Tuesday, April 1, 2014

മോഡിയും രാഹുലും കോര്‍പ്പറേറ്റുകളുടെ അരുമകള്‍

പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിക്കാണിക്കുന്നത് നരേന്ദ്രമോഡിയെയും രാഹുല്‍ഗാന്ധിയെയുമാണ്. ആഗോള പബ്ലിക് റിലേഷന്‍സ് കമ്പനികളുടെ മുന്‍കയ്യില്‍ ഇവരുടെ പരസ്യപ്രചരണങ്ങള്‍ പൊടിപൊടിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളിലും പത്രമാധ്യമങ്ങളിലും പ്രചരണം ഉച്ചസ്ഥായിയിലേക്ക് ഉയര്‍ത്തിയെടുക്കുവാനാണ് ഇരുകക്ഷികള്‍ക്കും പിറകിലുള്ള കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത്. 2004ലും 2009ലും വലിയപരസ്യ പ്രചരണങ്ങളും ഇന്ത്യയുടെ തിളക്കത്തെക്കുറിച്ചുള്ള അവകാശവാദങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ദയനീയമായി പരാജയപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജന്‍ഡയും കോര്‍പ്പറേറ്റുകളുടെ ഫൈനാന്‍സ് മൂലധനതാല്പര്യങ്ങളും ചേര്‍ത്ത് ബിജെപി മുന്‍കൂട്ടിതന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹിന്ദുത്വത്തിന്റെ ക്ഷാത്രവീര്യം വേണ്ടത്രയില്ലാത്ത അദ്വാനി ഉള്‍പ്പെടെയുള്ള ഒരു തലമുറയെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ടാണ് ബിജെപി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്. മടിച്ചുമടിച്ചാണെങ്കിലും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

കോര്‍പ്പറേറ്റുകളുടെ അഭീഷ്ടമനുസരിച്ചാണ് രണ്ടുകക്ഷികളും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളെ മുന്‍കൂട്ടിത്തന്നെ തീരുമാനിച്ചത്. സാധാരണ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പിനുശേഷം ഭഭൂരിപക്ഷം കിട്ടുന്ന കക്ഷിയുടെ (മുന്നണിയുടെ) സാമാജികര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയാണ്. നവലിബറലിസം പതിവ് ജനാധിപത്യ രീതികളെയെല്ലാം തകിടം മറിക്കുന്ന ഫൈനാന്‍സ് മൂലധനത്തിന്റെ ആധിപത്യ വ്യവസ്ഥയാണല്ലോ. തങ്ങളുടെ ഭഭരണനേട്ടങ്ങളെക്കുറിച്ചുള്ള വ്യാജമായ അവകാശവാദമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ടെലിവിഷന്‍ പരസ്യങ്ങളില്‍ ഇന്ത്യയാകെ മാറിപ്പോയിരിക്കുന്നു എന്നാണ് പ്രചാരണം. മൊബൈല്‍ ഫോണ്‍, മെട്രോ, എക്സ്പ്രസ്വേ, എയര്‍പോര്‍ട്ട്, എടിഎം എല്ലാം ഇന്ത്യക്കാരന്റെ ജീവിതത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു എന്ന് പരസ്യപ്രചരണം നടത്തുമ്പോള്‍ ഇന്ത്യയുടെ യാഥാര്‍ഥ്യമെന്താണ്.

പട്ടിണികിടന്ന് മനുഷ്യര്‍ മരിക്കുന്ന അട്ടപ്പാടിയും ബലാങ്കീറും കാശിപ്പൂരും റായലസീമയുമാണ് ഇന്ത്യ. വിലത്തകര്‍ച്ചയും കടക്കെണിയും മൂലം കര്‍ഷക ആത്മഹത്യകള്‍ പതിവുസംഭവങ്ങളായ വിദര്‍ഭയും ഭട്ടിന്‍ഡയുമാണ് ഇന്ത്യ. കുടിവെള്ളമില്ലാത്ത ഗ്രാമങ്ങളും ശൗചാലയങ്ങളില്ലാത്ത നാട്ടിന്‍പുറങ്ങളുമാണിന്ത്യ. പ്രത്യുല്‍പാദന പ്രായത്തിലുള്ള 80%ത്തോളം സ്ത്രീകളും വിളര്‍ച്ചാരോഗം മൂലം ബുദ്ധിമുട്ടുന്ന രാജ്യമാണ് ഇന്ത്യ. രാഹുല്‍ഗാന്ധിയുടെ വ്യക്തിപ്രഭാവത്തെ അവതരിപ്പിക്കാനുള്ള വ്യര്‍ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ രാഹുലിന് പിന്തുണ ഉണ്ടാക്കിയെടുക്കുവാനുള്ള ക്യാമ്പയിനുകള്‍ പരാജയമായിരിക്കുകയാണ്. മോഡിക്ക് വേണ്ടി സോഷ്യല്‍ മീഡിയായില്‍ നടക്കുന്ന ക്യാമ്പയിനുകള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. കോബ്രപോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതുപോലെ ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും മോഡിയുടെ അനുയായികളെ കുറിച്ചുള്ള കണക്കുകള്‍ വ്യാജമായി ഉണ്ടാക്കിയതാണ്. രണ്ടുനേതാക്കള്‍ക്കും ഇലക്ട്രോണിക് മീഡിയയുടെയും അച്ചടിമാധ്യമങ്ങളുടെയും സഹായത്തോടെ കൃത്രിമമായ പ്രതിച്ഛായ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

രാജ്യം നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത തുടങ്ങിയ മൗലിക പ്രധാനങ്ങളായ വിഷയങ്ങളെ മാറ്റിവെച്ച് മോഡിയുടെയും രാഹുലിന്റെയും പ്രതിച്ഛായകൊണ്ട് രക്ഷപ്പെടാനാവുമോയെന്ന പരീക്ഷണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. കോര്‍പ്പറേറ്റ് കുത്തകകളും മുഖ്യധാരാ മാധ്യമങ്ങളും എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയാലും മോഡിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്താനാവില്ല. രാജ്യത്തിന്റെ ബഹുസ്വരതയെയും മതനിരപേക്ഷ ഘടനയെയും അപകടപ്പെടുത്തുവാന്‍ ഇന്ത്യന്‍ ജനത ആരെയും അനുവദിക്കില്ല. ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മാധ്യമങ്ങളുടെ വികാസ്പുരുഷനെന്ന പുതിയ പ്രതിച്ഛായ നിര്‍മാണത്തിലൂടെ മറച്ചുപിടിക്കാനാവില്ല. കോണ്‍ഗ്രസ്സിന്റെ അപചയവും അഴിമതിയും മുതലെടുത്ത് അധികാരം പിടിക്കാമെന്നത് മോഡിയുടെ വ്യാമോഹം മാത്രമായിരിക്കും.

ബിജെപിയിലെ നേതാക്കള്‍തന്നെ ഒരു ഗവര്‍മെന്റ് രൂപീകരിക്കാനാവശ്യമായ 272 സീറ്റ് 16-ാം ലോകസഭയില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതുന്നില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്താന്‍ എന്നിവ കഴിഞ്ഞാല്‍ ഒരു സംസ്ഥാനത്തും ബിജെപിക്ക് നേട്ടമുണ്ടാക്കാനാവുമെന്ന് തോന്നുന്നില്ല. കടുത്ത വര്‍ഗീയവല്‍ക്കരണനീക്കങ്ങളിലൂടെ യു.പി, ബീഹാര്‍, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സീറ്റ് പിടിക്കാമെന്നാണ് മോഡി കണക്കുകൂട്ടുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, ഒറീസ്സ, ഹരിയാന, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബി.ജെ.പിക്ക് ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ കഴിഞ്ഞ 1998ലും 1999ലും അവരുടെ മുന്നണിയില്‍ രണ്ടു ഡസനോളം പാര്‍ടികളുണ്ടായിരുന്നു. ഇപ്പോള്‍ ശിവസേനയും അകാലിദളുമാണ് ബി.ജെ.പിയോടൊപ്പമുള്ളത്. ജനസ്വാധീനമുള്ള പ്രാദേശികകക്ഷികളെല്ലാം കോണ്‍ഗ്രസ്സിതര - ബിജെപിയിതര മുന്നണിയുമായി ചേരാനാണ് താല്പര്യപ്പെടുന്നത്. മോഡിയും രാഹുലുമെല്ലാം റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാനാര്‍ഥികളുമാണ്. യുപിഎ സര്‍ക്കാരും ഗുജറാത്തിലെ മോഡി സര്‍ക്കാരും റിലയന്‍സിനും ടാറ്റാക്കുമെല്ലാം സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് ചെയ്തത്. രണ്ടുപേരും കോര്‍പ്പറേറ്റുകളുടെ അരുമകളാണ്. മുകേഷ് അംബാനി നരേന്ദ്രമോഡിയെ സ്നേഹപൂര്‍വം വിളിക്കുന്നത് "നമോ" എന്നാണ്. രാഹുല്‍ഗാന്ധിയെ "രാഗ" എന്നും. കുത്തകകളുടെ അരുമകളാണിവര്‍ രണ്ടുപേരും. ഇന്ത്യയിലെ ജനങ്ങള്‍ കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ ചൂഷണത്തിനെതിരെ വിധിയെഴുതും. എബിഎന്‍ ന്യൂസ്- എസ് നീല്‍സെന്‍ സര്‍വെപ്രകാരം കോണ്‍ഗ്രസ്സിന് 73 സീറ്റില്‍കൂടുതല്‍ ലഭിക്കില്ല. ഘടകകക്ഷികളും ചേര്‍ന്നാല്‍ 92വരെ ആകാം യുപിഎക്ക് കിട്ടുന്ന സീറ്റ്. ബീഹാറിലെ ആര്‍ജെഡി ശിഥിലീകരണം നേരിടുകയാണ്. കോണ്‍ഗ്രസ് മുന്നണിയിലും കാര്യമായ ജനപിന്തുണയുള്ള പാര്‍ട്ടികള്‍ ഒരു സംസ്ഥാനത്തുമില്ല. ബിജെപിക്ക് ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ആവശ്യമായ സീറ്റ് കിട്ടുമെന്ന് കാര്യവിവരമുള്ള ആരും കരുതുന്നില്ല. ഇടതുപക്ഷവും മതനിരപേക്ഷകക്ഷികളും ചേര്‍ന്ന് 200 ഓളം സീറ്റുകള്‍ നേടും.

മോഡിയെ മാറ്റിനിര്‍ത്തി മതനിരപേക്ഷ സര്‍ക്കാര്‍ മൂന്നാം ബ്ലോക്കിന്റെ മുന്‍കയ്യില്‍ രാജ്യത്ത് അധികാരത്തില്‍ വരുമെന്ന സാധ്യതയാണ് ഇപ്പോഴുള്ളത്. വര്‍ഗീയ ഫാസിസത്തിനും ജനദ്രോഹനയങ്ങള്‍ക്കുമെതിരായ വിധിയെഴുത്താണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കുക. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരായ ഇടത്തരക്കാരന്റെ ധര്‍മരോഷം ആം ആദ്മിയെപോലുള്ള പുതിയ പ്രതിഭാസങ്ങളെ വളര്‍ത്തും. അതും കോണ്‍ഗ്രസ് വിരുദ്ധ - ബിജെപി വിരുദ്ധ ജനവികാരത്തെയാണ് കാണിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ക്കും അഴിമതിക്കും മതനിരപേക്ഷത നേരിടുന്ന ഭീഷണിക്കുമെതിരെ വളര്‍ന്നുവരുന്ന രാഷ്ട്രീയ ധ്രുവീകരണമാണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലെ വിധി നിര്‍ണയിക്കുക. മോഡിയും രാഹുലുമല്ല പുതിയൊരു മതനിരപേക്ഷ സര്‍ക്കാരിനെയാണ് രാജ്യം കാത്തിരിക്കുന്നത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍

No comments: