Wednesday, May 30, 2012

റീഷ്സ്റ്റാഗ് തീവയ്പ് കേരളത്തിനൊരു പാഠം

നാസി ജര്‍മനിയുടെ നിര്‍മിതിയില്‍ അതിപ്രധാനമായ സ്ഥാനമാണ് റീഷ്സ്റ്റാഗ് തീപ്പിടുത്തത്തിനുള്ളത്. ഒരുവെടിക്ക് രണ്ടുപക്ഷി എന്നു പറയുന്നതുപോലെ ഒരുചെയ്തികൊണ്ട് രണ്ടു നേട്ടങ്ങളുണ്ടാക്കുകയാണ് ഇതുവഴി ഹിറ്റ്ലറും അയാളുടെ മന്ത്രിയായ ഗോറിങ്ങും ലക്ഷ്യമാക്കിയത്. ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നശിപ്പിക്കുകയും ഇതരജനാധിപത്യപ്രസ്ഥാനങ്ങളെ പേടിപ്പിക്കുകയുമായിരുന്നു ആദ്യലക്ഷ്യം. ജര്‍മനിയിലെ നാമമാത്രജനാധിപത്യത്തിന്റെ ഏകസ്ഥാപനമായ റീഷ്സ്റ്റാഗിനെ നാമാവശേഷമാക്കുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം. ജനജീവിതത്തിന്റെ പ്രശ്നങ്ങളേറ്റെടുത്ത് പോരാട്ടം നടത്തുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ നാസിസം എന്ന ജര്‍മന്‍ ഫാസിസം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇനിയുമൊരു സോവിയറ്റ് യൂണിയന്‍ ലോകമുതലാളിത്തത്തിനു താങ്ങാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ജര്‍മനിയും ഇറ്റലിയുമുള്‍പ്പെടുന്ന ഫാസിസ്റ്റ് രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്പിലെയും ഏഷ്യയിലെയും മുതലാളിത്തരാജ്യങ്ങളും അമേരിക്കയും നാസിജര്‍മനിയുടെ നടപടികളില്‍ ആഹ്ലാദം പൂണ്ടു. ഈ മുതലാളിത്ത രാജ്യങ്ങള്‍, വിശിഷ്യാ ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക മുതലായവ ജനാധിപത്യ മേനിനടിച്ചുകൊണ്ടിരുന്നു. ഈ നാട്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളാവുകയും കോളനിജനതയുടെ അവകാശങ്ങള്‍ നിരന്തരം ചവിട്ടിമെതിക്കുകയും ചെയ്തുകൊണ്ടിരുന്നു.

നാസിസമായാലും ഫാസിസമായാലും ദേശീയവിമോചനത്തിനും ജനാധിപത്യത്തിനും അധ്വാനിക്കുന്ന ജനങ്ങളുടെ വിമോചനത്തിനും എതിരാണെങ്കില്‍ ഹായ്, സുഖം, നടക്കട്ടെ എന്നതായിരുന്നു മുതലാളിത്ത മനോഭാവം. 1933 ഫെബ്രുവരി 27നാണ് റീഷ്സ്റ്റാഗിന് തീപിടിച്ചത്. ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീപ്പിടിച്ചത് "ഒരു കമ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ടെത്താന്‍ നാസി ഭരണകൂടത്തിന് അധികസമയം വേണ്ടിവന്നില്ല. ഡച്ചുകാരനായ വാന്‍ ദെര്‍ല്യൂബന്‍ എന്നൊരാളെ റീഷ്സ്റ്റാഗിനടുത്തുവച്ച് അറസ്റ്റ് ചെയ്തു. അഡോള്‍ഫ് ഹിറ്റ്ലര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആക്രമണങ്ങള്‍ക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. ഹിറ്റ്ലറുടെ പാവയായി മാറിക്കഴിഞ്ഞിരുന്ന പ്രസിഡന്റ് ഹിന്റണ്‍ബര്‍ഗ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരാവകാശങ്ങള്‍ സസ്പെന്റ് ചെയ്യുകയും ചെയ്തു. വീമര്‍ഭരണഘടനയുടെ 48ാം അനുഛേദമുപയോഗിച്ച് ഒരു റീഷ്സ്റ്റാഗ് അഗ്നിബാധാവിളംബരം പ്രസിഡന്റ് പ്രഖ്യാപിച്ചു. വന്‍തോതിലുള്ള കമ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. പാര്‍ലമെന്റിലെ കമ്യൂണിസ്റ്റംഗങ്ങളെ മുഴുവന്‍ തടവിലിടുകയും അവരുടെ സ്ഥാനം നഷ്ടമായതായി പ്രഖ്യാപിക്കുകയും ചെയ്തു. അവരുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടന്നതിനാല്‍ ബലപ്രയോഗം വഴി നാസി പാര്‍ടിക്ക് ഭൂരിപക്ഷമായി നടിക്കാന്‍ കഴിഞ്ഞു.

ഭൂരിപക്ഷമില്ലാത്ത നാസി പാര്‍ടി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്ത് അധികാരം പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെയാണ് ഹിറ്റ്ലര്‍ തന്റെ അധികാരം ദൃഢീകരിച്ചത്. എല്ലാ ഏകാധിപതികളും ഇതുപോലുള്ള കൃത്രിമമാര്‍ഗങ്ങളിലൂടെയാണ് അധികാരം ഉറപ്പിക്കുന്നത്. റീഷ്സ്റ്റാഗ് വിളംബരം വഴി എല്ലാ പൗരാവകാശങ്ങളും സസ്പെന്റ് ചെയ്യപ്പെട്ടു. നാസികള്‍ക്കനുകൂലമല്ലാത്ത എല്ലാ പ്രസിദ്ധീകരണങ്ങളും തടഞ്ഞു. തീവയ്പ് കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന ഹിറ്റ്ലര്‍ സിദ്ധാന്തത്തിന് പത്രങ്ങള്‍ വ്യാപകവും വിപുലവുമായ പ്രചാരം നല്‍കി. പലപ്പോഴും ഫാസിസം അധികാരമുറപ്പിക്കുന്നത് പത്രങ്ങളിലൂടെയാണ്. അഗ്നിബാധയെ തുടര്‍ന്നുള്ള ദിനങ്ങളില്‍ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പുപ്രചാരവേലയില്‍ കമ്യൂണിസ്റ്റ് സാന്നിധ്യം ഫലത്തില്‍ ഇല്ലാതായി. നാസി പാര്‍ടിയുടെ വോട്ട് ശതമാനം വര്‍ധിച്ചു. എന്നാല്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം കിട്ടിയില്ല. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി അംഗങ്ങളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പാര്‍ലമെന്റില്‍നിന്ന് മാറ്റിനിര്‍ത്തിയാണ് ഹിറ്റ്ലറും നാസികളും 1933 മാര്‍ച്ച് 23ന് എനാബിളിങ്ങ് ആക്റ്റ് പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിച്ചത്.

മഹത്തായ ജനാധിപത്യമാര്‍ഗംതന്നെ! അഗ്നിബാധയെത്തുടര്‍ന്നുള്ള നാളുകള്‍ നിരന്തരമായ നായാട്ടിന്റേതായിരുന്നു. വന്‍തോതിലുള്ള കൂട്ട അറസ്റ്റുകള്‍ ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെടേണ്ട നേതാക്കളുടെയും കേഡര്‍മാരുടെയും പട്ടിക ശ്രദ്ധാപൂര്‍വം തയ്യാറാക്കി. സോഷ്യല്‍ ഡെമോക്രാറ്റുകളെയും ലിബറലുകളെയും അറസ്റ്റ് ചെയ്തു. അഗ്നിബാധയുടെ ആദ്യരാത്രിയില്‍ തന്നെ നാലായിരത്തോളം പേരെ തടവിലാക്കി. അവരില്‍ ഇടതുപക്ഷ ബുദ്ധിജീവികളും ട്രേഡ് യൂണിയന്‍ നേതാക്കളുമെല്ലാമുണ്ടായിരുന്നു. അവരെ സാധാരണ ജയിലുകളിലേക്കല്ല കൊണ്ടുപോയത്, മറിച്ച് എസ്സേ ബാരക്കുകളിലേക്കായിരുന്നു. നാസികള്‍ മാത്രമടങ്ങുന്ന പ്രത്യേക സൈനികസംഘമായിരുന്നു എസ്സേ സംഘം. വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും കൂട്ടം ചേരാനുള്ള സ്വാതന്ത്ര്യവും നിയമം വഴി ഇല്ലാതാക്കി. ഇതിനായി പ്രത്യേകം വിളംബരം നടത്തി. എന്നിട്ടും 1933 മാര്‍ച്ച് 5ന് നടന്ന തെരഞ്ഞെടുപ്പില്‍ നാസികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. അഗ്നിബാധയെപ്പറ്റി അന്വേഷണം നടന്നു. എങ്ങനെയെങ്കിലും കമ്യൂണിസ്റ്റുകാരെ കുറ്റവാളികളാക്കണമെന്ന് നാസികള്‍ക്ക് നിര്‍ബന്ധമായിരുന്നു. എല്ലാ കമ്യൂണിസ്റ്റിതര എഴുത്തുകാരും ഇതംഗീകരിക്കുന്നുണ്ട്, നാസികളൊഴികെ. കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലാണ് റീഷ്സ്റ്റാഗിനു തീവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് എന്നു വരുത്തണമായിരുന്നു ഹിറ്റ്ലര്‍ക്ക്.

1933 മാര്‍ച്ചില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേരും ബള്‍ഗേറിയക്കാരായിരുന്നു: ജോര്‍ജി ദിമിത്രോവ്, വാസില്‍ താനേവ്, ബ്ലാഗോയ് പോപോവ്. പ്രഷ്യന്‍ പൊലീസിന്റെ വ്യാഖ്യാനമനുസരിച്ച് ഇവര്‍ മൂവരും കോമിന്റേണിന്റെ വളരെ സീനിയര്‍ നേതാക്കളായിരുന്നു. അഗ്നിബാധയ്ക്കുമുമ്പ് തന്നെ പാര്‍ലമെന്റ് പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഹിറ്റ്ലര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് എതിര്‍പ്പിനെ അതിജീവിക്കുന്നതിന്നായി നാസി ഭൂരിപക്ഷം നിര്‍മിക്കുകയായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെയും നിയമവിധേയത്വത്തിന്റെയും മുഖംമൂടിയണിഞ്ഞ് ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നു ഹിറ്റ്ലറുടെ പരിപാടി. അതിനുവേണ്ടി പുതിയൊരു നിയമം പാസാക്കണമായിരുന്നു. എനാബിളിങ്ങ് ആക്റ്റ് എന്നായിരുന്നു ഇതിന്റെ പേര്. ഈ നിയമമനുസരിച്ച് ചാന്‍സലര്‍ക്ക് വിളംബരം വഴി ഭരണം നടത്താന്‍ കഴിയും. ജര്‍മനിയിലെ വീമര്‍ ഭരണഘടനപ്രകാരം പ്രസിഡന്റിനായിരുന്നു ഈ അധികാരം. എനാബിളിങ്ങ് ആക്റ്റ് അത്യധികം പ്രതിസന്ധിയുള്ള ഘട്ടങ്ങളിലേക്കാണ് ഭരണഘടന വിഭാവനം ചെയ്തിരുന്നത്. മുമ്പ് ഒരു തവണ മാത്രമേ ഈ നിയമം ഉപയോഗിച്ചിരുന്നുള്ളൂ. ഈ നിയമം പാസാകാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണ്ടിയിരുന്നു. നാസികള്‍ക്കാകാവട്ടെ പാര്‍ലമെന്റില്‍ 32 ശതമാനം സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. പ്രചാരണവേളയില്‍ ഹിറ്റ്ലര്‍ ആസന്നമായ കമ്യൂണിസ്റ്റ് വിപത്തിനെ പറ്റിയാണ് പ്രധാനമായും പറഞ്ഞത്. അത് തടയാനുള്ള ഏകമാര്‍ഗം എനാബിളിങ്ങ് നിയമം പാസാക്കിയെടുക്കലാണ്. അതിനു നാസി പാര്‍ടി ജയിക്കണം. ഈ കരിനിയമം പാസാക്കിയെടുക്കുന്നതിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിക്കാന്‍ ഹിറ്റ്ലര്‍ നിശ്ചയിച്ചിരുന്നു. റീഷ്സ്റ്റാഗിലെ അഗ്നിബാധ ഈ നിശ്ചയത്തിന്റെ നിര്‍വഹണം ത്വരിതപ്പെടുത്തി. അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സമയം ഹിറ്റ്്ലര്‍ ബെര്‍ലിനില്‍ ജോസഫ് ഗീബല്‍സിന്റെ ഭവനത്തില്‍ അയാളോടൊപ്പം ഡിന്നര്‍ കഴിക്കുകയായിരുന്നു. ഹിറ്റ്ലറും പരിവാരവും ഉടന്‍ റീഷ്സ്റ്റാഗിലേക്ക് പാഞ്ഞു. ഗോറിങ്ങ് അവരെ സ്വീകരിച്ചു. ഗോറിങ്ങ് പറഞ്ഞു: "ഇത് കമ്യൂണിസ്റ്റക്രമമാണ്. ഒരു ചുവപ്പന്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്തിരിക്കുന്നു." ഹിറ്റ്ലര്‍ ഇത് ദൈവികമായ അടയാളമാണെന്ന് പറഞ്ഞു.

പിറ്റേന്ന് പ്രഷ്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു:"ബോള്‍ഷെവിസം ജര്‍മനിയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമാണത്. രാജ്യവും ഭരണവും വലിയൊരു ഭീഷണി നേരിടുകയാണ്." വിചാരണ ഈ കേസിന്റെ വിചാരണ വിചിത്രമായിരുന്നു. 1933 സെപ്തംബര്‍മുതല്‍ ഡിസംബര്‍വരെ വിചാരണ നീണ്ടുനിന്നു. ലീപ്സിഗ് വിചാരണ എന്നാണിതറിയപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളായിനടന്ന വിചാരണയുടെ ഒരു ഘട്ടത്തിലും നാസികള്‍ക്ക് തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ മൂടിവയ്ക്കാന്‍ കഴിഞ്ഞില്ല. കേസില്‍ അഞ്ചുപ്രതികളാണുണ്ടായിരുന്നത്. മാറിനസ് വാന്‍ ദെര്‍ ല്യൂബ്, ഏണസ്റ്റ് ടോര്‍ഗ്ലര്‍, ജോര്‍ജി ദിമിത്രോവ്, ബ്ലോഗോയ് പോപോവ്, വാസില്‍ തനേവ്. ഡച്ച് കമ്യൂണിസ്റ്റ് പാര്‍ടിപ്രവര്‍ത്തകനായിരുന്നു മാറിനസ്. ഈ തീവയ്പ് സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മാറിനസിനാണെന്ന് കരുതപ്പെട്ടു. 1934ല്‍ അദ്ദേഹം വധശിക്ഷയ്ക്ക് വിധേയനായി. പിന്നീട് ജര്‍മനിയില്‍ കമ്യണിസ്റ്റ് ഭരണകാലത്തും പിന്നീടും അദ്ദേഹം കുറ്റവാളിയല്ലെന്ന് മരണാനന്തരം വിധിക്കപ്പെട്ടു. റീഷ്സ്റ്റാഗിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു ഏണസ്റ്റ് ടോര്‍ഗ്ലര്‍. വിചാരണാവേളയില്‍ ദിമിത്രോവ് സവിശേഷമായി ഉയര്‍ത്തിപ്പിടിച്ച സന്ദേശം ഇതായിരുന്നു: "എന്റെ കമ്യൂണിസ്റ്റ് ബോധ്യം ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, അക്കാരണം കൊണ്ടുതന്നെ ഞാന്‍ വ്യക്തി ഭീകരതയ്ക്കെതിരാണ്." ഈ വാദം വക്കീല്‍ മുഖേന ഉന്നയിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ നാസി സര്‍ക്കാര്‍ നിയോഗിച്ച വക്കീലിനെ വിശ്വസിക്കുന്നില്ലെന്നും തനിക്കുവേണ്ടി താന്‍ തന്നെ വാദിക്കുമെന്നും ദിമിത്രോവ് പറഞ്ഞു. തന്റെ വാദത്തിനിടയില്‍ തീവയ്പ് കേസിന്റെ രാഷ്ട്രീയം വിശദീകരിക്കുകയാണ് ദിമിത്രോവ് ചെയ്തത്. സാക്ഷികളായിവന്ന ഗോറിങ്ങിനേയും ഗീബല്‍സിനേയും അദ്ദേഹം പൂര്‍ണമായി തൊലിയുരിച്ചുകാണിച്ചു. അവരുടെ അഹങ്കാരപൂര്‍ണമായ വാക്കുകള്‍ എത്രമാത്രം പൊള്ളയാണെന്നും എങ്ങനെ ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കരിതേച്ചു കാണിക്കുന്നതിനുവേണ്ടി മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായ താനുള്‍പ്പെടെയുള്ള സഖാക്കളെ വ്യാജകേസില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു.
രാഷ്ട്രീയപ്രചാരണത്തിനുവേണ്ടി കോടതിയെ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയായി പലപ്പോഴും ദിമിത്രോവിനെ കോടതിമുറിയില്‍നിന്ന് പുറത്തിരുത്തി. സര്‍ക്കാര്‍സാക്ഷിയായ പ്രധാനമന്ത്രി ഗോറിങ്ങിനെ ജോര്‍ജി ദിമിത്രോവ് തന്നെ ക്രോസ് വിസ്താരം നടത്തി. വിസ്താരത്തിന്റെ ഒരു മാതൃക ഇതാ: ദിമിത്രോവ്: അറസ്റ്റ് ചെയ്യുമ്പോള്‍ ഡച്ച് കമ്യൂണിസ്റ്റ് വാന്‍ല്യൂബന്റെ കൈയില്‍നിന്ന് പാസ്പോര്‍ട്ടും കമ്യൂണിസ്റ്റ് പാര്‍ടി കാര്‍ഡും പിടിച്ചെടുത്തുവെന്ന് പ്രധാനമന്ത്രി പ്രസതാവിച്ചു. ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്? ഗോറിങ്ങ്: പൊലീസ് എല്ലാ കുറ്റവാളികളേയും പരിശോധിക്കുന്നു. അതിന്റെ വിവരം എന്നെ അറിയിക്കുന്നു. ദിമിത്രോവ്: വാന്‍ദെര്‍ല്യൂബിനെ പരിശോധിച്ച മൂന്നുദ്യോഗസ്ഥന്മാരും പറയുന്നുണ്ട്, അദ്ദേഹത്തില്‍നിന്ന് പാര്‍ടി കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന്. അപ്പോള്‍ അങ്ങനെയൊരു കാര്‍ഡ് ലഭിച്ചുവെന്ന വിവരം എവിടുന്ന് കിട്ടിയെന്ന് എനിക്കറിയണം. ഗോറിങ്ങ്: എന്നോട് ഒരുദ്യോഗസ്ഥന്‍ പറഞ്ഞതാണ്. തീപ്പിടുത്തത്തിന്റെ അന്നു രാത്രി എന്നോട് റിപ്പോര്‍ട്ട് ചെയ്തതാണ്. അതൊന്നും പരിശോധിക്കാനോ തെളിയിക്കാനോ കഴിയില്ല. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതാണത്. അത് ഞാന്‍ മുഖവിലയ്ക്ക് സ്വീകരിച്ചു. അത് പരിശോധിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ വസ്തുതയായി അംഗീകരിച്ചു. അപ്രകാരം പ്രസിദ്ധപ്പെടുത്തി. അഗ്നിബാധ നടന്നതിന്റെ പിറ്റേന്ന് ഞാന്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ വാന്‍ദെര്‍ല്യൂബിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചിരുന്നില്ല. പക്ഷേ, അതിലെന്താ പരാതിപ്പെടാന്‍. അയാളുടെ കൈയില്‍ പാര്‍ടി കാര്‍ഡുണ്ടായിരുന്നില്ലെന്ന് ഈ വിചാരണയില്‍ തെളിഞ്ഞു.

ദിമിത്രോവ്: വാന്‍ദെല്യൂബിന്റെ ചലനങ്ങള്‍, അയാളുടെ കൂട്ടാളികള്‍, അയാളുടെ വാസം തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ചുവോ- ഇതൊക്കെ അറിയണം. ഗോറിങ്ങ്: ഞാനൊരുദ്യോഗസ്ഥനല്ല. ഉത്തരവാദപ്പെട്ട മന്ത്രിയാണ്. ഇത്തരം നിസ്സാരകാര്യങ്ങളൊന്നും ഞാനറിയേണ്ടതില്ല. പാര്‍ടിയെ( കമ്യൂണിസ്റ്റ് പാര്‍ടി- സി പി) തുറന്നുകാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അവരുടെ മനോഭാവം പുറത്തുകൊണ്ടുവരികയാണെന്റെ ഉദ്ദേശ്യം. ദിമിത്രോവ്: ആദരണീയനായ മന്ത്രിക്കറിയാമോ, അദ്ദേഹം പഴിക്കുന്ന ഈ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ ഇന്ന് ലോകത്തില്‍ ആറിലൊന്നിന്റെ ഭാഗധേയം നിര്‍ണയിക്കുകയാണെന്ന്? സോവിയറ്റ് യൂണിയന്റെ? ഗോറിങ്ങ്: റഷ്യയിലെന്തുനടക്കുന്നുവെന്ന് ഞാന്‍ ഗൗനിക്കുന്നില്ല. അവരെങ്ങനെ ബില്ലടക്കുന്നുവെന്നതൊന്നും എന്റെ പ്രശ്നമല്ല, ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ടിയാണെന്റെ പ്രശ്നം. റീഷ്സ്റ്റാഗിനു തീവയ്ക്കാന്‍ വന്ന വട്ടന്മാരാണെന്റെ പ്രശ്നം. ദിമിത്രോവ്: ഈ ക്രിമിനല്‍ മനോഭാവമാണ് സോവിയറ്റ് യൂണിയനെ ഭരിക്കുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യത്തെ, ഏറ്റവും നല്ല രാജ്യത്തെ. ആദരണീയ മന്ത്രിക്കതറിയാമോ?

ഗോറിങ്ങ്: ജര്‍മന്‍ ജനതയ്ക്കറിയാവുന്ന കാര്യം പറയാം. നിങ്ങള്‍ വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്ന് അവര്‍ക്കറിയാം. നിങ്ങള്‍ ജര്‍മനിയിലേക്കു നുഴഞ്ഞു കയറിയ കമ്യൂണിസ്റ്റ് വട്ടനാണെന്നുമവര്‍ക്കറിയാം. നിങ്ങള്‍ റീഷ്സ്റ്റാഗിനു തീവച്ചുവെന്നുമവര്‍ക്കറിയാം. എന്റെ കണ്ണില്‍ നിങ്ങള്‍ വെറുമൊരു തെമ്മാടിയാണ്. ഭ്രാന്തനാണ്. നിങ്ങളുടെ സ്ഥാനം കഴുമരമാണ്. ലീപ്സിഗ് വിചാരണ ലോകശ്രദ്ധ പിടിച്ചുപറ്റി. കോടതി എല്ലാ കമ്യൂണിസ്റ്റുകാരെയും ശിക്ഷിക്കുമെന്നാണ് ആശങ്കപ്പെട്ടിരുന്നത്.പക്ഷേ, വിധി പ്രഖ്യാപിച്ചപ്പോള്‍ വാന്‍ദെര്‍ല്യൂബിനെ മാത്രമേ ശിക്ഷിച്ചുള്ളൂ. മറ്റുനാലുപേരും കുറ്റക്കാരല്ലെന്നു വിധിയുണ്ടായി. ഈ വിധി ഹിറ്റ്ലറെ ക്രുദ്ധനാക്കി. ഇനിമുതല്‍ രാജ്യദ്രോഹമുള്‍പ്പെടുന്ന എല്ലാ കേസുകളും ജനകീയകോടതിയെന്ന പുതിയകോടതിയാണ് വിചാരണചെയ്യുകയെന്ന് അയാള്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് ഉത്തരവുണ്ടായി. ഈ കോടതി നാസി വിശ്വസ്തന്മാരടങ്ങുന്ന കോടതിയായിരുന്നു.

1944ലെ ഹിറ്റ്ലര്‍ വധഗൂഢാലോചനയുള്‍പ്പെടെ അനേകം കേസുകളില്‍ ഈ കോടതി ആയിരക്കണക്കിന് പേര്‍ക്ക് വധശിക്ഷ വിധിച്ചു. ല്യൂബിനെ 1934ല്‍ ശിരഛേദം ചെയ്തു. പക്ഷേ 1967ല്‍ മരണാനന്തരം അദ്ദേഹത്തിന്റെ ശിക്ഷ എട്ടുവര്‍ഷത്തെ തടവായി വിധിക്കപ്പെട്ടു. 1981ല്‍ പശ്ചിമജര്‍മന്‍ കോടതി ല്യൂബ് കുറ്റവാളിയല്ലെന്ന് കണ്ടെത്തി. അഗ്നിബാധയുടെ സമയത്ത് അദ്ദേഹത്തിന് ബുദ്ധിസ്ഥിരതയില്ലെന്ന കാരണമാണ് ഇതിനു പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന് മാപ്പുനല്‍കുന്ന വിധിയുണ്ടായി. വാന്‍ദെര്‍ല്യൂബിനെ ശിക്ഷിക്കുന്നതിനു അടിസ്ഥാനമായ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമായതിനാലായിരുന്നു ഇത്. ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ പൂര്‍ണമായി ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു നാസികളുടെ മോഹം. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവഹേളിക്കുക എന്നതും അവരുടെ താല്‍പര്യമായിരുന്നു. അതിനുസൃതമായ ഒരു സംഭവം അവര്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് നിഷ്പക്ഷമതികളായ എല്ലാവരും സമ്മതിക്കുന്നുണ്ട്.

1943ല്‍ ഹിറ്റ്ലറിന്റെ ജന്മദിനാഘോഷവേളയില്‍ നടന്ന ഒരു സംഭാഷണം The Rise and Fall of the Third Reich എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭാഷണം ക്രമേണ റീഷ്സ്റ്റാഗ് സംഭവത്തിലേക്ക് തിരിഞ്ഞു. റീഷ്സ്റ്റാഗ് മന്ദിരത്തിന്റെ കലാമൂല്യവും അവിടെ സംഭാഷണവിഷയമായി. ആ സംഭാഷണത്തില്‍നിന്ന് ജനറല്‍ ഫ്രാസ്ഹാല്‍ഡര്‍ രേഖപ്പെടുത്തുന്നു: ""ഞാന്‍ സ്വന്തം ചെവികൊണ്ട് കേട്ടു, ഗോറിങ്ങ് പറയുന്നത്, റീഷ്സ്റ്റാഗ് മന്ദിരത്തെ കുറിച്ചറിയുന്ന ഒരാളേയുള്ളൂ, ഈ ഞാന്‍, ഞാനതിനു തീകൊടുത്തു. ഇതുപറഞ്ഞ് അയാള്‍ സ്വന്തം തുടകളിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു"" .

ജനങ്ങളുടെ ഉദാസീനത 1934ന് ശേഷം ഹിറ്റ്്ലര്‍ ദീര്‍ഘകാലം ജര്‍മന്‍ ഏകാധിപതിയായി തുടര്‍ന്നു. ആദ്യനാളുകളില്‍ അയാളെ അംഗീകരിച്ചവര്‍ക്കും പിന്നീട് കമ്യൂണിസ്റ്റുകാരുടെ വാദമംഗീകരിക്കേണ്ടിവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ നാലും അഞ്ചും ദശാബ്ദങ്ങളില്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങള്‍ ജര്‍മനിയിലെ നാസി ഭരണകൂടം ചെയ്തുകൂട്ടി. ജനങ്ങളുടെ രാഷ്ട്രീയ അശ്രദ്ധയായിരുന്നു ഇതിന് കാരണം. ധൈഷണികമായ അനേകം കാരണങ്ങള്‍ പറയാനുണ്ടാവാം. പ്രബുദ്ധതയുടെ മൂല്യങ്ങള്‍ ജര്‍മന്‍ ആര്യമേല്‍ക്കോയ്മാ കാല്‍പനികത നിരസിച്ചുവെന്നും നിയമവ്യവസ്ഥ തകിടംമറിക്കപ്പെട്ടുവെന്നുമെല്ലാം പറയാം. പക്ഷേ ജനങ്ങളുടെ ഉദാസീനത അവര്‍ക്കു നഷ്ടപ്പെടുത്തിയത് സ്വാതന്ത്ര്യവും ജീവിതവുമായിരുന്നു. ""പോലീസുകാരന്റെ തോക്കില്‍നിന്നുതിരുന്ന ബുള്ളറ്റാണ് എന്റെ ബുള്ളറ്റ്. അത് കൊലപാതകമാണെന്ന് നിങ്ങള്‍ പറയുന്നുവോ? ശരി, അതൊരു കൊലപാതകം തന്നെയാണെന്ന് ഞാനും സമ്മതിക്കുന്നു. ഞാനാണ് ആ കൊലയാളി. എനിക്ക് രണ്ടുതരം നിയമമറിയാം. കാരണം എനിക്ക് രണ്ടുതരം മനുഷ്യരെ അറിയാം, ഞങ്ങളുടെ കൂടെ നില്ക്കുന്നവര്‍, ഞങ്ങളുടെ കൂടെയല്ലാത്തവര്‍""-ഗോറിങ്ങിന്റെ ഈ പ്രസ്താവം അക്ഷരാര്‍ഥത്തില്‍ നടപ്പായി. സന്ദേശം വളരെ വ്യക്തമായിരുന്നു. കടുത്ത ഉദാസീനത പ്രകടിപ്പിച്ച ജര്‍മന്‍ജനത ശപിക്കപ്പെട്ട അനേകം ദുരന്തങ്ങള്‍ക്ക് കാരണക്കാരായി- കമ്യൂണിസ്റ്റുവേട്ട, ജൂതവേട്ട, ഇതരന്യൂനപക്ഷങ്ങളുടെ വേട്ട, ബുദ്ധിജീവിഭാഗങ്ങളുടെ വേട്ട, രണ്ടാം ലോകമഹായുദ്ധം.

മാര്‍ട്ടിന്‍ നിയോമുള്ളറെന്ന പാതിരി എഴുതി: "" ആദ്യം അവര്‍ കമ്യൂണിസ്റ്റുകള്‍ക്കായി വന്നു ഞാന്‍ ശബ്ദിച്ചില്ല കാരണം ഞാനൊരു കമ്യൂണിസ്റ്റായിരുന്നില്ലല്ലോ പിന്നീടവര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കായി വന്നു ഞാന്‍ ശബ്ദിച്ചില്ല കാരണം ഞാനൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നില്ലല്ലോ പിന്നീടവര്‍ ജൂതന്മാര്‍ക്കായിവന്നു ഞാന്‍ ശബ്ദിച്ചില്ല കാരണം ഞാനൊരു ജൂതനായിരുന്നില്ലല്ലോ അവസാനം അവര്‍ എനിക്കായി വന്നു അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല."" തുടക്കത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധനും ഹിറ്റ്ലര്‍ അനുഭാവിയുമായ ഒരു ലൂഥറന്‍ പുരോഹിതനായിരുന്നു മാര്‍ട്ടിന്‍ നിയോ മുള്ളര്‍. ഹിറ്റ്ലര്‍ക്ക് മതത്തിലുമുപരി തന്റെ ഭരണസംവിധാനമായിരുന്നു പ്രധാനം. ഈ തിരിച്ചറിവില്‍ മുള്ളര്‍ ഒരു പ്രതിരോധഗ്രൂപ്പ് സംഘടിപ്പിച്ചു. 1937ല്‍ അറസ്റ്റ് വരിക്കുകയും 1945വരെ ജയില്‍വാസമനുഭവിക്കുകയും ചെയ്തു. രാഷ്ട്രീയമായ അനാസ്ഥക്കെതിരായ വലിയ മുന്നറിയിപ്പാണ് മുള്ളറുടെ ചെറിയ കവിത. ഇപ്പോള്‍ ഏകാധിപതി ലക്ഷ്യം വയ്ക്കുന്നത് നിങ്ങളെതിര്‍ക്കുന്ന ഒരാളെയാവാം, ഒരു വിഭാഗത്തെയാവാം, പക്ഷേ പതുക്കെ ഏകാധിപതിയുടെ കുരുക്കുകള്‍ നിങ്ങളുടെ കഴുത്തിലേക്ക് നീങ്ങുകയാണ്.

ചരിത്രത്തില്‍ ഇതിനു സമാന്തരമായ മറ്റൊരുദാഹരണമുണ്ട്. നാലാം നൂറ്റാണ്ടിലെ റീഷ്സ്റ്റാഗ് അഗ്നിബാധ എന്നാണിതറിയപ്പെടുന്നത്. റോമാചക്രവര്‍ത്തി ഡയോക്ലീഷ്യന്റെ കൊട്ടാരം കത്തിച്ചുവെന്ന് നവക്രൈസ്തവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണമാണത്. പുതുവിശ്വാസികള്‍ക്കെതിരെ പരമാവധി പീഡനങ്ങള്‍ നല്കുന്നതിനുള്ള ന്യായീകരണമായി കൊട്ടാരത്തിനു തീ കൊടുക്കാന്‍ ചക്രവര്‍ത്തി തന്നെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. ഇതുവഴി പുതുക്രൈസ്തവരെ പൊതുജനശത്രുക്കളായി ചിത്രീകരിച്ചു. പക്ഷേ, ക്രൈസ്തവമതം ആ പീഡനത്തെ അതിജീവിച്ചു. ഈ അതിജീവനസമരത്തിനിടയില്‍ നൂറുകണക്കില്‍ രക്തസാക്ഷികളുണ്ടായി. അതുകൊണ്ടാണ് രക്തസാക്ഷിയുടെ ചോരയിലാണ് ക്രൈസ്തവമതം ഉറപ്പിച്ചിരിക്കുന്നത് എന്ന് പറയുന്നത്. എന്താണ് ഈ സംഭവങ്ങളുടെ സമകാലീനപ്രസക്തി?

