Monday, May 14, 2012

ഹിലരിയുടെ സന്ദര്‍ശനം ഇന്ത്യക്ക് ദോഷംമാത്രം

അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ലിന്റന്റെ സന്ദര്‍ശനം ഇന്ത്യക്ക് എന്തെങ്കിലും ഗുണംചെയ്യുന്നതായിരുന്നില്ലെന്ന് വ്യക്തമായിരിക്കുന്നു. രാജ്യത്തെ ചില്ലറവില്‍പ്പനമേഖല അമേരിക്കയിലെയും മറ്റു രാഷ്ട്രങ്ങളിലെയും ബഹുരാഷ്ട്രകുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള തീരുമാനം എടുപ്പിക്കാനും ഇറാനെതിരായ ഐക്യമുന്നണി ഉണ്ടാക്കാനുമാണ് പ്രധാനമായും ഹിലരി എത്തിയത്. ഹിലരി വന്നുപോയപ്പോള്‍ കൂടുതല്‍ വ്യക്തമാക്കപ്പെട്ടത്, ഇന്ത്യയുടെ പരമാധികാരംപോലും യുപിഎ സര്‍ക്കാര്‍ അമേരിക്കയ്ക്ക് ശങ്കയില്ലാത്തവിധം അടിയറവച്ചിരിക്കുന്നു എന്ന വസ്തുതയാണ്. ഹിലരി എത്തുന്നതിനുമുമ്പുതന്നെ, ആ സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യങ്ങള്‍ എന്തൊക്കെയാകുമെന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയതാണ്. ചില്ലറവില്‍പ്പനമേഖല ബഹുരാഷ്ട്രകുത്തകകള്‍ക്ക് തുറന്നുകൊടുക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യ അജന്‍ഡയെന്ന് പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ കമ്യൂണിക്കെയില്‍ വ്യക്തമാക്കിയിരുന്നു. ഇറാനില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കാനും ആ രാജ്യവുമായുള്ള വാണിജ്യ- സാമ്പത്തിക ബന്ധങ്ങള്‍ അവസാനിപ്പിക്കാനും അമേരിക്ക ആവശ്യപ്പെടുമെന്ന് പാര്‍ടി മുന്നറിയിപ്പ് നല്‍കി.

ചില്ലറവ്യാപാരരംഗത്ത് വിദേശ മൂലധനിക്ഷേപം അനുവദിക്കാത്തത് കോണ്‍ഗ്രസിന് മടിയുണ്ടായിട്ടല്ല. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയപാര്‍ടികളും അതിനെതിരാണ്. യുപിഎ ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്. അതൊന്നും കണക്കിലെടുക്കാതെ സര്‍ക്കാര്‍ ഒരുമ്പെട്ടിറങ്ങിയാല്‍ പാര്‍ലമെന്റ് ആ നീക്കം തള്ളിക്കളയും. ആ ഭീതികൊണ്ടാണ് തീരുമാനം വരാത്തത്. എതിര്‍പ്പുകാരില്‍ ബംഗാളിലെ മമത ബാനര്‍ജിയുണ്ട്. അവരെ കൊല്‍ക്കത്തയില്‍ ചെന്ന് അനുനയിപ്പിക്കാനും പ്രലോഭിപ്പിക്കാനും ഹിലരിക്ക് അവസരം ലഭിച്ചു. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കാനുള്ള ദൂതുമായാണ് ഒരു വിദേശരാജ്യത്തിന്റെ ഭരണാധികാരി ഇന്ത്യക്കകത്തെ മുഖ്യമന്ത്രിയെ കാണാന്‍ പോയത് എന്നര്‍ഥം. അങ്ങനെ ഉപജാപങ്ങളിലൂടെ എടുക്കാനിരിക്കുന്ന തീരുമാനം, രാജ്യത്തെ സുപ്രധാന തൊഴില്‍ദായകമേഖലയും കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗവുമായ ചില്ലറവ്യാപാരമേഖലയെ തകര്‍ക്കുന്നതാണെന്നുകൂടി വരുമ്പോള്‍ യുപിഎയുടെ ജനദ്രോഹമുഖം ഭീതിദമായി തെളിയുകയാണ്.

ഇറാനെതിരായ നീക്കങ്ങളില്‍ ഇന്ത്യയെ അമേരിക്ക നേരത്തെതന്നെ പങ്കാളിയാക്കിയിട്ടുണ്ട്. ഇനി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പാടേ അവസാനിപ്പിക്കണമെന്നതാണ് ആവശ്യം. ഇറാഖിനെയെന്നപോലെ, ഇറാനുനേരെയും അണുബോംബുനിര്‍മാണം ആരോപിച്ച് തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുകയാണ് അമേരിക്ക. യുഎന്‍ രക്ഷാസമിതി ഇറാനെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അതിന്റെ ഭാഗമാണ്. ഇറാനെ സാമ്പത്തികമായി തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ആരും ഇറാനില്‍നിന്ന് എണ്ണ വാങ്ങരുതെന്ന ധിക്കാരപൂര്‍ണമായ സമീപനം പരസ്യമായി അവര്‍ സ്വീകരിക്കുന്നു. അത് മറികടന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഉപരോധിക്കുമെന്ന ഭീഷണി വന്നുകഴിഞ്ഞു. ഇന്ത്യയെ ഭയപ്പെടുത്തിയും സമ്മര്‍ദത്തില്‍പ്പെടുത്തിയും ഇറാനെതിരായി നിര്‍ത്തുക എന്നതാണ് അമേരിക്കന്‍താല്‍പ്പര്യം. കുറഞ്ഞ വിലയ്ക്ക് ഒട്ടുമിക്ക എണ്ണശുദ്ധീകരണശാലകള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഇറാനില്‍നിന്നാണ് എണ്ണ വരുന്നത്. അത് ഇല്ലാതായാല്‍ എണ്ണവില ഇനിയും ഉയരും.

