ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1
നാല്‍പ്പത്തിയൊന്നാംനാള്‍ മരണം
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഏതെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല- 1972 സെപ്തംബര്‍ 23നു രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്നതാണ് അത്. കൊല്ലപ്പെട്ടത് അഴീക്കോടന്‍ രാഘവന്‍. സിപിഐ എമ്മിന്റെ കേരളത്തിലെ സമുന്നത നേതാവും പ്രതിപക്ഷമുന്നണിയുടെ ഏകോപനസമിതി കണ്‍വീനറുമായിരുന്നു വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍. അത്രയും ഉന്നതശീര്‍ഷനായ; പാരമ്പര്യമുള്ള നേതാവിനെ മറ്റൊരു പാര്‍ടിക്കും നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ആ കൊലപാതകത്തിന് "ക്വട്ടേഷ"ന്റെ എല്ലാ സ്വഭാവവുമുണ്ടായിരുന്നു. ഉന്മൂലന സിദ്ധാന്തവും അതിതീവ്രവാദവും തലയിലേറ്റി പാര്‍ടി വിട്ടുപോയ ചിലരാണ് ആയുധമായത്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുമ്പോഴാണ് അഴീക്കോടന്‍ ആക്രമിക്കപ്പെട്ടത്.
സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്‍ സംഘം കോണ്‍ഗ്രസ് സഹായത്തോടെ പാര്‍ടിയെ വെല്ലുവിളിക്കുന്ന ഘട്ടം. തട്ടില്‍ എസ്റ്റേറ്റ് കേസ് കോണ്‍ഗ്രസിന്റെ അഴിമതിയുടെ കെട്ടമുഖം പുറത്തുകൊണ്ടുവന്നു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്റ്റേറ്റുടമയില്‍നിന്ന് പണം വാങ്ങിവയ്ക്കണമെന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ചിരുന്നു. ആ കത്ത് ചോര്‍ത്തി നവാബ് രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. കോളിളക്കമായി. ഇന്നത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അന്ന് സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹം പരസ്യമായി അഴിമതിക്കെതിരെ രംഗത്തുവന്നു. കത്തിന്റെ അസ്സല്‍ പുറത്തായാല്‍ കോണ്‍ഗ്രസ് തകരുമെന്നായി. അതോടെ നവാബിനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. കത്ത് അഴീക്കോടന്റെ കൈയിലാണെന്ന് അറിഞ്ഞതോടെ വളഞ്ഞ വഴിയിലൂടെ അത് കൈയിലാക്കാന്‍ ശ്രമം നടന്നു. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, തീവ്രവാദി സംഘത്തിന്റെ കത്തി അഴീക്കോടന്റെ ജീവനെടുത്തത്.
കൊലയില്‍ സര്‍ക്കാര്‍തല ആസൂത്രണം പ്രകടമായിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞു. പൊലീസ് സന്നാഹങ്ങള്‍ സംശയകരമായി സംസ്ഥാനത്താകെ തയ്യാറെടുത്തിരുന്നു. അഴീക്കോടന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ ഓര്‍ക്കുന്നു:
""എനിക്ക് ശത്രുക്കളില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴി കേള്‍ക്കേണ്ടതിന് തൊട്ടടുത്ത ദിവസമാണ് അതു സംഭവിച്ചത്. അതുമായി ബന്ധപ്പെട്ട എന്തോ രേഖകള്‍ നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. അത് കൈക്കലാക്കാന്‍ നവാബിനെയും പിടികൂടി അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസുകാരെ, കോടതിയില്‍ ഹാജരാക്കാമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു അദ്ദേഹം""
അഴീക്കോടനെ കുറിച്ച് എ കെ ജി പറഞ്ഞത്, ""ഉറക്കവും വിശ്രമവുമെല്ലാം ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കഴിച്ചിരുന്ന സ. അഴീക്കോടന്‍ ഒരിക്കലും നിരാശനായോ ശുണ്ഠി പിടിച്ചോ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ല. ഒരിക്കലും മായാത്ത പുഞ്ചിരിയും തളരാത്ത ഹൃദയവുമായി കേരളത്തിന്റെ എല്ലാ മൂലയിലും ആ സഖാവ് ഓടിയെത്തും. ആരോടും സൗമ്യനായി ഇടപെടും. കടുത്ത വിമര്‍ശങ്ങള്‍ തന്റെ മേല്‍ തൊടുത്തുവിടുമ്പോഴും ശാന്തനായി സഖാവ് കേട്ടിരിക്കും. തനിക്കു പറയാനുള്ളത് ശാന്തനായി പറയും. പകയോ വിദ്വേഷമോ ആ സഖാവ് വച്ചുപുലര്‍ത്താറില്ല."" എന്നാണ്.
ആദ്യം അഴീക്കോടനെതിരെ അഴിമതിക്കഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന് കണ്ണൂരില്‍ ബസ് സര്‍വീസുണ്ടെന്നും കൊട്ടാരസദൃശമായ വീടുണ്ടെന്നും പറഞ്ഞുപരത്തി. ഒടുവില്‍, ഇ എം എസും എ കെ ജിയും നയിച്ച വിലാപയാത്രയായി അഴീക്കോടന്റെ മൃതദേഹം കണ്ണൂരിലെത്തിയപ്പോഴാണ്, ആ മഹാനായ നേതാവിന് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലെന്ന് എതിരാളികള്‍ അറിഞ്ഞത്. തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ അവര്‍ പക്ഷേ പശ്ചാത്തപിക്കുന്നത് ആരും കണ്ടില്ല.
അഴീക്കോടന്‍ വധത്തിനുമുമ്പാണ്, സിപിഐ എമ്മിന്റെ ഉശിരനായ മറ്റൊരു നേതാവിന്റെ ജീവന്‍ കോണ്‍ഗ്രസിന്റെ വെടിയുണ്ടയില്‍ അവസാനിച്ചത്. ഏറനാടിന്റെ പ്രിയപുത്രന്‍ സഖാവ് കുഞ്ഞാലിയുടേത്. നിലമ്പൂരിനടുത്ത ചുള്ളിയേട്ട് സിപിഐ എം ഓഫീസില്‍ നിന്ന് ഇറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് 1969 ജൂലൈ 26ന് വൈകിട്ട് കുഞ്ഞാലിയുടെ നെഞ്ചില്‍ വെടിയുണ്ട തറച്ചുകയറിയത്. എതിര്‍വശത്തെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് വെടിവച്ചത്. അന്ന് കുഞ്ഞാലി എംഎല്‍എയും വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് മെമ്പറും കാളികാവ് പഞ്ചായത്ത് പ്രസിഡന്റും വണ്ടൂര്‍ ബിഡിസി ചെയര്‍മാനുമായിരുന്നു. കാട്ടുരാജാക്കന്മാരും വന്‍കിട തോട്ടം ഉടമകളും ഇവരുടെ പിണിയാളുകളായ കോണ്‍ഗ്രസ് റൗഡികളുമാണ് കുഞ്ഞാലിയുടെ രക്തത്തിന് ദാഹിച്ചത്. കൊലക്കേസില്‍ ഇന്നത്തെ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതിയായി. ഉന്നതരായ രണ്ടു നേതാക്കളെ- അഴീക്കോടനെയും കുഞ്ഞാലിയെയും ഇല്ലാതാക്കിയതു കൊണ്ട് സിപിഐ എമ്മിനെ തളര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് പില്‍ക്കാലത്ത് തെളിഞ്ഞുകത്തിയ യാഥാര്‍ഥ്യം. ഏറനാട്ടിലും കേരളത്തിലാകെയും പാര്‍ടി വളര്‍ന്നതേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിന്റേതാണെന്ന് രണ്ടു സംഭവവും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഇന്ന് സിപിഐ എമ്മിനുമേല്‍ കൊലപാതകി മുദ്ര ചാര്‍ത്താന്‍ മത്സരിക്കുന്നവരെല്ലാം അന്ന് കൊലയാളികള്‍ക്കൊപ്പം നഗ്നമായി നിലകൊണ്ടു. അഴീക്കോടനെ അഴിമതിക്കോടനെന്ന് വിളിച്ചത് അവരാണ്. കുഞ്ഞാലി കൊല്ലപ്പെട്ടപ്പോള്‍ ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തില്‍ ആ അവസ്ഥയുണ്ട്:
""തോട്ടക്കാരുടെയും കാട്ടുരാജാക്കന്മാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും മറ്റും നിര്‍ദയമായ ചൂഷണം അനുഭവിച്ചിരുന്ന പാവപ്പെട്ടവരെ തട്ടിയുണര്‍ത്തി തന്റേടത്തോടെ തലയുയര്‍ത്തി നടക്കാന്‍ പഠിപ്പിച്ച ചെങ്കൊടിയോടും അതിന്റെ നേതാവായ സ. കുഞ്ഞാലിയോടും പിന്തിരിപ്പന്മാരുടെ പക കടുത്തതായിരുന്നു. കള്ളക്കേസുകള്‍, ഗുണ്ടാ ആക്രമണങ്ങള്‍, ഭവനഭേദനം തുടങ്ങിയ എല്ലാ അടവുകളും സ. കുഞ്ഞാലിയുടെയും സഖാക്കളുടെയും നേരെ പ്രയോഗിക്കപ്പെട്ടു. ഇതെല്ലാം അഹിംസാവാദികളായ ഗാന്ധിയന്‍ ബൂര്‍ഷ്വാപത്രങ്ങള്‍ വെള്ളതേച്ചുമറയ്ക്കാന്‍ ശ്രമിച്ചു. ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ശരിയായ സാധനാപാഠമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നിലമ്പൂര്‍ പ്രദേശത്തെപ്പറ്റി വന്‍കിടപത്രങ്ങള്‍ നടത്തിപ്പോന്ന പ്രചാരണം."" (1969 ജൂലൈ 29 ചൊവ്വ)
അത്തരം പ്രചാരണങ്ങള്‍ കൊണ്ട് ഫലമില്ലെന്നു വന്നപ്പോഴാണ് കോണ്‍ഗ്രസ് തോക്കെടുത്തത്. ഇന്നും സംഘടിത പ്രചാരണം നടത്തുന്നു. തെളിവുകള്‍ക്കു പകരം സങ്കല്‍പ്പങ്ങളും നുണയും വാര്‍ത്തകളാകുന്നു. ഇല്ലാത്ത അറസ്റ്റുകള്‍, ചെയ്യാത്ത ഫോണ്‍കോളുകള്‍- യഥാര്‍ഥ കുറ്റവാളികള്‍ പിടിക്കപ്പെടരുതെന്ന ശാഠ്യമാണ് അന്നും ഇന്നും അവരെ നയിക്കുന്നത്. ഇന്ന് ചന്ദ്രശേഖരന്‍ വധക്കേസ് സിപിഐ എമ്മിന്റെ തലയില്‍ അടിച്ചുറപ്പിക്കാന്‍ കഥാപരമ്പരകള്‍ സൃഷ്ടിക്കുന്നു. ഇവരുടെ അന്നത്തെ ധര്‍മം അഴീക്കോടന്റെയും കുഞ്ഞാലിയുടെയും കൊലയാളികള്‍ പിടിക്കപ്പെടാതിരിക്കാനുള്ളതായിരുന്നു. (അവസാനിക്കുന്നില്ല)
*
പി.എം.മനോജ് ദേശാഭിമാനി 13 മേയ് 2012
1 comment:
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഏതെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല- 1972 സെപ്തംബര്‍ 23നു രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്നതാണ് അത്. കൊല്ലപ്പെട്ടത് അഴീക്കോടന്‍ രാഘവന്‍. സിപിഐ എമ്മിന്റെ കേരളത്തിലെ സമുന്നത നേതാവും പ്രതിപക്ഷമുന്നണിയുടെ ഏകോപനസമിതി കണ്‍വീനറുമായിരുന്നു വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍. അത്രയും ഉന്നതശീര്‍ഷനായ; പാരമ്പര്യമുള്ള നേതാവിനെ മറ്റൊരു പാര്‍ടിക്കും നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ആ കൊലപാതകത്തിന് "ക്വട്ടേഷ"ന്റെ എല്ലാ സ്വഭാവവുമുണ്ടായിരുന്നു. ഉന്മൂലന സിദ്ധാന്തവും അതിതീവ്രവാദവും തലയിലേറ്റി പാര്‍ടി വിട്ടുപോയ ചിലരാണ് ആയുധമായത്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുമ്പോഴാണ് അഴീക്കോടന്‍ ആക്രമിക്കപ്പെട്ടത്.
Post a Comment