സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ആര്‍.സുഭാഷ് നടത്തിയ അഭിമുഖം.
? പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി താങ്കള്‍ കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് നടത്തിയ ഒരു പ്രസംഗം മറ്റു ചില കാരണങ്ങളാല്‍ വിവാദമായി. അന്നവിടെ താങ്കള്‍ പ്രധാനമായും ഊന്നിയത് കേരളത്തിലെ മധ്യവര്‍ഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷവല്‍ക്കരണത്തെക്കുറിച്ചായിരുന്നു. വീടുകളിലെല്ലാം പൂജാമുറികള്‍ ഉണ്ടാവുന്നതും ആള്‍ദൈവങ്ങള്‍ വര്‍ധിക്കുന്നതുമെല്ലാം. എന്നാല്‍ മാധ്യമങ്ങള്‍ ആ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ എടുത്ത് തിരുകേശ വിവാദത്തിന്റെ ഭാഗമാക്കുകയാണുണ്ടായത്. വിവാദങ്ങള്‍ക്കപ്പുറത്ത് ഏതു തരത്തിലുള്ള മാറ്റമാണ് കേരളീയ സമൂഹത്തില്‍ ഉണ്ടാവുന്നതായി താങ്കള്‍ മനസ്സിലാക്കുന്നത്.
= അവിടെ വിഷയം വാഗ്ഭടാനന്ദനായിരുന്നു. ശ്രീനാരായണ ഗുരുവിനെപ്പോലെ നമ്മുടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ വലിയ തോതില്‍ ശബ്ദിച്ച സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു വാഗ്ഭടാനന്ദന്‍. അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച കൂട്ടത്തില്‍ ആ കാലവും നമ്മുടെ കാലവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നവോത്ഥാന നായകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, തുടര്‍ന്ന് നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ ഇടപെടലുകള്‍, അതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക്, ഇതിന്റെയൊക്കെ ഫലമായി നമ്മുടെ നാടിനുണ്ടായ മാറ്റം, ഇവയെക്കുറിച്ചെല്ലാമായിരുന്നു പറഞ്ഞത്. വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച നമ്മുടെ നാടിനുണ്ടായ മാറ്റം രാജ്യമാകെ അംഗീകരിക്കുന്ന നിലയുണ്ടായി. ജാതീയമായ വേര്‍തിരിവ്, മതപരമായ വേര്‍തിരിവ് ഇതെല്ലാം രാജ്യത്തിന്റെ മറുഭാഗങ്ങളില്‍ ഇന്നും ശക്തമായി നിലനില്‍ക്കുമ്പോള്‍ കേരളം വേറിട്ടു നില്‍ക്കുകയാണ്. വലിയ പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് ഇതു സാധ്യമായത്.
എന്നാല്‍ ഇന്ന് ഒരു തിരിച്ചുപോക്കിന്റെ ശ്രമം നടക്കുന്നുണ്ട് ഇവിടെ. അത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. കാണാമറയത്തുള്ള ശക്തികള്‍ ഇതിനു പിന്നിലുണ്ട്. ആ ശക്തികളെ നമ്മുടെ സമൂഹം വേണ്ടതരത്തില്‍ തിരിച്ചറിഞ്ഞിട്ടില്ല. സി കേശവനെപ്പോലെ ഒരു മുഖ്യമന്ത്രി ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാവും എന്നുപറയാന്‍ ധൈര്യപ്പെട്ടു. ആ കാലത്തിന്റെ പ്രത്യേകതയാണത്. ഇന്ന് അങ്ങനെ ഒരു പ്രസ്താവന ഏതെങ്കിലും മുഖ്യമന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്തി എങ്കില്‍ അതുണ്ടാക്കുന്ന പുകിലുകള്‍ എത്രയായിരിക്കും. ഇത് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ച മാറ്റത്തിന്റെ ഫലമാണ്.
എന്നാല്‍ കാണേണ്ട പ്രശ്നം നമ്മുടെ കേരളീയ സമൂഹം വലിയ തോതില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒന്നാണ്; വലതുപക്ഷക്കാരനുപോലും ഇടതുപക്ഷ സ്വഭാവമുള്ള നാട്. ഈ ഇടതുപക്ഷ ആഭിമുഖ്യം വലിയ അലോസരമായി കാണുന്നവരുണ്ട്. ഇടതുപക്ഷത്തിന്റെ സ്വാധീനം തകര്‍ക്കാനുള്ള പല ശ്രമങ്ങളും നടന്നിട്ടുമുണ്ട്. പക്ഷേ അതൊന്നും വിജയിച്ചില്ല. നമ്മുടെ പൊതു രാഷ്ട്രീയ ബോധം ഇല്ലാതാക്കി അരാഷ്ട്രീയത കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയം മോശമാണ് എന്ന പ്രചാരണത്തിനു പിന്നില്‍ ഈ ലക്ഷ്യമാണ്. രാഷ്ട്രീയ രംഗത്ത് കുറെ വൃത്തികേടുകള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തികളുടെയും പാര്‍ടികളുടെയും തകര്‍ച്ച നമ്മുടെ മുന്നിലുണ്ട്. അഴിമതി പോലുള്ള ദുഷിപ്പുകള്‍ ഏറിവരുന്നു. ഇത് മുതലെടുത്ത് രാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുന്ന നിലപാട് സ്വീകരിച്ചാല്‍, കാര്യങ്ങളെ വേര്‍തിരിച്ചുകാണാന്‍ കഴിയാത്തവര്‍ അതങ്ങു സ്വീകരിക്കുന്ന നില വരും.
? വളരെ ആസൂത്രിതമായ നീക്കം ഇത്തരത്തില്‍ നടക്കുന്നു എന്നാണ് താങ്കള്‍ കരുതുന്നത്....
= ബോധപൂര്‍വമുള്ള ആസൂത്രിതമായ നീക്കമാണിത്. ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയിലും നല്ല തോതില്‍ രാഷ്ട്രീയ ആഭിമുഖ്യമുണ്ട്. നമ്മുടെ സമരമുഖങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ട്. ഈ രാഷ്ട്രീയബോധം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരുന്നത്. അതിന്റെ അടയാളങ്ങള്‍ നമുക്കു ചുറ്റും കാണാം. ആള്‍ദൈവങ്ങള്‍-അവര്‍ വലിയ തോതില്‍ ആളുകളെ കൂട്ടുന്നു. ആധുനിക മാനേജ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള ശാസ്ത്രീയമായ മാര്‍ക്കറ്റിങ് രീതി തന്നെ നടപ്പാക്കുന്നു. മാര്‍ക്കറ്റിങ്ങില്‍ മുന്നിലെത്തുന്നവര്‍ വലിയ ആള്‍ദൈവമാവുന്നു. ഇത്തരത്തില്‍ ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശരിയായ രീതിയിലുള്ള ബോധവല്‍ക്കരണം നടക്കേണ്ടതുണ്ട്.
? കേരളത്തിന്റെ ഈ തിരിച്ചുപോക്കില്‍ ഒരു കാലത്ത് നമ്മുടെ സാമൂഹികമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്.
= മാധ്യമങ്ങളുടെ രീതിയിലും കാഴ്ചപ്പാടിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് നല്ല തരത്തിലുള്ള മാറ്റമല്ല. നിയമസഭാ റിപ്പോര്‍ട്ടിങ് രീതി തന്നെ ഉദാഹരണമായെടുക്കുക. മുമ്പൊക്കെ നിയമസഭയില്‍ നടക്കുന്ന പ്രസംഗങ്ങളുടെ പ്രസക്തമായ ഭാഗങ്ങളും ചോദ്യോത്തരങ്ങളുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ എന്താണ് മാധ്യമങ്ങളിലൂടെ കിട്ടുന്നത്. ആരെങ്കിലും വില കുറഞ്ഞ തമാശകള്‍ പറഞ്ഞാല്‍ അത് വരും. ജനങ്ങളെ സംബന്ധിച്ച പ്രധാനമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ അവഗണിച്ചു തള്ളുന്നു.
? തിരുകേശ വിവാദം, യേശുക്രിസ്തുവിന്റെ ചിത്രം പാര്‍ടി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഈ രണ്ടു കാര്യങ്ങളും പ്രത്യേക ലക്ഷ്യങ്ങളോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണോ.
= ഇതില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഇടപെടലുണ്ട്. സിപിഐ എമ്മിനെ ആക്രമിക്കാന്‍ താല്‍പ്പര്യമുള്ള ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. സിപിഐ എം ആണ് ഇവിടുത്തെ ഏറ്റവും വലിയ പുരോഗമന ശക്തി. ആ പ്രസ്ഥാനത്തെ തകര്‍ത്താല്‍ മറ്റു കാര്യങ്ങളൊക്കെ എളുപ്പമാവും. അതോടെ പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വലിയ തോതില്‍ സ്വാധീനം വര്‍ധിപ്പിക്കാം. ഇതിനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്. യേശുക്രിസ്തുവിന്റെ ചിത്രം വച്ചതിനെക്കുറിച്ച് ധാരാളം പുരോഹിതന്മാര്‍ പ്രതികരിച്ചിട്ടുണ്ട്. യേശുവിനെ മോശമായി കാണിക്കുന്നു എങ്കിലേ എതിര്‍ക്കേണ്ടതുള്ളു; അദ്ദേഹത്തെ ആദരവോടെ കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ബഹുഭൂരിപക്ഷം പുരോഹിതരും പ്രതികരിച്ചത്. എന്നാല്‍ ഒറ്റപ്പെട്ട ചില ശബ്ദങ്ങളും നമ്മള്‍ കേട്ടു. ഇതൊരു വിവാദമാക്കി മാറ്റാന്‍ നമ്മുടെ ചില മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചു. അതുപോലെത്തന്നെയാണ് തിരുകേശ പ്രശ്നവും. ഞാന്‍ അതിന്റെ ശാസ്ത്രീയ വശം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. തിരുകേശ വിവാദത്തിലേക്ക് യഥാര്‍ഥത്തില്‍ കടന്നിട്ടില്ല. നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒരു പ്രശ്നം; അതിന്റെ രണ്ടുവശം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഇത്തരം കാര്യങ്ങളില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. പലപ്പോഴും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരകരായി മാധ്യമങ്ങള്‍ മാറുന്നു.
? തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് താങ്കള്‍ മാത്രമാണ് പ്രതികരിച്ചത്. മറ്റു പ്രധാന രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ ഒഴിഞ്ഞുമാറി. രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ട എന്ന നിലപാടുമായി ചില മതമേലധ്യക്ഷന്മാരും രംഗത്തുവന്നു. നമ്മുടെ സമൂഹം കൂടുതല്‍ കൂടുതല്‍ ഇടുങ്ങി വരുന്നതിന്റെ ലക്ഷണമല്ലേ ഇത്.
= സമൂഹത്തിലെ ഏതു പ്രശ്നങ്ങളും രാഷ്ട്രീയക്കാര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരും. മതപരമായ ഒരു കാര്യത്തിലും രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട എന്ന നിലപാട് ഞങ്ങള്‍ക്ക് ഏതായാലും ബാധകമല്ല. ബാബറി മസ്ജിദിന്റെ പ്രശ്നം വന്നപ്പോള്‍ ഏറ്റവും ഉയര്‍ന്നുകേട്ട ശബ്ദം ഞങ്ങളുടേതായിരുന്നു. മതപരമായി ചിലപ്പോള്‍ വര്‍ഗീയത ഉയര്‍ന്നുവരാറുണ്ട്. വര്‍ഗീയ ആക്രമണങ്ങളുടെ ഘട്ടത്തില്‍ ഞങ്ങള്‍ സ്വീകരിക്കുന്ന പൊതുസമീപനമുണ്ട്. അത് മതന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ളതാണ്. ഇതൊക്കെ ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ടിയാണ് ഞങ്ങളുടേത്. സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാതെ ഞങ്ങള്‍ ഒഴിഞ്ഞുമാറി നില്‍ക്കില്ല.
? ഇവിടെ മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കാനും ഭരണത്തില്‍ നേരിട്ട് ഇടപെടാനും വരെ മതമേലധ്യക്ഷന്മാര്‍ ധൈര്യം കാട്ടുന്നു. ഒപ്പം പാഠപുസ്തകങ്ങളില്‍ എന്തുവേണം, എന്തു വേണ്ട എന്നുവരെ തീരുമാനിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കേ മന്നംജയന്തിക്ക് നായന്മാര്‍ക്കുമാത്രം അവധി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവാകുന്നു. ഭീഷണമായ ഭാവിയിലേയ്ക്കല്ലേ നമ്മള്‍ നടന്നുനീങ്ങുന്നത്.
= നമ്മുടെ സമൂഹത്തിന്റെ അപചയത്തേക്കാളും യുഡിഎഫ് രാഷ്ട്രീയത്തിന്റെ തകര്‍ച്ചയാണ് ഇവിടെ കാണുന്നത്. യുഡിഎഫ് രാഷ്ട്രീയം ദീര്‍ഘകാലമായി ജാതിമത ശക്തികളെ പ്രീണിപ്പിക്കാന്‍ മത്സരിക്കുകയാണ്. അവര്‍ ആവശ്യപ്പെടുന്നതെല്ലാം അംഗീകരിച്ചു കൊടുക്കുന്നു. പ്രൊഫഷണല്‍ കോളേജുകളിലെ ഫീസില്‍ വരുത്തിയ വര്‍ധനവു തന്നെ ഉദാഹരണം. സ്വാശ്രയകോളേജില്‍ മെറിറ്റില്‍ പ്രവേശനം നേടുന്നവര്‍ക്ക് ന്യായമായ ഫീസ് കൊടുത്തു പഠിക്കാന്‍ കഴിയുമായിരുന്ന സ്ഥിതി അട്ടിമറിച്ചിരിക്കുകയാണ്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാത്രമാണ് ഇവിടെ നിലനിന്ന പൊതുസ്ഥിതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എന്നത് ക്രൈസ്തവ വിഭാഗം ആകെയല്ല. അമിതമായ ഫീസ് ഈടാക്കാന്‍ താല്‍പ്പര്യമുള്ള മാനേജ്മെന്റുകളെ പ്രതിനിധാനം ചെയ്യുന്നവരാണിവര്‍. അവര്‍ക്ക് സര്‍ക്കാര്‍ കീഴ്പ്പെട്ടിരിക്കുകയാണ്. എല്ലാ പ്രശ്നത്തിലും ഈ കീഴടങ്ങല്‍ ഉണ്ടാവുന്നു. ഞങ്ങള്‍ പറഞ്ഞിട്ടാണ് ഇയാള്‍ മന്ത്രിയായതെന്ന് ഓരോ സമുദായ നേതാക്കളും പറയുന്നു. ജനാധിപത്യ പ്രക്രിയയ്ക്കു ചേരാത്ത സ്ഥിതി വിശേഷമാണിത്.
? സാമുദായിക, മതനേതാക്കളുടെ അനാവശ്യ ഇടപെടലുകള്‍ക്കെതിരെ പലപ്പോഴും ഉയരുന്ന ശബ്ദം താങ്കളുടേതാണ്. എന്തുകൊണ്ടാണ് മറ്റു പാര്‍ടികളുടെ നേതാക്കളാരും പ്രതികരിക്കാത്തത്.
= സിപിഐ എം ഇക്കാര്യങ്ങളില്‍ പ്രതികരിക്കാറുണ്ട്. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ഇവരെ പ്രീണിപ്പിച്ചുകൊണ്ട് കാര്യങ്ങള്‍ നേടണമെന്നാണ് ആഗ്രഹിക്കുന്നത്. അത് നമ്മുടെ സമൂഹത്തിന് ആപത്തേ വരുത്തിയിട്ടുള്ളു. 2001-05 കാലത്തെ യുഡിഎഫ് ഭരണത്തില്‍ 18 പേരാണ് വര്‍ഗീയ കലാപത്തില്‍ കൊലചെയ്യപ്പെട്ടത്. വര്‍ഗീയശക്തികളെ പ്രീണിപ്പിച്ചതിന്റെ ഫലമായിരുന്നു ഇത്. എന്നാല്‍ അവര്‍ അതില്‍നിന്ന് ഒരു പാഠവും പഠിക്കാന്‍ തയ്യാറായിട്ടില്ല.
? മറ്റൊരു വിഷയത്തിലേക്കു വരാം. കേരളത്തില്‍ ഭൂപരിഷ്ക്കരണം നടന്നിട്ട് അഞ്ചു പതിറ്റാണ്ട് കഴിഞ്ഞു. വലിയ നേട്ടങ്ങള്‍ ഉണ്ടായി. എന്നാല്‍ ഭക്ഷ്യോല്‍പാദനം കുറഞ്ഞതുപോലുള്ള പ്രശ്നങ്ങളും ഉണ്ടായി. ഇപ്പോള്‍ ഭൂമി കൃഷി ചെയ്യാനുള്ളതല്ല. മുറിച്ചുവില്‍ക്കാനുള്ളതാണ് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ദളിതരും ആദിവാസികളും ഭൂമിയില്ലാതെ വലയുന്നു. രണ്ടാം ഭൂപരിഷ്ക്കരണ പ്രസ്ഥാനം വേണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയരുന്നു. സിപിഐ എം ഏതു തരത്തിലാണ് ഈ പ്രശ്നത്തെ കാണുന്നത്.
= കേരളത്തിലെ പുരോഗതിയുടെ ഏറ്റവും പ്രധാന ഘടകം ഭൂപരിഷ്ക്കരണം തന്നെയാണ്. ഭൂപരിഷ്ക്കരണത്തിന്റെ ഭാഗമായി രണ്ടു കാര്യങ്ങള്‍ നടന്നു. ഒന്ന് ഭൂമിക്ക് പരിധി വന്നു. രണ്ട് പരിധിക്കപ്പുറമുള്ള ഭൂമി സമൂഹത്തില്‍ ഭൂമിയില്ലാത്തവര്‍ക്കു നല്‍കുന്ന സ്ഥിതി വന്നു. അതോടൊപ്പം ചെറിയ ഒരു കാര്യമായിട്ടാണ് തോന്നുന്നതെങ്കിലും സമൂഹത്തില്‍ വലിയ മാറ്റം വരുത്തിയ ഒന്നാണ് കുടികിടപ്പവകാശം യാഥാര്‍ഥ്യമായി എന്നത്. 10 സെന്റ് ആണെങ്കില്‍പ്പോലും അത്രയും ഭൂമി കൈവശം വരുമ്പോള്‍ ആ ആളുടെ, കുടുംബത്തിന്റെ ബോധതലത്തില്‍ വലിയ മാറ്റം വരികയാണ്. അവരുടെ ആത്മാഭിമാനം തന്നെ വലിയ തോതില്‍ ഉയരുന്നു. സമൂഹത്തില്‍ ഇന്നലെവരെ ഉണ്ടായ അവസ്ഥയല്ല. ഈ സാഹചര്യം വന്നതോടെ വലിയ മാറ്റം അവരിലുണ്ടാവുന്നു; അവരുടെ പിന്‍ തലമുറയിലുണ്ടാവുന്നു. ഇതാണ് ഭൂപരിഷ്ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. ഇത്തരം മാറ്റങ്ങള്‍ മൂലമാണ് കേരളീയ സമൂഹം പുരോഗതി പ്രാപിച്ചത്.
കേരളത്തില്‍ 1957ല്‍ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതേവരെ കമ്യൂണിസ്റ്റുകാര്‍ നാട്ടിലുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് അവര്‍ ശ്രമിച്ചത്. "കൃഷിഭൂമി കര്‍ഷകന്" എന്ന മുദ്രാവാക്യം കേട്ടപ്പോള്‍ എന്തോ ഭ്രാന്തു പറയുന്നു എന്ന ചിന്തയായിരുന്നു ഭൂവുടമകള്‍ക്ക്. എന്നാല്‍, ഇ എം എസ് സര്‍ക്കാര്‍ അത് യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അങ്ങനെ വന്നപ്പോള്‍ കേരളത്തിലെ ഭൂവുടമകള്‍ക്കു മാത്രമല്ല പ്രയാസമുണ്ടായത്. ഇതിന്റെ പ്രതിഫലനം മറ്റു നാടുകളിലുമുണ്ടാകും എന്നു ഭയന്നാണ് രാജ്യത്താകെയുള്ള ബൂര്‍ഷ്വാ ഭൂവുടമ വര്‍ഗം ഇ എം എസ് ഗവണ്‍മെന്റിനെ അട്ടിമറിച്ചത്. എന്നാല്‍ കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടാണ് ആ ഗവണ്‍മെന്റ് പോയത്. പിന്നെ 10 വര്‍ഷം കഴിഞ്ഞേ ഭരണം ലഭിച്ചുള്ളു. 1967ലെ ഇ എം എസ് ഗവണ്‍മെന്റ് സമഗ്രമായ ഭൂപരിഷ്ക്കരണ നിയമം തന്നെ പാസാക്കി. 80ലേ പിന്നീട് അധികാരത്തിലെത്തിയുള്ളു.
ഇടതുസര്‍ക്കാരിന്റെ കാലത്തു നടന്നതല്ലാതെ ഭൂവിതരണം സംബന്ധിച്ച് ആത്മാര്‍ഥമായ ശ്രമം മറ്റു ഭരണ കാലഘട്ടങ്ങളില്‍ ഉണ്ടായില്ല. ഭൂപരിഷ്ക്കരണത്തിന്റെ തുടര്‍ച്ചയായി ഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്യേണ്ടതുണ്ടായിരുന്നു. അതു ചെയ്തില്ല. സംസ്ഥാനത്ത് മിച്ചഭൂമിയില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഈ സമയത്താണ് മിച്ചഭൂമി ഇതാ എന്നു ചൂണ്ടിക്കാട്ടി പാര്‍ടി സമരം നടത്തിയത്. കുറേ പേര്‍ക്ക് അങ്ങനെ ഭൂമി കിട്ടി. എന്നാല്‍ നമ്മുടെ സമൂഹത്തിലെ എല്ലാവര്‍ക്കും ഭൂമി കിട്ടുന്ന സ്ഥിതി വന്നില്ല. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭരണത്തിലെ ഈ തുടര്‍ച്ചയില്ലായ്മകൊണ്ട് കഴിഞ്ഞില്ല. 57ലും 67ലും 80ലും രണ്ടു വര്‍ഷം വീതം മാത്രമാണ് ഭരണം ലഭിച്ചത്. 87 മുതലാണത് അഞ്ചു വര്‍ഷ കാലാവധിയായത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കാനുള്ള ഇടതുമുന്നണി ശ്രമങ്ങള്‍ പിന്നീട് ഭരണത്തില്‍ വന്ന യുഡിഎഫ് ഗവണ്‍മെന്റുകള്‍ തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ച ഉണ്ടാവുന്നില്ല. ഇത് ഉണ്ടായേ തീരൂ. രണ്ടാം ഭൂപരിഷ്ക്കരണ പ്രസ്ഥാനം എന്നൊക്കെയുള്ളത് തെറ്റായ മുദ്രാവാക്യമാണ്. ഭൂപരിഷ്ക്കരണ നടപടികളുടെ ഭാഗമായിത്തന്നെ ശരിയായ രീതിയില്‍ ഭൂമി വിതരണം നടത്തുകയാണ് വേണ്ടത്.
? നവോത്ഥാന പ്രസ്ഥാനം മാറ്റങ്ങള്‍ സൃഷ്ടിച്ച നാടായിട്ടും അതിനുസരിച്ചൊരു മാറ്റം നമ്മുടെ സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടായില്ല. വിലക്കുകളും അസ്വാതന്ത്ര്യവും ഇരട്ട അധ്വാനവുമൊക്കെ. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായെങ്കിലും അത് വളര്‍ന്നു വന്നില്ല.
= വനിതകളുടെ പ്രശ്നങ്ങള്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ആ പ്രശ്നങ്ങള്‍ സ്ത്രീകള്‍ മാത്രമായോ അല്ലെങ്കില്‍ സ്ത്രീ സംഘടനകള്‍ മാത്രമായോ അല്ല പരിഹരിക്കേണ്ടത്. പൊതുസമൂഹം തന്നെ അതേറ്റെടുക്കേണ്ടതുണ്ട്. അടുത്ത കാലത്തായി ഏതെല്ലാം തരത്തിലുള്ള ആക്രമണങ്ങളുടെ കഥകളാണ് നമ്മള്‍ കേള്‍ക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഒരു സ്ത്രീക്കും ഭയമില്ലാതെ നടക്കാന്‍ പറ്റാത്ത നാടായി ഇതു മാറിയിരിക്കുന്നു. വീട്ടിലും യാത്രയിലുമെല്ലാം രക്ഷയില്ലാത്ത സ്ഥിതി. പൊതുസമൂഹം തന്നെ ഈ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പരിഹാരം കാണേണ്ടതുണ്ട്. സ്ത്രീകള്‍ വലിയ തോതില്‍ പൊതുരംഗത്തു വരുന്നു എന്നത് വലിയ കാര്യമാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തന ഫലമായി ഒരു നേതൃനിര തന്നെ വളര്‍ന്നുവന്നിരിക്കുന്നു. നല്ല നേതൃശേഷി പ്രകടിപ്പിക്കുന്നുമുണ്ട് അവര്‍. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വന്നപ്പോള്‍ എവിടുന്ന് ആളെ കിട്ടും എന്ന സംശയം ചിലര്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. എങ്കിലും പുരുഷനായാലും സ്ത്രീയായാലും നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നിലയിലേക്കു കാര്യങ്ങള്‍ മാറണം.
? കലുഷിതമാണ് ഇന്നത്തെ നമ്മുടെ തൊഴില്‍മേഖല. ഉദ്പാദനമേഖലയില്‍ കാര്യമായ ചലനങ്ങളില്ല. കര്‍ഷകത്തൊഴിലാളികള്‍ എന്ന വര്‍ഗം തന്നെ ഇല്ലാതാവുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്. അവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ നിറയുന്നു. ഐടി മേഖലയില്‍ പുത്തന്‍ തൊഴില്‍ സംസ്കാരം നിലവില്‍ വരുന്നു. ഒപ്പം വലിയ ചൂഷണവും നടക്കുന്നു.
= കേരളത്തിലെ തൊഴില്‍മേഖല തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ്. ഏതു ജോലി ചെയ്യുന്നതിനും മറ്റാരുമായും മത്സരിക്കാന്‍ ത്രാണിയുള്ളവരാണ് മലയാളികള്‍. നമ്മുടെ നാട്ടില്‍ ചില ജോലികള്‍ക്കിപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെയാണ് വലിയ തോതില്‍ ആശ്രയിക്കുന്നത്. ഇത് നമ്മുടെ നാട്ടുകാരുടെ മടികൊണ്ടല്ല. ആളുകളുടെ ക്ഷാമം കൊണ്ടുതന്നെയാണ്. ജോലി ചെയ്യുന്നവര്‍ക്ക് ന്യായമായ കൂലി ലഭിക്കുന്ന നില ഇവിടെയുണ്ട്. അത് നേരത്തെ നടത്തിയ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമാണ്. എന്നാല്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് അതേ തോതില്‍ കൂലി ലഭിക്കുന്നില്ല. ഇത് അംഗീകരിക്കാനാവില്ല. അപൂര്‍വം ചില സ്ഥലങ്ങളിലാണെങ്കിലും തെറ്റായ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരെ ഇടത്തട്ടുകാര്‍ ചൂഷണം ചെയ്തുകൂടാ. പണ്ടത്തെ കങ്കാണിമാരുടെ പണി ചെയ്യുന്ന ചില മോഡേണ്‍ കങ്കാണിമാര്‍ നമ്മുടെ നഗരങ്ങളിലുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിച്ച് പണം തട്ടുന്നവര്‍. അത് അനുവദിക്കാനാവില്ല. അധ്വാനിക്കുന്നവന് അവന്‍ ഏതു നാട്ടുകാരനായാലും അതിനുള്ള കൂലി ലഭിക്കണം. ഇതു ലഭ്യമാക്കാന്‍ പാര്‍ടി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഒപ്പം തന്നെ കാര്‍ഷിക രംഗത്ത് മാറ്റമുണ്ടാവണം. നാം ഒത്തുപിടിച്ചാല്‍ നമുക്കാവശ്യമായ ഭക്ഷ്യവസ്തുക്കളില്‍ ഏറെയും ഇവിടെ ഉദ്പാദിപ്പിക്കാനാവും. ഇതിന് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും സഹകരണസംഘങ്ങളും ഒത്തു ശ്രമിക്കണം. കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും ഇവിടെ വളര്‍ന്നുവരേണ്ടതുണ്ട്. ഐടി നമുക്ക് നല്ല നിലയില്‍ വളര്‍ത്തിയെടുക്കാവുന്ന മേഖലയാണ്. നമ്മുടെ നാടിന്റെ സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ വളരെ ചെറിയ ചലനങ്ങളേ ഇവിടെ ഉണ്ടായിട്ടുള്ളു. ടൂറിസവും നമുക്ക് അനന്തസാധ്യതകളുള്ള മേഖലയാണ്. ഇക്കാര്യങ്ങളില്‍ എല്ലാവരും ഒറ്റ മനസ്സോടെ നടത്തുന്ന പരിശ്രമങ്ങള്‍ ഉണ്ടായേ തീരൂ.
*
പിണറായി വിജയന്‍ / ആര്‍ സുഭാഷ് ദേശാഭിമാനി വാരിക
1 comment:
ബോധപൂര്‍വമുള്ള ആസൂത്രിതമായ നീക്കമാണിത്. ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയിലും നല്ല തോതില്‍ രാഷ്ട്രീയ ആഭിമുഖ്യമുണ്ട്. നമ്മുടെ സമരമുഖങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ട്. ഈ രാഷ്ട്രീയബോധം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരുന്നത്. അതിന്റെ അടയാളങ്ങള്‍ നമുക്കു ചുറ്റും കാണാം. ആള്‍ദൈവങ്ങള്‍-അവര്‍ വലിയ തോതില്‍ ആളുകളെ കൂട്ടുന്നു. ആധുനിക മാനേജ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള ശാസ്ത്രീയമായ മാര്‍ക്കറ്റിങ് രീതി തന്നെ നടപ്പാക്കുന്നു. മാര്‍ക്കറ്റിങ്ങില്‍ മുന്നിലെത്തുന്നവര്‍ വലിയ ആള്‍ദൈവമാവുന്നു. ഇത്തരത്തില്‍ ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശരിയായ രീതിയിലുള്ള ബോധവല്‍ക്കരണം നടക്കേണ്ടതുണ്ട്.
Post a Comment