Sunday, May 20, 2012

ഇന്ത്യന്‍ പേറ്റന്റ് നിയമവും ഔഷധവില വര്‍ധനവും

ബേയര്‍ ഒരു ജര്‍മ്മന്‍ കമ്പനിയാണ്. അന്താരാഷ്ട്ര മരുന്നുല്‍പ്പാദനരംഗത്ത് അതികായന്‍. ബേയറും ഓനിക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സും ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഒരു മരുന്നാണ് നെക്‌സാവര്‍. രാസനാമം സൊറാഫ്‌നിബ്‌ടോസിലേറ്റ്. കരളിനുണ്ടാകുന്ന അര്‍ബുദം (ഹെപ്പറ്റോ സെല്ലുലാര്‍ കാര്‍സിനോമാ), വൃക്കയിലുണ്ടാകുന്ന അര്‍ബുദം (റേനല്‍സെല്‍ കാസിനോമാ) ഇവയ്ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗുളികകള്‍. അര്‍ബുദരോഗികളുടെ ആയുസ് നീട്ടാന്‍ ഉപയുക്തമാകുന്ന ഈ മരുന്ന് ഒരുമാസം 120 ഗുളികകള്‍ എന്നഡോസില്‍ കഴിക്കുവാന്‍ ചെലവ് 2.84 ലക്ഷം രൂപ! ഒരുവര്‍ഷം ആയുസിനുവില 34 ലക്ഷം.

ഇതേമരുന്ന് ഹൈദരാബാദിലുള്ള നാറ്റ്‌കോഫാര്‍മ എന്ന ഇന്ത്യന്‍ കമ്പനി ഒരുമാസത്തെ ഡോസിന് വെറും 8840 രൂപയ്ക്ക് ഉണ്ടാക്കിവില്‍ക്കാന്‍ കഴിയുമെന്നും തെളിയിച്ചുകൊണ്ട് പേറ്റന്റ് വിഭാഗത്തിന്റെ കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കി. നിലവിലുള്ള ഇന്ത്യന്‍ പേറ്റന്റ് ആക്ടിലെ 184-ാം വകുപ്പുപ്രകാരം ഒരുമരുന്ന് വിപണിയിലിറക്കി മുന്ന് വര്‍ഷത്തിനുശേഷം രാജ്യത്ത് കുറഞ്ഞവിലയ്ക്ക് ആ മരുന്ന് ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും ബോധ്യപ്പെടുകയാണെങ്കില്‍ നിര്‍ബന്ധിത ലൈസന്‍സ് നല്‍കിക്കൊണ്ട് കുറഞ്ഞവിലയ്ക്ക് ഉല്‍പ്പാദനം നടത്തി വില്‍ക്കുവാന്‍ തയ്യാറാകുന്നകമ്പനിക്ക് അനുമതി നല്‍കുവാന്‍ വ്യവസ്ഥയുണ്ട്. മലയാളിയായ കണ്‍ട്രോളര്‍ ജനറല്‍ പി എച്ച് കുര്യന്‍ ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പ് നാറ്റ്‌കോഫാര്‍മ കമ്പനിക്ക് നെക്‌സാവര്‍ എന്ന ഔഷധം ഉല്‍പ്പാദിപ്പിക്കാനുള്ള നിര്‍ബന്ധിത ലൈസന്‍സ് ഈ മാസം നല്‍കി. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ നിര്‍ബന്ധിത ലൈസന്‍സ് ഇപ്രകാരം നല്‍കിക്കൊണ്ട് ജീവനറ്റപോലെ കിടന്ന ഒരു വകുപ്പിനെ ചൈതന്യവല്‍ക്കരിച്ചുകൊണ്ട് പി എച്ച് കുര്യന്‍ പടിയിറങ്ങുന്നു.

2.84 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ഒരുമരുന്ന് 8840 രൂപയ്ക്ക് ലഭ്യമാകുന്ന ഈ പ്രക്രിയ സാധാരണഗതിയില്‍ എന്തുകൊണ്ടാണ് അനുവദിക്കപ്പെടാതിരിക്കുന്നത്. ഇതറിയണമെങ്കില്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ലോകവ്യാപാരസംഘടനയുടെ ഡബഌു ടി ഒ നിര്‍ബന്ധങ്ങള്‍ക്ക് നാം വഴങ്ങിയപ്പോഴുണ്ടായ മാറ്റങ്ങളേപ്പറ്റി പരിശോധിക്കേണ്ടത് ആവശ്യമായിവരുന്നു.
ഇന്ത്യയില്‍ ഒരു പേറ്റന്റ് നിയമമുണ്ടാവുന്നത് 1856 ലാണ്. പലപ്രാവശ്യം ഭേദഗതികള്‍ക്കു വിധേയമായ ആ നിയമം കുറച്ചുകൂടി സമഗ്രമായ നിയമമായത് 1911 ലാണ്. ഇന്ത്യന്‍ പേറ്റന്റ്‌സ്് ആന്‍ഡ് ഡിസൈന്‍ ആക്ട് എന്ന പേരില്‍ 1920 ലും 1930 ലും ചില ചെറിയഭേദഗതികള്‍ ഇതിനുണ്ടായി. ഇവയെല്ലാം ബ്രിട്ടീഷുകാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുതകുന്ന രീതിയിലായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1957 ല്‍ എന്‍ രാജഗോപാല അയ്യങ്കാര്‍ അധ്യക്ഷനായുള്ള ഒരു കമ്മിഷന്‍ പേറ്റന്റ് നിയമപരിഷ്‌കരണത്തിനായി നിയമിക്കപ്പെട്ടു. ആദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ട് വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയായ ഒരു നിയമം ഉണ്ടായത് 1970 ലാണ്. ഈ നിയമം ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക വ്യവസായമേഖലയെ വളര്‍ത്തുന്നതിന് വളരെയധികം സഹായകമായി.

ഇന്ത്യന്‍ പേറ്റന്റ് നിയമം ഐ പി എല്‍ 1970 എന്നറിയപ്പെട്ട ഈ നിയമത്തിന്റെ പ്രത്യേകതകള്‍ ഇവയായിരുന്നു.

1. കൃഷി, സസ്യങ്ങള്‍, മൃഗങ്ങള്‍, ചികിത്സാരീതികള്‍ ഇവയ്ക്ക് പേറ്റന്റ് അനുവദിക്കുന്നതല്ല.

2. ആണവോര്‍ജ്ജ മേഖല പേറ്റന്റിന്റെ പരിധിയില്‍ വരികയില്ല.

3. ഔഷധങ്ങള്‍, രാസഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഉല്‍പ്പന്ന പേറ്റന്റ് 'പ്രോഡക്ട് പേറ്റന്റ്' അനുവദിക്കുകയില്ല. പകരം ഉല്‍പ്പാദന പ്രക്രിയാ പേറ്റന്റ് മാത്രമേ അനുവദിക്കുകയുള്ളൂ.

4. പ്രക്രിയാ പേറ്റന്റിന്റെ പരിധിയില്‍ വരുന്ന ഔഷധം, രാസഉല്‍പ്പന്നം എന്നിവയ്ക്ക് ഏഴുവര്‍ഷത്തേക്ക്മാത്രമേ പേറ്റന്റ് അനുവദിക്കു. മറ്റുള്ളവയ്ക്ക് പതിനാലുവര്‍ഷവും.

എന്താണ് ഉല്‍പ്പന്ന പേറ്റന്റും ഉല്‍പ്പാദനപ്രക്രിയാ പേറ്റന്റും തമ്മിലുള്ള വ്യത്യാസം. ഒരു ചെറിയ ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം.

'ചായ' കണ്ടുപിടിച്ച ആള്‍ അതിനൊരു പേറ്റന്റെടുക്കുന്നു എന്നു വിചാരിക്കുക. ചായ ഒരു ഉല്‍പ്പന്നമാണ്. ഉല്‍പ്പന്നപേറ്റന്റു നല്‍കുന്ന രാജ്യത്ത് ചായക്ക് പേറ്റന്റ് അനുവദിച്ചുകിട്ടിയാല്‍ പിന്നെ ആ ചായയുണ്ടാക്കിവിറ്റാലും പേറ്റന്റെടുത്ത ആള്‍ക്ക് റോയല്‍റ്റി കൊടുക്കണം. 'ചായ' എന്ന ഉല്‍പ്പന്നത്തിനാണ് അവിടെ പ്രസക്തി.

ഇനി പ്രക്രിയാ പേറ്റന്റുള്ള രാജ്യത്താണ് ഈ പേറ്റന്റിനുള്ള അപേക്ഷ സമര്‍പ്പിക്കപ്പെടുന്നതെന്ന് വിചാരിക്കുക. ചായയുണ്ടാക്കുന്നരീതിക്കേ ഇവിടെ പ്രസക്തിയുള്ളൂ. അപേക്ഷ സമര്‍പ്പിക്കുന്നയാള്‍ ചായ എങ്ങനെയാണുണ്ടാക്കുന്നതെന്ന് വിശദീകരിക്കുന്നു. വെള്ളം തിളപ്പിച്ച് അതില്‍ തേയിലയിട്ട് പിന്നീട് തിളപ്പിച്ചുവച്ച പാലുചേര്‍ത്ത് ...... അങ്ങനെ. ഈ പ്രക്രിയക്ക് പേറ്റന്റ് ലഭിച്ചാല്‍ പിന്നെ വേറൊരാള്‍ക്ക് ആ രീതിയില്‍ ചായയുണ്ടാക്കി വില്‍ക്കാനാവില്ല. എന്നാല്‍ മറ്റൊരാള്‍ക്ക് വെള്ളവും പാലും, തേയിലയും ഒന്നിച്ചുചേര്‍ത്ത് തിളപ്പിച്ചു ചായയുണ്ടാക്കുന്നതിന് ഈ പേറ്റന്റു തടസമാകുന്നില്ല. കാരണം അയാള്‍ വ്യത്യസ്ഥമായ പ്രക്രിയയിലാണല്ലോ ചായയുണ്ടാക്കിയത്.

1970 ലെ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ പ്രക്രിയാ പേറ്റന്റുകള്‍ മാത്രമേ ഔഷധങ്ങള്‍ക്കും രാസഉല്‍പ്പന്നങ്ങള്‍ക്കും അനുവദിക്കൂ എന്ന വ്യവസ്ഥ ഔഷധനിര്‍മ്മാതാക്കളായ അനേകം ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്ത് ഉല്‍പ്പന്ന പേറ്റന്റ് ലഭിച്ച പല ഔഷധങ്ങളും ഉല്‍പ്പാദനപ്രക്രിയയില്‍ ചെറിയമാറ്റം വരുത്തി നിര്‍മ്മിക്കാന്‍ അവസരം നല്‍കി. അങ്ങനെ വളരെ കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ജനറ്റിക് ഔഷധങ്ങള്‍ ആഭ്യന്തരവിപണിയില്‍ മാത്രമല്ല ആഫ്രിക്കന്‍ രാജ്യങ്ങള്‍പോലുള്ള അവികസിത രാജ്യങ്ങളിലും സൂഗമമായി വില്‍ക്കാന്‍ കഴിഞ്ഞു. അന്താരാഷ്ട്രകമ്പനികള്‍ വിറ്റിരുന്ന വിലയുടെ പത്തിലൊന്നുവിലയ്ക്ക്.

ഒറ്റ ഉദാഹരണം മതി ഇതു വിശദീകരിക്കാന്‍. 1974 ല്‍ അന്താരാഷ്ട്രവിപണിയില്‍ 'റിഫാംപിസിന്‍' എന്ന പേരില്‍ ക്ഷയരോഗത്തിനും കുറെയൊക്കെ കുഷ്ഠരോഗത്തിനും ഫലപ്രദമായ ഒരു മരുന്ന് പുറത്തിറങ്ങി. അന്താരാഷ്ട്രവിപണിയില്‍ ഒരു ഗുളികയ്ക്ക് 40 രൂപ വിലയുണ്ടായിരുന്ന ഈ ഔഷധം  വെറും മൂന്ന് രൂപയ്ക്ക് 1980 ല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. ക്ഷയരോഗികളും കുഷ്ഠരോഗികളും ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്ക് എത്രമാത്രം സഹായകരമായി എന്നുപറയേണ്ടതില്ലല്ലോ.

