Sunday, May 20, 2012

ജനവിരുദ്ധതയുടേയും നിഷ്‌ക്രിയത്വത്തിന്റേയും ഒരു വര്‍ഷം

എണ്ണമില്ലാത്ത വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴുള്ള ബാക്കിപത്രം അങ്ങേയറ്റം നിരാശയും പ്രതിഷേധവും ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതാണ്. കെടുകാര്യസ്ഥതയുടേയും നിഷ്‌ക്രിയത്വത്തിന്റേയും ജനവിരുദ്ധതയുടേയും അടയാളമായാണ് ഇക്കഴിഞ്ഞ ഒരു വര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതിലും ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിലും ഈ സര്‍ക്കാര്‍ തെല്ലും വൈമുഖ്യം കാട്ടിയതുമില്ല.
ഭരണമില്ലായ്മയുടെ ഒരു വര്‍ഷമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും പിന്നിടുന്നത്. സ്ഥാനമാനങ്ങള്‍ വീതംവെയ്ക്കുന്നതിലും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ പദവികള്‍ സ്വന്തമാക്കുന്നതിനുമുള്ള ചക്കളത്തിപ്പോരിലായിരുന്നു യു ഡി എഫ് സര്‍ക്കാര്‍. സാമുദായിക വര്‍ഗീയ ശക്തികളുടേയും ഘടകകക്ഷികളുടേയും ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന ദയനീയ കാഴ്ചകള്‍ രാഷ്ട്രീയ കേരളത്തിന് മുമ്പൊരിക്കലും ഇത്രകണ്ട് പരിചിതമായിരുന്നില്ല.

സാമുദായിക-വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതിനായി എന്തിനും സന്നദ്ധമായിരുന്ന യു ഡി എഫ് നേതൃത്വം മതേതര കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുവാനും ശ്രമിച്ചു. മന്ത്രിസഭ ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പുതന്നെ ലീഗിന് അഞ്ചാം മന്ത്രി നല്‍കാന്‍ മന്ത്രിസഭാ വിപുലീകരണവും വകുപ്പ് പുന:സംഘടനയും നടത്താന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായി. തങ്ങള്‍തന്നെ ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നിരാകരിക്കുവാനായി പ്രയോഗിച്ച സാമുദായിക സന്തുലിതാവസ്ഥയെ അവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ചെയ്തു.

2006 മുതല്‍ 2011 വരെ നിലനിന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ക്ഷേമ-വികസന പദ്ധതികളെ തകിടം മറിക്കുവാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യത്‌നിച്ചത്. 2006-ല്‍ എല്‍ ഡി എഫ് അധികാരമേല്‍ക്കുമ്പോള്‍ 2011-ല്‍ ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഉണ്ടായിരുന്ന കേരളമായിരുന്നില്ല. ആയിരത്തി അറുന്നൂറിലേറെ കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്ത ദുരന്ത ഭൂമിയായിരുന്നു 2006-ല്‍ കേരളം. എല്‍ ഡി എഫ് അധികാരമേറ്റെടുത്തപ്പോള്‍ കര്‍ഷകാശ്വാസ നടപടികള്‍ കൈകൊള്ളുകയും കര്‍ഷക ആത്മഹത്യാ പരമ്പരകളില്‍നിന്ന് കേരളത്തെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ മടങ്ങി വന്നിരിക്കുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളുടെ പ്രതിഫലനമാണ് വീണ്ടും ആരംഭിച്ച കര്‍ഷക ആത്മഹത്യകള്‍.

ഭൂമാഫിയക്കും വനം മാഫിയക്കുമെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുകയും സര്‍ക്കാരിന്റെ അന്യാധീനപ്പെട്ട ഭൂമിയും സ്വത്തും വീണ്ടെടുക്കുകയും വനം കയ്യേറ്റത്തെ ചെറുക്കുകയുമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തതെങ്കില്‍ യു ഡി എഫ് ഭരണത്തില്‍ വീണ്ടും അത്തരം ശക്തികള്‍ തലയുയര്‍ത്തുകയും അവരെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ കൈകൊള്ളുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ്ബ് പോലുള്ള കോടാനുകോടി രൂപയുടെ സര്‍ക്കാര്‍ സമ്പത്ത് വീണ്ടും സ്വകാര്യ ലോബികളുടെ കൈകളില്‍ എത്തിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാര്‍ ശ്രമിക്കുന്നു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടി എല്‍ ഡി എഫ് സര്‍ക്കാര്‍ കൈകൊണ്ടുവെങ്കില്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആദ്യ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആരവങ്ങളോടെ ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കെട്ടടങ്ങി. എല്‍ ഡി എഫ് സര്‍ക്കാര്‍ ഒഴിപ്പിച്ച ഭൂമിയില്‍ പലതും ഒരു വര്‍ഷത്തിനുള്ളില്‍ കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തി.

കുറ്റമറ്റ പൊതുവിതരണ ശൃംഖല എന്നും കേരളത്തിന്റെ കരുത്തായിരുന്നു. യു ഡി എഫ് എപ്പോഴെല്ലാം അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം പൊതുവിതരണ ശൃംഖലയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം കൈകൊണ്ടിട്ടുമുണ്ട്. ഇത്തവണയും അനുഭവം വ്യത്യസ്തമല്ല. കൂടുതല്‍ മാവേലി സ്റ്റോറുകളും സൂപ്പര്‍ ബസാറുകളും ഉല്‍സവ ചന്തകളും ആരംഭിച്ചും റേഷന്‍ കടകള്‍ ശക്തിപ്പെടുത്തിയും അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനായി. രാജ്യവ്യാപകമായി വില കുതിച്ചുയര്‍ന്നപ്പോള്‍ കേരളത്തെ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് തന്നെ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നിത്യോപയോഗ സാധനങ്ങളുടെ വില നിത്യേനയെന്നോണം കുത്തനെ ഉയരുന്നു.

ജനങ്ങള്‍ നട്ടം തിരിയുമ്പോഴും നിഷ്‌ക്രിയത്വവും നിസംഗതയും കൈവിടാതെ തുടരുകയും വിലക്കയറ്റം ത്വരിതപ്പെടുത്തുവാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും വില അടിക്കടി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനൊപ്പം കരിഞ്ചന്തക്കാരേയും പൂഴ്ത്തിവെയ്പ്പുകാരേയും പ്രോല്‍സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയംകൂടിയാവുമ്പോള്‍ വിലനിലവാരം നിയന്ത്രണാതീതമാവുന്നു. മണ്ണെണ്ണ നിഷേധിച്ചും റേഷന്‍ കടകളിലെ ഭക്ഷ്യധാന്യം വെട്ടിക്കുറച്ചും ജനങ്ങളെ കൂടുതല്‍ കൂടുതല്‍ പീഡിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരേണ്യവല്‍ക്കരണത്തിന്റെ അതിരുകളില്ലാത്ത ലോകം സൃഷ്ടിച്ചു. പണമില്ലാത്തവര്‍ക്ക് വിദ്യ നിഷേധിക്കപ്പെട്ടു. അതിന്റെ ഫലമായി വിദ്യാര്‍ഥി - വിദ്യാര്‍ഥിനികളുടെ ആത്മഹത്യ അരങ്ങേറി. എല്‍ ഡി എഫ് ഭരണകാലത്ത് പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയും ബാങ്ക് വായ്പ ഉറപ്പുവരുത്തിയും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ ബാങ്ക് വായ്പകള്‍ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്യുന്ന സ്ഥിതി സംജാതമായിരിക്കുന്നു.

എല്‍ ഡി എഫ് ഭരണകാലത്ത് സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതി നടപ്പിലാക്കുകയും പവര്‍കട്ടില്‍നിന്നും ലോഡ് ഷെഡ്ഡിംഗില്‍നിന്നും കേരളത്തെ മോചിപ്പിക്കുകയും ചെയ്‌തെങ്കില്‍ അധികാരത്തിലെത്തിയപ്പോള്‍തന്നെ വൈദ്യുതി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകയും നിരക്ക് ഉയര്‍ത്തുകയുമാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ കുടിവെള്ള നിരക്ക് ഭീമമായ നിലയില്‍ വര്‍ദ്ധിപ്പിക്കുന്നതിനും തയ്യാറായി നില്‍ക്കുന്നു. ക്രമസമാധാനനിലയില്‍ രാജ്യത്തിലെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു എല്‍ ഡി എഫ് ഭരണകാലത്ത് കേരളം. എന്നാല്‍ അക്കാര്യത്തിലും കേരളത്തെ പിന്നോട്ടു നയിക്കാന്‍ മാത്രമേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞുള്ളൂ.

എല്‍ ഡി എഫ് നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്നതിനും യു ഡി എഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു. എം എന്‍ ലക്ഷംവീട് നവീകരണ പദ്ധതി, ഇ എം എസ് ഭവന പദ്ധതി കോടാനുകോടി രൂപയുടെ വികസന പദ്ധതികള്‍ എന്നിവയെല്ലാം കയ്യൊഴിഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും ഫലപ്രാപ്തിയിലെത്തിയില്ല എന്നുമാത്രമല്ല, കേവലം പാഴ്‌വാക്കുകളായി. നൂറുദിന പദ്ധതിയും ഒരു വര്‍ഷ പദ്ധതിയുമെല്ലാം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തങ്ങളുടെ പ്രഖ്യാപനങ്ങളില്‍ യാഥാര്‍ഥ്യമായവ വിശദീകരിക്കുവാന്‍ തയ്യാറാവാത്തതിന്റെ കാരണം മറ്റൊന്നല്ല.

എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് പൂര്‍ത്തീകരിക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാല്‍ ഉദ്ഘാടനം നടക്കാതെ പോയതുമായ പദ്ധതികളുടെ ഉദ്ഘാടന പരമ്പര നടത്തി മേനി നടിക്കുവാനുള്ള വ്യഥാ പരിശ്രമം മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേതായി കേരളത്തില്‍ ഉണ്ടായത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ വില കുറഞ്ഞ രാഷ്ട്രീയ പ്രകടനം നടത്തുകയും ഒളിച്ചുകളി നടത്തുകയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സിന്റെ താല്‍പ്പര്യം സംരക്ഷിക്കുവാന്‍ ഇരട്ട മുഖമുള്ള അഭ്യാസമാണ് കേരളത്തില്‍ പുറത്തെടുത്തത്. വാസ്തവത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്തത്.
തീര്‍ത്തും ജനവിരുദ്ധവും സംസ്ഥാന താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതും രാഷ്ട്രീയ സദാചാരം കളങ്കപ്പെടുത്തുന്നതുമായ ഒരു വര്‍ഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

*
പന്ന്യന്‍ രവീന്ദ്രന്‍  ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എണ്ണമില്ലാത്ത വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴുള്ള ബാക്കിപത്രം അങ്ങേയറ്റം നിരാശയും പ്രതിഷേധവും ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതാണ്. കെടുകാര്യസ്ഥതയുടേയും നിഷ്‌ക്രിയത്വത്തിന്റേയും ജനവിരുദ്ധതയുടേയും അടയാളമായാണ് ഇക്കഴിഞ്ഞ ഒരു വര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതിലും ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിലും ഈ സര്‍ക്കാര്‍ തെല്ലും വൈമുഖ്യം കാട്ടിയതുമില്ല.