ഇപ്പോള്‍ത്തന്നെ ഇറാനുമായുള്ള എണ്ണവ്യാപാരത്തില്‍ പ്രശ്നങ്ങളുണ്ട്. അമേരിക്ക വിലക്കിയതിനാല്‍ വില ഡോളറായി കൊടുക്കാനാകില്ല. ഇന്ത്യക്കുവേണ്ട എണ്ണ ഇങ്ങോട്ടും ഇവിടെനിന്ന് വേണ്ട സാധനങ്ങള്‍ ഇറാനിലേക്കും കൈമാറ്റംചെയ്യുന്ന ഉഭയകക്ഷിവ്യാപാരമാണിപ്പോള്‍ നടക്കുന്നത്. അതും പാടില്ലെന്നാണ് അമേരിക്ക കല്‍പ്പിക്കുന്നത്. ഇന്ത്യയുടെയും ഇന്ത്യന്‍ കമ്പനികളുടെയുംമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞുകഴിഞ്ഞു. ആ ധാര്‍ഷ്ട്യത്തിന് വഴങ്ങിയാല്‍ രാജ്യം ചെറിയ പ്രതിസന്ധിയെയല്ല നേരിടുക. ഒരുഭാഗത്ത് അമേരിക്കയോടുള്ള അമിതവിധേയത്വം, മറുവശത്ത് നിലനില്‍പ്പിനായുള്ള തത്രപ്പാട്- ഇതിനിടയില്‍ ഇന്ത്യയെ തങ്ങളുടെ വഴിയിലേക്ക് നയിക്കുക എന്ന ദൗത്യമായിരുന്നു ഹിലരിയുടേത്. ഇറാനുമായുള്ള സൗഹൃദവും സാമ്പത്തികസഹകരണവും ഇന്ത്യക്ക് പരമപ്രധാനമാണ്. അത് ബലികഴിക്കുന്നത് ആത്മഹത്യാപരമാകുമെന്ന ഒറ്റക്കാരണമാണ് ഹിലരിയുടെ മുന്നില്‍ സര്‍വം സമ്മതിക്കുന്നതില്‍നിന്ന് മന്‍മോഹന്‍സര്‍ക്കാരിനെ തടഞ്ഞത്. ഇറാന്‍- പാകിസ്ഥാന്‍- ഇന്ത്യ വാതകക്കുഴല്‍ പദ്ധതി, ഇറാന്റെ ആണവപദ്ധതി എന്നീ കാര്യങ്ങളില്‍ അമേരിക്കയ്ക്ക് കീഴടങ്ങിയ മന്‍മോഹന്‍സര്‍ക്കാര്‍, എണ്ണക്കാര്യത്തിലും അത് തുടരുന്നത് സര്‍വശക്തിയുമെടുത്ത് ചെറുക്കേണ്ടതുണ്ട്. ഇന്ത്യക്ക് ഇറാനില്‍നിന്നുള്ള എണ്ണയും വാതകവും ആവശ്യമാണ്. രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യമനുസരിച്ച് യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചേതീരൂ. ഹിലരി കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെ തീസ്റ്റ നദീജലം പങ്കിടല്‍ വിഷയം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചചെയ്തെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തങ്ങള്‍ക്ക് പങ്കില്ലാത്ത ഉഭയകക്ഷിപ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വിഷയത്തിലെ അനാവശ്യ കടന്നുകയറ്റമാണെന്നത് പകല്‍പോലെ വ്യക്തമായിട്ടും യുപിഎ സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നതില്‍നിന്ന് അവരുടെ മനസ്സിലിരിപ്പ് വ്യക്തമാകുന്നുണ്ട്. ഇറാനും മറ്റ് അയല്‍രാജ്യങ്ങളുമായി സ്വന്തം താല്‍പ്പര്യമനുസരിച്ച് ഉഭയകക്ഷിബന്ധം വിപുലപ്പെടുത്താനുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം അമേരിക്കയ്ക്ക് അടിയറവയ്ക്കാന്‍ യുപിഎ സര്‍ക്കാരിനെ ഒരുവിധത്തിലും അനുവദിച്ചുകൂടാ.

*
ദേശാഭിമാനി മുഖപ്രസംഗം 14 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...