Tuesday, April 1, 2014

സാധാരണക്കാരുടെ പണം കുത്തകകള്‍ക്ക്

1991ല്‍ നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍സിങ് ധനമന്ത്രിയുമായി അധികാരത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മറ്റു മേഖലകളിലെന്നതുപോലെ ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ അലകുംപിടിയും മാറ്റി സ്വകാര്യ-വിദേശ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. കോണ്‍ഗ്രസ് തുടങ്ങിവച്ച നയങ്ങളും നടപടികളും ഇടയ്ക്കധികാരത്തില്‍ വന്ന ബിജെപി ഗവണ്‍മെന്റും തുടര്‍ന്നു. ബാങ്കുകളാണ് ഒരു രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന സമ്പത്ത് സമാഹരിച്ച്, ആവശ്യമുള്ള മേഖലകള്‍ക്കും വ്യക്തികള്‍ക്കും എത്തിച്ചുകൊടുക്കുന്നത്. ബാങ്കുകള്‍ക്ക് ഇത്തരത്തില്‍ ഒരു ഇടനിലക്കാരന്റെ സ്ഥാനമാണുള്ളതെങ്കിലും, ബാങ്കിന്റെ ഉടമയ്ക്ക് സമ്പത്തിന്റെ വിതരണത്തില്‍ വലിയ ഒരു പങ്കുണ്ട്.

ബാങ്കുകളുടെ നിയന്ത്രണവും ഉടമസ്ഥതയും കുത്തകകളുടെ കയ്യിലെത്തിയാല്‍ അവരുടെ താല്‍പര്യമായിരിക്കും സ്വാഭാവികമായും ബാങ്കുകള്‍ സംരക്ഷിക്കുക. ദേശസാല്‍കൃത ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിനും സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും പ്രവര്‍ത്തനം വിപുലമാക്കുന്നതിനുംവേണ്ടി മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ പല നടപടികളും സ്വീകരിക്കുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 2012 ഡിസംബര്‍ 18ന് ലോക്സഭ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട എട്ട് സുപ്രധാന നിയമങ്ങള്‍ ഈ ഭേദഗതിയിലൂടെ മാറ്റിമറിച്ചു. വിദേശികള്‍ക്ക് ഇന്ത്യന്‍ സ്വകാര്യബാങ്കുകളില്‍ 74% വരെ ഓഹരി പങ്കാളിത്തമാകാം, 74% ഓഹരി കൈവശമുള്ളപ്പോഴും ഓഹരിയുടമയുടെ യോഗങ്ങളില്‍ വിദേശികളുടെ വോട്ടവകാശം 10% എന്നായി നിയന്ത്രിച്ചിരുന്നു. 2012ലെ പുതിയ ഭേദഗതിയിലൂടെ വിദേശ ഓഹരി ഉടമകളുടെ വോട്ടവകാശ പരിധി 26% ആയി ഉയര്‍ത്തി. വിദേശികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ പിടിമുറുക്കാന്‍ ഈ ഭേദഗതി സഹായിക്കും.

മറ്റൊരു ഭേദഗതി ദേശസാല്‍ക്കൃത ബാങ്കുകളിലെ സ്വകാര്യ വോട്ടവകാശ പരിധി ഒരു ശതമാനത്തില്‍നിന്നും 10% ആയി ഉയര്‍ത്തിയതാണ്. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പുതിയ ഭേദഗതി ദേശസാല്‍കൃത ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം കൂടുതല്‍ നഷ്ടപ്പെടുത്തും. ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത ഇല്ലാതാക്കുകയും ചെയ്യും. 2008ലെ ആഗോള പ്രതിസന്ധിയില്‍നിന്ന് ഇന്ത്യന്‍ ധനകാര്യമേഖല രക്ഷപ്പെട്ടുനിന്നത് ബാങ്കുകളുടെ പൊതു ഉടമസ്ഥതയും റിസര്‍വ്ബാങ്കിന്റെ ശക്തമായ നിയന്ത്രണവുംകൊണ്ടാണ്. ഈ രണ്ടു ഘടകങ്ങളെയും സ്വയം കൈവെടിയുകയാണ് 2012ലെ നിയമഭേദഗതിയുടെ ഒരു പ്രധാന ലക്ഷ്യം.

പുതിയ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ബാങ്കുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2013 ജൂലൈ 2 ആയിരുന്നു. ഇപ്പോള്‍ നിലവില്‍ 25 അപേക്ഷകളാണ് റിസര്‍വ് ബാങ്ക് പരിഗണനയിലുള്ളത്. ആദിത്യ, ബജാജ്, റിലയന്‍സ് ക്യാപിറ്റല്‍, യുഎഇ എക്സ്ചേഞ്ച്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ വന്‍കിടക്കാരാണ് അപേക്ഷകര്‍. കുത്തകകള്‍ക്ക് ലൈസന്‍സ് നല്‍കില്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും സ്വീകരിച്ചിരുന്ന പൊതുനയം. എന്നാല്‍ ഇപ്പോള്‍ അതും തിരുത്തിയിരിക്കുകയാണ്. ഈ സമീപനം 1969ലെ ദേശസാല്‍ക്കരണത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യന്‍ ബാങ്കിങ്ങിനെ കൊണ്ടുപോകും. ഇതുകൂടാതെ 2013 നവംബര്‍ 6ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ബാങ്കുകളെ വിദേശികള്‍ക്ക് അടിയറവെയ്ക്കാന്‍ പറ്റിയ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ സര്‍ക്കുലര്‍പ്രകാരം വിദേശ ബാങ്കുകള്‍ക്കും അവയുടെ ഉപസ്ഥാപനങ്ങള്‍ക്കും  ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളെ യഥേഷ്ടം ഏറ്റെടുക്കാന്‍ കഴിയും. ഫെഡറല്‍ബാങ്ക്, ആക്സിസ്ബാങ്ക് തുടങ്ങിയ ബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഈ സര്‍ക്കുലറിലെ നിബന്ധനകള്‍ പാലിച്ചാല്‍ ഏറ്റെടുക്കാന്‍ കഴിയും.

ഒരുവശത്ത് കുത്തകകള്‍ ബാങ്കിങ് ലൈസന്‍സിനായി ക്യൂനില്‍ക്കുമ്പോള്‍ മറുവശത്ത് അവര്‍ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നില്ല എന്നതാണ് വിരോധാഭാസം. 2013 ഡിസംബറില്‍ ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം 2.43 ലക്ഷം കോടി രൂപയായിരുന്നു. 2012ല്‍ അത് 1.25 ലക്ഷം കോടി രൂപയായിരുന്നു. ഈ കിട്ടാക്കടത്തില്‍ നല്ലൊരുപങ്ക് കോര്‍പ്പറേറ്റുകളുടേതാണ്. ഇവരുടെ കിട്ടാക്കടങ്ങള്‍ നിരന്തരമായി എഴുതിത്തള്ളുന്നുമുണ്ട്. 2012 അവസാനം വരെ കുത്തകകളുടെ എഴുതിത്തള്ളിയ വായ്പ 5.39 ലക്ഷം കോടി രൂപയുടേതായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സിന്റെ മാത്രം 86,700 കോടി രൂപയാണ് എഴുതിത്തള്ളിയിട്ടുള്ളത്. ജിവികെ, വേദാന്ത, ജിഎംആര്‍, എസ്സാര്‍, വീഡിയോകോണ്‍ തുടങ്ങിയ വന്‍കിടക്കാരുടെയും കോടികള്‍ എഴുതിത്തള്ളിയിട്ടുണ്ട്. കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളുക എന്നു പറഞ്ഞാല്‍ നാട്ടുകാരുടെ സമ്പാദ്യം എടുത്ത് വന്‍കിടക്കാര്‍ക്ക് ദാനംചെയ്യുക എന്നര്‍ത്ഥം. ഒരുവശത്ത് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം. മറുവശത്ത് ബാങ്കുകളിലെ സാധാരണക്കാരുടെ പണം കുത്തകകള്‍ക്ക് കൈമാറല്‍. ഇതാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത്.

*
ജോസ് ടി എബ്രഹാം

No comments: