറിസ്റ്റ് ലോബികളും മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടും, ദാരിദ്ര്യവും മുതലെടുത്ത് മോഹവിലകൊടുത്ത് അവരുടെ തുണ്ടുഭൂമികള്‍ കൈവശപ്പെടുത്തുകയും കടല്‍ത്തീരം മുഴുവന്‍ കയ്യടക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. അത്തരമൊരു സ്ഥിതിവിശേഷത്തെ വളരെ ആശങ്കയോടെയല്ലാതെ പൊതുസമൂഹത്തിന് നോക്കിക്കാണാനാകില്ല.

മത്സ്യത്തൊഴിലാളികളെ കടപ്പുറത്തു നിന്ന് ആട്ടിപ്പായിച്ച് അവിടെ റിസോര്‍ട്ടുകളും സുഖവാസ കേന്ദ്രങ്ങളും പണിതുയര്‍ത്തി കായലിന്റെയും കടപ്പുറത്തിന്റെയും ദൃശ്യഭംഗി ഉപയോഗപ്പെടുത്തി കടല്‍ത്തീരത്ത് ടൂറിസം വികസിപ്പിക്കുന്നതിനും കൊള്ളലാഭമുണ്ടാക്കുന്നതിനും ആണ് പുതിയ നിയമത്തിന്റെ പുറകില്‍ വേദിയൊരുങ്ങുന്നത്. കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ടുള്ള പ്രദേശം വികസന രഹിത മേഖലയാണ്. ഈ മേഖലയില്‍ ഭൂവിനിയോഗം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. അതുപോലെ കായലിന്റെ വേലിയേറ്റ - വേലിയിറക്ക സ്വാധീനമുള്ള മേഖലയില്‍ നിന്ന് 100 മീറ്റര്‍ വരെയുള്ള കരപ്രദേശവും വികസന രഹിത മേഖലയാണ്. ഈ മേഖലയില്‍ പുതിയ പാര്‍പ്പിടങ്ങള്‍ അനുവദനീയമല്ല. എന്നാല്‍ നിലവിലുള്ള വീടുകളുടെ പുനര്‍ നിര്‍മാണം നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവദിക്കുന്നുണ്ട്. പുരയിടത്തിന്റെ തറ വിസ്തീര്‍ണം കൂട്ടാന്‍ അനുവാദമില്ല. ഈ മേഖലയിലെ കുടുംബങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം കൈവശ ഭൂമിയില്‍ പഞ്ചായത്തിന്റെ നമ്പര്‍ ലഭിക്കാതെ തന്നെ വീടുവെച്ച് താമസിക്കു ന്നവരാണ്. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഈ വീടുകളെല്ലാം നിയമ വിരുദ്ധമാകും. പൊളിച്ചുനീക്കല്‍ ഭീഷണി നേരിടുകയും ചെയ്യും. വേലിയേറ്റ രേഖയില്‍ നിന്ന് 100 മുതല്‍ 200 മീറ്റര്‍ വരെയുള്ള കരപ്രദേശത്ത് പുതിയ വീടുകള്‍ അനുവദനീയമാണ്. എന്നാല്‍ അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്ന നിര്‍ദ്ദേശം നടപടിക്രമ ങ്ങളുടെ നൂലാമാലകളില്‍ കുരുക്കിയിട്ട് ഫലത്തില്‍ വീടു നിര്‍മ്മിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിലാണ് കലാശിക്കുക. വികസന രഹിത മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി നല്‍കണമെന്ന മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളു ടെയും അഭ്യര്‍ത്ഥന ചെവികൊള്ളുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മീനുണക്കല്‍ കളങ്ങള്‍ ലേല കേന്ദ്രങ്ങള്‍, വല നന്നാക്കല്‍ കളങ്ങള്‍, പരമ്പരാഗത രീതിയിലുള്ള ബോട്ടുനിര്‍മ്മാണം, ഐസ് പൊടിക്കല്‍, പരമ്പരാഗത മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍ എന്നിവ ഈ മേഖലയില്‍ അനുവദനീയമാണ് എന്നത് ആശ്വാസകരം തന്നെയാണ്.

ഈ മേഖലയിലെ 200 മുതല്‍ 500 മീറ്റര്‍ വരെയുള്ള പ്രദേശത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പുതിയ വീടുകളുടെ നിര്‍മ്മാണവും നിയമ വിധേയമായ പഴയ വീടുകളുടെ അറ്റകുറ്റപ്പണികളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിക്കുന്നുണ്ട്. പരമാവധി നിര്‍മ്മിക്കാന്‍ കഴിയുന്നത് ഇരുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ ഉയരം ഒമ്പത് മീറ്ററില്‍ കൂടാന്‍ പാടില്ല. മൊത്തം വീടുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാവാന്‍ പാടില്ല. ഇഞദ കഢ ല്‍ വരുന്ന ജലമേഖലയില്‍ വിവിധ രീതിയിലുള്ള തീരക്കടല്‍ മലിനീകരണം നിയന്ത്രണവിധേയമാക്കുന്നതിന് ഉതകുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യസംസ്കരണത്തിന് ഒരുസമഗ്രമായ പദ്ധതി രണ്ടുവര്‍ഷത്തിനകം നടപ്പാക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള ടെറിട്ടോറിയല്‍ കടല്‍ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ മീന്‍പിടിത്തത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപരമായ തടസ്സങ്ങളൊന്നും നിലനില്‍ക്കുന്നില്ല എന്നത് ആശ്വാസകരം തന്നെയാണ്.

കായല്‍ ദ്വീപുകളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മേഖലകള്‍ എന്ന നിലയില്‍ വേലിയേറ്റ രേഖയില്‍ നിന്ന് കരയിലേക്ക് 50 മീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍ തീരദേശനിയന്ത്രണമേഖലയില്‍ ഉള്‍പ്പെടുന്നു. 50 മീറ്ററിനകത്ത് വരുന്ന പാര്‍പ്പിടങ്ങള്‍ പുതുക്കുകയോ പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യാവുന്നതാണ്. പുതിയ വീടുകളുടെ നിര്‍മ്മാണം അനുവദനീയമല്ല. 50 മീറ്ററിന് അപ്പുറത്തുള്ള കരമേഖലയില്‍ പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമ തിയോടെ പുതിയ പാര്‍പ്പിടങ്ങള്‍ അനുവദിക്കാവുന്നതാണ്. ഈ മേഖലയില്‍ മീന്‍പിടിത്ത ജട്ടികള്‍, മീനുണക്കല്‍ കളങ്ങള്‍, വല നന്നാക്കല്‍ കേന്ദ്രങ്ങള്‍, പരമ്പരാഗത രീതിയിലുള്ള മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍, ബോട്ടു നിര്‍മ്മാണ ശാലകള്‍ എന്നിവ അനുവദനീയമാണ്. ചുരുക്കത്തില്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കടപ്പുറത്ത് ഒരു വീട് വെച്ച് അന്തിയുറങ്ങാന്‍ പറ്റാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് പുതിയ തീരദേശനിയന്ത്രണ നിയമം (2011) മൂലം സംജാത മായിട്ടുള്ളത്. ഏറ്റവും വിരോധാഭാസമായി തോന്നിയിട്ടുള്ളത് തീരദേശ നിയന്ത്രണമേഖലയില്‍ ഇഞദ കക 20000 ച.മീറ്ററിന് മുകളിലുള്ള വന്‍കിട ഫ്ളാറ്റുകളും പാര്‍പ്പിട സമുച്ചയങ്ങളും അനുവദനീയമാണ് എന്നുള്ളതാണ്. പുതിയ തീരദേശ നിയന്ത്രണ നിയമം മൂലധന ശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നതിന് ഇതില്‍പ്പരം മറ്റൊരു തെളിവിന്റെ ആവശ്യമില്ല. നമ്മുടെ തീരദേശഗ്രാമങ്ങള്‍ അശാന്തമാവുന്നതിന്റെ കാരണവും മറ്റൊന്നല്ല.

*
ടി.ഡി.വേലായുധന്‍

No comments: