Sunday, May 27, 2012

ചൈനയില്‍ സംഭവിക്കുന്നത്

ചൈനയിലെ രാഷ്ട്രീയം സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ സംശയകരമായ സത്യനിഷ്ഠയുള്ള പുതിയ "വെളിപ്പെടുത്തലുകള്‍" ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോവുന്നില്ല. പതിവ് ചൈനാവിരുദ്ധ പ്രചാരണത്തിനിടെ വസ്തുതയെ ഭാവനയില്‍നിന്നും സത്യത്തെ ദൂഷണത്തില്‍നിന്നും വേര്‍തിരിച്ച് മനസിലാക്കുകയെന്നത് തീര്‍ച്ചയായും ശ്രമകരമാണ്. എന്നാല്‍ അപ്രതീക്ഷിതമായ ദിശകളിലേക്ക് നയിക്കാവുന്ന എന്തൊക്കെയോ ചൈനയില്‍ സംഭവിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ചൈനയുടെ വിപ്ലവനേതാക്കളില്‍ ഒരാളുടെ മകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചോങ്ഖിങ് മുനിസിപ്പാലിറ്റി സെക്രട്ടറിയുമായ ഉന്നത നേതാവ് ബോ സീലായിയുടെ അസാധാരണ കേസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

പാര്‍ടിയിലും മേഖലാ സര്‍ക്കാരിലും അടിക്കടി ഉയര്‍ന്നുവന്ന ബോ ഈ വര്‍ഷാവസാനം പുനഃസംഘടിപ്പിക്കപ്പെടുന്ന പൊളിറ്റ്ബ്യൂറോയുടെ സര്‍വശക്തമായ ഒമ്പതംഗ സ്റ്റാന്റിങ്ങ് കമ്മിറ്റിയില്‍ അംഗമാവുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പാര്‍ടിയുടെ 18ാം കോണ്‍ഗ്രസ് ചേരുമ്പോള്‍ സ്റ്റാന്റിങ്ങ് കമ്മിറ്റിയിലെ ഒമ്പതംഗങ്ങളില്‍ ഏഴുപേര്‍ ഒഴിഞ്ഞ് തീര്‍ത്തും പുതിയ നേതൃത്വത്തിന് വഴിയൊരുക്കും. ബോ ആ ഏഴ് സ്ഥാനങ്ങളില്‍ ഒന്നിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു എന്ന വസ്തുതയും അത് ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു എന്നതും പാര്‍ടിയില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് മതിയായ തെളിവാണ്. വാസ്തവത്തില്‍ അദ്ദേഹം വേറിട്ട് നില്‍ക്കുകയായിരുന്നു. ബോയുടെ പിതാവും അതിനാല്‍ അദ്ദേഹം തന്നെയും സാംസ്കാരിക വിപ്ലവത്തിന്റെ ഇരകളായിരുന്നു എന്ന് സംസാരമുണ്ടെങ്കിലും സര്‍ക്കാരിലും പുറത്തുമുള്ള അഴിമതിക്കാരെ നേരിടുന്നതില്‍ കൈക്കൊണ്ട കര്‍ക്കശ നടപടികളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മാവോ യുഗത്തിലെ പ്രശസ്തമായ "ചുവന്ന ഗാനങ്ങള്‍"(വിപ്ലവഗാനങ്ങള്‍) പാടുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ബോ പ്രസിദ്ധനായിരുന്നു. ഉയര്‍ന്ന വളര്‍ച്ചയും കയറ്റുമതിയും ലക്ഷ്യമിട്ട് തെക്കുകിഴക്കന്‍ പ്രവിശ്യകളില്‍ നടപ്പാക്കിവന്ന വികസന തന്ത്രത്തിന് വിരുദ്ധമായി ചോങ്ഖിങ് മാതൃകയുടെ ബദല്‍ സൃഷ്ടിച്ച് കൂടുതല്‍ തീവ്രവാദ വീക്ഷണങ്ങളുള്ള കടുംപിടുത്തക്കാരനായ ഒരു പാര്‍ടി നേതാവായി സ്വയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ ബോയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന്റെ പൊലീസ് തലവന്‍ വാങ് ലീജുന്‍ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റില്‍ അഭയം തേടിയതും ഒരു ബ്രിട്ടീഷ് ബിസിനസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബോയുടെ ഭാര്യക്കെതിരെ ആരംഭിച്ച പ്രോസിക്യൂഷന്‍ നടപടികളും ഇരുവര്‍ക്കും അവരുടെ അടുപ്പക്കാര്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും പോലുള്ള അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളോടെ പെട്ടെന്ന് ബോ സൗഭാഗ്യങ്ങളില്‍ നിന്ന് താഴെ പതിച്ചു. പാര്‍ടിയിലും ഭരണത്തിലുമുള്ള പദവികള്‍ നഷ്ടപ്പെട്ട അദ്ദേഹത്തെ അന്വേഷണത്തിന്റെ ഭാഗമായി രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബോ സീലായിക്കെതിരെയുള്ള ആരോപണങ്ങളില്‍ സത്യമുണ്ടോ എന്നത് മാത്രമല്ല ഇവിടെ വിഷയം. അവ സത്യവും ബോയേയും കുടുംബത്തെയും കൂട്ടാളികളെയും തടവിലാക്കിയതില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് ശരിയുമാണെങ്കില്‍ പാര്‍ടിയുടെയും രാജ്യത്തിന്റെയും ഏറ്റവും ഉയര്‍ന്ന നേതാക്കളില്‍ ഒരാളായി വളരാന്‍ ബോയ്ക്ക് കഴിഞ്ഞതിന് എന്ത് ന്യായീകരണമാണുള്ളത്. അതുവരെ അഴിമതിയുടെ ഒരു തെളിവും ഉണ്ടായിരുന്നില്ലേ?

ഇതു പോരെങ്കില്‍, പിന്നാലെയാണ് ഏതാനും ആഴ്ച കഴിഞ്ഞ് ഷാന്‍ദോങ് പ്രവിശ്യയിലെ അന്ധ വിമര്‍ശകന്‍ ചെന്‍ഗുവാങ്ചെങ് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ട സംഭവമുണ്ടായത്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തെയും വന്ധ്യംകരണത്തെയും എതിര്‍ക്കുകയും പരസ്യമായി ആക്രമിക്കുകയും ചെയ്തതാണ് ചെന്നിന്റെ പേരിലുള്ള കുറ്റം എന്നാണ് റിപ്പോര്‍ട്ട്. ചെന്നും യുഎസ് എംബസിയില്‍, ഇത്തവണ ബീജിങ്ങില്‍, എത്തുകയും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എംബസിയില്‍ നിന്ന് പുറത്തുവരികയും ചെയ്തു. കുടുംബത്തോടൊപ്പം രാജ്യം വിട്ട് അമേരിക്കയില്‍ പഠനത്തിന് പോവുന്നതിന് ചെന്നിന് അനുവാദം ലഭിച്ചു. ചെന്നിനെ ചൈനീസ് പൊലീസിനും സര്‍ക്കാരിനും വിട്ടുകൊടുത്തില്ലെന്ന് അവകാശപ്പെടാവുന്ന അമേരിക്കയും അന്ധനായ ഒരു വിമര്‍ശകനെ തടവിലാക്കുകയോ രാജ്യത്തിനകത്ത് സ്വതന്ത്രനായി വിടുകയോ ചെയ്യുന്നതിനെക്കാള്‍ നല്ലത് ചെന്നിനെ പോവാന്‍ അനുവദിക്കുന്നതാണെന്ന് ചിന്തിച്ച ചൈനീസ് സര്‍ക്കാരിലെ ഒരു വിഭാഗവും ചെന്‍ തന്നെയും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് അയാളെ വിട്ടത് എന്നാണ് സൂചന. ഈ ധാരണയുടെ യഥാര്‍ഥ വിവരം കാലത്തിനുമാത്രമേ പറയാനാവൂ. എന്നാല്‍ വാങ് ലീജുനും ചെന്നും-ഒരാള്‍ ചൈനീസ് ഭരണസംവിധാനത്തിനകത്ത് നിന്നുതന്നെയുള്ള ആളും രണ്ടാമന്‍ സംവിധാനത്തിന് പുറത്തുനിന്നുള്ളയാളും-ഒളിക്കാന്‍ അമേരിക്കന്‍ എംബസി തന്നെയാണ് തെരഞ്ഞെടുത്തത് എന്ന വസ്തുത ചൈനീസ് സര്‍ക്കാരിലും സമൂഹത്തിലുമുള്ള ഭിന്നതകള്‍ ചൂഷണം ചെയ്യുന്നതിനും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതിനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് സൂചിപ്പിക്കുന്നത്. ഇതെല്ലാം സംഭവിക്കുന്നത് ചൈനയില്‍ പരിവര്‍ത്തനത്തിന്റെ കാലത്താണ്. പ്രവിശ്യാ തലത്തില്‍ വര്‍ധിച്ച ജനാധിപത്യം സമീപ മാസങ്ങളില്‍ രാജ്യത്തെങ്ങും കര്‍ഷക പ്രക്ഷോഭങ്ങളുടെയും മറ്റുപ്രക്ഷോഭങ്ങളുടെയും ഒരു തരംഗമുയര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്ന അഴിമതിക്കാരായ പ്രാദേശിക നേതാക്കള്‍ക്കെതിരെ വൂകാനില്‍ ഒരു മത്സ്യബന്ധന ഗ്രാമത്തിലെ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭമാണ് ഇതിന്റെ മാതൃകയായത്. പ്രക്ഷോഭകര്‍ ഒത്തുചേര്‍ന്ന് നേതാക്കളെ തുരത്തി. അധികൃതര്‍ക്കെതിരായ കലാപത്തിന് ജനങ്ങള്‍ ശിക്ഷിക്കപ്പെടുന്നതിന് പകരം പ്രതിഷേധം തണുപ്പിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ-തെക്കന്‍ ഗുവാങ്ദോങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി ഡെപ്യൂട്ടി സെക്രട്ടറി ഷൂ മിങ്ഗുവോയെ-അവിടേക്ക് അയച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.

വൂകാന്‍ ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും ജനാധിപത്യം, സമത്വം, അവകാശങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ജനങ്ങളുടെ അവബോധം നിരന്തരമായി ശക്തിപ്പെടുകയും അതിനുസരിച്ച് ആവശ്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുകയാണെന്ന വസ്തുതയുടെ ഒരുദാഹരണമാണെന്നും ഷൂ റിപ്പോര്‍ട്ട് ചെയ്തു. പല മേഖലകളിലും പ്രാദേശിക ഭരണാധികാരികളുടെ സംശയകരമായ സ്വഭാവമാണ് പ്രശ്നമെന്ന് ഷൂ തിരിച്ചറിഞ്ഞു. "ആപ്പിളുകള്‍ പോലെ തൊലി ചുവന്നിരിക്കുമ്പോഴും ഇവരുടെ ഹൃദയം ദുഷിച്ചതാണെന്നും തൊലി പൊട്ടുമ്പോള്‍ ശരിക്കും കുഴപ്പമാണ്" എന്നും ഷൂ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഗ്രാമസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും പ്രക്ഷോഭകരില്‍ ചിലര്‍ മത്സരിച്ച് ജയിക്കുകയും ചെയ്തു. സ്ഥാനം ദുരുപയോഗിക്കുന്ന പ്രാദേശിക ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിന് പ്രാദേശിക തലത്തില്‍ ജനാധിപത്യപരമായ പ്രവര്‍ത്തനം അനുവദിക്കുന്നതിന് ആഗ്രഹിക്കുന്ന ഒരു വിഭാഗം തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉണ്ട്. എന്തായാലും മറുവശത്ത്, കമ്യൂണിസ്റ്റ് പാര്‍ടി നേതൃഘടനയില്‍ അധികാരത്തിലേക്കുള്ള ഉയര്‍ച്ച അതിനൊപ്പം നിര്‍ദയമായ അധികാര മത്സരത്തിന്റെ ഘടകവും ഒത്തുചേര്‍ന്നതാണെന്നാണ് ബോ സീലായി അധ്യായം വെളിപ്പെടുത്തിയത്.

ഈ മത്സരത്തില്‍ പാര്‍ടിയിലെ ഉള്‍വലയത്തിന്റെ സംരക്ഷണമുള്ളിടത്തോളം സ്ഥാനാര്‍ഥിയുടെ പല കുഴപ്പവും പൊറുക്കപ്പെടും. ഒരു തെറ്റ്(അല്ലെങ്കില്‍ തെറ്റുകള്‍) സൗഭാഗ്യത്തില്‍ നിന്നുള്ള പതനത്തിനിടയാക്കുന്നതോടെ എല്ലാം നഷ്ടപ്പെടുകയും ചെയ്യും. ചൈനയില്‍ ഭരണനേതൃത്വത്തിനിടയില്‍ ഭിന്നതകളുണ്ടെന്നും കമ്യൂണിസ്റ്റ് പാര്‍ടി ഏകശിലാ ഘടനയിലുള്ളതല്ലെന്നും ഈ ഭിന്നതകള്‍ മാറ്റിവച്ചാല്‍ മത്സരത്തില്‍ നേതൃഘടനയെ തന്നെ സംരക്ഷിക്കാന്‍ നേതാക്കള്‍ ഒത്തുചേരുമെന്നുമാണ് ബോയുടെ ഉയര്‍ച്ചയും പതനവും സൂചിപ്പിക്കുന്നത്. ബോയ്ക്ക് മുതിര്‍ന്ന നേതാക്കന്മാരുടെയും പുതുനേതൃനിരയുടെയും ഇടയിലുള്ള പിന്തുണ സംബന്ധിച്ച് വലിയ ഊഹങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ രക്ഷയ്ക്ക് പരസ്യമായി രംഗത്തുവരാന്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ പ്രാദേശിക തലത്തില്‍ ജനാധിപത്യം ശുപാര്‍ശ ചെയ്യപ്പെടുകയാണെങ്കില്‍ നേതൃഘടനയിലെ ഉന്നതരെ അതിന്റെ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കാനാവുമോ? ഭരണനേതൃത്വത്തില്‍ എന്തെങ്കിലും ഭിന്നതകള്‍ ഉണ്ടെങ്കില്‍ അതില്‍ വലിയ കഴമ്പുണ്ടോ എന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്. പരിവര്‍ത്തന കാലം എന്ന നിലയില്‍ ഈ ഭിന്നതകള്‍ സംബന്ധിച്ച ഊഹങ്ങളുടെ ഊന്നല്‍ ചൈനയുടെ രാഷ്ട്രീയവ്യവസ്ഥയും സമ്പദ്വ്യവസ്ഥയും എന്ന രണ്ട് വശങ്ങളിലാണ്. "സോഷ്യലിസ്റ്റ്" കമ്പോള സമ്പദ്വ്യവസ്ഥ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധാനത്തില്‍ ഇപ്പോള്‍ തന്നെ കമ്പോളങ്ങള്‍ക്കും സ്വകാര്യ നിക്ഷേപകര്‍ക്കും ഗണ്യമായ ഇടമുണ്ട്. അവയ്ക്ക് ഈ ഇടം ലഭ്യമാക്കുന്ന വളര്‍ച്ചാതന്ത്രം മുതലാളിത്ത കമ്പോള സമ്പദ്വ്യവസ്ഥയുടെ സവിശേഷതകളെ അനുകരിക്കുന്ന ദിശയില്‍ എത്രത്തോളം തുടരാം എന്നതാണ് ഒന്നാമത്തെ കാര്യം. ബോയുടെ പതനം പാര്‍ടിയിലെ കടുംപിടുത്തക്കാരായ വിഭാഗം ദുര്‍ബലമാവുന്നതിനെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത് കൂടുതല്‍ കമ്പോള സൗഹൃദ പരിഷ്കാരങ്ങളിലേക്ക് നയിക്കും എന്ന അഭ്യൂഹമുണ്ട്. ബോ അധ്യായം കെട്ടടങ്ങുമ്പോള്‍ "ചൈന 2030: ഉയര്‍ന്ന വരുമാനമുള്ള ആധുനികവും അനുരൂപവും സര്‍ഗാത്മകവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടി" എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് ലോകബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലിന്റെ വികസന ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്.

സംരംഭ, ഭൂമി, തൊഴില്‍, ധന മേഖലകളിലെ പരിഷ്കാരങ്ങളിലൂടെ ചൈന കമ്പോള സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തണമെന്നും തങ്ങളുടെ കമ്പോളത്തെ കൂടുതല്‍ മത്സരത്തിനും നവീകരണത്തിനും തുറന്നുകൊടുക്കണമെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ ഒരു ഘടന എന്ന ലക്ഷ്യം നേടാന്‍ സഹായകമായി അവസര സമത്വം ഉറപ്പാക്കണമെന്നുമാണ് ഈ അര്‍ധ ഔദ്യോഗിക റിപ്പോര്‍ട്ട് വാദിക്കുന്നത്. പരിഷ്കാരം വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ തീര്‍ച്ചയായും സമീപവാരങ്ങളിലുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഏപ്രില്‍ ആരംഭത്തില്‍ ചൈനയിലെ ഓഹരി നിയന്ത്രണ കമീഷന്‍ അവിടത്തെ തീരകമ്പോളങ്ങളില്‍ വിദേശഫണ്ട് മാനേജര്‍മാര്‍ക്ക് ആകെ നിക്ഷേപിക്കാവുന്ന പരിധി 3000 കോടി ഡോളറില്‍ നിന്ന് 8000 കോടി ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. 18ാം പാര്‍ടി കോണ്‍ഗ്രസിന് ഒരുങ്ങുമ്പോള്‍ കമ്പോളാനുകൂല പരിഷ്കാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ സൂചനകളാവാം ഇത്തരം നടപടികള്‍.

കടുംപിടുത്തക്കാരുടെ വിഭാഗത്തിനുണ്ടായ ക്ഷീണം വ്യത്യാസമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു മേഖല പാശ്ചാത്യ രീതിയിലുള്ള ജനാധിപത്യത്തിലേക്കുള്ള നീക്കവും സ്വതന്ത്ര നീതിപീഠത്തിന്റെ സൃഷ്ടിയുമാണ്. പാര്‍ടി അതിന്റെ പ്രവര്‍ത്തനവും നിയമത്തിന്റെ പരിധിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ബോ സീലായി അനുഭവം കാണിച്ചതായാണ് കാണുന്നത്. ഇപ്പോള്‍ ചൈനീസ് മാധ്യമങ്ങളില്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സര്‍ക്കാര്‍-പാര്‍ടി മേധാവികളുടെ അധികാര ദുര്‍വിനിയോഗത്തിന്റെ പല സംഭവങ്ങളുടെയും സാഹചര്യത്തില്‍ ഇത് നല്ലൊരു കാര്യമായിരിക്കും. എന്നാല്‍ ഈ വഴിയ്ക്കുള്ള നടപടികള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പ്രയോഗിക്കുന്ന നിയന്ത്രണത്തെ തകര്‍ക്കും. ഭരണകൂടത്തിന് വലിയ പങ്കുള്ള കര്‍ക്കശ നിയന്ത്രണമുള്ള രാഷ്ട്രീയ വ്യവസ്ഥയേയും കമ്പോളാധിഷ്ഠിത സാമ്പത്തിക പ്രവര്‍ത്തനത്തെയും സംയോജിച്ചുപോവുന്നതിനുള്ള കഴിവാണ് ചൈനയുടെ സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥയുടെ വിജയത്തിന് ഭാഗികമായ കാരണം എന്നതിനാല്‍ പാര്‍ടിയുടെ നിയന്ത്രണം ഇല്ലാതാക്കുന്നത് വ്യവസ്ഥയെ അസ്ഥിരീകരിക്കലാവാം.

പാര്‍ടിയുടെ നിയന്ത്രണം ഇല്ലാതായാല്‍ രാജ്യത്തിന്റെ സാമ്പത്തിക വിജയവും രാഷ്ട്രീയ സ്ഥിരതയും വെല്ലുവിളിക്കപ്പെടാം. അസമത്വം വര്‍ധിപ്പിക്കുകയും തൊഴിലില്ലായ്മയുണ്ടാക്കുകയും ചെയ്യുന്ന കമ്പോള സംവിധാനവും കൂടുതല്‍ പാശ്ചാത്യ രീതിയിലുള്ള ജനാധിപത്യത്തിലേക്കുള്ള മാറ്റവും ചേരുമ്പോള്‍ പുതിയ ചൈനയില്‍ ഇപ്പോള്‍ തന്നെ സുസ്ഥാപിതമായ നഗരപ്രമാണിമാര്‍ക്കും സ്വകാര്യ മൂലധന ഉടമകള്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കും. ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ കൈയടക്കിയിട്ടുള്ള മറ്റാരെക്കാളും കൂടുതല്‍ പരിഷ്കാരങ്ങള്‍ക്കായി വാദിക്കുന്നത് ഇവരാണ്. ഇത്തരം അഭിലാഷങ്ങള്‍ ചൈനയിലെ പുതിയ സമ്പന്നര്‍ പാര്‍ടിയുമായുള്ള പൊക്കിള്‍കൊടി ബന്ധം വിഛേദിക്കുന്ന സാമൂഹ്യ പ്രകിയക്ക് തുടക്കമിടാം. റഷ്യയില്‍ സംഭവിച്ചതുപോലെ, കാലുറപ്പിച്ച സ്വകാര്യ കളിക്കാരുടെ പിന്തുണയ്ക്ക് വേണ്ടിയും അവര്‍ക്കെതിരെ പോരാടുന്നതിനും പാര്‍ടിയിലെ വിഭാഗങ്ങള്‍ നിര്‍ബന്ധിതമാവാം. ഇത് പാര്‍ടിയുടെ കരുത്ത് നശിപ്പിക്കും. അന്തിമ വിശകലനത്തില്‍, ഇത് ത്യാഗങ്ങളിലൂടെ നേടിയെടുത്ത അധികാരം നിലനിര്‍ത്താന്‍ 18ാം കോണ്‍ഗ്രസിന് ശേഷം പാര്‍ടി നേതൃത്വത്തില്‍ പുതിയ ഒരു ഐക്യത്തില്‍ കലാശിക്കുകയും ചെയ്യാം. ചൈനയുടെ പോക്ക് എങ്ങോട്ടാണ് എന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചൈനയിലെ രാഷ്ട്രീയം സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ സംശയകരമായ സത്യനിഷ്ഠയുള്ള പുതിയ "വെളിപ്പെടുത്തലുകള്‍" ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോവുന്നില്ല. പതിവ് ചൈനാവിരുദ്ധ പ്രചാരണത്തിനിടെ വസ്തുതയെ ഭാവനയില്‍നിന്നും സത്യത്തെ ദൂഷണത്തില്‍നിന്നും വേര്‍തിരിച്ച് മനസിലാക്കുകയെന്നത് തീര്‍ച്ചയായും ശ്രമകരമാണ്. എന്നാല്‍ അപ്രതീക്ഷിതമായ ദിശകളിലേക്ക് നയിക്കാവുന്ന എന്തൊക്കെയോ ചൈനയില്‍ സംഭവിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ചൈനയുടെ വിപ്ലവനേതാക്കളില്‍ ഒരാളുടെ മകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചോങ്ഖിങ് മുനിസിപ്പാലിറ്റി സെക്രട്ടറിയുമായ ഉന്നത നേതാവ് ബോ സീലായിയുടെ അസാധാരണ കേസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.