Saturday, May 19, 2012

അഴിമതിക്കുവേണ്ടി അഴിമതിക്കാര്‍ നടത്തുന്ന അഴിമതി ഭരണം

അഴിമതി ഭരണനിര്‍വഹണത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുക. പിടിക്കപ്പെട്ടാല്‍ അന്വേഷണവും കോടതി മുമ്പാകെ വിചാരണയും അട്ടിമറിക്കുക. ഇത് യു ഡി എഫ് ഭരണകൂടം ഒരുകലയായി വികസിപ്പിച്ചെടുത്തിരിക്കുന്നു. ആ കലാരൂപത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഉപജ്ഞാതാവാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെളിയിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അഞ്ഞൂറു കോടി രൂപയുടെ സൈന്‍ബോര്‍ഡ് അഴിമതി കേസ് അട്ടിമറിക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നീക്കം. ഉമ്മന്‍ചാണ്ടിക്കെതിരായ സൈന്‍ബോര്‍ഡ് അഴിമതിയാരോപണം പ്രതിപക്ഷത്തിന്റെ സൃഷ്ടിയല്ല. ഉമ്മന്‍ചാണ്ടിയുടേയും അതിനുമുമ്പ് എ കെ ആന്റണിയുടേയും മന്ത്രിസഭകളില്‍ അംഗമായിരുന്ന ടി എം ജേക്കബാണ് 2005 ല്‍ കേരള നിയമസഭയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ദേശീയപാതകളിലും ഇതര പ്രധാന പാതകളിലും സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിനു കരാര്‍ നല്‍കിയതിലാണ് ക്രമക്കേടുകളും അഴിമതിയും നടന്നതായി ജേക്കബ് ആരോപണം ഉന്നയിച്ചത്. ഇപ്പോള്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടി ആ കേസ് പിന്‍വലിക്കാന്‍ ശ്രമംനടത്തുന്നു. ഇത് അഴിമതികളെ വെള്ളപൂശാനും നിയമവ്യവസ്ഥയെ അട്ടിമറിക്കാനും യു ഡി എഫും ഉമ്മന്‍ചാണ്ടിയും നടത്തിവരുന്ന പരിശ്രമ പരമ്പരകളുടെ ഏറ്റവും പുതിയ അധ്യായമാണ്.

തനിക്കും മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കുമെതിരെ നിലനില്‍ക്കുന്നതും ഉയര്‍ന്നുവരുന്നതുമായ അഴിമതി കേസുകള്‍ തേച്ചുമാച്ചുകളയുന്നതിലും അട്ടിമറിക്കുന്നതിലും ഉമ്മന്‍ചാണ്ടി അസാമാന്യ തൊലിക്കട്ടിയും മെയ്‌വഴക്കവുമാണ് കാഴ്ചവെയ്ക്കുന്നത്. ഭരണസംവിധാനത്തെയും നിയമവാഴ്ചയേയും അതിനുവേണ്ടി ദുരുപയോഗപ്പെടുത്തിയതിന്റെ ഒന്നിലേറെ ഉദാഹരണങ്ങള്‍ യു ഡി എഫ് ഭരണത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ കേരള ജനതയ്ക്ക് കാണാനായി. സൈന്‍ബോര്‍ഡ് കേസില്‍ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതിചേര്‍ത്ത വിജിലന്‍സ് കേസ് പിന്‍വലിക്കാന്‍ കഴിഞ്ഞ യു ഡി എഫ് ഭരണത്തിന്റെ അവസാനഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി  നിര്‍ദേശം നല്‍കിയിരുന്നു. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. കരാര്‍ നല്‍കുന്നതില്‍ കേന്ദ്രമാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും അഞ്ഞൂറു കോടി രൂപ സര്‍ക്കാരിനു നഷ്ടം വരുത്തിയെന്നും അന്നത്തെ വിജിലന്‍സ് ഐ ജിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വസ്തുതകള്‍ ഇതാണെന്നിരിക്കെയാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടിയും യു ഡി എഫും ശ്രമിക്കുന്നത്.

അഴിമതിക്കാരെ തന്റെ മന്ത്രിസഭയില്‍ സംരക്ഷിക്കുന്നതും താനുള്‍പ്പെട്ട അഴിമതിക്കേസുകള്‍ മുഖ്യമന്ത്രി തന്നെ അട്ടിമറിക്കുന്നതും ഭരണസംവിധാനത്തിലും നിയമവ്യവസ്ഥയിലും പൊതുജനങ്ങള്‍ക്കുള്ള വിശ്വാസത്തെയാണ് തകര്‍ക്കുന്നത്. 1992 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പാമോലിന്‍ ഇറക്കുമതി കുംഭകോണം സംബന്ധിച്ച കേസ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. അക്കാലത്ത് ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടും അനുമതിയോടുമാണ് പാമോലിന്‍ കുംഭകോണം അരങ്ങേറിയതെന്നതിനു വ്യക്തമായ തെളിവുകള്‍ ഉന്നയിക്കപ്പെട്ടിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ചീഫ് വിപ് പദവി നല്‍കി 'ആദരിച്ച' പി  സി ജോര്‍ജിനെ ചട്ടുകമായി ഉപയോഗിച്ചാണ് ആ കേസ് അട്ടിമറിച്ചത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ 256 കോടി രൂപയുടെ മലിനീകരണ നിയന്ത്രണസംവിധാനം സ്ഥാപിക്കുന്നതിലും മുഖ്യമന്ത്രി ആരോപണവിധേയനാണ്. ഈ ഇടപാടില്‍ ക്രമക്കേടുകള്‍ നടന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടന്നുവന്നിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ മൊത്തം ആസ്തിയെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് മലിനീകരണ നിയന്ത്രണസംവിധാനത്തിനു ടെണ്ടര്‍ നല്‍കിയിരുന്നത്. അത്തരമൊരു സംവിധാനത്തില്‍ അന്തിമഘട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ 62 കോടി രൂപ ചെലവഴിച്ച് വാങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. അതിന് കരാര്‍ ഉറപ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാണ്. ഇത്തരത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായ അഴിമതി കേസുകളാണ് ഭരണസംവിധാനം ദുരുപയോഗം ചെയ്ത് അട്ടിമറിക്കുന്നത്. സൈന്‍ബോര്‍ഡ് കുംഭകോണകേസ് അട്ടിമറിയോടെ ഉമ്മന്‍ചാണ്ടി കാഴ്ചവെയ്ക്കുന്നത് അഴിമതി ഭരണമാണെന്നും അഴിമതിക്കാരെ സംരക്ഷിക്കലാണെന്നും ആര്‍ക്കെങ്കിലും സംശയം അവശേഷിച്ചിരുന്നെങ്കില്‍ അതുകൂടി ദൂരീകരിക്കപ്പെട്ടിരിക്കുന്നു.

ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ വിഷമവൃത്തത്തിലാണ് അകപ്പെട്ടിരിക്കുന്നത്. അഴിമതിക്കുവേണ്ടി അഴിമതിക്കാര്‍ നയിക്കുന്ന അഴിമതി സര്‍ക്കാരാണ് കേരളത്തിലെ യു ഡി എഫ് സര്‍ക്കാരെന്ന് ആര്‍ക്കും നിസന്ദേഹം ബോധ്യപ്പെടുന്ന സംവിധാനത്തിനാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്നത്. ഈ സര്‍ക്കാര്‍ ഇങ്ങനെ അധികാരത്തില്‍ തുടരുന്നത് കേരളസമൂഹത്തിനും കേരളചരിത്രത്തിനും അപമാനമാണ്. ഈ അഴിമതി ഭരണത്തിന് അറുതിവരുത്താന്‍ സാമൂഹ്യനന്മയിലും ജനാധിപത്യത്തിലും അല്‍പമെങ്കിലും വിശ്വാസം അവശേഷിച്ചിട്ടുള്ള ജനത ശക്തമായി പ്രതികരിക്കണം.

*
ജനയുഗം മുഖപ്രസംഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...