Sunday, May 6, 2012

അധികാരം നിലനിര്‍ത്താനുള്ള കുത്സിത നീക്കം

"ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ" എന്ന നിഗമനം ആധുനിക രാഷ്ട്രീയസാഹചര്യങ്ങളില്‍ ശരിയായിക്കൊള്ളണമെന്നില്ല. ഭീമനെ കുടുക്കാനാഗ്രഹിക്കുന്ന ശത്രുക്കള്‍ക്ക് അതുചെയ്യാം. അങ്ങനെ ചെയ്തതിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ത്തന്നെ ദൃഷ്ടാന്തങ്ങളുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ ആരംഭത്തില്‍ ആ പാര്‍ടിയുടെ ദേശീയനേതാവായിരുന്ന ഹേമന്ത് ബസു കൊല്‍ക്കത്തയില്‍ വധിക്കപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ആദരണീയനായ നേതാവായിരുന്നു ഹേമന്ത് ബസു. എല്ലാവര്‍ക്കും ബഹുമാന്യനായ അദ്ദേഹത്തെ വധിച്ചത് സിപിഐ എം ആണെന്നായിരുന്നു പ്രചാരണം. കോണ്‍ഗ്രസ് നേതാക്കള്‍ അഴിച്ചുവിട്ട ആ പ്രചാരണം ബംഗാളിലെ മിക്ക മാധ്യമങ്ങളും ഏറ്റെടുത്തു. സിപിഐ എം നേതൃത്വം സത്യം ബോധ്യപ്പെടുത്താനാകാതെ വിഷമത്തിലായി. എന്നാല്‍, കേസന്വേഷണം പൂര്‍ത്തിയായപ്പോള്‍ പ്രതിപ്പട്ടികയില്‍ വന്നതൊക്കെ കോണ്‍ഗ്രസുകാര്‍. കേസ് വിചാരണ പൂര്‍ത്തിയായപ്പോള്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടത് കോണ്‍ഗ്രസുകാര്‍. ഇരുട്ടിന്റെ മറവില്‍ ഹേമന്ത് ബസുവിനെ വധിച്ചിട്ട് പകല്‍വെളിച്ചത്തില്‍ വന്ന് സിപിഐ എമ്മിനെ "കൊലയാളിപാര്‍ടി" എന്ന് ആക്ഷേപിക്കുകയാണന്ന് കോണ്‍ഗ്രസ് ചെയ്തത്. കാലം സത്യം തെളിയിച്ചു.

1971ലെ ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഹേമന്ത് ബസുവിന്റെ കൊലപാതകം. അന്ന് ഇടതുമുന്നണിയില്ല. ഫോര്‍വേഡ് ബ്ലോക്കാണെങ്കില്‍ സിപിഐ എമ്മിന് ഒപ്പവുമില്ല. ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മുമായി അടുക്കാതിരിക്കാനും ഇടതുപക്ഷയോജിപ്പുണ്ടാകാതിരിക്കാനും സിപിഐ എമ്മിനെ ജനങ്ങളാല്‍ വെറുക്കപ്പെട്ട കക്ഷിയാക്കി തകര്‍ക്കാനുമുദ്ദേശിച്ചുള്ളതായിരുന്നു കോണ്‍ഗ്രസിന് ഒരു വിരോധവുമില്ലാതിരുന്ന ഹേമന്ത് ബസുവിന്റെ വധം. പശ്ചിമബംഗാളില്‍ നിരവധി വര്‍ഷങ്ങള്‍ തുടര്‍ന്ന കോണ്‍ഗ്രസിന്റെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ച്ചയുടെ തുടക്കംകൂടിയായിരുന്നു അത്. കേന്ദ്രമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേ ബംഗാളില്‍ ക്യാമ്പ്ചെയ്ത് ആസൂത്രിതമായി ഗൂഢപദ്ധതികള്‍ നടപ്പാക്കിയിരുന്ന ഘട്ടം. ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന സിപിഐ എമ്മിനെ മന്ത്രിസഭയുണ്ടാക്കാനുവദിക്കാതെ നിയമസഭ പിരിച്ചുവിടുകയും പിന്നീട് കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ ബൂത്തുപിടിച്ചെടുത്തും കൃത്രിമംകാട്ടിയും മറ്റൊരു തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയുംചെയ്ത ഘട്ടം. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് എന്തുംചെയ്യും എന്നത് വ്യക്തമാകുകയായിരുന്നു അന്ന്.

