Tuesday, May 15, 2012

അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

നീലപ്പടയുടെ തേരോട്ടമായിരുന്നു നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ കലാലയങ്ങളില്‍. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന എന്ന് അന്ന് കെഎസ്യു അഹങ്കരിച്ചു. ആ പ്രാമാണിത്തം തകരാന്‍ തുടങ്ങിയപ്പോള്‍ ആയുധം കൈയിലെടുത്തു. ആ സംഘടനയും അതിന്റെ രാഷ്ട്രീയ യജമാനന്‍മാരും കൊന്നുതള്ളിയ വിദ്യാര്‍ഥികളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ട്, നേതാക്കളുണ്ട്, കെഎസ്യുവിന്റെ തന്നെ പ്രവര്‍ത്തകനുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളേജില്‍ കെഎസ്യു നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന പുതിയ വീട്ടില്‍ ബഷീറിനെ 1990 മാര്‍ച്ച് മൂന്നിനാണ് സഹപ്രവര്‍ത്തകര്‍ പരസ്യമായി ആക്രമിച്ചത്. കോളേജില്‍ കെഎസ്യുവിന് ആധിപത്യമുണ്ടായിരുന്നു. മാഗസിന്‍ എഡിറ്ററായി മത്സരിച്ച ബഷീര്‍ ഏറ്റവുമധികം വോട്ടുനേടി ജയിച്ചു. നന്നായി പ്രവര്‍ത്തിച്ചു. മാഗസിന്‍ ഫണ്ട് ബഷീറിന്റെ കൈയിലെത്തിയതുമുതല്‍ പ്രശ്നമായി. ഓരോ നേതാവിനും വേണം വിഹിതം. ബഷീര്‍ വഴങ്ങിയില്ല. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ക്യാന്റീനിലേക്ക് കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു ബഷീര്‍. വഴിയില്‍ കെഎസ്യു നേതാക്കള്‍ ബഷീറിനെ വിളിച്ച് മാഗസിന്‍ ഫണ്ടിന്റെ കാര്യം പറഞ്ഞു. തര്‍ക്കമായി. ഒടുവില്‍ ക്യാന്റീനടുത്ത് കൂട്ടിയിട്ട വിറക് കെഎസ്യു നേതാക്കള്‍ കൈയിലെടുത്തു. ആദ്യത്തെ അടിയില്‍ത്തന്നെ ബഷീര്‍ വീണു. എഴുന്നേറ്റ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറി മമ്പറം ബിജു വിറകെടുത്ത് എറിഞ്ഞു. ബഷീര്‍ വീണു. ആദ്യം ബോധരഹിതനായി, പിന്നെ ആശുപത്രിയില്‍ മരണത്തിലേക്ക്. രക്തം കൊടുക്കാന്‍പോലും കെഎസ്യുക്കാര്‍ തയ്യാറായില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് രക്തം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ഒരാളുടെ ബന്ധുവായിരുന്ന മുഖ്യപ്രതിക്ക് അഞ്ചുകൊല്ലം തടവുശിക്ഷ കിട്ടി.

നീലക്കൊടിയുടെ സമഗ്രാധിപത്യം തകര്‍ത്തതിന്റെ പകയാണ് 1973ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഷ്റഫിനെ കൊന്ന് കെഎസ്യു തീര്‍ത്തത്. ആദ്യമായി എസ്എഫ്ഐ കോളേജ് യൂണിയന്‍ പിടിച്ചു. ചെയര്‍മാന്‍ എ കെ ബാലന്‍. മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരനായിരുന്ന അഷ്റഫ് ജനറല്‍ ക്യാപ്റ്റന്‍. യൂണിയന്‍ ഉദ്ഘാടനത്തിന് ഇ എം എസിനെ കൊണ്ടുവരാന്‍ തീരുമാനിച്ചു. കെഎസ്യുക്കാര്‍ അസ്വസ്ഥരായി. ആ അസഹിഷ്ണുത കൊലപാതകത്തിലേക്കാണ് നയിച്ചത്. എ കെ ബാലന്‍ പറയുന്നു: ""എനിക്കുനേരെ വരേണ്ട കത്തി അഷ്റഫ് ഓട്ടോയില്‍നിന്ന് ചാടി തടുത്തു"". സിപിഐ എം നേതാവ് ജി സുധാകരന്റെ സഹോദരനാണ് 1977 ഡിസംബറില്‍ പന്തളം എന്‍എസ്എസ് കോളേജില്‍ കൊലചെയ്യപ്പെട്ട ജി ഭുവനേശ്വരന്‍. കെഎസ്യു സംഘം ആയുധങ്ങളുമായി ഭുവനേശ്വരനെ പിന്തുടര്‍ന്ന് ആക്രമിച്ചു. സൈക്കിള്‍ചെയിന്‍കൊണ്ട് അടിയേറ്റ് കണ്ണുതകര്‍ന്ന് മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് മുറിയില്‍ ഓടിക്കയറിയപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അധ്യാപകരെ തള്ളിമാറ്റി ആക്രമിച്ചു. ബോധരഹിതനായ ഭുവനേശ്വരന്റെ മുഖത്ത് വെള്ളം തളിച്ച് കണ്ണുതുറപ്പിച്ച് വീണ്ടും ആക്രമിച്ചു. അഞ്ചുദിവസം ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നശേഷമാണ് ഭുവനേശ്വരന്‍ അന്ത്യശ്വാസം വലിച്ചത്. അന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്നു ജി സുധാകരന്‍.

""തലകീഴാക്കി പലവട്ടം നിലത്തിടിച്ചതിനാല്‍ തലച്ചോറ് തകര്‍ന്നുപോയിരുന്നു. 17 വയസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഭുവനേശ്വരന്‍ സിപിഐ എം കാന്‍ഡിഡേറ്റ് അംഗവുമായിരുന്നു"". പട്ടാമ്പി സംസ്കൃതകോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ സെയ്താലിയെ തല്ലിയും കുത്തിയും കൊല്ലാന്‍ കെഎസ്യുവിന് കൂട്ടായി എബിവിപിയും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന പി കെ രാജനെ 1979 ഫെബ്രുവരി 24നാണ് കെഎസ്യുക്കാര്‍ കൊന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സി വി ജോസ്. കോളേജിലെ രണ്ട് പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് എം എസ് പ്രസാദിനോടൊപ്പം ജോസ് ആക്രമിക്കപ്പെട്ടത്. ഇടത് നെഞ്ചില്‍ കത്തി തറച്ചുകയറി. ആശുപത്രിയില്‍ എത്തുംമുമ്പേ മരിച്ചു. ജോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായിരുന്ന എം എസ് പ്രസാദിനെ വിചാരണ തുടങ്ങുംമുമ്പ് കൊന്നുകളഞ്ഞു. 1985ലെ തിരുവോണനാളിലാണ് പ്രസാദിനെ വധിച്ചത്. കുത്തേറ്റ് പ്രാണന്‍ രക്ഷിക്കാന്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറി കട്ടിലില്‍ കമിഴ്ന്നുവീണ പ്രസാദിനെ പതിനേഴുതവണ കുത്തി മരണമുറപ്പാക്കി. എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു പ്രസാദ്.

കോട്ടയം മണര്‍ക്കാട് സെന്റ് മേരീസ് കോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെയാണ് സാബുവിനെ കോണ്‍ഗ്രസുകാര്‍ കൊന്നത്. കെഎസ്യു നടത്തിയ കൊലപാതകങ്ങളെല്ലാം ഏറെക്കുറെ പരസ്യമായിരുന്നു; പട്ടാപ്പകലായിരുന്നു. കലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ യുവജനോത്സവ വേദിയിലാണ് എസ്എഫ്ഐ ഒല്ലൂര്‍ ഏരിയ പ്രസിഡന്റായിരുന്ന കൊച്ചനിയനെ പൊലീസിന് മുന്നിലിട്ട് 1992 ഫെബ്രുവരി 29ന് കൊന്നത്. താമരശേരിയില്‍ എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ജോബി ആന്‍ഡ്രൂസും പരസ്യമായാണ് കൊലചെയ്യപ്പെട്ടത്. 1992 ജൂലൈ 15ന് കെഎസ്യു-എംഎസ്എഫ് സംഘം ജോബിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ 2012 മാര്‍ച്ച് 18ന് കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത് ഈ ശ്രേണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്. മുല്ലപ്പെരിയാറിന്റെ പേരില്‍ തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷിനെ കുത്തിക്കൊന്നത്.