എന്നാല്‍ ഉല്‍പ്പന്നപേറ്റന്റുകള്‍ മാത്രം ലോകത്തെങ്ങും നിലനില്‍ക്കുന്നരീതി നടപ്പാക്കുന്നതിന് വ്യാപാരബന്ധങ്ങളും താരിഫും ചര്‍ച്ച ചെയ്യുന്ന സംഘടനയായ ഗാട്ടിന്റെ അജണ്ട ബൗദ്ധികസ്വത്തവകാശവും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് ഉള്‍പ്പെടുത്തണമെന്ന ആവശ്യം അമേരിക്കയടക്കമുള്ള സമ്പന്നരാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ചു. ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും 1989 ല്‍ മോണ്‍ട്രിയയില്‍ ചേര്‍ന്ന ഗാട്ട് വിലയിരുത്തല്‍ യോഗം ബൗദ്ധികസ്വത്തവകാശവും അജണ്ടയില്‍പെടുത്തി. ട്രിപ്‌സ് അഥവാ വ്യാപാരബന്ധിത ബൗദ്ധികസ്വത്തവകാശങ്ങള്‍ ട്രേഡ് റിലേറ്റഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് എന്ന പേരില്‍ ഈ ഇനം അറിയപ്പെട്ടു. ഇതും കൃഷി, സേവനമേഖല, വിദേശമൂലധന നിക്ഷേപം എന്നിവയും ഉള്‍പ്പെടുത്തിയുള്ള സമ്പൂര്‍ണ്ണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ആര്‍തര്‍ ഡങ്കല്‍ അധ്യക്ഷനായ ഒരു സമിതി രൂപീകരിക്കപ്പെട്ടു. അമേരിക്കയുടേയും മറ്റു മുതലാളിത്തരാജ്യങ്ങളുടേയും ഇച്ഛയ്ക്ക് പൂര്‍ണ്ണമായി വഴങ്ങിക്കൊണ്ട് സമര്‍പ്പിക്കപ്പെട്ട ''ഡങ്കല്‍ നിര്‍ദേശങ്ങള്‍'' ഏതാണ്ട് പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് ഗാട്ടിന്റെ ഉറുഗ്വേ വട്ടം ചര്‍ച്ചകള്‍ അവസാനിക്കുന്നത്. 1995 ല്‍ ഗാട്ട് ലോകവ്യാപാരസംഘടനയായി ഡബഌു ടി ഒ രൂപംപ്രാപിച്ചപ്പോള്‍ ട്രിപ്‌സ് അതിന്റെ സുപ്രധാന നിയമങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടു. ഇന്ത്യ അടക്കമുള്ള വികസ്വരരാജ്യങ്ങള്‍ ഡബഌു ടി ഒ യില്‍ അംഗമായതോടെ പേറ്റന്റ് നിയമങ്ങള്‍ സമ്പൂര്‍ണമായി പൊളിച്ചെഴുതാന്‍ നിര്‍ബന്ധിതരായി. പത്തുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഉല്‍പ്പന്ന പേറ്റന്റ് സമ്പ്രദായം പാര്‍ലമെന്റില്‍ പാസാക്കി നിയമമാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇന്ത്യ 2005 ല്‍ ഈ നടപടി പൂര്‍ത്തിയാക്കി.
2005 ലെ ഇന്ത്യന്‍ പേറ്റന്റുനിയമ ഭേദഗതിമുഖേന ഔഷധരംഗത്ത് പ്രക്രിയാ പേറ്റന്റുരീതി ഉല്‍പ്പന്നപേറ്റന്റുരീതിക്കു വഴിമാറുകയും പേറ്റന്റുകാലാവധി ഏഴ് വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി നിജപ്പെടുത്തുകയും ചെയ്തതോടെ അന്താരാഷ്ട്രകുത്തകകള്‍ പേറ്റന്റെടുത്ത ഔഷധങ്ങള്‍ മറ്റേതുസാമ്പത്തിക മാര്‍ഗത്തിലൂടെയും ഇന്ത്യന്‍ കമ്പനികള്‍ക്ക് വികസിപ്പിച്ചെടുക്കാനാവില്ല എന്നനിലവന്നു. പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഒരാളുടെ പേരില്‍ കേസുകൊടുത്താല്‍ കുറ്റങ്ങള്‍ തെളിയിക്കേണ്ട ചുമതല പരാതിക്കാരനായിരുന്നത് പുതിയ നിയമപ്രകാരം പ്രതിക്കായി മാറിയ വിചിത്രമായ നിബന്ധനകളും അംഗീകരിക്കേണ്ടിവന്നു. നിര്‍ബന്ധിത ലൈസന്‍സുകള്‍ മരുന്ന് രാസവസ്തു വ്യവസായങ്ങള്‍ക്ക് സുഗമമായി നല്‍കാന്‍ കഴിഞ്ഞിടത്ത് ഉല്‍പ്പന്നമിറങ്ങി മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം അത്യപൂര്‍വമായ അത്യാവശ്യഘട്ടങ്ങളില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ക്കുമാത്രം നിര്‍ബന്ധിത ലൈസന്‍സ് നല്‍കാനേ കഴിയൂ എന്നനിലവന്നു.

ഔഷധങ്ങളുടെ വില കുത്തനേ ഉയര്‍ന്നു. പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമായിതീര്‍ന്ന വിദഗ്ധചികിത്സ ആരോഗ്യഇന്‍ഷ്വറന്‍സില്ലാത്ത ഒരാള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ കാലെടുത്തുവയ്ക്കാന്‍ വയ്യാത്തനിലയാണിന്ന്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് അന്താരാഷ്ട്രകമ്പനികള്‍ ഇന്ത്യന്‍ കുത്തകകളുമായി സംയുക്തസംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ആരോഗ്യസംരക്ഷണത്തിനാവശ്യമായ ചികിത്സാസംവിധാനം സാധാരണക്കാരനില്‍ നിന്നും അന്യമായികഴിഞ്ഞിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍വേണം കാന്‍സര്‍ ചികിത്സയ്ക്കുള്ള നെക്‌സാവര്‍ എന്ന മരുന്നിന്റെ 2.84 ലക്ഷം രൂപ എന്ന പ്രതിമാസ ഡോസിനുള്ള വിലയെ കാണുവാന്‍. പ്രസിദ്ധ കാന്‍സര്‍ വിദഗ്ധനായ ഡോ. എം കൃഷ്ണന്‍ നായര്‍ പറയുന്നത് നെക്‌സാവാര്‍ പോലെയുള്ള മരുന്ന് പ്രതിമാസം 8840 രൂപയ്ക്ക് ലഭ്യമാക്കിയാലും എത്ര പാവപ്പെട്ട അര്‍ബുദരോഗികള്‍ക്ക് ആ ചെലവ് താങ്ങാന്‍ കഴിയുമെന്നാണ്. സബ്‌സിഡികള്‍ പൂര്‍ണ്ണമായും നിര്‍ത്താലാക്കാന്‍ പടിപടിയായ നടപടികള്‍ ആലോചിക്കുന്ന ഒരു കേന്ദഗവണ്‍മെന്റുണ്ടോ ഇത്തരം വനരോദനങ്ങള്‍ക്ക്് ചെവിയോര്‍ക്കുന്നു.?

*
മോഹന്‍ ദാസ് മുകുന്ദന്‍ ജനയുഗം 17 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബേയര്‍ ഒരു ജര്‍മ്മന്‍ കമ്പനിയാണ്. അന്താരാഷ്ട്ര മരുന്നുല്‍പ്പാദനരംഗത്ത് അതികായന്‍. ബേയറും ഓനിക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സും ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഒരു മരുന്നാണ് നെക്‌സാവര്‍. രാസനാമം സൊറാഫ്‌നിബ്‌ടോസിലേറ്റ്. കരളിനുണ്ടാകുന്ന അര്‍ബുദം (ഹെപ്പറ്റോ സെല്ലുലാര്‍ കാര്‍സിനോമാ), വൃക്കയിലുണ്ടാകുന്ന അര്‍ബുദം (റേനല്‍സെല്‍ കാസിനോമാ) ഇവയ്ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗുളികകള്‍. അര്‍ബുദരോഗികളുടെ ആയുസ് നീട്ടാന്‍ ഉപയുക്തമാകുന്ന ഈ മരുന്ന് ഒരുമാസം 120 ഗുളികകള്‍ എന്നഡോസില്‍ കഴിക്കുവാന്‍ ചെലവ് 2.84 ലക്ഷം രൂപ! ഒരുവര്‍ഷം ആയുസിനുവില 34 ലക്ഷം