ഭരണം നിലനിര്‍ത്താന്‍വേണ്ടി അധികാരമത്തുപിടിച്ച യുഡിഎഫും ഇവിടെ എന്തും ചെയ്യുമെന്നായിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തമാണ് കേരളത്തില്‍ സമാനസ്വഭാവത്തോടെ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കഷ്ടിച്ച് ഒരു വര്‍ഷംമാത്രം മുമ്പ് ഏത് ചിഹ്നത്തിനെതിരെ മത്സരിച്ചോ അതേ ചിഹ്നത്തിന് വോട്ടുചോദിച്ച് നെയ്യാറ്റിന്‍കരയില്‍ നടക്കുകയാണ് യുഡിഎഫ് കാലുമാറ്റിച്ചെടുത്ത ഒരാള്‍. രാഷ്ട്രീയസദാചാരത്തെയും ധാര്‍മികതയെയും വിലവയ്ക്കുന്ന ജനസാമാന്യം ആ രാഷ്ട്രീയ അധര്‍മത്തിനെതിരെ വലിയതോതില്‍ പ്രതികരിക്കുന്നു. ഇങ്ങനെപോയാല്‍ തങ്ങളുടെ കണക്കുകൂട്ടല്‍ നടക്കില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നു. അധാര്‍മിക രാഷ്ട്രീയത്തിനെതിരായ ജനവികാരത്തെ മറികടക്കാന്‍ സിപിഐ എമ്മിനെ "കൊല നടത്തുന്ന രാഷ്ട്രീയകക്ഷി"യായി ജനമധ്യത്തില്‍ കരിതേച്ചവതരിപ്പിച്ചാല്‍ മതി എന്നവര്‍ നിശ്ചയിച്ചു. ആ നിശ്ചയത്തിന്റെയും അതിനുപിന്നിലെ ഗൂഢാലോചനയുടെയും ഫലമായാണ് ഒഞ്ചിയത്തും ഇപ്പോള്‍ "ഹേമന്ത് ബസു" ഉണ്ടായത്. ഇതു കാണാന്‍ രാഷ്ട്രീയതിമിരം ബാധിച്ചിട്ടില്ലാത്ത ആര്‍ക്കും വിഷമമുണ്ടാകില്ല.

നെയ്യാറ്റിന്‍കരയില്‍ പ്രധാനപ്പെട്ട ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ടി ആ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരായ വന്‍ പ്രചാരണത്തിന് വഴിവയ്ക്കുന്ന ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുമോ? സാമാന്യബുദ്ധി മാത്രം മതി ഇതിനുത്തരം കണ്ടെത്താന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റവാളിയാര് എന്നത് കണ്ടെത്താന്‍ പ്രവൃത്തിയുടെ ഗുണഭോക്താവാര് എന്ന് നോക്കിയാല്‍ മതി. ഗുണഭോക്താവാര് എന്ന് കേരളം കണ്ടുകഴിഞ്ഞു.

ഒഞ്ചിയത്തെ കൊലപാതകത്തെക്കുറിച്ച് കേരളം നേരം പുലര്‍ന്നറിയുന്നതിനുമുമ്പുതന്നെ യുഡിഎഫ് നേതാക്കളാകെ അവിടെ എത്തുന്നത് കേരളം കണ്ടു. ഒരു സൂചനയ്ക്കുപോലും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും കേന്ദ്രമന്ത്രിയും ലീഗ്നേതാവും കൊല നടത്തിയത് ഇന്ന പാര്‍ടിയാണെന്ന് കൊല്ലപ്പെട്ടയാളുടെ ചോരയുണങ്ങുംമുമ്പ് വിളംബരം നടത്തുന്നത് കേരളം കേട്ടു. അപ്പോള്‍ ആരാണ് ഈ പ്രവൃത്തിയുടെ ഗുണഭോക്താവ്? ഉത്തരം പ്രബുദ്ധ കേരളംതന്നെ കണ്ടുപിടിക്കട്ടെ! വെറുതെ കൈയുംകെട്ടിയിരുന്ന് വിളംബരം നടത്തിയാല്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചിടത്ത് കൊണ്ടുചെന്ന് കെട്ടാനാകില്ലെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ആഭ്യന്തരമന്ത്രി "പോസ്റ്റുമോര്‍ട്ടം" നടക്കുന്ന മോര്‍ച്ചറിയില്‍വരെ ചെന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കി. ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഈ വിഷയത്തില്‍ രഹസ്യചര്‍ച്ച നടത്തുന്ന അടച്ചിട്ട മുറിയില്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശങ്ങള്‍ നല്‍കാനെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ അസാധാരണമാണിതൊക്കെ.

കൊലചെയ്യപ്പെട്ടയാള്‍ക്ക് നേരത്തേതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നു. അത് തങ്ങള്‍ അറിഞ്ഞിരുന്നത്രെ. എങ്കില്‍ പിന്നെ, കൊലചെയ്യപ്പെടാന്‍ പാകത്തില്‍ അദ്ദേഹത്തെ രക്ഷാസംവിധാനമില്ലാതെ നടക്കാന്‍ എന്തുകൊണ്ട് തുടര്‍ന്നും ഇവര്‍ അനുവദിച്ചു? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴും ജനങ്ങള്‍ ചെന്നെത്തുക നേരത്തെ നല്‍കിയ സൂചനകളിലേക്കാണ്.

അഞ്ചാംമന്ത്രിസ്ഥാന കാര്യത്തിലും ഭരണ ദുഷ്ചെയ്തിയുടെ കാര്യത്തിലും ജനങ്ങളാല്‍ വെറുക്കപ്പെട്ട് നില്‍ക്കുന്ന ലീഗ് ആഭ്യന്തര പ്രതിസന്ധി നേരിടുന്നു. ഈ പ്രതിസന്ധി കോണ്‍ഗ്രസില്‍ ആഭ്യന്തരക്കുഴപ്പങ്ങളുണ്ടാക്കുന്ന അവസ്ഥയിലേക്കുകൂടി പടരുന്നു. ഇതില്‍നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാന്‍ കോണ്‍ഗ്രസും യുഡിഎഫും ഒഞ്ചിയം സംഭവത്തെ ദുര്‍വ്യാഖ്യാനംചെയ്ത് അവതരിപ്പിക്കുകയും ചെയ്യുന്നു. ഭരണമില്ലെങ്കില്‍ ജയിലിലായിപ്പോകുന്ന മന്ത്രിമാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭരണം തങ്ങള്‍ക്കെതിരായ കേസുകള്‍ ഇല്ലാതാക്കാനുള്ള സംവിധാനമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുയാണവര്‍. ഒരു മന്ത്രി കോടതിയെ മറികടന്ന് പുനരന്വേഷണത്തിലൂടെ കുറ്റവിമുക്തനാകാന്‍ വ്യഗ്രതപ്പെടുമ്പോള്‍ മുഖ്യമന്ത്രി, തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സില്‍നിന്ന് എഴുതിവാങ്ങുന്നു. ലീഗ് മന്ത്രിമാര്‍ വ്യാജചെക്കുകേസ് മുതല്‍ പെണ്‍വാണിഭ പുനരന്വേഷണ കേസുവരെ തേച്ചുമാച്ചുകളയാനുള്ള ഉപകരണമായി മന്ത്രിസ്ഥാനത്തെ ഉപയോഗിക്കുന്നു. ഈ സംഘത്തിന് ഭരണമില്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതല്ല. ഭരണമാണെങ്കില്‍ നേര്‍ത്ത ഭൂരിപക്ഷത്തിന്റെ നൂലിഴയില്‍ ഏത് നിമിഷവും വീണുപോകാമെന്ന മട്ടില്‍ തൂങ്ങിയാടുന്നു. ഈ അവസ്ഥമാറ്റി അധികാരം സുസ്ഥിരമാക്കാന്‍ വ്യാജമാര്‍ഗങ്ങള്‍ തേടുകയാണിവര്‍. ഈ വഴിക്ക് ഇവര്‍ ഏതറ്റംവരെയും പോകാമെന്നതാണ് കാലുമാറ്റിക്കല്‍ മുതല്‍ കൊലപാതകവിളംബരംവരെയുള്ള കാര്യങ്ങള്‍ കാണിക്കുന്നത്.

*
പ്രഭാവര്‍മ ദേശാഭിമാനി 06 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...