Wednesday, May 9, 2012

കടല്‍ക്കൊള്ളയ്ക്ക് വീണ്ടും വഴിതുറക്കുന്നു

200 മീറ്റര്‍വരെയുള്ള പ്രത്യേക ആര്‍ഥികമേഖലയില്‍ മത്സ്യബന്ധനം നടത്തുന്നതിന് പുതിയ കമ്പനികള്‍ക്ക് അനുവാദം നല്‍കി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി അറിയുന്നു. മത്സ്യബന്ധനം ഉപജീവനമാര്‍ഗമായി സ്വീകരിച്ച ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതത്തിനും തൊഴിലിനുമുള്ള മരണവാറന്റാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (എല്‍ഒപി) വ്യവസ്ഥയുടെ മറപിടിച്ച് വിദേശമത്സ്യബന്ധനകപ്പലുകളാണ് ഇന്ത്യയുടെ ആഴക്കടലില്‍നിന്ന് മത്സ്യബന്ധനം നടത്തുന്നത്. ഇന്ത്യന്‍ മത്സ്യസമ്പത്ത് ശോഷിച്ചതുമൂലം ദാരിദ്ര്യത്തിലാഴ്ന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ അനാഥരാക്കുന്ന വഞ്ചനാപരമായ നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഭാരിച്ച പ്രവര്‍ത്തനച്ചെലവും കഠിനമായ മനുഷ്യാധ്വാനവും സഹിച്ചാണ് മത്സ്യത്തൊഴിലാളികള്‍ കടലിനോട് മല്ലിടുന്നത്. ഈ തൊഴിലിടങ്ങളിലേക്കാണ് മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ കൂടുതല്‍ വിദേശകപ്പലുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ തീരുമാനം, മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ചതുമൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന് ഉറപ്പാണ്.

തൊണ്ണൂറുകളുടെ ആദ്യംമുതല്‍ നടപ്പാക്കിവരുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ ഭാഗമായി ആകാശവും കടലും കരയും പരദേശികള്‍ക്കായി തുറന്നിടുന്ന ജനവിരുദ്ധ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും സര്‍ക്കാരുകളുടെ പരമപ്രധാന കര്‍ത്തവ്യങ്ങളിലൊന്നാണ് പൗരന്മാരുടെ ജീവനും സ്വത്തിനും തൊഴിലിനും സംരക്ഷണം നല്‍കുകയെന്നത്. ഈ രാജ്യത്തെ മത്സ്യസമ്പത്തിന്റെ പരമാധികാരികളും അവകാശികളും ഇവിടത്തെ മത്സ്യത്തൊഴിലാളിസമൂഹമാണ്. ഇവരെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ലെറ്റര്‍ ഓഫ് പെര്‍മിറ്റ് സ്കീം മുഖേന ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് ലൈസന്‍സിങ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. 2002 മുതല്‍ നടന്നുവരുന്ന ഈ കടല്‍ക്കൊള്ളയ്ക്ക് ആക്കംകൂട്ടുന്നതിന് കൂടുതല്‍ വിദേശകപ്പലുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഏറ്റവും വലിയ വിഭവകേന്ദ്രങ്ങളിലൊന്നാണ് കടല്‍. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളിസമൂഹത്തെ പ്രാപ്തരാക്കാന്‍ കൊണ്ടുവന്ന പദ്ധതിയുടെ മറവില്‍ പരദേശി കപ്പലുകള്‍ക്ക് യഥേഷ്ടം മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കിയതിലെ അഴിമതി പുറത്തുകൊണ്ടുവരണം. ഇവര്‍ കൊള്ളയടിച്ചുകൊണ്ടുപോകുന്ന മത്സ്യസമ്പത്തിന്റെ അളവ് കണക്കാക്കാന്‍ കൃത്യമായ സംവിധാനംപോലുമില്ലെന്നതാണ് ആശ്ചര്യകരമായ സംഗതി. ട്രോളര്‍ വിലയുടെ 10 ശതമാനവും 10,000 രൂപയും വാങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നാട്ടുകാരെ ഒറ്റിക്കൊടുക്കുന്നതെന്ന് ഓര്‍ക്കണം.

ചൂരയും കൂന്തലുംമാത്രം പിടിക്കാനാണ് അനുവാദമെങ്കിലും യഥേഷ്ടം മത്സ്യബന്ധനം നടത്തി കപ്പലില്‍വച്ചു സംസ്കരിച്ച് പുറംകടലില്‍ ചരക്കുകള്‍ കൈമാറ്റംചെയ്യുന്നതാണ് വിദേശമത്സ്യബന്ധനകപ്പലുകളുടെ ശൈലി. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ടെറിറ്റോറിയല്‍ കടലില്‍ അതിക്രമിച്ചുകടന്ന് മത്സ്യബന്ധനം നടത്തുന്നതും പരമ്പരാഗതതൊഴിലാളികളുടെ വള്ളവും വലയും നശിപ്പിച്ചുകടന്നുപോകുന്നതും ഇത്തരം വിദേശമത്സ്യബന്ധനകപ്പലുകളാണ്. അശാസ്ത്രീയവും ക്രമവിരുദ്ധവുമായ മത്സ്യബന്ധനംമൂലം മത്സ്യസമ്പത്തിന്റെ ശോഷണം ഏറ്റവും രൂക്ഷമായ കാലഘട്ടമാണ് ഇപ്പോഴത്തേത്. അതുകൊണ്ടുതന്നെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളാണ് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. മത്സ്യബന്ധനമേഖലയില്‍ ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് വഴിമരുന്നിടുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷയ്ക്കു മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്കും ദേശീയസുരക്ഷയ്ക്കും ഭീഷണിയാണെന്ന തിരിച്ചറിവുണ്ടാകണം. അതുകൊണ്ടുതന്നെ, മുഴുവന്‍ രാജ്യസ്നേഹികളും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തുവരണം. കേന്ദ്രതീരുമാനം പിന്‍വലിപ്പിക്കാന്‍ കേരളത്തില്‍നിന്നുള്ള എല്ലാ എംപിമാരും ശ്രമിക്കണം.

*
എസ് ശര്‍മ

1 comment:

വര്‍ക്കേഴ്സ് ഫോറം said...