പൊലീസ് മര്‍ദനത്തിലും വര്‍ഗീയവാദികളുടെ കൈകളാലും ഒട്ടേറെ പ്രവര്‍ത്തകരെയും നേതാക്കളെയും എസ്എഫ്ഐക്ക് നഷ്ടപ്പെട്ടു. കെ വി സുധീഷ് മറക്കാനാകാത്ത പേര്. എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന സുധീഷ് സ്വന്തം വീട്ടില്‍ കിടന്നുറങ്ങവെ ആര്‍എസ്എസ് സംഘം വിളിച്ചുണര്‍ത്തി കൊല്ലുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് സുധീഷിനെ 38 തവണ വെട്ടി. രക്തവും മാംസച്ചീളുകളും മാതാപിതാക്കളുടെ മുഖത്തും ശരീരത്തും തെറിച്ചുവീണു. എസ്എഫ്ഐക്കുനേരെ അക്രമത്തിന്റെ ചാപ്പകുത്ത് മാത്രമല്ല നടന്നത്. കെഎസ്യുക്കാര്‍ സ്വന്തം പ്രവര്‍ത്തകന്റെ ശരീരത്തില്‍ ചാപ്പകുത്തി അത് എസ്എഫ്ഐയുടെ തലയിലിട്ട് നടത്തിയ പ്രചാരണങ്ങളും അതു പച്ചക്കള്ളമെന്ന് തെളിഞ്ഞതും സമീപകാല ചരിത്രം. ഒരു കലാലയത്തിലും എസ്എഫ്ഐയുടെ കൈകൊണ്ട് ഒരാളും മരിച്ചിട്ടില്ല. എന്നിട്ടും എസ്എഫ്ഐയെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നു. മാധ്യമനുണകളുടെ കുത്തൊഴുക്കില്‍ തളരാതെ പതറാതെ എസ്എഫ്ഐ മുന്നേറുന്നു. ഖദറിട്ട രാഷ്ട്രീയ കാപട്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ സ്തുതിഗീതം രചിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായി എസ്എഫ്ഐ അജയ്യമായി യാത്ര തുടരുന്നു-ഗ്രാമങ്ങളെയും നഗരങ്ങളെയും മാത്രമല്ല, അക്ഷരക്ഷേത്രങ്ങളെയും കൊലക്കളമാക്കിയ ഖദര്‍ രാഷ്ട്രീയത്തോടുള്ള പുതു തലമുറയുടെ രോഷംകൂടിയാണ് ഈ വളര്‍ച്ച. (അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി 15 മേയ് 2012

3 comments:

വര്‍ക്കേഴ്സ് ഫോറം said...

നീലപ്പടയുടെ തേരോട്ടമായിരുന്നു നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ കലാലയങ്ങളില്‍. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന എന്ന് അന്ന് കെഎസ്യു അഹങ്കരിച്ചു. ആ പ്രാമാണിത്തം തകരാന്‍ തുടങ്ങിയപ്പോള്‍ ആയുധം കൈയിലെടുത്തു. ആ സംഘടനയും അതിന്റെ രാഷ്ട്രീയ യജമാനന്‍മാരും കൊന്നുതള്ളിയ വിദ്യാര്‍ഥികളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ട്, നേതാക്കളുണ്ട്, കെഎസ്യുവിന്റെ തന്നെ പ്രവര്‍ത്തകനുമുണ്ട്.

Umesh::ഉമേഷ് said...

സി വി ജോസും പ്രസാദും എന്റെ സുഹൃത്തുക്കളായിരുന്നു. ജോസ് അടുത്ത സുഹൃത്തായിരുന്നു. 1982 ഡിസംബർ 17-നാണു് ജോസിനെ കൊന്നതു്. കൂടെ കുത്തേറ്റ പ്രസാദ് രക്ഷപ്പെട്ടു. പിന്നീടു് അവനെ ഒരു തിരുവോണദിവസം വീട്ടിൽ കയറി കൊന്നു.

മരിക്കുന്നതിന്റെ തലേദിവസം ജോസിനെ എറണാകുളത്തു് യൂണിവേഴ്സിറ്റി യുവജനോത്സവത്തിനു കണ്ടിരുന്നു. ഞാൻ തിരിച്ചെത്തുന്നതിനു മുമ്പു് ജോസ് മരിച്ചു.

കെ. എസ്. യു. ക്കാരന്റെയും അവന്റെ ഗുണ്ടകളുടെയും കൊലപാതകരാഷ്ട്രീയം കണ്ടവരാണു് അന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിച്ച എല്ലാവരും.

Umesh::ഉമേഷ് said...
This comment has been removed by the author.