Thursday, May 3, 2012

മതജാതി ശക്തികള്‍ തിരശീലയ്ക്ക് മുന്നില്‍

എണ്‍പതുകളില്‍ കേരളം അവജ്ഞയോടെ കേള്‍ക്കുകയും കാണുകയും ചെയ്ത ചീഞ്ഞുനാറിയ വലതുമുന്നണി ഭരണമെന്ന പേക്കൂത്ത് ആവര്‍ത്തിക്കുകയാണ്. നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന സെല്‍വരാജിനെ കാലുമാറ്റി രാജിവയ്പിച്ചതും മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിമറിച്ചതും ലീഗിന്റെ അഞ്ചാംമന്ത്രിയും കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനവും മത-സാമുദായിക നേതാക്കളുടെ തര്‍ക്കവിതര്‍ക്കങ്ങളും ഭരണത്തിനൊരു ഭീഷണിയുമില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിരിയും കെപിസിസി പ്രസിഡന്റിന്റെ ബിരിയാണി സദ്യയും വിഡ്ഢിച്ചിരിയും കേരള രാഷ്ട്രീയത്തിലെ എണ്‍പതുകളെ ഓര്‍മിപ്പിക്കുന്നു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് അഞ്ചാമത്തെ മന്ത്രിസ്ഥാനത്തിന് സമ്മര്‍ദം ശക്തിപ്പെടുത്തുകയും കെപിസിസി അത് നല്‍കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തതോടെ എന്‍എസ്എസ്, എസ്എന്‍ഡിപി പോലുള്ള മതസാമുദായിക സംഘടനകള്‍ മാത്രമല്ല, സംസ്ഥാനത്തെ മതനിരപേക്ഷ രാഷ്ട്രീയമുള്‍ക്കൊള്ളുന്ന സംഘടനകളും വ്യക്തികളും രാഷ്ട്രീയ നിരീക്ഷകരുംവരെ ഈ ആവശ്യം ഇവിടംകൊണ്ടവസാനിക്കുമെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍, ദിവസങ്ങള്‍കൊണ്ട് എല്ലാം മാറിമറിഞ്ഞു- ലീഗ് വരച്ചിടത്ത് കോണ്‍ഗ്രസ് നിന്നു. അഞ്ചാം മന്ത്രിയെ നേടി. ലീഗ് ആറാമത് ഒരു മന്ത്രിയെക്കൂടി ആവശ്യപ്പെട്ടാല്‍ ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസിന് അതും കൊടുത്തേ പറ്റൂ. ആത്മാഭിമാനംപോലും കൈമോശംവന്ന രമേശ് ചെന്നിത്തലയെന്ന കെപിസിസി പ്രസിഡന്റിന് പാണക്കാട്ടെത്തി ബിരിയാണിസദ്യയുണ്ട് ചിരിച്ച് തലയാട്ടി നില്‍ക്കേണ്ടിവരും.

കാരണം പലതാണ്. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പാണ്. കേരളത്തില്‍നിന്ന് കുറെ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കണം. കേരളത്തിലെ രാഷ്ട്രീയസമൂഹം യുഡിഎഫിന് അനുകൂലമല്ലെന്ന് 2011ലെ നിയമസഭ ഫലം തെളിയിച്ചു. ഭരിക്കുന്ന സര്‍ക്കാരിനോടുള്ള "വിരോധവും" അഞ്ചുവര്‍ഷംകൊണ്ട് കെട്ടിപ്പൊക്കിയെടുത്ത മത, ജാതി- നിക്ഷിപ്തതാല്‍പ്പര്യങ്ങളുടെ കൂട്ടായ്മയും കൂടി എല്‍ഡിഎഫിനെ തുടച്ചുനീക്കാമെന്ന കണക്കുകൂട്ടല്‍ പാളി. നാലു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണമൊതുങ്ങിയത് ഞെട്ടിച്ചത് യുഡിഎഫ് നേതൃത്വത്തെ മാത്രമല്ല അതിന്റെ പ്രതിലോമ- മതരാഷ്ട്രീയ അടിത്തറയെക്കൂടിയാണ്. അതിനാല്‍ ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയത്തിന്റെ സ്വാധീനം മത ജാതി രാഷ്ട്രീയത്തിലൂടെ മറികടക്കാനാകുമോയെന്ന എണ്‍പതുകളിലെ പരീക്ഷണം ഇവിടെ പുനരവതരിച്ചിരിക്കയാണ്. ഫലം എണ്‍പതുകള്‍ കാട്ടിത്തന്നതാണ്. ഒരുകാര്യം എടുത്തുപറയേണ്ടതുണ്ട്. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടതിന് മുന്‍പും പിന്‍പും സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ ഉന്നയിക്കുകയും ഭരണക്കാര്‍ക്കെതിരെ സമരങ്ങള്‍ വളര്‍ത്തിയെടുക്കുകയും ജയിലില്‍ പോകുകയും മര്‍ദനമേല്‍ക്കുകയും രക്തസാക്ഷിത്വം വരിക്കുകയുംചെയ്തത് കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷവുമാണ്. മാത്രമല്ല ഈ ജീവിതാവശ്യങ്ങള്‍ നടപ്പാക്കാന്‍ ഭരണം ലഭിച്ചപ്പോള്‍ നടപടിയെടുത്തതും ഇടതുപക്ഷംതന്നെ. ഈ സര്‍ക്കാരുകള്‍ തുടങ്ങിവച്ചതില്‍നിന്ന് കോണ്‍ഗ്രസിന് പിന്നോട്ടുപോകാനാവാത്തവിധം സമരം വളര്‍ത്തിയെടുത്തതും ഇടതുപക്ഷ രാഷ്ട്രീയംതന്നെ. വലതു രാഷ്ട്രീയം ഈ ജനകീയാവശ്യങ്ങള്‍ക്ക് എന്നും എതിരായിരുന്നു എന്ന് ലളിതമായി വിലയിരുത്താം.

മേല്‍പ്പറഞ്ഞ ജനകീയരാഷ്ട്രീയത്തിനെതിരായ പ്രതിലോമ രാഷ്ട്രീയസഖ്യത്തിന്റെ അടിത്തറ മത-ജാതി രാഷ്ട്രീയത്തില്‍ സുബന്ധിതമായ കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. പഴയ ജന്മിത്തത്തിന്റെയും മാടമ്പിബോധത്തിന്റെയും ലാഞ്ഛന ഇതിനുണ്ട്. വിമോചനസമരകാലത്ത് ഉയര്‍ന്നുവന്ന അടിയുറച്ച വലത് മത-ജാതി രാഷ്ട്രീയം ഇന്നും ഊറ്റത്തോടെ തുടരുന്നു. എന്നാല്‍ മത-ജാതി രാഷ്ട്രീയത്തെ തുടര്‍ച്ചയായി പ്രഹരമേല്‍പ്പിക്കുന്നു ഇടതുപക്ഷം. അപ്പോഴെല്ലാം വലതുപക്ഷത്തിന്റെ ജീര്‍ണമായ മുഖം പുറത്തുവരും. അതാണിപ്പോള്‍ കാണുന്നത്.
അടിയന്തരാവസ്ഥാനന്തര കേരള രാഷ്ട്രീയത്തില്‍ 1979ല്‍ വലതുമുന്നണി ക്ഷയിച്ചു. ഇടതുജനാധിപത്യമുന്നണി ശക്തമായി. ഒരു ഘട്ടത്തില്‍ ആന്റണി കോണ്‍ഗ്രസ് ഇടതുജനാധിപത്യമുന്നണി ഭരണത്തില്‍ പങ്കാളിയായി. 1980 ജനുവരിയില്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാരിനെ 81 ഒക്ടോബറില്‍ കാലുമാറ്റത്തിലൂടെ മറിച്ചിട്ടു. തുടര്‍ന്ന് 82 മേയിലെ ഇടക്കാല തെരഞ്ഞെടുപ്പുവരെ ഒരാളുടെ ഭൂരിപക്ഷത്തില്‍ തൂങ്ങിയാടിയത് കരുണാകരന്റെ കാസ്റ്റിങ് മന്ത്രിസഭയായിരുന്നു. 82 മേയിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ കരുണാകരന്‍ മന്ത്രിസഭ മത-ജാതി ഐക്യമുന്നണിയായിരുന്നു. പക്ഷേ എന്നും മത-ജാതി ശക്തികള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുകയായിരുന്നെങ്കില്‍ 82-87 സര്‍ക്കാരില്‍ എന്‍ഡിപി എന്ന നായര്‍സമുദായ പാര്‍ടിയും എസ്ആര്‍പി എന്ന ഈഴവ സമുദായ പാര്‍ടിയും അംഗങ്ങളായി ചേരുകയാണ് ചെയ്തത്. മുസ്ലിം സമുദായപാര്‍ടിയായ ലീഗ് വേറെ.
എന്തായിരുന്നു 82-84 യുഡിഎഫ് ഭരണം കേരളത്തിന് സമ്മാനിച്ചത്. കാലുമാറ്റത്തിന്റെയും അവസരവാദത്തിന്റെയും കൊടിയ അഴിമതിയുടെയും വൃത്തിഹീനമായ മലീമസരാഷ്ട്രീയം. മന്ത്രിമാരെ പലവട്ടം മാറ്റി. ആഭ്യന്തരമന്ത്രിയായിരുന്ന വയലാര്‍ രവിയെ 1985ല്‍ ഒരുരാത്രി മന്ത്രിക്കസേരയില്‍ നിന്നിറക്കിവിട്ട് കരുണാകരന്‍ ആഭ്യന്തരം ഏറ്റെടുത്തു. പ്രതിഛായ ചര്‍ച്ചയുടെ പേരില്‍ കോടികള്‍ ഖജനാവിന് നഷ്ടമായി. എസ്ആര്‍പി മന്ത്രിയായിരുന്ന റിട്ട. ജഡ്ജി എന്‍ ശ്രീനിവാസനെതിരെ അഴിമതിക്കേസുകള്‍ കോടതിയിലെത്തി. എന്‍ഡിപി മന്ത്രിയായിരുന്ന കെ പി രാമചന്ദ്രന്‍നായരെ മാറ്റി കെ ജി ആര്‍ കര്‍ത്തയെ കൊണ്ടുവന്നു. മത-ജാതി സംഘടനകള്‍ രാഷ്ട്രീയത്തില്‍ മറയില്ലാതെ ഇടപെട്ടു. ശബരിമലയ്ക്കടുത്ത് നിലയ്ക്കലില്‍ കുരിശ് സ്ഥാപിക്കുന്ന വിവാദത്തില്‍ വര്‍ഗീയസംഘര്‍ഷമുണ്ടായി. വര്‍ഗീയശക്തികള്‍ ഏറ്റുമുട്ടിയപ്പോള്‍ ചാലക്കമ്പോളം കത്തിയെരിഞ്ഞു. അന്ന് സെക്രട്ടറിയറ്റിലുണ്ടായിരുന്ന മുഖ്യമന്ത്രി കരുണാകരനോ ആഭ്യന്തരമന്ത്രി വയലാര്‍ രവിയോ ചാലക്കമ്പോളത്തിലെ തീയണയ്ക്കാന്‍ ചെറുവിരല്‍പോലും അനക്കിയില്ല. ലീഗിന്റെ സമ്മര്‍ദമായിരുന്നു കാരണം. ആലപ്പുഴയില്‍ നബിദിനാഘോഷയാത്രയ്ക്കുമേല്‍ വെടിവയ്പുണ്ടായി. മന്ത്രിമാര്‍ സര്‍വാംഗം അഴിമതിയില്‍ മുങ്ങി. യു എ ബീരാന്‍, എം പി ഗംഗാധരന്‍, ടി എം ജേക്കബ്, എന്‍ ശ്രീനിവാസന്‍, ആര്‍ ബാലകൃഷ്ണപിള്ള, കെ ജി ആര്‍ കര്‍ത്ത, രഘുചന്ദ്രബാല്‍ തുടങ്ങി അഴിമതിക്കാരുടെ നിര നീണ്ടു. മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല രാഷ്ട്രീയ നേതാക്കള്‍ തിരിച്ചും ഇടപെട്ടു. എന്‍എസ്എസില്‍ കയറികളിച്ച മുഖ്യമന്ത്രി കരുണാകരന്‍ അന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെ ആന്തമാന്‍- നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറാക്കി നാടുകടത്തി. പിന്നീട് കിടങ്ങൂര്‍ കേരള രാഷ്ട്രീയത്തില്‍ നിലംതൊട്ടില്ല.

ഈ നാണംകെട്ട രാഷ്ട്രീയ ഉപജാപങ്ങള്‍ക്കെല്ലാം കേരള ജനത മറുപടി കൊടുത്തു- 1987ലെ തെരഞ്ഞെടുപ്പില്‍ മത-ജാതി മുന്നണിയെ തറപറ്റിച്ച് എല്‍ഡിഎഫിനെ അധികാരമേറ്റിക്കൊണ്ട്. മതസാമുദായിക വിലപേശല്‍- വര്‍ഗീയത- അഴിമതി- കാലുമാറ്റം ഇവ യുഡിഎഫ് ഭരണങ്ങളുടെ മുഖമുദ്രയാണ്. എല്ലാ യുഡിഎഫ് ഭരണകാലത്തും വര്‍ഗീയകലാപങ്ങളുണ്ടായി. 1991ല്‍ പൂന്തുറ കത്തിയെരിഞ്ഞു. പിന്നത്തെ യുഡിഎഫ് ഊഴത്തില്‍ 2002ല്‍ മാറാട് കലാപമുണ്ടായി. 19 പേര്‍ കൊല്ലപ്പെട്ടു. എന്താണ് യുഡിഎഫ് ഭരണവും വര്‍ഗീയകലാപവും തമ്മിലുള്ള ബന്ധം? മത-ജാതി-വര്‍ഗീയ സഖ്യമല്ലാതെ. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് തനി വര്‍ഗീയപാര്‍ടിയായി മാറികഴിഞ്ഞു. ബാബറി പള്ളി തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയസംവാദത്തില്‍ ലീഗിന്റെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടപ്പെട്ടതോടെ ജനകീയാടിത്തറയ്ക്ക് കാര്യമായ ക്ഷീണമുണ്ടായി. ഈ ക്ഷീണംമാറ്റിയത് എന്‍ഡിഎഫ് പോലുള്ള തീവ്രവാദിഗ്രൂപ്പുകളെ ലീഗിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടാണ്. ഈ ശക്തികളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദേശീയ പതാക വലിച്ചുകീറി ലീഗിന്റെ കൊടിനാട്ടിയത്. ഇവരാണ് അന്ന് വനിതകളുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ വേട്ടയാടിയത്. ഇവരാണ് മലപ്പുറത്ത് സിനിമാതിയറ്ററുകള്‍ക്ക് തീ കൊടുത്തത്. ഇവര്‍തന്നെയാണ് ആന്റണിയെന്ന അധ്യാപകനെ ചവിട്ടിക്കൊന്നത്. ഇതേ ലീഗാണ് കലിക്കറ്റ് സര്‍വകലാശാലയുടെ 38 ഏക്കര്‍ ഭൂമി ഒറ്റ സിന്‍ഡിക്കറ്റ് യോഗത്തിലൂടെ ഒരു സങ്കോചവുമില്ലാതെ അടിച്ചുമാറ്റാന്‍ ശ്രമിച്ചത്. വര്‍ഗീയതയും അഴിമതിയും കൂടപ്പിറപ്പാണെന്ന് തെളിയുന്നു.

യുഡിഎഫ് ഭരണം ഒരുവര്‍ഷം ആകുന്നേയുള്ളു. അതിനിടയില്‍ ഒരു എംഎല്‍എയെ കൂറുമാറ്റി. ഭരണമാണ് പ്രശ്നം. കെപിസിസി പ്രസിഡന്റിന്റെ ഭീഷണിയൊതുക്കാന്‍ ആഭ്യന്തരം ആജ്ഞാനുവര്‍ത്തിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉമ്മന്‍ചാണ്ടി ചാര്‍ത്തിക്കൊടുത്തു. മന്ത്രിമാരെ രാഷ്ട്രീയപാര്‍ടികളുടെയല്ല ജാതികളുടെ പ്രതിനിധിയാക്കി. വിദ്യാഭ്യാസരംഗം പ്രശ്നകലുഷമാകുന്നു. സ്വാശ്രയമേഖല അനീതിയുടെ തട്ടകമായി. വരും നാളുകളില്‍ ഈ നാട് എന്തെല്ലാം കാണേണ്ടിവരും? അതാണ് തുടക്കത്തില്‍ പറഞ്ഞത് 80കളില്‍ വലതുമുന്നണി കേരളത്തില്‍ കെട്ടിയാടിയ അവസരവാദ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് 2012ല്‍ ചുരുളഴിയുന്നതെന്ന്. മത-ജാതിശക്തികള്‍ തിരശീലയ്ക്ക് മുന്നിലേക്ക് വരികയാണ്.

*
സി എന്‍ മോഹനന്‍ ദേശാഭിമാനി 03 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...