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഒരു വിവാദത്തിന്റെ പശ്ചാത്തലവുമായി നമുക്കിതിനെ താരതമ്യം ചെയ്യാം. ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കേരളീയ ജീവിതത്തിന്റെ അലകും പിടിയും മാറ്റിയ മഹാപ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. അവിഭക്തപാര്‍ടിയുടെ മഹനീയ പാരമ്പര്യം നിലനിര്‍ത്തുന്ന പ്രസ്ഥാനമാണ് സിപിഐ എം. ആ പാര്‍ടിക്കെതിരെയാണ് കേരളത്തിലെ ഭരണമുന്നണി വാളോങ്ങി നില്‍ക്കുന്നത്. ഇന്ന് കേരളം ഭരിക്കുന്ന മുന്നണി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പതനത്തിലെത്തിനില്‍ക്കുകയാണ്. പതിറ്റാണ്ടുകളായി കേരളം നേടിയെടുത്ത് സൂക്ഷിച്ചിരുന്ന എല്ലാ നല്ല സംരംഭങ്ങളേയും ആ മുന്നണി തകിടം മറിച്ചു. രാഷ്ട്രീയത്തെ കേവലം ജാതി- മത സംരംഭമാക്കി ന്യൂനീകരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേല്‍ കേരളത്തിനുള്ള സ്വാഭാവികമായ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി. ജനജീവിതം ചരിത്രത്തിലെ ഏറ്റവും വലിയ ദുസ്സഹാവസ്ഥയിലെത്തിച്ചേര്‍ന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനുവേണ്ടി നിയമസഭാ സാമാജികന്മാരെ കാലുമാറ്റി രാജിവയ്പിക്കുന്ന സമ്പ്രദായം തുടങ്ങിവച്ചു. അതിന്റെ ഫലമായി കോടിക്കണക്കിന് രൂപ ജനങ്ങളുടെ നികുതിവരുമാനത്തില്‍നിന്ന് ചെലവാക്കി അകാലത്തിലൊരു തെരഞ്ഞെടുപ്പിന് വഴിയൊരുക്കി. മന്ത്രിമാരുടെ, വിശിഷ്യാ മുഖ്യമന്ത്രിയുടെ പേരിലുള്ള അഴിമതിക്കേസുകളോരോന്നായി എഴുതിത്തള്ളി. ഈ മുന്നണിയുടെ തലതൊട്ടപ്പന്മാരുടെ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ജനവിരുദ്ധമായ കാലവും ഇതുതന്നെ. ഈ സാഹചര്യത്തിലാണ് നെയ്യാറ്റിന്‍കരയിലെ കാലുമാറ്റ തെരഞ്ഞെടുപ്പ് നടക്കുന്നത്.

2011ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരാള്‍ രാജിവച്ച് ജനസേവനത്തിനു വീണ്ടുമൊരവസരം നല്‍കാന്‍ നാണമില്ലാതെ വോട്ട് ചോദിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഈ പശ്ചാത്തലത്തിലാണ് ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെടുന്നത്. കൊലനടന്ന് മിനുട്ടുകള്‍ക്കകം കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും ചാനലുകളും പത്രങ്ങളുമെല്ലാം സിപി ഐ എമ്മിന്റെ ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടുകയാണ്. കൊലപാതകത്തെ വലിയ ആഘോഷമാക്കി മാറ്റുകയാണവര്‍. ദിവസേനയെന്നോണം കുറ്റവാളികളുടെ പേരുകള്‍മാറുന്നു; ഗൂഢാലോചനയുടെ രീതികള്‍ മാറുന്നു. മാറാതെ നില്‍ക്കുന്നത് അവരുടെ കമ്യൂണിസ്റ്റ് വിരോധം മാത്രം. ഈ സന്ദര്‍ഭത്തില്‍ ഉണ്ടാവുന്ന ഏത് ഉദാസീനതയും കേരളത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടു കൊണ്ടുപോവും. ചരിത്രം മാപ്പുനല്‍കാത്ത ക്രൂരമായ പ്രചാരവേലയാണ് കേരളത്തിലിന്ന് നടക്കുന്നത്. അതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ജര്‍മന്‍ ജനത അനുഭവിച്ച പതിറ്റാണ്ടുകളുടെ ജനവിരുദ്ധഭരണസംവിധാനത്തിലേക്ക് കേരളം മറിഞ്ഞുവീഴും. നമ്മുടെ ജീവിതസൗകര്യങ്ങള്‍ ഇല്ലാതാവും, സ്വാതന്ത്ര്യം നഷ്ടമാവും. നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്.

*
സി പി അബൂബക്കര്‍ ദേശാഭിമാനി വാരിക 03 ജൂണ്‍ 2012

No comments: