Tuesday, May 8, 2012

മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ വീഴ്ചകളുടെ പരിണതി

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടേണ്ട ഘട്ടത്തിലൊക്കെ ഗുരുതരമായ വീഴ്ച വരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ ആ അനാസ്ഥയുടെ ഫലമായി കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ നിഹനിക്കുന്ന ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് വന്ന ഘട്ടത്തില്‍ മന്ത്രിസഭയില്‍പോലും അഭിപ്രായസമന്വയമുണ്ടാക്കാനാകാത്ത വൈഷമ്യത്തിലായിരിക്കുന്നു.

മുല്ലപ്പെരിയാര്‍ മുന്‍നിര്‍ത്തി ഓരോ മന്ത്രിയും ഓരോന്നു വിളിച്ചുപറയുന്ന സ്ഥിതി, യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുമിച്ചു നീങ്ങേണ്ട അവസ്ഥയില്‍ കേരളതാല്‍പ്പര്യങ്ങളെ വീണ്ടും അപകടപ്പെടുത്തുകയേയുള്ളൂ. ജലവിഭവമന്ത്രി പി ജെ ജോസഫും ഗ്രാമവികസനമന്ത്രി കെ സി ജോസഫും ഈ പ്രശ്നത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന നിലയായിരിക്കുന്നു. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് മൂന്നാമതൊരു നിലപാടില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായമേ ഇല്ലാത്ത മൗനിബാബയായി നില്‍ക്കുന്നു.

കാര്യക്ഷമമായി ഭരണനടപടികള്‍ കൈക്കൊള്ളേണ്ട ഘട്ടത്തിലൊക്കെ അതില്‍ അലംഭാവം കാണിച്ച് രാഷ്ട്രീയ കരുനീക്കങ്ങളിലും ഉപജാപങ്ങളിലും വ്യാപരിക്കുകയായിരുന്നു കഴിഞ്ഞ ഒരുവര്‍ഷമായി യുഡിഎഫ് മന്ത്രിസഭ. അതുകൊണ്ടുകൂടിയാണ് കേരളതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കപ്പെടാത്ത നിലയുണ്ടായത്. വൈകിയ വേളയില്‍ പോലും തെറ്റുതിരുത്തിച്ചെടുക്കാനല്ല, മറിച്ച് പരസ്പരം കലഹിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ഇതിന് കേരളം വന്‍ വില നല്‍കേണ്ട അവസ്ഥയാണുണ്ടാകുന്നത്.

ഉന്നതസമിതിയിലെ രണ്ട് വിദഗ്ധ അംഗങ്ങള്‍ എടുക്കുന്ന നിലപാട് എന്ത് എന്നറിഞ്ഞശേഷവും അതിനെ മറികടക്കാന്‍ വേണ്ട വാദമുഖങ്ങള്‍ ശാസ്ത്രീയമായ തെളിവുകളോടെ അവതരിപ്പിക്കാന്‍ കേരളത്തിന് കഴിയാതിരുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് വന്ന വീഴ്ചയാണ്. കേരള സര്‍ക്കാരോ സര്‍ക്കാര്‍ ഭാഗം അഭിഭാഷകനോ ഈ വിധത്തിലുള്ള രേഖകളൊന്നും തനിക്ക് നല്‍കിയിരുന്നില്ല എന്ന് ജസ്റ്റിസ് കെ ടി തോമസ് തന്നെ പറയുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടത്തില്‍ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി കേരളത്തിലെ ചില രാഷ്ട്രീയനേതാക്കള്‍ വാങ്ങിക്കൂട്ടിയ അവിഹിത ഭൂമിയെയും ഇതര സ്വത്തുവകകളെയും കുറിച്ചുള്ള വിവരങ്ങള്‍ താമസിയാതെ പുറത്തുവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഒരു ഘട്ടത്തില്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. അതു കണ്ട് ഭയന്നാണോ യുഡിഎഫ് ഭരണാധികാരികള്‍ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്തത് എന്ന സംശയത്തിന് അടിസ്ഥാനമുണ്ട്. വിദഗ്ധസമിതി റിപ്പോര്‍ട്ടുകള്‍ ഉന്നതാധികാരസമിതിക്ക് സമയാസമയങ്ങളില്‍ എത്തിച്ചുകൊടുക്കുന്നതിലും വിദഗ്ധരായ അഭിഭാഷകരെ വച്ച് അത് സമിതിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിലും അലംഭാവം കാട്ടിയത് വിശദീകരിക്കപ്പെടേണ്ട കാര്യമാണ്.

അണക്കെട്ട് പ്രദേശത്ത് ഒരുവര്‍ഷത്തിനിടയില്‍ 34 ഭൂചലനങ്ങളുണ്ടായതും ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നതും വിദഗ്ധസമിതിയെക്കൊണ്ട് റിപ്പോര്‍ട്ടുകളിലൂടെ ഉന്നതാധികാരസമിതിക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയാതെപോയി. ആ പഴുതുപയോഗിച്ചാണ് ഉന്നതാധികാരസമിതി ഭൂചലനം അണക്കെട്ടിനു പ്രശ്നമല്ല എന്ന് റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കിയത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ പൊതുതാല്‍പര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഇതാദ്യമല്ല. സുപ്രീംകോടതി ഇതുസംബന്ധിച്ച കേസ് പരിഗണനയ്ക്കെടുക്കുന്നതറിഞ്ഞിട്ടും വേണ്ട സമയത്ത് ഒരു അഭിഭാഷകനെ നിയോഗിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കേസെടുക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പുമാത്രമാണ് അഭിഭാഷകനെ നിയോഗിച്ചത്. അദ്ദേഹത്തിന് കേസ് പഠിക്കാനോ ഫലപ്രദമായി ജനങ്ങളുടെ ഭീതി കോടതിയെ അറിയിക്കാനോ കഴിയാതെ വന്നത് സ്വാഭാവികം. ഒടുവില്‍ ജലവിഭവമന്ത്രിക്കുതന്നെ അതില്‍ അതൃപ്തി പ്രകടിപ്പിക്കേണ്ടിവന്നു. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി വാദിക്കാന്‍ നിയുക്തനായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയാലും അണക്കെട്ട് സുരക്ഷിതമായി ഇരുന്നുകൊള്ളുമെന്നാണ് കോടതിയെ അറിയിച്ചത്. 116 വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരായി കേരളത്തിന്റെ തന്നെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ ഘട്ടത്തിലാണ്. സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമായി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ കേരളംതന്നെ പരാജയപ്പെടുത്തുന്നതാണ് അന്ന് കോടതിയില്‍ കണ്ടത്. കേരളത്തിന്റെ അഭിഭാഷകന്റെ ആ വാദം കേരളത്തിന്റെ കേസിനെതിരായി ഉപയോഗിക്കുന്ന നിലയാണ് തുടര്‍ന്നുണ്ടായത്.

മുല്ലപ്പെരിയാര്‍ പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ആ മുന്‍കൈ ഉണ്ടായില്ല എന്നു മാത്രമല്ല, പ്രധാനമന്ത്രി മദിരാശിയില്‍ ചെന്ന് എതിര്‍ നിലപാട് പ്രഖ്യാപിക്കുന്നത് നാം കാണുകയും ചെയ്തു. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നുവെന്ന് സംശയിക്കേണ്ടിവരും. ആ കള്ളക്കളിയുടെകൂടി ഫലമാണ് കേരളത്തിന് കനത്ത തിരിച്ചടിയാകുംവിധമുള്ള ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് എളുപ്പമാക്കിയത്. ഇപ്പറയുന്നതിനര്‍ഥം, ഉന്നതാധികാരസമിതി ചെയ്തത് ഉചിതമാണ് എന്നല്ല. യുക്തിരഹിതവും മാനുഷികപരിഗണന ഇല്ലാത്തതുമായ റിപ്പോര്‍ട്ടാണവര്‍ ഉണ്ടാക്കിയത്. അതിന് അവര്‍ക്ക് പഴുതു നല്‍കുന്നതായി കേരള സര്‍ക്കാരിന്റെ വീഴ്ചകള്‍. അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് എന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്നുമുള്ള സമിതി റിപ്പോര്‍ട്ട് കേരളത്തിന് സ്വീകാര്യമല്ല. ജലനിരപ്പ് 152 അടിയാക്കുന്ന കാര്യം പുതിയ വിദഗ്ധസമിതിയെ വച്ചു പരിശോധിപ്പിക്കണമെന്ന സമിതി നിര്‍ദേശം കേരളത്തെ ആശങ്കപ്പെടുത്തുന്നതാണുതാനും. എന്നാല്‍, "തമിഴ്നാടിനു ജലം; കേരളത്തിനു സുരക്ഷ" എന്ന നിലപാട് സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിയും എന്നു കരുതാന്‍ ഒരു കാരണവും കാണുന്നില്ല. ജനവികാരം ഇളക്കുന്ന പരസ്യനിലപാടുകളും കേരളതാല്‍പ്പര്യങ്ങള്‍ ബലികൊടുക്കുന്ന പ്രായോഗിക നടപടികളും എന്ന നില തുടരാന്‍ യുഡിഎഫ് സര്‍ക്കാരിനെ അനുവദിച്ചുകൂടാ.

*
ദേശാഭിമാനി മുഖപ്രസംഗം 08 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടേണ്ട ഘട്ടത്തിലൊക്കെ ഗുരുതരമായ വീഴ്ച വരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ ആ അനാസ്ഥയുടെ ഫലമായി കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ നിഹനിക്കുന്ന ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് വന്ന ഘട്ടത്തില്‍ മന്ത്രിസഭയില്‍പോലും അഭിപ്രായസമന്വയമുണ്ടാക്കാനാകാത്ത വൈഷമ്യത്തിലായിരിക്കുന്നു.