Tuesday, May 22, 2012

പൊലീസ് പൂരം

വടക്കുന്നാഥന്റെ വാര്‍ഷികം പതിവുപോലെ ഇക്കുറിയും തൃശൂര്‍ പൂരമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ആലവട്ട-വെഞ്ചാമരങ്ങള്‍ തലേന്നു തന്നെ നിരന്നു കിടന്നു. പൂരപ്രേമികള്‍ നിരനിരയായി നിന്ന് ഒരു നോക്കുകണ്ടു. നാളെ ഇവര്‍ ആനപ്പുറമേറും. അതോടെ ഇവര്‍ക്കും വരും തഴമ്പ്. ഗജവീരന്മാര്‍ അണിഞ്ഞൊരുങ്ങി. കുളിച്ചൊരുങ്ങി. കുറിയിട്ടു. സഹ്യന്റെ മക്കള്‍ക്ക് മനസ്സില്‍ നാണം വന്നു. നാളെ പുരുഷാരം ഇരമ്പും. തൊട്ടുതലോടും. കരിവീരന്മാര്‍ക്ക് കുളിരുകോരി.

കണിമംഗലത്ത് ശാസ്താവ് പ്രഭാതസവാരിക്ക് വടക്കുന്നാഥനിലേക്ക് വരുന്നതോടെ പൂരം പൊടിപൂരം. നഗരവൃത്തത്തില്‍ വൃത്തമില്ലാത്ത കവിത പോലെ ജനങ്ങള്‍. എല്ലാംകൂടി ആലോചിച്ചപ്പോള്‍ പുതിയ പൊലീസ് ഏമാന് ഒരു കൊതി. പൂരം ആസ്വദിക്കണം. പൂരം ഒരു പൊലീസ് വിഷയമാണോ? ആനയും പൊലീസും തമ്മില്‍ എന്തു ബന്ധം? ബന്ധമുണ്ട്. ഇരുവരും അകമ്പടിക്കാര്‍. രണ്ടും തിടമ്പേറ്റുന്നവര്‍. ഒന്ന് ഭഗവാന്റെ. മറ്റൊന്ന് സര്‍ക്കാരിന്റെ. രണ്ടും തടിപിടിക്കുന്നവര്‍. ഒന്ന് കാട്ടിലെ തടി. മറ്റൊന്ന് ലാത്തിവടി. ഇടഞ്ഞാല്‍ രണ്ടും ഒരു പോലെ. അടി, കുത്ത്, ചവിട്ട്, വെടി. അതുകൊണ്ട് പൊലീസ് പൂരം ആസ്വദിച്ചേ പറ്റൂ എന്നാണ് ഏമാന്റെ ഉറച്ച നിലപാട്.

പഞ്ചവാദ്യം തന്നെയാണ് പൊലീസ് സേനയും. തിമില, മദ്ദളം, ഇലത്താളം, ഇടയ്ക്ക. ഇത് അഞ്ചും ഒരേ സ്വരസ്ഥാനത്ത് നില്‍ക്കണം. അതാണ് മഠത്തില്‍ നിന്നുള്ള വരവ്. സെക്രട്ടേറിയറ്റില്‍ നിന്നുള്ള വരവ് കസറണമെങ്കിലും ഇതുതന്നെ വേണം. പൊലീസ്, എസ് ഐ, സി ഐ, ഡി വൈ എസ് പി, എസ് പി എന്നിവര്‍ ഒരേ താളത്തില്‍ കൊട്ടിക്കയറണം. ഏതു വാദ്യം ഉപയോഗിക്കുന്നു എന്നതല്ല അത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. വാദ്യമേതായാലും കൊട്ടു നന്നാവണം. കൊട്ടിക്കയറണം. പഞ്ചവാദ്യത്തില്‍ ഒരു സാമാന്യജ്ഞാനം സര്‍വീസില്‍ ഗുണം ഉണ്ടാക്കും. ഇലത്താളത്തില്‍ ഒരു സാമാന്യവിവരം പൊതുവെ ഗുണം ചെയ്യും. ഒറ്റക്കു കേള്‍ക്കുമ്പോള്‍ ഇലത്താളത്തിന് സുഖമില്ല. തനിച്ച് നില്‍ക്കാറുമില്ല. പക്ഷെ അവന്‍ എന്തിന്റെയെങ്കിലും കൂടെച്ചേരുമ്പോള്‍ തിമറും. ഒറ്റയ്ക്കു നില്‍ക്കാന്‍ ശേഷിയില്ലാത്തവരെ ഇലത്താളമാക്കും. കയറിക്കയറിക്കയറിപ്പോവൂ. മേളം കൊഴുക്കാന്‍ ഇലത്താളം വേണം. സര്‍വീസില്‍ ഇലത്താളക്കാര്‍ ധാരാളം ഉണ്ടെങ്കിലും അത് ശാസ്ത്രീയമായി പരിശീലിച്ചവര്‍ കുറവാണ്. സന്ദര്‍ഭത്തിനുസരിച്ച് ഇലത്താളം കൊട്ടി മടങ്ങുന്നവരാണ് ഏറെയും.

അര്‍പ്പണബുദ്ധിയോടെ അത് കൈകാര്യം ചെയ്യുന്നവരെയാണ് ഇക്കാലത്ത് ആവശ്യം. അതുപോലെ തന്നെയാണ് കുടമാറ്റവും. കുടയുടെ ഭംഗിയാണ് പിടിക്കുന്നവന്റെയും ഭംഗി. കാണികള്‍ക്ക് വേണ്ടത് കുടയാണ്, കുടക്കാരനെയല്ല. ഒരു കുട മാത്രമേ പിടിക്കൂ എന്ന വാശി വേണ്ട. കുട മാറ്റിമാറ്റിപ്പിടിക്കണം. കുട ഏതായാലും പിടി മുറുക്കണം. ആനപ്പുറത്തിരുന്നാണ് കുട പിടിക്കുന്നതെന്നും മറക്കാതിരിക്കണം. ശീല മാറുന്നതനുസരിച്ച് ശീലവും മാറണം. സര്‍വീസില്‍ കുടപിടിക്കുക എന്നു പറഞ്ഞാല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുട ചൂടുന്നത് എപ്പോഴും മഴയും വെയിലും കൊളളാതിരിക്കാനല്ല. അങ്ങനെ ഒരു തെറ്റിദ്ധാരണ പൊതുവെ പരന്നിട്ടുണ്ട്.

അതിനൊക്കെ ഉപയോഗിക്കും എന്നല്ലാതെ കുടയുടെ പ്രധാന ലക്ഷ്യം അതൊന്നുമല്ല. ഏത് ആനക്ക് മഴയും വെയിലും കൊള്ളാതിരിക്കാനാണ് അതിന്റെ പുറത്തിരുന്ന് കുട പിടിക്കുന്നത്? പുത്തന്‍ കുടയും പുത്തന്‍ ബാഗും തൂക്കി ഏത് ആനയാണ് ജൂണ്‍ ഒന്നിന് സ്കൂളില്‍ പോകുന്നത്? ആനക്കെന്താ സ്വയം കുട പിടിക്കാന്‍ അറിയില്ലേ? തടി പിടിക്കുന്ന ആനക്കാണോ കുട പിടിക്കാന്‍ ബുദ്ധിമുട്ട്? മനുഷ്യനില്‍ നിന്ന് മൃഗങ്ങള്‍ക്കൊന്നും പഠിക്കാനില്ല. മനുഷ്യനാകട്ടെ മൃഗങ്ങളില്‍ നിന്ന് ധാരാളം പഠിക്കാനുണ്ട് താനും. കുട ചൂടാനുള്ളതല്ല, ചൂടിക്കാനുള്ളതാണ് എന്നതാണ് കുടയെക്കുറിച്ചുള്ള പ്രാഥമികതത്വം. ജന്മിക്ക് കുട ചൂടിക്കൊടുത്ത കാര്യസ്ഥന്മാരെക്കുറിച്ച് മറന്നു പോയോ?. വ്യക്തിക്ക് മറക്കാം, പക്ഷെ ചരിത്രത്തിന് മറക്കാനാവില്ല. ജന്മി കുട ചൂടിയത് മഴകൊള്ളാതിരിക്കാനാണോ? ജന്മിയെ കുട ചൂടിച്ചത് വെയിലു കൊള്ളാതിരിക്കാന്‍ മാത്രമാണോ?.

സര്‍വീസിലുള്ളവര്‍ ചരിത്രം പഠിക്കണമെന്ന് പറയുന്നത് ഇതാണ്. കുട ഒരു സ്ഥലത്ത് വെറുതെ കുത്തി നിര്‍ത്തിയാല്‍ മതി. ജനങ്ങള്‍ ഭയഭക്തിബഹുമാനത്തോടെ അതിനെ നമസ്കരിക്കും. അതാണ് കുട!. അത് മാറിക്കൊണ്ടേയിരിക്കും. കാണികളെ ആകര്‍ഷിക്കുന്നത് ഏതു കുടയാണോ അത് പിടിക്കുക. ശീലയേതായാലും ശീലം മാറാതിരുന്നാല്‍ മതി. കുട ചൂടിക്കാനറിയുന്നവരാണ് എന്നും ജീവിതത്തില്‍ ഉയര്‍ന്നു പോവുന്നത്. അല്ലാത്തവന്‍ കടം കയറി കയറെടുക്കും.}ഋണബാധിതന്‍ എന്ന മട്ടില്‍ സന്യാസിപുത്രന്മാര്‍ക്ക്് ഇടാന്‍ പറ്റുന്ന പേരും കിട്ടും. കുട പിടിക്കുന്നവരുടെ അറിവിലേക്കായി ഒരു കാര്യം പറയാനുണ്ട്. എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ഓര്‍മിപ്പിക്കുന്നു. അത്രമാത്രം. കുട പിടിക്കുന്നവര്‍ ഞെളിഞ്ഞുനിന്ന് പിടിക്കരുത്, ലേശം വളഞ്ഞു പിടിക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ് ഏമാന്‍ പൂരം കാണാന്‍ തീരുമാനിച്ചത്.

തിരുവമ്പാടിക്കും പാറമേക്കാവിനും പരമാനന്ദമായി. അവര്‍ പതിവു പോലെ ആനന്ദസാഗരത്തിലാറാടി തലതോര്‍ത്തി കരയ്ക്കു കയറി. എന്നാലും അവര്‍ക്ക് സംശയം ഇല്ലാതില്ല. കാക്കിക്കുള്ളിലും ഇങ്ങനെയോ? അതില്‍ പലതും ഉള്ളതായി കേട്ടിട്ടുണ്ട്. കാക്കിക്കുള്ളിലെ സംഗീതം, അതിനുള്ളിലെ തന്നെ അഭിനയം. മൊത്തത്തില്‍ കാക്കിക്കുള്ളിലെ കലാഹൃദയം. എന്നാലും, കാക്കിക്കുള്ളില്‍ ചെമ്പടയും അടന്തയും കയറിയിരിക്കുമെന്ന് കരുതീല്ല. "..ന്താ ഇപ്പോ വിശേഷിച്ച് ഇങ്ങനെ തോന്നാന്‍..?" "..ചെണ്ടകൊട്ടിക്കാന്‍ കേമനാണ്‍ഡാ ആ ഗഡി" "..കൊട്ട്വോ?" "..വേണ്ടിവന്നാല്‍ അതും ണ്ട്ന്നാണ്‍ഡാ കേക്കണെ" "..പാരമ്പര്യ കലകളില്‍ വാസന..അതിശയായിട്ട്്ണ്ട്ട്ടാ." "..ഡാ..ഇവ്ട വന്നാ ആരാണ്‍ഡാ കൊട്ടാത്തത്? കൊട്ടാന്‍ വേണ്ടിത്തന്നെ ഇവ്ട വരണോരില്ലേഡാ..അതിന് പൂരം തന്നെ വേണോന്ന്ണ്ട്രാ?.

ഡാ..ഇവ്ട അക്കാഡമി എത്രണ്ണോഡാ കെടക്ക്ണ. അക്കാഡമീലൂണ്ട്രാ ഒരു ഡ. ചെണ്ടേലൂണ്ട്രാ ഒരു ണ്ട. ഡംണ്ടംഡംണ്ടംഡംണ്ടം....അതാണ്‍ഡാ കൊട്ട്..കൊട്ടട്ട്ര കിട്ടുന്നവരെ കൊട്ടട്ട്ര.." അതു പറഞ്ഞുകൊണ്ടിരിക്കെ ഏമാന്‍ വന്നു. ഉച്ചവെയില്‍ കത്തിക്കാളുന്നു. ഏമാന്‍ പറഞ്ഞു. "..ഹോ..ന്താ ചൂട്.!" വെച്ചവെടി പാഴായില്ല. ലക്ഷ്യസ്ഥാനത്ത് പതിച്ചു. സംഘാടകര്‍ക്ക് കാര്യം മനസ്സിലായി. ഉടന്‍ നടന്നു കരിക്കഭിഷേകം. സംതൃപ്തി രേഖപ്പെടുത്തി ഏമാന്‍ മേളത്തില്‍ തനിക്കുള്ള വിജ്ഞാനം വിളമ്പി. ചോദിച്ചവര്‍ക്ക് വീണ്ടും കൊടുത്തു. ഒട്ടും പിശുക്കു കാണിച്ചില്ല. സംഘാടകര്‍ വിനയത്തോടെ ഉണര്‍ത്തിച്ചു.

"..മഠത്തില്‍ നിന്നുള്ള വരവ് കഴിഞ്ഞു.." "..ഉവ്വോ..പ്രശ്നോന്നും ഉണ്ടായില്ലല്ലോ..?" "..ഇല്ല" "..ഇഷ്ടം പോലെ ഫോഴ്സിനെ കൊടുത്തിരുന്നു..മഠത്തില്‍ നിന്നുള്ള വരവാണ്, സൂക്ഷിക്കണം എന്ന് ഞാന്‍ കര്‍ശനമായ നിര്‍ദേശിച്ചിരുന്നു." "..ഇനീപ്പോ ഇലഞ്ഞിത്തറയാണ്.." "ഓ ശരി. അയാളു വന്നോ. ആരാ ഇപ്പോ ആ ഇല്ലത്തുള്ളത്?" "..ഇല്ലമല്ല. മേളമാണ്. എല്ലാ വര്‍ഷവും ഇവ്ടെ ഇതുണ്ടാവും" " ഞാന്‍ പറഞ്ഞ കോമഡി ക്യാച്ച് ചെയ്തില്ല അല്ലേ? പൊലീസില്‍ ഫലിതം പറയുന്നവരില്ല എന്നാണല്ലോ നിങ്ങളുടെ വിശ്വാസം...എന്നാല്‍ ഇലഞ്ഞിത്തറയിലേക്കു പോകാം. ജീപ്പെടുക്കണോ..?" "വേണ്ട. ഇവ്ടെയടുത്തു തന്നെയാണ്." "പൂരത്തിന്റെ സന്തോഷം കൊണ്ട് ഞാനിന്ന് കൂടുതല്‍ കോമഡി പറയുന്നു.." "..ഉവ്വ്.

ഞങ്ങള്‍ ചിരിക്കണ്‍ഡ്." ഏമാന്‍ ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി. "ഇവ്ടെ വന്‍ ജനാവലി ആണല്ലൊ. ഗാനമേള വല്ലതുമാണോ?.ലോ ആന്റ് ഓര്‍ഡര്‍ പ്രോബ്ളം ഉണ്ടാവോ?" "ഇല്ല. ഇവ്ടെ ചെണ്ടമേളമാണ്.." "ലോകത്തിലെ ഏറ്റവും വലിയ വാദ്യമാണല്ലൊ ചെണ്ട. എല്ലാ വാദ്യവും ചെണ്ടക്കു താഴെ എന്നാണല്ലൊ ചൊല്ല്. അതില്‍ നിന്ന് ഒഴുകുന്നത് ഗാനമല്ലാതെ മറ്റെന്താണ് മിസ്റ്റര്‍?.

തുടങ്ങാറായോ?." "വൈകില്ല. പെരുവനം എത്തീട്ട്ണ്ട്.." "ഓഹോ!. അപ്പോള്‍ വനത്തില്‍ നിന്നാണ് വരവ്. മഠത്തില്‍ നിന്നല്ല. അല്ലേ?" " ക്ഷമിക്കുക...അറിവുകേടുകൊണ്ട് പറഞ്ഞു പോയതാണ്" ഏമാന് ഇരിക്കാന്‍ കസേര വന്നു. അകമ്പടി പൊലീസുകാര്‍ക്കും വന്നു കസേരകള്‍.

ഏമാന്‍ ക്ഷുഭിതനായി. "ഇരുന്നു കൊണ്ടാ മേളം കേള്‍ക്കാ?. "ഇരിക്കണം ന്ന്ല്ല്യാ. നിന്ന്നിന്ന് കാല് കഴയ്ക്കുമ്പോള്‍ ഒന്ന് വിശ്രമിക്കാന്‍. അത്രേ കരുതിയോള്ളൂ." "മേളം കൊഴുക്കുമ്പോ ആര്‍ക്കാ കാലില് നോക്കാന്‍ നേരം.മേളം പെരുകുമ്പോ കാല് പെരുകില്ല." ഏമാനു ചുറ്റും നാലു പൊലീസുകാര്‍ സെക്യൂരിറ്റി ഡ്യൂട്ടിക്കു നിന്നു. കിട്ടിയ സമയം ഫലപ്രദമായി ഉപയോഗിച്ച് അദ്ദേഹം അവരെ ഉദ്ധരിച്ചു. " ദിസ് ഈസ് എ ട്രഡീഷണല്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് ഓഫ് കേരള." " യെസ് സര്‍" "സൗണ്ട് ഓഫ് ഡ്രംസ് ഈസ് ഗ്രേറ്റ്" " യെസ് സര്‍" " ഇന്‍ ഏന്‍ഷ്യന്റ് പിരീഡ് ദിസ് ഡ്രം ബീറ്റിങ്ങ്സ് സെന്റ് മെസ്സേജസ്" "യെസ് സര്‍" "വൈല്‍ ഐ വാസ് ഇന്‍ സൗത്ത് ആഫ്രിക്ക ഐ സോ സം ട്രൈബ്സ് വേര്‍ സെലിബ്രേറ്റിങ് ദെയര്‍ ഫെസ്റ്റിവല്‍സ് വിത്ത് പര്‍ട്ടിക്കുലര്‍ ടൈപ് ഓഫ് ഡ്രംസ്" "യെസ് സര്‍" " ഐ ആള്‍സോ സോ ദിസ് വെന്‍ ഐ വാസ് ഇന്‍ ആസ്ട്രേലിയ" "യെസ് സര്‍" " സോ യു സീ..ദീസ് സൗണ്ട്സ് ആര്‍ നോട്ട് മിയര്‍ലി സൗണ്ട്സ്. ഇറ്റ് ഈസ് ഹിസ്റ്ററി, കള്‍ച്ചര്‍. ഇറ്റ് ഈസ് ദ ഫാബ്രിക് ഓഫ് സോഷ്യല്‍ ലൈഫ്" " യെസ് സര്‍"

അപ്പോഴേക്കും ഇലഞ്ഞിത്തറയുടെ നേര്‍കോലു വീണു. മേളം തുടങ്ങി. ഏമാന്‍ കൈ കാലിലടിച്ച് താളം പിടിച്ചു നിന്നു. പതുക്കെപ്പതുക്കെ മേളം മുറുകി. ശബ്ദത്തിന്റെ പെരുമഴ. ഇരുചെവിയിലും ഈരണ്ടു വിരല്‍ തിരുകി ഏമാന്‍ മേളം ആസ്വദിച്ച് തലയാട്ടി നിന്നു.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വടക്കുന്നാഥന്റെ വാര്‍ഷികം പതിവുപോലെ ഇക്കുറിയും തൃശൂര്‍ പൂരമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ആലവട്ട-വെഞ്ചാമരങ്ങള്‍ തലേന്നു തന്നെ നിരന്നു കിടന്നു. പൂരപ്രേമികള്‍ നിരനിരയായി നിന്ന് ഒരു നോക്കുകണ്ടു. നാളെ ഇവര്‍ ആനപ്പുറമേറും. അതോടെ ഇവര്‍ക്കും വരും തഴമ്പ്. ഗജവീരന്മാര്‍ അണിഞ്ഞൊരുങ്ങി. കുളിച്ചൊരുങ്ങി. കുറിയിട്ടു. സഹ്യന്റെ മക്കള്‍ക്ക് മനസ്സില്‍ നാണം വന്നു. നാളെ പുരുഷാരം ഇരമ്പും. തൊട്ടുതലോടും. കരിവീരന്മാര്‍ക്ക് കുളിരുകോരി.