Thursday, May 24, 2012

കത്തിപ്പടരട്ടെ പ്രതിഷേധം

എരിതീയില്‍ എണ്ണയൊഴിച്ചാണ് പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചത്. വിലക്കയറ്റംകൊണ്ട് ജീവിതം വഴിമുട്ടിയ സാധാരണക്കാരന്റെ തലയ്ക്കാണ് യുപിഎ സര്‍ക്കാര്‍ താങ്ങാനാകാത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 7.50 രൂപയാണ് കൂട്ടിയത്. കേരളത്തിലെ വര്‍ധന പത്തുരൂപയോളം വരും. ഡീസല്‍വില ഉടനെ വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികദിനത്തിന്റെ പിറ്റേന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന പെട്രോള്‍വിലയില്‍ വരുത്തിയത്. ആറുമാസം മുന്‍പ് ലിറ്ററിന് 1.82 രൂപയാണ് വര്‍ധിപ്പിച്ചത്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയും വര്‍ധിപ്പിക്കാന്‍ പോകുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഈ വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്. ഒരുഭാഗത്ത് രൂപയുടെ മൂല്യം പാതാളത്തോളം താഴ്ത്തുന്ന നയങ്ങള്‍ ശക്തിപ്പെടുത്തുക; മറുഭാഗത്ത് അതിന്റെ പേരുപറഞ്ഞ് എണ്ണവില ഉയര്‍ത്തുക- ഇതാണ് സംഭവിക്കുന്നത്. തക്കസമയത്ത് ഇടപെടാതെ രൂപയുടെ മൂല്യം കുത്തനെ കുറയുന്നതിന് സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇന്ത്യയ്ക്ക് എണ്ണയും രാസവളങ്ങളും ഇറക്കുമതി ചെയ്യണമെന്നതിനാല്‍ സ്വാഭാവികമായും ഈ മൂല്യശോഷണം നാണ്യപ്പെരുപ്പസമ്മര്‍ദം വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശനിരക്കില്‍ വരുത്തിയ വര്‍ധന ഇതിന്റെ ആക്കം കൂട്ടി.

വിലനിയന്ത്രണം എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് തുടര്‍ച്ചയായി വരുത്തിയ വിലവര്‍ധനമൂലം, 2009ല്‍ ഡല്‍ഹിയില്‍ 40 രൂപ വിലയുണ്ടായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന് ഇതോടെ 73.14 രൂപയാകുകയാണ്. 2011ല്‍ ഒരു ലിറ്റര്‍ ഡീസലിന് മൂന്നുരൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടുരൂപയും എല്‍പിജി സിലിണ്ടറിന് 50 രൂപയുമാണ് വര്‍ധിപ്പിച്ചിരുന്നത്. ജനങ്ങള്‍ വിലക്കയറ്റം താങ്ങാനാകാതെ നരകിക്കുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേല്‍ ഉയര്‍ന്ന തോതില്‍ ചുമത്തുന്ന നികുതി ചെറുതായി ഇളവുചെയ്യാന്‍പോലും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമല്ല. കമ്പനികള്‍ക്കിഷ്ടമുള്ള വിധത്തില്‍ വിലവര്‍ധിപ്പിക്കാന്‍ ഒത്താശചെയ്തശേഷം അതിന്റെ എല്ലാ സാമ്പത്തികനേട്ടങ്ങളും എടുക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ വേണമെങ്കില്‍ നികുതി പിന്‍വലിക്കട്ടെ എന്ന് ഉപദേശിക്കുകയുമായിരുന്നു കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെ വിലയില്‍ 50 ശതമാനത്തോളം വരുന്ന നികുതികളില്‍ ബഹുഭൂരിപക്ഷവും കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നതാണ്. ആ നികുതി വേണ്ടെന്നുവയ്ക്കാന്‍ തയ്യാറല്ല- പകരം സംസ്ഥാനങ്ങള്‍ ഭാരം ചുമക്കട്ടെ എന്ന് കല്‍പ്പിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയോടും ഫെഡറല്‍ ഘടനയോടുമുള്ള വെല്ലുവിളി കൂടിയാണ്. വലിയ നിലയില്‍ വിലകൂട്ടിയശേഷം ചെറിയൊരു ശതമാനം കുറച്ചതുകൊണ്ട് ജനങ്ങളുടെ ദുരിതം തീരുന്നില്ല. കോര്‍പറേറ്റുകളും ശതകോടീശ്വരന്മാരും ഭൂസ്വാമിമാരുമടങ്ങുന്ന ഒരു ശതമാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബാക്കി 99 ശതമാനത്തെയും ചവിട്ടിമെതിക്കുകയാണ് യുപിഎ സര്‍ക്കാര്‍. ഓയില്‍ പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കി മുന്‍ എന്‍ഡിഎ സര്‍ക്കാരാണ് എണ്ണയുടെ മേഖലയില്‍ ആഗോളവല്‍ക്കരണനയത്തിന് തുടക്കമിട്ടത്. വില നിശ്ചയിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം കൈവിട്ട യുപിഎ സര്‍ക്കാര്‍ ആ നയത്തെ പൂര്‍ണതയിലെത്തിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അധികാരം എടുത്തുമാറ്റിയശേഷം പതിനഞ്ചാമത്തെ വിലവര്‍ധനയാണ് ഇപ്പോഴത്തേത്. പെട്രോള്‍വില നിയന്ത്രണാവകാശം കമ്പനികള്‍ക്ക് നല്‍കിയപ്പോള്‍ത്തന്നെ ഇടതുപക്ഷം ആപദ്സൂചന നല്‍കിയതും ശക്തമായ പ്രതിഷേധമുയര്‍ത്തിയതുമാണ്. ആ മുന്നറിയിപ്പ് അന്ന് സര്‍ക്കാര്‍ പുച്ഛിച്ചുതള്ളി. അന്ന് ഇടതുപക്ഷത്തെ പരിഹസിച്ചവര്‍ പോലും ഇന്ന് വിലക്കയറ്റത്തിന്റെ ഭീകരതയെ നേരിടാനാകാതെ കഷ്ടപ്പെടുന്നു. പെട്രോളിന്റേതടക്കം എല്ലാ എണ്ണ ഉല്‍പ്പന്നങ്ങളുടെയും വിലനിയന്ത്രണം സര്‍ക്കാര്‍തന്നെ കൈയാളണം. രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍. ജനങ്ങളുമായി കച്ചവടം നടത്തി ലാഭമുണ്ടാക്കുകയല്ല സര്‍ക്കാരിന്റെ ജോലി. എണ്ണക്കച്ചവടം വഴി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതും എണ്ണക്കമ്പനികള്‍ക്കുവേണ്ടി കള്ളക്കണക്കുകള്‍ പറയുന്നതും ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. പെട്രോള്‍വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളില്‍നിന്ന് തിരിച്ചെടുക്കണം. വര്‍ധന പൂര്‍ണമായി പിന്‍വലിക്കണം. ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഒരുപൈസപോലും വര്‍ധിപ്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്തതുകൊണ്ട് കമ്പനികള്‍ക്ക് നഷ്ടം വരുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗം സര്‍ക്കാര്‍ വേറെ കണ്ടെത്തണം.

ലക്ഷക്കണക്കിന് കോടി രൂപ കൊള്ളയടിക്കപ്പെട്ട ഹിമാലയന്‍ അഴിമതികളും കോര്‍പറേറ്റുകള്‍ക്കുള്ള നികുതിയിളവുകളും പ്രകൃതിവിഭവങ്ങള്‍ കൊള്ളക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതും ഒരുവശത്ത് അഭംഗുരം തുടരുമ്പോഴാണ് ജനങ്ങളെ ക്രൂരമായി ദ്രോഹിക്കുന്ന ഈ വിലവര്‍ധന. യുപിഎ സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ രാജ്യം തികഞ്ഞ അസ്വസ്ഥതയിലേക്കാണ് നീങ്ങുക. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളാകെയും ട്രേഡ് യൂണിയനുകളും പ്രതിപക്ഷത്തെ എല്ലാ പാര്‍ടികളും രാജ്യവ്യാപകമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്. യുപിഎ ഘടക കക്ഷികള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നു. കോണ്‍ഗ്രസാണ് യഥാര്‍ഥ പ്രതി. ജനങ്ങള്‍ പ്രതികരിച്ചേ തീരൂ; പ്രതിഷേധിച്ചേ തീരൂ. എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അണിനിരന്ന് ഓരോ കേരളീയനും ഈ പ്രതിഷേധത്തില്‍ പങ്കാളികളാകേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 24 മേയ് 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

എരിതീയില്‍ എണ്ണയൊഴിച്ചാണ് പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചത്. വിലക്കയറ്റംകൊണ്ട് ജീവിതം വഴിമുട്ടിയ സാധാരണക്കാരന്റെ തലയ്ക്കാണ് യുപിഎ സര്‍ക്കാര്‍ താങ്ങാനാകാത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 7.50 രൂപയാണ് കൂട്ടിയത്. കേരളത്തിലെ വര്‍ധന പത്തുരൂപയോളം വരും. ഡീസല്‍വില ഉടനെ വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികദിനത്തിന്റെ പിറ്റേന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന പെട്രോള്‍വിലയില്‍ വരുത്തിയത്. ആറുമാസം മുന്‍പ് ലിറ്ററിന് 1.82 രൂപയാണ് വര്‍ധിപ്പിച്ചത്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയും വര്‍ധിപ്പിക്കാന്‍ പോകുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഈ വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്. ഒരുഭാഗത്ത് രൂപയുടെ മൂല്യം പാതാളത്തോളം താഴ്ത്തുന്ന നയങ്ങള്‍ ശക്തിപ്പെടുത്തുക; മറുഭാഗത്ത് അതിന്റെ പേരുപറഞ്ഞ് എണ്ണവില ഉയര്‍ത്തുക- ഇതാണ് സംഭവിക്കുന്നത്. തക്കസമയത്ത് ഇടപെടാതെ രൂപയുടെ മൂല്യം കുത്തനെ കുറയുന്നതിന് സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇന്ത്യയ്ക്ക് എണ്ണയും രാസവളങ്ങളും ഇറക്കുമതി ചെയ്യണമെന്നതിനാല്‍ സ്വാഭാവികമായും ഈ മൂല്യശോഷണം നാണ്യപ്പെരുപ്പസമ്മര്‍ദം വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശനിരക്കില്‍ വരുത്തിയ വര്‍ധന ഇതിന്റെ ആക്കം കൂട്ടി.

Anonymous said...

Try to conduct some more harthals and divert attention from brutal murders committed on ex-colleague.